ശ്ലോകം 2001 : ആരായാലെന്തു? പാരം...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

ആരായാലെന്തു? പാരം മദമിളകിവരും കൊമ്പനാവട്ടെ;യെല്ലാം
വേരോടേ കൊന്നൊടുക്കിജ്ഝടിതി കടപുഴക്കും കൊടുങ്കാറ്റുമാട്ടേ;
നേരില്ലാത്തഗ്നിയാട്ടേ;യലകു കടലെടുത്തോട്ടെ; കാരുണ്യ നീല--
പ്പാരാവാരത്തിടമ്പാം തിരുവടി തുണയുണ്ടെന്തു സംഭ്രാന്തി കൊള്ളാന്‍?

കവി : എസ്‌. രമേശന്‍ നായര്‍, കൃതി : കുന്നിമണികള്‍

ശ്ലോകം 2002 : നീലാഞ്ജനാദൃനിഭമൂര്‍ദ്ധ്വ...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : വസന്തതിലകം

നീലാഞ്ജനാദൃനിഭമൂര്‍ദ്ധ്വപിശംഗകേശം
വൃത്തോഗ്രലോചനമുദാരഗദാകപാലം
ആശാംബരം ഭുജഗഭൂഷണമുഗ്രദംഷ്ട്രം
ക്ഷേത്രേശമദ്‌ഭുതതനും പ്രണമാമി ദേവം.

കൃതി : (ക്ഷേത്രപാലധ്യാനം)

ശ്ലോകം 2003 : അവിദ്യാനാമന്തസ്തിമിര...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : ശിഖരിണി

അവിദ്യാനാമന്തസ്തിമിരമിഹിരദ്വീപനഗരീ
ജഡാനാം ചൈതന്യസ്തബകമകരന്ദസ്രുതിഝരീ
ദരിദ്രാണാം ചിന്താമണിഗുണനികാ, ജന്മജലധൌ
നിമഗ്നാനാം ദംഷ്ട്രാ, മുരരിപുവരാഹസ്യ ഭവതി

കവി : ശ്രീ ശങ്കരാചാര്യര്‍, കൃതി : സൌന്ദര്യലഹരി

ശ്ലോകം 2004 : ദേവീ പദ്‌മാസനസ്ഥാ...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : സ്രഗ്ദ്ധര

ദേവീ പദ്‌മാസനസ്ഥാ വിപുലകടിതടീ പദ്‌മപത്രായതാക്ഷീ,
ഗംഭീരാവര്‍ത്തനാഭിഃ സ്തനഭരനമിതാ ശുഭ്രവസ്ത്രോത്തരീയാ
ലക്ഷീര്‍ദ്ദിവ്യൈര്‍ഗ്ഗജേന്ദ്രൈര്‍മ്മണിഗണഖചിതൈഃ സ്നാപിതാ ഹേമകുംഭൈര്‍--
നിത്യം സാ പദ്‌മഹസ്താ മമ വസതു ഗൃഹേ സര്‍വ്വമംഗല്യയുക്താ.

ശ്ലോകം 2005 : ലക്ഷ്മ്യാ രംഗേ ശരദി...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : മന്ദാക്രാന്ത

ലക്ഷ്മ്യാ രംഗേ ശരദി ശശിനഃ സൌധശൃംഗേ കയോശ്ചിത്‌
പ്രേമ്‌ണാ യൂനോസ്സഹ വിരഹതോഃ പേശലാഭിഃ കലാഭിഃ
ദ്വാരാസാധേര്‍ ക്വ നു ഖലവിധേര്‍? ദൂരനീതഃ സ തസ്യാഃ
സ്വാന്തസ്വപ്നേ ശുകമനു ഗിരാ ഭാവുകം സന്ദിദേശ.

കവി : ലക്ഷ്മീദാസന്‍, കൃതി : ശുകസന്ദേശം

ശ്ലോകം 2006 : ദൂനം ചിത്തം ദുരിതഹരമാം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മന്ദാക്രാന്ത

ദൂനം ചിത്തം ദുരിതഹരമാം നാമപാരായണത്താ--
ലാനന്ദിപ്പിച്ചതിവിദുഷിതാന്‍ കീര്‍ത്തനം തീര്‍ത്തനേകം
ഗാനം ചെയ്യുന്നളവിലളവില്ലാത്തൊരാനന്ദപൂരേ
നൂനം മജ്ജിച്ചിടുമയി മയൂരേന്ദ്ര! കര്‍ണേന്ദൃയം തേ.

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍, കൃതി : മയൂരസന്ദേശം

ശ്ലോകം 2007 : ഗംഗാധരാദൃത, മസംഗാശയാംബുരുഹ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : മത്തേഭം

ഗംഗാധരാദൃത, മസംഗാശയാംബുരുഹഭൃംഗായിതം, ദിതിഭുവാം
ഭംഗാവഹം, വിധൃതതുംഗാചലം, പൃഥുഭുജംഗാധിരാജശയനം,
അംഗാനുഷംഗിമൃദുപിംഗാംബരം, പരമനംഗാതിസുന്ദരതനും,
ശൃംഗാരമുഖ്യരസരംഗായിതം, ഭജ ത, മംഗാബ്ജനാഭമനിശം.

കവി : സ്വാതിതിരുനാള്‍

ശ്ലോകം 2008 : ആസ്രംസത്‌ ക്ഷൌമനീവീം...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : സ്രഗ്ദ്ധര

ആസ്രംസത്‌ ക്ഷൌമനീവീം നിജഭുജലതയാ ധാരയന്തീം ലലാമ--
പ്രോദ്യത്‌ഫാലാന്തരാളാം വിലുളിതചികുരാം ക്രീഡതീം കന്തുകേന
ഹേമാംഭോജാഭിരാമാം മദനരിപുമനഃ ക്ഷോഭമാപാദയന്തീ--
മായാന്തീം താമുപാസേ നിജചരണജൂഷാമിഷ്ടദാം വിഷ്ണുമായാം.

ശ്ലോകം 2009 : ഹേ, ഹേ, എന്തെന്തു കൂത്താണിതു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ഹേ! ഹേ! എന്തെന്തു കൂത്താണിതു? ചെകിടടയും വണ്ണമീവണ്ണമേട്ടം
ഹാഹാരാവം മുഴക്കിപ്പുനരിഹ പൊടി ധൂളിച്ചു മേളിച്ചുകൊണ്ടു്‌!
ഹോ! ഹോ! തിക്കിത്തിരക്കിത്തുരുതുരെ വളരെഡ്ഢീക്കോടാള്‍ക്കൂട്ടമയ്യോ!
ഹൂഹൂയെന്നാര്‍ത്തടുക്കുന്നിതു കുടല്‍പിടയും മട്ടിലിന്നൊട്ടതല്ലേ.

കവി : വെണ്മണി മഹന്‍

ശ്ലോകം 2010 : ഹേമാംഭോജേ നിഷണ്ണം ...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : സ്രഗ്ദ്ധര

ഹേമാംഭോജേ നിഷണ്ണം സ്രവദമൃതഘടൌ ചക്രശംഖൌ കരാബ്ജേ--
ഷ്വക്ഷസ്രക്കുണ്ഡികാഖ്യേ ശിരസി ശശികലാം ധാരയന്തം സുഭൂഷം
ഹേമാഭം പീതവസ്ത്രം രവിശശിദഹനത്രീക്ഷണം ചിത്സ്വരൂപം
സര്‍വ്വജ്ഞം സര്‍വ്വഗം തം ഹരിഹരവിധിജം വിശ്വരൂപം നമാമി.

ശ്ലോകം 2011 : ഹാ ഹാ, മേ നിശ്ചയിപ്പാന്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ഹാ ഹാ, മേ നിശ്ചയിപ്പാന്‍ പണിയിതു സുഖമോ ദു:ഖമോ നിദ്ര താനോ
മോഹം താനോ മദം വാ സുമുഖി, വിഷമതിന്‍ വ്യാപ്തിയോയെന്നുമിപ്പോള്‍
ദേഹസ്പര്‍ശങ്ങള്‍ തോറും തരുണി, മമ വികാരത്തിനാലിന്ദൃയൌഘം
മോഹിക്കുന്നൂ മനസ്സില്‍ കളമൊഴി, തെളിവും മൂടലും ചേര്‍ന്നിടുന്നൂ.

കവി : ചാത്തുക്കുട്ടി മന്നാടിയാര്‍, കൃതി : ഉത്തരരാമചരിതം

ശ്ലോകം 2012 : ദുഗ്ദാബ്ധിദ്വീപവര്യ...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : സ്രഗ്ദ്ധര

ദുഗ്ദാബ്ധിദ്വീപവര്യപ്രവിലസിതസുരോദ്യാനകല്‍പദ്രുമാധോ
ഭദ്രാംഭോജന്മപീഠോപരിഗതവിനതാനന്ദനസ്കന്ധസംസ്ഥഃ
ദോര്‍ഭിര്‍ബ്ബിഭ്രദ്രഥാംഗം വരദമഥ ഗദാം പങ്കജം സ്വര്‍ണ്ണവര്‍ണ്ണം
ഭാസ്വന്മൌലിര്‍വ്വിചിത്രാഭരണപരിഗതഃ സ്യാച്ഛൃയേ വോ മുകുന്ദഃ

ശ്ലോകം 2013 : ദാരിദ്ര്യദുഃഖത്തില്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

ദാരിദ്ര്യദുഃഖത്തിലുഴന്നിടുന്നോര്‍
ധാരാളമുണ്ടീഭുവനത്തിലെങ്ങും
ശരിക്കവര്‍ക്കേകിടുമര്‍ത്ഥമെല്ലാം
നാരായണന്നര്‍പ്പണമായ്‌ വരട്ടെ

കവി : ടി. ടി. ജി. നായര്‍, എറണാകുളം, കൃതി : (സമസ്യാപൂരണം)

ശ്ലോകം 2014 : ശ്യാമാം വിചിത്രാംശു...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ഇന്ദ്രവംശ/വംശസ്ഥം

ശ്യാമാം വിചിത്രാംശുകരത്നഭൂഷണാം
പത്മാസനാം തുംഗപയോധരാനതാം
ഇന്ദീവരേ ദ്വേ നവശാലിമഞ്ജരീം
ശുകം ദധാനാം വസുധാം ഭജാമഹേ.

ശ്ലോകം 2015 : ഇന്ദ്രന്‍, ധാതാ, വുപേന്ദ്രന്‍,...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

ഇന്ദ്രന്‍, ധാതാ, വുപേന്ദ്രന്‍, പിതൃപതി, പവനന്‍, പാവകന്‍, പാശികാലന്‍
ചന്ദ്രന്‍, ചണ്ഡാംശു, മുമ്പാം ജഗദധികൃതരില്‍പ്പോലുമേകന്‍ പിഴച്ചാല്‍
അന്നാസ്ഥാനം വഹിപ്പാന്‍ തവപദകമലോപാസകന്മാരിലേകന്‍
വന്നീടേണം; പരന്മാരതിനു കുശലര,ല്ലൊക്കെയും ശക്തിസാധ്യം

കവി : ഒറവങ്കര, കൃതി : ദേവീസ്തവം

ശ്ലോകം 2016 : അരുണനളിനസംസ്ഥം...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : മാലിനി

അരുണനളിനസംസ്ഥം കാഞ്ചനോദ്ദീപ്തവര്‍ണ്ണം
കരദൃതദരചക്രം പീതകൌശേയവസ്ത്രം
കനകകലശസംരക്തോല്‍പലാസക്തപാണിം
ശ്രിയമപരകരാഭ്യാം ബിഭ്രതം നൌമി വിഷ്ണും.

ശ്ലോകം 2017 : കാലം കുറഞ്ഞ ദിനമെങ്കിലും...

ചൊല്ലിയതു്‌ : ജീവി
വൃത്തം : വസന്തതിലകം

"കാലം കുറഞ്ഞ ദിനമെങ്കിലുമര്‍ത്ഥദീര്‍ഘം,
മാലേറെയെങ്കിലുമതീവ മനോഭിരാമം
ചാലേ കഴിഞ്ഞരിയ യൌവന"മെന്നു നിന്റെ--
യീ ലോലമേനി പറയുന്നനുകമ്പനീയം.

കവി : കുമാരനാശാന്‍, കൃതി : വീണപൂവു്‌

ശ്ലോകം 2018 : ചക്രം ശംഖം ച ചാപം...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : സ്രഗ്ദ്ധര

ചക്രം ശംഖം ച ചാപം പരശുമസിമിഷും ശൂലപാശാങ്കുശാഗ്നിം
ബിഭ്രാണം ചര്‍മ്മഖേടം ഹലമുസലഗദാകുന്തമത്യുഗ്രദംഷ്ട്രം
ബാലാകേശം തിനേത്രം കനകമയലസത്‌ ഗാത്രമത്യുഗ്രരൂപം
വന്ദേ ഷഡ്‌കോണസംസ്ഥം സകലരിപുജനപ്രാണസംഹാരചക്രം.

, കൃതി : (നിഗ്രഹചക്രം -- മഹാസുദര്‍ശനം -- ധ്യാനം)

ശ്ലോകം 2019 : ബ്രഹ്മാവര്‍ത്തം ജനപദം...

ചൊല്ലിയതു്‌ : ജീവി
വൃത്തം : മന്ദാക്രാന്ത

ബ്രഹ്മാവര്‍ത്തം ജനപദമധശ്ഛായയാ ഗാഹമാനഃ
ക്ഷേത്രം ക്ഷത്രപ്രധനപിശുനം കൌരവം തദ്‌ ഭജേഥാഃ
രാജന്യാനാം ശിതശരശതൈര്‍യത്ര ഗാണ്ഡീവധന്വാ
ധാരാപാതൈസ്ത്വമിവ കമലാന്യഭ്യവര്‍ഷന്മുഖാനി

കവി : കാളിദാസന്‍, കൃതി : മേഘദൂതം

ശ്ലോകം 2020 : രൌദ്രം രൌദ്രാവതാരം...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : സ്രഗ്ദ്ധര

രൌദ്രം രൌദ്രാവതാരം ഹുതവഹനയനം ചോര്‍ധ്വകേശം സദംഷ്‌ട്രം
വ്യോമാംഗം ഭീമരൂപം ഘിണിഘിണിരഭസം ജ്വാലമാലാകലാപം
ഭൂതപ്രേതാദിനാഥം കരകലിതമഹാഖഡ്ഗഖേടം ച സൌമ്യം
വന്ദേ ലോകൈകവീരം ത്രിഭുവനനമിതം ശ്യാമളം വീരഭദ്രം.

ശ്ലോകം 2021 : ഭൂവിന്‍ മൂകതമസ്സകറ്റി...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഭൂവിന്‍ മൂകതമസ്സകറ്റി, യിരവിന്‍വല്ലായ്മയെല്ലാമൊഴി--
ച്ചാവിണ്‍ഗോപുരമേടവിട്ടുപതിവായ്‌ക്കാരുണ്യമോടെത്തിടും
തൂവെണ്‍പൂഞ്ചിറകാര്‍ന്നിടുന്നൊരുദയശ്രീ നിന്റെയോമല്‍ക്കരം
പൂവിന്‍പട്ടിതള്‍ തൊട്ടുണര്‍ത്തുമളവില്‍, ഞാന്‍ നിന്റെ വൈതാളികന്‍!

കവി : പ്രമീളാദേവി, കൃതി : വിഷുക്കണി

ശ്ലോകം 2022 : താരാദിപഞ്ചമനുഭിഃ...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : വസന്തതിലകം

താരാദിപഞ്ചമനുഭിഃ പരിഗീയമാനം
മാനൈരഗമ്യമനിzഅം ജഗദേകമൂലം
സച്ചിത്‌സമസ്തഗമനശ്വരനച്യുതം ത--
ത്തേജഃ പരം ഭജത സാന്ദ്രസുധാംബുരാശിം.

ശ്ലോകം 2023 : സാ വാ അയം ബ്രഹ്മ...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

സാ വാ അയം ബ്രഹ്മ മഹദ്വിമൃഗ്യം
കൈവല്യനിര്‍വാണസുഖാനുഭൂതിഃ
പ്രിയഃ സുഹൃദ്വഃ ഖലു മാതുലേയ
ആത്മാര്‍ഹണീയോ വിധികൃദ്‌ഗുരുശ്ച.

കവി : വ്യാസന്‍, കൃതി : ശ്രീമദ്ഭാഗവതം (7.15.76)

ശ്ലോകം 2024 : പത്തോളം കൊല്ലമായ്‌ നിന്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

പത്തോളം കൊല്ലമായ്‌ നിന്‍ തിരുനടയില്‍ ഹരേ, അര്‍ച്ചനാപുഷ്പവുംകൊ--
ണ്ടെത്താറുണ്ടെങ്കിലിപ്പൊ,ലവശത പലതുണ്ടുറ്റവര്‍ക്കും മടുത്തു
നിര്‍ത്താറായെന്നു തോന്നുന്നിവനുടെ നടനം ജീവിതത്തിന്നരങ്ങില്‍
ചിത്തം മങ്ങുന്നു, കൂവും സഭയിലിനിയുമീ വേഷമാടേണമെന്നോ?

കവി : അച്യുതന്‍ കുട്ടി, കാടാമ്പുഴ, കൃതി : (സമസ്യാപൂരണം)

ശ്ലോകം 2025 : നിരപരാധരാം...

ചൊല്ലിയതു്‌ : ഗോപകുമാര്‍
വൃത്തം :

നിരപരാധരാം ലോകരെബ്ഭവാന്‍
നരപതേ വധം ചെയ്കിലീവിധം
നരകമെങ്ങനേ നീയൊഴിച്ചീടും?
നിരവിശേഷമാം നിന്റെ വംശവും

ശ്ലോകം 2026 : "നാരായണാ" യെന്നിവന്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ഇന്ദ്രവജ്ര

"നാരായണാ" യെന്നിവനുച്ചരിച്ചാ--
ലാരാഞ്ഞുവന്നിങ്ങു തുണച്ച കൃഷ്ണാ
തീരാത്ത സന്താപമിയന്ന ജന്മം
നാരായണന്നര്‍പ്പണമായ്‌ വരട്ടേ!

കവി : എം. ജി. വേണുഗോപാലന്‍, അമ്പാടി, കൃതി : (സമസ്യാപൂരണം)

ശ്ലോകം 2027 : തുല്യം ചൊല്ലിക്കൊടുക്കുന്നിതു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

തുല്യം ചൊല്ലിക്കൊടുക്കുന്നിതു ഗുരു ജഡനും പ്രാജ്ഞനും വിദ്യയെത്താ--
നില്ലാതാക്കില്ലെവന്നും ഗ്രഹണപടുതയെത്താന്‍ കൊടുക്കാറുമില്ല;
തെല്ലും മണ്‍കട്ട ബിംബത്തിനെ വിമലമണിയ്ക്കൊപ്പമായുള്‍ഗ്രഹിക്കു--
ന്നില്ലവ്വണ്ണം ഫലംകൊണ്ടിരുവരുമായേതവും ഭേദമുണ്ടാം.

കവി : ചാത്തുക്കുട്ടി മന്നാടിയാര്‍, കൃതി : ഉത്തരരാമചരിതം

ശ്ലോകം 2028 : തഞ്ചത്തില്‍ക്കളസൂക്തിയാലെ...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

തഞ്ചത്തില്‍ക്കളസൂക്തിയാലെ പുളകം ചേര്‍ത്തൂ ചെറുശ്ശേരിയ--
ത്തുഞ്ചന്‍ തന്‍കിളി കൊഞ്ചിനാള്‍ മധുരമായദ്വൈതഗീതാമൃതം;
കുഞ്ചന്‍ പൂത്തിരിതന്‍ കളിപ്പൊലിമയില്‍ പൊട്ടിച്ചിരിപ്പിച്ചുതന്‍
നെഞ്ചം കൈരളിദേവിയാള്‍ക്കു രസലാസ്യോദാരകേദാരമായ്‌.

ശ്ലോകം 2029 : കണ്ടെത്തീടണമാശയുണ്ടു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കണ്ടെത്തീടണമാശയുണ്ടു, പരമാം തത്ത്വം ഗ്രഹിക്കുന്നുമു--
ണ്ടെന്നെത്താന്‍ പൊടിയാക്കുമാറണവതെമ്പാടും മൃഗീയത്വമാം;
തിങ്കള്‍ക്കീറുയരുന്ന പോതൊഴുകിടും മഞ്ഞെന്ന പോല്‍ മാനസ--
ത്തിങ്കല്‍ ഭക്തി ലഭിക്കുവാനിട ലഭിച്ചാകില്‍ ജയിച്ചാവു ഞാന്‍!

കവി : ഡി. ശ്രീമാന്‍ നമ്പൂതിരി, കൃതി : ശ്രീഗുരുവായുപുരേശ്വരസ്തവം

ശ്ലോകം 2030 : തിര്യക്‌കണ്ഠവിലോലമൌലി...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

തിര്യക്‌കണ്ഠവിലോലമൌലിതരളോത്തംസസ്യ വംശോച്ചലദ്‌--
ഗീതിസ്ഥാനകൃതാവധാനലലനാലക്ഷൈര്‍ന സംലക്ഷിതാഃ
സമ്മുക്താ മധുസൂദനസ്യ മധുരേ രാധാമുഖേണ്ടൌ മൃദു--
സ്പന്ദം കന്ദളിതാശ്ചിരം ദദതു വഃ ക്ഷേമം കടാക്ഷോര്‍മയഃ

കവി : ജയദേവന്‍, കൃതി : ഗീതഗോവിന്ദം

ശ്ലോകം 2031 : സന്തപ്തായസി സംസ്ഥിതസ്യ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

സന്തപ്തായസി സംസ്ഥിതസ്യ പയസോ നാമാപി ന ശ്രൂയതേ;
മുക്താകാരതയാ തദേവ നളിനീപത്രസ്ഥിതം ദൃശ്യതേ;
അന്തസ്സാഗരശുക്തിമധ്യപതിതം തന്മൌക്തികം രാജതേ;
പ്രായേണാധമമധ്യമോത്തമജുഷാമേവം വിധം വൃത്തയഃ

കവി : ഭര്‍ത്തൃഹരി, കൃതി : നീതിശതകം

ശ്ലോകം 2032 : അര്‍ഥം കാമിച്ചു മര്‍ത്ത്യന്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

അര്‍ത്ഥം കാമിച്ചു മര്‍ത്ത്യന്‍ പലപല വിധവേഷങ്ങളും കെട്ടിടുന്നൂ
വ്യര്‍ത്ഥം താന്‍ ചെയ്‌വതെല്ലാ, മുലകമിതു മഹാനാടകം തന്നെയല്ലോ!
ഒത്തിട്ടില്ലീയെനിക്കീ നരകസദൃശമാം നാടകം പൂര്‍ത്തിയാക്കാന്‍
ചിത്തം മങ്ങുന്നു, കൂവും സഭയിലിനിയുമീ വേഷമാടേണമെന്നോ?

കവി : യശോദ, നെച്ചൂര്‍, കൃതി : (സമസ്യാപൂരണം)

ശ്ലോകം 2033 : ഓജസ്സാര്‍ന്ന മുഖങ്ങള്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഓജസ്സാര്‍ന്ന മുഖങ്ങള്‍ ചൂഴെയുരുകും തൂവെള്ളിപൊല്‍ ശുഭ്രമാം
തേജസ്സിന്‍ പരിവേഷമാര്‍ന്നു തെളിവില്‍ കാണുന്നിതാ വ്യക്തികള്‍;
രാജച്ചന്ദൃകയൊത്ത രമ്യവസനം പൂണ്ടോരഹോ! സ്ഫാടിക--
ഭ്രാജന്മൂര്‍ത്തികള്‍ വാണിതന്റെ പരിഷല്‍സാമാജികന്മാരിവര്‍.

കവി : കുമാരനാശാന്‍, കൃതി : പ്രരോദനം

ശ്ലോകം 2034 : രണ്ടായ്‌ നീങ്ങിയകന്നു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

രണ്ടായ്‌ നീങ്ങിയകന്നു നിന്നിവിടെ നാം വിസ്തീര്‍ണ്ണമാര്‍ഗ്ഗം ശരി--
ക്കുണ്ടാക്കുന്നു വിടേശജര്‍ക്കു വിജയപ്രാസാദമുള്‍പ്പൂകുവാന്‍;
പണ്ടാ പ്രാജ്ഞപിതാക്കള്‍ ചെയ്ത പടി, നാം തോളോടു തോളായ്‌ നില--
ക്കൊണ്ടാലോ, മതില്‍ വേറെ വേണ്ട, ഭരതക്ഷേത്രത്തെ രക്ഷിക്കുവാന്‍!

കവി : വള്ളത്തോള്‍, കൃതി : കാട്ടെലിയുടെ കത്തു്‌

ശ്ലോകം 2035 : പണ്ടത്തെപ്പണ്ഡിതാഖണ്ഡല...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

പണ്ടത്തെപ്പണ്ഡിതാഖണ്ഡലകുലമഖിലം വിണ്‍മൊഴിത്തോഴരാ, ണിം-
ഗ്ലണ്ടിന്‍ തണ്ടാര്‍ന്ന ഹൌണീമണിയിലഥ പരിഷ്കാരികള്‍ക്കേറി കമ്പം
രണ്ടും മാറ്റിത്തമെന്നാക്കവിയവികലഭക്ത്യാദരം ഭാഷയൊക്കെ--
ക്കൊണ്ടിഷ്ടംപൂണ്ടുപൂണ്ടാന്‍; അതുപുതുപുളകം കൊണ്ടുകൊണ്ടാടി ലോകം

കവി : എന്‍. കെ. ദേശം, കൃതി : വെണ്മണി സ്മരണ

ശ്ലോകം 2036 : രാധാമുഗ്ദമുഖാരവിന്ദ...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

രാധാമുഗ്ദ്ധമുഖാരവിന്ദമധുപസ്ത്രെയിലോക്യമൌലിസ്ഥലീ--
നേപഥ്യോചിതനീലരത്നമവനീഭാരാവതാരാന്തകഃ
സ്വച്ഛന്ദം വ്രജസുന്ദരീജനമനസ്തോഷപ്രദോഷശ്ചിരം
കംസധ്വംസനധൂമകേതുരവതു ത്വാം ദേവകീനന്ദനഃ

കവി : ജയദേവന്‍, കൃതി : ഗീതഗോവിന്ദം (സാകാംക്ഷപുണ്ഡരീകാക്ഷം)

ശ്ലോകം 2037 : സര്‍വ്വം നശ്വരമിപ്രപഞ്ചമഖിലം...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

സര്‍വ്വം നശ്വരമിപ്രപഞ്ചമഖിലം മിഥ്യയ്ക്കടിപ്പെട്ടുപോയ്‌
നിര്‍വീര്യം ജനകോടി, മര്‍ത്യനുമഹാദുഃഖങ്ങളേ ശാശ്വതം
നിര്‍വ്യാജം നിലയേവ, മിക്കഥകളെപ്പാടുന്ന ഞാനല്ലയോ
സര്‍വ്വാരാദ്ധ്യനെനിക്കൊരുക്കുക മലര്‍ച്ചെണ്ടൊന്നു മാലോകരേ.

കവി : കെ. വി. പി. നമ്പൂതിരി

ശ്ലോകം 2038 : നായാതസ്സഖി...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നായാതസ്സഖി! നിര്‍ദ്ദയോ യദി ശഠസ്ത്വം ദൂതി! കിം ദൂയസേ?
സ്വച്ഛന്ദം ബഹുവല്ലഭഃ സ രമതേ കിം തത്ര തേ ദൂഷണം?
പശ്യാദ്യപ്രിയസംഗമായ ദയിതസ്യാകൃഷ്യമാണം ഗുണൈ--
രുല്‍കണ്ഠാര്‍ത്തിഭരാദിവ സ്ഫുടദിദം ചേതസ്സ്വയം യാസ്യതി

കവി : ജയദേവന്‍, കൃതി : ഗീതഗോവിന്ദം (നാഗരികനാരായണം)

ശ്ലോകം 2039 : പാരാകവെ ചുറ്റിയലഞ്ഞു...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ഇന്ദ്രവജ്ര

പാരാകവെ ചുറ്റിയലഞ്ഞു നാനാ--
ചാരങ്ങളില്‍ വിഭ്രമമാര്‍ന്നിടാതെ
നേരായി നാം ചെയ്‌വതശേഷവും ശ്രീ--
നാരായണന്നര്‍പ്പണമായ്‌ വരട്ടേ!

കവി : മണികണ്ഠന്‍, പാഴൂര്‍, കൃതി : (സമസ്യാപൂരണം)

ശ്ലോകം 2040 : നിഖിലഭുവനലക്ഷ്മീ...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : മാലിനി

നിഖിലഭുവനലക്ഷ്മീനിത്യലീലാസ്പദാഭ്യാം
കമലവിപിനവീഥീഗര്‍വ്വസര്‍വ്വങ്കഷാഭ്യാം
പ്രണമദഭയദാനപ്രൌഢഗാഢോദ്വതാഭ്യാം
കിമപി വഹതു ചേതഃ കൃഷ്ണപാദാംബുജാഭ്യാം!

കവി : ലീലാശുകന്‍, കൃതി : ശ്രീകൃഷ്ണകര്‍ണ്ണാമൃതം സംസ്കൃതം (1.12)

ശ്ലോകം 2041 : പാരില്‍ജ്ജനം സൌഖ്യമിയന്നു...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ഇന്ദ്രവജ്ര

പാരില്‍ജ്ജനം സൌഖ്യമിയന്നു വാഴാന്‍
പോരിന്റെ ദുര്‍ഗന്ധമൊഴിഞ്ഞു പോകാന്‍
ഞാന്‍ ചാര്‍ത്തുമീ കീര്‍ത്തനസൂനമാല്യം
നാരായണന്നര്‍പ്പണമായ്‌ വരട്ടേ!

കവി : ശ്യാമ പരമേശ്വരന്‍, വളാഞ്ചേരി, കൃതി : (സമസ്യാപൂരണം)

ശ്ലോകം 2042 : ഞാനും വന്നു ജഗത്തില്‍...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഞാനും വന്നു ജഗത്തി, ലെന്തിനെവിടുന്നെങ്ങോട്ടു?--കഷ്ടം വൃഥാ
ഞാനും വന്നു ജഗത്തിലെന്നു വരുമോ മജ്ജീവിതം ശൂന്യമോ?
ഗാനാലാപനലോലമാം ഹൃദയമേ, നീ നല്ലപോല്‍ നോക്കു, നീ
കാണും കാഴ്ച യഥാര്‍ത്ഥമോ, കപടമോ, വിഭ്രാന്തിയോ മായയോ?

കവി : ചങ്ങമ്പുഴ, കൃതി : രാക്കിളികള്‍

ശ്ലോകം 2043 : ഗഗനതലമിടിഞ്ഞു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : പുഷ്പിതാഗ്ര

ഗഗനതലമിടിഞ്ഞു താണതൊക്കും
നഗപതി നീലനിതംബഭൂവിലേവം
ഭഗിനി! പറകയെന്തിതാര്‍ന്നതിങ്ങീ--
യഗണിതദിവ്യവിഭൂതി മര്‍ത്യലോകം.

കവി : കുമാരനാശാന്‍, കൃതി : ലീല

ശ്ലോകം 2044 : ഭാസ്വത്‌ഭാസ്വത്‌സഹസ്ര...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : സ്രഗ്ദ്ധര

ഭാസ്വത്‌ഭാസ്വത്‌സഹസ്രപ്രഭമരിദരകൌമോദകീപങ്കജാനി
ദ്രാഘിഷ്ടൈര്‍ബ്ബാഹുദണ്ഡൈര്‍ദ്ദധതമജിതമാപീതവാസോ വസാനം
ധ്യായേത്‌ സ്ഫായത്‌കിരീടോജ്ജ്വലമകുടമഹാകുണ്ഡലം വന്യമാലാ--
വത്സശ്രീകൌസ്തുഭാഢ്യം സ്മിതമധുരമുഖം ശ്രീധരാശ്ലിഷ്ടപാര്‍ശ്വം.

ശ്ലോകം 2045 : ധീരന്മാരിഹ സത്യവും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ധീരന്മാരിഹ സത്യവും പ്രിയവുമായുള്ളോരു വാക്യത്തിനെ--
പ്പാരില്‍ ധേനുവിതെന്നു ചൊല്ലുമിതിനാലുണ്ടാം ശുഭം സര്‍വ്വവും;
ചേരും നല്ലൊരു കീര്‍ത്തി, യിഷ്ടമഖിലം സിദ്ധിക്കുമെന്നല്ലുടന്‍
ദൂരത്തോടുമമംഗലം ദുരിതവും താനേ നശിക്കും ദ്രുതം.

കവി : ചാത്തുക്കുട്ടി മന്നടിയാര്‍ / ഭവഭൂതി, കൃതി : ഉത്തരരാമചരിതം പരിഭാഷ

ശ്ലോകം 2046 : ചാലേ തത്ര പുലിക്കുറിച്യഭിധമാം...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ചാലേ തത്ര പുലിക്കുറിച്യഭിധമാം കോട്ടയ്ക്കകം തമ്പിമാര്‍
താലോലിച്ചഴകപ്പനാം മുതലിയാര്‍ പുക്കാവസിക്കും വിധൌ
പാലാഴിപ്രിയനന്ദനീപതിഹിതന്‍ ശ്രീവീരമാര്‍ത്താണ്ഡഭൂ--
പാലന്‍ പാലൊലിയും ഗിരൈവമരുളിച്ചെയ്തീടിനാന്‍ മന്ത്രിണൌ.

, കൃതി : ശ്രീവീരമാര്‍ത്താണ്ഡവര്‍മ്മചരിതം ആട്ടക്കഥ

ശ്ലോകം 2047 : പൊള്ളാം പൊള്ളാം മനസ്സേ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

പൊള്ളാം പൊള്ളാം മനസ്സേ! തവഗതിയിനിയാരുള്ളു! നോക്കാതെ തള്ളി--
ക്കൊള്ളാം, കൊള്ളാത്തതല്ലാത്തൊരു കവിതയിനിത്തീര്‍ക്കുവാനാരുമില്ല,
തള്ളാം, തള്ളാം തിരക്കിസ്സുകവിതയതിനെദ്ദുഷ്കവിത്വത്തിനേറെ--
ത്തുള്ളാം, തുള്ളാന്‍ വരട്ടെ, കവിസിതമണിയാ വാനിലുണ്ടേ ചൊടിക്കും.

കവി : കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ , കൃതി : (വെണ്മണി മഹന്റെ മരണത്തെപ്പറ്റി)

ശ്ലോകം 2048 : തീണ്ടാനാരി കറപ്പു...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

തീണ്ടാനാരി കറപ്പു ജീരകമരം തണ്ടിഞ്ചിപൂരാടവും
വെണ്‍കൊറ്റക്കുടയും വിയര്‍പ്പുതുണിയും വേഴാമ്പലോടാമ്പലും
പഞ്ചാരപ്പൊതിയും ചിരിച്ച ചിരിയും ധാന്വന്തരം പമ്പരം
ഇത്ഥം പേകള്‍ പറഞ്ഞുകൊണ്ടു വിലസും ഭ്രാന്തായ തുഭ്യം നമഃ

കവി : കൊച്ചുനമ്പൂതിരി

ശ്ലോകം 2049 : പഞ്ചാരപ്പൊടിയോടു പാരമിടയും...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പഞ്ചാരപ്പൊടിയോടു പാരമിടയും ത്വല്‍പ്പദ്യമിപ്പോള്‍ ഭവാന്‍
അഞ്ചാറല്ല കൊടുത്തയച്ചതിരുപത്തഞ്ചും സഖേ സാദരം
എന്‍ ചാരത്തിഹ വന്ന നേരമധുനാ വായിച്ചു വായിച്ചു ഞാന്‍
നെഞ്ചാകെത്തെളിവായി മന്ദമെഴുനേറ്റഞ്ചാറു ചാടീടുവേന്‍.

കവി : വെണ്മണി മഹന്‍

ശ്ലോകം 2050 : എണ്‍പത്തൊന്നതു ദൂരെ വിട്ടു...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

എണ്‍പത്തൊന്നതു ദൂരെ വിട്ടു പതിനേഴന്‍പോടു കൈക്കൊണ്ടുതാ--
ന്നന്‍പത്തൊന്നവതാരബാലകനെഴും മുപ്പത്തിമൂന്നെപ്പൊഴും
സമ്പത്തെന്നു ദൃഢീകരിച്ചതെഴുനൂറ്റഞ്ചില്‍ സ്മരിച്ചീടിലി--
ങ്ങന്‍പത്തൊന്നതു ദൂരെയാക്കിയറുപത്തഞ്ചില്‍ സുഖിക്കാമെടോ!

കവി : കൊച്ചുനമ്പൂതിരി

ശ്ലോകം 2051 : സിരമുറികളില്‍ നിന്നിങ്ങൂറിടുന്നുണ്ടു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : മാലിനി

സിരമുറികളില്‍ നിന്നിങ്ങൂറിടുന്നുണ്ടു രക്തം
വിരവിലിനിയുമറ്റില്ലെന്റെ ദേഹത്തില്‍ മാംസം
അരിയ പശി നിനക്കും ശാന്തമായില്ല നൂനം
ഗരുഡ, പറക, എന്തേ ഭക്ഷണം നീ നിറുത്തി?

കവി : എ. ആര്‍. രാജരാജവര്‍മ്മ, കൃതി : (പരിഭാഷ)

ശ്ലോകം 2052 : അക്ഷീണം മദിരാശി തന്നില്‍...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

അക്ഷീണം മദിരാശി തന്നിലുളവാം വൃത്താന്തമിന്നൊക്കെയും
ശിക്ഷയ്ക്കിങ്ങരനാഴികയ്ക്കറിയുമാക്കമ്പിത്തപാലും ദ്രുതം
പക്ഷിപ്രൌഢനതെന്നപോലെ ഗമനം ചെയ്യുന്ന തീവണ്ടിയും
രക്ഷിച്ചീടണമാസ്ഥയോടു കയറേല്‍ക്കേറിക്കളിക്കും വിധൌ.

കവി : കൊച്ചുനമ്പൂതിരി

ശ്ലോകം 2053 : പ്രാര്‍ത്ഥിച്ചാല്‍ പദമേകുമെങ്കിലുമഹോ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പ്രാര്‍ത്ഥിച്ചാല്‍ പദമേകുമെങ്കിലുമഹോ! മുന്നോട്ടെടുക്കാ ദൃഢം,
ക്രോധിച്ചാല്‍ വിറയാര്‍ന്നിടും പുനരുടന്‍ വൈവര്‍ണ്യവും കാട്ടിടും
കൂട്ടാക്കാതെ പിടിച്ചിഴച്ചിടുകിലോ സ്തംഭം പിടിച്ചീടുമേ
കഷ്ടം! മൂഢനു വാണി, യാര്യസഭയില്‍ കേഴും നവോഢാസമം.

കവി : എ. ആര്‍. രാജരാജവര്‍മ്മ, കൃതി : ഭാഷാഭൂഷണം

ശ്ലോകം 2054 : കൊന്നപ്പൂക്കളില്‍ നിന്റെ കിങ്ങിണി...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കൊന്നപ്പൂക്കളില്‍ നിന്റെ കിങ്ങിണി, നറും മന്ദാരപുഷ്പങ്ങളില്‍
നിന്‍ മന്ദസ്മിതകാന്തി, നിന്‍ മിഴികളിന്നീ ശംഖുപുഷ്പങ്ങളില്‍,
നിന്‍ മെയ്ശോഭകളിന്ദ്രനീലമുകിലില്‍, പട്ടാട പൊന്‍വെയ്‌ലിലും
കണ്ണാ, വേറൊരു പുണ്യമെന്തു, മിഴികള്‍ക്കെങ്ങും ഭവദ്ദര്‍ശനം!

കവി : ഒ. എന്‍. വി. കുറുപ്പു്‌

ശ്ലോകം 2055 : നീരന്ധ്രാളകമിന്ദ്രനീലം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നീരന്ധ്രാളകമിന്ദ്രനീല, മമലം പല്ലൊക്കെ മു, ത്തുത്സ്മിതം
ഹീരം, മല്‍പ്രിയ തന്റെ ചുണ്ടു പവിഴം, പൂമേനി ഗോമേദകം,
ആ രത്നങ്ങള്‍ വശത്തിലുള്ളവനിതാ സ്വല്‍പം ധനം നേടുവാന്‍
ദൂരത്തേയ്ക്കു ഗമിക്കയാണു -- മഹിതം നിന്‍ പ്രാഭവം ലോഭമേ!

കവി : വള്ളത്തോള്‍, കൃതി : വിലാസലതിക

ശ്ലോകം 2056 : അരുളി തനയനീശന്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മാലിനി

അരുളി തനയനീശന്‍ -- "ജേര്‍ശലേം പുത്രിമാരേ!
പെരുകിടുമഴലിപ്പോളെന്നെയോര്‍ത്തിട്ടു വേണ്ട;
കരുതുവിനനുതാപം നിങ്ങളെത്താന്‍ നിനച്ചും;
വിരുതു വിലസുമൊമല്‍പ്പുത്രരെച്ചിന്ത ചെയ്തും."

കവി : കട്ടക്കയത്തില്‍ ചെറിയാന്‍ മാപ്പിള, കൃതി : ശ്രീയേശുവിജയം

ശ്ലോകം 2057 : കരവിരലുകള്‍ കൊണ്ടച്ചുണ്ടു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : മാലിനി

കരവിരലുകള്‍ കൊണ്ടച്ചുണ്ടു രണ്ടും മറച്ചി--
"ട്ടരുതരു"തിതി വീണ്ടും വിക്ലബം പൂണ്ടുരച്ചും
തരളമിഴി തിരിച്ചാളാനനം തോളിലേക്കായ്‌;
ഒരുവിധമതുയര്‍ത്തീ -- ഹന്ത! ചുംബിച്ചുമില്ല.

കവി : കാലടി രാമന്‍ നമ്പ്യാര്‍ / കാളിദാസന്‍, കൃതി : ശാകുന്തളം പരിഭാഷ (കേളീശാകുന്തളം)

ശ്ലോകം 2058 : തുപ്പല്‍ക്കോളാമ്പിയിപ്പോള്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

തുപ്പല്‍ക്കോളാമ്പിയിപ്പോള്‍ പുതിയ പദവിയില്‍പ്പുഷ്പതാലം കണക്കാ--
യെത്തീ, തീന്‍മേശമേലും, വലിയവര്‍ വിലസും ക്ലബ്ബി, ലാപ്പീസിലും ഹാ!
ചത്തൂ പൊയ്പോയ കാലപ്പൊലിമ പലതുമീ നവ്യസംസ്കാരഭാവം
കല്‍പിയ്ക്കും വൈകൃതത്തില്‍ വികൃതി സുകൃതികള്‍ക്കാതെയേകുന്നമര്‍ഷം!

കവി : എസ്‌. എന്‍. കൈമള്‍, കൃതി : പരിഷ്കാരം മുക്തകം

ശ്ലോകം 2059 : ചോദിച്ചാരോടുമീ ഞാന്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ചോദിച്ചാരോടുമീ ഞാന്‍ ജനിയിതു ചുളുവില്‍ക്കെഞ്ചി വാങ്ങിച്ചതല്ലാ;
വാദിച്ചീ ഭൌമസത്രക്കെടുനില തുടരാന്‍ ഹന്ത! ഞാനാളുമല്ലാ;
ഖേദിക്കാനെന്തു പിന്നെ, ത്തടവറ-- വെറുമീ മാംസസംഘാതയന്ത്രം--
ഭേദിച്ചന്തസ്സമീരന്‍ വിട പറയുവതും ഗാനമായ്ത്തീരുമെങ്കില്‍!

കവി : യൂസഫലി കേച്ചേരി, കൃതി : മര്‍ത്ത്യഗന്ധപ്രിയന്‍

ശ്ലോകം 2060 : ഖേദത്തെ നീക്കുവതിനെന്നിലുടന്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : വസന്തതിലകം

ഖേദത്തെ നീക്കുവതിനെന്നിലുടന്‍ കനിഞ്ഞു
മോദത്തൊടിങ്ങിനിയെഴുന്നരുന്നതോര്‍ക്കില്‍
നാദത്തിലോ, നലമൊടൊറ്റലയത്തിലോ നീ
വേദത്തിലോ, വലിയവെള്ളെരുതിന്‍ പുറത്തോ?

കവി : കുമാരനാശാന്‍, കൃതി : സ്തോത്രകൃതികള്‍

ശ്ലോകം 2061 : നീരന്ധ്രനീലമിതു...

ചൊല്ലിയതു്‌ : ജീവി
വൃത്തം : വസന്തതിലകം

നീരന്ധ്രനീലമിതു വിണ്ടലമല്ല സിന്ധു;
താരങ്ങളല്ലിവ നുരക്കഷണങ്ങളത്രേ;
അല്ലേ ശശാങ്കനിതു സങ്കുചിതന്‍ ഫണീന്ദ്രന്‍;
അല്ലേ കളങ്കമിതു തല്‍പഗതന്‍ മുരാരി.

കവി : എ. ആര്‍. രാജരാജവര്‍മ്മ, കൃതി : (പരിഭാഷ)

ശ്ലോകം 2062 : ആരാകിലും ജീവിത...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ഇന്ദ്രവജ്ര

ആരാകിലും ജീവിതരഥ്യയിങ്കല്‍
ദാരിദ്ര്യദുഃഖാദികളെത്തുരത്താന്‍
നേരായമാര്‍ഗ്ഗേണ ചരിയ്ക്കെ നെഞ്ചം
നാരായണന്നര്‍പ്പണമായ്‌ വരട്ടേ!

കവി : മധു കുട്ടം പേരൂര്‍, എറണാകുളം, കൃതി : (സമസ്യാപൂരണം)

ശ്ലോകം 2063 : നാട്യപ്രധാനം നഗരം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ഇന്ദ്രവജ്ര

നാട്യപ്രധാനം നഗരം ദരിദ്രം
നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം
കാട്ടിന്നകത്തോ കടലിന്നകത്തോ
കാട്ടിത്തരുന്നൂ വിധി രത്നമെല്ലാം.

കവി : കുറ്റിപ്പുറത്തു കേശവന്‍ നായര്‍, കൃതി : ഗ്രാമീണകന്യക

ശ്ലോകം 2064 : കന്യാകുമാരിക്ഷിതി...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

കന്യാകുമാരിക്ഷിതിയാദിയായ്‌ ഗോ--
കര്‍ണ്ണാന്തമായ്ത്തെക്കുവടക്കു നീളേ
അന്യോന്യമംബാശിവര്‍ നീട്ടിവിട്ട
കണ്ണോട്ടമേറ്റുണ്ടൊരു നല്ല രാജ്യം.

കവി : കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍, കൃതി : കേരളപ്രതിഷ്ഠ

ശ്ലോകം 2065 : അവന്റെ പാട്ടാം മണിയൊച്ച...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

അവന്റെ പാട്ടാം മണിയൊച്ച രാവിന്‍
പ്രശാന്തനിശ്ശബ്ദതയെപ്പ്പ്പിളര്‍ക്കെ,
അതാസ്വദിക്കുന്നതിനെന്നവണ്ണം
സ്തംഭിച്ചു നിന്നൂ ദിവി താരകങ്ങള്‍.

കവി : വള്ളത്തോള്‍, കൃതി : ഒരു തോണിയാത്ര

ശ്ലോകം 2066 : അകന്മഷം സുസ്വരമൊത്ത...

ചൊല്ലിയതു്‌ : ജീവി
വൃത്തം : വംശസ്ഥം

അകന്മഷം സുസ്വരമൊത്ത വാണിയേ
മുഖത്തില്‍ നിന്നും മുഖമാര്‍ഗമായ്‌ നരന്‍
സുഖം സ്വനഗ്രാഹകയന്ത്രമെന്നപോല്‍
പകര്‍ക്കിലേ നല്‍ശരിയായ്‌ വരൂ ദൃഢം.

കവി : കുട്ടമത്ത്‌ കുഞ്ഞികൃഷ്ണക്കുറുപ്പ്‌, കൃതി : കയ്യെഴുത്ത്‌

ശ്ലോകം 2067 : സര്‍വ്വം മറന്നിന്നൊരു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ഇന്ദ്രവജ്ര

സര്‍വ്വം മറന്നിന്നൊരു പാറ്റ പോല്‍ നിന്‍
സംസര്‍ഗ്ഗനിര്‍വ്വാണരസത്തില്‍ മുങ്ങാന്‍
കാംക്ഷിപ്പു ഞാനീശ്വര, കാല്‍ക്ഷണം നീ
കാണിക്കയന്‍പാര്‍ന്ന മുഖാരവിന്ദം!

കവി : കുമാരനാശാന്‍, കൃതി : ആത്മാര്‍പ്പണം--ഒരു പ്രാര്‍ത്ഥന

ശ്ലോകം 2068 : കള്ളന്റെ കണ്ണിന്നമലാ...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

കള്ളന്റെ കണ്ണിന്നമലാഞ്ജനത്വം
കൈക്കൊണ്ടു കാണായ തമസ്സൊഴിഞ്ഞു
പ്രകാശമോ വീണ്ടുമനാദികാല--
സാമ്രാജ്യപീഠത്തെയലങ്കരിച്ചു

കവി : കുറ്റിപ്പുറം കേശവന്‍ നായര്‍, കൃതി : ഗ്രാമീണകന്യക

ശ്ലോകം 2069 : പ്രപഞ്ചമേ, നീ പല...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

പ്രപഞ്ചമേ, നീ പല ദുഃഖജാലം
നിറഞ്ഞതാണെങ്കിലുമിത്രമാത്രം
ചേതോഹരക്കാഴ്ചകള്‍ നിങ്കലുള്ള
കാലത്തു നിന്‍ പേരിലെവന്‍ വെറുക്കും?

കവി : വള്ളത്തോള്‍

ശ്ലോകം 2070 : ചിലന്തി വെച്ചുള്ള...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

ചിലന്തി വെച്ചുള്ള വലയ്ക്കകത്തു
കൂച്ചിക്കുടുങ്ങുന്നഥ പൂച്ചി വൃന്ദം
ചതിപ്രവൃത്തിക്കടിപെട്ടുപോയാല്‍
ചാകാതെ ചത്തീടുമിവണ്ണമാരും

ശ്ലോകം 2071 : ചന്ദ്രോദയം പാര്‍ത്തെഴുമാഴി...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ഇന്ദ്രവജ്ര

ചന്ദ്രോദയം പാര്‍ത്തെഴുമാഴി പോലെ--
യന്നേരമൊന്നുള്ളമലിഞ്ഞു ദേവന്‍
പാരിച്ച ബിംബാധരകാന്തി കോലും
ഗൌരീമുഖം കണ്ണുകളാല്‍ നുകര്‍ന്നാന്‍

കവി : എ. ആര്‍. രാജരാജവര്‍മ്മ, കൃതി : കുമാരസംഭവം പരിഭാഷ

ശ്ലോകം 2072 : പുരാ കവീനാം ഗണനാ...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ഉപേന്ദ്രവജ്ര

പുരാ കവീനാം ഗണനാപ്രസംഗേ
കനിഷ്ഠികാധിഷ്ഠിതകാളിദാസഃ
അദ്യാപി തത്തുല്യകവേരഭാവാ--
ദനാമികാ സാര്‍ത്ഥമയീ ബഭൂവ

ശ്ലോകം 2073 : അനര്‍ത്ഥഗര്‍ത്തങ്ങളിലാണ്ടു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

അനര്‍ത്ഥഗര്‍ത്തങ്ങളിലാണ്ടു തന്നേ
കിടക്കണം പോലിവര്‍ കീടതുല്യം!
വേദേതിഹാസാദിവിഭൂതിയെല്ലാം
മേല്‍ജ്ജാതി തന്‍ പൈതൃകമാണു പോലും!

കവി : വള്ളത്തോള്‍, കൃതി : ഒരു തോണിയാത്ര

ശ്ലോകം 2074 : വാരാശിതന്നാസുര...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ഇന്ദ്രവജ്ര

വാരാശിതന്നാസുരഭാവമാട്ടേ
വാരുറ്റ സൌഗന്ധികലാസ്യമാട്ടേ
നീരാളിയാം രോഗസമൃദ്ധിയാട്ടേ
നാരായണന്നര്‍പ്പണമായ്‌ വരട്ടേ!

കവി : എന്‍. എന്‍. പുരളിപ്പുറം, ആറ്റൂര്‍, കൃതി : (സമസ്യാപൂരണം)

ശ്ലോകം 2075 : നിനക്കതിഷ്ടമെങ്കിലോ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : പഞ്ചചാമരം

നിനക്കതിഷ്ടമെങ്കിലോ വരാം വിരോധമില്ല ഞാന്‍
നിനച്ചിടുന്നതില്ല നിന്നെയാട്ടി ദൂരെയാക്കുവാന്‍
എനിയ്ക്കു നീയുപദ്രവം വരുത്തിടാതെ നോക്കിയാ--
ലനിഷ്ടമിങ്ങൊരിക്കലും ഭവിക്കയില്ല നിശ്ചയം.

കവി : മേരി ബനീഞ്ജ, കൃതി : ലോകമേ യാത്ര

ശ്ലോകം 2076 : എനിക്കിതിഷ്ടമെങ്കിലും...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : പഞ്ചചാമരം

എനിക്കിതിഷ്ടമെങ്കിലും തരാം നിനക്കുടുക്കുവാന്‍
നനച്ചതല്ലൊരിക്കലും പറഞ്ഞിടാമിതേ വരെ;
നിനക്കു വല്ലനിഷ്ടവും ഭവിക്കുകില്‍ സഹിക്കുവാന്‍
മനസ്സുറപ്പു കാട്ടണം നിനയ്ക്കൊലാ വഴക്കതില്‍.>

കവി : ബാലേന്ദു

ശ്ലോകം 2077 : നേരോതിടാമേറെ നിരാശ്രയന്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ഇന്ദ്രവജ്ര

നേരോതിടാമേറെ നിരാശ്രയന്‍ ഞാന്‍
ഓരോ ദിനം ചെയ്തു വരുന്ന കര്‍മ്മം
പാരാകെ സൃഷ്ടിച്ചു ഭരിച്ചിടും ശ്രീ--
നാരായണന്നര്‍പ്പണമായ്‌ വരട്ടേ!

കവി : വി ജെ. ജാതവേദന്‍ നമ്പൂതിരി, പാലക്കാട്‌, കൃതി : (സമസ്യാപൂരണം)

ശ്ലോകം 2078 : പിബന്തി പാദൈരിതി...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

പിബന്തി പാദൈരിതി കാരണേന
പാനം തു നിന്ദ്യം കില പാദപാനാം
പാദാശ്രിതാന്‍ പാന്തി സദാതപസ്ഥാഃ
പാനേന നൂനം സ്തുതിമാവഹന്തി!

കവി : ജ്യോതിര്‍മയി

ശ്ലോകം 2079 : പറന്നുവന്നെത്തിയതെങ്ങുന്നിന്ന്‌...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വംശസ്ഥം

പറന്നുവന്നെത്തിയതെങ്ങുന്നിന്നൊ, രാ--
ളറിഞ്ഞതില്ല, ങ്ങിനെ രണ്ടു പക്ഷികള്‍
ഒരേ തരം കായ്‌കനി തിന്നു ഞങ്ങളി--
ങ്ങൊരേ മരക്കൊമ്പിലിരുന്നിതൊട്ടുനാള്‍.

കവി : കെ. കെ. രാജാ, കൃതി : ബാഷ്പാഞ്ജലി

ശ്ലോകം 2080 : ഒക്കുന്നില്ലീ ശിരസ്സില്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

ഒക്കുന്നില്ലീ ശിരസ്സില്‍ മണിമകുടമുറപ്പിയ്ക്കുവാന്‍, ചുട്ടിയാകെ--
പ്പൊട്ടിപ്പോകുന്നു കണ്ണും കരളുമമിതമാവേഗമാര്‍ന്നുച്ചലിപ്പൂ
പറ്റുന്നില്ലീവിധത്തില്‍ നടനമതു തുടര്‍ന്നീടുവാനാര്‍ത്തിയോലും
ചിത്തം മങ്ങുന്നു, കൂവും സഭയിലിനിയുമീ വേഷമാടേണമെന്നോ?

, കൃതി : (സമസ്യാപൂരണം)

ശ്ലോകം 2081 : പൊല്‍തിങ്കള്‍ക്കല പൊട്ടുതൊട്ട...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പൊല്‍ത്തിങ്കള്‍ക്കല പൊട്ടുതൊട്ട ഹിമവച്ഛെയിലാഗ്രശൃംഗങ്ങളില്‍
വെണ്‍കൊറ്റക്കുടപോല്‍ വിടര്‍ന്ന വിമലാകാശാന്തരംഗങ്ങളില്‍
നൃത്യദ്ധൂര്‍ജ്ജടിഹസ്തമാര്‍ന്ന തുടിതന്നുത്താള ഡുംഡും രവം
തത്ത്വത്തിന്‍ പൊരുളാലപിപ്പു മധുരം, സത്യം! ശിവം! സുന്ദരം!

കവി : ഒ. എന്‍. വി. കുറുപ്പു്‌

ശ്ലോകം 2082 : നവീനലോകം നെടുശാസ്ത്ര...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

നവീനലോകം നെടുശാസ്ത്രനേത്രം
കൊണ്ടശ്ശതാബ്ദങ്ങള്‍ ചുഴിഞ്ഞു നോക്കി
ഇരുള്‍പ്പരപ്പിന്നടിയില്‍ക്കടന്നു
തടഞ്ഞുതപ്പിപ്പൊരുള്‍ തേടിനോക്കി

കവി : പള്ളത്തു രാമന്‍, കൃതി : വിചാരവിപ്ലവം

ശ്ലോകം 2083 : ഇനരശ്മി വഹിക്കയാല്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തമാലിക

ഇനരശ്മി വഹിക്കയാല്‍ കറുത്തീ--
യിനമല്ലാതിരുളിന്റെ മക്കളല്ല
ഘനകോമളനായിടും യശോദാ--
തനയന്‍ തന്നവതാരമെന്നുമാകാം

കവി : കെ.പി. കറുപ്പന്‍, കൃതി : പുലയര്‍

ശ്ലോകം 2084 : ഘടയതു കുശലം നഃ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : മാലിനി

ഘടയതു കുശലം നഃ കാളിയവ്യാളമര്‍ദ്ദീ
പവനപുരനിവാസീ വാസുദേവഃ സ ദേവഃ
ഖരകിരണതനൂജാലോലകല്ലോല ഡോളാ--
വിഹൃതികുതുകിതാനാം ഗോദുഹാം മോദഹേതുഃ

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍, കൃതി : ഗുരുവായുപുരേശസ്തവം

ശ്ലോകം 2085 : ഖലസാധുസമാന...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വിയോഗിനി

ഖലസാധുസമാനഭാവനാ--
നിലയാര്‍ന്നെന്നെ വഹിച്ചു നില്‍ക്കയാല്‍
ദലപാണികളാല്‍ സമീരനേ--
റ്റുലയും വാഴ തൊഴുന്നിതൂഴിയെ.

കവി : കെ. കെ. രാജാ, കൃതി : ബാഷ്പാഞ്ജലി

ശ്ലോകം 2086 : ദീനപ്പെട്ടു കിടന്നുരുണ്ടു...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ദീനപ്പെട്ടു കിടന്നുരുണ്ടു കരയാനല്ലീ നരത്വം, നമു--
ക്കൂനം വേണ്ട സുഖാരസാസവപരീസേവാര്‍ഥമെന്നോര്‍ക്കുവിന്‍
നാനാസുന്ദരരൂപശബ്ദസുരഭീസങ്കേതമായീവിധം
ആനന്ദിപ്പതിനല്ലയെങ്കിലുലകം സൃഷ്ടിക്കുമോ ചിന്മയന്‍?

, കൃതി : (സമസ്യാപൂരണം)

ശ്ലോകം 2087 : നശിക്കയോ ബീജ, മതോ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വംശസ്ഥം

നശിക്കയോ ബീജ, മതോ നവാങ്കുരം
ജനിക്കയോ, സത്ത കെടാതെ നില്‍ക്കയോ?
അറിഞ്ഞിടാതിപ്പരിണാമഗുപ്തി ഞാന്‍
ദുരന്തമോഹത്തില്‍ മലച്ചുനില്‍ക്കയാം.

കവി : കെ. കെ. രാജാ, കൃതി : ബാഷ്പാഞ്ജലി

ശ്ലോകം 2088 : അരേ, ദുരാചാര...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഉപേന്ദ്രവജ്ര

അരേ, ദുരാചാര! നൃശംസ! കംസ!
പരാക്രമം സ്ത്രീകളിലല്ല വേണ്ടൂ
തവാന്തകന്‍ ഭൂമിതലേ ജനിച്ചൂ
ജവേന സര്‍വത്ര തിരഞ്ഞുകൊള്‍ക

കവി : കുഞ്ചന്‍ നമ്പ്യാര്‍, കൃതി : ശ്രീകൃഷ്ണചരിതം മണിപ്രവാളം

ശ്ലോകം 2089 : താരുണ്യവേഗത്തില്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

താരുണ്യവേഗത്തില്‍ വധൂജനങ്ങള്‍
പിന്നിട്ടിടുന്നൂ പുരുഷവ്രജെത്തെ;
മരം തളിര്‍ക്കാന്‍ തുടരുമ്പൊഴേയ്ക്കു--
മൊപ്പം മുളച്ചീടിന വല്ലി പൂത്തു!

കവി : നാലപ്പാട്ടു നാരായണ മേനോന്‍, കൃതി : കണ്ണുനീര്‍ത്തുള്ളി

ശ്ലോകം 2090 : മന്നിന്നെന്തൊരു മാനഹാനി...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മന്നിന്നെന്തൊരു മാനഹാനി? മുഴുവന്‍ മൂല്യങ്ങളും മാഞ്ഞുപോയ്‌!
ഇന്നാ നന്മകള്‍ വീണ്ടെടുത്തരുളുവാനാണെന്റെയാത്മാര്‍പ്പണം
പറ്റം തെറ്റിയ പാര്‍ത്ഥനായ്‌, വിവശനായ്‌, നിന്‍കാല്‍ക്കലേ നില്‍പു ഞാന്‍
മറ്റാരും തുണയില്ലെനിയ്ക്കു ഗുരുവായൂരപ്പ നീയെന്നിയേ

കവി : കൃഷ്ണന്‍ പറപ്പള്ളി, കൃതി : (സമസ്യാപൂരണം)

ശ്ലോകം 2091 : പ്രസംഗമേറ്റം ഫലിത...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വംശസ്ഥം

പ്രസംഗമേറ്റം ഫലിതപ്രധാനമാ--
യസംബ്ലിയില്‍ ചെയ്തൊരു വാര്‍ത്ത കേട്ടു ഞാന്‍
ഭൃശം ഗണിക്കുന്നു പണിക്കരെസ്സുവാക്‌--
പ്രസംഗവിത്തെന്നുമുദൂഢ കൌതുകം.

കവി : മൂലൂര്‍ പദ്മനാഭപ്പണിക്കര്‍, കൃതി : ചരമാനുശയം

ശ്ലോകം 2092 : ഭൂത്വാ ചിരായ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : വസന്തതിലകം

ഭൂത്വാ ചിരായ ചതുരന്തമഹീസപത്നീ
ദൌഷ്ഷന്തിമപ്രതിരഥം തനയം നിവേശ്യ
ഭര്‍ത്രാ തദര്‍പ്പിതകുടുംബഭരേണ സാര്‍ദ്ധം
ശാന്തേ! കരിഷ്യസി പദം പുനരാശ്രമേസ്മിന്‍

കവി : കാളിദാസന്‍, കൃതി : ശാകുന്തളം

ശ്ലോകം 2093 : ഭാവനീയഭഗവാന്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : രഥോദ്ധത

ഭാവനീയഭഗവാന്‍ ഭവാംബുധൌ
നാവികന്‍ നിപുണ "നാണു" നാമകന്‍
ഭാവിഭവ്യഭയനാശമൂലമെന്‍--
ജീവദേശികനെനിക്കു ദൈവമേ!

കവി : കുമാരനാശാന്‍, കൃതി : ശാംകരശതകം

ശ്ലോകം 2094 : ഭോഗാ ന ഭൂക്താ...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

ഭോഗാ ന ഭുക്താ വയമേവ ഭുക്താഃ
തപോ ന തപ്തം വയമേവ തപ്താഃ
കാലോ ന യാതോ വയമേവ യാതഃ
തൃഷ്ണാ ന ജീര്‍ണാ വയമേവ ജീര്‍ണാഃ

കവി : ഭര്‍ത്തൃഹരി

ശ്ലോകം 2095 : ക്ഷീണിച്ചിട്ടെന്നവണ്ണം നിഴല്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ക്ഷീണിച്ചിട്ടെന്നവണ്ണം നിഴല്‍ വിടപിതലേ പാന്ഥരൊത്തെത്തിടുന്നൂ,
കേണെന്നോണം സരസ്സിന്നടിയതിലടിയുന്നങ്ങു മീനൊത്തു ശൈത്യം,
ദാഹത്താലോ കുടിയ്ക്കുന്നുദകമുകിലിനോടൊത്തു സൂര്യാംശുജാലം,
ദേഹത്തിന്‍ കാന്തിയാലോ മണിയറയണയുന്നാര്‍ത്തരോടൊത്തുറക്കം.

കവി : എ. ആര്‍. രാജരാജവര്‍മ്മാ, കൃതി : ഭാഷാഭൂഷണം

ശ്ലോകം 2096 : ദുഷ്ടത്വമേറുന്നൊരു...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ഇന്ദ്രവജ്ര

ദുഷ്ടത്വമേറുന്നൊരു ശ്വശ്രുവെത്താന്‍
പെട്ടെന്നൊരമ്മിയ്ക്കു പുറത്തിരുത്തി
ചേരും കരിങ്കല്‍ക്കഷണത്തിനാലേ...
നാരായണന്നര്‍പ്പണമായ്‌ വരട്ടേ!

കവി : രാജേഷ്‌ ആര്‍. വര്‍മ്മ, കൃതി : (സമസ്യാപൂരണം)

ശ്ലോകം 2097 : ചേണോലുന്ന മഹേന്ദ്രനീല...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ചേണോലുന്ന മഹേന്ദ്രനീലമണിയെച്ചാമീകരം പോലെയും,
ഫുല്ലേന്ദീവരരാദിയെക്കുളിരെഴും ചന്ദ്രാതപം പോലെയും,
നീലാംഭോധരപാളിയെത്തരളമാം വിദ്യുദ്‌ഗുണം പോലെയും,
സോത്കണ്ഠം കടല്‍വര്‍ണനെത്തിരയുമിത്തന്വംഗിയാരായിടാം?

കവി : ഓട്ടൂര്‍ ഉണ്ണിനമ്പൂതിരിപ്പാട്‌, കൃതി : രാധ

ശ്ലോകം 2098 : നമോസ്തു തേ വ്യാസ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

നമോऽസ്തു തേ വ്യാസ, വിശാലബുദ്ധേ
ഫുല്ലാരവിന്ദായതപത്രനേത്ര
യേന ത്വയാ ഭാരതതെയിലപൂര്‍ണ്ണഃ
പ്രജ്ജ്വാലിതോ ജ്ഞാനമയഃ പ്രദീപഃ

ശ്ലോകം 2099 : യാഗാദി കൊണ്ടുമപി യോഗാദി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മത്തേഭം

യാഗാദി കൊണ്ടുമപി യോഗാദി കൊണ്ടുമരിയോഗാപനോദമതിലും
വേഗാലഹോ വിഷയഭോഗാശ തന്നുടെ വിയോഗായ യത്നമഫലം
രാഗാദിയാം ഹൃദയരോഗാതിരേകമൊരു ഭാഗായ നീങ്ങുവതിനായ്‌
നാഗാങ്ക മൂര്‍ത്തിയുടെ ഭാഗായ തല്‍ പളനി പൂഗായ ചെയ്ക നമനം.

കവി : ശ്രീനാരായണ ഗുരു, കൃതി : ശ്രീ സുബ്രഹ്മണ്യസ്തുതി

ശ്ലോകം 2100 : രാപായില്‍ വീണുഴറുമാപാപമീയരുതി...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : മത്തേഭം

രാപായില്‍ വീണുഴറുമാപാപമീയരുതിരാപായി പോലെ മനമേ
നീ പാര്‍വ്വതീതനയമാപാദചൂഡമണിമാപാദനായ നിയതം
പാപാടവീചുടുമിടാപായമീ മരുദിനോപാസനേന ചുഴിയില്‍
തീ പായുമാറു മധു നാപായമുണ്മതിനു നീ പാഹി മാ, മറുമുഖ!

കവി : ശ്രീനാരായണഗുരു, കൃതി : നവമഞ്ജരി

ശ്ലോകം 2101 : പറ്റാതേ തരമില്ലൊരുത്തനൊരുനാള്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പറ്റാതേ തരമില്ലൊരുത്തനൊരുനാള്‍ തെറ്റൊന്നുരണ്ടെങ്കിലും
തെറ്റാനും തരമില്ല, ജാതകഫലം മാറ്റാനുമാവില്ലഹോ
വറ്റാതേ നിലനിന്നിടേണമവിടന്നെന്‍ഹൃത്തിലെന്നും സദാ
മറ്റാരും തുണയില്ലെനിയ്ക്കു ഗുരുവായൂരപ്പ നീയെന്നിയേ

കവി : അണ്ടലാടി പരമേശ്വരന്‍ നമ്പൂതിരി, കൃതി : സമസ്യാപൂരണം

ശ്ലോകം 2102 : നാദാന്തബ്രഹ്മനിഷ്ഠാവഴിയില്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

നാദാന്തബ്രഹ്മനിഷ്ഠാവഴിയിലകമുറച്ചേവമോര്‍ത്താലുമിന്നെന്‍
വേദാന്തക്കണ്‍വെളിച്ചം വിരഹമഷിപിടിച്ചൊന്നുമങ്ങുന്നുവെങ്കില്‍
വാദാര്‍ത്ഥം ദണ്ഡമേന്തും യതികളുടെ വെറും കാവിമുണ്ടുഗ്രസംഗ--
ത്തീദാഹംകൊണ്ടു നീട്ടും രസനകളെ മുറയ്ക്കെത്രനാള്‍ മൂടിവെയ്ക്കും?

കവി : വി. സി. ബാലകൃഷ്ണപ്പണിക്കര്‍, കൃതി : ഒരു വിലാപം

ശ്ലോകം 2103 : വേണം മനസ്സിനൊരു ശാന്തി...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : വസന്തതിലകം

വേണം മനസ്സിനൊരു ശാന്തിയതെന്നുമര്‍ത്ഥി--
ച്ചാണെത്തിടുന്നു മുരളീധര! നിന്റെ മുന്നില്‍
കേണീടുമേഴയിവനാവരമേകുകെന്നാല്‍
പ്രാണാവസാനസമയത്തണയും വിമുക്തി

കവി : നടുവട്ടം രവീന്ദ്രന്‍, കൃതി : സമസ്യാപൂരണം

ശ്ലോകം 2104 : കളിച്ചുകൊള്ളട്ടെ യഥേഷ്ടം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

കളിച്ചുകൊള്ളട്ടെ യഥേഷ്ടമെങ്ങോ
മറ്റുള്ള കൂട്ടാളികളായിരം പേര്‍,
ഞങ്ങള്‍ക്കു സര്‍വോത്സവവും വിളഞ്ഞ--
താ ഞങ്ങള്‍ ചേര്‍ന്നൊക്കുമിടത്തില്‍ മാത്രം.

കവി : നാലപ്പാട്ട്‌ നാരയണ മേനോന്‍, കൃതി : കണ്ണൂനീര്‍ത്തുള്ളി

ശ്ലോകം 2105 : ഞാനെന്ന ഭാവം വളരാതിരിപ്പാന്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

ഞാനെന്ന ഭാവം വളരാതിരിപ്പാന്‍
മനുഷ്യജന്മം സഫലീകരിപ്പാന്‍
മരിയ്ക്കുവോളം മനമോര്‍പ്പതെല്ലാം
നാരായണന്നര്‍പ്പണമായ്‌ വരട്ടേ

കവി : പി. എം. ഷീജ, വെള്ളൂര്‍, കൃതി : (സമസ്യാപൂരണം)

ശ്ലോകം 2106 : മീനായതും ഭവതി മാനായതും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മത്തേഭം

മീനായതും ഭവതി മാനായതും ജനനി നീ നാഗവും നഗഖഗം
താനായതും ധരനദീനാരിയും നരനുമാനാകവും നരകവും
നീ നാമരൂപമതില്‍ നാനാവിധപ്രകൃതി മാനായി നിന്നറിയുമീ
ഞാനായതും ഭവതി ഹേ നാദരൂപിണി, യഹോ! നാടകം നിഖിലവും.

കവി : ശ്രീനാരായണ ഗുരു, കൃതി : ജനനീനവരത്നമഞ്ഞരി

ശ്ലോകം 2107 : നാനാവിചാരങ്ങള്‍, ഭയം,...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

നാനാവിചാരങ്ങള്‍, ഭയം, വിഷാദം,
കുന്നിയ്ക്കുമെന്‍ വൃദ്ധമനസ്സുചൊല്‍വൂ
ഫലേച്ഛതീണ്ടാത്ത മദീയഭാവി
നാരായണന്നര്‍പ്പണമായ്‌ വരട്ടേ!

കവി : എം. വി. സരസ്വതി, രാമനാട്ടുകര, കൃതി : (സമസ്യാപൂരണം)

ശ്ലോകം 2108 : ഫേനാംഭോരാശിമദ്‌ധ്യേ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ഫേനാംഭോരാശിമദ്‌ധ്യേ മറകളതിതരാം പോയ്‌മറഞ്ഞോരുനേരം
ദീനേ നാഥേ പ്രജാനാം ഝടിതി ദനുസുതം കൊന്റു പാതാളലോകാല്‍
നാനാവേദാന്‍ വിരിഞ്ചന്നരുളിയതിമുദാ വാരിരാശൌ കളിക്കും
മീനാകാരം വഹിച്ചീടിന ഭുവനവിഭും കേശവം കൈതൊഴിന്റേന്‍.

കവി : ആദിത്യവര്‍മ്മ മഹാരാജാവ്‌, കൃതി : വിഷ്ണുസ്തോത്രം

ശ്ലോകം 2109 : നിര്‍മ്മായം താന്‍ കുചേലന്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

നിര്‍മ്മായം താന്‍ കുചേലന്‍ ദ്വിജവരനവിടം വിട്ടു വേറിട്ടുവേട്ടാ--
നുണ്മാനില്ലാഞ്ഞലഞ്ഞാന്‍ പുനരൊരു ദിവസം ദ്വാരകാം കണ്ടു ചെന്നാന്‍
സമ്മോദം പൂണ്ടിരുന്നാനവിലരി തിരുമുല്‍ക്കാഴ്ച വെച്ചാന്‍ പ്രഭാതേ
ബ്രഹ്മാനന്ദേന പോന്നാന്‍ ധനദനെ വിഭവം കൊണ്ടു വെക്കം ജയിച്ചാന്‍

കവി : പൂന്താനം, കൃതി : ശ്രീകൃഷ്ണകര്‍ണാമൃതം

ശ്ലോകം 2110 : സുരതടിനിതരംഗമലയും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം :

സുരതടിനീതരംഗമലയും തലയോടുമഹീന്ദ്രമാലയും
പുരിചിടയില്‍ക്കലര്‍ന്നു വിലസും തുഹിനാംശുകിശോരശേഖരം
ദുരിതഭരോപശാന്തി വരുവാന്‍ ഭുവനാശ്രയമാശ്രയാമി ഞാന്‍
പരിചൊടു കൂടല്‍മേവുമഗജാരമണം കരുണാമൃതാംബുധിം.

ശ്ലോകം 2111 : ദേഹം മനസ്സിന്ദൃയവും...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

ദേഹം മനസ്സിന്ദൃയവും വചസ്സും
ബുദ്ധ്യാത്മവൃദ്ധിപ്രകൃതിസ്വഭാവം
ചെയ്യുന്നതെന്തും പരിപൂര്‍ണ്ണനായ
നാരായണന്നര്‍പ്പണമായ്‌ വരട്ടേ!

കവി : അക്കിത്തം അച്യുതന്‍ നമ്പൂതിരി, കൃതി : (സമസ്യാപൂരണം)

ശ്ലോകം 2112 : ചിദംശം വിഭും നിര്‍മ്മലം...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഭുജംഗപ്രയാതം

ചിദംശം വിഭും നിര്‍മ്മലം നിര്‍വികല്‍പ്പം
നിരീഹം നിരാകാരമോങ്കാരഗമ്യം
ഗുണാതീതമവ്യക്ത മേകം തുരീയം
പരം ബ്രഹ്മ യം വേദ തസ്മൈ നമസ്തേ!

കവി : ശങ്കരാചാര്യര്‍, കൃതി : വിഷ്ണുഭുജംഗം

ശ്ലോകം 2113 : ഗാത്രേ ഗാത്രേ തുടര്‍ന്നൂ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ഗാത്രേ ഗാത്രേ തുടര്‍ന്നൂ മധുരിമ തിരളും മാര്‍ദ്ദവം നേത്രരംഗേ
കൂത്താട്ടത്തിന്നു ലജ്ജായവനികയില്‍ മറഞ്ഞംഗജന്മാ വിരേജേ
മുത്തേലും കൊങ്ക പങ്കേരുഹമുകുളസമം ഹന്ത താരുണ്യവായ്പോ--
ടെത്തിക്കൈത്താര്‍ പിടിച്ചൂ ഝടിതി വടിവെഴും ശൈശവം പേശലാംഗ്യാഃ

കവി : മഴമംഗലം നമ്പൂതിരി, കൃതി : നൈഷധം ചമ്പു

ശ്ലോകം 2114 : മേറ്റ്ല്ലാക്കഥയും മറന്നു...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മേറ്റ്ല്ലാക്കഥയും മറന്നു ഭഗവല്‍പ്രേമത്തിലാറാടുവാന്‍
മുട്ടാതേ കളവേണുഗാനമധുരം കോരിക്കുടിച്ചീടുവാന്‍
മദ്ദേഹം തരിമണ്ണിലേയ്ക്കു തിരികെത്താനേറ്റുവാങ്ങീടുവാന്‍
മറ്റാരും തുണയില്ലെനിയ്ക്കു ഗുരുവായൂരപ്പ നീയെന്നിയേ

കവി : എന്‍. എന്‍. പുരളിപ്പുറം, കൃതി : (സമസ്യാപൂരണം)

ശ്ലോകം 2115 : മലയാളമതിങ്കലുള്ള...

ചൊല്ലിയതു്‌ : ജീവി
വൃത്തം : വസന്തമാലിക

മലയാളമതിങ്കലുള്ള ഹിന്ദു--
ത്തലയാളി പ്രവരര്‍ക്കു പണ്ടുപണ്ടേ
പുലയാളൊരു ജാതിയെന്തുകൊണ്ടോ?
വിലയാളെന്നു പറഞ്ഞുവന്നിടുന്നു.

കവി : പണ്ഡിറ്റ്‌ കെ. പി കറുപ്പന്‍, കൃതി : പുലയര്‍ (കാവ്യപേടകം)

ശ്ലോകം 2116 : പാലാഴിക്കുള്ള വെള്ളത്തിരനിര...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

പാലാഴിക്കുള്ള വെള്ളത്തിരനിര നിരവേ മേല്‍ക്കുമേല്‍ കെട്ടിനില്‍ക്കും--
പോലാകും നാഗനാഥപ്പുതു മൃദുശയനേ പള്ളികൊള്ളുന്ന ദേവന്‍
നീലാഭ്രം ചൂഴെ മിന്നല്‍പ്പിണരൊടു പടയുന്തുമ്പടം ചാര്‍ത്തിടുന്നോന്‍
മേലാല്‍ സന്താപമേലായ്‌വതിനിഹ മഹിത ശ്രീകടാക്ഷം വിടട്ടേ.

കവി : കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍

ശ്ലോകം 2117 : നാരായണായെന്നിഹ ഞാന്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ഇന്ദ്രവജ്ര

നാരായണായെന്നിഹ ഞാന്‍ ജപിച്ചാല്‍
നാരായണന്‍ നോക്കി നടത്തുമെന്നെ
നാണം വെടിഞ്ഞിന്നു ഭജിച്ചു, ഭാവി
നാരായണന്നര്‍പ്പണമായ്‌ വരട്ടേ!

കവി : ശാന്തകുമാരി, തിരുവനന്തപുരം, കൃതി : (സമസ്യാപൂരണം)

ശ്ലോകം 2118 : നിത്യം നൂതനജീവനേകിയവിടുന്ന്‌...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നിത്യം നൂതനജീവനേകിയവിടുന്നെന്നെജ്ജഗത്തിങ്കലെ--
സ്സത്യം കണ്ടുപിടിക്കുവാന്‍ വിടുകിലും കൃത്യാന്തരാസ്വസ്ഥനായ്‌
അത്യന്തം കുഴയുന്നു ജീവിതമഹാഗ്രന്ഥത്തിലൊട്ടേറെയ--
പ്രത്യക്ഷീകൃതമായ്‌ മറിച്ചു വെറുതേ മൌഢ്യത്തിനായേടുകള്‍.

കവി : വാരിക്കോലില്‍ കേശവനുണ്ണിത്താന്‍, കൃതി : രാഗതരംഗം

ശ്ലോകം 2119 : അഖിലോപരിയെന്റെ...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : വിയോഗിനി

അഖിലോപരിയെന്റെ ബുദ്ധിയില്‍
സുഖദുഃഖങ്ങളില്‍ മാറ്റമെന്നിയേ
ജഗദീശ തെളിഞ്ഞു നില്‍ക്കണം
നിഗമം തേടിന നിന്‍പദാംബുജം

കവി : കുമാരനാശാന്‍, കൃതി : പ്രഭാതപ്രാര്‍ത്ഥന

ശ്ലോകം 2120 : ജംഭപ്രദ്വേഷിമുമ്പില്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ജംഭപ്രദ്വേഷിമുമ്പില്‍ സുരവരസദസി ത്വദ്‌ഗുണൌഘങ്ങള്‍ വീണാ--
ശുംഭത്‌പാണൌ മുനൌ ഗായതി സുരസുദൃശാം വിഭ്രമം ചൊല്ലവല്ലേന്‍
കുമ്പിട്ടാളുര്‍വശിപ്പെ, ണ്ണകകമലമലിഞ്ഞൂ, മടിക്കുത്തഴിഞ്ഞൂ
രംഭ, യ്ക്കഞ്ചാറുവട്ടം കബരി തിരുകിനാള്‍ മേനകാ മാനവേദ!

കവി : പുനം നമ്പൂതിരി

ശ്ലോകം 2121 : കസ്തൂരീതിലകം ലലാടഫലകേ...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കസ്തൂരീതിലകം ലലാടഫലകേ, വക്ഷസ്ഥലേ കൌസ്തുഭം,
നാസാഗ്രേ നവമൌക്തികം, കരതലേ വേണും, കരേ കങ്കണം,
സര്‍വ്വാംഗേ ഹരിചന്ദനം ച കലയന്‍ കണ്ഠേ ച മുക്താവലീം
ഗോപസ്ത്രീപരിവേഷ്ടിതോ വിജയതേ ഗോപാല ചൂഡാമണി

കവി : ലീലാശുകന്‍, കൃതി : ശ്രീകൃഷ്ണ കര്‍ണ്ണാമൃതം

ശ്ലോകം 2122 : സന്ധ്യാരാഗേ നിലാവോ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

സന്ധ്യാരാഗേ നിലാവോ സരസതുഹിനമോ നല്ലരക്കാമ്പല്‍തന്മേല്‍
മാണിക്കം ചേര്‍ന്ന മുത്തോ മധുരമധു പുരണ്ടോമലന്നക്കിടാവോ?
തങ്ങും പാലിന്‍ നുറുങ്ങോ തരളരുചി കിളിച്ചുണ്ടിലത്യന്തതാമ്രേ
പാറക്കാട്ടുണ്ണിനങ്ങേ! പരിമളപവള്‍വായണ്‍പുമിമ്മന്ദഹാസം?

, കൃതി : ലീലാതിലകം

ശ്ലോകം 2123 : തെറ്റില്ലാത്ത പദങ്ങളാലൊരുവിധം...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

തെറ്റില്ലാത്ത പദങ്ങളാലൊരുവിധം പാദങ്ങള്‍ മൂന്നെണ്ണവും
സൃഷ്ടിച്ചാദ്യസമസ്യയിങ്കലടിയന്‍ കേറിപ്പയേറ്റെടുവാന്‍
പറ്റില്ലെന്നു വരുത്തിടായ്ക പറയാം സത്യത്തെയുച്ചൈസ്തരം
മറ്റാരും തുണയില്ലെനിയ്ക്കു ഗുരുവായൂരപ്പ നീയെന്നിയേ

കവി : എം. ആര്‍. അരവിന്ദാക്ഷന്‍, കൃതി : (സമസ്യാപൂരണം)

ശ്ലോകം 2124 : പ്രാസപ്രയോഗനിയമത്തെ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തതിലകം

പ്രാസപ്രയോഗനിയമത്തെയൊഴിച്ചു നവ്യം
കാവ്യം ചമയ്ക്കുവതിനെന്‍ പ്രിയഭാഗിനേയന്‍
ശിഷ്യാഗ്രഗണ്യനുരചെയ്തതുപോലെ ഞാനി--
ന്നി"ദ്ദൈവയോഗ"കഥയൊന്നു കഥിച്ചിടുന്നേന്‍.

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍, കൃതി : ദൈവയോഗം

ശ്ലോകം 2125 : ശ്രീരാമന്‍ പോയ്‌ വനത്തില്‍...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : സ്രഗ്ദ്ധര

ശ്രീരാമന്‍ പോയ്‌ വനത്തില്‍, ബലി നിയമിതനായ്‌, പാര്‍ത്ഥരും പുക്കരണ്യം,
പോരാടിത്തീര്‍ന്നു വൃഷ്ണിവ്രജമഥ, നളനും രാജ്യവിഭ്രഷ്ടനായി,
കാരാഗാരത്തില്‍ വാണാന്‍ ദശമുഖ, നടരില്‍ച്ചാകയും ചെയ്തു, പാര്‍ത്താല്‍
പാരാകെക്കാലലീലാവശഗ, മതു മറിച്ചാര്‍ക്കുവാനാര്‍ക്കു ശക്യം?

കവി : കെ. സി. കേശവപിള്ള, കൃതി : സുഭാഷിതരത്നാകരം

ശ്ലോകം 2126 : കൃഷ്ണ കൃഷ്ണ ജനാര്‍ദ്ദനാ...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : മല്ലിക

കൃഷ്ണ കൃഷ്ണ ജനാര്‍ദ്ദനാ ഹരി മാധവാ, മുരളീധരാ
തൃഷ്ണയൊക്കെയടക്കിയെന്നെ വിമുക്തനാക്കുവതെന്നു നീ?
ഭക്തവല്‍സല വാസുദേവ മുകുന്ദ ഗോകുലപാലകാ
രക്ഷ രക്ഷ പദാംബുജം മമ കേശവാ മധുസൂദനാ!

കവി : എസ്‌. രമേശന്‍ നായര്‍, കൃതി : കുന്നിമണികള്‍

ശ്ലോകം 2127 : ഭൂയിഷ്ഠം റാണി പദ്മാവതിയുടെ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ഭൂയിഷ്ഠം റാണി പദ്മാവതിയുടെ വിപുലസ്ഥൈര്യസമ്പത്തു, ലക്ഷ്മീ--
ഭായിക്കുണ്ടായ യുദ്‌ധപ്രവണത, സരളാദേവിതന്‍ വാഗ്വിലാസം
നീയിത്‌ഥം നിര്‍മ്മലസ്ത്രീ ഗുണമഹിമകളാല്‍ പൂര്‍ണ്ണയായ്‌ വാണിരിയ്ക്കാം
വായിപ്പാനാവതാണോ ഹൃദയനില വെറും മാംസദൃഗ്വീക്ഷണത്താല്‍?

കവി : വി. സി. ബാലകൃഷ്ണപ്പണിക്കര്‍, കൃതി : ഒരു വിലാപം

ശ്ലോകം 2128 : നാരായണാ, നിന്റെ...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ഇന്ദ്രവജ്ര

നാരായണാ, നിന്റെ സഹസ്രനാമം
നാവിന്റെ തുമ്പില്‍ കളിയാടുവാനായ്‌
അര്‍ത്ഥിയ്ക്കുവോനീയടിയന്റെ ജന്മം
നാരായണന്നര്‍പ്പണമായ്‌ വരട്ടെ

കവി : ഗോപി, പാലക്കാട്‌, കൃതി : (സമസ്യാപൂരണം)

ശ്ലോകം 2129 : അനന്തരം നിജകുല...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : അതിരുചിര

അനന്തരം നിജകുലകാമധേനുവായ്‌
മനം തെളിഞ്ഞരുളിന ഭദ്രകാളിയെ
അനന്തഭാസ്സുടയ തദാലയം ഗമി--
ച്ചനന്തതന്നധിപതി കൈവണങ്ങിനാന്‍

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 2130 : അറ്റം കൂടാതെ കൌതൂഹല...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

അറ്റം കൂടാതെ കൌതൂഹലപരവശനായ്‌ നന്ദഗോപന്‍ തദാനീ--
മേറ്റം ദാനങ്ങളും ചെയ്തുടനതിമഹിതം ജാതകര്‍മ്മം കഴിപ്പാന്‍
ചുറ്റിക്ഖണ്ഡിച്ച പൊക്കിള്‍ക്കൊടി തിരുവുദരത്താണ്ടു ഭംഗ്യാ കിടന്നോ--
രീറ്റില്ലത്തുണ്ണിയെക്കണ്ടവരവരമൃതാനന്ദമാറാടിനാര്‍പോല്‍

കവി : പൂന്താനം, കൃതി : ശ്രീകൃഷ്ണകര്‍ണാമൃതം

ശ്ലോകം 2131 : ചട്ടയും ചതുരചൊട്ടയിട്ടകുഴല്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : കുസുമമഞ്ജരി

ചട്ടയും ചതുരചൊട്ടയിട്ടകുഴല്‍, തോക്കു,തൊപ്പികളുമങ്ങു കാല്‍--
ച്ചട്ടയും ചടുലവട്ടദൃഷ്ടികളതിട്ടുരുട്ടുമൊരു ധാര്‍ഷ്ട്യവും
എട്ടുദിക്കുമഥ ഞെട്ടുമാറു ചില ശബ്ദമിട്ടണിയതായ്മലാം--
ഗാട്ടുകാര്‍ ചില സിപായിമാരുടയ കൂട്ടവും ബഹുമനോഹരം.

കവി : വെണ്മണി മഹന്‍, കൃതി : പൂരപ്രബന്ധം

ശ്ലോകം 2132 : ഏതേതാവശ്യമെന്നാല്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

ഏതേതാവശ്യമെന്നാല്‍ തിരുനടയിലണഞ്ഞൊന്നുണര്‍ത്തിയ്ക്കിലെല്ലാ--
മേതേതാള്‍ക്കും കരസ്ഥം ദൃഢമുടനടിയെന്നോതിടുന്നുണ്ടു ലോകം
കൈതമ്മില്‍ക്കൂട്ടിമുട്ടിച്ചടിയനടിവണങ്ങുന്നു, വേണ്ടുന്നതെല്ലാം
നീ തന്നേ ചിന്തചെയ്തിട്ടരുളുകറിയുമങ്ങേയ്ക്കു, കൊല്ലൂര്‍പിരാട്ടീ!

കവി : കുറുവല്ലൂറ്‌ മാധവന്‍, കൃതി : മൂകാംബികാസ്തുതി

ശ്ലോകം 2133 : കൂലം വിട്ടു കുതിച്ചിടുന്നു...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കൂലം വിട്ടു കുതിച്ചിടുന്നു യമുനച്ചിറ്റോളവും, ചന്ദന--
ത്താലം നീട്ടി നടന്നിടുന്നു നിശയും വേണുസ്വരാകൃഷ്ടരായ്‌!
പാലും വെണ്ണയുമപ്പടിയ്ക്കണയുമീ കണ്ണന്‍ നിനച്ചാല്‍-- അവന്‍
ശീലിയ്ക്കും ലഘുമോഷണങ്ങള്‍ വെറുതേ ഭാവിച്ചിടും നാടകം.

കവി : വി.കെ.ജി, കൃതി : അവില്‍പ്പൊതി

ശ്ലോകം 2134 : പാപങ്ങളാല്‍ പതിതനായ്‌...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : വസന്തതിലകം

പാപങ്ങളാല്‍ പതിതനായൊരജാമിളാഖ്യന്‍
നാമം ജപിച്ചു ഭഗവല്‍പദമാര്‍ന്നു മുന്നേ
നാരായണായ ഹരയേ നമയെന്നു ചൊന്നാല്‍
പ്രാണാവസാനസമയത്തണയും വിമുക്തി

കവി : കുടല്‍മന കേശവന്‍ നമ്പൂതിരി, പിലാത്തറ, കൃതി : (സമസ്യാപൂരണം)

ശ്ലോകം 2135 : ന ച്ഛത്രം ന തുരങ്ഗമോ...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ന ച്ഛത്രം ന തുരങ്ഗമോ ന വദതാം വൃന്ദാനി നോ വന്ദിനോ
ന ശ്മശ്രൂണി ന പട്ടബന്ധവസനം നഹ്യംബരാഡംബരഃ
അസ്ത്യസ്മാകമമന്ദമന്ദരഗിരിപ്രോദ്ധൂതദുഗ്ദ്ധോദധി--
പ്രേങ്ഖദ്വീചിപരമ്പരാപരിണതാ വാണീ തു നാണീയസീ

കവി : കാക്കശ്ശേരി ഭട്ടതിരി

ശ്ലോകം 2136 : ആദിയ്ക്കാദിത്യചന്ദ്രപ്രഭൃതികളെ...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

ആദിയ്ക്കാദിത്യചന്ദ്രപ്രഭൃതികളെ രചിച്ചിട്ടിരുട്ടിന്‍ കടുപ്പം
ഛേദിയ്ക്കാനുള്ള ഭാരം മുഴുവനവരിലേല്‍പിച്ചു നീയെന്തു സാദ്ധ്യം
വേദാന്തര്‍ലീനസത്തേ! നരനകമഖിലം മൂടിടും വന്‍ തമസ്സെ--
ബ്ഭേദിപ്പാനങ്ങുതന്നേ മുതിരണമതിമോദേന കൊല്ലൂര്‍പിരാട്ടീ!

കവി : കുറുവല്ലൂറ്‌ മാധവന്‍, കൃതി : മൂകാംബികാസ്തുതി

ശ്ലോകം 2137 : വല്ലവീലതകള്‍ ചുറ്റി...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : രഥോദ്ധത

വല്ലവീലതകള്‍ ചുറ്റിനില്‍ക്കയാ--
ലുല്ലസിച്ച സുരലോകപാദപം
ചില്ലയാത്മകസുഖം നമുക്കു ത--
ന്നല്ലല്‍ നീക്കി നിജഭക്തിയേകണം

ശ്ലോകം 2138 : ചെനച്ച മാങ്ങാ ചതുരേന...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ഉപേന്ദ്രവജ്ര

ചെനച്ച മാങ്ങാ ചതുരേന ചെത്തി--
പ്പുളിച്ച മോരില്‍ കുറുകെക്കലക്കി
അരച്ച തേങ്ങാ, മുള,കുപ്പു ചേര്‍ത്ത--
ങ്ങടച്ചു വെന്താലമൃതിന്നു തുല്യം

ശ്ലോകം 2139 : അടിപിടി പല മട്ടില്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മാലിനി

അടിപിടി പല മട്ടില്‍ക്കുത്തു വെട്ടുന്തു തള്ളി--
പ്പടി പണി പതിനെട്ടും കാട്ടിടും കര്‍ഷകന്നും
മടിയൊരു വക നല്‍കാന്‍ മറ്റു മന്നിന്നു; നീയോ?
ഝടിതി കതകില്‍ മുട്ടും ഡിംഭനും കാമധേനു.

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 2140 : മുറ്റും ഭക്തിയൊടഞ്ചു ...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മുറ്റും ഭക്തിയൊടഞ്ചു വേള ഭഗവന്നാരായണീയം ക്രമം--
തെറ്റീടാതെയുപന്യസിച്ചവയിലങ്ങൊന്നമനായ്‌ നാലിലും
ചെറ്റങ്ങാശിഷമേകി ഭക്തനിവനെ പ്രഖ്യാപനം ചെയ്തു ഹാ
മറ്റാരും തുണയില്ലെനിയ്ക്കു ഗുരുവായൂരപ്പ നീയെന്നിയേ

കവി : കേളമംഗലം എ. വി. നായര്‍, തകഴി, കൃതി : (സമസ്യാപൂരണം)

ശ്ലോകം 2141 : ചേലില്‍ക്കാണേണ്ട ചേതോഭവനുടെ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : സ്രഗ്ദ്ധര

ചേലില്‍ക്കാണേണ്ട ചേതോഭവനുടെ ഭവനപ്പൂമുഖത്തേ മറയ്ക്കും
ശീലക്കേടോ, കളിന്ദാത്മജയുടെ കടവില്‍ച്ചെന്നു നീന്തിക്കളിയ്ക്കേ
പാലും തൈരും മണക്കും പുടവകളിടയപ്പെണ്‍കള്‍ മുക്കാതെ വെയ്ക്കും
ശീലക്കേടോ, ഭവാന്‍ മാറ്റിയ, തനിലപുരത്ത