ശ്ലോകം 1 : അമ്പത്തൊന്നക്ഷരാളീ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

അമ്പത്തൊന്നക്ഷരാളീകലിതതനുലതേ! വേദമാകുന്ന ശാഖി-
ക്കൊമ്പത്തന്‍പോടു പൂക്കും കുസുമതതിയിലേന്തുന്ന പൂന്തേന്‍കുഴമ്പേ!
ചെമ്പൊല്‍ത്താര്‍ബാണഡംഭപ്രശമനസുകൃതോപാത്തസൌഭാഗ്യലക്ഷ്മീ-
സമ്പത്തേ! കുമ്പിടുന്നേന്‍ കഴലിണ വലയാധീശ്വരീ വിശ്വനാഥേ!

മഴമങ്ഗലം നമ്പൂതിരിയുടെ ഭാഷാനൈഷധചമ്പുവിലെ പ്രഥമശ്ലോകം.

ശ്ലോകം 2 : ചേണുറ്റീടും ചതുസ്സാഗര...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ചേണുറ്റീടും ചതുസ്സാഗര സലിലനറും പട്ടുടുത്തോരു ബാല-
ക്ഷോണിപ്പെണ്ണിന്നു മാരക്ഷിതിരമണനണിഞ്ഞോരു മാണിക്കമാലേ,
കാണിക്കാലം കടക്കണ്‍ കലയ മയി മുദാ മന്മനക്കാമ്പശേഷം
കാണിക്കാ വെച്ചിതല്ലോ മലരടി തൊഴുതേന്‍ മാരചിന്താമണീ! ഞാന്‍

ലീലാതിലകത്തിന്റെ ശെയിലിയില്‍ വിരചിതമായ അലങ്കാരസംക്ഷേപത്തില്‍ നിന്നു്‌. അജ്ഞാതകര്‍ത്തൃകം.

ശ്ലോകം 3 : കേയൂരാണി ന ഭൂഷയന്തി...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കേയൂരാണി ന ഭൂഷയന്തി പുരുഷം ഹാരാ ന ചന്ദ്രോജ്വലാ
ന സ്നാനം ന വിലേപനം ന കുസുമം നാലംകൃതാ മൂര്‍ദ്ധജാഃ,
വാണ്യേകാ സമലംകരോതി പുരുഷം യാ സംസ്കൃതാ ധാര്യതേ,
ക്ഷീയന്തേ ഖലു ഭൂഷണാനി സതതം വാഗ്ഭൂഷണം ഭൂഷണം

ഭര്‍ത്തൃഹരിയുടെ നീതിശതകത്തില്‍ നിന്നു്‌.

ശ്ലോകം 4 : വാഗ്ദേവീ ധൃതവല്ലകീ...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വാഗ്ദേവീ ധൃതവല്ലകീ, ശതമഖോ വേണും ദധത്‌, പദ്മജ-
സ്താളോന്നിദ്രകരോ, രമാ ഭഗവതീ ഗേയപ്രയോഗാന്വിതാ,
വിഷ്ണുഃ സാന്ദ്രമൃദങ്ഗവാദനപടുര്‍, ദേവാഃ സമന്താത്‌ സ്ഥിതാഃ
സേവന്തേ തമനു പ്രദോഷസമയേ ദേവം മൃഡാനീപതിം

ഇത്‌ ശിവന്റെ പ്രദോഷനൃത്തത്തിന്റെ ഒരു വര്‍ണ്ണനയാണു്‌.

ശ്ലോകം 5 : വീണാവാദിനിയായി വാണി...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വീണാവാദിനിയായി വാണി, മഘവാവോടക്കുഴല്‍ക്കാരനായ്‌,
വാണീപന്‍ കരതാളമിട്ടു, രമയോ ഗാനങ്ങളോതീടിനാള്‍,
ഗോവിന്ദന്‍ സുമൃദങ്ഗവാദകനു, മീ മട്ടില്‍ പ്രദോഷത്തിലാ
ദേവന്മാര്‍ പരമേശനെത്തൊഴുതിടാനൊന്നിച്ചു നില്‍പ്പായഹോ!

കഴിഞ്ഞ ശ്ലോകത്തിന്‌ ഉമേഷിന്റെ പരിഭാഷ.

ശ്ലോകം 6 : ഗോപാലനെന്നോര്‍ത്തു മുകുന്ദ...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ഇന്ദ്രവജ്ര

ഗോപാലനെന്നോര്‍ത്തു മുകുന്ദ! കേള്‍ക്ക
ഞാന്‍ പാലു മോഹിച്ചു ഭജിച്ചു നിന്നെ
നീയോ മിടുക്കന്‍ പുനരിങ്ങു മേലാല്‍
തായാര്‍മുലപ്പാലുമലഭ്യമാക്കി!

കവി : എ. ആര്‍. രാജരാജവര്‍മ്മ

ശ്ലോകം 7 : നീലക്കാര്‍ കൂന്തലോടും...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : സ്രഗ്ദ്ധര

നീലക്കാര്‍ കൂന്തലോടും, നിടിലമതില്‍ വിളങ്ങുന്ന നല്‍ ഗോപിയോടും,
ബാലാദിത്യപ്രകാശത്തൊടു, മതിമൃദുവാം പുഞ്ചിരിക്കൊഞ്ചലോടും,
ചേലേറും ചേലയോടും, കരമതില്‍ വിലസും ശങ്ഖ ചക്രാദിയോടും,
കോലും കൃഷ്ണസ്വരൂപം കുരുസഭയിലലങ്കാരമായിബ്ഭവിച്ചു

നടുവത്ത്‌ അച്ഛന്‍ നമ്പൂതിരിയുടെ ഭഗവദ്ദൂതു്‌ നാടകത്തില്‍ നിന്നു്‌.

ശ്ലോകം 8 : ചന്തമേറിയ പൂവിലും...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : മല്ലിക

ചന്തമേറിയ പൂവിലും ശബളാഭമാം ശലഭത്തിലും
സന്തതം കരതാരിയന്നൊരു ചിത്രചാതുരി കാട്ടിയും
ഹന്ത! ചാരു കടാക്ഷമാലകളര്‍ക്കരശ്മിയില്‍ നീട്ടിയും
ചിന്തയാം മണിമന്ദിരത്തില്‍ വിളങ്ങുമീശനെ വാഴ്ത്തുവിന്‍!

കവി: കുമാരനാശാന്‍

ശ്ലോകം 9 : ഹുങ്കാളുന്ന തിമിങ്ഗിലങ്ങള്‍...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഹുങ്കാളുന്ന തിമിങ്ഗിലങ്ങള്‍ തലകാണിക്കെ, ത്തിരിഞ്ഞോടുവോ--
രെന്‍ കൈവര്‍ത്തക, ചെയ്‌വതെന്തു ചെറുമീന്‍ വര്‍ഗ്ഗത്തൊടിന്നക്രമം?
തന്‍ കയ്യൂക്കിലഹങ്കരിച്ചടിപിടിക്കങ്ങാടിയില്‍ ചെന്നു തോ--
റ്റങ്കത്തിന്നുടനമ്മയോടണയുമാ വീരന്‍ ഭവാന്‍ തന്നെയൊ?

കവി : ടി. എം. വി.

ശ്ലോകം 10 : തേവാരിപ്പാനിരിപ്പാന്‍...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : സ്രഗ്ദ്ധര

തേവാരിപ്പാനിരിപ്പാന്‍ തുനിയുമളവി "ലത്തേവര്‍ ഞാ"നെന്നു ചൊല്ലി--
പ്പൂവെല്ലാം ചൂടുമപ്പോ "ളരുതയി മകനേ! യെന്തി"തെന്നാളെശോദാ
ഭൂഭാരം തീര്‍പ്പതിന്നായ്‌ മഹിയിലവതരിച്ചോരു സച്ചിത്സ്വരൂപം
വാ പാടിപ്പാരമോര്‍ത്തീടിന സുകൃതിനിമാര്‍ക്കമ്മമാര്‍ക്കേ തൊഴുന്നേന്‍!

പൂന്താനത്തിന്റെ ശ്രീകൃഷ്ണകര്‍ണ്ണാമൃതത്തില്‍ നിന്നു്‌.

ശ്ലോകം 11 : ഭൂലോകം ശൂന്യമായീ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

ഭൂലോകം ശൂന്യമായീ, ഹൃദയമൊരു തമോമണ്ഡലം പോലെയായീ,
ത്രെയിലോക്യത്തിന്റെ സൃഷ്ടിസ്ഥിതിലയകരനാം മൂര്‍ത്തിയും ശത്രുവായി
താലോലിക്കേണ്ടുമെന്‍ കുട്ടികളിരുവരുമെന്‍ രണ്ടു തോളത്തുമായീ
പാലോലും വാണി മത്പ്രേയസിയിവനെ വെടിഞ്ഞീശ്വരോ രക്ഷ രക്ഷ!

കവി: ഒടുവില്‍ കുഞ്ഞിക്കൃഷ്ണമേനോന്‍

ശ്ലോകം 12 : താരാ മാലാ വിരാജദ്ഗഗന...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

താരാ മാലാ വിരാജദ്‌ ഗഗന ഘനകചേ! യാമിനീ കാമിനീ നീ--
യാരാലെത്തുന്ന നേരം വിധുമുഖി! വികസിക്കുന്നിതുള്‍ക്കൈരവം മേ
നേരാം സൌന്‌ദര്യ സാരം സ്ഫുടതരമറിയിക്കുന്ന നിന്‍ സങ്ഗമത്താ--
ലാരാജിപ്പൂ പ്രശാന്തപ്രകൃതി, സുകൃതികള്‍ക്കുത്സവം ത്വത്‌ സമക്ഷം

കവി : പി. ശങ്കരന്‍ നമ്പ്യാര്‍, കവിത : രജനി

ശ്ലോകം 13 : നഞ്ഞാളും കാളിയന്‍ തന്‍...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : സ്രഗ്ദ്ധര

നഞ്ഞാളും കാളിയന്‍ തന്‍ തലയിലു, മതുപോലക്കുറൂരമ്മയാകും
കുഞ്ഞാത്തോല്‍ പാലുകാച്ചും കരികലമതുതന്നുള്ളിലും, തുള്ളിയോനേ!
ഇഞ്ഞാനെന്നുള്ള ഭാവക്കറയധികതരം പൂണ്ടു, മാലാണ്ടുപോമെന്‍
നെഞ്ഞാം രങ്ഗത്തു തങ്കത്തളകളിളകി നീ നിത്യവും നൃത്തമാടൂ!

പ്രേംജിയുടെ നാല്‍ക്കാലികള്‍ എന്ന മുക്തകസമാഹാരത്തില്‍നിന്നു്‌.

ശ്ലോകം 14 : ഇന്നാടെല്ലാം വിളര്‍പ്പിച്ചിടും...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : സ്രഗ്ദ്ധര

ഇന്നാടെല്ലാം വിളര്‍പ്പിച്ചിടുമൃതു, വിതുപോയ്‌ വല്ലപാടും വസന്തം
വന്നാല്‍ ഞാനിങ്ങു മാനത്തൊരു മണിരുചിരപ്പച്ചമേലാപ്പു കെട്ടും
എന്നാവാം കൂലവൃക്ഷത്തിനു നിനവു, സരിത്തിന്റെ വന്‍നീരൊഴുക്ക--
ന്നന്നായ്‌, തന്‍ മൂലമണ്ണാസകലമപഹരിക്കുന്നതാരെന്തറിഞ്ഞൂ!

വള്ളത്തോള്‍, കവിത : കൈക്കുമ്പിള്‍.

ശ്ലോകം 15 : എന്നെബ്ഭൂമിയിലെന്തിനിങ്ങനെ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

എന്നെബ്ഭൂമിയിലെന്തിനിങ്ങനെ വൃഥാ തള്ളീട്ടു, ഞാന്‍ പോയിടും
പന്ഥാവില്‍ കുഴികുത്തി, മുള്ളുകള്‍ വിത, ച്ചോടിച്ചിടുന്നൂ ഭവാന്‍?
ഇന്നെന്‍ കാലിടറി, പ്പതിച്ചു കുഴിയില്‍, മുള്ളേറ്റു രക്തം വമി-
ച്ചെന്നാ, ലായതുമെന്റെ പാപഫലമാണെന്നോതുമോ ദൈവമേ?

ഉമര്‍ ഖയ്യാമിന്റെ ഒരു ചതുഷ്പദിയുടെ വിദൂരപരിഭാഷ.

ശ്ലോകം 16 : ഈയമ്പെയ്തതു തൈരുകൂട്ടി...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഈയമ്പെയ്തതു തൈരുകൂട്ടിയുരുളച്ചോറിന്‍ തഴമ്പേപെടും
കൈയ, ല്ലുണ്ടൊരു സവ്യസാചി പിറകില്‍ തേര്‍ത്തട്ടിലായിദ്ദൃഢം,
ചായം തേച്ച ശിഖണ്ഡിമാരുടെ മുളംകോലിന്‍ കണക്കിക്കണ--
ക്കായം കൂടിയ ബാണമെയ്തു വിടുവാനാമോ കിണഞ്ഞീടിലും?

ശ്ലോകം 17 : ചൊല്ലൂ രാപ്പകല്‍ കൂമ്പിയും...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ചൊല്ലൂ രാപ്പകല്‍ കൂമ്പിയും വിരികയും ചെയ്യുന്നതെന്തെന്നു താന്‍
ചൊല്ലുമ്പോളതിനിന്നതെന്നു പറവാനോര്‍ക്കും കിടാങ്ങള്‍ക്കഹോ
എല്ലാര്‍ക്കും സഹസൈവ തോന്നിയൊരുമിച്ചെല്ലാരുമായ്‌ ചൊല്ലിനാ--
രംഭോജം ജലജം പയോജമുദജം പാഥോജമെന്നേകദാ!

പൂന്താനത്തിന്റെ ശ്രീകൃഷ്ണകര്‍ണ്ണാമൃതത്തില്‍ നിന്നു്‌.

ശ്ലോകം 18 : എങ്ങോനിന്നെത്തി,യിമ്മട്ടിവിടെ...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : സ്രഗ്ദ്ധര

എങ്ങോനിന്നെത്തി,യിമ്മട്ടിവിടെയൊരുവിധം ചൊല്ലിയാടിക്കഴിഞ്ഞാ--
ലെങ്ങോ പോകേണ്ട ജീവന്നരനിമിഷമനങ്ങാതിരിക്കാവതല്ല.
ഒന്നും വേണ്ടെന്നു വെയ്ക്കുന്നവനൊരു മഠയന്‍, വിശ്രമം ഭോഷ്ക്കുമാത്രം
വന്നും പോയും നടക്കും വികൃതികളവസാനിച്ചിടും നാള്‍ വരേയ്ക്കും!

എം. എന്‍. പാലൂരിന്റെ കല്യാണക്കാഴ്ച എന്ന കവിതയില്‍ നിന്നു്‌.

ശ്ലോകം 19 : ഒരുണ്ണിയെക്കണ്ടു...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഉപേന്ദ്രവജ്ര

ഒരുണ്ണിയെക്കണ്ടു രമിച്ചുകൊള്‍വാന്‍
ഒരീശ്വരാനുഗ്രഹമില്ലെനിക്കും
പുരത്തില്‍ മേവുന്ന ജനത്തില്‍ വെച്ചി--
ട്ടൊരുത്തനെക്കൂറു നിനക്കുമില്ല!

കുഞ്ചന്‍ നമ്പ്യാരുടെ ശ്രീകൃഷ്ണചരിതം മണിപ്രവാളത്തില്‍ നിന്നു്‌.

ശ്ലോകം 20 : പണ്ടാ വടക്കെച്ചിറ...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : ഇന്ദ്രവജ്ര

പണ്ടാ വടക്കെച്ചിറയൊന്നു ചെന്നു
കണ്ടാല്‍ കുളിച്ചീടണമെന്നു തോന്നും!
പണ്ടാറമാം വാഴ്ചയിലിന്നതൊന്നു
കണ്ടാല്‍ കുളിച്ചീടണമെന്നു തോന്നും!

ശ്ലോകം 21 : പുരികുഴല്‍ നികരത്തില്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മാലിനി

പുരികുഴല്‍ നികരത്തില്‍പ്പൂനിലാവിന്റെ വിത്തും
പുരികലതയിലോമല്‍ കാമസാമ്രാജ്യസത്തും
പരിചിനൊടു ധരിക്കും പര്‍വ്വതാധീശനുള്ള--
പ്പരമസുകൃതവേളിക്കെപ്പൊഴും കൂപ്പിടുന്നേന്‍!

കവി : ലക്ഷ്മീപുരത്തു രവിവര്‍മ്മ

ശ്ലോകം 22 : പിറവാര്‍ന്ന മുതല്‍ക്കു...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : വസന്തമാലിക

പിറവാര്‍ന്ന മുതല്‍ക്കു ശാഠ്യമെന്തെ--
ന്നറിയാത്തോരുരചെയ്‌വതപ്രമാണം
പരവഞ്ചന വിദ്യയായ്‌ പഠിയ്ക്കും
നരരോതും മൊഴിയേ യഥാര്‍ത്ഥമാവൂ.

ആറ്റൂര്‍ കൃഷ്ണപ്പിഷാരടിയുടെ ശാകുന്തളം തര്‍ജ്ജമയില്‍ (കേരളശാകുന്തളം) നിന്നു്‌.

ശ്ലോകം 23 : പരമപുരുഷശയ്യേ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : മാലിനി

പരമപുരുഷശയ്യേ! ഭാരതക്ഷോണിമൌലേ!
പരശുജയപതാകേ! പത്മജാനൃത്തശാലേ!
പരമിവനു സഹായം പാരിലാരുള്ളു? നീയേ
പരവശതയകറ്റിപ്പാലനം ചെയ്ക തായേ!

ഉള്ളൂരിന്റെ ഉമാകേരളത്തില്‍ നിന്നു്‌.

ശ്ലോകം 24 : പിതാമഹനിതംബിനീ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : പൃഥ്വി

പിതാമഹനിതംബിനീനഖരഘട്ടനോദ്യത്സ്വരാ--
ഞ്ചിതാമലവിപഞ്ചികയ്ക്കുടയ ഗീതസമ്പത്തിനും
പ്രതാപനില കേവലം ബത നിലച്ചിടും മട്ടിലായ്‌
ധ്രുതാദരമുദാരയാം സുകവിസൂക്തി രാജിപ്പുതേ

കവി : പന്തളം കേരളവര്‍മ്മ

ശ്ലോകം 25 : പൂമെത്തേലെഴുനേറ്റിരുന്നു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പൂമെത്തേലെഴുനേറ്റിരുന്നു "ദയിതേ, പോകുന്നു ഞാ"നെന്നു കേ--
ട്ടോമല്‍ക്കണ്ണിണനീരണിഞ്ഞ വദനപ്പൂവോടു ഗാഢം തദാ
പൂമേനിത്തളിരൊന്നു ചേര്‍ "ത്തഹമിനിക്കാണുന്നതെ"ന്നെന്നക--
പ്പൂമാലോടളിവേണി ചൊന്ന മധുരച്ചൊല്ലിന്നു കൊല്ലുന്നു മാം.

കവി : പൂന്തോട്ടത്തു നമ്പൂതിരി

ശ്ലോകം 26 : പത്രം വിസ്തൃതമത്ര...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പത്രം വിസ്തൃതമത്ര തുമ്പമലര്‍ തോറ്റോടീടിനോരന്നവും
പുത്തന്‍ നെയ്‌ കനിയെപ്പഴുത്ത പഴവും കാളിപ്പഴം കാളനും
പത്തഞ്ഞൂറുകറിയ്ക്കുദാസ്യമിയലും നാരങ്ങയും മാങ്ങയും
നിത്യം ചെമ്പകനാട്ടിലഷ്ടി തയിര്‍മോര്‍ തട്ടാതെ കിട്ടും ശുഭം

കവി: കുഞ്ചന്‍ നമ്പ്യാര്‍

ശ്ലോകം 27 : പാടത്തുംകര നീളെ...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പാടത്തുംകര നീളെ നീലനിറമായ്‌ വേലിയ്ക്കൊരാഘോഷമാ--
യാടി,ത്തൂങ്ങി,യല,ഞ്ഞുലഞ്ഞു സുകൃതം കൈക്കൊണ്ടിരിയ്ക്കും വിധൌ
പാരാതെ വരികെന്റെ കയ്യിലധുനാ പീയൂഷഡംഭത്തെയും
ഭേദിച്ചന്‍പൊടു കയ്പവല്ലി തരസാ പെറ്റുള്ള പൈതങ്ങളേ!

കവി : ചേലപ്പറമ്പു നമ്പൂതിരി

ശ്ലോകം 28 : പാലാഴിത്തിരമാല നാലുപുറവും...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പാലാഴിത്തിരമാല നാലുപുറവും തട്ടിക്കുലുക്കുമ്പൊഴും
വേലപ്പെണ്ണടിരണ്ടുമാത്തകുതുകം മെല്ലെത്തലോടുമ്പൊഴും
പാലിക്കാനമരര്‍ഷിമാര്‍ സ്തുതികഥാഗീതം പൊഴിക്കുമ്പൊഴും
ചേലില്‍ ചാഞ്ഞുകിടന്നുറങ്ങുമുടയോനേകട്ടെയുത്തേജനം!

കവി: വി.കെ.ഗോവിന്ദന്‍ നായര്‍

ശ്ലോകം 29 : പയ്യീച്ച പൂച്ച പുലി...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : വസന്തതിലകം

പയ്യീച്ച പൂച്ച പുലി വണ്ടെലി ഞണ്ടു പച്ച--
പ്പയ്യെന്നു തൊട്ടു പലമാതിരിയായ ജന്മം
പയ്യെക്കഴിഞ്ഞു പുനരിപ്പുരുഷാകൃതിത്വം
കയ്യില്‍ കിടച്ചതു കളഞ്ഞു കുളിച്ചിടല്ലേ!

കവി: ശീവൊള്ളി

ശ്ലോകം 30 : പേര്‍ കാളും കവിമല്ലരെ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പേര്‍ കാളും കവിമല്ലരെ പ്രതിമയാല്‍ ഛായാപടത്താല്‍ വൃഥാ
ലോകം സ്മാരകമേര്‍പ്പെടുത്തിയഭിനന്ദിക്കുന്നതായ്‌ കാണ്മു നാം;
പോകുന്നീലതുകാണുവാന്‍ സഹൃദയന്മാരും, നമുക്കക്ഷര--
ശ്ലോകത്തില്‍ സ്മരണീയര്‍ തന്‍ കൃതികളെച്ചൊല്ലാ, മതല്ലേ സുഖം?

കവി: വി.കെ.ഗോവിന്ദന്‍ നായര്‍??

ശ്ലോകം 31 : പാലിയ്ക്കാനായ്‌ ഭുവനമഖിലം...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : മന്ദാക്രാന്ത

പാലിയ്ക്കാനായ്‌ ഭുവനമഖിലം ഭൂതലേ ജാതനായ--
ക്കാലിക്കൂട്ടം കലിതകുതുകം കാത്ത കണ്ണന്നു ഭക്ത്യാ
പീലിക്കോലൊന്നടിമലരില്‍ നീ കാഴ്ചയായ്‌ വെച്ചിടേണം
മൌലിക്കെട്ടില്‍ത്തിരുകുമതിനെത്തീര്‍ച്ചയായ്‌ ഭക്തദാസന്‍

കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്റെ മയൂരസന്ദേശത്തില്‍ നിന്നു്‌.

ശ്ലോകം 32 : പാരാവാരമതിങ്കലുള്ള...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പാരാവാരമതിങ്കലുള്ള തിരപോല്‍ വാരിച്ചൊരിഞ്ഞേറ്റവും
നേരമ്പോക്കുകളാര്‍ന്ന പദ്യനിരകൊണ്ടീരേഴു ലോകത്തിലും
പാരം കീര്‍ത്തി നിറച്ചിടുന്ന ധരണീദേവാഗ്രഗണ്യാ! ഭവാന്‍
പാരാതങ്ങു ചമച്ച രാജചരിതശ്ലോകങ്ങളും കണ്ടു ഞാന്‍.

ഏറ്റുമാനൂര്‍ തിരുവമ്പാടി കൊച്ചുനമ്പൂരി വെണ്മണിമഹന്‍ നമ്പൂരിക്കയച്ചുകൊടുത്തത്‌.

ശ്ലോകം 33 : പാതിക്കെട്ടു കൊതിച്ചു ഞാന്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പാതിക്കെട്ടു കൊതിച്ചു ഞാന്‍ പലതരം തല്‍പ്പാതിയില്‍പ്പാതിയില്‍--
പ്പാതിത്വത്തൊടു പാതിയാടി പലതും പാഹീതി മുന്‍പായഹോ!
പാതിച്ചോര്‍നടയാള്‍ക്കു പാതി നയനം പോലും വിടര്‍ന്നീല, യി--
പ്പാരുഷ്യത്തൊടു പാതിവിന്ദശരനും പാതിപ്പെടുത്തുന്നു മാം!

കവി: കൊടുങ്ങല്ലൂര്‍ വിദ്വാന്‍ ഇളയതമ്പുരാന്‍

ശ്ലോകം 34 : പുരനാരികളെപ്പുണര്‍ന്നവന്‍...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : വിയോഗിനി

പുരനാരികളെപ്പുണര്‍ന്നവന്‍,
പരദാരങ്ങളെയാസ്വദിച്ചവന്‍,
പരപീഡനമാത്മലീലയായ്‌
പരിശീലിച്ച പരസ്വഹാരി ഞാന്‍

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ മാനസാന്തരം എന്ന കവിതയില്‍ നിന്നു്‌.

ശ്ലോകം 35 : പെയ്യും പീയൂഷമോലും...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : സ്രഗ്ദ്ധര

പെയ്യും പീയൂഷമോലും കൃതികളൊരു ഞൊടിക്കുള്ളു ലക്ഷോപലക്ഷം
തയ്യാറാക്കുന്ന നാക്കുള്ളൊരു കവികളിലെന്‍ നാമമൊന്നാമതാകാന്‍
പയ്യെപ്പൂര്‍ണ്ണാനുകമ്പാമൃതമിടകലരും തൃക്കടക്കണ്ണെടുത്തൊ--
ന്നിയ്യുള്ളോനില്‍ പ്രയോഗിക്കുക പരമശിവന്‍ തന്റെ പുണ്യത്തിടമ്പേ!

കവി: ശീവൊള്ളി

ശ്ലോകം 36 : പരോപകാരായ ഫലന്തി...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ഉപേന്ദ്രവജ്ര

പരോപകാരായ ഫലന്തി വൃക്ഷാഃ
പരോപകാരായ വഹന്തി നദ്യഃ
പരോപകാരായ ദുഹന്തി ഗാവഃ
പരോപകാരാര്‍ത്ഥമിദം ശരീരം

ശ്ലോകം 37 : പരമതനുശരീരേ! ത്വാം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : മാലിനി

പരമതനുശരീരേ! ത്വാം തപിപ്പിച്ചിടുന്നൂ
പരമതനുരജസ്രം മാം ദഹിപ്പിച്ചിടുന്നൂ
പരവശത ദിനത്താലമ്പിളിക്കെത്രയുണ്ടോ
പരഭൃതമൊഴി! പാര്‍ത്താലാമ്പലിന്നത്രയില്ല.

കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്റെ മണിപ്രവാളശാകുന്തളത്തില്‍ നിന്നു്‌.

ശ്ലോകം 38 : പാരിന്നീരേഴിനെല്ലാറ്റിനും...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : സ്രഗ്ദ്ധര

പാരിന്നീരേഴിനെല്ലാറ്റിനുമധിപതിയായ്‌, സ്വീയ മങ്ഗല്യരൂപം
നേരില്‍ക്കാണിച്ചുകൊണ്ടേ ഗുരുപവനപുരത്തമ്പുമെന്‍ തമ്പുരാനേ,
പൂരിച്ചുള്ളില്‍ തുളുമ്പീടുകിലരിയ ഭവദ്ഭക്തി മര്‍ത്ത്യര്‍ക്കശേഷം
കോരിക്കോരിക്കൊടുപ്പൂ സുമധുരപരമാനന്ദപീയൂഷയൂഷം

പ്രേംജിയുടെ നാല്‍ക്കാലികളില്‍ നിന്നു്‌.

ശ്ലോകം 39 : പറഞ്ഞ കാര്യം പശുവും...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : വംശസ്ഥം

പറഞ്ഞ കാര്യം പശുവും ഗ്രഹിച്ചിടും
ഹയാദി ഭാരങ്ങളെടുപ്പതില്ലയോ?
പറഞ്ഞിടാതേയുമറിഞ്ഞിടും പുമാന്‍
പരേങ്ഗിതജ്ഞാനമതിന്നു ബുദ്ധി കേള്‍!

കേ സി കേശവ പിള്ളയുടെ സുഭാഷിതരത്നാകരത്തില്‍ നിന്നു്‌.

ശ്ലോകം 40 : പാരം പാരാകെ വേണ്ടും...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

പാരം പാരാകെ വേണ്ടും പരിചിനു കടലാസ്സാക്കി, നീരാഴമേറും
പാരാവാരത്തെയെല്ലാം പരശിവദയിതേ, നന്മഷിപ്പാത്രമാക്കി,
പോരാ, നിശ്ശേഷപക്ഷിപ്പരിഷകളുടെയും തൂവലും പൂ, ണ്ടതന്ദ്ര--
ന്മാരായ്‌ ബാണാസുരന്മാര്‍ പലരെഴുതുകിലും തീരുമോ നിന്‍ ഗുണങ്ങള്‍?

വള്ളത്തോളിന്റെ ദേവീസ്തവത്തില്‍ നിന്നു്‌.

ശ്ലോകം 41 : പാടില്ലാ നീലവണ്ടേ...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : സ്രഗ്ദ്ധര

പാടില്ലാ നീലവണ്ടേ സ്മരനുടെ വളര്‍വില്ലിന്റെ ഝങ്കാരനാദം
പാടിപ്പാടിപ്പറന്നെന്‍ പ്രിയയുടെ വദനാംഭോരുഹം ചുറ്റിനില്‍ക്കാന്‍
പേടിച്ചിട്ടല്ല -- ഭര്‍ത്തൃപ്രണിഹിതമതിയാണെന്റെ ജീവേശി -- യെങ്കില്‍--
ക്കൂടി, ക്കാടന്‍, കുരൂപന്‍, കുമതി വിതറുമാവെണ്മയില്‍ കന്മഷം നീ.

കവി : പ്രേംജി

ശ്ലോകം 42 : പേറ്റ്ക്കീറിപ്പൊളിഞ്ഞ്‌...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : സ്രഗ്ദ്ധര

പേറ്റ്ക്കീറിപ്പൊളിഞ്ഞോരുടുതുണിയിലിനിസ്സൂചികുത്തേ, ണ്ടഴിക്കാന്‍
പറ്റി, ല്ലീ ജീര്‍ണ്ണവാസസ്സുയിരിനൊടുരുകിച്ചേര്‍ന്നതാണെന്നു തോന്നും
പെറ്റും കൊന്നും കളിക്കും പ്രകൃതിയുടെ ഹിതത്തിന്നു കുമ്പിട്ടിടാനേ
പറ്റൂ, തോണിക്കകത്തോടിയ പഥിക, ഭവാനെത്ര ലാഭിച്ചു നേരം?

കവി : വി. കെ. ഗോവിന്ദന്‍ നായര്‍

ശ്ലോകം 43 : പ്രാതഃകാലം വരുമ്പോള്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

പ്രാതഃകാലം വരുമ്പോള്‍, ത്തവ ചരമ കഥാ സ്മാരകം പോലെ പാടും
ഗീതത്തേക്കൊണ്ട ഘണ്ടാമണി വെളിയിലയച്ചൊരു ഞാനൊറ്റയായി
പ്രേതത്തെപ്പോലെ മുറ്റത്തണയുകിലൊലിവറ്റോമനക്കാറ്റു പുല്‍കും
കൈതപ്പൂവെന്നെ നോക്കി ത്രപയൊടപഹസിച്ചീടുമേ വാദമില്ല

വി. സി. ബാലകൃഷ്ണപ്പണിക്കരുടെ ഒരു വിലാപത്തില്‍ നിന്നു്‌.

ശ്ലോകം 44 : പ്രേമം മാംസനിബദ്ധമല്ല...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

"പ്രേമം മാംസനിബദ്ധമല്ല!" -- കവികള്‍ക്കെന്താണു വയ്യാത്ത, തീ
ലോകം തന്നെ മറിച്ചു വെയ്ക്കുമവരോ സങ്കല്‍പസമ്രാട്ടുകള്‍
പ്രേമം ശുഷ്കവികാരമ,ല്ലതു വെറും വൈക്കോലിനോടാവത,--
ല്ലാണെങ്കില്‍ സഹതാപമെന്നതിനു പേര്‍, പ്രേമത്തെ വിട്ടേക്കുക!

ഏവൂര്‍ പരമേശ്വരന്റെ മോഡേണ്‍ മുക്തകങ്ങളില്‍ നിന്നു്‌.

ശ്ലോകം 45 : പോരാമെങ്കിലൊരാള്‍ക്കുവേണ്ടി...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പോരാമെങ്കിലൊരാള്‍ക്കുവേണ്ടി,യപരന്നേകാം നമുക്കുള്ളൊരീ
പാരാവാരമതെന്നപോലെ വിലസും സേനാഗണം തല്‍ക്ഷണം
നേരൊക്കെപ്പറയാം നിരായുധനതായ്‌ നില്‍ക്കുന്നതല്ലാതെ വന്‍
പോരിന്നായുധമേല്‍ക്കയും തൊടുകയും പൊയ്യല്ല ചെയ്യില്ല ഞാന്‍

നടുവത്തച്ഛന്‍ നമ്പൂതിരിയുടെ ഭഗവദ്ദൂതു്‌ നാടകപരിഭാഷയില്‍ നിന്നു്‌.

ശ്ലോകം 46 : നാദത്താലുലകം ചമച്ചു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നാദത്താലുലകം ചമച്ചു, നിതരാം പാലിച്ചു, കല്‍പാന്തനിര്‍--
ഭേദത്താലുപസംഹരി, ച്ചതിലെഴും ബീജാക്ഷരത്താല്‍ ക്രമാല്‍,
സാദം വി, ട്ടുലകങ്ങള്‍ തീര്‍ത്തരുളലാമീയക്ഷരശ്ലോകസം--
വാദത്തില്‍ ശിവശക്തികള്‍ക്കിയലുമാഹ്ലാദം നമുക്കാശ്രയം!

കവി : വെയിലോപ്പിള്ളി

ശ്ലോകം 47 : സ്വേദാണ്ഡോത്ഭിജ്ജരാ...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : സ്രഗ്ദ്ധര

സ്വേദാണ്ഡോത്ഭിജ്ജരായൂത്ഭവതനുപടലീ സാഗരദ്വീപശെയില--
വ്യാദീര്‍ണ ബ്രഹ്മഗോളപ്രചുരശതകുലം, നിന്നകത്താകമൂലം.
ആധാരാധാരമമ്മേ തവതനു, ചെറുതല്ലിന്ദ്രജാലം നിനച്ചാ--
ലാധേയാധേയവും മേ, അണുവിലുമയിതേ, നിത്യസാന്നിധ്യമൂലം.

ശ്ലോകം 48 : ആകാശങ്ങളെയണ്ഡരാശികളൊടും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ആകാശങ്ങളെയണ്ഡരാശികളൊടും ഭക്ഷിക്കുമാകാശമായ്‌
ഈ കാണുന്ന സഹസ്രരശ്മിയെയിരുട്ടാക്കും പ്രഭാസാരമായ്‌
ശോകാശങ്കയെഴാത്ത ശുദ്ധസുഖവും ദുഃഖീകരിക്കുന്നതാ--
മേകാന്താദ്വയശാന്തിഭൂവിനു നമസ്കാരം, നമസ്കാരമേ!

കുമാരനാശാന്റെ പ്രരോദനത്തില്‍നിന്നു്‌.

ശ്ലോകം 49 : ശങ്കാഹീനം ശശാങ്കാ...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : സ്രഗ്ദ്ധര

ശങ്കാഹീനം ശശാങ്കാമലതരയശസാ കേരളോല്‍പന്നഭാഷാ--
വങ്കാട്ടില്‍ സഞ്ചരിയ്ക്കും സിതമണി ധരണീദേവഹര്യക്ഷവര്യന്‍
ഹുങ്കാരത്തോടെതിര്‍ക്കും കരിവരനിടിലം തച്ചുടയ്ക്കുമ്പൊള്‍ നിന്ദാ--
ഹങ്കാരം പൂണ്ട നീയാമൊരു കുറുനരിയെക്കൂസുമോ കുന്നി പോലും?

കവി : വെണ്മണി മഹന്‍

ശ്ലോകം 50 : ഹേ പത്മാക്ഷ, ഭവാന്‍...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഹേ പത്മാക്ഷ, ഭവാന്‍ വരാഞ്ഞിതുവരെ ക്ലേശിച്ച സാധ്വിക്കു സ--
ന്താപപ്പെട്ടു പുലര്‍ത്തിടേണമിനിയും മൂവ്വാണ്ടു മുന്നാളിനാല്‍.
ആപത്തിന്നുകടന്നു വൃത്തമധനന്‍ തന്‍ ബ്രഹ്മഹത്യാ മഹാ--
പാപത്തില്‍ ബത പങ്കുകൊണ്ടു പൊഴുതേ പണ്ടത്തെ മുത്തശ്ശിമാര്‍!

വള്ളത്തോളിന്റെ വിലാസലതികയില്‍ നിന്നു്‌.

ശ്ലോകം 51 : അല്ലല്ലാ തിരുമേനിയാണ്‌...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

അല്ലല്ലാ തിരുമേനിയാ,ണിതടിയന്‍ വല്ലാതെ ശങ്കിച്ചുപോ--
യല്ലോ കണ്ട ദിനം മറന്നു, കഴുകിക്കാം കാ, ലിരിക്കാം സുഖം,
തെല്ലിക്കാറ്റു രസിക്കുമെങ്കിലടിയന്‍ വീശാം വിയര്‍ക്കുന്നമെ--
യ്യെല്ലാം, ചെല്ലമിതാ മുറയ്ക്കൊരു മുറുക്കാവാം കുറെക്കേമമായ്‌.

ശ്ലോകം 52 : തീരാഞ്ഞോ കൊതി, കട്ടവെണ്ണ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

തീരാഞ്ഞോ കൊതി , കട്ടവെണ്ണ കഴിയെക്കൈ നക്കിയും കന്നുതന്‍
ചാരെപ്പിന്നെയണഞ്ഞു താട തടവിക്കൊഞ്ചിച്ചിരിച്ചങ്ങനെ
ചൌര്യത്തിന്‍ കഥ ചൊല്ലിടുന്ന ഹരിയെദ്ദര്‍ശിച്ചു ഹര്‍ഷാശ്രുവായ്‌
ദൂരത്തമ്മ, യടുത്തു നിന്നു പശു, ഞാന്‍ ഹൃത്താം തൊഴുത്തിങ്കലും.

കവി : പി. സി. മധുരാജ്‌.

ശ്ലോകം 53 : ചെന്താര്‍കാന്തികള്‍ ചിന്തും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ചെന്താര്‍കാന്തികള്‍ ചിന്തുമന്തിസമയച്ചന്തം കലര്‍ന്നും ഭവാന്‍
നീന്തിച്ചെന്നഥ നൃത്തമാടിയമരും ദേവന്റെ തൃക്കൈകളില്‍
ചുറ്റിപ്പറ്റിയവറ്റിലിറ്റുമുതിരം തോരാത്തൊരാനത്തുകില്‍--
ക്കോലം ചാര്‍ത്തണമാടല്‍ വിട്ടുമ രസാല്‍ കണ്ടോട്ടെ നിന്‍ ഭക്തിയെ.

ഇ. ആര്‍. രാജരാജവര്‍മ്മയുടെ മേഘസന്ദേശം തര്‍ജ്ജമയില്‍ (1:36) നിന്നു്‌.

ശ്ലോകം 54 : ചാലേ മാലിനിയും...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ചാലേ മാലിനിയും, മരാളമിഥുനം മേവും മണല്‍ത്തിട്ടയും,
ചോലയ്ക്കപ്പുറമായ്‌ മൃഗങ്ങള്‍ നിറയും ശെയിലേന്ദ്രപാദങ്ങളും,
ചീരം ചാര്‍ത്തിന വൃക്ഷമൊന്നതിനടിയ്ക്കായിട്ടു കാന്തന്റെ മെയ്‌
ചാരി, ക്കൊമ്പിലിടത്തുകണ്ണുരസുമാ മാന്‍പേടയും വേണ്ടതാം.

ഇ. ആര്‍. രാജരാജവര്‍മ്മയുടെ ശാകുന്തളം തര്‍ജ്ജമ (മലയാളശാകുന്തളം)യില്‍ നിന്നു്‌.

ശ്ലോകം 55 : ചെറ്റഴിഞ്ഞ ചികുരോത്കരാം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : കുസുമമഞ്ജരി

ചെറ്റഴിഞ്ഞ ചികുരോത്കരാം ചെറിയ താരകേശകല തോറ്റ തൂ--
നെറ്റിപാടു ചിതറും വിയര്‍പ്പിലൊളിവുറ്റു പറ്റിന ഘനാളകം
ഏറ്റുവാനഭിമുഖേകൃതപ്രതി നവപ്രതോദവലയാമൊരെന്‍--
പുറ്റു കാമപി കൃപാം കിരീടിരഥ രത്നദീപകലികാം ഭജേ

കവി : പൂന്താനം

ശ്ലോകം 56 : എന്തിന്നു ഭാരതധരേ...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : വസന്തതിലകം

എന്തിന്നു ഭാരതധരേ കരയുന്നു? പാര--
തന്ത്ര്യം നിനക്കു വിധികല്‍പിതമാണു തായേ!
ചിന്തിക്ക, ജാതിമദിരാന്ധരടിച്ചു തമ്മി--
ലന്തപ്പെടും തനയ,രെന്തിനയേ സ്വരാജ്യം?

കുമാരനാശാന്‍

ശ്ലോകം 57 : ചേരുന്നീലാരുമായെന്‍ ശ്രുതി...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : സ്രഗ്ദ്ധര

ചേരുന്നീലാരുമായെന്‍ ശ്രുതി, പിരിമുറുകിപ്പൊട്ടിടുന്നൂ വലിയ്ക്കും--
തോറും, താളം പിഴയ്ക്കുന്നിതു പലകുറിയും, കാലുറപ്പീല നില്‍പ്പില്‍
ശിഷ്യയാക്കി എന്നുമാവാം.--
}ട്ടാരാലെന്‍ തെറ്റു തീര്‍ത്താ, ലുലകുമുഴുവനും കേളി കേള്‍പ്പിച്ചിടാം ഞാന്‍!

ശ്ലോകം 58 : മണ്ണില്‍പ്പൊട്ടിവിടര്‍ന്ന...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മണ്ണില്‍പ്പൊട്ടിവിടര്‍ന്ന പൂ പുലരിയില്‍ പ്രത്യാശ പൂണ്ടാദരാല്‍
വിണ്ണിന്‍ മുന്തിരിനീര്‍ കുടിക്കുവതിനായ്‌ മേല്‍പോട്ടു നോക്കുന്ന പോല്‍
എണ്ണുന്നോ ഭയഭക്തിപൂര്‍വ്വമനിശം ധ്യാനിക്കുവാന്‍ ശൂന്യമാം
കിണ്ണം പോലിനി വിണ്ണു നിന്നെയദയം മണ്ണില്‍ക്കമിഴ്ത്തും വരെ.

എം. പി. അപ്പന്റെ ജീവിതോത്സവത്തില്‍ നിന്നു്‌. ഇത്‌ Omar Khayyam-ന്റെ Rubaiyat-ന്റെ പരിഭാഷയാണ്‌.

ശ്ലോകം 59 : എട്ടാണ്ടെത്തിയ തൈരും...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

എട്ടാണ്ടെത്തിയ തൈരു,മെന്റെ ശിവനേ ചുണ്ണാമ്പു ചോറും, പുഴു--
ക്കൂട്ടം തത്തിടുമുപ്പിലട്ടതുമഹോ കൈപ്പേറുമുപ്പേരിയും
പൊട്ടച്ചക്കയില്‍ മോരൊഴിച്ചു വഷളായ്‌ തീര്‍ത്തോരു കൂട്ടാനുമീ--
മട്ടില്‍ ഭക്ഷണമുണ്ടു ഛര്‍ദ്ദി വരുമാമെര്‍ണ്ണാകുളം ഹോട്ടലില്‍.

കവി : ഒറവങ്കര

ശ്ലോകം 60 : പുറ്റിന്നുള്‍പ്പാതി ദേഹം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

പുറ്റിന്നുള്‍പ്പാതി ദേഹം മുഴുകി, യൊരരവച്ചട്ട പൂണൂലുമായി--
ച്ചുറ്റിക്കെട്ടിപ്പിണഞ്ഞുള്ളൊരു പഴയ ലതാമണ്ഡലാനദ്ധകണ്ഠന്‍,
പറ്റിത്തോളാര്‍ന്നു കൂട്ടില്‍ കുരുവികള്‍ കുടികൊള്ളും ജടാജൂടമോടേ
കുറ്റിയ്ക്കൊത്തമ്മുനീന്ദ്രന്‍ കതിരവനെതിരായങ്ങു നില്‍ക്കുന്ന ദിക്കില്‍.

കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്റെ മണിപ്രവാളശാകുന്തളത്തില്‍ നിന്നു്‌.

ശ്ലോകം 61 : പാടിപ്പാടിയനന്തമാധുരി...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പാടിപ്പാടിയനന്തമാധുരിചൊരി, ഞ്ഞാലോലമെന്‍ ചന്ദന--
ക്കാടിന്‍ ശാദ്വല സാന്ദ്രകാന്തിയിലഴിഞ്ഞാടും കളാലാപിനി.
കൂടിക്കൂടിവരുന്ന രാഗമൊടു ഞാന്‍, നിന്‍ പഞ്ചവര്‍ണ്ണക്കിളി--
ക്കൂടിന്‍ വാതിലില്‍ വെയ്ക്കുമിപ്പഴയരിക്കാണിക്ക, കൈക്കൊള്ളുമോ?

ശ്ലോകം 62 : കാടത്തത്തെ മനസ്സിലിട്ടു...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കാടത്തത്തെ മനസ്സിലിട്ടു കവിയായ്‌ മാറ്റുന്ന വല്‌മീകമു--
ണ്ടോടപ്പുല്‍ക്കുഴലിന്റെ ഗീതയെഴുതിസ്സൂക്ഷിച്ച പൊന്നോലയും
കോടക്കാര്‍നിര കൊണ്ടുവന്ന മനുജാത്മാവിന്റെ കണ്ണീരുമായ്‌
മൂടല്‍മഞ്ഞില്‍ വിരിഞ്ഞു നില്‍ക്കുമിവിടെപ്പൂക്കും വനജ്യോത്സ്നകള്‍.

വയലാറിന്റെ സര്‍ഗ്ഗസങ്ഗീതത്തില്‍നിന്നു്‌.

ശ്ലോകം 63 : കളാമലമൃദുസ്വരം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : പൃഥ്വി

കളാമലമൃദുസ്വരം ശിശുകുമാരനവ്യക്തമായ്‌
ഗുളാധിക സുമാധുരീ ഭരിതമോതിടും ഗീരിനും
ഗളാഗളിമഹാഹവം കിമപി ചെയ്തു വന്‍തോല്‍വിയില്‍
ജളാശയത ചേര്‍ത്തിടും പടി ലസിപ്പു സത്കാവ്യമേ

കവി : പന്തളം കേരള വര്‍മ്മ

ശ്ലോകം 64 : ഗോവൃന്ദം മേച്ചു വൃന്ദാവനഭുവി...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : സ്രഗ്ദ്ധര

ഗോവൃന്ദം മേച്ചു വൃന്ദാവനഭുവി ഭുവനം മൂന്നിനും മൂലമാകും
ഗോവിന്ദന്‍ പന്തടിച്ചും പലവക കളിയാല്‍ ക്ഷീണനായ്‌ മാറിടുമ്പോള്‍
ആവിര്‍മോദാലശോകച്ചെറുതളിരുകളാലാശുവീശിത്തലോടി--
ജ്ജീവിപ്പിക്കുന്ന ഗോപീജനനിര നിരയം നീക്കണം നിത്യവും മേ.

ശ്ലോകം 65 : അഴുക്കിലടി പൂണ്ടതാം...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : പൃഥ്വി

അഴുക്കിലടി പൂണ്ടതാമരിയ താമരേ! സൂര്യനായ്‌
മിഴിക്കുമിമയല്ലി തന്നകമുറന്നതാം തേന്‍കണം,
തിമര്‍ത്തു മുകരുന്നതോ തിമിരഖണ്ഡമാം വണ്ടു, നീ--
യമര്‍ത്തിയ വിഷാദവും വിമലഗന്ധമായ്‌ വാര്‍ന്നുവോ?

ആര്യാംബിക. എസ്‌.വി.യുടെ തേന്‍കണം എന്ന കവിത.

ശ്ലോകം 66 : തെച്ചിപ്പൂവില്‍പ്പതങ്ഗ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

തെച്ചിപ്പൂവില്‍പ്പതങ്ഗദ്യുതിവിതതിമയേ ചേര്‍ത്തു ശൃംഗാരലക്ഷ്മീ--
മര്‍ച്ചിപ്പാന്‍ മാരഭൂപാലനു ജലധിമണിച്ചാണമേലേണനേത്ര!
വച്ചപ്പാടുണ്ടു പാര്‍ത്താലിതു തുഹിനകരന്‍ കിങ്കരന്‍ തന്‍കരം കൊ--
ണ്ടച്ചച്ചോ! കാണരയ്ക്കിന്നതു നുരനിരയാം ചന്ദനം ചന്ദ്രലേഖേ!

അര്‍ത്ഥാലങ്കാരസംക്ഷേപത്തില്‍ നിന്നു്‌.

ശ്ലോകം 67 : വിശ്വാധീശ്വര, രൂപ...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വിശ്വാധീശ്വര, രൂപയായിരമെനിക്കീറോട്ടിലെങ്ങാന്‍ കിട--
ന്നാശ്വാസത്തൊടു കിട്ടിയെങ്കി, ലവിടെയ്ക്കേകാമതില്‍പ്പാതി ഞാന്‍
വിശ്വാസം കുറവെങ്കിലോ, തിരുവടിക്കുള്ളോരു പങ്കാദ്യമായ്‌
ഇച്ഛായോഗ്യമെടുത്തു ബാക്കി തരണേ പിന്നെന്തു പേടിക്കുവാന്‍?

ശ്ലോകം 68 : വിനതയുടെ വിഷാദം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മാലിനി

വിനതയുടെ വിഷാദം തീര്‍ക്കുവാനായ്‌ ക്ഷണം ത--
ത്തനയനമൃതകുംഭം പണ്ടുപോയ്ക്കൊണ്ടുവന്നു;
ജനകജനനിമാര്‍ തന്‍ ദുഃഖമേറ്റെടുവാനി--
ത്തനയരയുതലക്ഷം തദ്ഘടം പേറിടുന്നു.

ഉള്ളൂരിന്റെ ഉമാകേരളത്തില്‍ നിന്നു്‌.

ശ്ലോകം 69 : ജില്ലാദ്ധ്യക്ഷന്റെ ചോദ്യം...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : സ്രഗ്ദ്ധര

ജില്ലാദ്ധ്യക്ഷന്റെ ചോദ്യം -- "ജനകനൃപതി തന്‍ വില്ലെടുത്താരൊടിച്ചാന്‍?";
"അല്ലേ ഞാനല്ല" -- വിദ്യാര്‍ത്ഥികളതിഭയമോടുത്തരം ചൊല്ലിയേവം
തെല്ലും കൂസാതെയദ്ധ്യാപകനതിവിനയത്തോടെ "യെന്‍ ക്ലാസിലാരും
വില്ലല്ലീച്ചൂരല്‍ പോലും തൊടുവതിനു തുനിഞ്ഞീടുകി"ല്ലെന്നുരച്ചാന്‍

ശ്ലോകം 70 : തായയ്ക്കും താതനും നിന്‍...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : സ്രഗ്ദ്ധര

തായയ്ക്കും താതനും നിന്‍ ജനനകഥയറിഞ്ഞന്നുതൊട്ടേ തുറുങ്കില്‍--
ച്ചായാറായീ, യശോദാദികളസുരഭടദ്രോഹഭീയാല്‍ വലഞ്ഞൂ
ആയര്‍പ്പെണ്ണുങ്ങള്‍ വെണ്ണക്കളവിലുമലരമ്പിങ്കലും പമ്പരം പോ--
ലായീ കാര്‍വര്‍ണ്ണ, നീയാര്‍ക്കഭയമരുളിയെന്നൊന്നു ചൊല്ലിത്തരാമോ?

വി. കെ. ഗോവിന്ദന്‍ നായരുടെ അവില്‍പ്പൊതിയില്‍ നിന്നു്‌.

ശ്ലോകം 71 : ആളീടും പ്രേമമോടെ...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : സ്രഗ്ദ്ധര

ആളീടും പ്രേമമോടേ, കടമിഴിമുനകൊണ്ടാഞ്ഞു നീയൊന്നുതല്ലു--
മ്പോളിക്കല്ലും കുലുങ്ങും, മൃദുലഹൃദയനാം ശര്‍വ്വനിങ്ങെന്തുപിന്നെ?
ആളീവാക്കീവിധം കേട്ടളവവളെയുടന്‍ പുഞ്ചിരിക്കൊണ്ടു കേളീ--
നാളീകത്താലടിയ്ക്കും നഗതനയ, ശുഭം നല്‍കണം നാളില്‍ നാളില്‍!

കവി : ജി. ശങ്കരക്കുറുപ്പു്‌

ശ്ലോകം 72 : അംഭോരുഹ വാടീകുല...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മദനര്‍ത്ത

അംഭോരുഹ വാടീകുല സംഭോഗരസഞ്ജം
ദംഭോളി ധരാദ്യൈരപി സംഭാവിതമൂര്‍ത്തിം
ഗുംഫേത മഹത്ത്വം ഹൃദി സന്ധായ വിധാനം
സമ്പൂര്‍ണ്ണമുപാസേ ജയ ഭാനോ ഭഗവാനേ

ശ്ലോകം 73 : ഗണപതി ഭഗവാനും...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : പുഷ്പിതാഗ്ര

ഗണപതി ഭഗവാനുമബ്ജയോനി--
പ്രണയിനിയാകിയ ദേവി വാണി താനും
ഗുണനിധി ഗുരുനാഥനും സദാ മേ
തുണയരുളീടുക കാവ്യ ബന്ധനാര്‍ത്ഥം.

കുഞ്ചന്‍ നമ്പ്യാരുടെ ശ്രീകൃഷ്ണചരിതം മണിപ്രവാളത്തില്‍ നിന്നു്‌.

ശ്ലോകം 74 : ഗദകബളിതമെന്റെ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : പുഷ്പിതാഗ്ര

ഗദകബളിതമെന്റെ കര്‍ണ്ണയുഗ്മം
വദനവിഭൂഷണമാത്രമായ്‌ ചമഞ്ഞു
കദനമിതൊഴിവാക്കുകംബികേ, നിന്‍
പദസരസീരുഹദാസനല്ലയോ ഞാന്‍?

വള്ളത്തോളിന്റെ ബധിരവിലാപത്തില്‍ നിന്നു്‌.

ശ്ലോകം 75 : കൊത്തിക്കൊത്തി രസിച്ചുകൊള്‍ക...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കൊത്തിക്കൊത്തി രസിച്ചുകൊള്‍ക, മതിയാകട്ടേ നിന, ക്കാര്‍ദ്രമെന്‍
ഹൃത്തില്‍ കുത്തിയടിച്ചിറക്കുക കൊടുംകൊ, ക്കെന്തുതാനാകിലും.
മറ്റില്ലാ മമവാഞ്ഛ, യെന്നില്‍ നിലനിന്നാവൂ, തിരിച്ചീ മരം--
കൊത്തിക്കും തണലേ കൊടുത്തരുളുവാന്‍ പറ്റും കരു, ത്തീശ്വരാ..!

കവി: കെ.എന്‍. ദുര്‍ഗ്ഗാദത്തന്‍ ഭട്ടതിരിപ്പാട്‌ (കെ. എന്‍. ഡി)

ശ്ലോകം 76 : മാന്യന്മാര്‍ പലരും...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മാന്യന്മാര്‍ പലരും നിറഞ്ഞ സഭയില്‍ ദുര്‍ബുദ്ധി ദുശ്ശാസനന്‍
ചെന്നാദ്രൌപദി ദേവി തന്റെ ചികുരം ചുറ്റിപ്പിടിച്ചങ്ങിനെ
നിന്നീടട്ടെ, വലിച്ചിഴച്ചതു കിടക്കട്ടേ, മഹാ കഷ്ടമ--
ത്തന്വങ്ഗീമണി തന്നുടുപ്പുടവ തന്‍ കൈകൊണ്ടഴിച്ചീലയോ?

നടുവത്തു്‌ അച്ഛന്‍ നമ്പൂതിരിയുടെ ഭഗവദ്ദൂതു്‌ നാടകത്തില്‍ നിന്നു്‌.

ശ്ലോകം 77 : നിഗമകല്‍പതരോര്‍ഗ്ഗളിതം...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ദ്രുതവിളംബിതം

നിഗമകല്‍പതരോര്‍ഗ്ഗളിതം ഫലം
ശുകമുഖാദമൃതദ്രവസംയുതം
പിബത ഭാഗവതം രസമാലയം
മുഹുരഹോ രസികാഃ ഭുവി ഭാവുകാഃ

ഭാഗവതത്തിലെ വന്ദനശ്ലോകം.

ശ്ലോകം 78 : പ്രശമിതേന്ദൃയനായ്‌...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ദ്രുതവിളംബിതം

പ്രശമിതേന്ദൃയനായ്‌ രസയന്നു കൈ--
വശമണഞ്ഞതു പിന്നെ മഹാരഥന്‍
ദശരഥന്‍ നൃവരപ്രഭു കാത്തുതേ
ഭൃശമവന്‍, ശമവന്‍പുമെഴുന്നവന്‍

കുണ്ടൂര്‍ നാരായണമേനോന്റെ രഘുവംശം തര്‍ജ്ജമയില്‍ നിന്നു്‌.

ശ്ലോകം 79 : ദിവ്യം കിഞ്ചന വെള്ളമുണ്ടൊരു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ദിവ്യം കിഞ്ചന വെള്ളമുണ്ടൊരു മുറിസ്സോമന്‍ കറുപ്പും ഗളേ
കണ്ടാല്‍ നല്ലടയാളമുള്ള കരമുണ്ടെട്ടല്ലഹോ പിന്നെയും
തോലെന്യേ തുണിയില്ല തെല്ലുമരയില്‍ കേളേറ്റുമാനൂരെഴും
പോറ്റീ! നിന്റെ ചരിത്രമദ്ഭുതമഹോ! ഭര്‍ഗ്ഗായ തുഭ്യം നമഃ

കവി : ചങ്ങനാശ്ശേരി രവിവര്‍മ്മ

ശ്ലോകം 80 : തേരോടിക്കെ, ക്കടക്കണ്മുന...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : സ്രഗ്ദ്ധര

തേരോടിക്കെ, ക്കടക്കണ്മുന കണവനിലര്‍പ്പിച്ചതേയുള്ളു ധീരം
പോരാടിപ്പിക്കുവാന്‍ തന്‍ സ്വജനമഹിതമായ്‌ കണ്ടനേരം സുഭദ്ര;
തേരോടിക്കെക്കിരീടിക്കഖിലപതി മിനക്കെട്ടു വേദാന്ത ചിന്താ--
സാരം ചൊല്ലേണ്ടിവന്നൂ, കമനിയുടെ കടക്കണ്ണു ഗീതയ്ക്കു മീതെ!

വി. കെ. ജി.യുടെ ഒരു സമസ്യാപൂരണം.

ശ്ലോകം 81 : താഡിക്കേണ്ടെന്നു ചൊല്ലി...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : സ്രഗ്ദ്ധര

താഡിക്കേണ്ടെന്നു ചൊല്ലി, ക്കൊടിയ തടിയുമായ്‌ പ്രാണ നിര്യാണ കാല--
ത്തോടിച്ചാടിക്കൃതാന്തത്തതടിയനടിയനെപ്പേടി കാട്ടും ദശായാം
കോടക്കാര്‍മേഘവര്‍ണ്ണം തടവിന വനമാലാവിഭൂഷാഞ്ചിതം മേ
കൂടെക്കാണായ്‌ വരേണം തിരുവുടലരികേ, കൂടല്‍മാണിക്യമേ മേ!

കവി : ഉണ്ണായി വാര്യര്‍

ശ്ലോകം 82 : കോടക്കാര്‍വര്‍ണ്ണനോടക്കുഴലൊടു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

കോടക്കാര്‍വര്‍ണ്ണനോടക്കുഴലൊടു കളി വിട്ടോടിവന്നമ്മ തന്റേ
മാടൊക്കും പോര്‍മുലപ്പാലമിതരുചി ഭുജിച്ചാശ്വസിക്കും ദശായാം
ഓടി ക്രീഡിച്ചു വാടീടിന വദനകലാനാഥഘര്‍മ്മാമൃതത്തെ--
ക്കൂടെക്കൂടെത്തുടയ്ക്കും സുകൃതനിധി യശോദാകരം കൈതൊഴുന്നേന്‍!

കവി : വെണ്മണി അച്ഛന്‍ നമ്പൂതിരി

ശ്ലോകം 83 : ഒട്ടാണ്ടെന്നച്ഛനത്യാദരമൊടു...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : സ്രഗ്ദ്ധര

ഒട്ടാണ്ടെന്നച്ഛനത്യാദരമൊടു തവ തൃക്കോവിലില്‍ ശാന്തി ചെയ്തൂ
മുട്ടാതെന്നമ്മ ഭക്ത്യാ തൊഴുതു നടയില്‍നിന്നങ്ങയെത്തിങ്ങള്‍ തോറും
കിട്ടാന്‍ പാടില്ലയോ തത്കൃതസുകൃതമിവന്നല്‍പവും? ഭ്രഷ്ടനാക്ക--
പ്പെട്ടാലും പുത്രനില്ലേ പിതൃജനമുതലില്‍ പിന്തുടര്‍ച്ചാവകാശം?

കവി : പ്രേംജി.

ശ്ലോകം 84 : കേളീലോലമുദാര...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കേളീലോലമുദാരനാദമുരളീനാളീനിലീനാധരം
ധൂളീധൂസരകാന്തകുന്തളഭരവ്യാസങ്ഗിപിഞ്ഛാഞ്ചലം
നാളീകായതലോചനം നവഘനശ്യാമം ക്വണത്കിങ്ങിണീ--
പാളീദന്ദുര പിങ്ഗളാംബരധരം ഗോപാലബാലം ഭജേ

മാനവേദരാജായുടെ കൃഷ്ണഗീതിയില്‍ നിന്നു്‌.

ശ്ലോകം 85 : നാവെപ്പോള്‍ മുരളുന്നതും...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നാവെപ്പോള്‍ മുരളുന്നതും പരുഷമാം ഹുങ്കാരമാണെങ്കിലും,
ഭാവം താളമിതൊക്കെയെന്റെ ധിഷണയ്ക്കപ്രാപ്യമാണെങ്കിലും,
നീ വാഗ്വര്‍ഷിണി, നൂപുരധ്വനിയുതിര്‍ത്തെത്തീടവേ, കേള്‍ക്കുവാ--
നാവും മച്ഛൃതികള്‍ക്കു - ഞാനവനിയില്‍ സങ്ഗീതമേ, ഭാഗ്യവാന്‍!

ഉമേഷിന്റെ സ്വന്തം കൃതി.

ശ്ലോകം 86 : നേരോര്‍ക്കുമ്പോള്‍ പ്രമാണം...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : സ്രഗ്ദ്ധര

നേരോര്‍ക്കുമ്പോള്‍ പ്രമാണം ഗുണഗണമതുതാനാണു ദിഗ്ഭേദമല്ലാ
ചേരും ദൃഷ്ടാന്തമോതുന്നതിനിവിടെ വിശേഷിച്ചു വേറിട്ടുവേണ്ടാ
താരില്‍ത്തേന്‍വാണി, നിന്‍ പോര്‍മുലകളിലണിയും ചന്ദനച്ചാറുമോമല്‍--
ച്ചാരുശ്രീ ചന്ദ്രശോഭാശുഭരുചി ചിതറും ഹാരവും പോരുമല്ലോ.

ശക്തിഭദ്രന്റെ ആശ്ചര്യചൂഡാമണി കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ തര്‍ജ്ജമ ചെയ്തതില്‍ നിന്നും.

ശ്ലോകം 87 : തേന്‍ തരുന്ന കനി...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : രഥോദ്ധത

തേന്‍ തരുന്ന കനി പാണ്ടിനാടു "തേന്‍--
കായ"യെന്നു മൊഴിചാര്‍ത്തി നില്‍ക്കവേ
മെച്ചമാര്‍ന്ന നറുതേന്‍ കണക്കെയി--
ങ്ങുച്ചരിപ്പു മലയാളി തേങ്ങയില്‍!

ശ്ലോകം 88 : മാറു ചേര്‍ത്ത വരനെ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : രഥോദ്ധത

മാറു ചേര്‍ത്ത വരനെപ്പുണര്‍ന്നു വാ--
മോരു നല്‍കി മുഖമാഗ്രഹിക്കവേ
ചാരുകാഞ്ചി തൊടുമാ വരന്റെ കൈ--
ത്താരു തട്ടല്‍ വളരെപ്പതുക്കെയായ്‌.

കുണ്ടൂര്‍ നാരായണമേനോന്റെ കുമാരസംഭവം തര്‍ജ്ജമയില്‍ (8:14) നിന്നു്‌.

ശ്ലോകം 89 : ചന്ദ്രശേഖര, പ്രപഞ്ചനായകാ...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : രഥോദ്ധത

ചന്ദ്രശേഖര, പ്രപഞ്ചനായകാ,
സുന്ദരേശ, ഭവരോഗനാശകാ
മന്ദബുദ്ധികളില്‍ നിന്നുമെന്നെ നീ
സന്തതം കരുണയോടു കാക്കണേ.

രാജേഷിന്റെ സ്വന്തം കൃതി.

ശ്ലോകം 90 : മര്‍ത്യജന്മമിഹ...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : രഥോദ്ധത

മര്‍ത്യജന്മമിഹ തന്നതങ്ഗനാ--
ഭൃത്യവേലയതിനോ, ഭവപ്രിയേ?
അസ്തു കല്‍പ്പിതമെനിക്കതെങ്കില്‍, നിന്‍
നിത്യദാസ്യമടിയന്നു സമ്മതം.

ശ്ലോകം 91 : ആറ്റിന്‍ വക്കിലൊടുക്കം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ആറ്റിന്‍ വക്കിലൊടുക്കമച്ചഷകവും നീട്ടിക്കൃപാപൂര്‍ണ്ണനാ--
യുറ്റോരുത്സവമാര്‍ന്ന നിന്നുയിരിനെ പ്രത്യാഹരിച്ചീടുവാന്‍
മുറ്റീടുന്ന കറുത്ത വീഞ്ഞിയലുമക്കാലന്‍ ക്ഷണിക്കുമ്പൊള്‍ നീ
ചെറ്റും പേടിയെഴാതെയൊറ്റവലിയാല്‍ വേഗം കുടിച്ചേക്കണം

\Name{Omar Khayyam}-ന്റെ \Book{Rubaiyat}-ന്‌ എം. പി. അപ്പന്റെ തര്‍ജ്ജമയായ ജീവിതോത്സവത്തില്‍ നിന്നു്‌.

ശ്ലോകം 92 : മര്‍ത്യാകാരേണ ഗോപീ...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : സ്രഗ്ദ്ധര

മര്‍ത്യാകാരേണ ഗോപീവസനനിര കവര്‍ന്നോരു ദൈത്യാരിയെത്തന്‍
ചിത്തേ ബന്ധിച്ച വഞ്ചീശ്വര! തവ നൃപനീതിക്കു തെറ്റില്ല, പക്ഷേ
പൊല്‍ത്താര്‍ മാതാവിതാ തന്‍ കണവനെ വിടുവാനാശ്രയിക്കുന്നു ദാസീ--
വൃത്യാ നിത്യം ഭവാനെ, ക്കനിവവളിലുദിക്കൊല്ല കാരുണ്യരാശേ!

കവി : ഒറവങ്കര

ശ്ലോകം 93 : പാലില്‍ച്ചായയൊഴിയ്ക്കയോ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പാലില്‍ച്ചായയൊഴിയ്ക്കയോ ഗുണകരം? ചേലോടെയച്ചായതന്‍-
മേലേ പാലതൊഴിയ്ക്കയോ ഗുണകരം? തര്‍ക്കിച്ചു വീട്ടമ്മമാര്‍
പാലും ചായയുമൊന്നിനൊന്നുപകരം ചാലിച്ചു ചാലിച്ചു പോയ്‌
പാലില്‍ ചായയൊഴിയ്ക്കുകെന്നു വിധിയായ്‌, ചാലേ ഗവേഷിപ്പവര്‍!

ഏവൂര്‍ പരമേശ്വരന്റെ മോഡേണ്‍ മുക്തകങ്ങളില്‍ നിന്നു്‌.

ശ്ലോകം 94 : പണ്ടേയുണ്ടു മനുഷ്യനിഗ്ഗുണ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പണ്ടേയുണ്ടു മനുഷ്യനിഗ്ഗുണപുരോഭാഗിത്വ, മദ്ദുര്‍ഗ്ഗുണം
കണ്ടേറുന്ന വിവേകശക്തിയതിനെക്കൊന്നില്ലയിന്നേവരെ.
മിണ്ടേണ്ടാ കഥ - ഹന്ത, യിന്നിതു വെറും മൂര്‍ഖത്വമോ മോഹമോ
വണ്ടേ, നീ തുലയുന്നു, വീണയി വിളക്കും നീ കെടുക്കുന്നിതേ!

കുമാരനാശാന്റെ പ്രരോദനത്തില്‍ നിന്നു്‌.

ശ്ലോകം 95 : മൂടില്ലാത്തൊരു മുണ്ടുകൊണ്ടു...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മൂടില്ലാത്തൊരു മുണ്ടുകൊണ്ടു മുടിയും മൂടീട്ടു വന്‍ കറ്റയും
ചൂടിക്കൊണ്ടരിവാള്‍ പുറത്തു തിരുകി പ്രാഞ്ചിക്കിതച്ചങ്ങിനെ
നാടന്‍ കച്ചയുടുത്തു മേനിമുഴുവന്‍ ചേറും പുരണ്ടിപ്പൊഴീ--
പ്പാടത്തുന്നു വരുന്ന നിന്‍ വരവു കണ്ടേറെക്കൊതിക്കുന്നു ഞാന്‍

കവി : പൂന്തോട്ടത്തു നമ്പൂതിരി

ശ്ലോകം 96 : നീയിന്ത്യയ്ക്കൊരു ശാപമായി...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നീയിന്ത്യയ്ക്കൊരു ശാപമായിവരുമെന്നാരോര്‍ത്തു! യജ്ഞപ്പുക--
ത്തീയില്‍പ്പണ്ടു കുരുത്ത മാനവമഹാസംസ്കാരമല്ലല്ലി നീ?
ചായില്യങ്ങള്‍ വരച്ച പൊയ്മുഖവുമായ്‌ നിന്‍ മന്ത്രവാദം നിന--
ക്കീയില്ലത്തു നിറുത്തുവാന്‍ സമയമായില്ലേ, സമൂഹാന്ധതേ?

കവി: വയലാര്‍

ശ്ലോകം 97 : ചെന്നായിന്‍ ഹൃത്തിനും ഹാ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

ചെന്നായിന്‍ ഹൃത്തിനും ഹാ, ഭുവി നരഹൃദയത്തോളമയ്യോ, കടുപ്പം
വന്നിട്ടില്ലാ, ഭുജിപ്പൂ മനുജനെ മനുജന്‍, നീതി കൂര്‍ക്കം വലിപ്പൂ,
നന്നാവില്ലിപ്രപഞ്ചം, ദുരയുടെ കൊടിയേ പൊന്തു, നാറ്റം സഹിച്ചും
നിന്നീടാനിച്ഛയെന്നോ? മഠയ, മനുജ, നീ പോകു, മിണ്ടാതെ പോകൂ!

കവി : ചങ്ങമ്പുഴ

ശ്ലോകം 98 : നാരീമൌലികള്‍ വന്നണഞ്ഞ്‌...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നാരീമൌലികള്‍ വന്നണഞ്ഞടിതൊഴുന്നെന്നോമനപ്പുത്രിയാള്‍
"സാരീഗാമപധാനി"യെന്നു സരസം സപ്തസ്വരം സാദരം
സ്ഫാരീഭൂതവിലാസമോടു നിയതം പാടുന്നതിന്‍ ധാടി കേ--
ട്ടാരീ വത്സല ഭാവമോടിനി രസിച്ചീടുന്നു കൂടും മുദാ?

കെ. സി. കേശവപിള്ളയുടെ ആസന്ന മരണ ചിന്താശതകത്തില്‍ നിന്നു്‌.

ശ്ലോകം 99 : സാനന്ദം സുപ്രഭാതോദയ...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : സ്രഗ്ദ്ധര

സാനന്ദം സുപ്രഭാതോദയ മഹിമ പുകഴ്ത്തുന്ന പക്ഷിവ്രജത്തിന്‍
ഗാനത്താലോ ഗവാക്ഷം വഴി ദിനമണി തന്‍ കൈകളാല്‍ പുല്‍കയാലോ
തേനഞ്ചും വാണിയാളേ, ചുടലയൊടു സമീപിച്ച നിന്‍ ദീര്‍ഘ നിദ്ര--
യ്ക്കൂനം പറ്റില്ല, നിന്‍ കണ്ണുകള്‍ നിയതി നിയോഗത്തിനാല്‍ മുദൃതങ്ങള്‍

വി. സി. ബാലകൃഷ്ണപ്പണിക്കതുടെ ഒരു വിലാപത്തില്‍ നിന്നു്‌.

ശ്ലോകം 100 : തെണ്ടേണം പല ദിക്കില്‍...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

തെണ്ടേണം പല ദിക്കില്‍ നാഥനു തുണയ്‌, ക്കെന്നാലുമന്നന്നു കോല്‍
കൊണ്ടേറെ പ്രഹരം സഹിക്കണമഹോ പെട്ടത്തലയ്ക്കാണതും.
പണ്ടേ നീ പരതന്ത്രനാം, കയര്‍ വരിഞ്ഞംഗങ്ങള്‍ ബദ്ധങ്ങളായ്‌,
ചെണ്ടേ നിന്റെയകത്തെ വേദന പുറത്താരുണ്ടറിഞ്ഞീടുവാന്‍?

കവി: ടി. എം. വി.

ശ്ലോകം 101 : പദ്യം നൂറു തികഞ്ഞു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പദ്യം നൂറു തികഞ്ഞു, ശാസ്ത്രയുഗമാമിന്നക്ഷരശ്ലോകമാം
വിദ്യയ്ക്കിത്രയുമാളിരിപ്പതതിയാമാഹ്ലാദമേകുന്നു മേ!
ഹൃദ്യം ശ്ലോകവിശിഷ്ടഭോജ്യമിനിയും നല്‍കേണമീ സാഹിതീ--
സദ്യയ്ക്കേവരു, മെന്‍ കൃതജ്ഞതയിതാ നിങ്ങള്‍ക്കു നല്‍കുന്നു ഞാന്‍!

ഉമേഷിന്റെ സ്വന്തം കൃതി.

ശ്ലോകം 102 : ഹലധാരിയായ ബലരാമനോടു...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : മഞ്ഞുഭാഷിണി

ഹലധാരിയായ ബലരാമനോടു ചേര്‍--
ന്നുലകിന്റെ ഭാരമഖിലം ഹരിയ്ക്കുവാന്‍
അവതാരമാര്‍ന്ന ഹരി കട്ടു ശുദ്ധമാം
നവനീത ഗോപവനിതാമനസ്സുകള്‍

ശ്ലോകം 103 : അമ്പാടിക്കൊരു ഭൂഷണം...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

അമ്പാടിക്കൊരു ഭൂഷണം, രിപുസമൂഹത്തിന്നഹോ ഭീഷണം,
പൈമ്പാല്‍ വെണ്ണ തയിര്‍ക്കു മോഷണ, മതിക്രൂരാത്മനാം പേഷണം,
വന്‍പാപത്തിനു ശോഷണം, വനിതമാര്‍ക്കനന്ദസംപോഷണം,
നിന്‍പാദം മതി ഭൂഷണം - ഹരതു മേ മഞ്ജീരസങ്ഘോഷണം

പൂന്താനത്തിന്റെ ശ്രീകൃഷ്ണകര്‍ണ്ണാമൃതത്തില്‍ നിന്നും.

ശ്ലോകം 104 : വീര്‍ത്തുന്തും വയറേന്തി...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വീര്‍ത്തുന്തും വയറേന്തി നൊന്തു വിവശം പെറ്റോരു മാതാവിനേ
തീര്‍ത്തും തീവ്രമപത്യദുഃഖമറിയൂ സാരാജ്നഹീര, പ്രഭോ;
പേര്‍ത്തും മക്കള്‍ മരിച്ചതോര്‍ത്തുമഴലാല്‍ ചീര്‍ത്തും ചുടുക്കണ്ണുനീര്‍
വാര്‍ത്തും വാണിടുമെന്റെ ദുര്‍ദ്ദശ കൃപിക്കെന്നാളുമുണ്ടാകൊലാ

പ്രേംജിയുടെ നാല്‍ക്കാലികളില്‍ നിന്നു്‌.

ശ്ലോകം 105 : പശുക്കിടാവായൊരു...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ഉപേന്ദ്രവജ്ര

പശുക്കിടാവായൊരു പാപി വന്നു
ശിശുക്കള്‍ കൂട്ടത്തിലടുത്ത നേരം
വശത്തു വെച്ചങ്ങു വധിച്ചു കണ്ണന്‍
നശിക്കുമല്ലായ്കിലി വിശ്വമെല്ലാം

ശ്ലോകം 106 : വിശ്വാധീശം ഗിരീശം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

വിശ്വാധീശം ഗിരീശം കതിചിദഭിജഹുഃ കേശവം കേചിദാഹു--
സ്തേഷ്വിത്യന്യോന്യ വാദവ്യതികര വിവശേഷ്വന്തരുദ്യദ്ദയാര്‍ദ്രഃ
യസ്സാക്ഷാദ്‌ ഭൂയ സാക്ഷാദുപദിശതിപരം തത്ത്വമദ്വൈതമാദ്യം
സോയം വിശ്വൈകവന്ദോ ഹരിഹര തനയഃ പൂരയേന്മങ്ഗളം വഃ

എണ്ണയ്ക്കാട്ടു രാജരാജവര്‍മ്മ തകഴി ശാസ്താവിനെപ്പറ്റി എഴുതിയത്‌.

ശ്ലോകം 107 : യുക്തിശ്രീനയനങ്ങളില്‍ത്തളിക...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

യുക്തിശ്രീനയനങ്ങളില്‍ത്തളികയയറ്റെടുന്ന ശീതാഞ്ജനം
മുക്തിശ്രീകബരീഭരത്തിലനിശം ചൂടുന്ന ചന്ദ്രക്കല
ഭക്തിശ്രീതിരുനാവുകൊണ്ടു നുകരും ദിവ്യാനുരാഗാമൃതം
സേവിച്ചീടുക രാമനാമദശമൂലാരിഷ്ടമെല്ലായ്പൊഴും

കവി : ഓട്ടൂര്‍ ഉണ്ണിനമ്പൂതിരി

ശ്ലോകം 108 : ഭവാനുഭവ യോഗ്യമാം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : പൃഥ്വി

ഭവാനുഭവ യോഗ്യമാം ഭുവനഭാഗ്യമേ! പങ്കജോദ്‌--
ഭവാബ്ധിഭവനാദി ഭക്തജന ഭുക്തിമുക്തിപ്രദേ!
ഭവാനിഭയമാറ്റണേ, ഭവദനുഗ്രഹം തെറ്റിയാല്‍
ഭവാനി! ഭവനും ഭവദ്ഭവഭയം ഭവിക്കും ഭൃശം

കവി : കുണ്ടൂര്‍ നാരായണ മേനോന്‍

ശ്ലോകം 109 : ഭങ്ഗ്യാ ഭാസുരഗാത്രിയാകുമിവളെ...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഭങ്ഗ്യാ ഭാസുരഗാത്രിയാകുമിവളെസ്സൃഷ്ടിച്ചവന്‍ ബ്രഹ്മനോ?
ശൃങ്ഗാരി സ്മരനോ? സിതാംശു ഭഗവാന്‍ താനോ? വസന്താഖ്യനോ?
മങ്ങാതോത്തു മുഷിഞ്ഞിരുന്നുരുകഴിച്ചിഗ്ഗന്ധമില്ലാത്തൊരാ--
ച്ചങ്ങാതിക്കിഴവന്‍ മുനിക്കിവളെ നിര്‍മ്മിപ്പാന്‍ തനിച്ചാകുമോ?

കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ വിക്രമോര്‍വ്വശീയം തര്‍ജ്ജമയില്‍ നിന്നു്‌.

ശ്ലോകം 110 : മല്ലാരിപ്രിയയായ ഭാമ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മല്ലാരിപ്രിയയായ ഭാമ സമരം ചെയ്തീലയോ? തേര്‍ തെളി--
ച്ചില്ലേ പണ്ടു സുഭദ്ര? പാരിതു ഭരിക്കുന്നില്ലെ വിക്ടോറിയാ?
മല്ലാക്ഷീമണികള്‍ക്കു പാടവമിവയ്ക്കെല്ലാം ഭവിച്ചീടുകില്‍
ചൊല്ലേറും കവിതയ്ക്കു മാത്രമവരാളല്ലെന്നു വന്നീടുമോ?

ഇക്കാവമ്മയുടെ സുഭദ്രാധനഞ്ജയം നാടകത്തില്‍ നിന്നു്‌.

ശ്ലോകം 111 : മണ്ണിലുണ്ടു കരിവിണ്ണിലുണ്ടു...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : കുസുമമഞ്ജരി

മണ്ണിലുണ്ടു കരിവിണ്ണിലുണ്ടു കളിയാടിടുന്ന കലമാനിലും
കണ്ണിറുക്കി നറുപാല്‍ കുടിയ്ക്കുമൊരു പൂച്ച, പൂ, പുഴ, പശുക്കളില്‍
കണ്ണിനുള്ള വിഷയങ്ങളായവയിലൊക്കെ രാധികയറിഞ്ഞതാ
വെണ്ണ കട്ടവനെ; യന്നു തൊട്ടു ഹരി കണ്ണനെന്ന വിളി കേട്ടുപോല്‍!

കവി : പി. സി. മധുരാജ്‌

ശ്ലോകം 112 : കാടല്ലേ നിന്റെ ഭര്‍ത്താവിനു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

"കാടല്ലേ നിന്റെ ഭര്‍ത്താവിനു ഭവന?" -- "മതേ, നിന്റെയോ?"; "നിന്മണാളന്‍
ചൂടില്ലേ പന്നഗത്തെ?" -- "ശ്ശരി, തവ കണവന്‍ പാമ്പിലല്ലേ കിടപ്പൂ?";
"മാടല്ലേ വാഹനം നിന്‍ ദയിത" -- "നതിനെയും നിന്‍ പ്രിയന്‍ മേയ്പ്പതില്ലേ?";
"കൂടില്ലേ തര്‍ക്ക" - മെന്നങ്ങുമ രമയെ മടക്കും മൊഴിയ്ക്കായ്‌ തൊഴുന്നേന്‍!

കവി : വെണ്മണി മഹന്‍

ശ്ലോകം 113 : മല്ലന്മാര്‍ക്കിടിവാള്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മല്ലന്മാര്‍ക്കിടിവാള്‍, ജനത്തിനരചന്‍, മീനാങ്കനേണാക്ഷിമാര്‍--
ക്കില്ലത്തില്‍ സഖി വല്ലവര്‍,ക്കരി ഖലര്‍,ക്കന്നന്ദനോ നന്ദനന്‍,
കാലന്‍ കംസനു, ദേഹികള്‍ക്കിഹ വിരാള്‍, ജ്ഞാനിക്കു തത്ത്വം പരം,
മൂലം വൃഷ്ണികുലത്തിനെന്നു കരുതീ മാലോകരക്കണ്ണനെ.

ഭാഗവതത്തിലെ ഒരു ശ്ലോകത്തിനു ഇ. ആര്‍. രാജരാജവര്‍മ്മയുടെ തര്‍ജ്ജമ.

ശ്ലോകം 114 : കട്ടിന്മേല്‍ മൃദുമെത്തയിട്ട്‌...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കട്ടിന്മേല്‍ മൃദുമെത്തയിട്ടതിനുമേലേറെഗ്ഗുണം ചേര്‍ന്നിടും
പട്ടും മറ്റുവിശേഷമുള്ളവകളും നന്നായ്‌ വിരിച്ചങ്ങിനെ
ഇഷ്ടം പോലെ കിടന്നുറങ്ങുമവരാപ്പാറപ്പുറത്തേറ്റവും
കഷ്ടപ്പെട്ടു കിടന്നതോര്‍ത്തധികമായുള്‍ത്താരു കത്തുന്നു മേ.

നടുവത്തച്ഛന്റെ ഭഗവദ്ദൂതു്‌ നാടകത്തില്‍ നിന്നു്‌.

ശ്ലോകം 115 : ഈവണ്ണമന്‍പൊടു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തതിലകം

ഈവണ്ണമന്‍പൊടു വളര്‍ന്നഥ നിന്റെയങ്ഗ--
മാവിഷ്ക്കരിച്ചു ചില ഭങ്ഗികള്‍ മോഹനങ്ങള്‍
ഭാവം പകര്‍ന്നു വദനം, കവിള്‍ കാന്തിയാര്‍ന്നു,
പൂവേ! അതില്‍ പുതിയ പുഞ്ചിരി സഞ്ചരിച്ചു.

കുമാരനാശാന്റെ വീണപൂവില്‍ നിന്നു്‌.

ശ്ലോകം 116 : ഭക്ത്യാ ഞാനെതിരേ...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഭക്ത്യാ ഞാനെതിരേ കുളിച്ചു ഭഗവത്പാദാരവിന്ദങ്ങളെ--
ച്ചിത്തേ ചേര്‍ത്തൊരരക്ഷണം മിഴിയടച്ചന്‍പോടിരിക്കും വിധൌ
അപ്പോള്‍ തോന്നിയെനിക്കു ബാലശശിയും കോടീരവും ഗങ്ഗയും
ബ്രഹ്മന്റേ തലയും കറുത്ത ഗളവും മറ്റുള്ള ഭൂതാക്കളും

കവി : ചേലപ്പറമ്പു നമ്പൂതിരി

ശ്ലോകം 117 : അഭ്യുദ്ഗച്ഛദഖണ്ഡശീത...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

അഭ്യുദ്ഗച്ഛദഖണ്ഡശീതകിരണാഹങ്കാരസര്‍വങ്കഷ--
സ്ഫായന്മഞ്ജിമസമ്പദാനനഗളത്കാരുണ്യമന്ദസ്മിതം
ഖദ്യോതായുതകോടിനിസ്തുലമഹസ്സന്ദോഹപാരമ്പരീ--
ഖദ്യോതീകരണപ്രവീണസുഷമം വാതാലയേശം ഭജേ

കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്റെ ഗുരുവായുപുരേശസ്തവത്തില്‍ നിന്നു്‌.

ശ്ലോകം 118 : ഖേദത്രാസനിമിത്തമിപ്പൊഴുളവാം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഖേദത്രാസനിമിത്തമിപ്പൊഴുളവാം സ്വേദാംബുവാല്‍ തിങ്കളിന്‍
പാദം കൊണ്ടു കിനിഞ്ഞ ചന്ദ്രമണി ചേര്‍ന്നുണ്ടായ ഹാരത്തിനെ
ഖേദിപ്പിച്ചിടുമിക്കരം പ്രിയതമേ, വൈദേഹി, യെന്‍ ജീവനാ--
മോദം നല്‍കുവതിന്നു വേണ്ടിയുടനെന്‍ കണ്ഠത്തിലര്‍പ്പിക്കെടോ!

ഭവഭൂതിയുടെ ഉത്തരരാമചരിതം നാടകത്തിനു ചാത്തുക്കുട്ടി മന്നാടിയാരുടെ തര്‍ജ്ജമയില്‍ നിന്നു്‌.

ശ്ലോകം 119 : ഖണ്ഡിക്ക വഹ്നിയതില്‍...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : വസന്തതിലകം

ഖണ്ഡിക്ക വഹ്നിയതിലിട്ടതിതാപമേറ്റി--
ദ്ദണ്ഡിക്കയെന്നിവയിലില്ലൊരു ദുഃഖവും മേ
കുന്നിക്കെഴുന്ന കുരുവോടു സുവര്‍ണ്ണമാകു--
മെന്നെക്കലര്‍ത്തിയിഹ തൂക്കുവതാണു കഷ്ടം

കെ. സി കേശവപിള്ളയുടെ സുഭാഷിത രത്നാകരത്തില്‍ നിന്നു്‌.

ശ്ലോകം 120 : കണ്ടാല്‍ ശരിയ്ക്കു കടലിന്മകള്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തതിലകം

കണ്ടാല്‍ ശരിയ്ക്കു കടലിന്മകള്‍, നാവിളക്കി--
ക്കൊണ്ടാല്‍ സരസ്വതി, കൃപാണിയെടുത്തു നിന്നാല്‍
വണ്ടാറണിക്കുഴലി ദുര്‍ഗ്ഗ, യിവണ്ണമാരും
കൊണ്ടാടുമാറു പല മട്ടു ലസിച്ചിരുന്നു.

ഉള്ളൂരിന്റെ ഉമാകേരളത്തില്‍ നിന്നു്‌.

ശ്ലോകം 121 : വൈരാഗ്യമേറിയൊരു...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : വസന്തതിലകം

വൈരാഗ്യമേറിയൊരു വൈദികനാട്ടെ, യേറ്റ--
വൈരിയ്ക്കു മുന്‍പുഴറിയോടിയ ഭീരുവാട്ടെ
നേരേ വിടര്‍ന്നു വിലസീടിന നിന്ന നോക്കി--
യാരാകിലെന്തു, മിഴിയുള്ളവര്‍ നിന്നിരിക്കാം.

കുമാരനാശാന്റെ വീണ പൂവില്‍ നിന്നു്‌.

ശ്ലോകം 122 : നാരായണന്‍ തന്റെ...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

നാരായണന്‍ തന്റെ പദാരവിന്ദം
നാരീജനത്തിന്റെ മുഖാരവിന്ദം
മനുഷ്യനായാലിവരണ്ടിലൊന്നു
നിനച്ചുവേണം ദിവസം കഴിപ്പാന്‍

ശ്ലോകം 123 : മഹീപതേ ഭാഗവതോപമാനം...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

മഹീപതേ ഭാഗവതോപമാനം
മഹാപുരാണം ഭവനം മദീയം
നോക്കുന്നവര്‍ക്കൊക്കെ വിരക്തിയുണ്ടാം
അര്‍ത്ഥങ്ങളില്ലെന്നൊരു ഭേദമുണ്ട്‌

കവി : രാമപുരത്തു വാര്യര്‍

ശ്ലോകം 124 : നിന്ദന്തു നീതിനിപുണാഃ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തതിലകം

നിന്ദന്തു നീതിനിപുണാഃ യദി വാ സ്തുവന്തു
ലക്ഷ്മീ സമാവിശതു ഗച്ഛതു വാ യഥേഷ്ടം
അദ്യൈവ വാ മരണമസ്തു യുഗാന്തരേ വാ
ന്യായ്യാത്‌ പഥഃ പ്രവിചലന്തി പദം ന ധീരാഃ

ഭര്‍ത്തൃഹരിയുടെ നീതിശതകത്തില്‍ നിന്നു്‌.

ശ്ലോകം 125 : അങ്ഗത്തിലെങ്ങുമണിയാത്തൊരു...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : വസന്തതിലകം

അംഗത്തിലെങ്ങുമണിയാത്തൊരു ഭൂഷണം താന്‍
മദ്യാഖ്യയെന്നിയെ മദത്തിനു കാരണം താന്‍
കാമന്നു പൂമലരൊഴിഞ്ഞൊരു സായകം താന്‍
ബാല്യം കഴിഞ്ഞൊരു വയസ്സവളാശ്രയിച്ചാള്‍

ഇ. ആര്‍. രാജരാജ വര്‍മ്മയുടെ കുമാരസംഭവം തര്‍ജ്ജമ (1:30) യില്‍ നിന്നു്‌.

ശ്ലോകം 126 : കല്‍പദ്രുകല്‍പദ്രുപദേന്ദ്ര...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ഇന്ദ്രവജ്ര

കല്‍പദ്രുകല്‍പദ്രുപദേന്ദ്ര പുത്രീ--
സാരസ്യ സാരസ്യ നിവാസ ഭൂമിം
നാളീക നാളീക ശരാര്‍ദ്ദിതാസാ
മന്ദാക്ഷമന്ദാക്ഷരമേവമൂചേ

കവി : കോട്ടയത്തു തമ്പുരാന്‍

ശ്ലോകം 127 : ന യത്ര സ്ഥേമാനം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശിഖരിണി

ന യത്ര സ്ഥേമാനം ദധുരതിഭയോദ്ഭ്രാന്തനയനാ
ഗളദ്ദാനോദ്ദാമഭ്രമദളികദംബാഃ കരടിനഃ
ലുഠന്മുക്താഹാരേ ഭവതി പരലോകം ഗതവതോ
ഹരേരദ്യ ദ്വാരേ ശിവശിവ! ശിവാനാം കളകളഃ

കവി : പടുതോള്‍ വിദ്വാന്‍ നമ്പൂതിരിപ്പാട്‌

ശ്ലോകം 128 : ലീലാരണ്യേ വിഹഗമൃഗയാ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : മന്ദാക്രാന്ത

ലീലാരണ്യേ വിഹഗമൃഗയാലോലനായേകദാ ഞാന്‍
നീലാപാംഗേ, കമപി നിഹനിച്ചീടിനേന്‍ നീഡജത്തെ
മാലാര്‍ന്നാരാല്‍ മരുവുമിണയെക്കണ്ടു നീ താം ച നേതും
കാലാഗാരം സപദി കൃപയാ കാതരേ, ചൊല്ലിയില്ലേ?

കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്റെ മയൂരസന്ദേശത്തില്‍ നിന്നു്‌.

ശ്ലോകം 129 : മായാവിനാഥ ഹരിണാകഥി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തതിലകം

മായാവിനാഥ ഹരിണാകഥി സാരസേന--
പുത്രീപ്രപൂജ്യവദനേ സ്ഫുട സാരസേന
ഹാ ദ്വേഷപാത്രമഹമസ്മ്യുരുസാരസേന--
ഭൂമീഭൃതാം ത്വയി പരം തമസാ രസേന

കുട്ടമത്തുത്‌ ചെറിയ രാമക്കുറുപ്പിന്റെ രുക്മിണീ സ്വയംവരം യമക കാവ്യത്തില്‍ നിന്നു്‌.

ശ്ലോകം 130 : ഹാ ജന്യസീംനി പല...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തതിലകം

ഹാ! ജന്യസീമ്‌നി പല യോധഗണത്തെയൊറ്റയ്‌--
ക്കോജസ്സു കൊണ്ടു വിമഥിച്ച യുവാവു തന്നെ
വ്യാജപ്പയറ്റില്‍ വിജയിച്ചരുളുന്ന ദൈത്യ--
രാജന്നെഴും സചിവപുംഗവ, മംഗളം തേ!

വള്ളത്തോളിന്റെ ബന്ധനസ്ഥനായ അനിരുദ്ധനില്‍ നിന്നു്‌.

ശ്ലോകം 131 : വ്യാളം വിഭൂതിയിവ...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : വസന്തതിലകം

വ്യാളം വിഭൂതിയിവ പൂ, ണ്ടഖിലാഗമങ്ങള്‍--
ക്കാലംബമായ്‌, ഭൃതഗുഹത്വമൊടൊത്തുകൂടി,
കോലം ശിവാകലിതമാക്കിയുമിഗ്ഗിരീശന്‍
ശ്രീലദ്വിജാധിപനെ മൌലിയിലേന്തിടുന്നു.

ഉള്ളൂരിന്റെ ഉമാകേരളത്തില്‍ നിന്നു്‌.

ശ്ലോകം 132 : കിഴവനെ യുവാവാക്കും...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ഹരിണി

കിഴവനെ യുവാവാക്കും വാക്കും തിലപ്രസവപ്രഭയ്‌--
ക്കഴലനുദിനം മൂക്കും മൂക്കും മിനുത്തൊരു ഗണ്ഡവും
മിഴികളടിയാലാക്കും ലാക്കും തകര്‍പ്പൊരു കാറണി--
ക്കുഴലിയിവള്‍ തന്‍ നോക്കും നോക്കും തരുന്നൊരു കൌതുകം.

കുട്ടമത്തിന്റെ ഒരു യമകശ്ലോകം.

ശ്ലോകം 133 : മുമ്പില്‍ ഗമിച്ചീടിന ഗോവു...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ഇന്ദ്രവജ്ര/ഉപേന