ശ്ലോകം 501 : മഞ്ഞിന്‍ മാമല മോളിലേറി...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മഞ്ഞിന്‍ മാമല മോളിലേറി, യുടലില്‍ വെണ്ണീറു പൂശി, സ്സദാ
നഞ്ഞും മോന്തിയിരുന്ന പുള്ളിയെയുടന്‍ സര്‍വ്വജ്ഞനാക്കുന്നൊരാ
കുഞ്ഞിക്കണ്ണു തുറന്നു, ഞങ്ങള്‍ വിഷമിച്ചെന്തൊക്കെയോ ചെയ്തു വെ--
ച്ചഞ്ഞൂറാക്കിയൊരീ സദസ്സിനെയുമേ! നന്നായ്‌ കടാക്ഷിക്കണേ!

കവി : ഉമേഷ്‌ നായര്‍

ശ്ലോകം 502 : കാടേറുന്ന മനുഷ്യര്‍ തന്‍...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം :

കാടേറുന്ന മനുഷ്യര്‍ തന്‍ ഹൃദയമേതാരണ്യജന്തുക്കള്‍തന്‍
കൂടാണെന്നു കഥിക്കുവാന്‍ പണി, യെനിക്കാശ്ചര്യമില്ലായതില്‍,
നാടേ, നിന്‍ രഥമോട്ടുവോര്‍ക്കുടയ നെഞ്ചിന്നുള്ളില്‍ നാറുന്ന വന്‍--
തോടേ കണ്ട കവിക്കുമിങ്ങടവിയുണ്ടെന്നാല്‍ത്തപസ്സേ വരം!

കവി : യൂസഫലി കേച്ചേരി

ശ്ലോകം 503 : നിന്നാദ്യസ്മിത, മാദ്യചുംബനം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നിന്നാദ്യസ്മിത, മാദ്യചുംബന, മനുസ്യൂതസ്ഫുരന്മാധുരീ--
മന്ദാക്ഷം, പുളകാഞ്ചിതസ്തനയുഗം, പ്രേമാഭിരാമാനനം,
കുണ്ടാസ്ത്രോത്സവചഞ്ചലത്പൃഥുനിതംബശ്രീസമാശ്ലേഷസ--
മ്പന്നാനന്ദമഹോ മനോഹരി! മരിപ്പിക്കും സ്മരിപ്പിച്ചു നീ!

കവി : വി. കെ. ജി.

ശ്ലോകം 504 : കാക്കപ്പുള്ളിയൊരെണ്ണമുണ്ടു...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കാക്കപ്പുള്ളിയൊരെണ്ണമുണ്ടു കവിളിന്‍ കാന്തിത്തഴപ്പില്‍, ക്കണ--
ക്കാക്കാനില്ലതൊരൂനമായി, മധുരസ്മേരപ്രഭം നിന്മുഖം;
നോക്കും പെണ്‍കൊടിമാരസൂയയിലെരി, ഞ്ഞെയ്യും കരിങ്കണ്ണുവ--
ന്നേല്‍ക്കായ്‌വാന്‍ പണി തീര്‍ന്നവാറൊരു മഷിക്കുത്തിട്ടു പൊല്‍ത്താര്‍മകന്‍!

കവി : എന്‍.കെ. ദേശം.

ശ്ലോകം 505 : നീരാടും ജട, നീറണിഞ്ഞ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നീരാടും ജട, നീറണിഞ്ഞ തിരുമെയ്‌, നീറുന്ന തൃക്ക, ണ്ണുമാ--
നീരന്ധ്രപ്രണയാഭിഷിക്തഹൃദയം, നഞ്ഞാണ്ട കണ്ഠസ്ഥലം,
കാളാഹിച്ചുരുള്‍ കങ്കണം, ശില ഗൃഹം, കാളപ്പുറം തേര്‍ത്തടം,
കാലാരേ! ചുടലക്കളക്കളരിയാശാനേ! നമിക്കുന്നു ഞാന്‍!

കവി : വി. കെ. ജി.

ശ്ലോകം 506 : കിരാതവേഷം പരിചോടണിഞ്ഞ...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ഉപേന്ദ്രവജ്ര

കിരാതവേഷം പരിചോടണിഞ്ഞ--
ക്കിരീടിതന്‍ ദര്‍പ്പമൊഴിച്ചൊരീശന്‍
മരിക്കുവോളം മമ ഹൃത്തില്‍ ദര്‍പ്പം
സ്ഫുരിച്ചിടായ്‌വാന്‍ തുണയേകിടേണം.

കവി : ബാലേന്ദു

ശ്ലോകം 507 : മഞ്ജീരം മഞ്ജുനാദൈരിവ...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

മഞ്ജീരം മഞ്ജുനാദൈരിവ പദഭജനം ശ്രേയ ഇത്യാലപന്തം
പാദാഗ്രം ഭ്രാന്തിമജ്ജത്പ്രണതജനമനോമന്ദരോദ്ധാരകൂര്‍മ്മം
ഉത്തുംഗാതാമ്രരാജന്നഖരഹിമകരജ്യോത്സ്നയാ ചാശ്രിതാനാം
സന്താപധ്വാന്തഹന്ത്രീം തതിമനുകലയേ മംഗലാമംഗുലീനാം

കവി : മേല്‍പത്തൂര്‍ , കൃതി : നാരായണീയം (100:9)

ശ്ലോകം 508 : ഊണിന്നാസ്ഥ കുറഞ്ഞു...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഊണിന്നാസ്ഥ കുറഞ്ഞു, നിദ്ര നിശയിങ്കല്‍പോലുമില്ലാതെയായ്‌
വേണുന്നോരോടൊരാഭിമുഖ്യമൊരുനേരം നാസ്തി നക്തം ദിവം,
കാണും, പോന്നു പുറത്തുനിന്നു കരയും ഭൈമീ - നളന്നന്തികേ
താനും പുഷ്കരനും തദീയ വൃഷവും നാലാമതില്ലാരുമേ

കവി : ഉണ്ണായി വാര്യര്‍, കൃതി : നളചരിതം ആട്ടക്കഥ

ശ്ലോകം 509 : കാന്തന്‍ കനിഞ്ഞു പറയുന്നൊരു...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : വസന്തതിലകം

കാന്തന്‍ കനിഞ്ഞു പറയുന്നൊരു ചാടുവാക്യം
പൂന്തേന്‍ തൊഴും മൊഴി നിശമ്യ വിദര്‍ഭകന്യാ
ധ്വാന്തം ത്രപാമയമപാസ്യ നിശേന്ദുനേവ
സ്വാന്തര്‍മ്മുദാ പുരവരേ സഹ തേന രേമേ.

കവി : ഉണ്ണായി വാര്യര്‍, കൃതി : നളചരിതം ആട്ടക്കഥ

ശ്ലോകം 510 : ധന്യന്‍ ചേന്നാസു നമ്പൂതിരി...

ചൊല്ലിയതു്‌ : എം. ബി. സുനില്‍ കുമാര്‍
വൃത്തം : സ്രഗ്ദ്ധര

ധന്യന്‍ ചേന്നാസു നമ്പൂതിരിയതിമതിമാന്‍ കണ്ടകക്കൈതതന്‍ പൂ--
വിന്നോ ചേരുന്നതുണ്ടോ സുലഭതയഴകിത്യാദിയാത്താരിനോര്‍ത്താല്‍?
മാന്യശ്രീമല്‍ ബുധേന്ദ്രന്‍ കവിമണി നിഗമക്കാതലദ്ദേഹമേറ്റം
മിന്നും നല്‍ച്ചമ്പകത്തിന്‍ നറുമണിമലരായ്ത്തര്‍ക്കമില്ലൊക്കുമല്ലോ

കവി : വെണ്മണി മഹന്‍, കൃതി : കവിപുഷ്പമാല

ശ്ലോകം 511 : മുക്കാല്‍ക്കാശിനു ബീഡി പോലെ...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മുക്കാല്‍ക്കാശിനു ബീഡി പോലെ സുകൃതം വാങ്ങാനു, മാ സ്ത്രീകളെ--
ത്തിക്കാനും തരമാവുമെന്നു കരളില്‍ കണ്ടീടുമാണുങ്ങളും
മുക്കാം പണ്ടമണിഞ്ഞു, മേനി മുഴുവന്‍ കാട്ടി, ക്കുളിക്കാതെയാ
മുക്കാസ്സാരിയുടുത്ത പെണ്മണികളും - നന്നല്ലയിന്നമ്പലം!

കവി : പ്രേംജി, കൃതി : നാല്‍ക്കാലികള്‍

ശ്ലോകം 512 : മാനം മേ ഭൂതലം മേ...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

മാനം മേ ഭൂതലം മേ വരതനുരുചി മേ കീര്‍ത്തി മേ നത്സുഖം മേ
ജ്ഞാനം മേ വിക്രമം മേ തരുണപദവി മേ സാഹിതീകൌശലം മേ
ഗാനം മേ സദ്ഗുണം മേ ഭുജബലമതു മേ സല്‍ക്കുലം മേ ധനം മേ
നൂനം മേ സര്‍വ്വമിത്ഥം നൃപരജനിരപോലങ്ങു "മേ മേ" കരഞ്ഞാര്‍.

കവി : ഉള്ളൂര്‍

ശ്ലോകം 513 : ഗൃഹിണിമാര്‍ നരനായിരമായിടാം...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ദ്രുതവിളംബിതം

ഗൃഹിണിമാര്‍ നരനായിരമായിടാം
മഹിള ചാവൊളമേകപതിവ്രത
മഹിയിതില്‍പ്പുരുഷന്റെ മനുഷ്യതാ--
രഹിതമാം ഹിതമാമിതു നീതിയോ ?

കവി : പ്രേംജി, കൃതി : നാല്‍ക്കാലികള്‍

ശ്ലോകം 514 : മടിയില്‍ മോടിയില്‍...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ദ്രുതവിളംബിതം

മടിയില്‍ മോടിയില്‍ മോഹിനി ഗൌരിയും
മുടിയില്‍ മാടിയില്‍ മാനിനി ഗംഗയും
ചിടയുമാടയുമാര്‍ന്നിടുമീശ! നി--
ന്നടിതലോടി തലോപരി വീണിടാം.

ശ്ലോകം 515 : ചിതമൊടാ മധുഗന്ധം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ദ്രുതവിളംബിതം

ചിതമൊടാ മധുഗന്ധമെഴും സുമ--
സ്മിതമണിഞ്ഞ തളിര്‍ച്ചൊടി മോടിയാല്‍
സുതരു ചേര്‍ന്നെവനും നവമല്ലികാ--
ലത രസാല്‍ തരസാ മദമേറ്റി പോല്‍.

കവി : കുണ്ടൂര്‍ / കാളിദാസന്‍, കൃതി : രഘുവംശം തര്‍ജ്ജമ (9:40)

ശ്ലോകം 516 : സാ കവിതാ, സാ വനിതാ...

ചൊല്ലിയതു്‌ : എം. ബി. സുനില്‍ കുമാര്‍
വൃത്തം : ഗീതി

സാ കവിതാ, സാ വനിതാ
യസ്യാഃ ശ്രവണേന ദര്‍ശനേനാപി
കവിഹൃദയം, യുവ ഹൃദയം
സരളം തരളം ച സത്വരം ഭവതി

ശ്ലോകം 517 : കരകള്‍ കവിയുമാറായ്‌...

ചൊല്ലിയതു്‌ : ജീവി
വൃത്തം : മാലിനി

കരകള്‍ കവിയുമാറായ്‌ വെള്ളമേന്തും കുളത്തി--
ന്നൊരുവഴി പരിരക്ഷയ്ക്കോവു വെക്കുന്നുതല്ലോ;
തെരുതെരെയഴല്‍ തിങ്ങും മാനസത്തിന്നുറക്കെ--
ക്കരയുകിലതുതന്നേ തെല്ലൊരാശ്വാസഹേതു

കവി : ചാത്തുക്കുട്ടി മന്നാടിയാര്‍ / ഭവഭൂതി, കൃതി : ഉത്തരരാമചരിതം തര്‍ജ്ജമ

ശ്ലോകം 518 : തൃക്കയ്യില്‍ കബളാന്നവും...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

തൃക്കയ്യില്‍ കബളാന്നവും വിരല്‍കളില്‍ സാരോപദംശങ്ങളും
പോത്തും കൊമ്പുമുദാരപത്രവുമിടംകക്ഷേ വഹന്‍ കൌതുകാല്‍
വസ്ത്രാന്തേ മടിയില്‍ദ്ധരിച്ചു മുരളീം ഗോപാലരും താനുമായ്‌
സ്വര്‍ഗ്ഗത്തുള്ളവര്‍ നോക്കിനില്‍ക്കെ യജനാദ്ധ്യക്ഷന്‍ ഭുജിച്ചീടിനാന്‍

കവി : പൂന്താനം , കൃതി : ശ്രീകൃഷ്ണ കര്‍ണാമൃതം

ശ്ലോകം 519 : വെണ്ണസ്മേരമുഖീം വറത്തു...

ചൊല്ലിയതു്‌ : എം. ബി. സുനില്‍ കുമാര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വെണ്ണസ്മേരമുഖീം വറത്തു വരളും വൃന്താകദന്തച്ഛദാം
ചെറ്റോമല്‍മധുരക്കറിസ്തനഭരാമമ്ലോപദംശോദരീം
കെല്‍പ്പാര്‍ന്നോരെരുമത്തയിര്‍കടിതടാം ചിങ്ങമ്പഴോരുദ്വയീ--
മേനാം ഭുക്തിവധൂം പിരിഞ്ഞയി സഖേ! ലോകഃ കഥം ജീവതി?

കവി : തോലന്‍

ശ്ലോകം 520 : കണ്ണേ മടങ്ങുക...

ചൊല്ലിയതു്‌ : ജീവി
വൃത്തം : വസന്തതിലകം

കണ്ണേ മടങ്ങുക, കരിഞ്ഞുമലിഞ്ഞുമാശു
മണ്ണാകുമീ മലരു വിസ്മൃതമാകുമിപ്പോള്‍
എണ്ണീടുകാര്‍ക്കുമിതുതാന്‍ ഗതി സാദ്ധ്യമെന്തു
കണ്ണീരിനാല്‍? അവനി വാഴ്വു കിനാവു കഷ്ടം!

കവി : കുമാരനാശാന്‍, കൃതി : വീണ പൂവു്‌

ശ്ലോകം 521 : എന്‍ കര്‍മ്മച്ചെടി പൂത്തു...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

എന്‍ കര്‍മ്മച്ചെടി പൂത്തു കായ്ക്കുകിലതെന്‍ സാമര്‍ത്ഥ്യ, മെന്‍ബുദ്ധി, യെന്‍
മുന്‍കയ്യിങ്ങു പുരോഗതിക്കു പുലരാന്‍ പൂങ്കോഴിതന്‍ കൂജനം
സങ്കല്‍പസ്വരരാഗസാന്ദ്രസുധ ഞാനേവം സ്വദിക്കേ ഭവ--
ച്ഛംഖസ്വാന, മഹംകൃതിത്തകിലടിക്കുമ്പോള്‍ ചെവിക്കൊള്ളുമോ?

കവി : വി. കെ. ജി.

ശ്ലോകം 522 : സൌന്ദര്യം, സുകുമാരതാ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

സൌന്ദര്യം, സുകുമാരതാ, മധുരതാ, കാന്തിര്‍, മനോഹാരിതാ
ശ്രീമത്താ, മഹിമേതി സര്‍ഗ്ഗവിഭവാന്‍ നിശ്ശേഷനാരീഗുണാന്‍
ഏതസ്യാമുപയുജ്യ ദുര്‍വിധതയാ ദീനഃ പരാമാത്മഭൂ--
സ്സ്രഷ്ടും വാഞ്ഛതി ചേത്‌ കരോതു പുനരപ്യത്രൈവ ഭിക്ഷാടനം.

കവി : കുലശേഖര വര്‍മ്മന്‍, കൃതി : സുഭദ്രാധനഞ്ജയം നാടകം

ശ്ലോകം 523 : ഏവം തത്ത്വങ്ങളോര്‍ത്താല്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ഏവം തത്ത്വങ്ങളോര്‍ത്താല്‍ കദനമൊഴിയുവാന്‍ ന്യായമുണ്ടെങ്കിലും ഞാന്‍
ഭൂവില്‍പ്പെട്ടീ പ്രപഞ്ചസ്ഥിതിയിലിഹ വസിക്കുന്നൊരാളാകമൂലം
താവും താപം ഹൃദന്തേ ദഹനസദൃശമാം ദു:ഖമുണ്ടാക്കിടുന്നു--
ണ്ടാവൂ, ഞാനെന്തു ചെയ്‌വൂ? സഹനപടുതയില്ലാതെ വല്ലാതെയായേന്‍.

കവി : കെ. എം. കൊച്ചീപ്പന്‍ മാപ്പിള

ശ്ലോകം 524 : താരില്‍ത്തന്വീകടാക്ഷാഞ്ച...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

താരില്‍ത്തന്വീകടാക്ഷാഞ്ചലമധുപകുലാരാമ! രാമാജനാനാം
നീരില്‍ത്താര്‍ബാണ! വൈരാകരനികരതമോമണ്ഡലീചണ്ഡഭാനോ!
നേരെത്താതോരു നീയാം തൊടുകുറി കളകായ്കെന്നുമേഷാ കുളിക്കും
നേരത്തിന്നിപ്പുറം വിക്രമനൃവര! ധരാ ഹന്ത! കല്‍പാന്തതോയേ.

കവി : പുനം നമ്പൂതിരി

ശ്ലോകം 525 : ന്‌ലാവെന്‍ കണ്ണിന്നു നീ താന്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

"ന്‌ലാവെന്‍ കണ്ണിന്നു നീ താന്‍, മമ തനുവിനു നീ നല്ല പീയൂഷമാ, ണെന്‍
ജീവന്‍ നീ താന്‍, ദ്വിതീയം മമ ഹൃദയമതാകുന്നു നീ സുന്ദരാംഗി!"
ഏവം നീയിഷ്ടവാക്യം പലതുമനുസരിച്ചോതിയൊന്നിച്ചു വാണ--
പ്പാവത്തെത്തന്നെ - കഷ്ടം! ശിവ ശിവ! ഇനി ഞാനെന്തിനോതുന്നു ശേഷം?

കവി : ചാത്തുക്കുട്ടി മന്നാടിയാര്‍ / ഭവഭൂതി, കൃതി : ഉത്തരരാമ ചരിതം തര്‍ജ്ജമ

ശ്ലോകം 526 : എമ്പാടും സംഭ്രമത്തോടൊരു...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

എമ്പാടും സംഭ്രമത്തോടൊരുകയര്‍മുറിയോടോടുമമ്മയ്ക്കുമമ്മ--
ട്ടന്‍പോലും നാരദാദിത്രിദശമുനിമനസ്സിന്നുമജ്ഞാതമായി
അമ്പോ! മായം കളിക്കും കപടനര! ഭവാനെപ്പടിക്കുള്‍പ്പെടും പാ--
ഴമ്പാടിപ്പെണ്‍കിടാങ്ങള്‍ക്കുടയ ചടുലമാം നേത്രജാലാന്തരത്തില്‍!

കവി : വി. കെ. ജി

ശ്ലോകം 527 : അമ്മാമന്‍ തന്റെ നെഞ്ഞത്ത്‌...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

അമ്മാമന്‍ തന്റെ നെഞ്ഞത്തമരിലമരവേ പോര്‍മിടുക്കിന്‍ തിളപ്പാല്‍,
നിര്‍മ്മായം കാളിയന്‍ തന്‍ തലയില്‍ വിലസവേ ലാസ്യമേളക്കൊഴുപ്പാല്‍,
സമ്മോദം ഗോപകന്യാരതികളില്‍ വിഹരിച്ചീടവേ കാമവായ്പാല്‍,
ചെമ്മേ തത്തിപ്പുളച്ചോരിടയനുടെയരക്കെട്ടറുക്കട്ടെ ദുഃഖം!

കവി : വി. കെ. ജി.

ശ്ലോകം 528 : സേവിക്കൂ ഗുരുഭൂതരെ...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

സേവിക്കൂ ഗുരുഭൂതരെ, പ്രിയസഖിക്കൊപ്പം സപത്നീജനേ--
മേവിക്കൊള്‍, കരിശം കലര്‍ന്നിടയൊലാ കാന്തന്‍ കയര്‍ത്തീടിലും,
ആവും മട്ടു തുണയ്ക്ക ഭൃത്യതതിയെ, ബ്ഭാഗ്യത്തില്‍ ഗര്‍വ്വിച്ചിടാ;
ഏവം നാരികള്‍ നല്ലനാരികളതാം; വംശാധിയേ വാമമാര്‍!

കവി : പയ്യമ്പള്ളി ഗോപാലപിള്ള / കാളിദാസന്‍, കൃതി : ശാകുന്തളം തര്‍ജ്ജമ

ശ്ലോകം 529 : അണ്ണാക്കില്‍ തങ്ങി വെണ്ണക്കഷണം...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

"അണ്ണാക്കില്‍ തങ്ങി വെണ്ണക്കഷണ,മതലിവാന്‍ തെല്ലു പാ"ലെന്നു കള്ള--
ക്കണ്ണീരോടും യശോദയ്ക്കുടയൊരുടുതുകില്‍ത്തുമ്പു തൂങ്ങിപ്പിടിച്ചു്‌
തിണ്ണം ശാഠ്യം പിടിക്കും കപടമനുജനാം കണ്ണനുണ്ണിക്കെഴും തൃ--
ക്കണ്ണിന്‍ കാരുണ്യപൂരം കവിത പൊഴിയുമെന്‍ നാക്കു നന്നാക്കിടട്ടെ!

കവി : ശീവൊള്ളി

ശ്ലോകം 530 : തിരുവുള്ളമിങ്ങു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മഞ്ഞുഭാഷിണി

തിരുവുള്ളമിങ്ങു കുറവില്ല നമ്മിലെ--
ന്നൊരു ഭള്ളുകൊണ്ടു ഞെളിയായൊരിക്കലും,
പരസൃഷ്ടരന്ധ്രമതു നോക്കി നില്‍ക്കണം
നരപാലകന്നു ചെവി കണ്ണു നിര്‍ണയം

കവി : ഇരയിമ്മന്‍ തമ്പി, കൃതി : രാജസേവാക്രമം

ശ്ലോകം 531 : പെണ്മണിവദനം കണ്ടാല്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ഗീതി

പെണ്മണിവദനം കണ്ടാല്‍
വെണ്മതി രണ്ടെന്നു മേവിടുന്ന മനം
ഉണ്മ നിനച്ചിതിലെല്ലാം
വെണ്മ തിരണ്ടെന്നു മേ വിടും നമനം?

കവി : എ. ആര്‍. രാജരാജവര്‍മ്മ

ശ്ലോകം 532 : ഉപത്യകാസ്വദ്യ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വംശസ്ഥം

ഉപത്യകാസ്വദ്യ ഭവന്തമാഗതം
സഹ്യസ്യ ചെയിലാമരിചൈകവാസസഃ
ഫലൈശ്ച പുഷ്പൈര്‍ഭൃശമര്‍ഘ്യപാണയോ
നമന്തി ഭൂമംസ്തരുഗുല്‌മസമ്പദഃ

കവി : കുമാരനാശാന്‍, കൃതി : സ്വാഗതപഞ്ചകം

ശ്ലോകം 533 : ഫലഭരേണ തരുക്കള്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ദ്രുതവിളംബിതം

ഫലഭരേണ തരുക്കള്‍ നമിച്ചിടും,
ജലഭരേണ ഘനങ്ങളുമങ്ങനെ,
അലഘുസംപദി സജ്ജനവും തഥാ
വിലസിടുന്നു - ഗുണം ഗുണികള്‍ക്കിതു്‌.

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍, കൃതി : ശാകുന്തളം തര്‍ജ്ജമ

ശ്ലോകം 534 : അടവിയതിലനല്‍പം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മാലിനി

അടവിയതിലനല്‍പം വേരുറച്ചും, പഴക്കം
തടവിയു, മളവില്ലാതുള്ള മാഹാത്മ്യമാര്‍ന്നും
സ്ഫുടതരബഹുശാഖാലംബിതുഷ്ട്യദ്ദ്വിജേന്ദ്ര--
ച്ഛടയൊടു വിലസുന്നൂ വേദമട്ടായ്‌ മരങ്ങള്‍

കവി : വള്ളത്തോള്‍, കൃതി : ചിത്രയോഗം

ശ്ലോകം 535 : സ്ഖലിതഭാഗ്യമണഞ്ഞൊരു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ദ്രുതവിളംബിതം

സ്ഖലിതഭാഗ്യമണഞ്ഞൊരു നാളിലും
നില മറക്കരുതാരുമൊരിക്കലും;
ഫലഗണം പൊഴിയും പൊഴുതേറ്റവും
തലയുയര്‍ത്തുകയാണു തരുവ്രജം.

കവി : ഉമേഷ്‌ നായര്‍

ശ്ലോകം 536 : ഫാലേ നീലാളകങ്ങള്‍ക്കിടയില്‍...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

ഫാലേ നീലാളകങ്ങള്‍ക്കിടയിലഴകെഴും ചില്ലിതന്‍ മേല്‍വശം ത--
ന്മാലേയസ്നിഗ്ദ്ധരേഖയ്ക്കിടയില്‍ നടുവില്‍ നീ തൊട്ടതാം കുങ്കുമാങ്കം
കാലേ സഹ്യാചലത്തിന്‍ കുടിലവലലതാശ്യാമസീമാഞ്ചലത്തിന്‍
മേലേ പൊന്തും വിഭാതദ്യുമണിയൊടെതിരായ്‌, സുഭ്രു, ശോഭിച്ചിരുന്നു.

കവി : കെ. എന്‍. ഡി.

ശ്ലോകം 537 : കുറളയുളര്‍ പറഞ്ഞോര്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മാലിനി

കുറളയുളര്‍ പറഞ്ഞോര്‍ ചാലവും കോപതാമ്രം
മുഖമിതി കൃതമൌനം നൂനമച്ചീസുതായാഃ
ഝടിതി തൊഴുതു വീഴ്വോം തോഴരേ, ഹന്ത കൂഴ്ത്തേ--
നരിയരി നവസന്ധ്യാപാടലം ചന്ദ്രബിംബം

കൃതി : ചെറിയച്ചീവര്‍ണനം

ശ്ലോകം 538 : ഝഷകേതന, നിന്‍ സുതന്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തമാലിക

ഝഷകേതന, നിന്‍ സുതന്‍ വരിച്ചോ--
രുഷയാണീ സതി, യെന്നെയീ വിധത്തില്‍
വിഷമത്തിലകപ്പെടുത്തൊലാ നീ,
വിഷയം ത്വത്സ്നുഷ തന്റെയെന്നുമോര്‍ക്ക.

കവി : ഉമേഷ്‌ നായര്‍

ശ്ലോകം 539 : വരാദ്‌ഭുതവപുസ്സതില്‍പ്പകുതി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : പൃഥ്വി

വരാദ്‌ഭുതവപുസ്സതില്‍പ്പകുതി വാങ്ങിവാഴുന്നൊരാ
വരാവരവലാന്തകാദ്യമരവര്‍ഗ്ഗവന്ദ്യേ! ശിവേ!
വരാംഗി! വലയാലയേ വിലസീടുന്ന വാമാക്ഷി! മാല്‍
വരാതെ വരുവാന്‍ വരം വിരവില്‍ നല്‍ക വിശ്വേശ്വരീ!

കവി : കുണ്ടൂര്‍ നാരായണ മേനോന്‍

ശ്ലോകം 540 : വേണുവിന്‍ ശ്രുതിയൊടൊത്തു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : കുസുമമഞ്ജരി

വേണുവിന്‍ ശ്രുതിയൊടൊത്തു പാടി മധുരസ്വരത്തി, ലതിനൊത്തുടന്‍
ചേണിയന്ന പടി താളമിട്ടു, തള കൊഞ്ചിടുന്ന പദമൂന്നിയും,
പാണി കൊണ്ടു ചുമലില്‍പ്പിടിച്ചു, മിളകുന്ന പൊന്‍വള കിലുങ്ങിയും
ശ്രോണി തന്നിലിളകുന്ന ചേലയൊടു ചെയ്തൊരാ നടനമോര്‍ക്കുവിന്‍!

കവി : സി. വി. വാസുദേവഭട്ടതിരി / മേല്‍പ്പത്തൂര്‍, കൃതി : നാരായണീയം തര്‍ജ്ജമ

ശ്ലോകം 541 : പുഞ്ചിരിപ്പുതുമ തഞ്ചുമഞ്ചിത...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : കുസുമമഞ്ജരി

പുഞ്ചിരിപ്പുതുമ തഞ്ചുമഞ്ചിതവിലാസസഞ്ചയരസം തരും
ചഞ്ചലാക്ഷികളണഞ്ഞു കൊഞ്ചുവതുകണ്ടു കിഞ്ചന മയങ്ങൊലാ
കഞ്ജവൈരികലചേര്‍ന്ന ചെഞ്ചിടയിലൊത്ത മുണ്ഡശകലം ശിവം
പഞ്ചബാണമദശോഷണം ദുരിതശോഷണം കരുതു ചേതനേ.

ശ്ലോകം 542 : കാമകേളികളനേകമാര്‍ന്നു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : കുസുമമഞ്ജരി

കാമകേളികളനേകമാര്‍ന്നു രസമേകിയിട്ടവരുമൊത്തുടന്‍
യാമുനോദകവിഹാരമന്‍പൊടു തുടര്‍ന്നിതേറ്റമഴകോടു നീ.
പൂമണം വിതറി വീശിടുന്ന കുളിരാര്‍ന്ന തെന്നലിയലുന്നതാ--
മാ മനോജ്ഞവനഭൂമിയിങ്കല്‍ മധുവാണിമാര്‍ക്കു മദമേറ്റി നീ.

കവി : സി. വി. വാസുദേവഭട്ടതിരി, കൃതി : നാരായണീയം തര്‍ജ്ജമ

ശ്ലോകം 543 : പൊട്ടാക്കിപ്ഫാലവട്ടത്തിരുമിഴി...

ചൊല്ലിയതു്‌ : ജീവി
വൃത്തം : സ്രഗ്ദ്ധര

പൊട്ടാക്കിപ്ഫാലവട്ടത്തിരുമിഴി, ജടയെക്കാറൊളിച്ചാരുകൂന്തല്‍--
ക്കെട്ടാക്കി, ക്കേതകിപ്പൂവതിനുടെ വടിവാക്കിപ്പരം ചന്ദ്രഖണ്ഡം,
മട്ടൊക്കെത്തന്നെ മാറി, പ്പൃഥയുടെ സുതനായ്‌ കാട്ടിലുള്‍പ്പുക്കു വൈര--
പ്പെട്ടൂക്കാല്‍ ജന്യമിട്ടാ മഹിതകപടകാട്ടാളനെക്കൈതൊഴുന്നേന്‍!

കവി : വള്ളത്തോള്‍

ശ്ലോകം 544 : മറവാമറവായ്‌ മറവാ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ഗീതി

മറവാമറവായ്‌ മറവായ്‌
മറവാവല്ലാത മണിവിളക്കായി
നിറവാനിറവായ്‌ നിറവായ്‌
നിറവായമൃതായ നിലയെ വന്ദിക്കാം

കവി : കുമാരനാശാന്‍, കൃതി : പരമപഞ്ചകം

ശ്ലോകം 545 : നരയില്ലിവയെന്‍ മുഖേന്ദു...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : വസന്തമാലിക

"നരയില്ലിവയെന്‍ മുഖേന്ദു വീശും
കിരണൌഘസ്ഫുരദങ്കുരങ്ങളത്രേ".
"ശരിയാണവ കണ്ടു കൂമ്പി നില്‍പ്പൂ
തരുണീലോചനനീലനീരജങ്ങള്‍".

കവി : എന്‍.കെ. ദേശം, കൃതി: (പരിഭാഷ)

ശ്ലോകം 546 : ശ്ലോകമാണഖിലസാരമൂഴിയില്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : രഥോദ്ധത

ശ്ലോകമാണഖിലസാരമൂഴിയില്‍
ശ്ലോകമാണു കദനത്തിനൌഷധം
ശ്ലോകമോതി മരണം വരിയ്ക്കിലോ
നാകലോകമവനാണു നിര്‍ണ്ണയം

കവി : ശങ്കരനാരായണന്‍ നമ്പൂതിരി

ശ്ലോകം 547 : ശോകം വേണ്ടത്രയത്രേ...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

ശോകം വേണ്ടത്രയത്രേയെവിടെയുമധുനാ ജീവസന്ധാരണാര്‍ത്ഥം
വേഗം വായ്ക്കുന്നൊരോട്ടം പുലരിമുതലഹോ സന്ധ്യയാവോളമെന്നും
സാകം നാലഞ്ചുപേരോടിവിടെയിടപെടാന്‍ മാര്‍ഗ്ഗമില്ലേറെയൊന്നും
ശ്ലോകം ചൊല്ലാനിരുന്നാല്‍ക്കരുതുകയിനിയും ജീവിതം ജീവിതവ്യം.

കവി : ബാലേന്ദു

ശ്ലോകം 548 : സന്തസ്സന്തന്യമാനാമിഹ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

സന്തസ്സന്തന്യമാനാമിഹ സപദി മയാ ഗദ്യപദ്യസ്വരൂപാ--
മാസ്വാദ്യാസ്വാദ്യ വാണീം ഗളദമൃതരസാം സന്തു സന്തുഷ്ടചിത്താഃ
ഫുല്ലന്മല്ലീലതായാ ഇവ മൃദുപവനസ്യന്ദനാന്ദോളിതായാ
മന്ദം മന്ദം സ്രവന്തീം മധുരസലഹരീം പുഷ്പതഷ്‌ഷട്പദൌഘാഃ

കവി : മേല്‍പ്പത്തൂര്‍

ശ്ലോകം 549 : ഫാലത്തീയിനു വെള്ളമുണ്ടു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഫാലത്തീയിനു വെള്ളമുണ്ടു തലയില്‍, ക്കണ്ഠസ്ഥഹാലാഹല-
ജ്ജ്വാലയ്ക്കുണ്ടു ശിവാധരാമൃതരസം, മെയ്യില്‍പ്പെടും പാമ്പിനും
ചേലൊത്തോഷധിനായകന്‍ തലയിലു, ണ്ടിന്നൊന്നു കൊണ്ടും ഭവാ-
നാലസ്യം പിണയാതെ ശങ്കര! ജയിച്ചാലും ജഗന്മണ്ഡലം!

ശ്ലോകം 550 : ചൂടില്ലാത്തോരു ഫാലം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ചൂടില്ലാത്തോരു ഫാലം, ചുടലയില്‍ നടമാടാത്ത ചീലം, മതിത്തെല്‍
ചൂടീടാത്തൊരു ചൂഡം, പരമൊരു പുഴകൂടാത കോടീരഭാരം,
ഓടും മാന്‍പേട തേടാതൊരു കരകമലം, ചാരുതെങ്കെയിലയില്‍പ്പോയ്‌
നീടാര്‍ന്നീടാത നാഥം, തരുണിയൊടയുതം,ദൈവതം നൈവ ജാനേ.

ശ്ലോകം 551 : ഓമല്‍ക്കരങ്ങളില്‍ മനോഹര...

ചൊല്ലിയതു്‌ : ഉമാ രാജാ
വൃത്തം : വസന്തതിലകം

ഓമല്‍ക്കരങ്ങളില്‍ മനോഹര വേണുനാളം
ശ്രീമന്മുഖത്തു മധുരദ്യുതി മന്ദഹാസം
പൂമേനിയില്‍ പളപളപ്പിവചേര്‍ന്നു മിന്നും
നീ മാത്രമാണിനിയെനിയ്ക്കൊരു ബന്ധു കൃഷ്ണാ

കവി : ഓട്ടൂര്‍ ഉണ്ണി നമ്പൂതിരിപ്പാട്‌

ശ്ലോകം 552 : പട്ടിക്കു വാലും...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

പട്ടിക്കു വാലും പശുവിന്നു കൊമ്പും
കാക്കയ്ക്കു കൊക്കും പരമപ്രധാനം
ആനയ്ക്കു തുമ്പിക്കരമാണു മുഖ്യം
മനുഷ്യജാതിക്കു കുശുമ്പു മുഖ്യം.

കവി : ശ്ലോകാചാര്യന്‍ എം.എന്‍. ദാമോദരന്‍, നെടിയശാല

ശ്ലോകം 553 : അങ്കത്തുങ്കലലംകളങ്കരഹിതം...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

അങ്കത്തുങ്കലലംകളങ്കരഹിതം സംക്രാന്തമായീടുമ--
ത്തങ്കപ്പങ്കജമങ്കതന്‍ കുളിര്‍മുലപ്പങ്കേരുഹത്തിങ്കലേ
തങ്കും കുങ്കുമപങ്കസങ്കലനയാലങ്കാരസങ്കാരമാ--
മങ്കം പങ്കഹരങ്കലാര്‍ന്നൊരുടല്‍ മേ സങ്കേതമാം കേവലം

കവി : കെ. സി. കേശവപിള്ള

ശ്ലോകം 554 : തുപ്പന്‍ നമ്പൂരിയെത്തീ...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

തുപ്പന്‍ നമ്പൂരിയെത്തീ കുതുകമൊടു ചലച്ചിത്രമൊന്നാദ്യമായ്‌ തൃ--
ക്കണ്‍പാര്‍ക്കാന്‍ - കണ്ടതാദ്യം തരുണിമണി ജലക്രീഡയാടുന്ന രംഗം;
"ഇപ്പോള്‍ നീരാട്ടമെന്നാലിനി ബഹുസമയം ചുട്ടികുത്താനെടുക്കും,
എപ്പോള്‍പ്പിന്നാട്ടമാകും? ശിവശിവ! യെഴുനേറ്റീടെടാ രാമ, പോകാം".

കവി : ബാലേന്ദു

ശ്ലോകം 555 : ഈയാശങ്ക നിനക്കു യം പ്രതി...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഈയാശങ്ക നിനക്കു യം പ്രതി ജനം ഭീയാലധീരീകൃതേ
പ്രേയാനാശ പെരുത്തു നിങ്കല്‍ മരുവുന്നോയാളിഹൈവാന്തികേ
ആയാസിപ്പവനബ്ധിനന്ദിനി വശത്തായാലുമില്ലേലുമാം
ശ്രീയാലീപ്സിതനായവന്‍ കഥമഹോ! ഭൂയാദുരാപസ്തയാ.

കവി : കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍ / കാളിദാസന്‍, കൃതി : ശാകുന്തളം തര്‍ജ്ജമ

ശ്ലോകം 556 : ആസ്താം താവദിയം...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ആസ്താം താവദിയം പ്രസൂതിസമയേ ദുര്‍വ്വാരശൂലവ്യഥാ
നൈരുച്യം തനുശോഷണം മലമയീ ശയ്യാച സാംവത്സരീ
ഏകസ്യാപി ന ഗര്‍ഭഭാരഭരണക്ലേശസ്യ യസ്യാഃ ക്ഷമോ
ദാതും നിഷ്കൃതിമുന്നതോപി തനയസ്തസ്യൈ ജനന്യൈ നമഃ

കവി : ശങ്കരാചാര്യര്‍, കൃതി : മാതൃപഞ്ചകം

ശ്ലോകം 557 : എന്നുരച്ചു പുനരുത്തരോല്‍കനായ്‌...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : രഥോദ്ധത

എന്നുരച്ചു പുനരുത്തരോല്‍കനായ്‌
നിന്നുതേ സ്വയമസക്തനാകിലും
സ്യന്ദമാനവനദാരു വാരി മേല്‍
മന്ദമാച്ചുഴിയിലാഞ്ഞപോലവന്‍.

കവി : കുമാരനാശാന്‍, കൃതി : നളിനി

ശ്ലോകം 558 : സ്ത്രീകള്‍ക്കേറ്റം പടുതസഹജം...

ചൊല്ലിയതു്‌ : ജീവി
വൃത്തം : മന്ദാക്രാന്ത

സ്ത്രീകള്‍ക്കേറ്റം പടുതസഹജം, ജന്തുവര്‍ഗ്ഗത്തിലുംതാന്‍--
ലോകേ കാണാം; പ്രതിഭ കലരുന്നോരിലോതേണ്ടതുണ്ടോ?
ആകെത്തന്‍മക്കളെയിഹ കുയില്‍പ്പെണ്ണു താനേപറക്കാ--
റാകുന്നോളം മറുപറവയെക്കൊണ്ടു പോറ്റുന്നുവല്ലോ.

കവി : ആറ്റൂര്‍ / കാളിദാസന്‍, കൃതി : അഭിജ്ഞാന ശാകുന്തളം തര്‍ജ്ജമ

ശ്ലോകം 559 : അക്കാലം വാനവര്‍ക്കും...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

അക്കാലം വാനവര്‍ക്കും ക്ഷിതിയിലൊരുപദം വയ്ക്കുവാനേറെ മോഹം
വായ്ക്കും മട്ടില്‍ ഭരിച്ചോരസുരപതിബലിക്കിന്ദ്രപട്ടം കൊടുക്കാന്‍
എക്കാലാലായി, സാക്ഷാല്‍ ഹരിയൊരു വടുവായ്‌ വന്നനാ, ളന്‍പെഴുന്ന--
ത്തൃക്കാല്‍ ചൂടുന്ന തൃക്കാക്കരയിലെ ഭഗവന്‍! ത്വല്‍പദം കൂപ്പിടുന്നേന്‍.

കവി : ബാലേന്ദു

ശ്ലോകം 560 : എങ്ങോജസ്സുനിറഞ്ഞ...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

എങ്ങോജസ്സു നിറഞ്ഞ തൂമുഖമിതിപ്പാവപ്പെടും മാടമൊ--
ന്നെങ്ങോ ഹാ! വിധി വല്ല ചേര്‍ക്കുഴിയിലും ചേര്‍ക്കുന്നു രത്നങ്ങളെ;
ഇങ്ങോട്ടാസ്ഥയൊടെത്തി നോക്കിടുവതുണ്ടന്തിസ്സമീരസ്ഫുരല്‍--
ത്തെങ്ങോലപ്പഴുതിങ്കലൂടെ മറയാന്‍ പോകുന്ന മാര്‍ത്താണ്ഡനും.

കവി : വള്ളത്തോള്‍, കൃതി : സന്ധ്യാപ്രണാമം

ശ്ലോകം 561 : ഇന്ദ്രനീലനിറമൊത്ത മേനിയും...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : രഥോദ്ധത

ഇന്ദ്രനീലനിറമൊത്ത മേനിയും
സുന്ദരോത്തരമുഖാരവിന്ദവും
കണ്‍കുളിര്‍ക്കെയടിയന്നു നിത്യവും
കാണ്മതിന്നു വരമേകണേ ഹരേ

കവി: ഋശി കപ്ലിങ്ങാടു്‌

ശ്ലോകം 562 : കാട്ടില്‍ കൂട്ടുവിളിപ്പതാം...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കാട്ടില്‍ കൂട്ടുവിളിപ്പതാം, ശവമതിന്‍ മെയ്യില്‍ തലോടുന്നതാം,
നട്ടീടുന്നതുമാം ബിസം തറയതില്‍, പാഴൂഴി കര്‍ഷിപ്പതാം,
പൊട്ടന്‍ കാതിലുരപ്പതാം, കുരുടനെക്കണ്ണാടി കാണിപ്പതാം,
പട്ടിക്കുള്ളൊരു വാല്‍ നിവര്‍ത്തിടുവതാം -- സേവിപ്പതിങ്ങജ്ഞരെ.

കവി: ഇ. ആര്‍. രാജരാജവര്‍മ്മ

ശ്ലോകം 563 : പാര്‍ക്കുന്നതായ ഭവനം...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : വസന്തതിലകം

പാര്‍ക്കുന്നതായ ഭവനം, പ്രിയകാന്ത, പുത്രന്‍
പ്രാണന്‍ കളഞ്ഞു കരുതും ധന, മെന്തിനേറേ
താന്‍തന്നെയെന്നു പലനാളുരുവിട്ട ദേഹം--
പോലും വിഭിന്ന,മൊരു നശ്വര വസ്തു മാത്രം!

കവി : താമരശ്ശേരി കൃഷ്ണന്‍ ഭട്ടതിരി, കൃതി : ശ്രീകൃഷ്ണ കഥാമൃതം

ശ്ലോകം 564 : തീഹാറിലെജ്ജയിലില്‍...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : വസന്തതിലകം

തീഹാറിലെജ്ജയിലില്‍ ശിക്ഷ വഹിച്ചുകൊള്ളാം
ബീഹാറിലാണു കഴിയാന്‍ വിധിയെങ്കിലാകാം
ആഹന്ത ചീര്‍ത്ത രസശൂന്യത തന്നെയോതും
ദ്രോഹം നിറുത്തുവതിനായി നമസ്കരിക്കാം.

കവി : ബാലേന്ദു

ശ്ലോകം 565 : അകണ്ഠേ കളങ്കാത്‌...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ഭുജംഗപ്രയാതം

അകണ്ഠേ കളങ്കാദനംഗേ ഭുജംഗാ--
ദപാണൌ കപാലാദഫാലേ ന ലാക്ഷാത്‌
അമൌലൌ ശശാങ്കാദവാമേ കളത്രാ--
ദഹം ദേവമന്യം ന മന്യേ ന മന്യേ

കവി : ശങ്കരാചാര്യര്‍, കൃതി : ശിവഭുജംഗം

ശ്ലോകം 566 : അടുത്ത ദിവസം രവി...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഷംഭുനടനം

"അടുത്ത ദിവസം രവിയുദിച്ചുയരു, മപ്പൊഴുതടഞ്ഞ നളിനം മിഴി തുറ--
ന്നിടും, തടവു വിട്ടിടുവ"നെന്ന നിനവൊത്തളിയിരുന്നൊരരവിന്ദമുകുളം
അടുത്തനിമിഷത്തില്‍ നളിനീതടമണഞ്ഞ മദയാന ജലകേളി കഴിയെ--
പ്പറിച്ചു രസമായ്‌ ഭുവിയെറിഞ്ഞു -- വിധിനിശ്ചയമറിഞ്ഞിടുവതാരുലകിതില്‍?

കവി : പി. സി. മധുരാജ്‌

ശ്ലോകം 567 : അഹിസാരമസാരം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : തോടകം

അഹിസാരമസാരമസാരമതിം
തരസാ സരസാദപസാരയിതും
ഉരുസാരരസാദഥ സാനുചരം
മനസാ വ്യവസായമസാവകൃഥാഃ

കവി : കോഴിക്കോട്‌ മാനവേദന്‍ രാജാ, കൃതി : കൃഷ്ണഗീതി

ശ്ലോകം 568 : ഉലകങ്ങളെയുള്ളില്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : തോടകം

ഉലകങ്ങളെയുള്ളിലൊതുക്കിയ നിന്‍
വലുതായൊരു മെയ്യല ചേര്‍ത്തു തുലോം
ഒലി പൂണ്ടൊരു നൂറു ധനുസ്സകലം
ജലമഗ്നമതായ്‌ കര രണ്ടുമഹോ!

കവി : സി. വി. വാസുദേവ ഭട്ടതിരി/മേല്‍പ്പത്തൂര്‍, കൃതി : നാരായണീയം തര്‍ജ്ജമ (55:3)

ശ്ലോകം 569 : ഒരിടത്തൊരിടത്തൊരു...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : തോടകം

ഒരിടത്തൊരിടത്തൊരു സക്കറിയാ
അവനോതിയ കിസ്സകളാര്‍ക്കറിയാം?
പുഴുവും പഴുതാരയുമീശ്വരനും
കലരുന്നൊരു വാങ്മയമെന്തു രസം!

കവി : രാജേശ്‌ ആര്‍. വര്‍മ്മ

ശ്ലോകം 570 : പുതുനല്‍ത്തളിര്‍ തോറ്റൊരു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : തോടകം

പുതുനല്‍ത്തളിര്‍ തോറ്റൊരു ചേവടി ചേര്‍--
ത്തതിലന്നഴകോടു കരേറിയ നീ
അതിഭീകരമോളമുയര്‍ത്തിയുടന്‍
കുതികൊണ്ടു കലക്കിമറിച്ചു കയം.

കവി : സി. വി. വാസുദേവ ഭട്ടതിരി/മേല്‍പ്പത്തൂര്‍, കൃതി : നാരായണീയം തര്‍ജ്ജമ (55:2)

ശ്ലോകം 571 : ആഴിവര്‍ണ്ണചരിതം...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : കുസുമമഞ്ജരി

ആഴിവര്‍ണ്ണചരിതം ഗ്രഹിച്ചവനിവാഴ്വിലുന്നതി വരുത്തുവാ--
നേകി ഭാഗവതമന്‍പില്‍ തന്‍ മരുമകന്നു മാതുലനൊരാള്‍ പുരാ
കാലമൊട്ടു കഴിയേ,യനന്തരവനോടു, "മോഹമിനിയെന്തെടോ?"
ഹന്ത! "മാമനുടെ നിഗ്രഹം", വിരുതനോതി, ഞെട്ടിയിതു കാര്‍ണവര്‍.

കവി : ഹരിദാസ്‌ മംഗലപ്പള്ളി

ശ്ലോകം 572 : കരുതുവതിഹ ചെയ്യവയ്യ...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : പുഷ്പിതാഗ്ര

കരുതുവതിഹ ചെയ്യവയ്യ, ചെയ്യാന്‍
വരുതി ലഭിച്ചതില്‍ നിന്നിടാ വിചാരം
പരമഹിതമറിഞ്ഞുകൂട,യായു--
സ്ഥിരതയുമി,ല്ലതി നിന്ദ്യമീ നരത്വം

കവി : കുമാരനാഷാന്‍

ശ്ലോകം 573 : പഴകിയ തരുവല്ലി...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : അപര

പഴകിയ തരുവല്ലി മാറ്റിടാം
പുഴയൊഴുകും വഴി വേറെയാക്കിടാം
കഴിയുമിവ - മനസ്വിമാര്‍ മന-
സ്സൊഴിവതശക്യമൊരാളിലൂന്നിയാല്‍

കവി : കുമാരനാശാന്‍, കൃതി : ലീല

ശ്ലോകം 574 : കൊണ്ടല്‍വേണിയൊരു...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : കുസുമമഞ്ജരി

കൊണ്ടല്‍വേണിയൊരു രണ്ടുനാലടി നടന്നതില്ലതിനുമുമ്പു താന്‍
കൊണ്ടു ദര്‍ഭമുന കാലിലെന്നു വെറുതെ നടിച്ചു നിലകൊണ്ടുതേ
കണ്ഠവും ബത തിരിച്ചുനോക്കിയവള്‍ വല്‍ക്കലാഞ്ചലമിലച്ചിലില്‍-
ക്കൊണ്ടുടക്കുമൊരു മട്ടു കാട്ടി വിടുവിച്ചിടുന്ന കപടത്തൊടേ

കവി : എ. ആര്‍ രാജരാജവര്‍മ്മ , കൃതി : മലയാള ശാകുന്തളം

ശ്ലോകം 575 : കണ്ട ദിക്കുകളിലൊക്കെനിന്നു...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : കുസുമമഞ്ജരി

കണ്ട ദിക്കുകളിലൊക്കെ നിന്നു സമയം ക്രമാല്‍പ്പിറകിലാക്കിയും
കുണ്ഠരായ നിജയാത്രികള്‍ക്കധികമിണ്ടലേറ്റിയഴലേകിയും
കണ്ടമാനമവരിട്ടിടുന്ന ചവറൊക്കെ നാട്ടില്‍ വിതറീട്ടുമേ
കണ്ടിടാം റെയിലു വേഗമായ്ക്കുറവു, മെല്ലെയേറെയിവിടോടിടും.

കവി : ബാലേന്ദു

ശ്ലോകം 576 : കേളിഭേദപരിലാളിതാഭി...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : കുസുമമഞ്ജരി

കേളിഭേദപരിലോളിതാഭിരതിലാളിതാഭിരബലാളിഭിഃ
സ്വൈരമീശ നനു സൂരജാപയസി ചാരു നാമ വിഹൃതിം വ്യധാഃ
കാനനേപി ച വിസാരിശീതളകിശോരമാരുതമനോഹരേ
സൂനസൌരഭമയേ വിലേസിഥ വിലാസിനീശതവിമോഹനം

കവി : മേല്‍പ്പത്തൂര്‍, കൃതി : നാരായണീയം

ശ്ലോകം 577 : കാലകാലനുടെ കായമെന്‍...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : കുസുമമഞ്ജരി

കാലകാലനുടെ കായമെന്മനസി കണ്ടുകൊണ്ടു മരുവീടുവാന്‍
കാലമില്ല കമലാക്ഷിമാരുടെ കടാക്ഷശൃംഖലകളേല്‍ക്കയാല്‍
കാലമങ്ങറുതി വന്നിടുമ്പൊഴുതു കാലനും വരവതുണ്ടു പോല്‍
കാളവാഹന, കടാക്ഷമേകിടുക കാളകണ്ഠ കരുണാനിധേ.

ശ്ലോകം 578 : കാണാമങ്ങോട്ടു ചെന്നാല്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

കാണാമങ്ങോട്ടു ചെന്നാല്‍ നദിയുടെയരികെ തൃപ്രയാറെന്ന ക്ഷേത്രം
കാണാം പൊക്കത്തില്‍ ചുറ്റും മതിലുകളരികെ ഗോപുരം നാടശാല
കാണാം ചുറ്റമ്പലങ്ങള്‍ അതിനുടെ നടുവില്‍ മണ്ഡപം നല്ല ശ്രീകോല്‍
കാണാമുള്ളില്‍ പ്രതിഷ്ഠ മണിമയഭഗവാന്‍ തേവരാം രാമചന്ദ്രന്‍

ശ്ലോകം 579 : കണ്ടന്നേ കട്ടു നീയെന്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

കണ്ടന്നേ കട്ടു നീയെന്‍ കരളതു തിരിയെത്തന്നതില്ലെന്നതല്ലീ-
ക്കണ്ടുള്ളോനെക്കടക്കണ്‍കടുതരവികടച്ചങ്ങലയ്ക്കിട്ടു പൂട്ടി;
കണ്ടിക്കാര്‍കേശി! പിന്നീടിത മദനമഹാരാജനേല്‍പ്പിച്ചു; കഷ്ടേ!
കണ്ടും കേട്ടിട്ടുമില്ലീവക; തലയിലെഴുത്തോര്‍ക്കിലിന്നാര്‍ക്കു മായ്ക്കാം?

കവി : പെട്ടരഴിയത്ത്‌ വലിയ രാമനിളയത്‌

ശ്ലോകം 580 : കേറാനെന്തേ മടിക്കുന്നതു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

കേറാനെന്തേ മടിക്കുന്നതു മമ കരളില്‍? കാമലോഭാദിയാകും
ചേറാണിങ്ങൂന്നി വെച്ചീടുകിലടിവഴുതിത്തെറ്റി വീണേക്കുമെന്നോ?
കൂറാളും നീ വിചാരിക്കുകിലിഹ ചളി കൊണ്ടുള്ള കേടാകമാനം
മാറാനുണ്ടോ പ്രയാസം? മകുടജിതലസത്കോടിസൂര്യപ്രകാശേ!

കവി : വള്ളത്തോള്‍, കൃതി : ദേവീസ്തവം

ശ്ലോകം 581 : കാളിന്ദീനദിയിങ്കലന്നു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കാളിന്ദീനദിയിങ്കലന്നു കമലപ്പൂമ്പൈതല്‍ കൂപ്പുന്നൊര-
ക്കാളിപ്പെണ്ണു സലീലമത്തരണിയില്‍ത്തൃക്കാലണയ്ക്കാകിലോ
കേളിപ്പെട്ട പരാശരന്നഭിനവദ്വീപില്‍ പ്രകാശോദയം
മേളിയ്ക്കും ഭുവനൈകവന്ദ്യതനയന്‍ സഞ്ജാതനായീടുമോ?

കവി : കെ. പി. കറുപ്പന്‍ , കൃതി : ഉദ്യാനവിരുന്ന്‌

ശ്ലോകം 582 : കുട്ടിക്കാലമതെത്ര...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കുട്ടിക്കാലമതെത്ര തുഷ്ടികര? മന്നദ്ദേഹമെന്നോടു വേര്‍-
പെട്ടിട്ടുള്ള ദിനം ചുരുങ്ങു, മൊരുമിച്ചല്ലാതെയില്ലൊന്നുമേ
കിട്ടില്ലൊട്ടിടയിപ്പൊഴസ്സുഭഗനെക്കാണാനുമെന്നായി - പാര്‍-
ത്തട്ടില്‍ ദുഃസ്ഥിതിഹേതുവിങ്ങു ഹതമാമീ യൌവനം താനഹോ!

കവി : വള്ളത്തോള്‍, കൃതി : വിലാസലതിക

ശ്ലോകം 583 : കാലാരാതി കനിഞ്ഞിടുന്നതുവരെ...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കാലാരാതി കനിഞ്ഞിടുന്നതുവരെക്കാളും തപം ചെയ്തു തല്‍-
ക്കോലം പാതി പകുത്തെടുത്തൊരു കുളുര്‍ക്കുന്നിന്റെ കുഞ്ഞോമനേ!
കാലന്‍ വന്നു കയര്‍ത്തുനിന്നു കയറെന്‍ കാലില്‍ കടന്നിട്ടിടും-
കാലത്താക്കഴുവേറിതന്‍ കഥ കഴിക്കേണം മിഴിക്കോണിനാല്‍

കവി : ശീവൊള്ളി

ശ്ലോകം 584 : കൊണ്ടല്‍ക്കാറണി കൊണ്ടു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

"കൊണ്ടല്‍ക്കാറണി കൊണ്ടു വിണ്ടലമിരുണ്ടീടുന്നു, മേഘങ്ങളെ-
ക്കൊണ്ടിക്കാടു കറുത്തിടു, ന്നിരവിലിക്കണ്ണന്നുമുണ്ടിണ്ടല്‍ കേള്‍;
കൊണ്ടാക്കീടു ഗൃഹത്തിലിന്നിവനെ നീ" യെന്നുള്ള നന്ദോദിതം
കൊണ്ടാടീട്ടഥ രാധയെപ്പഥി രസിപ്പിച്ചോരു കൃഷ്ണന്‍ തുണ.

കവി : എ. ആര്‍. രാജരാജവര്‍മ്മ / ജയദേവന്‍

ശ്ലോകം 585 : കാക്കലും ചിലര്‍ തലൈക്കലും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : കുസുമമഞ്ജരി

കാക്കലും ചിലര്‍ തലൈക്കലും പുനരിരുന്നുകൊണ്ടു കരയുന്ന നാള്‍
കാക്കുമോ മരണകാലമെന്നുടലിതാര്‍ക്കുവേണ്ടുവതു കശ്മലം?
കാക്ക നാ നരി വലിയ്ക്കയോ പുഴുവരിയ്ക്കയോ ചുടുകയോ ദൃഢം?
കാക്ക കാക്കലുടനാക്കി മൂക്കുതലെ മേവുമെന്‍ ജനനിയാശ്രയം

ശ്ലോകം 586 : കാന്തന്മാരൊത്തു, കാല്‍ത്താര്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

കാന്തന്മാരൊത്തു, കാല്‍ത്താര്‍, കടി കടുകളവില്‍, ക്ലാന്തമധ്യം, കനത്തില്‍-
ക്കാന്തിപ്പിട്ടുള്ള കൊങ്കക്കുട, മഴകു കലര്‍ന്നാടിടും കമ്രഹാരം,
കാന്തത്തിങ്കള്‍പ്രഭാസ്യം, കളിയുടയ കയല്‍ക്കണ്ണു, കാര്‍കൂന്തലേവം
കാന്ത്യാ കല്യാണിമാര്‍ കൈവിശറിയൊടവിടെദ്ദേവസേവയ്ക്കു കൂടും.

കവി : കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ / ലീലാദാസന്‍, കൃതി : ശുകസന്ദേശം തര്‍ജ്ജമ

ശ്ലോകം 587 : കണ്ടാല്‍ കാളിന്ദിനീരിന്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

കണ്ടാല്‍ കാളിന്ദിനീരിന്‍ ചെറിയ ചെറിയ കല്ലോലകം പോലെയേതാ--
ണ്ടുണ്ടല്ലോ നിന്റെ നാളോദരമതിലഗജേ ബുദ്ധിമാന്മാര്‍ക്കതോര്‍ക്കില്‍
കുണ്ഠിച്ചേറ്റം ഞെരുങ്ങും കുചഗിരികളിടയ്ക്കുള്ള സൂക്ഷ്മാന്തരീക്ഷം
തെണ്ടും ദിക്കറ്റു നാഭീഗുഹയില്‍ വരികയാണെന്നു തോന്നീടുമാര്യേ.

കവി : കുമാരനാശാന്‍, കൃതി : സൌന്ദര്യലഹരി തര്‍ജ്ജമ

ശ്ലോകം 588 : ക്രീഡിച്ചും കീരവാണീ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

ക്രീഡിച്ചും കീരവാണീമണികളൊ, ടിടയില്‍ കയ്യില്‍ നെയ്‌ പാലിതെല്ലാം
മേടിച്ചും, കട്ടശിച്ചും, പ്രണതരിലലിവിന്‍ നീര്‍ തുളിച്ചും, തുണച്ചും,
കൂടിച്ചും പാണ്ഡവര്‍ക്കുന്നതി, കുരുനിരയെത്തക്കമോര്‍ത്തങ്ങു കുണ്ടില്‍--
ച്ചാടിച്ചും വാണ ഗോപീജനസുകൃതസുഖക്കാതലേ, കൈതൊഴുന്നേന്‍!

കവി : വെണ്മണി മഹന്‍

ശ്ലോകം 589 : കാലം മാറിക്കഴിഞ്ഞൂ...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : സ്രഗ്ദ്ധര

"കാലം മാറിക്കഴിഞ്ഞൂ, കവിതയെഴുതിയലാര്‍ക്കുവേണം? ഭവാനി--
ക്കാലത്തെക്കാവ്യമാകും കഥകളെഴുതണം, നോവലായാല്‍ വിശേഷം!"
കാലംപോല്‍ ചൊല്ലിടുന്നൂ പലരുമിതുവിധം, പത്നിയും, കാലമാണി--
ക്കോലം കെട്ടിച്ചിടുന്നൂ കുശവനതു തിരുത്തീടുവാനാകുമെന്നോ?

കവി : എം. എന്‍. പാലൂര്‍, കൃതി : കല്യാണക്കാഴ്ച

ശ്ലോകം 590 : കാലന്‍ കാളായസാത്യുത്ക്കട...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

കാലന്‍ കാളായസാത്യുത്ക്കടമുസലവുമായ്‌ കാണികള്‍ക്കുള്‍നടുങ്ങും
കോലം കോലുന്ന കൂട്ടാളികളൊടുമൊരുമിച്ചാര്‍ത്തടുത്തെത്തിടുമ്പോള്‍
കാലച്ചെന്തീക്കനല്‍ച്ചാര്‍ത്തെതിര്‍മുനയൊടു നിന്‍ കൈത്തലത്തില്‍ത്തിളങ്ങും
ശൂലം താനാണു മാഹേശ്വരി, ശരണമെനിക്കാ ഭയപ്പാടൊഴിക്കാന്‍.

കവി : വള്ളത്തോള്‍, കൃതി : ദേവീസ്തവം

ശ്ലോകം 591 : കുത്തും തല്ലുമസഹ്യ...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കുത്തും തല്ലുമസഹ്യമേല്‍ക്കെയിവനോത്തോതിത്തളര്‍ന്നുണ്ണുവാ--
നെത്തും മുമ്പെയൊരിക്കലും സഖി കടന്നുണ്ടീടുമാറില്ലനീ
കത്തും വന്‍ പശി വാച്ചു വാച്ചു വയര്‍ കാഞ്ഞാലും നിനക്കെന്നൊട--
ന്നൊത്തുണ്ടേ മതിയാവു തുല്യസുഖദുഃഖം താന്‍ സുഹൃജ്ജീവിതം

കവി : പ്രേംജി, കൃതി : നാല്‍ക്കാലികള്‍

ശ്ലോകം 592 : കാളാംഭോധരപാളി താളി...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കാളാംഭോധരപാളി താളി പിഴിയും കറ്റക്കരിമ്പൂങ്കുഴല്‍--
ക്കാലംബായ മുഖാവലോകസമയേ നെയ്‌ വെയ്ക്കുമിച്ചന്ദ്രമാഃ
കോലത്താര്‍ചരഭൂമിപാലകനകക്കുംഭം തൊഴും പോര്‍മുലയ്‌--
ക്കോലക്കത്തൊടു നിന്നെ വാഴ്ത്തുമതിനാന്റാമല്ല കൌണോത്തരേ!

ശ്ലോകം 593 : കിടക്കുന്ന നായയ്‌...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ഭുജംഗപ്രയാതം

കിടക്കുന്ന നായയ്ക്കടുത്തൂടെയോടി-
ക്കടക്കൊല്ല ചാടിപ്പിടിക്കും കടിക്കും
പിടിക്കാന്‍ വരുന്നോരു നായെക്കുടയ്ക്ക-
ങ്ങടിക്കൊല്ല ചുമ്മാ കുടക്കാലൊടിക്കും.

കവി : ബാലേന്ദു

ശ്ലോകം 594 : പവനതനയചേതഃ...

ചൊല്ലിയതു്‌ : എം. ബി. സുനില്‍ കുമാര്‍
വൃത്തം : മാലിനി

പവനതനയചേതഃ പങ്കജാര്‍ക്കം മുനീന്ദ്രൈ-
രനുദിനമനുഭാവ്യം ശ്രീപതിം ശ്യാമളാംഗം
ദിനകരകുലദീപം ജാനകീഭാഗ്യരാശീം
കരധൃതശരചാപം നൌമി വില്വാദൃനാഥം.

കവി : കൊട്ടാരക്കരത്തമ്പുരാന്‍, കൃതി : സീതാസ്വയംവരം

ശ്ലോകം 595 : ദൃഷ്ട്വാ തമാലോകം...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ഇന്ദ്രവജ്ര

ദൃഷ്ട്വാ തമാലോകമിവാന്ധകാരേ
ജുഷ്ടസ്സഗര്‍ഭ്യൈഃ പ്രയതഃ പ്രണമ്യ
പൃഷ്ടോമനാ വാര്‍ത്തമജാതശത്രുര്‍-
ഹൃഷ്ടസ്തമാചഷ്ട ഗിരം ഗരിഷ്ഠാം.

കവി : കോട്ടയത്തു തമ്പുരാന്‍, കൃതി : കല്യാണസൌഗന്ധികം

ശ്ലോകം 596 : പൊയ്യല്ലേ തീയില്‍ നില്‍ക്കാം...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : സ്രഗ്ദ്ധര

പൊയ്യല്ലേ തീയില്‍ നില്‍ക്കാം, കരിവരഗമനേ കാളകൂടം ഭുജിക്കാം
അയ്യാണ്ടൂണൂം ത്യജിക്കാമമൃത കിരണനെക്കയ്യിലാക്കിപ്പൊടിക്കാം
ചെയ്യാം ഞാന്‍ രാജസൂയം, അമൃതമരപുരേ ചെന്നുകൊണ്ടിങ്ങു പോരാം
മയ്യേലും കണ്ണിയാളേ, തവ വിരഹമെനിക്കാവതല്ലേ പൊറുപ്പാന്‍

കവി : വെണ്മണി മഹന്‍

ശ്ലോകം 597 : ചാണത്തിന്‍ നിറമായ്‌...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ചാണത്തിന്‍ നിറമായുടുപ്പുമരയില്‍ തോല്‍പ്പട്ടയും മസ്തകേ
ചേണാര്‍ന്നീടിന തൊപ്പിയും കരമതില്‍ ദണ്ഡും ധരിച്ചങ്ങനേ
ആണത്തം പലതും പറഞ്ഞു വെറുതേ ചുറ്റുന്ന പോലീസുകാ-
രാണിദ്ദിക്കതിലേറ്റമുള്ളതവരെക്കൊണ്ടേതുമുണ്ടോ ഗുണം?

കവി : ഒടുവില്‍ കുഞ്ഞികൃഷ്ണമേനോന്‍

ശ്ലോകം 598 : അജാമിളോ നാമ...

ചൊല്ലിയതു്‌ : എം. ബി. സുനില്‍ കുമാര്‍
വൃത്തം : വംശസ്ഥം

അജാമിളോ നാമ മഹീസുരഃ പുരാ
ചരന്‍ വിഭോ ധര്‍മപഥാന്‍ ഗൃഹാശ്രമീ
ഗുരോര്‍ഗിരാ കാനനമേത്യ ദൃഷ്ടവാന്‍
സുദൃഷ്ടശീലാം കുലടാം മദാകുലാം

കവി : മേല്‍പ്പത്തൂര്‍, കൃതി : നാരായണീയം (22:1)

ശ്ലോകം 599 : ഗജാനനം ഭൂത...

ചൊല്ലിയതു്‌ : ജീവി
വൃത്തം : വംശസ്ഥം

ഗജാനനം ഭൂതഗണാദിസേവിതം
കപിത്ഥജംബൂഫലസാരഭക്ഷിതം
ഉമാസുതം ശോകവിനാശകാരണം
നമാമി വിഘ്നേശ്വരപാദപങ്കജം

ശ്ലോകം 600 : ഉല്ലാസമുള്‍ക്കൊണ്ട്‌...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

ഉല്ലാസമുള്‍ക്കൊണ്ടുയരെപ്പറക്കു-
മൊരോമനപ്പൈങ്കിളി നമ്മെ നോക്കി
ചെവിക്കുരുന്നില്‍ തെളിതേന്‍ തളിയ്ക്കും
സ്വാതന്ത്ര്യ സംഗീതമുയര്‍ത്തിടുന്നു

കവി : ഉള്ളൂര്‍, കൃതി : 'സുഖം-സുഖം'

ശ്ലോകം 601 : ചൊല്ലാനുറച്ച തറവാടുകള്‍...

ചൊല്ലിയതു്‌ : ജീവി
വൃത്തം : വസന്തതിലകം

ചൊല്ലാനുറച്ച തറവാടുകളേറെയില്ല-
യില്ലിന്നുയര്‍ന്ന പണിയുള്ളവരേറെ നമ്മില്‍
മെല്ലെന്നു താഴുമുയരാനിനിയൊന്നുരണ്ടാള്‍
വല്ലോരുമോര്‍ക്കില്‍ - വലുതാം സമുദായമല്ലേ?

കവി : കുമാരനാശാന്‍, കൃതി : തീയ്യക്കുട്ടിയുടെ വിചാരം

ശ്ലോകം 602 : മേളം ഗഭീരമതിനില്ലൊരു...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : വസന്തതിലകം

"മേളം ഗഭീരമതിനില്ലൊരു വാദമല്ലേ?"
ചോദിച്ചൊരാളൊടൊരുവന്‍ തലയാട്ടി നില്‍ക്കേ;
"ഇച്ചെണ്ടതന്റെയതിദുസ്സഹമൊച്ചമൂലം
കേള്‍ക്കാനൊരിറ്റു കഴിവില്ല" പറഞ്ഞിതന്യന്‍.

കവി : ബാലേന്ദു

ശ്ലോകം 603 : ഇന്നോ വാ നാളെയോ മട്ടിനി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ഇന്നോ വാ നാളെയോ മറ്റിനിയൊരുദിവസം തന്നെയോ കാലദൂതന്‍
വന്നീടും നാളിലോര്‍ത്താലിതിനൊരു കഴിവില്ലെന്നു ചിത്തേ നിനപ്പിന്‍;
മുന്നേ താന്‍ പദ്മനാഭന്‍ ചരണനളിനമിങ്ങുള്ളിലാക്കീട്ടു നിത്യാ-
നന്ദ! ശ്രീകൃഷ്ണ! നാരായണ! വരദ! രമേശേതി കീര്‍ത്തിച്ചുകൊള്‍വിന്‍.

കവി : വിദ്വാന്‍ കോമ്പിയച്ചന്‍

ശ്ലോകം 604 : മണ്ണും പെണ്ണും കൊതിക്കും...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

മണ്ണും പെണ്ണും കൊതിക്കും, കവിതയുടെ വളപ്പിന്റെ വേലിക്കല്‍ നിന്ന-
പ്പെണ്ണിന്‍ നീലക്കടക്കണ്മുന പതിയുവതിന്നാശയാലെത്തി നോക്കും,
ഉണ്ണാനുണ്ടെങ്കിലില്ലാത്തൊരു നില നിരുപിച്ചുള്ളുരുക്കും, നൃജന്മം
കണ്ണാ, ഞാന്‍ പാഴിലാക്കിത്തുലയുവതിനു മുമ്പെന്നെ രക്ഷിക്ക വേഗം!

കവി : വി. കെ. ജി., കൃതി : അവില്‍പ്പൊതി

ശ്ലോകം 605 : ഉലകിനുപകരിക്കും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : പുഷ്പിതാഗ്ര

ഉലകിനുപകരിക്കുമുത്തമന്മാര്‍
പലരുളവാകിന ഭാസ്കരാന്വയത്തില്‍
ഖലനൊരു നൃപനുത്ഭവിച്ചു പണ്ടാ-
ക്കലശപയോധിയില്‍ വന്‍വിഷം കണക്കേ.

കവി : വള്ളത്തോള്‍, കൃതി : ദണ്ഡകാരണ്യം

ശ്ലോകം 606 : ഖാദിക്കുപ്പായമിട്ടും...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

ഖാദിക്കുപ്പായമിട്ടും സ്ഫുടമിരുകരവും കൂപ്പിയും പല്ലിളിച്ചും
ചോദിക്കേ വോട്ടിനേറ്റം വിനയവുമെതിരായുള്ളിലുള്ളോരു ഭാവം
മോദം വേണ്ടത്ര ദാസപ്രഭൃതിയിലരുളാന്‍ വ്യഗ്രമായുള്ള ചിത്തം
സ്വേദം തീണ്ടാത്ത ഫാലം സതതമിതുവിധം ഭാവയേ നേതൃരൂപം.

കവി : ബാലേന്ദു, കൃതി : നേതാസഹസ്രനാമം.

ശ്ലോകം 607 : മണ്‍പാത്രമെന്നല്ല...

ചൊല്ലിയതു്‌ : ഉമാ രാജാ
വൃത്തം : ഇന്ദ്രവജ്ര

മണ്‍പാത്രമെന്നല്ല നമുക്കു ഭാവം
പൊന്‍പാത്രമിപ്പോളുടയുന്നതെല്ലാം
സമ്പല്‍ക്ഷയേ സങ്കടമെന്നതോര്‍ത്താല്‍
സമ്പന്നനും നിര്‍ദ്ധനനും സമാനം

കവി : കുഞ്ചന്‍ നമ്പ്യാര്‍, കൃതി : ശ്രീകൃഷ്ണചരിതം മണിപ്രവാളം

ശ്ലോകം 608 : സുഖത്തിലുണ്ടാം സഖി...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

സുഖത്തിലുണ്ടാം സഖിമാരനേകം,
ദുഃഖം വരുമ്പോള്‍ പുനരാരുമില്ല;
ഖഗങ്ങള്‍ മാവില്‍ പെരുകും വസന്തേ,
വരാ ശരത്തിങ്കലതൊന്നുപോലും.

കവി : കെ. സി. കേശവപിള്ള, കൃതി : സുഭാഷിതരത്നാകരം

ശ്ലോകം 609 : ഖരകരനകലത്തായ്‌...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : മാലിനി

ഖരകരനകലത്തായിന്ദുവൊന്നിച്ചുതാരാ-
നിര കരിമുകില്‍ മദ്ധ്യം തന്നിലെല്ലാം മറഞ്ഞൂ
ഇരുളില്‍ മുഴുകി പാരം പാരു മിന്നാമിനുങ്ങേ
ത്വരിതമിനി മിനുങ്ങൂ തെറ്റിയാല്‍ ചെറ്റു പറ്റാ

കവി : ഗ്രാമത്തില്‍ കൊട്ടാരത്തില്‍ രവിവര്‍മ കോയിത്തമ്പുരാന്‍, കൃതി : അന്യാപദേശ മാല

ശ്ലോകം 610 : ഇക്കാലമിന്ദുമുഖിമാര്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തതിലകം

ഇക്കാലമിന്ദുമുഖിമാര്‍ പലരും കവിത്വ-
വക്കാണമാര്‍ന്നു മരുവുന്നു, തദേതദാസ്താം;
ഇക്കാവുപണ്ഡിത പരം മകരന്ദധാരാ-
ധിക്കാരിവാങ്മധുരിമാധുരി മാനനീയാ.

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍

ശ്ലോകം 611 : ഇല്ല നിങ്ങളെ നനച്ചിടാതെ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : കുസുമമഞ്ജരി

ഇല്ല നിങ്ങളെ നനച്ചിടാതെയൊരുനാളെവള്‍ക്കു ജലപാനവും,
പല്ലവം തൊടുവതില്ലയേവളതണിഞ്ഞിടാന്‍ കൊതിയിരിയ്ക്കിലും,
നല്ലൊരുത്സവമെവള്‍ക്കു നിങ്ങളുടെയാദ്യമായ കുസുമോദ്ഗമം,
വല്ലഭന്റെ ഗൃഹമശ്ശകുന്തള ഗമിച്ചിടുന്നു വിട നല്‍കുവിന്‍!

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍, കൃതി : ശാകുന്തളം തര്‍ജ്ജമ

ശ്ലോകം 612 : നിത്യം തെണ്ടുവതെത്ര...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

"നിത്യം തെണ്ടുവതെത്ര നീചമരുതേ" - യര്‍ത്ഥിച്ചുപോല്‍ ഷണ്മുഖന്‍,
"മേറ്റ്ന്തുണ്ടൊരു മാര്‍ഗ്ഗ"മെന്നു കളിയായ്‌ ചോദിച്ചുപോലീശ്വരന്‍,
പെട്ടെന്നോതിയൊരാറു ജോലികള്‍ മുറയ്ക്കോരോന്നുമോരോ മുഖം:
"നൃത്തം, യുദ്ധ, മുടുക്കുകൊട്ടു, കഥനം, നീര്‍സേചനം, ശിക്ഷണം!"

കവി : ബാലേന്ദു

ശ്ലോകം 613 : പ്രാലേയാമലമാത്മദീധിതി...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പ്രാലേയാമലമാത്മദീധിതിസുധാസംക്രാന്തലോകത്രയം
മുക്താജാലവിരാജിരൂപ്യവിലസദ്വേഷാംബരാലംകൃതം
ഭാസ്വത്‌കൈരവചാരുബാഹുമമലക്ഷൌമാവദാതം പരം
വന്ദേ സോമമരാളനീലവിലസത്‌ കേശം മനോനന്ദനം.

കവി : കുഞ്ചന്‍ നമ്പ്യാര്‍, കൃതി : വിഷ്ണുവിലാസം

ശ്ലോകം 614 : ഭീ വിട്ടു കൂന്തല്‍ വല...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തതിലകം

ഭീ വിട്ടു കൂന്തല്‍ വല, ചുണ്ടിര, ബാഹു പാശം,
ഭ്രൂ വി, ല്ലപാംഗവിശിഖം, മുഖചന്ദ്രഹാസം,
ഈ വിശ്രുതായുധഗണം കലരും വധുക്കള്‍
ഭാവിപ്പു തത്ര യുവഹൃന്മൃഗയാവിനോദം.

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 615 : ഇല്ലം കത്തി നശിച്ചു...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഇല്ലം കത്തി നശിച്ചു, വേളിയതിലങ്ങാപ്പെട്ടു തീപ്പെട്ടു ഹാ,
കൊല്ലപ്പെട്ടിതു തീകെടുത്തുമളവില്‍ കൂപത്തില്‍ വീണുണ്ണിയും,
ഇല്ലല്ലോ വരുവാനിതില്‍ പരമെനിക്കിന്നൊന്നു,മെന്താകിലും
ചെല്ലപ്പെട്ടി തുറന്നിരുന്നിനി മുറുക്കട്ടേ മുറയ്ക്കൊന്നു ഞാന്‍!

കവി : പ്രേംജി , കൃതി : നാല്‍ക്കാലികള്‍

ശ്ലോകം 616 : ഇല്ലാ ജീവിതമേറെയെങ്കില്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഇല്ലാ ജീവിതമേറെയെങ്കിലതിനെന്തുള്‍ത്താപമോരാന്‍, കരി-
ങ്കല്ലാണെന്ന വിധം യുഗാവധി കിടന്നാലെന്തു നിശ്ചേഷ്ടമായ്‌
എല്ലാ ദിക്കിലുമാത്മസൌരഭമിണക്കിക്കൊണ്ടുറങ്ങാതുയര്‍-
ന്നുല്ലാസം പകരുന്ന മുല്ലയൊരുനാള്‍ വാണാലുമേ ധന്യയാം.

കവി : ഡി. ശ്രീമാന്‍ നമ്പൂതിരി

ശ്ലോകം 617 : എന്മുറ്റത്തു തഴച്ചിടുന്നു...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

എന്മുറ്റത്തു തഴച്ചിടുന്നു തുളസിത്തയ്യും നറും മുല്ലയും,
കര്‍മ്മൂസും പുഴുതിന്നിടുന്ന പനിനീര്‍ച്ചെണ്ടും കുറെച്ചീരയും;
അമ്മട്ടെന്‍ കവിതാങ്കണത്തിലവതന്‍ സാമാന്യബിംബങ്ങളെ-
ച്ചെമ്മേ നട്ടുനനച്ചു നോക്കി വളരാന്‍ കൂട്ടാക്കിയില്ലേതുമെ!

കവി : വി.കെ.ജി

ശ്ലോകം 618 : ആറില്ലേ മുഖമാത്മജന്നു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

"ആറില്ലേ മുഖമാത്മജന്നു? മുല നിന്‍ മാറത്തു രണ്ടും, വിശ-
പ്പാറില്ലെന്മക"നെന്നുരച്ചു ഭഗവാനൂറിച്ചിരിച്ചീടവേ
"ആറില്‍ക്കൂറു പെരുത്തൊരാളുടെ മകന്നാറായി മോ"റെന്നു തീ
പാറും നേത്രമൊടംബ ശംഭു വിളറും മാറോതിനാളുത്തരം.

കവി : എന്‍. കെ. ദേശം

ശ്ലോകം 619 : ആനാലും വരവല്ലവാ...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

"ആനാലും വരവല്ലവാ?, ശരിവരട്ടും", പട്ടരേപ്പൊലെയ-
ത്യാനന്ദത്തൊടനര്‍ത്ഥവും പുണരുവോന്‍ വാഗര്‍ത്ഥവിജ്ഞന്‍ ഭവാന്‍;
ആരങ്ങെന്നറിയാത്തവര്‍ക്കുമറിയാം നേരൊന്നു സാമാന്യന-
ല്ലാള്‍ സാധാരണ വാര്യരാകില്‍ വരുമോ ശത്രുക്കളിത്രക്കു മേല്‍?!.

കവി : എന്‍. കെ. ദേശം

ശ്ലോകം 620 : ആരക്ഷീണതപസ്യയാല്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ആ, രക്ഷീണതപസ്യയാ, ലഖിലലോകാധീശദത്തം കലാ-
സാരം ചിപ്പിയില്‍ മുത്തുപോ, ലസുലഭാനന്ദാഭമാക്കുന്നുവോ,
ആരാല്‍ കേരളനാടു മന്നിലഭിമാനാഗാരമാകുന്നുവോ,
ആ രാഗാങ്കണരാജപൂജിതമഹാഗന്ധര്‍വ്വ, തേ സ്വാഗതം!

കവി : ഉമേഷ്‌ നായര്‍. കൃതി: (യേശുദാസിനോടു്‌).

ശ്ലോകം 621 : അഥ പ്രജാനാമധിപഃ...

ചൊല്ലിയതു്‌ : എം. ബി. സുനില്‍ കുമാര്‍
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

അഥ പ്രജാനാമധിപഃ പ്രഭാതേ
ജായപ്രതിഗ്രാഹിതഗന്ധമാല്യാം
വനായ പീതപ്രതിബദ്ധവത്സാം
യശോധനോ ധേനുമൃഷേര്‍മുമോച

കവി : കാളിദാസന്‍, കൃതി : രഘുവംശം (2:1)

ശ്ലോകം 622 : വള്ളിപോലെ മൃദുവാം...

ചൊല്ലിയതു്‌ : ജീവി
വൃത്തം : സ്വാഗത

വള്ളിപോലെ മൃദുവാമിരുകാലും
തുള്ളി, മേനി തളരും മിശിഹായെ
ഉള്ളിലാര്‍ദ്രത നശിച്ചരിവൃന്ദം
തള്ളി, മാലുയരുമാറു നയിച്ചു.

കവി : കട്ടക്കയം ചെറിയാന്‍ മാപ്പിള, കൃതി : ശ്രീയേശുവിജയം

ശ്ലോകം 623 : ഉണ്ടാവാമൊരുപാടുമാറ്റം...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഉണ്ടാവാമൊരുപാടുമാറ്റമുലകി,ന്നൊന്നായിരുന്നോരു നാം
രണ്ടാവാമിരുപേരുമങ്ങിനെ മറന്നേയ്ക്കാം കുറേ ചെല്ലുകില്‍
മിണ്ടാതെന്‍ പ്രിയതോഴി നീ പിറകില്‍ വന്നന്നാദ്യമായോമന
ച്ചുണ്ടാലേകിയ ചുംബനോത്പുളകമോ മായാ മരിപ്പോളവും

കവി : പ്രേംജി, കൃതി : നാല്‍ക്കാലികള്‍

ശ്ലോകം 624 : മാതംഗാനനമംബ്ജവാസ...

ചൊല്ലിയതു്‌ : എം. ബി. സുനില്‍ കുമാര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മാതംഗാനന, മംബ്ജവാസരമണീം, ഗോവിന്ദമാദ്യം ഗുരും,
വ്യാസം, പാണിനി ഗര്‍ഗനാരദ കണാദാദ്യാന്‍ മുനീന്ദ്രാന്‍ ബുധാന്‍,
ദുര്‍ഗാം ചൈവ മൃദംഗശെയിലനിലയാം ശ്രീപോര്‍ക്കലീമിഷ്ടദാം
ഭക്ത്യാ നിത്യമുപാസ്മഹേ സപദി നഃ കുര്‍വന്ത്വമീ മംഗളം

കവി : കോട്ടയത്തു തമ്പുരാന്‍

ശ്ലോകം 625 : ദേവാനാം പ്രിയനാണു ഞാന്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ദേവാനാം പ്രിയനാണു ഞാനയി, ഭവാന്‍ ദേവപ്രിയന്‍ കേവലം!
ശ്രീവാഴും കടമാണു തേ പുര, മെനിക്കിങ്ങുള്ളതെല്ലാം കടം!
ഭൂവാനോര്‍വരനാം ഭവാനു പടയുണ്ടൂണിന്നെനിക്കിശ്ശിവന്‍-
കോവില്‍പെട്ടൊരുണക്കലാണു പട! ഞാനങ്ങയ്ക്കു തുല്യന്‍, പരന്‍!

കവി : ഒറവങ്കര

ശ്ലോകം 626 : ഭര്‍ത്തുര്‍മിത്രം പ്രിയം...

ചൊല്ലിയതു്‌ : ജീവി
വൃത്തം : മന്ദാക്രാന്ത

ഭര്‍ത്തുര്‍മിത്രം പ്രിയമവിധവേ! വിദ്ധി മാമംബുവാഹം
തത്സന്ദേശാന്മനസി നിഹിതാദാഗതം ത്വത്സമീപം
യോ വൃന്ദാനി ത്വരയതി പഥി ശ്രാമ്യതാമധ്വഗാനാം
മന്ദ്രസ്നിഗ്ദ്ധൈര്‍ധ്വനിഭിരബലാവേണിമോക്ഷോത്സുകാനി

കവി : കാളിദാസന്‍, കൃതി : മേഘദൂതം

ശ്ലോകം 627 : യോഗീന്ദ്രാണാം ത്വദംഗേഷ്വധിക...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : സ്രഗ്ദ്ധര

യോഗീന്ദ്രാണാം ത്വദംഗേഷ്വധികസുമധുരം മുക്തിഭാജാം നിവാസോ
ഭക്താനാം കാമവര്‍ഷദ്വിതരുകിസലയം നാഥ! തേ പാദമൂലം
നിത്യം ചിത്തസ്ഥിതം മേ പവനപുരപതേ! കൃഷ്ണ! കാരുണ്യസിന്ധോ!
ഹൃത്വാ നിശ്ശേഷതാപാന്‍ പ്രദിശതു പരമാനന്ദസന്ദോഹലക്ഷ്മീം.

കവി : മേല്‍പ്പത്തൂര്‍, കൃതി : നാരായണീയം

ശ്ലോകം 628 : നിന്‍ നേത്രത്തിനു തുല്യമാം...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നിന്‍ നേത്രത്തിനു തുല്യമാം കുവലയം വെള്ളത്തിനുള്ളത്തിലായ്‌
നിന്നാസ്യപ്രഭ തേടുമമ്പിളിയൊളിക്കപ്പെട്ടു കാര്‍കൊണ്ടലാല്‍
അന്നത്തന്വികള്‍ നിന്നൊടൊത്ത നടയുള്ളോരങ്ങുമണ്ടീടിനാര്‍,
നിന്നൌപമ്യവുമിന്നുകാണ്‍മതു പൊറുക്കുന്നില്ലഹോ ദുര്‍വിധി.

കവി : എ. ആര്‍. രാജരാജവര്‍മ്മ

ശ്ലോകം 629 : അമ്മേ വന്നിടുകെന്നു ചൊന്നു...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

അമ്മേ വന്നിടുകെന്നു ചൊന്നു കരവും കാലും കുടഞ്ഞാര്‍ത്തിപൂ-
ണ്ടമ്മിഞ്ഞക്കു കരഞ്ഞുകൊണ്ടുഴലുമെന്‍ പൊന്നോമനക്കുഞ്ഞിനെ
ചെമ്മേ ചെന്നുടനുമ്മ വെച്ചു വരികെന്നോതിപ്പുണര്‍ന്നിട്ടെടു-
ത്തമ്മയ്ക്കുള്ള കരത്തില്‍ നല്‍കുവതിനിച്ചെയ്യാവതോ ദൈവമേ!

കവി : കെ. സി. കേശവപിള്ള , കൃതി : ആസന്നമരണചിന്താശതകം

ശ്ലോകം 630 : ചാണക്കല്ലിലുരച്ച...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ചാണക്കല്ലിലുരച്ച രത്ന, മമരില്‍ പുണ്ണേറ്റ വീരന്‍, മദ-
ക്ഷീണന്‍ കുംഭികുലോത്തമന്‍, കരതെളിഞ്ഞീടും ശരന്നിമ്നഗാ,
മീനാങ്കാര്‍ദ്ദിതയായ മങ്ക, കലയായ്‌ ശേഷിച്ച ദോഷാകരന്‍,
ദാനത്താല്‍ ധനപുഷ്ടികെട്ട നൃപനും കാര്‍ശ്യാല്‍ പ്രകാശിക്കുമേ

കവി : എ. ആര്‍. രാജരാജവര്‍മ്മ

ശ്ലോകം 631 : മുണ്ടാക്കക്ഷത്തു ചുറ്റി...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം :

മുണ്ടാക്കക്ഷത്തു ചുറ്റിദ്ദൃഢമിരുകരവും മാറിലമ്മാറു കെട്ടി-
ക്കുണ്ടാളും ചിന്ത മൂലം തല ചെറുതു കുനിച്ചക്കവീന്ദ്രന്‍ ചിലപ്പോള്‍
കണ്ടാല്‍ കാണാത്ത ഭാവത്തൊടു മെതിയടിമേല്‍ വീട്ടുമുറ്റത്തുലാത്തു-
ന്നുണ്ടാ, മപ്പോളുറയ്ക്കാം പ്രതിഭ കവിത തന്‍ പേറ്റുനോവേറ്റുവെന്നായ്‌

കവി : പ്രേംജി , കൃതി : നാല്‍ക്കാലികള്‍. മഹാകവി വള്ളത്തോളിനെപ്പറ്റി.

ശ്ലോകം 632 : കപാലേ മാര്‍ജ്ജാരഃ...

ചൊല്ലിയതു്‌ : എം. ബി. സുനില്‍ കുമാര്‍
വൃത്തം : ശിഖരിണി

കപാലേ മാര്‍ജ്ജാരഃ പയ ഇതി കരാന്‍ ലേഢി ശശിനഃ
തരുച്ചിദ്രപ്രോതാന്‍ ബിസമിതി കരിഃ സംകലയതി
രതാന്തേ തല്‍പസ്ഥാന്‍ ഹരതി വനിതാപ്യംശുകമിതി
പ്രഭാമത്തശ്ചന്ദ്രോ ജഗദിദമഹോ വിഭ്രമയതി

കവി : ഭാസന്‍

ശ്ലോകം 633 : രാവിപ്പോള്‍ ക്ഷണം...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

"രാവിപ്പോള്‍ ക്ഷണമങ്ങൊടുങ്ങിടു, മുഷസ്സെങ്ങും പ്രകാശിച്ചിടും,
ദേവന്‍ സൂര്യനുദിക്കു, മിക്കമലവും കാലേ വിടര്‍ന്നീടുമേ"
ഏവം മൊട്ടിനകത്തിരുന്നളി മനോരാജ്യം തുടര്‍ന്നീടവേ,
ദൈവത്തിന്‍ മനമാരു കണ്ടു? പിഴുതാന്‍ ദന്തീന്ദ്രനപ്പത്മിനീം

കവി : എ. ആര്‍ രാജരാജവര്‍മ്മ

ശ്ലോകം 634 : ഏഹ്യാഗച്ഛ സമാശ്രയാസനമിദം...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഏഹ്യാഗച്ഛ സമാശ്രയാസനമിദം കസ്മാത്‌ ചിരാദ്‌ ദൃശ്യസേ
സി കുശലം പ്രീതോ}സ്മി തേ ദര്‍ശനാത്‌
ഏവം യേ സമുപാഗതാന്‍ പ്രണയിനഃ പ്രഹ്ലാദയന്ത്യാദരാത്‌
തേഷാം യുക്തമശങ്കിതേന മനസാ ഹര്‍മ്മ്യാണി ഗന്തും സദാ

കവി : വിഷ്ണു ശര്‍മന്‍, കൃതി : പഞ്ചതന്ത്രം

ശ്ലോകം 635 : എത്ര കഷ്ടമിതരൂപിയായ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : കുസുമമഞ്ജരി

എത്ര കഷ്ടമിതരൂപിയായ പവമാനനോടു പറയുന്നതെ-
ന്നത്തലാരുമിതു കേട്ടതില്ലതു പുറത്തതിന്നു കരുതും വിധൌ
ഇത്തരം ഭ്രമമകപ്പെടും വചസി ചിത്തയോനിഭുജവിക്രമം
ചിത്തകാമ്പില്‍ വളരുന്നകാലമിതു കേള്‍പ്പിതുണ്ടഖില കാമിനാം.

കവി : മഴമംഗലം, കൃതി : ഭാഷാനൈഷധം ചമ്പു

ശ്ലോകം 636 : ഈ രമ്യാമയമാം...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഈ രമ്യാമയമാം പ്രഭാതസമയം പാഴാക്കിടാതേല്‍ക്ക; നിന്‍
താരഞ്ചും തരളാഭമാം മിഴിതുറന്നീടെന്റെ പൂമ്പൈതലേ!
ആരക്കണ്ണിനു ജീവനേകി, യവനല്ലാതര്‍ഹനാരാണതിന്‍
സ്ഫാരശ്രീ തിരിയേ, യെടുപ്പതിനവന്‍ തല്‍കൃത്യവും ചെയ്തുപോല്‍.

കവി : ചങ്ങമ്പുഴ, കൃതി : ഗീതാഞ്ജലി

ശ്ലോകം 637 : ആമട്ടോര്‍ക്കുകില്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ആമട്ടോര്‍ക്കുകി, ലാത്മഹര്‍ഷകരമാം തേന്‍പൊയ്കയെക്കാളു, മാ
പ്രേമസ്നിഗ്ദ്ധഹൃദന്തയായി വിലസും മൈക്കണ്ണിയെക്കാട്ടിലും,
ആമോദപ്രദമാണു പൂവനികയും, തൂമുന്തിരിച്ചാറു, മാ
സീമാതീതലയാനുരഞ്ജിതലസദ്വീണാനിനാദങ്ങളും!

കവി : ചങ്ങമ്പുഴ

ശ്ലോകം 638 : ആരണ്യാന്തരഗഹ്വരോദര...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ആരണ്യാന്തരഗഹ്വരോദരതപസ്ഥാനങ്ങളില്‍, സൈന്ധവോ-
ദാരശ്യാമമനോഭിരാമപുളിനോപാന്തപ്രദേശങ്ങളില്‍
ആ, രന്തര്‍മുഖമിപ്രപഞ്ചപരിണാമോദ്ഭിന്നസര്‍ഗക്രിയാ-
സാരം തേടിയലഞ്ഞു പ, ണ്ടവരിലെച്ചൈതന്യമെന്‍ ദര്‍ശനം

കവി : വയലാര്‍ രാമവര്‍മ്മ, കൃതി : സര്‍ഗ്ഗസംഗീതം

ശ്ലോകം 639 : അന്നൊത്തപോക്കീ...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

അന്നൊത്തപോക്കീ, കുയിലൊത്ത പാട്ടീ,
തേനൊത്ത വാക്കീ, തിലപുഷ്പമൂക്കീ,
ദരിദ്രയില്ലത്തെ യവാഗുപോലെ
നീണ്ടിട്ടിരിക്കും നയനദ്വയത്തീ.

കവി : തോലന്‍

ശ്ലോകം 640 : ദൈവം നേരേ തിരിഞ്ഞൂ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ദൈവം നേരേ തിരിഞ്ഞൂ; ദയ നരവരനില്‍ത്തെല്ലുമില്ലാതെ മാഞ്ഞൂ;
ശ്രീവഞ്ചീശന്‍ മുഷിഞ്ഞൂ; ചിലരുടനവിടെയ്ക്കേഷണിക്കാരണഞ്ഞൂ;
സേവയ്ക്കെല്ലം പറഞ്ഞൂ; സകലരുമവിടെക്കോപമേറിച്ചമഞ്ഞൂ;
ഭാവം പാരം മറിഞ്ഞൂ; പരമിനിവ