ശ്ലോകം 1001 : കൂട്ടക്കാരനുരച്ച...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കൂട്ടക്കാരനുരച്ച നേരമുടനേ തന്മിത്രശത്രുപ്പട--
ക്കൂട്ടത്തിന്റെ നടുക്കു പൊന്നണിമണിത്തേര്‍നിര്‍ത്തിനിന്നൂര്‍ജ്ജസാ
കോട്ടം വിട്ടൊരു കൌരവേന്ദ്രഭടര്‍തന്നായുസ്സിനെക്കേവലം
നോട്ടത്താലെ ഹരിച്ച പാര്‍ത്ഥസഖനില്‍ പ്രേമം ഭവിക്കാവു മേ!

കവി : പ്രേംജി, കൃതി : നാല്‍ക്കാലികള്‍

ശ്ലോകം 1002 : കാളും മോദേന കറ്റച്ചിട...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

കാളും മോദേന കറ്റച്ചിടയനുമചലക്കുഞ്ഞുമൊന്നിച്ചൊരുന്നാള്‍
മേളിച്ചുംകൊണ്ടിരിക്കുന്നളവരികിലണഞ്ഞിട്ടു ശാഠ്യം പിടിച്ച്‌
ചീളെന്നച്ഛന്റെ മെച്ചം തടവിന ജടയില്‍ ചന്ദ്രനെക്കണ്ടു തേങ്ങാ--
പ്പൂളെന്നൊര്‍ത്തിട്ടു നീട്ടീടിന കരിവദനത്തുമ്പി ഭാഗ്യം തരട്ടേ!

കവി : പെരട്ടഴിയം വലിയ രാമനിളയത്‌

ശ്ലോകം 1003 : ചതുര്‍ഭുജേ ചന്ദ്ര...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

ചതുര്‍ഭുജേ ചന്ദ്രകലാവതംസേ
കുചോന്നതേ കുങ്കുമരാഗശോണേ
പുണ്ഡ്രേഷുപാശാങ്കുശപുഷ്പബാണ--
ഹസ്തേ നമസ്തേ ജഗദേകമാതഃ

കവി : കാളിദാസന്‍, കൃതി : ശ്യാമളാദണ്ഡകം

ശ്ലോകം 1004 : പാര്‍ത്ഥന്‍ തുടങ്ങി...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : വസന്തതിലകം

പാര്‍ത്ഥന്‍ തുടങ്ങി നരനായകരെത്ര സ്വര്‍ഗ്ഗ--
മെത്തിത്തിരിച്ചു ധരതേടി മടങ്ങിയെത്തി
ധൂര്‍ത്താര്‍ന്നൊരാവഴിയൊരിക്കലൊരെത്തിനോട്ടം
മാത്രം നടത്തി ഹരി; കേവലയോഗമല്ല.

കവി : ബാലേന്ദു

ശ്ലോകം 1005 : ധനാധിപന്‍ കാത്തൊരു...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

ധനാധിപന്‍ കാത്തൊരു ദിക്കിനര്‍ക്കന്‍
മര്യാദ വിട്ടേച്ചു ഗമിച്ചനേരം
സമീരണന്‍ ദക്ഷിണയായ ദിക്കിന്‍
മുഖത്തുദിച്ചൂ നെടുവീര്‍പ്പിനൊപ്പം.

കവി : എ.ആര്‍. രാജരാജവര്‍മ്മ, കൃതി : കുമാരസംഭവം തര്‍ജമ (3:25)

ശ്ലോകം 1006 : സ്ത്രീവര്‍ഗ്ഗത്തിലെവള്‍ക്കും...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം :

സ്ത്രീവര്‍ഗ്ഗത്തിലെവള്‍ക്കുമാണൊരു തുണയ്ക്കായ്‌ വേണമാരാകിലും
തൈവല്ലിക്കു പടര്‍ന്നിടാനൊരു മരം വേണം മുരിക്കാകിലും
ഏവം പ്രാകൃത ബോധവൈകൃതവശാലന്നേ വെറും ഭാര്യയായ്‌--
പ്പാവം പെണ്ണു, പുമാനഹംകൃതധിയാ മത്താര്‍ന്ന ഭര്‍ത്താവുമായ്‌

കവി : പ്രേംജി, കൃതി : നാല്‍ക്കാലികള്‍

ശ്ലോകം 1007 : എങ്ങൂ മച്ചിത്തകാമ്പാം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

എങ്ങൂ മച്ചിത്തകാമ്പാമഗതി സുവദനേ? പണ്ടു നിന്‍ മെയ്‌ തിരക്കീ--
ട്ടെങ്ങാനും പോയ്‌മറഞ്ഞോ? ശിവശിവ! പലനാളായി കണ്ടീല ഞാനോ;
കണ്‍കാണാഞ്ഞോ വലഞ്ഞൂ കുചഭരതിമിരേ? നാഭിപദ്മത്തില്‍ മുങ്ങി--
പ്പൊങ്ങാഞ്ഞോ ഹന്ത! പീനസ്തനഗിരിതടതോ വീണു കൈകാലൊടിഞ്ഞോ?

കവി : ചേലപ്പറമ്പു നമ്പൂതിരി

ശ്ലോകം 1008 : കണ്ടിട്ടുള്ള ദിനം മറന്നു...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : സ്രഗ്ദ്ധര

കണ്ടിട്ടുള്ള ദിനം മറന്നു, കുശലോദന്തങ്ങള്‍ തമ്മില്‍ച്ചെവി--
ക്കൊണ്ടിട്ടിപ്പോളിരുണ്ടുനീണ്ടൊരിരുപന്തീരാണ്ടു തീരാറുമായ്‌
ഉണ്ടിന്നും പ്രിയതോഴി മത്‌സ്മരണയില്‍ പൊന്നിന്‍കിനാവായിരം
ചെണ്ടിട്ടീടിന രണ്ടിളം കരളുചേര്‍ന്നൊന്നായൊരന്നാളുകള്‍.

കവി : പ്രേംജി, കൃതി : നാല്‍ക്കാലികള്‍

ശ്ലോകം 1009 : ഉച്ചത്തില്‍പ്പറയുന്നു ഞാന്‍...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഉച്ചത്തില്‍പ്പറയുന്നു ഞാന്‍, സരസനാം പട്ടത്തു കുഞ്ഞുണ്ണിയെ--
ന്നൊച്ചപ്പെട്ടു വസിച്ചിടും കവിവരന്‍ കേടറ്റ നേന്ത്രപ്പഴം,
അച്ഛന്‍ വെണ്മണി ചിങ്ങനാണു, പുതുവാളമ്പാടി പൂവമ്പഴം,
അച്ചങ്കണ്ട, നറച്ചിടുന്നിരുമുടിക്കുന്നന്റെ മാണിപ്പഴം.

കവി : അച്ചങ്കണ്ടത്തു നമ്പിയാര്‍, വെണ്മണി അച്ഛന്‍, അമ്പാടി

ശ്ലോകം 1010 : ആദ്യം വന്നതു കാലബോധം...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ആദ്യം വന്നതു കാലബോധ, മതിനോടൊപ്പം പദാര്‍ത്ഥാദിസ--
മ്പാദ്യം, ഹൃത്തിനു തെല്ലൊരാര്‍ദ്രത, വെളിച്ചത്തോടവിദ്വേഷവും
ഉദ്യത്‌പത്രകരോപനീതമുകുളശ്ലോകം നിവേദ്യങ്ങളായ്‌
പ്രദ്യോതാര്‍പ്പണമാക്കിടാമിവിടെ നാ, മുദ്യാനവിദ്യാര്‍ത്ഥികള്‍!

കവി : മധുരാജ്‌

ശ്ലോകം 1011 : ഊക്കില്‍പ്പെരുത്ത നൃപസല്‍കൃതി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തതിലകം

ഊക്കില്‍പ്പെരുത്ത നൃപസല്‍കൃതിയാം ബിലാത്തി--
ത്തീക്കപ്പലോടു കിടനോക്കുവതിന്നിദാനീം
ഈക്കെല്‍പ്പെഴാത്ത മമ ദുഷ്കൃതിയാകുമോടി--
യേല്‍ക്കില്‍ പരുന്തൊടിനിയീച്ച പടയ്ക്കൊരുങ്ങും.

കവി : ഉള്ളൂര്‍, കൃതി : ഒരു പദ്യലേഖനം

ശ്ലോകം 1012 : ഇതര പാപഫലാനി...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ദ്രുതവിളംബിതം

ഇതര പാപഫലാനി യഥേച്ഛയാ
വിലിഖിതാനി സഹേ ചതുരാനന
അരസികേഷു കവിത്വ നിവേദനം
ശിരസി മാ ലിഖ മാ ലിഖ മാ ലിഖ!

കവി : കാളിദാസന്‍

ശ്ലോകം 1013 : ആയാസത്താല്‍ വിയര്‍പ്പിന്‍...

ചൊല്ലിയതു്‌ : ജീവി
വൃത്തം : സ്രഗ്ദ്ധര

ആയാസത്താല്‍ വിയര്‍പ്പിന്‍ കണികകളണിയും നെറ്റിമേല്‍ പാതിയോളം
മായും സിന്ദൂരഗോപിക്കുറിയു, മുടലിലക്കാട്ടുചെമ്മണ്ണുമേന്തി
സായംകാലം പുണര്‍ന്നീടിന ഘനശകലംപോലെ, മാടിന്റെ പിന്നില്‍
കായാമ്പൂവര്‍ണ്ണനെത്തും നയനമധുരമം ചിത്രമോര്‍ക്കട്ടെ ചിത്തം.

കവി : വി. കെ. ജി.

ശ്ലോകം 1014 : സാശയാ വിധുതപാശയാ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : കുസുമമഞ്ജരി

സാശയാ വിധുതപാശയാ വിധൃതപാശയാ സരജനീശയാ
ശോശയാനപതപാശയാ കുചവികോശയാ വിനുതമേശയാ
സേനയാ സുമഥനാശയാ ഹൃതഹരാശയാ ദമിതനാശയാ
ഹേലയാദൃതസുകോശയാ ദിവി വിമോചയേ വിമതനാശയാ.

കവി : ശ്രീനാരായണഗുരു, കൃതി : ദേവീപ്രണാമദേവ്യഷ്ടകം

ശ്ലോകം 1015 : സൂരിവ്രജത്തൊടിടപെട്ട്‌...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : വസന്തതിലകം

സൂരിവ്രജത്തൊടിടപെട്ടിതരാനുബന്ധം
ദൂരെ ത്യജിച്ചു ദുരഹങ്കൃതിയുള്ളതെല്ലാം
തീരെക്കളഞ്ഞു തിരുനാമപദം ജപിച്ചാല്‍
തീരും നമുക്കു ജനനീജഠരപ്രവേശം

കവി : ശീവൊള്ളി

ശ്ലോകം 1016 : തന്‍ പാപങ്ങളൊരുത്തി...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

തന്‍ പാപങ്ങളൊരുത്തിയശ്രുനദിയായ്‌പ്പാദത്തിലര്‍പ്പിക്കവേ
നിന്‍ പേര്‍ചൊല്ലി ജനങ്ങളൂര്‍ജ്ജതയൊടന്നോശാന പാടീടവേ
നിന്‍ പാദങ്ങള്‍ കരങ്ങള്‍ പേശികളഹോ ക്രൂശില്‍പ്പിടഞ്ഞീടവേ
നീ പ്രാര്‍ത്ഥിച്ചതു ലോകനന്മ വരുവാന്‍ കാരുണ്യമുണ്ടാകുവാന്‍!

കവി : ബാലേന്ദു, കൃതി : ശ്രീയേശുനവകം

ശ്ലോകം 1017 : നില്‍ക്കാ ഭൂമിയിലൊന്നുമെങ്ങും...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നില്‍ക്കാ ഭൂമിയിലൊന്നുമെങ്ങുമൊരുപോലെന്നും വെളുപ്പോളവും
കക്കാനൊക്കുകയില്ലൊരാള്‍ക്കു -- "പലനാള്‍ കട്ടാലൊരുന്നാള്‍ പെടും"
ഇക്കാണുന്നൊരു കൂരിരുള്‍ക്കുഴിയില്‍നിന്നൊന്നാകെയിന്നാടിനെ--
പ്പൊക്കാന്‍ നല്ലൊരു നാളെ വന്നുപുലരും കേഴായ്ക, നാടേ ഭവാന്‍!

കവി : പ്രേംജി, കൃതി : നാല്‍ക്കാലികള്‍

ശ്ലോകം 1018 : ഇല്ലാ വിസ്മയമേകനായ്‌...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഇല്ലാ വിസ്മയമേകനായ്‌ ജലനിധിശ്യാമാങ്കസീമാങ്കഭൂ--
വെല്ലാടം നഗരാര്‍ഗ്ഗളോച്ചഭുജനീ രാജാവു പാലിപ്പതില്‍;
നല്ലാരാസുരബദ്ധവൈരകള്‍ ജയം നേരുന്നു വിണ്‍നാട്ടുകാ--
രെല്ലാം വില്ലനിവന്റെ വില്‍ക്കൊടിയിലും, ശക്രന്റെ വജ്രത്തിലും.

കവി : കാലടി രാമന്‍ നമ്പ്യാര്‍ / കാളിദാസന്‍, കൃതി : ശാകുന്തളം തര്‍ജ്ജമ (കേളീശാകുന്തളം)

ശ്ലോകം 1019 : നിര്‍മ്മര്യാദങ്ങളിമ്മാണി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

നിര്‍മ്മര്യാദങ്ങളിമ്മാണികളിരുവരുമായ്ച്ചെയ്തതെല്ലാം പൊറുക്കാം;
കര്‍മ്മം പൊന്നീടിലോ ചെറ്റതിനു പകരവും വീണ്ടുകൊള്ളാമൊരുന്നാള്‍;
ധമ്മില്ലം കൊണ്ടു മെല്ലെപ്പിഹിതവദനമയ്യോ! തദാനീം ചിരിച്ചാ--
ളമ്മല്ലാര്‍വേണി; ചൊല്ലാമതു മനസി പൊറായുന്നിതെല്ലായിലും മേ.

കവി : പുനം നമ്പൂതിരി, കൃതി : രാമായണം ചമ്പു

ശ്ലോകം 1020 : ധൂളീധൂഷിതമായ്‌...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ധൂളീധൂഷിതമായ്‌ പുകക്കറപിടിച്ചംബോധരോല്‍ഘട്ടനം
മൂലം പാടുകള്‍ വീണ വിഷ്ണുപദമെമ്പാടും പുതുക്കീടുവാന്‍
നീലച്ചായമുണക്കി വെച്ച നിലയില്‍ കൂമ്പാരമായ്‌ക്കാണുമീ--
ശ്ശെയിലത്തിന്‍ വനനീലകോമളിമയാലിന്നാടു ചേതോഹരം!

കവി : വി.കെ.ജി

ശ്ലോകം 1021 : നാലുംകൂട്ടി മുറുക്കിടുന്നതു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നാലുംകൂട്ടി മുറുക്കിടുന്നതു രസം! താംബൂലസാരം നുണ--
ഞ്ഞേലും തൂലഹരീവിലാസമൊരുമട്ടാനന്ദസന്ദായകം,
ചാലേ ചുണ്ടു ചുമന്നുകിട്ടു, മിനിയും തുപ്പുന്ന മട്ടില്‍ കുറെ--
ച്ചേലു, ണ്ടായതു ദൂരെവേണ, മധികം താംബൂലമാപത്‌കരം.

കവി : ഏവൂര്‍ പരമേശ്വരന്‍

ശ്ലോകം 1022 : ചിന്തൂരം തൊട്ടു, ചിന്തും...

ചൊല്ലിയതു്‌ : ജീവി
വൃത്തം : സ്രഗ്ദ്ധര

ചിന്തൂരം തൊട്ടു, ചിന്തും പ്രഭയുടയ മണിക്കോപ്പണി, ഞ്ഞാളിമാരോ--
ടെന്തോ ചെന്താമരക്കണ്മുന ചെറുതു ചെരിച്ചുച്ചരിച്ചും, ചിരിച്ചും
ചെന്താരമ്പന്‍ ചെറുക്കുന്നതിനു ചെറുതിരച്ചില്ലി ചിന്നിച്ചു, മത്തന്‍--
ചന്തിക്കെട്ടും ചലിപ്പിച്ചൊരു തരുണി വരും പിട്ടു നേരിട്ടു കണ്ടേന്‍.

കവി : ശീവൊള്ളി, കൃതി : ഒരു കഥ

ശ്ലോകം 1023 : ചേലായാല്‍ മതി പെണ്‍കുളി...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ചേലായാല്‍ മതി പെണ്‍കുളിക്കടവിലെച്ചേലങ്ങള്‍ കക്കും, മുല--
പ്പാലായാല്‍ മതിയാസ്വദിക്കണമലം ഹാലാഹലം ചേരിലും,
നീലാറ്റിന്‍ കരയാകിലും മതി രതിക്രീഡയ്ക്കു, കാട്ടോട തന്‍
കോലായാല്‍ മതി പാടുവാന്‍ - ചതുരനോ തെമ്മാടിയോ നീ ഹരേ!

കവി : വി. കെ. ജി.

ശ്ലോകം 1024 : നീലക്കാര്‍കാന്തികോലും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

നീലക്കാര്‍കാന്തികോലും പുരികുഴല്‍നിരതന്‍ മേന്മ നന്‍മ്മെയിലുകള്‍ക്കും
നീളെത്തൂകും മധൂളീമധുരകളവചോഭങ്ഗി പെണ്‍കുയ്‌ലുകള്‍ക്കും
ലീലാചാതുര്യമോരോന്നഭിനവലതകള്‍ക്കും കടം നല്‍കി മെല്ലേ
നീലക്കണ്ണാള്‍ തപസ്സിന്നുചിതത തടവീടുന്ന വേഷം ധരിച്ചാള്‍.

കവി : ലക്ഷ്മീപുരത്തു രവിവര്‍മ്മത്തമ്പുരാന്‍, കൃതി : ഗൌരീപരിണയം

ശ്ലോകം 1025 : ലോകാനാമേകനാഥം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

ലോകാനാമേകനാഥം, പദതളിരില്‍ വണങ്ങും ജനാനാമശേഷാ-
മാകാംക്ഷാം പൂരയന്തം, നയനശിഖിശിഖാലീഢചൂതായുധാംഗം,
ഏകീഭാവായ കുന്നിന്‍മകളെ നിജശരീരാര്‍ദ്ധമായ്‌ ചേര്‍ത്തു, പേര്‍ത്തും
ഭോഗോന്മേഷം വളര്‍ക്കും വിബുധപരിവൃഢം ചന്ദ്രചൂഡം ഭജേഥാഃ.

ശ്ലോകം 1026 : എന്നോമലിങ്ങുവരികെന്നു...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : വസന്തതിലകം

എന്നോമലിങ്ങുവരികെന്നു യശോദ മെല്ലെ--
ച്ചൊന്നാള്‍ മകന്നു പുതുവെണ്ണ കൊടുപ്പതിന്നായ്‌
അന്നേരമാര്‍ത്തിയൊടെയോടി വിയര്‍ത്തുവീണ
കണ്ണന്റെ കാതരത കാണ്മതു കൌതുകം മേ

കവി : പൂന്താനം, കൃതി : ശ്രീകൃഷ്ണ കര്‍ണാമൃതം

ശ്ലോകം 1027 : അമ്മേരു തന്നുപരിഭാഗമതില്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തതിലകം

അമ്മേരു തന്നുപരിഭാഗമതില്‍ക്കരേറാം
ചെമ്മേ രസാതലമതിന്നടിയില്‍ഗ്ഗമിക്കാം
ഇമ്മെയ്യൊടാഴിയതിനപ്പുറവും കടക്കാം
അമ്മേ! മഹാവിഷമമാണു കുടുംബഭാരം!

ശ്ലോകം 1028 : ഇതെന്തൊരാനന്ദമിതെന്തു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വംശസ്ഥം

ഇതെന്തൊരാനന്ദമിതെന്തു കൌതുകം
സ്വതന്ത്രമായ്‌ സുന്ദരമിപ്രഭാകണം
ഇതാ പറന്നെത്തിയടുത്തു ഹാ! പറ--
ന്നിതാ തൊടും മുന്‍പിതു വിണ്ണിലായിതേ

കവി : കുമാരനാശാന്‍, കൃതി : മിന്നാമിനുങ്ങ്‌

ശ്ലോകം 1029 : ഇന്ദീവരേണ നയനം...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : വസന്തതിലകം

ഇന്ദീവരേണ നയനം, മുഖമംബുജേന
കുണ്ടേന ദന്ത, മധരം നവ പല്ലവേന
അംഗാനി ചമ്പകദളൈശ്ച വിധായ വേധാഃ
കാന്തേ കഥം രചിതവാനുപലേന ചേതഃ

കവി : കാളിദാസന്‍, കൃതി : ശൃംഗാരതിലകം

ശ്ലോകം 1030 : ആക്രാമന്‍ ദിവി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ആക്രാമന്‍ ദിവി ദക്ഷിണാപരഹരിത്കോണൈകദേശം ക്ഷണം
വൈമാനശ്ചലരശ്മിജാലജടിലോ ഗോളോऽയമുജ്ജാഗരഃ
ലംബംലംബമുപാരിരംസുരധുനാ സായാഹ്നിവഹ്നിദ്യുതിര്‍--
ദ്വൈതീയീകദിനേശമണ്ഡലതുലാലിസ്പുഃ സമുത്പ്രക്ഷ്യതേ.

കവി : എ.ആര്‍. രാജരാജവര്‍മ്മ, കൃതി : വിമാനാഷ്ടകം

ശ്ലോകം 1031 : ലാവണ്യം കൊണ്ടിണങ്ങും...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : സ്രഗ്ദ്ധര

ലാവണ്യം കൊണ്ടിണങ്ങും പുതുമ, കവിതകൊണ്ടുള്ള സത്‌കീര്‍ത്തി, വിദ്വദ്‌--
ഭാവം കൊണ്ടുള്ള മാന്യസ്ഥിതി, രണപടുതാമൂലമാം വന്‍ പ്രതാപം
ഈവണ്ണം വര്‍ണനീയം ഗുണമഖിലമൊരേ വാതിലില്‍ തട്ടിമുട്ടി--
ജ്ജീവത്താമാദിമൂലപ്രകൃതിയിലൊടുവില്‍ ചെന്നുചേരുന്നുവല്ലോ.

കവി : വി.സി.ബാലകൃഷ്ണപ്പണിക്കര്‍, കൃതി : ഒരു വിലാപം

ശ്ലോകം 1032 : ഇതിനളഗിരാ യാതേ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ഹരിണി

ഇതിനളഗിരാ യാതേ ഹംസേ വിദര്‍ഭപുരീം ഗതേ
തദുപവനദേശാന്തേ ശാന്തേ നിഷീദതി കുത്രചിത്‌
ശ്രുതനളഗുണാ ഭൈമീ കാമാതിഗുഹനനിസ്സഹാ
വനമുപഗതാ നീതാ ജാതാദരാഭിരഥാളിഭി.

കവി : ഉണ്ണായി വാര്യര്‍, കൃതി : നളചരിതം ആട്ടക്കഥ

ശ്ലോകം 1033 : ശ്രീമാമുനീന്ദ്രമണി...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : വസന്തതിലകം

ശ്രീമാമുനീന്ദ്രമണി `പുറ്റുമകന്‍' ചമച്ച--
രാമായണം സരളകോമളമാദികാവ്യം
ഹേ മാന്യ! സാഹസവശാലടിയന്‍ കടന്നു
സാമാന്യമൊക്കെയൊരു തര്‍ജ്ജമ ചെയ്തുതീര്‍ത്തേന്‍!

കവി : വള്ളത്തോള്‍, കൃതി : (ഡയറി)

ശ്ലോകം 1034 : ഹൃച്ചഞ്ചലിപ്പു...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : വസന്തതിലകം

ഹൃച്ചഞ്ചലിപ്പു, നെടുവീര്‍പ്പു, വിനിദ്രഭാവം,
വിച്ഛിന്നചിന്തകള്‍, വിനോദവിരക്തി, ഭക്തി
ഇച്ചൊന്നതപ്പടി സതീര്‍ത്ഥ്യരിലേറ്റിടും നി--
ന്നച്ഛാങ്ഗഭങ്ഗി, കമലാക്ഷി, പരീക്ഷ തന്നെ!

കവി : വി. കെ.ജി

ശ്ലോകം 1035 : ഇല്ലസ്പഷ്ടഗുണത്വം...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഇല്ലസ്പഷ്ടഗുണത്വമങ്ങയില്‍, മഹാരാജത്വവും; പിന്നെയി--
ല്ലല്ലോ മാഗധസൂതവന്ദിനിലയീയുള്ളോനിലും വല്ലതും;
ചൊല്ലാനുള്ളതുമിന്നു നൂറുശതമാനത്തോളവും സത്യമാം;
മള്‍ള്യൂരേ, തടയായ്ക താങ്കള്‍ പൃഥുപോ, ലീവാഗ്വിസര്‍ഗാഞ്ജലി.

കവി : ടി. എം. വി.

ശ്ലോകം 1036 : ചിലമ്പുമക്കാഞ്ചന...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഉപേന്ദ്രവജ്ര

ചിലമ്പുമക്കാഞ്ചന കാഞ്ചിയോടും
ചിലമ്പുതന്‍ മഞ്ജുളനാദമോടും
ചലല്‍പ്പദം ഖേലനലാലസന്മാ--
രലങ്കരിച്ചാരഥ ഗോപവാടം

കവി : കുഞ്ചന്‍ നമ്പ്യാര്‍, കൃതി : ശ്രീകൃഷ്ണചരിതം മണിപ്രവാളം

ശ്ലോകം 1037 : ചോറ്റാനിക്കര വാഴുമംബ...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

"ചോറ്റാനിക്കര വാഴുമംബ, ഭവദീയാജ്ഞയ്ക്കു മദ്ദേഹവും
വിട്ടോടീ ചിരബാധയായൊരുമഹാഗന്ധര്‍വ്വനമ്മേ തൊഴാം"
"ചെറ്റില്ലായതിലെന്റെ മേന്മ, യടിയന്ത്രത്തിന്റെ നാഗസ്വരം
കേട്ടാ ബാധയൊഴിഞ്ഞു, നിത്യമിവിടെക്കാണുന്നതാണീവിധം."

കവി : ബാലേന്ദു, കൃതി :

ശ്ലോകം 1038 : ചാടിന്‍ ചട്ടം ചവിട്ടി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ചാടിന്‍ ചട്ടം ചവിട്ടിച്ചിതറിയതില്‍ മുതിര്‍ന്നോരോമനക്കാലു പൊക്കി--
ച്ചാടുമ്പോള്‍ ചന്തി കുത്തിച്ചതുപുതയഥ വീണേറെ മേല്‍ച്ചേറണിഞ്ഞും
ചാടുന്തിപ്പിച്ചവയ്ക്കും ചതിയുടയ ചലല്‍ക്കണ്ണനാം കണ്ണനെച്ചാ--
ഞ്ചാടിച്ചാരത്തു ചാരുസ്മിതരുചി ചിതറിക്കൊണ്ടു കണ്ടീടണം മേ!

കവി : വെണ്മണി മഹന്‍, കൃതി : (സമസ്യാപൂരണം)

ശ്ലോകം 1039 : ചാരം, വെള്ളം, കരിത്തോല്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

ചാരം, വെള്ളം, കരിത്തോല്‍, മഴു, വെരു - തിവയു, ണ്ടെപ്പൊഴും ഭൂതജാലം
ചാരത്തു, ണ്ടീ നിലയ്ക്കുള്ളൊരു പടുമലയന്‍ കെട്ടിയോളായ തായേ!
സ്വൈരം ത്രെയിലോക്യവിത്താം തിരുമിഴിയെ വിത, ച്ചെന്‍ മനസ്സാം നിലത്തി--
ന്നേരം ഭക്തിക്കൃഷിക്കായ്ത്തുടരു, കിതതിനിജ്ജന്മി ചാര്‍ത്തിത്തരുന്നൂ!

കവി : വള്ളത്തോള്‍, കൃതി : ദേവീസ്തവം

ശ്ലോകം 1040 : സകലാസു കലാസു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തമാലിക

സകലാസു കലാസു നൈപുണം കൊ--
ണ്ടഖിലാനന്ദവിധായിധന്യശീല!
ചകലാസു പുതച്ചു സൌഖ്യമേല്‍പ്പാ--
നഭിലാഷം വളരുന്നു സത്യമത്രേ

കവി : അനന്തപുരത്തു രാജരാജവര്‍മ്മ മൂത്തകോയിത്തമ്പുരാന്‍

ശ്ലോകം 1041 : ചിന്തുന്നു ചോര സിര തന്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തതിലകം

ചിന്തുന്നു ചോര സിര തന്‍ മുറിവായില്‍ നിന്നു-;
മെന്‍ ദേഹമിപ്പൊഴുമിറച്ചി നിറഞ്ഞതത്രേ;
സംതൃപ്തി കിട്ടിയതുമില്ല നിനക്കു; മെന്നി--
ട്ടെന്തിന്നു ഹേ ഗരുഡ, ഭക്ഷണമങ്ങു നിര്‍ത്തി?

കവി : ഉമേഷ്‌ നായര്‍, കൃതി : (നാഗാനന്ദത്തിലെ ഒരു ശ്ലോകത്തിന്റെ തര്‍ജ്ജമ)

ശ്ലോകം 1042 : സൌധങ്ങള്‍ മേല്‍പ്പൊട്ടു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ഇന്ദ്രവജ്ര

സൌധങ്ങള്‍ മേല്‍പ്പൊട്ടു വളര്‍ന്നു നമ്മെ--
ബ്ബാധിക്കുമെന്നുള്ളൊരു സംശയത്താല്‍
ധാതാവു പണ്ടേ നിജലോകവാസം
സാധിച്ചതല്ലീ സകലത്തിനും മേല്‍?

കവി : അഴകത്തു പദ്മനാഭക്കുറുപ്പ്‌, കൃതി : രാമചന്ദ്രവിലാസം

ശ്ലോകം 1043 : ധരാതലത്തില്‍ ധനപുഷ്ടി...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ഉപേന്ദ്രവജ്ര

ധരാതലത്തില്‍ ധനപുഷ്ടിയൊത്തു--
ണ്ടൊരാര്യദേശം നിഷധാഭിധാനം
ചിരാല്‍ വിളങ്ങുന്നു കുബേരദിക്കാം
വരാംഗിയാള്‍ തൊട്ടൊരു പൊട്ടു പോലെ.

കവി : വള്ളത്തോള്‍, കൃതി : ചിത്രയോഗം

ശ്ലോകം 1044 : ച്യുതഭാഗ്യനായ്‌...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : പ്രമിതാക്ഷര

ച്യുതഭാഗ്യനായ്‌ പരിണമിക്കുകയാല്‍
നിതരാം നൃശംസനവനാദിമുതല്‍;
ഋതമില്ല തെല്ലവനിലായതിനാല്‍
ഗതമായവന്നു നിലനില്‍പുമതില്‍.

കവി : കട്ടക്കയം, കൃതി : ശ്രീയേശു വിജയം

ശ്ലോകം 1045 : ഋഷിദേവഗണസ്വധാഭുജാം...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : വിയോഗിനി

ഋഷിദേവഗണസ്വധാഭുജാം
ശ്രുതയാഗപ്രസവൈഃ സ പാര്‍ത്ഥിവഃ
അനൃണത്വമുപേയിവാന്‍ ബഭൌ
പരിധേര്‍മുക്തയിവോഷ്ണദീധിതിഃ

കവി : കാളിദാസന്‍, കൃതി : രഘുവംശം

ശ്ലോകം 1046 : അടങ്ങാതന്തിയ്ക്കങ്ങ്‌...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശിഖരിണി

അടങ്ങാതന്തിയ്ക്കങ്ങലര്‍ശരരിപുസ്വാമി നടനം
തുടങ്ങുമ്പോള്‍ നോക്കിസ്സരസമഥ കൊണ്ടാടുമവനെ
മുടങ്ങാതെപ്പോഴും നവരസമൊലിയ്ക്കുന്ന മിഴിയാല്‍
കൊടുങ്ങല്ലൂരമ്മേ! കുശലമടിയങ്ങള്‍ക്കു തരണേ!

കവി : കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍

ശ്ലോകം 1047 : മാതാവേ നിത്യകന്യേ...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

മാതാവേ, നിത്യകന്യേ, നിരവധി കരുണാധാമമേ, സന്മനസ്സിന്‍
ദാതാവേ, സൌമ്യശീലേ, ജഗദഘഹരനാമീശപുത്രന്നു തായേ,
ശ്രീതാവും നിന്റെ നേത്രം പതിയണമിവനില്‍, ക്കേവലം പ്രീതിയോടേ
ഭ്രാതവായ്‌ത്തോന്നണം മേ സകലരുമതിനായ്‌ ഭക്തിപൂര്‍വ്വം നമിപ്പേന്‍!

കവി : ബാലേന്ദു

ശ്ലോകം 1048 : ശബ്ദബ്രഹ്മേതി കര്‍മ്മേത്യണുരിതി...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : സ്രഗ്ദ്ധര

ശബ്ദബ്രഹ്മേതി കര്‍മ്മേത്യണുരിതി ഭഗവന്‍, കാല ഇത്യാലപന്തി
ത്വാമേകം വിശ്വഹേതും സകലമയതയാ സര്‍വഥാ കല്‍പ്യമാനം
വേദാന്തൈര്‍ യത്തു ഗീതം പുരുഷപരചിദാത്മാഭിധം തത്തു തത്ത്വം
പ്രേക്ഷാമാത്രേണ മൂലപ്രകൃതിവികൃതികൃത്‌ കൃഷ്ണ, തസ്മൈ നമസ്തേ!

കവി : മേല്‍പ്പത്തൂര്‍, കൃതി : നാരായണീയം(98:5)

ശ്ലോകം 1049 : വെണ്ണീറും, വെള്ളെലിമ്പും,...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

വെണ്ണീറും, വെള്ളെലിമ്പും, വിഷധരവിലസത്‌പാമ്പുമാപാദചൂഡം,
തണ്ണീരെപ്പോഴുമോലും, തലയിലെരികനല്‍ക്കട്ട പൊട്ടിന്റ കണ്ണും,
എണ്ണേറും ഭൂതയൂഥങ്ങളൊടൊരു കളിയും കണ്ടു നിന്നോടിണങ്ങും
പെണ്ണോളം ധൈര്യമുള്ളോരുലകിലൊരുവര്‍ മറ്റില്ല, ചെല്ലൂര്‍പിരാനേ!

ശ്ലോകം 1050 : എസ്കേപ്പിസ്റ്റുകളുണ്ടു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

എസ്കേപ്പിസ്റ്റുകളുണ്ടു, രണ്ടു തരമാണക്കൂട്ടരെന്‍ തോഴരേ!
സെക്സും വിസ്ക്കിയുമിസ്ക്കി,യസ്ക്യതയുണര്‍ത്തീടും കഥാകൃത്തുകള്‍;
ദുഃഖത്തിന്‍ നിഴലാ, യരണ്ട മുകിലായ്‌, ഹോസ്പിറ്റലായ്‌, സ്വപ്നമായ്‌
ദിക്കെല്ലാമലയുന്ന കാവ്യകല തന്‍ വേതാളരൂപങ്ങളും.

കവി : ഏവൂര്‍ പരമേശ്വരന്‍

ശ്ലോകം 1051 : ദുര്‍മ്മന്ത്രാന്നൃപതിര്‍വിനശ്യതി...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ദുര്‍മ്മന്ത്രാന്നൃപതിര്‍വിനശ്യതി, യതിഃ സംഗാത്‌, സുതോ ലാളനാത്‌,
വിപ്രോऽനദ്ധ്യയനാത്‌, കുലം കുതനയാ, ച്ഛീലം ഖലോപാസനാത്‌,
മൈത്രീ ചാപ്രണയാത്‌, സമൃദ്ധിരനയാത്‌, സ്നേഹഃ പ്രവാസാശ്രയാത്‌,
സ്ത്രീ ഗര്‍വ്വാ, ദനപേക്ഷണാദപി കൃഷിഃ ത്യാഗാത്‌, പ്രമോദാദ്ധനം.

കവി : വിഷ്ണുശര്‍മ്മ, കൃതി : പഞ്ചതന്ത്രം

ശ്ലോകം 1052 : മാഴക്കണ്ണാള്‍ക്കൊരു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മന്ദാക്രാന്ത

മാഴക്കണ്ണാള്‍ക്കൊരു മയിലുമുണ്ടങ്ങു പിന്‍കാലൊളം പോയ്‌--
ത്താഴെച്ചെല്ലും പുരികുഴലഴിച്ചോമല്‍ നില്‍പ്പോരുനേരം
ഊഴത്തം കൊണ്ടിരുള്‍മുകിലിതെന്റഞ്ചിതം പീലിജാലം
ചൂഴച്ചിന്തിച്ചുവയൊടുടനേ പാടിയാടീടുവോന്റു്‌

കൃതി : ഉണ്ണുനീലിസന്ദേശം

ശ്ലോകം 1053 : ഉള്‍ക്കാമ്പിനേറീടിന...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ഇന്ദ്രവജ്ര

ഉള്‍ക്കാമ്പിനേറീടിന ബാധ നല്‍കും
ചിക്കെന്നു ശയ്യയ്ക്കതിദോഷമേകും
തീര്‍ക്കായ്കില്‍ വേഗത്തില്‍ വളര്‍ന്നുകൂടും
ദുഷ്കാവ്യവും മൂട്ടയുമൊന്നുപോലെ.

കവി : കെ. സി. കേശവപിള്ള, കൃതി : (സമസ്യാപൂരണം)

ശ്ലോകം 1054 : തോട്ടത്തിലിപ്പോള്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

തോട്ടത്തിലിപ്പോള്‍ ഗൃഹസാര്‍വഭൌമ--
നതാതു സസ്യങ്ങളെയങ്ങുമിങ്ങും
ഗംഭീരമായോരു വിലോകനത്താല്‍
സംഭാവനം ചെയ്തു നടന്നിടുന്നു.

കവി : കുറ്റിപ്പുറത്തു കേശവന്‍ നായര്‍, കൃതി : ഗ്രാമീണകന്യക

ശ്ലോകം 1055 : ഗണിച്ചിടാതേ മുനിയായൊരെന്നെ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വംശസ്ഥം

ഗണിച്ചിടാതേ മുനിയായൊരെന്നെ നീ
നിനച്ചിടുന്നേവനെയേകതാനയായ്‌
സ്മരിച്ചിടാ നിന്നെയവന്‍, കഥിക്കിലും
ഭ്രമിച്ചവന്‍ പൂര്‍വ്വകൃതാം കഥാമിവ.

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍, കൃതി : ശാകുന്തളം തര്‍ജ്ജമ

ശ്ലോകം 1056 : സമക്ഷമായ്ക്കാണുകിലെന്നപോലെ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വംശസ്ഥം

സമക്ഷമായ്ക്കാണുകിലെന്നപോലെ ഞാന്‍
സമാധിമൂലം സുഖമാര്‍ന്നിരിക്കവേ
ഭ്രമം കളഞ്ഞെന്തിനു ചിത്രമാക്കി നീ
ചമച്ചു വീണ്ടും കമലായതാക്ഷിയെ?

കവി : എ.ആര്‍. , കൃതി : ശാകുന്തളം

ശ്ലോകം 1057 : ഭൂരിപൂക്കള്‍ വിടരുന്ന...

ചൊല്ലിയതു്‌ : ജീവി
വൃത്തം : രഥോദ്ധത

ഭൂരിപൂക്കള്‍ വിടരുന്ന പൊയ്കയും
തീരവും വഴികളും തരുക്കളും
ചാരുപുല്‍ത്തറയുമോര്‍ത്തിടുന്നതിന്‍--
ചാരെ നാമെഴുമെഴുത്തുപള്ളിയും.

കവി : കുമാരനാശാന്‍, കൃതി : നളിനി

ശ്ലോകം 1058 : ചിന്തിച്ചിടുന്നെളിമ കണ്ടു...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : വസന്തതിലകം

ചിന്തിച്ചിടുന്നെളിമ കണ്ടു ചവിട്ടിയാഴ്ത്താന്‍
ചന്തത്തിനായ്‌ സഭകളില്‍പ്പറയുന്നു ഞായം
എന്തോര്‍ക്കിലും കപടവൈഭവമാര്‍ന്ന ലോകം
പൊന്തുന്നു, സാധുനിര താണു വശം കെടുന്നു

കവി : കുമാരനാശാന്‍ , കൃതി : ഒരു തീയക്കുട്ടിയുടെ വിചാരം

ശ്ലോകം 1059 : എന്നല്ലയാംഗലകലാലയ...

ചൊല്ലിയതു്‌ : ജീവി
വൃത്തം : വസന്തതിലകം

എന്നല്ലയാംഗലകലാലയ ക്ല്പ്തവിദ്യ--
യൊന്നെന്നിയുന്നതി വരാനിഹ മാര്‍ഗ്ഗമില്ല;
എന്നാല്‍ പഠിക്കവതിനോ ധനമേറെവേണ--
മിന്നോര്‍ക്കില്‍ നിസ്വരിഹ നമ്മുടെ കൂട്ടരെല്ലാം.

കവി : കുമാരനാശാന്‍, കൃതി : ഒരു തീയക്കുട്ടിയുടെ വിചാരം

ശ്ലോകം 1060 : ഏറെക്കൌതുകമുള്ളൊരേണമിഴിയാള്‍...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഏറെക്കൌതുകമുള്ളൊരേണമിഴിയാള്‍ താംബൂല ഗര്‍ഭാസ്യയായ്‌
കാറൊക്കും കുഴല്‍ പിന്‍പുറത്തഴകിലിട്ടമ്പോടെഴും പോലവേ
പാരം ബാലദിനേശ ഗര്‍ഭമുഖിയായ്‌ ശോണാധരത്തോടു നല്‍--
സ്വൈരം പ്രാചി വിളങ്ങിടുന്നു തിമിരക്കൂട്ടങ്ങള്‍ കാട്ടാതഹോ!

കവി : വെണ്മണി മഹന്‍ , കൃതി : കാമതിലകം ബാണം

ശ്ലോകം 1061 : പ്രദോഷദീപാവലി...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

പ്രദോഷദീപാവലി കണ്ടുകൊണ്ടു
പാശ്ചാത്യഭൂഭാഗമണഞ്ഞ സൂര്യന്‍
പ്രഭാതദീപാവലി കണ്ടുകൊണ്ടു
പൌരസ്ത്യദേശത്തെയണഞ്ഞു വീണ്ടും.

കവി : കുറ്റിപ്പുറത്തു കേശവന്‍ നായര്‍, കൃതി : ഗ്രാമീണകന്യക

ശ്ലോകം 1062 : പ്രണിഹിതമണിനൂപുരാങ്ഘൃ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : പുഷ്പിതാഗ്ര

പ്രണിഹിതമണിനൂപുരാങ്ഘൃപദ്മാ--
മനുപമകാന്തിഝരീപരീതഗാത്രീം
ജനനയനസുധാം, ത്രപാനുരാഗ--
ക്ഷണനതമുഗ്‌ദ്‌ധമുഖീം, ദദര്‍ശ സീതാം.

കവി : പുനം നമ്പൂതിരി, കൃതി : രാമായണം ചമ്പു

ശ്ലോകം 1063 : ജന്തൂനാം നരജന്മ...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ജന്തൂനാം നരജന്മ ദുര്‍ലഭ, മതഃ പുംസ്ത്വം, തതോ വിപ്രതാ,
തസ്മാദ്‌ വൈദികധര്‍മമാര്‍ഗപരതാ, വിദ്വത്ത്വമസ്മാത്‌പരം,
ആത്മാനാത്മവിവേചനം സ്വനുഭവോ ബ്രഹ്മാത്മനാ സംസ്ഥിതിര്‍--
മുക്തിര്‍നോ ശതകോടി ജന്മസുകൃതൈഃ പുണ്യൈര്‍ വിനാ ലഭ്യതേ

കവി : ശങ്കരാചാര്യര്‍, കൃതി : വിവേകചൂഡാമണി

ശ്ലോകം 1064 : ആദൌ ദേവകി ദിവ്യഗര്‍ഭജനനം...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ആദൌ ദേവകിദിവ്യഗര്‍ഭജനനം, ഗോപീഗൃഹേ വര്‍ത്തനം,
മായാപൂതന ജീവിതാപഹരണം, ഗോവര്‍ദ്ധനോദ്ധാരണം,
കംസശ്ചേദിപകൌരവാദിനിധനം, കുന്തീസുതാപാലനം,
ഏവം ഭാഗവതം പുരാണകഥിതം ശ്രീകൃഷ്ണലീലാമൃതം.

ശ്ലോകം 1065 : കണ്ട പണ്ടമഖിലം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : കുസുമമഞ്ജരി

കണ്ട പണ്ടമഖിലം കലര്‍ന്നഴിയുമിങ്ങുകണ്ണിലതില്‍നിന്നുതാ--
നണ്ഡപിണ്ഡമഖിലം വിരിഞ്ഞുവരുമെന്നുമൊന്നുമറിയാതഹോ!
പണ്ടുപണ്ടുപരി ചെയ്ത പാപനിരപറ്റിനിന്നു പതറിക്കുമി--
ക്കണ്ടകശ്ശനിയൊഴിച്ചു നീ സപദി കാത്തുകൊള്‍ക പരദൈവമേ!

കവി : കുമാരനാശാന്‍, കൃതി : ശാംകരശതകം

ശ്ലോകം 1066 : പീലി ചാര്‍ത്തിയൊരു കുന്തളം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : കുസുമമഞ്ജരി

പീലി ചാര്‍ത്തിയൊരു കുന്തളം, വടിവിലാടിടും മകരകുണ്ഡലം,
ചാലില്‍ മുത്തിഴകള്‍, വന്യമാല, കളഭാദി ചേര്‍ന്ന പുതുസൌരഭം,
കാലില്‍ നല്‍ത്തളകള്‍, പൊന്നിടഞ്ഞ തുകില്‍, പിന്നെ മീതെയരഞ്ഞാണുമീ-
ച്ചേലില്‍ രാസനടനം തുടര്‍ന്ന തവ മൂര്‍ത്തി പേര്‍ത്തുമിവനോര്‍ത്തിടാം

കവി : സി. വി. വാസുദേവഭട്ടതിരി, കൃതി : നാരായണീയം തര്‍ജ്ജമ (69:1)

ശ്ലോകം 1067 : കേശപാശധൃത...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : കുസുമമഞ്ജരി

കേശപാശധൃതപിഞ്ഛികാവിതതി സഞ്ചലന്മകരകുണ്ഡലം
ഹാരജാല വനമാലികാലുളിതമംഗരാഗ ഘനസൌരഭം
പീതചേലധൃതകാഞ്ചികാഞ്ചിദമുദഞ്ചദംശു മണിനൂപുരം
രാസകേളി പരിഭൂഷിതം തവ ഹി രൂപമീശ കലയാമഹേ!

കവി : മേല്‍പ്പത്തൂര്‍, കൃതി : നാരായണീയം (69:1)

ശ്ലോകം 1068 : പിച്ചനെല്ലവിലിടിച്ചു...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : കുസുമമഞ്ജരി

പിച്ചനെല്ലവിലിടിച്ചുകെട്ടിയ പഴന്തുണിക്കിഴിയുമേന്തിയ--
ന്നച്യുതന്റെ തിരുമുന്‍പില്‍ വന്നവനിരന്നതില്ല ധനമെങ്കിലും
അച്ഛസൌഹൃദമുറച്ച ഭക്തിയിലണച്ചു വേണ്ടവിഭവങ്ങള്‍ നി--
ന്നിച്ഛ തുച്ഛതരമര്‍ഹനെങ്കിലരുളാത്തതില്ല കരുണാകരന്‍

കവി : വി.കെ.ജി

ശ്ലോകം 1069 : ആഴി തന്നിലുരഗേശനായ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : കുസുമമഞ്ജരി

ആഴി തന്നിലുരഗേശനായ മണിമെത്തമേലഴകിനോടു ചേര്‍--
ന്നേഴുരണ്ടുലകമന്‍പില്‍ നേത്രമുന കൊണ്ടു കാത്തു കലിതാദരം
ചൂഴുമുള്ള മുനിദേവജാതി പുകഴുന്നതും പരിചിനോടു കേ--
ട്ടാഴിമാതിനൊടു കൂടിയുള്ള കളി കോലുമീശ്വരമുപാസ്മഹേ!

കവി : പൂന്താനം, കൃതി : പാര്‍ത്ഥസാരഥീസ്തവം

ശ്ലോകം 1070 : ചെമ്പരുത്തിനിറം വഹിക്കും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മല്ലിക

ചെമ്പരുത്തിനിറം വഹിക്കുമഹര്‍മ്മുഖത്തെയടുത്തു ക--
ണ്ടമ്പരന്നതുപോലെ പാഞ്ഞൊഴിയുന്നു കൂരിരുള്‍ ദൂരവേ;
വമ്പനാം തവ രോഷരൂഷിതമായ്ച്ചമഞ്ഞ മുഖത്തെയുള്‍--
ക്കമ്പമേറിടുമാറു കാണുമരാതിസേനകണക്കിനേ.

കവി : വള്ളത്തോള്‍, കൃതി : ചിത്രയോഗം

ശ്ലോകം 1071 : വേണുനാദകൃത...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : കുസുമമഞ്ജരി

വേണുനാദകൃതതാനഗാനകളഗാനരാഗഗതിയോജനാ-
ലോഭനീയമൃദുപാദപാതകൃതതാളമേളനമനോഹരം
പാണിസംക്വണിതകങ്കണം ച മുഹുരംസലംബിതകരാംബുജം
ശ്രോണിബിംബചലദംബരം ഭജത രാസകേളിരസഡംബരം

കവി : മേല്‍പ്പത്തൂര്‍, കൃതി : നാരായണീയം (69:4)

ശ്ലോകം 1072 : പുണ്യമായ ഭഗവത്‌കഥാമൃതം...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : കുസുമമഞ്ജരി

"പുണ്യമായ ഭഗവത്‌കഥാമൃതമൊഴിഞ്ഞിനിക്കലിയുഗത്തിലീ
മന്നിടത്തിലുടലാര്‍ന്നവര്‍ക്കു വഴിയില്ല മോക്ഷപദമേറുവാന്‍.
അന്നു ഭാഗവതവും നരന്നു ഹിതമാകയില്ല രതിയെന്നിയേ"
യെന്നു ഗോപികളെ വെന്ന കണ്ണനരുളട്ടെയിന്നിവനു വാഗ്മിത.

കവി : രാജേഷ്‌ വര്‍മ്മ

ശ്ലോകം 1073 : ആരിതിന്നൊരുവനര്‍ത്ഥി...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : കുസുമമഞ്ജരി

ആരിതിന്നൊരുവനര്‍ത്ഥി? യെന്തു പകരം തനിക്കൊരുപകാരവും
വാരിദങ്ങള്‍ മഴപെയ്തഥാപി സുഖമേകിടുന്നിഹ ശരീരിണാം
"മാരി പെയ്യു"മൊരു ഗീരിവണ്ണമുരചെയ്കയാല്‍ ഗണകനേകനി--
പ്പാരിനേ വില കൊടുത്തു വാങ്ങിയതു പോല്‍ നിനപ്പതതിദുസ്സഹം!

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍, കൃതി : അന്യാപദേശശതകം തര്‍ജ്ജമ

ശ്ലോകം 1074 : മുത്തണിഞ്ഞകുട ചാമരം...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : കുസുമമഞ്ജരി

മുത്തണിഞ്ഞകുട ചാമരം തഴ നിറം കലര്‍ന്നു, പല വാദ്യവും
പത്തുനൂറു യുവസുന്ദരാംഗികള്‍ വിളക്കെടുത്തു പുറകേ മുദാ
ഭക്തിപൂണ്ടു പദപങ്കജം തൊഴുതു ലോകര്‍ തിങ്ങിയുടനെങ്ങുമേ
ചിത്രമേ തിരുവനന്തനല്‍പ്പുരമമര്‍ന്ന ശീവെലിമഹോത്സവം.

കവി : കുഞ്ചന്‍ നമ്പ്യാര്‍

ശ്ലോകം 1075 : ഭൂഷണേഷു കില ഹേമവത്‌...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : കുസുമമഞ്ജരി

ഭൂഷണേഷു കില ഹേമവ, ജ്ജഗതി മൃത്തികാവദഥവാ ഘടേ,
തന്തുജാലവദഹോ പടേഷ്വപി ച, രാജിതാദ്വയരസാത്മകം
സര്‍വ്വസത്ത്വഹൃദയൈകസാക്ഷിണ, മിഹാതിമായനിജവൈഭവം,
ഭാവയാമി ഹൃദയേ ഭവന്തമിഹ പദ്മനാഭ പരിപാഹി മാം.

കവി : സ്വാതി തിരുനാള്‍

ശ്ലോകം 1076 : സോമകോടിസമധാമകഞ്ചുകില...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : കുസുമമഞ്ജരി

സോമകോടിസമധാമകഞ്ചുകിലലാമമഞ്ചതലമാസ്ഥിതം
ശ്യാമതാമരസദാമകോമളരമാദൃഗഞ്ചിതകരാഞ്ചലം
കാമദായകമമോഘമേഘകുലകാമനീയകഹരം പരം
സാമജാമയഹരം ഹരിം സ മുനിരാനനാമ വനമാലിനം.

കവി : അശ്വതി തിരുനാള്‍, കൃതി : പൌണ്ഡ്രകവധം

ശ്ലോകം 1077 : കുന്തളാവലി വിയര്‍ത്ത...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : കുസുമമഞ്ജരി

കുന്തളാവലി വിയര്‍ത്ത പൂങ്കവിളില്‍ മിന്നിയും, കുളുര്‍മുലക്കുടം
ചന്തമോടു നടമാടിയും, പൃഥുനിതംബമണ്ഡലമുലഞ്ഞുമേ,
ചെന്തളിര്‍ത്തനു തളര്‍ന്നിടും പടി, സലീലമദൃജ നിജാന്തികേ
പന്തടിക്കെ, നിടിലാക്ഷനാര്‍ന്ന പുളകം നമുക്കരുള്‍ക മംഗളം!

കവി : വള്ളത്തോള്‍, കൃതി : വിലാസലതിക (വന്ദനശ്ലോകം)

ശ്ലോകം 1078 : ചാഞ്ഞിങ്ങു നീര്‍ തൊട്ടു...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഇന്ദ്രവജ്ര

ചാഞ്ഞിങ്ങു നീര്‍ തൊട്ടു കിടന്നിടുന്ന
വന്‍പാറമേല്‍ ശാന്തസരിത്പ്രവാഹം
ആ മന്ദ്രശബ്ദത്തൊടു ചെന്നലയ്ക്കെ
ചിന്നുന്നു നീര്‍ത്തുള്ളി പളുങ്കുപോലെ

കവി : വള്ളത്തോള്‍

ശ്ലോകം 1079 : അന്തിച്ചുകപ്പംബരമാം...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

അന്തിച്ചുകപ്പംബരമാം വനത്തില്‍--
ച്ചെന്തീപടര്‍ന്നുള്ളതുപോലെ കാണായ്‌
ജഗത്തശേഷം ചരമാര്‍ക്കകാന്തി--
പ്രദീപ്തിയാല്‍ ഭാസുരമായ്‌ വിളങ്ങി

ശ്ലോകം 1080 : ജോലിക്കു വയ്ക്കുമവരൊക്കെ...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : വസന്തതിലകം

ജോലിക്കു വയ്ക്കുമവരൊക്കെ വിവാഹിതന്മാ--
രാവേണമെന്നൊരു നിബന്ധനയെന്തിനെന്നോ?
ചെറ്റൊച്ചവച്ചു പഴിചൊല്ലുവതെന്റെ ശീലം
കെട്ടാത്തവര്‍ക്കതു പൊറുക്കുക ശീലമാകാ.

കവി : ബാലേന്ദു

ശ്ലോകം 1081 : ചൂടേറ്റിട്ടൊട്ടു ഞെട്ടറ്റലര്‍നിരയെ...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : സ്രഗ്ദ്ധര

ചൂടേറ്റിട്ടൊട്ടു ഞെട്ടറ്റലര്‍നിരയെ മദിച്ചാന ഗണ്ഡങ്ങള്‍ തേച്ചി--
ട്ടാടുമ്പോഴാശു ഗോദാവരിയിലിഹ പൊഴിക്കുന്നു തീരദ്രുമങ്ങള്‍;
കൂടേറി പ്രാവു പൂങ്കോഴികള്‍ കരയുമിവറ്റിന്റെ തോലില്‍ ചരിക്കും
കീടത്തെച്ചെന്നു കൊത്തുന്നിതു നിഴലിലിരുന്നൂഴി മാന്തും ഖഗങ്ങള്‍.

കവി : ചാത്തുക്കുട്ടി മന്നാടിയാര്‍, കൃതി : ഉത്തരരാമചരിതം

ശ്ലോകം 1082 : കോഴി,യാടു മുതലായ...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : കുസുമമഞ്ജരി

കോഴി,യാടു മുതലായ ജന്തുനിരയെപ്പിടിച്ചു കൃപയെന്നിയേ
പാഴില്‍ വെട്ടുവതു കൊണ്ടു ദേവിയുടെ നല്‍പ്രസാദമുളവാകിലോ
ഊഴി തന്നില്‍ നിജപുത്രസന്തതിവധത്തിനാല്‍ ജനനിയായിടും
കേഴമാന്മിഴിയിലും ഭവിക്കുമതിയായ മോദമതു നിര്‍ണ്ണയം

കവി : കെ സി കേശവപിള്ള, കൃതി : സുഭാഷിതരത്നാകരം

ശ്ലോകം 1083 : ഉദയതി ശശിബിംബം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മാലിനി

ഉദയതി ശശിബിംബം കാന്തമന്തിച്ചുവപ്പില്‍;
പരമപി രവിബിംബം ചെന്റിതസ്തം പ്രയാതി;
ഉഭയമിതമുരുമ്മിക്കൂടുകില്‍ക്കുങ്കുമാര്‍ദ്രം
കുചയുഗമുപമിക്കാം നൂനമച്ചീസുതായാഃ.

, കൃതി : ചെറിയച്ചീവര്‍ണനം

ശ്ലോകം 1084 : ഉദ്യോഗസ്ഥകരത്തിലാണു...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഉദ്യോഗസ്ഥകരത്തിലാണു ഭരണം സര്‍വ്വം നിയന്ത്രിക്കുമാ
കേമന്‍ മന്ത്രിവശംഗതന്‍, മഹിതനാ നേതാവു കൂറുള്ളവന്‍
ഹാ! വമ്പെന്തിതിലേറെ വേണമിവിടെപ്പൂര്‍ണ്ണം ജനായത്തമെ--
ന്നേവം കണ്ണുമടച്ചിരിപ്പു സതതം വോട്ടും കൊടുത്തിട്ടു നാം!

കവി : ബാലേന്ദു

ശ്ലോകം 1085 : ഹാ കഷ്ടം, നരജീവിതം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഹാ കഷ്ടം! നരജീവിതം ദുരിത, മീ ശോകം മറക്കാന്‍ സുഖോ-
ദ്രേകം ചീട്ടുകളിക്കയാം ചിലര്‍, ചിലര്‍ക്കാകണ്‌ഠപാനം പ്രിയം,
മൂകം മൂക്കിനു നേര്‍ക്കു കാണ്മു ചിലരിന്നേകം ശിവം സുന്ദരം,
ശ്ലോകം ചൊല്ലിയിരിപ്പു ഞങ്ങള്‍ ചില, രീ ലോകം വിഭിന്നോത്സവം !

കവി : വെയിലോപ്പിള്ളി

ശ്ലോകം 1086 : മായാരണത്തില്‍ വളരെ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തതിലകം

മായാരണത്തില്‍ വളരെബ്‌ഭടര്‍ ചേര്‍ന്നു തീവ്ര--
വ്യായാമനാകുമനിരുദ്ധനെ വെന്നശേഷം
ധീയാര്‍ന്ന ബാണസചിവേന്ദ്രനുഷാഗൃഹത്തില്‍--
പ്പോയാന്‍, തദീയസഖി ചെന്നറിയിക്ക മൂലം.

കവി : വള്ളത്തോള്‍, കൃതി : ബന്ധനസ്ഥനായ അനിരുദ്ധന്‍

ശ്ലോകം 1087 : ധിക്‌ പാണ്ഡുപുത്രചരിതം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തതിലകം

ധിക്‌ പാണ്ഡുപുത്രചരിതം സ്ഥവിരപ്രമാണം
ബാലപ്രമാണമപി കഷ്ടമഹോ വിനഷ്ടം!
രേ, ധര്‍മ്മജ! ദ്രുപദജാമപി പൃച്ഛ കാര്യം;
നാരീപ്രമാണമപി തേऽസ്ത്വിഹ രാജ്യതന്ത്രം!

കവി : മേല്‍പ്പത്തൂര്‍, കൃതി : രാജസൂയം ചമ്പു

ശ്ലോകം 1088 : രോമാഞ്ചയന്‍ ഗോഭിരഹോ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

രോമാഞ്ചയന്‍ ഗോഭിരഹോ സചേതസഃ
പുരശ്ച പശ്ചാച്ഛ സമന്തതോ ജനാന്‍
ഗീതാഞ്ജലേര്‍ഗായക ഏഷ ദൃശ്യതേ
സചക്ഷുഷഃ സ്മഃ സശരല്‍സഖോ രവിഃ.

കവി : കുമാരനാശന്‍, കൃതി : സ്വാഗതപഞ്ചകം

ശ്ലോകം 1089 : ഗതം തിരശ്ചീനം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വംശസ്ഥം

ഗതം തിരശ്ചീനമനൂരുസാരഥേഃ
പ്രസിദ്ധമൂര്‍ദ്ധ്വജ്വലനം ഹവിര്‍ഭുജഃ
പതത്യധോ ധാമ വിസാരി സര്‍വ്വതഃ
കിമേതദിത്യാകുലമീക്ഷിതം ജനൈഃ

കവി : മാഘന്‍, കൃതി : ശിശുപാലവധം (മാഘം) (1:2)

ശ്ലോകം 1090 : പ്രീഡിഗ്രി കൊണ്ടു ഗുണമില്ലിനി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തതിലകം

പ്രീഡിഗ്രി കൊണ്ടു ഗുണമില്ലിനി ബീയെയായാല്‍
ബീയെഡ്ഡു വേണ, മിനിയെംഫിലതെമ്മെയായാല്‍,
ക്ലാസോടു കൂടി വിജയിക്കിലുമിന്നു വേണം
ലേശം ധനം പകിടിയോ പിഴയോ കൊടുക്കാന്‍.

കവി : ഏവൂര്‍ പരമേശ്വരന്‍

ശ്ലോകം 1091 : കണ്ഠേ വിഷം ഭഗവതോ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തതിലകം

കണ്ഠേ വിഷം ഭഗവതോ മമ തോഴ, ചിത്തേ
ചിന്താവിഷം നിഹിത, മെങ്ങളിലേഷ ഭേദഃ;
കന്ദര്‍പ്പനോടു പകയാം, കുളുര്‍തിങ്കള്‍ ചൂടാം,
അപ്പാച്ചിയെപ്പിരികില്‍ ഞാന്‍ പരമേശതുല്യഃ

കൃതി : ലീലാതിലകം

ശ്ലോകം 1092 : കണ്ണിമയ്പിലഴിയും പ്രപഞ്ചം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : കുസുമമഞ്ജരി

കണ്ണിമയ്പിലഴിയും പ്രപഞ്ചമിതു കണ്ടു കണ്ടു മുഷിയുന്നൊര--
ക്കണ്ണില്‍നിന്നു കരകേറി വന്നു കഴലേറി നിന്നു കളിയാടുവാന്‍
കണ്ണുവച്ചു കരയുന്നു വന്നു കലിവേടനാടലിടചേരുമ--
ക്കണ്ണിവച്ചു പിടിപെട്ടു തിന്നുകളയാതെ കാത്തരുള്‍ക ദൈവമേ!

കവി : കുമാരനാശാന്‍, കൃതി : ശാംകരശതകം

ശ്ലോകം 1093 : കദാചന വ്രജശിശുഭിഃ...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : അതിരുചിര

കദാചന വ്രജശിശുഭിഃ സമം ഭവാന്‍
വനാശനേ വിഹിതമതിഃ പ്രഗേതരാം
സമാവൃതോ ബഹുതരവത്സമണ്ഡലൈഃ
സതേമനൈര്‍നിരഗമദീശ, ജേമനൈഃ.

കവി : മേല്‍പ്പത്തൂര്‍, കൃതി : നാരായണീയം (51:1)

ശ്ലോകം 1094 : സ്വര്‍ഗ്ഗാതിര്‍ത്തിയതിക്രമിച്ച...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

സ്വര്‍ഗ്ഗാതിര്‍ത്തിയതിക്രമിച്ച യമനെപ്പാകാരി ശാസിച്ചു പോല്‍,
"നില്‍ക്കൂ നിര്‍ത്തു പരാക്രമം തവകൃതം, കേസാക്കുമല്ലെങ്കില്‍ ഞാന്‍";
ചീര്‍ക്കും തന്‍ ചിരിയൊട്ടൊതുക്കി യമനൊന്നാരാഞ്ഞു, "വാദിക്കുവാന്‍
വക്കീലെങ്ങു തവാന്തികേ, സകലരും വന്നുള്ളതിങ്ങോട്ടു താന്‍!"

കവി : ബാലേന്ദു

ശ്ലോകം 1095 : ചേതോഭുവശ്ചാപല...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ഇന്ദ്രവജ്ര

ചേതോഭുവശ്ചാപലതാപ്രസംഗേ
കാ വാ കഥാ മാനുഷലോകഭാജാം?
യദ്ദാഹശീലസ്യ പുരാം വിടേതു--
സ്തഥാവിധം പൌരുഷമര്‍ദ്ധമാസീത്‌.

കവി : കാളിദാസന്‍

ശ്ലോകം 1096 : യാദവര്‍ക്കു കുരു...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : രഥോദ്ധത

യാദവര്‍ക്കു കുരു പാണ്ഡവാദിയില്‍
ഭേദമെന്തു നിരുപിച്ചു കാണുകില്‍
മോദമോടിവിടെയാരു മുമ്പില്‍വ--
ന്നാദരിക്കുമവരോടു ചേരണം

കവി : നടുവത്തച്ഛന്‍, കൃതി : ഭഗവദ്ദൂതു്‌

ശ്ലോകം 1097 : മരങ്ങള്‍ തന്മേല്‍...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

മരങ്ങള്‍ തന്മേല്‍ ചില കൂരിയാറ്റ--
ക്കൂടുണ്ടു ചന്തത്തൊടു തൂങ്ങി നില്‍പ്പൂ
ശിരസ്സു കീഴായ്‌ നിലകൊള്ളുമുഗ്ര--
തപസ്വിമാര്‍ തന്‍ ജടയെന്നപോലെ

കവി : വള്ളത്തോള്‍

ശ്ലോകം 1098 : ശിശുക്കള്‍ തന്‍ പുഞ്ചിരി...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

ശിശുക്കള്‍ തന്‍ പുഞ്ചിരി പോലെനിക്കു
ചിത്തം കുളിര്‍പ്പിപ്പൊരു കൊച്ചു പൂവേ!
വെണ്‍തിങ്കള്‍ രാകും പൊടികൊണ്ടു തീര്‍ത്തൂ
വേധസ്സു നിന്മെ, യ്യതിനില്ല വാദം.

കവി : ഉള്ളൂര്‍, കൃതി : തുമ്പപ്പൂവ്‌

ശ്ലോകം 1099 : വാല്‌മീകിയ്ക്കു നിഷാദബാണമിണയെ...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വാല്‌മീകിയ്ക്കു നിഷാദബാണമിണയെപ്പൊള്ളിച്ച ദുഃഖാഗ്നിയായ്‌
വ്യാസന്നന്ത്യരണാങ്കണത്തിലിളയെപ്പാലിച്ച ധര്‍മ്മോക്തിയായ്‌,
ദാസന്നാത്മസുഗന്ധമായ കലയെക്കാണിച്ചവാഗ്രൂപമായ്‌
ഭാസിയ്ക്കുന്ന വരിഷ്ഠവൃത്തരുചിരശ്ലോകങ്ങളേ വാഴുക!

കവി : പി. എന്‍. വിജയന്‍ , കൃതി : ശ്ലോക സ്തോത്രപഞ്ചകം

ശ്ലോകം 1100 : ദാനം ചെയ്തിട്ടു വീണ്ടും...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : സ്രഗ്ദ്ധര

ദാനം ചെയ്തിട്ടു വീണ്ടും സുകൃതഫലമിരട്ടിച്ച കര്‍ണ്ണന്റെ യാത്രാ--
ദാനം വാങ്ങിച്ച വൃദ്ധദ്വിജനമിതരസം പൂണ്ടു തുള്ളിത്തുടങ്ങീ
താനമ്പോ മട്ടുമാറി, ച്ചെറുതിടയൊഴിവായ്ക്കണ്ട പാര്‍ഥന്റെ സൂത--
സ്ഥാനം ചാടിക്കരേറീ, പടനടുവിലുടന്‍ പാഞ്ചജന്യം മുഴങ്ങീ

കവി : വി. കെ. ജി.

ശ്ലോകം 1101 : തുഞ്ചത്താചാര്യഭാഷാ...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

തുഞ്ചത്താചാര്യഭാഷാകളമൊഴി, മലയാളാംബികേ കുമ്പിടുന്നേന്‍
കുഞ്ചന്‍ നമ്പ്യാര്‍ക്കു നര്‍മ്മോജ്വലകവനകരീ കൈരളീ കൈതൊഴുന്നേന്‍
നിന്‍ ചന്തം ചിന്തിടും വാങ്മയതനുവനിശം നെഞ്ചിലെന്‍ പിഞ്ചുഹൃത്താം
മഞ്ചം തഞ്ചത്തിലേറിസ്സരസകളകളം കൊഞ്ചിടാന്‍ കെഞ്ചിടുന്നേന്‍.

കവി: കൃഷ്ണന്‍ കുത്തുള്ളി, കൃതി : നാല്‍ക്കാലിപ്രേമം

ശ്ലോകം 1102 : ന ചോരഹാര്യം...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

ന ചോരഹാര്യം ന ച രാജഹാര്യം
ന ഭ്രാതൃഭാജ്യം ന ച ഭാരകാരീ
വ്യയേ കൃതേ വര്‍ധത ഏവ നിത്യം
വിദ്യാധനം സര്‍വധനാത്‌ പ്രധാനം

കവി : ഭാമിനി, കൃതി : സഭാതരംഗിണി

ശ്ലോകം 1103 : വിഡ്ഢിത്തമേതുമൊരു...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : വസന്തതിലകം

വിഡ്ഢിത്തമേതുമൊരു പെണ്ണിനു പറ്റുകില്ലെ--
ന്നൊട്ടും ധരിച്ചുമിവനൊട്ടു കഥിച്ചുമില്ല;
കട്ടായമിങ്ങു പുരുഷന്നു ശരിക്കിണങ്ങും
മട്ടാണു ദൈവമവളെപ്പണിചെയ്തു മുന്നം.

കവി : ബാലേന്ദു

ശ്ലോകം 1104 : കഷ്ടിച്ചൊട്ടറിയാന്‍ തുടങ്ങിയ...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കഷ്ടിച്ചൊട്ടറിയാന്‍ തുടങ്ങിയ മുതല്‍ക്കുണ്ടായി ക്ലേശങ്ങളും
കഷ്ടപ്പാടുകളും സഹിച്ചൊരുവിധം മുമ്പോട്ടു നീങ്ങീടവേ
കഷ്ടം, ഹാ തകിടം മറിഞ്ഞൊരധികപ്പറ്റായി പിന്നീടു ഞാ--
നൊട്ടും മേ കരുതാത്തതാണു വിധിതാന്‍ തെറ്റല്ല പറ്റിച്ചതും.

കവി : പി. എന്‍. എസ്‌. നമ്പൂതിരി , കൃതി : നീക്കിയിരിപ്പു്‌

ശ്ലോകം 1105 : കണ്ടീ വിപത്തഹഹ...

ചൊല്ലിയതു്‌ : ജീവി
വൃത്തം : വസന്തതിലകം

കണ്ടീ വിപത്തഹഹ! കല്ലലിയുന്നിതാടല്‍--
കൊണ്ടാശു ദിങ്മുഖവുമിങ്ങനെ മങ്ങിടുന്നു
തണ്ടാര്‍സഖന്‍ ഗിരിതടത്തില്‍ വിവര്‍ണ്ണനായ്‌ നി--
ന്നിണ്ടല്‍പ്പെടുന്നു, പവനന്‍ നെടുവീര്‍പ്പിടുന്നു.

കവി : കുമാരനാശാന്‍, കൃതി : വീണപൂവ്‌

ശ്ലോകം 1106 : തായംകാവില്‍ കരിങ്കല്‍പ്പടിയില്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

തായംകാവില്‍ കരിങ്കല്‍പ്പടിയിലിവനിടം കയ്യടിച്ചും, വലങ്കൈ--
ത്താളം തെറ്റാതുരുട്ടാനനവധിദിവസം മുട്ടിവേറിട്ടടിച്ചും
മേളക്കയ്യാലരങ്ങത്തൊരുദിനമിവനും കൊട്ടവേ ചെറ്റുമില്ലാ--
തായീതായം പകച്ചോരിവനെയനുദിനം ചെണ്ടകൊട്ടിയ്ക്കയല്ലോ!

കവി : വടക്കുമ്പാട്‌ നാരായണന്‍ , കൃതി : ചെണ്ട

ശ്ലോകം 1107 : മേല്‍പ്പറ്റിടും പൊടിയഴുക്കു...

ചൊല്ലിയതു്‌ : ജീവി
വൃത്തം : വസന്തതിലകം

മേല്‍പ്പറ്റിടും പൊടിയഴുക്കു മെഴുക്കുനാറ്റം
വേര്‍പ്പെന്നു തൊട്ടവകളഞ്ഞതിശുദ്ധയാക്കി
വായ്പ്പേറിടും തനുസുഖം മനുജര്‍ക്കുചേര്‍പ്പാന്‍
സോപ്പേ നിനക്കു ശരി വാസനയേതിനുള്ളു?

ശ്ലോകം 1108 : വന്‍ പോരതില്‍ക്കൊടിയ...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : വസന്തതിലകം

വന്‍ പോരതില്‍ക്കൊടിയ ദാരികഹത്യ ചെയ്തി--
ട്ടന്‍പോടു പാട്ടുപുര തന്നിലമര്‍ന്ന ദേവീ!
വന്‍ പാപമാര്‍ത്തി ദുരിതാദികളൊക്കെ നീങ്ങാന്‍
നിന്‍പാദഭക്തി തുണയിന്നുലകത്തിലമ്മേ.

കവി : ബാലേന്ദു

ശ്ലോകം 1109 : വാനാറ്റിന്‍മട്ടുവായ്ക്കും...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം :

വാനാറ്റിന്‍മട്ടുവായ്ക്കും ജലഗുണമുടയോരേതൊരാറ്റില്‍ക്കുളിയ്ക്കാന്‍
നാനാരാജ്യത്തുനിന്നും പലനരര്‍ പതിവായിട്ടു വന്നെത്തി മേവും
ഞാനാ നല്ലാലുവായില്‍ പുഴയുടെയരികത്താണു പാര്‍പ്പെങ്കിലും മേ
സ്നാനാര്‍ത്ഥം കാഞ്ഞവെള്ളം വിഹിതമിതിനുമേലെന്തു നിര്‍ഭാഗ്യമുള്ളൂ?

കവി : വള്ളത്തോള്‍ , കൃതി : ഡയറി

ശ്ലോകം 1110 : ഞെട്ടറ്റു നീ മുകളില്‍...

ചൊല്ലിയതു്‌ : ജീവി
വൃത്തം : വസന്തതിലകം

ഞെട്ടറ്റു നീ മുകളില്‍ നിന്നു നിശാന്തവായു
തട്ടിപ്പതിപ്പളവുണര്‍ന്നവര്‍ താരമെന്നോ
തിട്ടം നിനച്ചു മലരേ ബത! ദിവ്യഭോഗം
വിട്ടാശു ഭൂവിലടിയുന്നൊരു ജീവനെന്നോ.

കവി : കുമാരനാശാന്‍ , കൃതി : വീണപൂവു്‌

ശ്ലോകം 1111 : തന്ത്രിക്കേറ്റമടുത്തുപാസന...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

തന്ത്രിക്കേറ്റമടുത്തുപാസന നടത്താം, നിന്നെ വന്ദിക്കുവാന്‍
മന്ത്രിക്കിത്തിരി മാറിനില്‍ക്കണ,മയാള്‍ തന്ത്രജ്ഞനാണെങ്കിലും
മന്ത്രിക്കുന്നു മനം കുറുംകവിത ദൂരാല്‍ക്കൂപ്പുമീയെന്നിലെ--
ത്തന്ത്രിക്കമ്പനമെന്റെ കൃഷ്ണ! ഗുരുവായൂരപ്പ! നീയാകണേ!

കവി : കരിമ്പുഴ രാമചന്ദ്രന്‍ , കൃതി : ശ്രീകൃഷ്ണ വാങ്മയം

ശ്ലോകം 1112 : മെച്ചം കൂടുന്ന കച്ചേരികളുടെ...

ചൊല്ലിയതു്‌ : ജീവി
വൃത്തം : സ്രഗ്ദ്ധര

മെച്ചം കൂടുന്ന കച്ചേരികളുടെ നടുവില്‍ചെന്നു കാല്‍ വച്ചു കാല്‍ മേല്‍
പച്ചപ്പേക്കൂത്തു കാട്ടിച്ചിലതു കശപിശെപ്പേശിയാല്‍തന്നെ പോരാ
പിച്ചക്കാരന്നുമീയുള്ളവനടിമപെടാനുള്ളവന്‍തന്നെയെന്നോര്‍-
ത്തുച്ചത്തില്‍ കൃത്യവര്‍ഗ്ഗങ്ങളെയുടനുടനേ തീര്‍ക്കണം തര്‍ക്കമെന്ന്യേ

കവി : പന്തളം കേരളവര്‍മ്മ

ശ്ലോകം 1113 : പ്രാസത്തിന്നു പദങ്ങളെപ്പലതരം...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പ്രാസത്തിന്നു പദങ്ങളെപ്പലതരം ക്രൂശിച്ചുകൊണ്ടുള്ള വി--
ന്യാസത്തോടെ വലിക്കുനീട്ടിയ വൃഥാസ്ഥൂലപ്രബന്ധോദ്യമം
ഹാ! സദ്യയ്ക്കു വിളിച്ചു പാഴ്ക്കറി വിളമ്പുമ്പോലെ പാരം പരീ--
ഹാസം; പോര വിരുന്നുകാരെയപമാനിക്കുന്നതായും വരാം.

കവി : കൃഷ്ണന്‍ കുത്തുള്ളി

ശ്ലോകം 1114 : ഹാ ധിക്‌ കഷ്ടം കുമാരൌ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : സ്രഗ്ദ്ധര

"ഹാ ധിക്‌ കഷ്ടം കുമാരൌ സുലളിതവപുഷൌ മല്ലവീരൌ കഠോരൌ
ന ദ്രക്ഷ്യാമോ, വ്രജാമസ്ത്വരിത"മിതി ജനേ ഭാഷമാണേ തദാനീം
ചാണൂരം തം കരോദ്‌ഭ്രാമണവിഗളദസും പോഥയാമാസിതോര്‍വ്യാം,
ഭൂന്മുഷ്ടികോ}പി ദ്രുതമഥ ഹലിനാ നഷ്ടശിഷ്ടൈര്‍ദധാവേ

കവി : മേല്‍പ്പത്തൂര്‍, കൃതി : നാരായണീയം (75:7)

ശ്ലോകം 1115 : ചേലൊത്ത പുഷ്പമൊരു...

ചൊല്ലിയതു്‌ : ജീവി
വൃത്തം : വസന്തതിലകം

ചേലൊത്ത പുഷ്പമൊരു ചെന്തളിരില്‍ പതിച്ചാ--
ലല്ലെങ്കില്‍ മുത്തുമണി നല്‍പവിഴത്തില്‍വെച്ചാല്‍,
തൊണ്ടിപ്പഴത്തിനെതിരാം മദിരാക്ഷി തന്റെ
ചുണ്ടില്‍പ്പരക്കുമൊരു പുഞ്ചിരിയോടെതിര്‍ക്കും.

കവി : എ. ആര്‍. രാജരാജവര്‍മ്മ, കൃതി : കുമാരസംഭവം തര്‍ജമ

ശ്ലോകം 1116 : തക്കാളിസൂപ്പിലഥ...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : വസന്തതിലകം

തക്കാളിസൂപ്പിലഥ തൈരുമറിഞ്ഞുവീണാല്‍
പക്കാവടയ്ക്കുപരി വെണ്ണ പരത്തി വച്ചാല്‍
ലിപ്സ്റ്റിക്കു തേച്ചമിതശോണിമയാര്‍ന്നിളിച്ച
ചുണ്ടില്‍പ്പരക്കുമവശം ചിരിയോടു നേര്‍ക്കും

കവി : ബാലേന്ദു, കഴിഞ്ഞ ശ്ലോകത്തിന്റെ ഹാസ്യാനുകരണം.

ശ്ലോകം 1117 : ലീലാലോലേ കദാചിത്ത്വയി...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : സ്രഗ്ദ്ധര

ലീലാലോലേ കദാചിത്ത്വയി ഫലകുലസംചോരണാത്യന്തകുപ്യദ്‌--
ബാലോക്തത്വന്മൃദാശശ്രവണകുപിതയാ പ്രോചിഷേ ത്വം ജനന്യാ
വത്സേഹാത്യന്തകുത്സ്യം ജഗതി മൃദശനം കിം കൃതം ദുര്‍വിനീത
ശ്രുത്വാ തദ്വാചമാസ്യം വികചകമലദേശ്യം ത്വയാശു വ്യദാരി

കവി : മാനവേദരാജ, കൃതി : കൃഷ്ണഗീതി

ശ്ലോകം 1118 : വൈരിവൃന്ദമലിവററുടനേ...

ചൊല്ലിയതു്‌ : ജീവി
വൃത്തം : സ്വാഗത

വൈരിവൃന്ദമലിവററുടനേ മുന്‍--
പൂരിവച്ച മിശിഹായുടെ വസ്ത്രം
താരിലും മിനുസമാം തിരുമെയ്യില്‍
ഭൂരിമാലുയരുമറണിയിച്ചു.

കവി : കട്ടക്കയം ചെറിയാന്‍ മാപ്പിള, കൃതി : ശ്രീയേശുവിജയം

ശ്ലോകം 1119 : താതന്‍ ജയിച്ചങ്ങൊരു...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

താതന്‍ ജയിച്ചങ്ങൊരു മന്ത്രിയാകും
പുത്രന്‍ തുടങ്ങും പല ഗൂഢ തന്ത്രം;
അതാണു നാട്ടില്‍ പതിവായ്‌ നടക്കും
ആദര്‍ശമച്ഛന്നു മകന്‍ മഹീയാന്‍.

കവി : ബാലേന്ദു

ശ്ലോകം 1120 : ആരാ?, ഞാന്‍ ബലഭദ്രസോദരന്‍...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

"ആരാ?", "ഞ്ഞാന്‍ ബലഭദ്രസോദര, നിതെന്‍വീടെന്നു തെറ്റിദ്ധരി--
ച്ചാണെ കേറിയ", "തെങ്കില്‍, നെയ്‌ഭരണിയില്‍കയ്യിട്ടതെന്തിന്നു നീ?"
"കാണാതായൊരു കന്നിനെത്തിരയുവാനാ"ണെന്നു കോപിച്ചൊര--
ഗ്ഗോപിക്കേകിയൊരുത്തരം ഹരി! ഹരിച്ചീടട്ടെയെന്‍മൌഢ്യവും.

കവി : മധുരാജ്‌

ശ്ലോകം 1121 : കണ്ടോരുണ്ടോ? തപശ്ശാന്തത...

ചൊല്ലിയതു്‌ : ജീവി
വൃത്തം : സ്രഗ്ദ്ധര

കണ്ടോരുണ്ടോ? തപശ്ശാന്തത നിറയുമകക്കാമ്പിലേക്കെത്തിനോക്കാ--
റുണ്ടത്രേ, ഗോപിമാര്‍തന്‍സ്മരമഥിതമനസ്സിങ്കലും തങ്ങുമത്രേ;
ഉണ്ടത്രേ നാമമോരായിര, മുപനിഷദുക്തിക്കെഴും യുക്തിയേയും
തിണ്ടാടിപ്പിച്ച മായാവിയെ, യൊരുകുറി കാണിക്കുമോ കാണിനേരം?

കവി : വി. കെ. ജി.

ശ്ലോകം 1122 : ഉന്മേഷത്തൊടു താന്‍ മുറുക്കി...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഉന്മേഷത്തൊടു താന്‍ മുറുക്കിയരികത്തല്‍പ്പം മുറുക്കാനുമായ്‌
ചുമ്മാതേ മണിപത്തടിപ്പതുവരേ മൂടിപ്പുതച്ചങ്ങനെ
ബ്രഹ്മസ്വം മഠമായതിന്റെ പടിയില്‍ പൂര്‍ണ്ണാനുമോദം പര--
ബ്രഹ്മം കണ്ടരുളുന്ന വെണ്മണി മഹന്‍ നമ്പൂരിയെക്കണ്ടു ഞാന്‍

കവി : കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍

ശ്ലോകം 1123 : ബാലാലലാമമണിതന്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തതിലകം

ബാലാലലാമമണിതന്നലസേക്ഷണങ്ങള്‍
നീലാരവിന്ദയുഗളീനിഗളപ്രദങ്ങള്‍;
വേലാതിവര്‍ത്തിരുചിയാമധരോഷ്ഠബിംബം
ലീലാനിരാകൃതജപാകുസുമാവലേപം.

കവി : ഉള്ളൂര്‍, കൃതി : ശിവഗീത

ശ്ലോകം 1124 : വിണ്ണില്‍ക്കണ്ണു പതിച്ചു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വിണ്ണില്‍ക്കണ്ണു പതിച്ചു നില്‍പ്പു ചില, രെന്നാണോ ഫലം കിട്ടുവാന്‍?
മന്നിന്‍ ഭോഗസുഖങ്ങളില്‍ മുഴുകിയും വാഴുന്നു വേറേ ചിലര്‍;
ഇന്നീക്കയ്യിലിരിപ്പതെന്തതിനെ നീ സൂക്ഷിക്ക, ലാഭം കള-
ഞ്ഞെന്നാലെ? ന്തകലത്തിലുള്ള പടഹധ്വാനങ്ങളും കേള്‍ക്കൊലാ!

കവി : ഉമേഷ്‌ നായര്‍. ഉമര്‍ ഖയ്യാമിന്റെ ഒരു ചതുഷ്പദിയുടെ പരിഭാഷ.

ശ്ലോകം 1125 : ഇനരശ്മികളേറ്റു...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : വിയോഗിനി

ഇനരശ്മികളേറ്റു വാടിയും
മണവും മാദ്ധ്വിയുമറ്റുമന്തിയില്‍
ഒരു പൂ വിലപിച്ചതീ വിധം
മരുദാന്ദോളനജാതമര്‍മ്മരം:

കവി : ഇ. നാരായണന്‍

ശ്ലോകം 1126 : ഒരു മുട്ടയുമില്ല...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : വിയോഗിനി

ഒരു മുട്ടയുമില്ല ബാക്കിയായ്‌
വരുമോരോന്നതു വന്നപോലെ പോം
തിരയുന്നു മനുഷ്യ; രൊന്നുമേ
വിരിയാ, ശോകരഹസ്യമായതും

കവി : ബാലേന്ദു, കൃതി : ചിന്താവിഷ്ടയായ കോഴി

ശ്ലോകം 1127 : താരഹാര, മിരുളാം കുചം,...

ചൊല്ലിയതു്‌ : ജീവി
വൃത്തം : രഥോദ്ധത

താരഹാര, മിരുളാം കുചം, വിധു-
സ്മേരവക്‌ത്രമിവപൂണ്ട രാത്രിയെ
പാരമംബരമൊഴിഞ്ഞു കാണ്‍കയാല്‍
കൈരവങ്ങള്‍ മിഴിപൊത്തി ലജ്ജയാല്‍.

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 1128 : പ്രാര്‍ത്ഥിച്ചിടാം ഞാന്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

പ്രാര്‍ത്ഥിച്ചിടാം ഞാനവിടത്തിലെത്തി
പ്രഭോ! മദുര്‍വിക്കു പരാര്‍ദ്‌ധ്യഭവ്യം;
ഭവാനു യോജിച്ച കൃതാന്തദണ്ഡം;
പരാസുവിന്‍ ജീവനു നിത്യശാന്തി.

കവി : ഉള്ളൂര്‍, കൃതി : രാമശാസ്ത്രി

ശ്ലോകം 1129 : ഭര്‍ത്താവുള്ളൊരബല...

ചൊല്ലിയതു്‌ : ജീവി
വൃത്തം : മന്ദാക്രാന്ത

ഭര്‍ത്താവുള്ളൊരബല സതിയായീടിലും ബന്ധുഗേഹേ
നിത്യം പാര്‍ത്താല്‍ ജനമിഹ മറിച്ചോര്‍ക്കുമെന്നുള്ള മൂലം
അസ്തസ്നേഹം സ്വപതി പെരുമാറീടിലും തത്സമീപേ
വര്‍ത്തിക്കേണം വനിത - യതിനാം ബാന്ധവര്‍ക്കുള്ളില്‍ മോഹം

കവി : ആറ്റൂര്‍ കൃഷ്ണപ്പിഷാരടി, കൃതി : ശാകുന്തളം തര്‍ജ്ജമ

ശ്ലോകം 1130 : ആരാധിപ്പാ, നരുണപദമാര്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : മന്ദാക്രാന്ത

ആരാധിപ്പാ, നരുണപദമാ, രന്‍പരൊ, ത്താരമാണ്ടോ,-
രാരായേണ്ടോരരയൊ, ടടിപെട്ടാരവാര്‍കൊങ്കവായ്പ്പാല്‍,
ആരാജശ്രീമുഖവു, മലസാ, ക്ഷ്യഭ്രകേശങ്ങളും ചേര്‍,-
ന്നാരാല്‍ക്കാണാ, മബലകളെയ, ങ്ങാലവട്ടങ്ങളോടും.

കവി : മഠം പരമേശ്വരന്‍ നമ്പൂതിരി, കൃതി : ശുകസന്ദേശം തര്‍ജ്ജമ

ശ്ലോകം 1131 : അര്‍ത്ഥോ നരാണാം...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : സ്രഗ്ദ്ധര

അര്‍ത്ഥോ നരാണാം പതിരംഗനാനാം
വര്‍ഷാ നദീനാ, മൃതുരാട്‌ തരൂണാം
സ്വധര്‍മ്മചാരീ നൃപതിര്‍പ്രജാനാം
ഗതം ഗതം യൌവനമാനയന്തി

കവി : വിഷ്ണുശര്‍മ്മ, കൃതി : പഞ്ചതന്ത്രം

ശ്ലോകം 1132 : സ്വാരാട്ടെന്നെയൊരിക്കല്‍ മുന്‍പു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

സ്വാരാട്ടെന്നെയൊരിക്കല്‍ മുന്‍പു ശകലം മാനിക്കുവാന്‍ വൈകവേ
പാരാതാപ്പുരുഷന്നു ഞാനരുളിടും ശാപം ശമിച്ചീടുവാന്‍
ഹാ! രാവും പകലും കിടന്നു പലനാള്‍ പാഥോധി ദേവാസുര-
ന്മാരാകെക്കടയേണ്ടിവന്ന കഥ നീയുള്‍ക്കാമ്പിലോര്‍ക്കുന്നുവോ?

കവി : ഉള്ളൂര്‍, കൃതി : അംബരീഷശതകം

ശ്ലോകം 1133 : ഹന്ത, ക്രീഡയിലിക്കരം...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഹന്ത! ക്രീഡയിലിക്കരം കടപറിച്ചിട്ടോരു വെള്ളാന തന്‍
ദന്തത്താല്‍, മഘവോപലക്കുമിളയും വെച്ചെന്‍ പ്രസാദാര്‍ത്ഥമായ്‌
വിണ്‍തച്ചന്‍ വിരചിച്ച പാദുകകളെ സ്വൈരം ത്രിലോകീമലര്‍-
പ്പെണ്‍തയ്യത്ര തലോടുമെന്നടികളില്‍ ചേര്‍ക്കുന്നു ചേടീജനം!

കവി : വള്ളത്തോള്‍, കൃതി : രാവണന്റെ അന്തഃപുരഗമനം

ശ്ലോകം 1134 : വല, ചൂണ്ട, ലിവറ്റ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തമാലിക

വല, ചൂണ്ട, ലിവറ്റ കൊണ്ടുചെന്നാ-
ണരയര്‍ക്കീയുലകത്തില്‍ മീന്‍പിടുത്തം;
വല പൂങ്കുഴല്‍, ചൂണ്ടല്‍ ചോരിവായീ-
യരയപ്പെണ്ണിനു, ചക്രവര്‍ത്തി മത്സ്യം.

കവി : ഉള്ളൂര്‍, കൃതി : സത്യവതി

ശ്ലോകം 1135 : വാചം ന മിശ്രയതി...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : വസന്തതിലകം

വാചം ന മിശ്രയതി യദ്യപി മദ്‌വചോഭിഃ
കര്‍ണ്ണം ദദാത്യഭിമുഖം മയി ഭാഷമാണേ
കാമം ന തിഷ്ഠതി മദാനനസമ്മുഖീനാ
ഭൂയിഷ്ഠമന്യവിഷയാ ന തു ദൃഷ്ടിരസ്യാഃ

കവി : കാളിദാസന്‍, കൃതി : അഭിജ്ഞാനശാകുന്തളം

ശ്ലോകം 1136 : കുട്ടിക്കുരംഗമിഴിയാമുമ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തതിലകം

കുട്ടിക്കുരംഗമിഴിയാമുമതന്റെ ചട്ട
പൊട്ടിക്കുരുത്തിളകുമക്കുളുര്‍കൊങ്ക രണ്ടും
മുട്ടിക്കുടിക്കുമൊരു കുംഭിമുഖത്തൊടൊത്ത
കുട്ടിയ്ക്കു ഞാന്‍ കുതുകമോടിത കൈതൊഴുന്നേന്‍!

കവി : വെണ്മണി മഹന്‍

ശ്ലോകം 1137 : മലയപവനനാലും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മാലിനി

മലയപവനനാലും മങ്കമാര്‍ തന്‍ കടാക്ഷാ-
മലതരസുധയാലും മന്ദഹാസത്തിനാലും
മലര്‍മടുമൊഴിയാലും മാന്യയോധര്‍ക്കു മന്ദം
മലയൊളിമുലയാലും മാറി മാലാകമാനം.

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 1138 : മാണിക്യം, മാറ്റു കൂടും...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : സ്രഗ്ദ്ധര

മാണിക്യം, മാറ്റു കൂടും മരതകമിതുമട്ടുള്ള രത്നം പതിച്ചാ-
വാനിന്‍ തച്ചന്‍ കുറെത്തച്ചുകള്‍ പണിതുരകൊള്ളിച്ച പല്ലക്കു താങ്ങി
ക്ഷീണിച്ചീടാത്ത കാല്‍വെപ്പൊടു കുതി തുടരാന്‍ വ്യാസവാല്മീകിഭാസ-
ശ്രേണിയ്ക്കെന്‍ വാണി, നീ തൂകിയ കരുണ പൊഴിക്കൊന്നിവന്മേലുമല്‍പം.

കവി : ടി. എം. വി.

ശ്ലോകം 1139 : കൊള്ളാമിപ്പാളയത്തില്‍പ്പട...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

കൊള്ളാമിപ്പാളയത്തില്‍പ്പട, ഭരതമഹീപാലര്‍ ദുഷ്ക്കാലവഹ്നി-
യ്ക്കുള്ളായ്‌ ത്താനേ ദഹിപ്പോരവസരമിതിലേക്കാറ്റു തൂറ്റാന്‍ വിശേഷം
എല്ലാരും പോരിനായിട്ടുടനടി നടകൊണ്ടീടുവിന്‍ വീടു കാക്കാ-
നള്ളാവുണ്ടിങ്ങു കയ്ക്കൊള്ളുക ഝടിതി ജയശ്രീയെയോ ഹൌറിയേയോ.

കവി : ഉള്ളൂര്‍, കൃതി : സുജാതോദ്വാഹം

ശ്ലോകം 1140 : എന്നും മറ്റും നിനച്ചും...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

എന്നും മറ്റും നിനച്ചും, ഹൃദി ഭയമൊഴിവാനേറെ മദ്യം കഴിച്ചും,
മുന്നും പിന്നും മറന്നും, മുഴുമതിയെ ഹഠാല്‍ പോര്‍ക്കു നേര്‍ക്കായ്‌ വിളിച്ചും,
ചിന്നും ഹാസം കലര്‍ന്നും, ചില പൊഴുതിള മേല്‍ വീണു, മപ്പാപി പിന്നീ-
ടന്നുന്മത്തന്‍ കണക്കെസ്സുതരൊടുമൊരുമിച്ചാത്മഗേഹം ഗമിച്ചാന്‍.

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 1141 : ചരിതാര്‍ത്ഥതയാര്‍ന്ന...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : വിയോഗിനി

ചരിതാര്‍ത്ഥതയാര്‍ന്ന ദേഹിയില്‍
തിരിയെശ്ശോഭനമല്ല ജീവിതം
പിരിയേണമരങ്ങില്‍ നിന്നുടന്‍
ശരിയായിക്കളി തീര്‍ന്ന നട്ടുവന്‍

കവി : കുമാരനാശാന്‍, കൃതി : ചിന്താവിഷ്ടയായ സീത

ശ്ലോകം 1142 : പ്രോദ്രേകാദ്രീതരൂപേ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

പ്രോദ്രേകാദ്രീതരൂപേ വിമലവരഗിരാ പൂര്‍വഗീതേഗുരൂരോ
ഭാര്‍ഗ്ഗശ്രീഗൌരിഗുപ്താഖിലപുരഗഗുരു പ്രേര്യഖേര്യാഗതാഗാഃ
ഖേലേഷ്ടാഭ്രാഢ്യരാഗോത്തരപ