ശ്ലോകം 501 : മഞ്ഞിന്‍ മാമല മോളിലേറി...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മഞ്ഞിന്‍ മാമല മോളിലേറി, യുടലില്‍ വെണ്ണീറു പൂശി, സ്സദാ
നഞ്ഞും മോന്തിയിരുന്ന പുള്ളിയെയുടന്‍ സര്‍വ്വജ്ഞനാക്കുന്നൊരാ
കുഞ്ഞിക്കണ്ണു തുറന്നു, ഞങ്ങള്‍ വിഷമിച്ചെന്തൊക്കെയോ ചെയ്തു വെ--
ച്ചഞ്ഞൂറാക്കിയൊരീ സദസ്സിനെയുമേ! നന്നായ്‌ കടാക്ഷിക്കണേ!

കവി : ഉമേഷ്‌ നായര്‍

ശ്ലോകം 502 : കാടേറുന്ന മനുഷ്യര്‍ തന്‍...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം :

കാടേറുന്ന മനുഷ്യര്‍ തന്‍ ഹൃദയമേതാരണ്യജന്തുക്കള്‍തന്‍
കൂടാണെന്നു കഥിക്കുവാന്‍ പണി, യെനിക്കാശ്ചര്യമില്ലായതില്‍,
നാടേ, നിന്‍ രഥമോട്ടുവോര്‍ക്കുടയ നെഞ്ചിന്നുള്ളില്‍ നാറുന്ന വന്‍--
തോടേ കണ്ട കവിക്കുമിങ്ങടവിയുണ്ടെന്നാല്‍ത്തപസ്സേ വരം!

കവി : യൂസഫലി കേച്ചേരി

ശ്ലോകം 503 : നിന്നാദ്യസ്മിത, മാദ്യചുംബനം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നിന്നാദ്യസ്മിത, മാദ്യചുംബന, മനുസ്യൂതസ്ഫുരന്മാധുരീ--
മന്ദാക്ഷം, പുളകാഞ്ചിതസ്തനയുഗം, പ്രേമാഭിരാമാനനം,
കുണ്ടാസ്ത്രോത്സവചഞ്ചലത്പൃഥുനിതംബശ്രീസമാശ്ലേഷസ--
മ്പന്നാനന്ദമഹോ മനോഹരി! മരിപ്പിക്കും സ്മരിപ്പിച്ചു നീ!

കവി : വി. കെ. ജി.

ശ്ലോകം 504 : കാക്കപ്പുള്ളിയൊരെണ്ണമുണ്ടു...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കാക്കപ്പുള്ളിയൊരെണ്ണമുണ്ടു കവിളിന്‍ കാന്തിത്തഴപ്പില്‍, ക്കണ--
ക്കാക്കാനില്ലതൊരൂനമായി, മധുരസ്മേരപ്രഭം നിന്മുഖം;
നോക്കും പെണ്‍കൊടിമാരസൂയയിലെരി, ഞ്ഞെയ്യും കരിങ്കണ്ണുവ--
ന്നേല്‍ക്കായ്‌വാന്‍ പണി തീര്‍ന്നവാറൊരു മഷിക്കുത്തിട്ടു പൊല്‍ത്താര്‍മകന്‍!

കവി : എന്‍.കെ. ദേശം.

ശ്ലോകം 505 : നീരാടും ജട, നീറണിഞ്ഞ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നീരാടും ജട, നീറണിഞ്ഞ തിരുമെയ്‌, നീറുന്ന തൃക്ക, ണ്ണുമാ--
നീരന്ധ്രപ്രണയാഭിഷിക്തഹൃദയം, നഞ്ഞാണ്ട കണ്ഠസ്ഥലം,
കാളാഹിച്ചുരുള്‍ കങ്കണം, ശില ഗൃഹം, കാളപ്പുറം തേര്‍ത്തടം,
കാലാരേ! ചുടലക്കളക്കളരിയാശാനേ! നമിക്കുന്നു ഞാന്‍!

കവി : വി. കെ. ജി.

ശ്ലോകം 506 : കിരാതവേഷം പരിചോടണിഞ്ഞ...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ഉപേന്ദ്രവജ്ര

കിരാതവേഷം പരിചോടണിഞ്ഞ--
ക്കിരീടിതന്‍ ദര്‍പ്പമൊഴിച്ചൊരീശന്‍
മരിക്കുവോളം മമ ഹൃത്തില്‍ ദര്‍പ്പം
സ്ഫുരിച്ചിടായ്‌വാന്‍ തുണയേകിടേണം.

കവി : ബാലേന്ദു

ശ്ലോകം 507 : മഞ്ജീരം മഞ്ജുനാദൈരിവ...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

മഞ്ജീരം മഞ്ജുനാദൈരിവ പദഭജനം ശ്രേയ ഇത്യാലപന്തം
പാദാഗ്രം ഭ്രാന്തിമജ്ജത്പ്രണതജനമനോമന്ദരോദ്ധാരകൂര്‍മ്മം
ഉത്തുംഗാതാമ്രരാജന്നഖരഹിമകരജ്യോത്സ്നയാ ചാശ്രിതാനാം
സന്താപധ്വാന്തഹന്ത്രീം തതിമനുകലയേ മംഗലാമംഗുലീനാം

കവി : മേല്‍പത്തൂര്‍ , കൃതി : നാരായണീയം (100:9)

ശ്ലോകം 508 : ഊണിന്നാസ്ഥ കുറഞ്ഞു...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഊണിന്നാസ്ഥ കുറഞ്ഞു, നിദ്ര നിശയിങ്കല്‍പോലുമില്ലാതെയായ്‌
വേണുന്നോരോടൊരാഭിമുഖ്യമൊരുനേരം നാസ്തി നക്തം ദിവം,
കാണും, പോന്നു പുറത്തുനിന്നു കരയും ഭൈമീ - നളന്നന്തികേ
താനും പുഷ്കരനും തദീയ വൃഷവും നാലാമതില്ലാരുമേ

കവി : ഉണ്ണായി വാര്യര്‍, കൃതി : നളചരിതം ആട്ടക്കഥ

ശ്ലോകം 509 : കാന്തന്‍ കനിഞ്ഞു പറയുന്നൊരു...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : വസന്തതിലകം

കാന്തന്‍ കനിഞ്ഞു പറയുന്നൊരു ചാടുവാക്യം
പൂന്തേന്‍ തൊഴും മൊഴി നിശമ്യ വിദര്‍ഭകന്യാ
ധ്വാന്തം ത്രപാമയമപാസ്യ നിശേന്ദുനേവ
സ്വാന്തര്‍മ്മുദാ പുരവരേ സഹ തേന രേമേ.

കവി : ഉണ്ണായി വാര്യര്‍, കൃതി : നളചരിതം ആട്ടക്കഥ

ശ്ലോകം 510 : ധന്യന്‍ ചേന്നാസു നമ്പൂതിരി...

ചൊല്ലിയതു്‌ : എം. ബി. സുനില്‍ കുമാര്‍
വൃത്തം : സ്രഗ്ദ്ധര

ധന്യന്‍ ചേന്നാസു നമ്പൂതിരിയതിമതിമാന്‍ കണ്ടകക്കൈതതന്‍ പൂ--
വിന്നോ ചേരുന്നതുണ്ടോ സുലഭതയഴകിത്യാദിയാത്താരിനോര്‍ത്താല്‍?
മാന്യശ്രീമല്‍ ബുധേന്ദ്രന്‍ കവിമണി നിഗമക്കാതലദ്ദേഹമേറ്റം
മിന്നും നല്‍ച്ചമ്പകത്തിന്‍ നറുമണിമലരായ്ത്തര്‍ക്കമില്ലൊക്കുമല്ലോ

കവി : വെണ്മണി മഹന്‍, കൃതി : കവിപുഷ്പമാല

ശ്ലോകം 511 : മുക്കാല്‍ക്കാശിനു ബീഡി പോലെ...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മുക്കാല്‍ക്കാശിനു ബീഡി പോലെ സുകൃതം വാങ്ങാനു, മാ സ്ത്രീകളെ--
ത്തിക്കാനും തരമാവുമെന്നു കരളില്‍ കണ്ടീടുമാണുങ്ങളും
മുക്കാം പണ്ടമണിഞ്ഞു, മേനി മുഴുവന്‍ കാട്ടി, ക്കുളിക്കാതെയാ
മുക്കാസ്സാരിയുടുത്ത പെണ്മണികളും - നന്നല്ലയിന്നമ്പലം!

കവി : പ്രേംജി, കൃതി : നാല്‍ക്കാലികള്‍

ശ്ലോകം 512 : മാനം മേ ഭൂതലം മേ...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

മാനം മേ ഭൂതലം മേ വരതനുരുചി മേ കീര്‍ത്തി മേ നത്സുഖം മേ
ജ്ഞാനം മേ വിക്രമം മേ തരുണപദവി മേ സാഹിതീകൌശലം മേ
ഗാനം മേ സദ്ഗുണം മേ ഭുജബലമതു മേ സല്‍ക്കുലം മേ ധനം മേ
നൂനം മേ സര്‍വ്വമിത്ഥം നൃപരജനിരപോലങ്ങു "മേ മേ" കരഞ്ഞാര്‍.

കവി : ഉള്ളൂര്‍

ശ്ലോകം 513 : ഗൃഹിണിമാര്‍ നരനായിരമായിടാം...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ദ്രുതവിളംബിതം

ഗൃഹിണിമാര്‍ നരനായിരമായിടാം
മഹിള ചാവൊളമേകപതിവ്രത
മഹിയിതില്‍പ്പുരുഷന്റെ മനുഷ്യതാ--
രഹിതമാം ഹിതമാമിതു നീതിയോ ?

കവി : പ്രേംജി, കൃതി : നാല്‍ക്കാലികള്‍

ശ്ലോകം 514 : മടിയില്‍ മോടിയില്‍...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ദ്രുതവിളംബിതം

മടിയില്‍ മോടിയില്‍ മോഹിനി ഗൌരിയും
മുടിയില്‍ മാടിയില്‍ മാനിനി ഗംഗയും
ചിടയുമാടയുമാര്‍ന്നിടുമീശ! നി--
ന്നടിതലോടി തലോപരി വീണിടാം.

ശ്ലോകം 515 : ചിതമൊടാ മധുഗന്ധം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ദ്രുതവിളംബിതം

ചിതമൊടാ മധുഗന്ധമെഴും സുമ--
സ്മിതമണിഞ്ഞ തളിര്‍ച്ചൊടി മോടിയാല്‍
സുതരു ചേര്‍ന്നെവനും നവമല്ലികാ--
ലത രസാല്‍ തരസാ മദമേറ്റി പോല്‍.

കവി : കുണ്ടൂര്‍ / കാളിദാസന്‍, കൃതി : രഘുവംശം തര്‍ജ്ജമ (9:40)

ശ്ലോകം 516 : സാ കവിതാ, സാ വനിതാ...

ചൊല്ലിയതു്‌ : എം. ബി. സുനില്‍ കുമാര്‍
വൃത്തം : ഗീതി

സാ കവിതാ, സാ വനിതാ
യസ്യാഃ ശ്രവണേന ദര്‍ശനേനാപി
കവിഹൃദയം, യുവ ഹൃദയം
സരളം തരളം ച സത്വരം ഭവതി

ശ്ലോകം 517 : കരകള്‍ കവിയുമാറായ്‌...

ചൊല്ലിയതു്‌ : ജീവി
വൃത്തം : മാലിനി

കരകള്‍ കവിയുമാറായ്‌ വെള്ളമേന്തും കുളത്തി--
ന്നൊരുവഴി പരിരക്ഷയ്ക്കോവു വെക്കുന്നുതല്ലോ;
തെരുതെരെയഴല്‍ തിങ്ങും മാനസത്തിന്നുറക്കെ--
ക്കരയുകിലതുതന്നേ തെല്ലൊരാശ്വാസഹേതു

കവി : ചാത്തുക്കുട്ടി മന്നാടിയാര്‍ / ഭവഭൂതി, കൃതി : ഉത്തരരാമചരിതം തര്‍ജ്ജമ

ശ്ലോകം 518 : തൃക്കയ്യില്‍ കബളാന്നവും...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

തൃക്കയ്യില്‍ കബളാന്നവും വിരല്‍കളില്‍ സാരോപദംശങ്ങളും
പോത്തും കൊമ്പുമുദാരപത്രവുമിടംകക്ഷേ വഹന്‍ കൌതുകാല്‍
വസ്ത്രാന്തേ മടിയില്‍ദ്ധരിച്ചു മുരളീം ഗോപാലരും താനുമായ്‌
സ്വര്‍ഗ്ഗത്തുള്ളവര്‍ നോക്കിനില്‍ക്കെ യജനാദ്ധ്യക്ഷന്‍ ഭുജിച്ചീടിനാന്‍

കവി : പൂന്താനം , കൃതി : ശ്രീകൃഷ്ണ കര്‍ണാമൃതം

ശ്ലോകം 519 : വെണ്ണസ്മേരമുഖീം വറത്തു...

ചൊല്ലിയതു്‌ : എം. ബി. സുനില്‍ കുമാര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വെണ്ണസ്മേരമുഖീം വറത്തു വരളും വൃന്താകദന്തച്ഛദാം
ചെറ്റോമല്‍മധുരക്കറിസ്തനഭരാമമ്ലോപദംശോദരീം
കെല്‍പ്പാര്‍ന്നോരെരുമത്തയിര്‍കടിതടാം ചിങ്ങമ്പഴോരുദ്വയീ--
മേനാം ഭുക്തിവധൂം പിരിഞ്ഞയി സഖേ! ലോകഃ കഥം ജീവതി?

കവി : തോലന്‍

ശ്ലോകം 520 : കണ്ണേ മടങ്ങുക...

ചൊല്ലിയതു്‌ : ജീവി
വൃത്തം : വസന്തതിലകം

കണ്ണേ മടങ്ങുക, കരിഞ്ഞുമലിഞ്ഞുമാശു
മണ്ണാകുമീ മലരു വിസ്മൃതമാകുമിപ്പോള്‍
എണ്ണീടുകാര്‍ക്കുമിതുതാന്‍ ഗതി സാദ്ധ്യമെന്തു
കണ്ണീരിനാല്‍? അവനി വാഴ്വു കിനാവു കഷ്ടം!

കവി : കുമാരനാശാന്‍, കൃതി : വീണ പൂവു്‌

ശ്ലോകം 521 : എന്‍ കര്‍മ്മച്ചെടി പൂത്തു...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

എന്‍ കര്‍മ്മച്ചെടി പൂത്തു കായ്ക്കുകിലതെന്‍ സാമര്‍ത്ഥ്യ, മെന്‍ബുദ്ധി, യെന്‍
മുന്‍കയ്യിങ്ങു പുരോഗതിക്കു പുലരാന്‍ പൂങ്കോഴിതന്‍ കൂജനം
സങ്കല്‍പസ്വരരാഗസാന്ദ്രസുധ ഞാനേവം സ്വദിക്കേ ഭവ--
ച്ഛംഖസ്വാന, മഹംകൃതിത്തകിലടിക്കുമ്പോള്‍ ചെവിക്കൊള്ളുമോ?

കവി : വി. കെ. ജി.

ശ്ലോകം 522 : സൌന്ദര്യം, സുകുമാരതാ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

സൌന്ദര്യം, സുകുമാരതാ, മധുരതാ, കാന്തിര്‍, മനോഹാരിതാ
ശ്രീമത്താ, മഹിമേതി സര്‍ഗ്ഗവിഭവാന്‍ നിശ്ശേഷനാരീഗുണാന്‍
ഏതസ്യാമുപയുജ്യ ദുര്‍വിധതയാ ദീനഃ പരാമാത്മഭൂ--
സ്സ്രഷ്ടും വാഞ്ഛതി ചേത്‌ കരോതു പുനരപ്യത്രൈവ ഭിക്ഷാടനം.

കവി : കുലശേഖര വര്‍മ്മന്‍, കൃതി : സുഭദ്രാധനഞ്ജയം നാടകം

ശ്ലോകം 523 : ഏവം തത്ത്വങ്ങളോര്‍ത്താല്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ഏവം തത്ത്വങ്ങളോര്‍ത്താല്‍ കദനമൊഴിയുവാന്‍ ന്യായമുണ്ടെങ്കിലും ഞാന്‍
ഭൂവില്‍പ്പെട്ടീ പ്രപഞ്ചസ്ഥിതിയിലിഹ വസിക്കുന്നൊരാളാകമൂലം
താവും താപം ഹൃദന്തേ ദഹനസദൃശമാം ദു:ഖമുണ്ടാക്കിടുന്നു--
ണ്ടാവൂ, ഞാനെന്തു ചെയ്‌വൂ? സഹനപടുതയില്ലാതെ വല്ലാതെയായേന്‍.

കവി : കെ. എം. കൊച്ചീപ്പന്‍ മാപ്പിള

ശ്ലോകം 524 : താരില്‍ത്തന്വീകടാക്ഷാഞ്ച...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

താരില്‍ത്തന്വീകടാക്ഷാഞ്ചലമധുപകുലാരാമ! രാമാജനാനാം
നീരില്‍ത്താര്‍ബാണ! വൈരാകരനികരതമോമണ്ഡലീചണ്ഡഭാനോ!
നേരെത്താതോരു നീയാം തൊടുകുറി കളകായ്കെന്നുമേഷാ കുളിക്കും
നേരത്തിന്നിപ്പുറം വിക്രമനൃവര! ധരാ ഹന്ത! കല്‍പാന്തതോയേ.

കവി : പുനം നമ്പൂതിരി

ശ്ലോകം 525 : ന്‌ലാവെന്‍ കണ്ണിന്നു നീ താന്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

"ന്‌ലാവെന്‍ കണ്ണിന്നു നീ താന്‍, മമ തനുവിനു നീ നല്ല പീയൂഷമാ, ണെന്‍
ജീവന്‍ നീ താന്‍, ദ്വിതീയം മമ ഹൃദയമതാകുന്നു നീ സുന്ദരാംഗി!"
ഏവം നീയിഷ്ടവാക്യം പലതുമനുസരിച്ചോതിയൊന്നിച്ചു വാണ--
പ്പാവത്തെത്തന്നെ - കഷ്ടം! ശിവ ശിവ! ഇനി ഞാനെന്തിനോതുന്നു ശേഷം?

കവി : ചാത്തുക്കുട്ടി മന്നാടിയാര്‍ / ഭവഭൂതി, കൃതി : ഉത്തരരാമ ചരിതം തര്‍ജ്ജമ

ശ്ലോകം 526 : എമ്പാടും സംഭ്രമത്തോടൊരു...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

എമ്പാടും സംഭ്രമത്തോടൊരുകയര്‍മുറിയോടോടുമമ്മയ്ക്കുമമ്മ--
ട്ടന്‍പോലും നാരദാദിത്രിദശമുനിമനസ്സിന്നുമജ്ഞാതമായി
അമ്പോ! മായം കളിക്കും കപടനര! ഭവാനെപ്പടിക്കുള്‍പ്പെടും പാ--
ഴമ്പാടിപ്പെണ്‍കിടാങ്ങള്‍ക്കുടയ ചടുലമാം നേത്രജാലാന്തരത്തില്‍!

കവി : വി. കെ. ജി

ശ്ലോകം 527 : അമ്മാമന്‍ തന്റെ നെഞ്ഞത്ത്‌...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

അമ്മാമന്‍ തന്റെ നെഞ്ഞത്തമരിലമരവേ പോര്‍മിടുക്കിന്‍ തിളപ്പാല്‍,
നിര്‍മ്മായം കാളിയന്‍ തന്‍ തലയില്‍ വിലസവേ ലാസ്യമേളക്കൊഴുപ്പാല്‍,
സമ്മോദം ഗോപകന്യാരതികളില്‍ വിഹരിച്ചീടവേ കാമവായ്പാല്‍,
ചെമ്മേ തത്തിപ്പുളച്ചോരിടയനുടെയരക്കെട്ടറുക്കട്ടെ ദുഃഖം!

കവി : വി. കെ. ജി.

ശ്ലോകം 528 : സേവിക്കൂ ഗുരുഭൂതരെ...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

സേവിക്കൂ ഗുരുഭൂതരെ, പ്രിയസഖിക്കൊപ്പം സപത്നീജനേ--
മേവിക്കൊള്‍, കരിശം കലര്‍ന്നിടയൊലാ കാന്തന്‍ കയര്‍ത്തീടിലും,
ആവും മട്ടു തുണയ്ക്ക ഭൃത്യതതിയെ, ബ്ഭാഗ്യത്തില്‍ ഗര്‍വ്വിച്ചിടാ;
ഏവം നാരികള്‍ നല്ലനാരികളതാം; വംശാധിയേ വാമമാര്‍!

കവി : പയ്യമ്പള്ളി ഗോപാലപിള്ള / കാളിദാസന്‍, കൃതി : ശാകുന്തളം തര്‍ജ്ജമ

ശ്ലോകം 529 : അണ്ണാക്കില്‍ തങ്ങി വെണ്ണക്കഷണം...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

"അണ്ണാക്കില്‍ തങ്ങി വെണ്ണക്കഷണ,മതലിവാന്‍ തെല്ലു പാ"ലെന്നു കള്ള--
ക്കണ്ണീരോടും യശോദയ്ക്കുടയൊരുടുതുകില്‍ത്തുമ്പു തൂങ്ങിപ്പിടിച്ചു്‌
തിണ്ണം ശാഠ്യം പിടിക്കും കപടമനുജനാം കണ്ണനുണ്ണിക്കെഴും തൃ--
ക്കണ്ണിന്‍ കാരുണ്യപൂരം കവിത പൊഴിയുമെന്‍ നാക്കു നന്നാക്കിടട്ടെ!

കവി : ശീവൊള്ളി

ശ്ലോകം 530 : തിരുവുള്ളമിങ്ങു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മഞ്ഞുഭാഷിണി

തിരുവുള്ളമിങ്ങു കുറവില്ല നമ്മിലെ--
ന്നൊരു ഭള്ളുകൊണ്ടു ഞെളിയായൊരിക്കലും,
പരസൃഷ്ടരന്ധ്രമതു നോക്കി നില്‍ക്കണം
നരപാലകന്നു ചെവി കണ്ണു നിര്‍ണയം

കവി : ഇരയിമ്മന്‍ തമ്പി, കൃതി : രാജസേവാക്രമം

ശ്ലോകം 531 : പെണ്മണിവദനം കണ്ടാല്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ഗീതി

പെണ്മണിവദനം കണ്ടാല്‍
വെണ്മതി രണ്ടെന്നു മേവിടുന്ന മനം
ഉണ്മ നിനച്ചിതിലെല്ലാം
വെണ്മ തിരണ്ടെന്നു മേ വിടും നമനം?

കവി : എ. ആര്‍. രാജരാജവര്‍മ്മ

ശ്ലോകം 532 : ഉപത്യകാസ്വദ്യ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വംശസ്ഥം

ഉപത്യകാസ്വദ്യ ഭവന്തമാഗതം
സഹ്യസ്യ ചെയിലാമരിചൈകവാസസഃ
ഫലൈശ്ച പുഷ്പൈര്‍ഭൃശമര്‍ഘ്യപാണയോ
നമന്തി ഭൂമംസ്തരുഗുല്‌മസമ്പദഃ

കവി : കുമാരനാശാന്‍, കൃതി : സ്വാഗതപഞ്ചകം

ശ്ലോകം 533 : ഫലഭരേണ തരുക്കള്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ദ്രുതവിളംബിതം

ഫലഭരേണ തരുക്കള്‍ നമിച്ചിടും,
ജലഭരേണ ഘനങ്ങളുമങ്ങനെ,
അലഘുസംപദി സജ്ജനവും തഥാ
വിലസിടുന്നു - ഗുണം ഗുണികള്‍ക്കിതു്‌.

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍, കൃതി : ശാകുന്തളം തര്‍ജ്ജമ

ശ്ലോകം 534 : അടവിയതിലനല്‍പം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മാലിനി

അടവിയതിലനല്‍പം വേരുറച്ചും, പഴക്കം
തടവിയു, മളവില്ലാതുള്ള മാഹാത്മ്യമാര്‍ന്നും
സ്ഫുടതരബഹുശാഖാലംബിതുഷ്ട്യദ്ദ്വിജേന്ദ്ര--
ച്ഛടയൊടു വിലസുന്നൂ വേദമട്ടായ്‌ മരങ്ങള്‍

കവി : വള്ളത്തോള്‍, കൃതി : ചിത്രയോഗം

ശ്ലോകം 535 : സ്ഖലിതഭാഗ്യമണഞ്ഞൊരു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ദ്രുതവിളംബിതം

സ്ഖലിതഭാഗ്യമണഞ്ഞൊരു നാളിലും
നില മറക്കരുതാരുമൊരിക്കലും;
ഫലഗണം പൊഴിയും പൊഴുതേറ്റവും
തലയുയര്‍ത്തുകയാണു തരുവ്രജം.

കവി : ഉമേഷ്‌ നായര്‍

ശ്ലോകം 536 : ഫാലേ നീലാളകങ്ങള്‍ക്കിടയില്‍...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

ഫാലേ നീലാളകങ്ങള്‍ക്കിടയിലഴകെഴും ചില്ലിതന്‍ മേല്‍വശം ത--
ന്മാലേയസ്നിഗ്ദ്ധരേഖയ്ക്കിടയില്‍ നടുവില്‍ നീ തൊട്ടതാം കുങ്കുമാങ്കം
കാലേ സഹ്യാചലത്തിന്‍ കുടിലവലലതാശ്യാമസീമാഞ്ചലത്തിന്‍
മേലേ പൊന്തും വിഭാതദ്യുമണിയൊടെതിരായ്‌, സുഭ്രു, ശോഭിച്ചിരുന്നു.

കവി : കെ. എന്‍. ഡി.

ശ്ലോകം 537 : കുറളയുളര്‍ പറഞ്ഞോര്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മാലിനി

കുറളയുളര്‍ പറഞ്ഞോര്‍ ചാലവും കോപതാമ്രം
മുഖമിതി കൃതമൌനം നൂനമച്ചീസുതായാഃ
ഝടിതി തൊഴുതു വീഴ്വോം തോഴരേ, ഹന്ത കൂഴ്ത്തേ--
നരിയരി നവസന്ധ്യാപാടലം ചന്ദ്രബിംബം

കൃതി : ചെറിയച്ചീവര്‍ണനം

ശ്ലോകം 538 : ഝഷകേതന, നിന്‍ സുതന്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തമാലിക

ഝഷകേതന, നിന്‍ സുതന്‍ വരിച്ചോ--
രുഷയാണീ സതി, യെന്നെയീ വിധത്തില്‍
വിഷമത്തിലകപ്പെടുത്തൊലാ നീ,
വിഷയം ത്വത്സ്നുഷ തന്റെയെന്നുമോര്‍ക്ക.

കവി : ഉമേഷ്‌ നായര്‍

ശ്ലോകം 539 : വരാദ്‌ഭുതവപുസ്സതില്‍പ്പകുതി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : പൃഥ്വി

വരാദ്‌ഭുതവപുസ്സതില്‍പ്പകുതി വാങ്ങിവാഴുന്നൊരാ
വരാവരവലാന്തകാദ്യമരവര്‍ഗ്ഗവന്ദ്യേ! ശിവേ!
വരാംഗി! വലയാലയേ വിലസീടുന്ന വാമാക്ഷി! മാല്‍
വരാതെ വരുവാന്‍ വരം വിരവില്‍ നല്‍ക വിശ്വേശ്വരീ!

കവി : കുണ്ടൂര്‍ നാരായണ മേനോന്‍

ശ്ലോകം 540 : വേണുവിന്‍ ശ്രുതിയൊടൊത്തു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : കുസുമമഞ്ജരി

വേണുവിന്‍ ശ്രുതിയൊടൊത്തു പാടി മധുരസ്വരത്തി, ലതിനൊത്തുടന്‍
ചേണിയന്ന പടി താളമിട്ടു, തള കൊഞ്ചിടുന്ന പദമൂന്നിയും,
പാണി കൊണ്ടു ചുമലില്‍പ്പിടിച്ചു, മിളകുന്ന പൊന്‍വള കിലുങ്ങിയും
ശ്രോണി തന്നിലിളകുന്ന ചേലയൊടു ചെയ്തൊരാ നടനമോര്‍ക്കുവിന്‍!

കവി : സി. വി. വാസുദേവഭട്ടതിരി / മേല്‍പ്പത്തൂര്‍, കൃതി : നാരായണീയം തര്‍ജ്ജമ

ശ്ലോകം 541 : പുഞ്ചിരിപ്പുതുമ തഞ്ചുമഞ്ചിത...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : കുസുമമഞ്ജരി

പുഞ്ചിരിപ്പുതുമ തഞ്ചുമഞ്ചിതവിലാസസഞ്ചയരസം തരും
ചഞ്ചലാക്ഷികളണഞ്ഞു കൊഞ്ചുവതുകണ്ടു കിഞ്ചന മയങ്ങൊലാ
കഞ്ജവൈരികലചേര്‍ന്ന ചെഞ്ചിടയിലൊത്ത മുണ്ഡശകലം ശിവം
പഞ്ചബാണമദശോഷണം ദുരിതശോഷണം കരുതു ചേതനേ.

ശ്ലോകം 542 : കാമകേളികളനേകമാര്‍ന്നു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : കുസുമമഞ്ജരി

കാമകേളികളനേകമാര്‍ന്നു രസമേകിയിട്ടവരുമൊത്തുടന്‍
യാമുനോദകവിഹാരമന്‍പൊടു തുടര്‍ന്നിതേറ്റമഴകോടു നീ.
പൂമണം വിതറി വീശിടുന്ന കുളിരാര്‍ന്ന തെന്നലിയലുന്നതാ--
മാ മനോജ്ഞവനഭൂമിയിങ്കല്‍ മധുവാണിമാര്‍ക്കു മദമേറ്റി നീ.

കവി : സി. വി. വാസുദേവഭട്ടതിരി, കൃതി : നാരായണീയം തര്‍ജ്ജമ

ശ്ലോകം 543 : പൊട്ടാക്കിപ്ഫാലവട്ടത്തിരുമിഴി...

ചൊല്ലിയതു്‌ : ജീവി
വൃത്തം : സ്രഗ്ദ്ധര

പൊട്ടാക്കിപ്ഫാലവട്ടത്തിരുമിഴി, ജടയെക്കാറൊളിച്ചാരുകൂന്തല്‍--
ക്കെട്ടാക്കി, ക്കേതകിപ്പൂവതിനുടെ വടിവാക്കിപ്പരം ചന്ദ്രഖണ്ഡം,
മട്ടൊക്കെത്തന്നെ മാറി, പ്പൃഥയുടെ സുതനായ്‌ കാട്ടിലുള്‍പ്പുക്കു വൈര--
പ്പെട്ടൂക്കാല്‍ ജന്യമിട്ടാ മഹിതകപടകാട്ടാളനെക്കൈതൊഴുന്നേന്‍!

കവി : വള്ളത്തോള്‍

ശ്ലോകം 544 : മറവാമറവായ്‌ മറവാ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ഗീതി

മറവാമറവായ്‌ മറവായ്‌
മറവാവല്ലാത മണിവിളക്കായി
നിറവാനിറവായ്‌ നിറവായ്‌
നിറവായമൃതായ നിലയെ വന്ദിക്കാം

കവി : കുമാരനാശാന്‍, കൃതി : പരമപഞ്ചകം

ശ്ലോകം 545 : നരയില്ലിവയെന്‍ മുഖേന്ദു...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : വസന്തമാലിക

"നരയില്ലിവയെന്‍ മുഖേന്ദു വീശും
കിരണൌഘസ്ഫുരദങ്കുരങ്ങളത്രേ".
"ശരിയാണവ കണ്ടു കൂമ്പി നില്‍പ്പൂ
തരുണീലോചനനീലനീരജങ്ങള്‍".

കവി : എന്‍.കെ. ദേശം, കൃതി: (പരിഭാഷ)

ശ്ലോകം 546 : ശ്ലോകമാണഖിലസാരമൂഴിയില്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : രഥോദ്ധത

ശ്ലോകമാണഖിലസാരമൂഴിയില്‍
ശ്ലോകമാണു കദനത്തിനൌഷധം
ശ്ലോകമോതി മരണം വരിയ്ക്കിലോ
നാകലോകമവനാണു നിര്‍ണ്ണയം

കവി : ശങ്കരനാരായണന്‍ നമ്പൂതിരി

ശ്ലോകം 547 : ശോകം വേണ്ടത്രയത്രേ...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

ശോകം വേണ്ടത്രയത്രേയെവിടെയുമധുനാ ജീവസന്ധാരണാര്‍ത്ഥം
വേഗം വായ്ക്കുന്നൊരോട്ടം പുലരിമുതലഹോ സന്ധ്യയാവോളമെന്നും
സാകം നാലഞ്ചുപേരോടിവിടെയിടപെടാന്‍ മാര്‍ഗ്ഗമില്ലേറെയൊന്നും
ശ്ലോകം ചൊല്ലാനിരുന്നാല്‍ക്കരുതുകയിനിയും ജീവിതം ജീവിതവ്യം.

കവി : ബാലേന്ദു

ശ്ലോകം 548 : സന്തസ്സന്തന്യമാനാമിഹ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

സന്തസ്സന്തന്യമാനാമിഹ സപദി മയാ ഗദ്യപദ്യസ്വരൂപാ--
മാസ്വാദ്യാസ്വാദ്യ വാണീം ഗളദമൃതരസാം സന്തു സന്തുഷ്ടചിത്താഃ
ഫുല്ലന്മല്ലീലതായാ ഇവ മൃദുപവനസ്യന്ദനാന്ദോളിതായാ
മന്ദം മന്ദം സ്രവന്തീം മധുരസലഹരീം പുഷ്പതഷ്‌ഷട്പദൌഘാഃ

കവി : മേല്‍പ്പത്തൂര്‍

ശ്ലോകം 549 : ഫാലത്തീയിനു വെള്ളമുണ്ടു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഫാലത്തീയിനു വെള്ളമുണ്ടു തലയില്‍, ക്കണ്ഠസ്ഥഹാലാഹല-
ജ്ജ്വാലയ്ക്കുണ്ടു ശിവാധരാമൃതരസം, മെയ്യില്‍പ്പെടും പാമ്പിനും
ചേലൊത്തോഷധിനായകന്‍ തലയിലു, ണ്ടിന്നൊന്നു കൊണ്ടും ഭവാ-
നാലസ്യം പിണയാതെ ശങ്കര! ജയിച്ചാലും ജഗന്മണ്ഡലം!

ശ്ലോകം 550 : ചൂടില്ലാത്തോരു ഫാലം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ചൂടില്ലാത്തോരു ഫാലം, ചുടലയില്‍ നടമാടാത്ത ചീലം, മതിത്തെല്‍
ചൂടീടാത്തൊരു ചൂഡം, പരമൊരു പുഴകൂടാത കോടീരഭാരം,
ഓടും മാന്‍പേട തേടാതൊരു കരകമലം, ചാരുതെങ്കെയിലയില്‍പ്പോയ്‌
നീടാര്‍ന്നീടാത നാഥം, തരുണിയൊടയുതം,ദൈവതം നൈവ ജാനേ.

ശ്ലോകം 551 : ഓമല്‍ക്കരങ്ങളില്‍ മനോഹര...

ചൊല്ലിയതു്‌ : ഉമാ രാജാ
വൃത്തം : വസന്തതിലകം

ഓമല്‍ക്കരങ്ങളില്‍ മനോഹര വേണുനാളം
ശ്രീമന്മുഖത്തു മധുരദ്യുതി മന്ദഹാസം
പൂമേനിയില്‍ പളപളപ്പിവചേര്‍ന്നു മിന്നും
നീ മാത്രമാണിനിയെനിയ്ക്കൊരു ബന്ധു കൃഷ്ണാ

കവി : ഓട്ടൂര്‍ ഉണ്ണി നമ്പൂതിരിപ്പാട്‌

ശ്ലോകം 552 : പട്ടിക്കു വാലും...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

പട്ടിക്കു വാലും പശുവിന്നു കൊമ്പും
കാക്കയ്ക്കു കൊക്കും പരമപ്രധാനം
ആനയ്ക്കു തുമ്പിക്കരമാണു മുഖ്യം
മനുഷ്യജാതിക്കു കുശുമ്പു മുഖ്യം.

കവി : ശ്ലോകാചാര്യന്‍ എം.എന്‍. ദാമോദരന്‍, നെടിയശാല

ശ്ലോകം 553 : അങ്കത്തുങ്കലലംകളങ്കരഹിതം...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

അങ്കത്തുങ്കലലംകളങ്കരഹിതം സംക്രാന്തമായീടുമ--
ത്തങ്കപ്പങ്കജമങ്കതന്‍ കുളിര്‍മുലപ്പങ്കേരുഹത്തിങ്കലേ
തങ്കും കുങ്കുമപങ്കസങ്കലനയാലങ്കാരസങ്കാരമാ--
മങ്കം പങ്കഹരങ്കലാര്‍ന്നൊരുടല്‍ മേ സങ്കേതമാം കേവലം

കവി : കെ. സി. കേശവപിള്ള

ശ്ലോകം 554 : തുപ്പന്‍ നമ്പൂരിയെത്തീ...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

തുപ്പന്‍ നമ്പൂരിയെത്തീ കുതുകമൊടു ചലച്ചിത്രമൊന്നാദ്യമായ്‌ തൃ--
ക്കണ്‍പാര്‍ക്കാന്‍ - കണ്ടതാദ്യം തരുണിമണി ജലക്രീഡയാടുന്ന രംഗം;
"ഇപ്പോള്‍ നീരാട്ടമെന്നാലിനി ബഹുസമയം ചുട്ടികുത്താനെടുക്കും,
എപ്പോള്‍പ്പിന്നാട്ടമാകും? ശിവശിവ! യെഴുനേറ്റീടെടാ രാമ, പോകാം".

കവി : ബാലേന്ദു

ശ്ലോകം 555 : ഈയാശങ്ക നിനക്കു യം പ്രതി...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഈയാശങ്ക നിനക്കു യം പ്രതി ജനം ഭീയാലധീരീകൃതേ
പ്രേയാനാശ പെരുത്തു നിങ്കല്‍ മരുവുന്നോയാളിഹൈവാന്തികേ
ആയാസിപ്പവനബ്ധിനന്ദിനി വശത്തായാലുമില്ലേലുമാം
ശ്രീയാലീപ്സിതനായവന്‍ കഥമഹോ! ഭൂയാദുരാപസ്തയാ.

കവി : കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍ / കാളിദാസന്‍, കൃതി : ശാകുന്തളം തര്‍ജ്ജമ

ശ്ലോകം 556 : ആസ്താം താവദിയം...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ആസ്താം താവദിയം പ്രസൂതിസമയേ ദുര്‍വ്വാരശൂലവ്യഥാ
നൈരുച്യം തനുശോഷണം മലമയീ ശയ്യാച സാംവത്സരീ
ഏകസ്യാപി ന ഗര്‍ഭഭാരഭരണക്ലേശസ്യ യസ്യാഃ ക്ഷമോ
ദാതും നിഷ്കൃതിമുന്നതോപി തനയസ്തസ്യൈ ജനന്യൈ നമഃ

കവി : ശങ്കരാചാര്യര്‍, കൃതി : മാതൃപഞ്ചകം

ശ്ലോകം 557 : എന്നുരച്ചു പുനരുത്തരോല്‍കനായ്‌...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : രഥോദ്ധത

എന്നുരച്ചു പുനരുത്തരോല്‍കനായ്‌
നിന്നുതേ സ്വയമസക്തനാകിലും
സ്യന്ദമാനവനദാരു വാരി മേല്‍
മന്ദമാച്ചുഴിയിലാഞ്ഞപോലവന്‍.

കവി : കുമാരനാശാന്‍, കൃതി : നളിനി

ശ്ലോകം 558 : സ്ത്രീകള്‍ക്കേറ്റം പടുതസഹജം...

ചൊല്ലിയതു്‌ : ജീവി
വൃത്തം : മന്ദാക്രാന്ത

സ്ത്രീകള്‍ക്കേറ്റം പടുതസഹജം, ജന്തുവര്‍ഗ്ഗത്തിലുംതാന്‍--
ലോകേ കാണാം; പ്രതിഭ കലരുന്നോരിലോതേണ്ടതുണ്ടോ?
ആകെത്തന്‍മക്കളെയിഹ കുയില്‍പ്പെണ്ണു താനേപറക്കാ--
റാകുന്നോളം മറുപറവയെക്കൊണ്ടു പോറ്റുന്നുവല്ലോ.

കവി : ആറ്റൂര്‍ / കാളിദാസന്‍, കൃതി : അഭിജ്ഞാന ശാകുന്തളം തര്‍ജ്ജമ

ശ്ലോകം 559 : അക്കാലം വാനവര്‍ക്കും...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

അക്കാലം വാനവര്‍ക്കും ക്ഷിതിയിലൊരുപദം വയ്ക്കുവാനേറെ മോഹം
വായ്ക്കും മട്ടില്‍ ഭരിച്ചോരസുരപതിബലിക്കിന്ദ്രപട്ടം കൊടുക്കാന്‍
എക്കാലാലായി, സാക്ഷാല്‍ ഹരിയൊരു വടുവായ്‌ വന്നനാ, ളന്‍പെഴുന്ന--
ത്തൃക്കാല്‍ ചൂടുന്ന തൃക്കാക്കരയിലെ ഭഗവന്‍! ത്വല്‍പദം കൂപ്പിടുന്നേന്‍.

കവി : ബാലേന്ദു

ശ്ലോകം 560 : എങ്ങോജസ്സുനിറഞ്ഞ...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

എങ്ങോജസ്സു നിറഞ്ഞ തൂമുഖമിതിപ്പാവപ്പെടും മാടമൊ--
ന്നെങ്ങോ ഹാ! വിധി വല്ല ചേര്‍ക്കുഴിയിലും ചേര്‍ക്കുന്നു രത്നങ്ങളെ;
ഇങ്ങോട്ടാസ്ഥയൊടെത്തി നോക്കിടുവതുണ്ടന്തിസ്സമീരസ്ഫുരല്‍--
ത്തെങ്ങോലപ്പഴുതിങ്കലൂടെ മറയാന്‍ പോകുന്ന മാര്‍ത്താണ്ഡനും.

കവി : വള്ളത്തോള്‍, കൃതി : സന്ധ്യാപ്രണാമം

ശ്ലോകം 561 : ഇന്ദ്രനീലനിറമൊത്ത മേനിയും...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : രഥോദ്ധത

ഇന്ദ്രനീലനിറമൊത്ത മേനിയും
സുന്ദരോത്തരമുഖാരവിന്ദവും
കണ്‍കുളിര്‍ക്കെയടിയന്നു നിത്യവും
കാണ്മതിന്നു വരമേകണേ ഹരേ

കവി: ഋശി കപ്ലിങ്ങാടു്‌

ശ്ലോകം 562 : കാട്ടില്‍ കൂട്ടുവിളിപ്പതാം...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കാട്ടില്‍ കൂട്ടുവിളിപ്പതാം, ശവമതിന്‍ മെയ്യില്‍ തലോടുന്നതാം,
നട്ടീടുന്നതുമാം ബിസം തറയതില്‍, പാഴൂഴി കര്‍ഷിപ്പതാം,
പൊട്ടന്‍ കാതിലുരപ്പതാം, കുരുടനെക്കണ്ണാടി കാണിപ്പതാം,
പട്ടിക്കുള്ളൊരു വാല്‍ നിവര്‍ത്തിടുവതാം -- സേവിപ്പതിങ്ങജ്ഞരെ.

കവി: ഇ. ആര്‍. രാജരാജവര്‍മ്മ

ശ്ലോകം 563 : പാര്‍ക്കുന്നതായ ഭവനം...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : വസന്തതിലകം

പാര്‍ക്കുന്നതായ ഭവനം, പ്രിയകാന്ത, പുത്രന്‍
പ്രാണന്‍ കളഞ്ഞു കരുതും ധന, മെന്തിനേറേ
താന്‍തന്നെയെന്നു പലനാളുരുവിട്ട ദേഹം--
പോലും വിഭിന്ന,മൊരു നശ്വര വസ്തു മാത്രം!

കവി : താമരശ്ശേരി കൃഷ്ണന്‍ ഭട്ടതിരി, കൃതി : ശ്രീകൃഷ്ണ കഥാമൃതം

ശ്ലോകം 564 : തീഹാറിലെജ്ജയിലില്‍...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : വസന്തതിലകം

തീഹാറിലെജ്ജയിലില്‍ ശിക്ഷ വഹിച്ചുകൊള്ളാം
ബീഹാറിലാണു കഴിയാന്‍ വിധിയെങ്കിലാകാം
ആഹന്ത ചീര്‍ത്ത രസശൂന്യത തന്നെയോതും
ദ്രോഹം നിറുത്തുവതിനായി നമസ്കരിക്കാം.

കവി : ബാലേന്ദു

ശ്ലോകം 565 : അകണ്ഠേ കളങ്കാത്‌...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ഭുജംഗപ്രയാതം

അകണ്ഠേ കളങ്കാദനംഗേ ഭുജംഗാ--
ദപാണൌ കപാലാദഫാലേ ന ലാക്ഷാത്‌
അമൌലൌ ശശാങ്കാദവാമേ കളത്രാ--
ദഹം ദേവമന്യം ന മന്യേ ന മന്യേ

കവി : ശങ്കരാചാര്യര്‍, കൃതി : ശിവഭുജംഗം

ശ്ലോകം 566 : അടുത്ത ദിവസം രവി...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഷംഭുനടനം

"അടുത്ത ദിവസം രവിയുദിച്ചുയരു, മപ്പൊഴുതടഞ്ഞ നളിനം മിഴി തുറ--
ന്നിടും, തടവു വിട്ടിടുവ"നെന്ന നിനവൊത്തളിയിരുന്നൊരരവിന്ദമുകുളം
അടുത്തനിമിഷത്തില്‍ നളിനീതടമണഞ്ഞ മദയാന ജലകേളി കഴിയെ--
പ്പറിച്ചു രസമായ്‌ ഭുവിയെറിഞ്ഞു -- വിധിനിശ്ചയമറിഞ്ഞിടുവതാരുലകിതില്‍?

കവി : പി. സി. മധുരാജ്‌

ശ്ലോകം 567 : അഹിസാരമസാരം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : തോടകം

അഹിസാരമസാരമസാരമതിം
തരസാ സരസാദപസാരയിതും
ഉരുസാരരസാദഥ സാനുചരം
മനസാ വ്യവസായമസാവകൃഥാഃ

കവി : കോഴിക്കോട്‌ മാനവേദന്‍ രാജാ, കൃതി : കൃഷ്ണഗീതി

ശ്ലോകം 568 : ഉലകങ്ങളെയുള്ളില്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : തോടകം

ഉലകങ്ങളെയുള്ളിലൊതുക്കിയ നിന്‍
വലുതായൊരു മെയ്യല ചേര്‍ത്തു തുലോം
ഒലി പൂണ്ടൊരു നൂറു ധനുസ്സകലം
ജലമഗ്നമതായ്‌ കര രണ്ടുമഹോ!

കവി : സി. വി. വാസുദേവ ഭട്ടതിരി/മേല്‍പ്പത്തൂര്‍, കൃതി : നാരായണീയം തര്‍ജ്ജമ (55:3)

ശ്ലോകം 569 : ഒരിടത്തൊരിടത്തൊരു...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : തോടകം

ഒരിടത്തൊരിടത്തൊരു സക്കറിയാ
അവനോതിയ കിസ്സകളാര്‍ക്കറിയാം?
പുഴുവും പഴുതാരയുമീശ്വരനും
കലരുന്നൊരു വാങ്മയമെന്തു രസം!

കവി : രാജേശ്‌ ആര്‍. വര്‍മ്മ

ശ്ലോകം 570 : പുതുനല്‍ത്തളിര്‍ തോറ്റൊരു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : തോടകം

പുതുനല്‍ത്തളിര്‍ തോറ്റൊരു ചേവടി ചേര്‍--
ത്തതിലന്നഴകോടു കരേറിയ നീ
അതിഭീകരമോളമുയര്‍ത്തിയുടന്‍
കുതികൊണ്ടു കലക്കിമറിച്ചു കയം.

കവി : സി. വി. വാസുദേവ ഭട്ടതിരി/മേല്‍പ്പത്തൂര്‍, കൃതി : നാരായണീയം തര്‍ജ്ജമ (55:2)

ശ്ലോകം 571 : ആഴിവര്‍ണ്ണചരിതം...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : കുസുമമഞ്ജരി

ആഴിവര്‍ണ്ണചരിതം ഗ്രഹിച്ചവനിവാഴ്വിലുന്നതി വരുത്തുവാ--
നേകി ഭാഗവതമന്‍പില്‍ തന്‍ മരുമകന്നു മാതുലനൊരാള്‍ പുരാ
കാലമൊട്ടു കഴിയേ,യനന്തരവനോടു, "മോഹമിനിയെന്തെടോ?"
ഹന്ത! "മാമനുടെ നിഗ്രഹം", വിരുതനോതി, ഞെട്ടിയിതു കാര്‍ണവര്‍.

കവി : ഹരിദാസ്‌ മംഗലപ്പള്ളി

ശ്ലോകം 572 : കരുതുവതിഹ ചെയ്യവയ്യ...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : പുഷ്പിതാഗ്ര

കരുതുവതിഹ ചെയ്യവയ്യ, ചെയ്യാന്‍
വരുതി ലഭിച്ചതില്‍ നിന്നിടാ വിചാരം
പരമഹിതമറിഞ്ഞുകൂട,യായു--
സ്ഥിരതയുമി,ല്ലതി നിന്ദ്യമീ നരത്വം

കവി : കുമാരനാഷാന്‍

ശ്ലോകം 573 : പഴകിയ തരുവല്ലി...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : അപര

പഴകിയ തരുവല്ലി മാറ്റിടാം
പുഴയൊഴുകും വഴി വേറെയാക്കിടാം
കഴിയുമിവ - മനസ്വിമാര്‍ മന-
സ്സൊഴിവതശക്യമൊരാളിലൂന്നിയാല്‍

കവി : കുമാരനാശാന്‍, കൃതി : ലീല

ശ്ലോകം 574 : കൊണ്ടല്‍വേണിയൊരു...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : കുസുമമഞ്ജരി

കൊണ്ടല്‍വേണിയൊരു രണ്ടുനാലടി നടന്നതില്ലതിനുമുമ്പു താന്‍
കൊണ്ടു ദര്‍ഭമുന കാലിലെന്നു വെറുതെ നടിച്ചു നിലകൊണ്ടുതേ
കണ്ഠവും ബത തിരിച്ചുനോക്കിയവള്‍ വല്‍ക്കലാഞ്ചലമിലച്ചിലില്‍-
ക്കൊണ്ടുടക്കുമൊരു മട്ടു കാട്ടി വിടുവിച്ചിടുന്ന കപടത്തൊടേ

കവി : എ. ആര്‍ രാജരാജവര്‍മ്മ , കൃതി : മലയാള ശാകുന്തളം

ശ്ലോകം 575 : കണ്ട ദിക്കുകളിലൊക്കെനിന്നു...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : കുസുമമഞ്ജരി

കണ്ട ദിക്കുകളിലൊക്കെ നിന്നു സമയം ക്രമാല്‍പ്പിറകിലാക്കിയും
കുണ്ഠരായ നിജയാത്രികള്‍ക്കധികമിണ്ടലേറ്റിയഴലേകിയും
കണ്ടമാനമവരിട്ടിടുന്ന ചവറൊക്കെ നാട്ടില്‍ വിതറീട്ടുമേ
കണ്ടിടാം റെയിലു വേഗമായ്ക്കുറവു, മെല്ലെയേറെയിവിടോടിടും.

കവി : ബാലേന്ദു

ശ്ലോകം 576 : കേളിഭേദപരിലാളിതാഭി...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : കുസുമമഞ്ജരി

കേളിഭേദപരിലോളിതാഭിരതിലാളിതാഭിരബലാളിഭിഃ
സ്വൈരമീശ നനു സൂരജാപയസി ചാരു നാമ വിഹൃതിം വ്യധാഃ
കാനനേപി ച വിസാരിശീതളകിശോരമാരുതമനോഹരേ
സൂനസൌരഭമയേ വിലേസിഥ വിലാസിനീശതവിമോഹനം

കവി : മേല്‍പ്പത്തൂര്‍, കൃതി : നാരായണീയം

ശ്ലോകം 577 : കാലകാലനുടെ കായമെന്‍...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : കുസുമമഞ്ജരി

കാലകാലനുടെ കായമെന്മനസി കണ്ടുകൊണ്ടു മരുവീടുവാന്‍
കാലമില്ല കമലാക്ഷിമാരുടെ കടാക്ഷശൃംഖലകളേല്‍ക്കയാല്‍
കാലമങ്ങറുതി വന്നിടുമ്പൊഴുതു കാലനും വരവതുണ്ടു പോല്‍
കാളവാഹന, കടാക്ഷമേകിടുക കാളകണ്ഠ കരുണാനിധേ.

ശ്ലോകം 578 : കാണാമങ്ങോട്ടു ചെന്നാല്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

കാണാമങ്ങോട്ടു ചെന്നാല്‍ നദിയുടെയരികെ തൃപ്രയാറെന്ന ക്ഷേത്രം
കാണാം പൊക്കത്തില്‍ ചുറ്റും മതിലുകളരികെ ഗോപുരം നാടശാല
കാണാം ചുറ്റമ്പലങ്ങള്‍ അതിനുടെ നടുവില്‍ മണ്ഡപം നല്ല ശ്രീകോല്‍
കാണാമുള്ളില്‍ പ്രതിഷ്ഠ മണിമയഭഗവാന്‍ തേവരാം രാമചന്ദ്രന്‍

ശ്ലോകം 579 : കണ്ടന്നേ കട്ടു നീയെന്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

കണ്ടന്നേ കട്ടു നീയെന്‍ കരളതു തിരിയെത്തന്നതില്ലെന്നതല്ലീ-
ക്കണ്ടുള്ളോനെക്കടക്കണ്‍കടുതരവികടച്ചങ്ങലയ്ക്കിട്ടു പൂട്ടി;
കണ്ടിക്കാര്‍കേശി! പിന്നീടിത മദനമഹാരാജനേല്‍പ്പിച്ചു; കഷ്ടേ!
കണ്ടും കേട്ടിട്ടുമില്ലീവക; തലയിലെഴുത്തോര്‍ക്കിലിന്നാര്‍ക്കു മായ്ക്കാം?

കവി : പെട്ടരഴിയത്ത്‌ വലിയ രാമനിളയത്‌

ശ്ലോകം 580 : കേറാനെന്തേ മടിക്കുന്നതു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

കേറാനെന്തേ മടിക്കുന്നതു മമ കരളില്‍? കാമലോഭാദിയാകും
ചേറാണിങ്ങൂന്നി വെച്ചീടുകിലടിവഴുതിത്തെറ്റി വീണേക്കുമെന്നോ?
കൂറാളും നീ വിചാരിക്കുകിലിഹ ചളി കൊണ്ടുള്ള കേടാകമാനം
മാറാനുണ്ടോ പ്രയാസം? മകുടജിതലസത്കോടിസൂര്യപ്രകാശേ!

കവി : വള്ളത്തോള്‍, കൃതി : ദേവീസ്തവം

ശ്ലോകം 581 : കാളിന്ദീനദിയിങ്കലന്നു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കാളിന്ദീനദിയിങ്കലന്നു കമലപ്പൂമ്പൈതല്‍ കൂപ്പുന്നൊര-
ക്കാളിപ്പെണ്ണു സലീലമത്തരണിയില്‍ത്തൃക്കാലണയ്ക്കാകിലോ
കേളിപ്പെട്ട പരാശരന്നഭിനവദ്വീപില്‍ പ്രകാശോദയം
മേളിയ്ക്കും ഭുവനൈകവന്ദ്യതനയന്‍ സഞ്ജാതനായീടുമോ?

കവി : കെ. പി. കറുപ്പന്‍ , കൃതി : ഉദ്യാനവിരുന്ന്‌

ശ്ലോകം 582 : കുട്ടിക്കാലമതെത്ര...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കുട്ടിക്കാലമതെത്ര തുഷ്ടികര? മന്നദ്ദേഹമെന്നോടു വേര്‍-
പെട്ടിട്ടുള്ള ദിനം ചുരുങ്ങു, മൊരുമിച്ചല്ലാതെയില്ലൊന്നുമേ
കിട്ടില്ലൊട്ടിടയിപ്പൊഴസ്സുഭഗനെക്കാണാനുമെന്നായി - പാര്‍-
ത്തട്ടില്‍ ദുഃസ്ഥിതിഹേതുവിങ്ങു ഹതമാമീ യൌവനം താനഹോ!

കവി : വള്ളത്തോള്‍, കൃതി : വിലാസലതിക

ശ്ലോകം 583 : കാലാരാതി കനിഞ്ഞിടുന്നതുവരെ...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കാലാരാതി കനിഞ്ഞിടുന്നതുവരെക്കാളും തപം ചെയ്തു തല്‍-
ക്കോലം പാതി പകുത്തെടുത്തൊരു കുളുര്‍ക്കുന്നിന്റെ കുഞ്ഞോമനേ!
കാലന്‍ വന്നു കയര്‍ത്തുനിന്നു കയറെന്‍ കാലില്‍ കടന്നിട്ടിടും-
കാലത്താക്കഴുവേറിതന്‍ കഥ കഴിക്കേണം മിഴിക്കോണിനാല്‍

കവി : ശീവൊള്ളി

ശ്ലോകം 584 : കൊണ്ടല്‍ക്കാറണി കൊണ്ടു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

"കൊണ്ടല്‍ക്കാറണി കൊണ്ടു വിണ്ടലമിരുണ്ടീടുന്നു, മേഘങ്ങളെ-
ക്കൊണ്ടിക്കാടു കറുത്തിടു, ന്നിരവിലിക്കണ്ണന്നുമുണ്ടിണ്ടല്‍ കേള്‍;
കൊണ്ടാക്കീടു ഗൃഹത്തിലിന്നിവനെ നീ" യെന്നുള്ള നന്ദോദിതം
കൊണ്ടാടീട്ടഥ രാധയെപ്പഥി രസിപ്പിച്ചോരു കൃഷ്ണന്‍ തുണ.

കവി : എ. ആര്‍. രാജരാജവര്‍മ്മ / ജയദേവന്‍

ശ്ലോകം 585 : കാക്കലും ചിലര്‍ തലൈക്കലും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : കുസുമമഞ്ജരി

കാക്കലും ചിലര്‍ തലൈക്കലും പുനരിരുന്നുകൊണ്ടു കരയുന്ന നാള്‍
കാക്കുമോ മരണകാലമെന്നുടലിതാര്‍ക്കുവേണ്ടുവതു കശ്മലം?
കാക്ക നാ നരി വലിയ്ക്കയോ പുഴുവരിയ്ക്കയോ ചുടുകയോ ദൃഢം?
കാക്ക കാക്കലുടനാക്കി മൂക്കുതലെ മേവുമെന്‍ ജനനിയാശ്രയം

ശ്ലോകം 586 : കാന്തന്മാരൊത്തു, കാല്‍ത്താര്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

കാന്തന്മാരൊത്തു, കാല്‍ത്താര്‍, കടി കടുകളവില്‍, ക്ലാന്തമധ്യം, കനത്തില്‍-
ക്കാന്തിപ്പിട്ടുള്ള കൊങ്കക്കുട, മഴകു കലര്‍ന്നാടിടും കമ്രഹാരം,
കാന്തത്തിങ്കള്‍പ്രഭാസ്യം, കളിയുടയ കയല്‍ക്കണ്ണു, കാര്‍കൂന്തലേവം
കാന്ത്യാ കല്യാണിമാര്‍ കൈവിശറിയൊടവിടെദ്ദേവസേവയ്ക്കു കൂടും.

കവി : കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ / ലീലാദാസന്‍, കൃതി : ശുകസന്ദേശം തര്‍ജ്ജമ

ശ്ലോകം 587 : കണ്ടാല്‍ കാളിന്ദിനീരിന്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

കണ്ടാല്‍ കാളിന്ദിനീരിന്‍ ചെറിയ ചെറിയ കല്ലോലകം പോലെയേതാ--
ണ്ടുണ്ടല്ലോ നിന്റെ നാളോദരമതിലഗജേ ബുദ്ധിമാന്മാര്‍ക്കതോര്‍ക്കില്‍
കുണ്ഠിച്ചേറ്റം ഞെരുങ്ങും കുചഗിരികളിടയ്ക്കുള്ള സൂക്ഷ്മാന്തരീക്ഷം
തെണ്ടും ദിക്കറ്റു നാഭീഗുഹയില്‍ വരികയാണെന്നു തോന്നീടുമാര്യേ.

കവി : കുമാരനാശാന്‍, കൃതി : സൌന്ദര്യലഹരി തര്‍ജ്ജമ

ശ്ലോകം 588 : ക്രീഡിച്ചും കീരവാണീ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

ക്രീഡിച്ചും കീരവാണീമണികളൊ, ടിടയില്‍ കയ്യില്‍ നെയ്‌ പാലിതെല്ലാം
മേടിച്ചും, കട്ടശിച്ചും, പ്രണതരിലലിവിന്‍ നീര്‍ തുളിച്ചും, തുണച്ചും,
കൂടിച്ചും പാണ്ഡവര്‍ക്കുന്നതി, കുരുനിരയെത്തക്കമോര്‍ത്തങ്ങു കുണ്ടില്‍--
ച്ചാടിച്ചും വാണ ഗോപീജനസുകൃതസുഖക്കാതലേ, കൈതൊഴുന്നേന്‍!

കവി : വെണ്മണി മഹന്‍

ശ്ലോകം 589 : കാലം മാറിക്കഴിഞ്ഞൂ...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : സ്രഗ്ദ്ധര

"കാലം മാറിക്കഴിഞ്ഞൂ, കവിതയെഴുതിയലാര്‍ക്കുവേണം? ഭവാനി--
ക്കാലത്തെക്കാവ്യമാകും കഥകളെഴുതണം, നോവലായാല്‍ വിശേഷം!"
കാലംപോല്‍ ചൊല്ലിടുന്നൂ പലരുമിതുവിധം, പത്നിയും, കാലമാണി--
ക്കോലം കെട്ടിച്ചിടുന്നൂ കുശവനതു തിരുത്തീടുവാനാകുമെന്നോ?

കവി : എം. എന്‍. പാലൂര്‍, കൃതി : കല്യാണക്കാഴ്ച

ശ്ലോകം 590 : കാലന്‍ കാളായസാത്യുത്ക്കട...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

കാലന്‍ കാളായസാത്യുത്ക്കടമുസലവുമായ്‌ കാണികള്‍ക്കുള്‍നടുങ്ങും
കോലം കോലുന്ന കൂട്ടാളികളൊടുമൊരുമിച്ചാര്‍ത്തടുത്തെത്തിടുമ്പോള്‍
കാലച്ചെന്തീക്കനല്‍ച്ചാര്‍ത്തെതിര്‍മുനയൊടു നിന്‍ കൈത്തലത്തില്‍ത്തിളങ്ങും
ശൂലം താനാണു മാഹേശ്വരി, ശരണമെനിക്കാ ഭയപ്പാടൊഴിക്കാന്‍.

കവി : വള്ളത്തോള്‍, കൃതി : ദേവീസ്തവം

ശ്ലോകം 591 : കുത്തും തല്ലുമസഹ്യ...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കുത്തും തല്ലുമസഹ്യമേല്‍ക്കെയിവനോത്തോതിത്തളര്‍ന്നുണ്ണുവാ--
നെത്തും മുമ്പെയൊരിക്കലും സഖി കടന്നുണ്ടീടുമാറില്ലനീ
കത്തും വന്‍ പശി വാച്ചു വാച്ചു വയര്‍ കാഞ്ഞാലും നിനക്കെന്നൊട--
ന്നൊത്തുണ്ടേ മതിയാവു തുല്യസുഖദുഃഖം താന്‍ സുഹൃജ്ജീവിതം

കവി : പ്രേംജി, കൃതി : നാല്‍ക്കാലികള്‍

ശ്ലോകം 592 : കാളാംഭോധരപാളി താളി...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കാളാംഭോധരപാളി താളി പിഴിയും കറ്റക്കരിമ്പൂങ്കുഴല്‍--
ക്കാലംബായ മുഖാവലോകസമയേ നെയ്‌ വെയ്ക്കുമിച്ചന്ദ്രമാഃ
കോലത്താര്‍ചരഭൂമിപാലകനകക്കുംഭം തൊഴും പോര്‍മുലയ്‌--
ക്കോലക്കത്തൊടു നിന്നെ വാഴ്ത്തുമതിനാന്റാമല്ല കൌണോത്തരേ!

ശ്ലോകം 593 : കിടക്കുന്ന നായയ്‌...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ഭുജംഗപ്രയാതം

കിടക്കുന്ന നായയ്ക്കടുത്തൂടെയോടി-
ക്കടക്കൊല്ല ചാടിപ്പിടിക്കും കടിക്കും
പിടിക്കാന്‍ വരുന്നോരു നായെക്കുടയ്ക്ക-
ങ്ങടിക്കൊല്ല ചുമ്മാ കുടക്കാലൊടിക്കും.

കവി : ബാലേന്ദു

ശ്ലോകം 594 : പവനതനയചേതഃ...

ചൊല്ലിയതു്‌ : എം. ബി. സുനില്‍ കുമാര്‍
വൃത്തം : മാലിനി

പവനതനയചേതഃ പങ്കജാര്‍ക്കം മുനീന്ദ്രൈ-
രനുദിനമനുഭാവ്യം ശ്രീപതിം ശ്യാമളാംഗം
ദിനകരകുലദീപം ജാനകീഭാഗ്യരാശീം
കരധൃതശരചാപം നൌമി വില്വാദൃനാഥം.

കവി : കൊട്ടാരക്കരത്തമ്പുരാന്‍, കൃതി : സീതാസ്വയംവരം

ശ്ലോകം 595 : ദൃഷ്ട്വാ തമാലോകം...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ഇന്ദ്രവജ്ര

ദൃഷ്ട്വാ തമാലോകമിവാന്ധകാരേ
ജുഷ്ടസ്സഗര്‍ഭ്യൈഃ പ്രയതഃ പ്രണമ്യ
പൃഷ്ടോമനാ വാര്‍ത്തമജാതശത്രുര്‍-
ഹൃഷ്ടസ്തമാചഷ്ട ഗിരം ഗരിഷ്ഠാം.

കവി : കോട്ടയത്തു തമ്പുരാന്‍, കൃതി : കല്യാണസൌഗന്ധികം

ശ്ലോകം 596 : പൊയ്യല്ലേ തീയില്‍ നില്‍ക്കാം...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : സ്രഗ്ദ്ധര

പൊയ്യല്ലേ തീയില്‍ നില്‍ക്കാം, കരിവരഗമനേ കാളകൂടം ഭുജിക്കാം
അയ്യാണ്ടൂണൂം ത്യജിക്കാമമൃത കിരണനെക്കയ്യിലാക്കിപ്പൊടിക്കാം
ചെയ്യാം ഞാന്‍ രാജസൂയം, അമൃതമരപുരേ ചെന്നുകൊണ്ടിങ്ങു പോരാം
മയ്യേലും കണ്ണിയാളേ, തവ വിരഹമെനിക്കാവതല്ലേ പൊറുപ്പാന്‍

കവി : വെണ്മണി മഹന്‍

ശ്ലോകം 597 : ചാണത്തിന്‍ നിറമായ്‌...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ചാണത്തിന്‍ നിറമായുടുപ്പുമരയില്‍ തോല്‍പ്പട്ടയും മസ്തകേ
ചേണാര്‍ന്നീടിന തൊപ്പിയും കരമതില്‍ ദണ്ഡും ധരിച്ചങ്ങനേ
ആണത്തം പലതും പറഞ്ഞു വെറുതേ ചുറ്റുന്ന പോലീസുകാ-
രാണിദ്ദിക്കതിലേറ്റമുള്ളതവരെക്കൊണ്ടേതുമുണ്ടോ ഗുണം?

കവി : ഒടുവില്‍ കുഞ്ഞികൃഷ്ണമേനോന്‍

ശ്ലോകം 598 : അജാമിളോ നാമ...

ചൊല്ലിയതു്‌ : എം. ബി. സുനില്‍ കുമാര്‍
വൃത്തം : വംശസ്ഥം

അജാമിളോ നാമ മഹീസുരഃ പുരാ
ചരന്‍ വിഭോ ധര്‍മപഥാന്‍ ഗൃഹാശ്രമീ
ഗുരോര്‍ഗിരാ കാനനമേത്യ ദൃഷ്ടവാന്‍
സുദൃഷ്ടശീലാം കുലടാം മദാകുലാം

കവി : മേല്‍പ്പത്തൂര്‍, കൃതി : നാരായണീയം (22:1)

ശ്ലോകം 599 : ഗജാനനം ഭൂത...

ചൊല്ലിയതു്‌ : ജീവി
വൃത്തം : വംശസ്ഥം

ഗജാനനം ഭൂതഗണാദിസേവിതം
കപിത്ഥജംബൂഫലസാരഭക്ഷിതം
ഉമാസുതം ശോകവിനാശകാരണം
നമാമി വിഘ്നേശ്വരപാദപങ്കജം

ശ്ലോകം 600 : ഉല്ലാസമുള്‍ക്കൊണ്ട്‌...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

ഉല്ലാസമുള്‍ക്കൊണ്ടുയരെപ്പറക്കു-
മൊരോമനപ്പൈങ്കിളി നമ്മെ നോക്കി
ചെവിക്കുരുന്നില്‍ തെളിതേന്‍ തളിയ്ക്കും
സ്വാതന്ത്ര്യ സംഗീതമുയര്‍ത്തിടുന്നു

കവി : ഉള്ളൂര്‍, കൃതി : 'സുഖം-സുഖം'

ശ്ലോകം 601 : ചൊല്ലാനുറച്ച തറവാടുകള്‍...

ചൊല്ലിയതു്‌ : ജീവി
വൃത്തം : വസന്തതിലകം

ചൊല്ലാനുറച്ച തറവാടുകളേറെയില്ല-
യില്ലിന്നുയര്‍ന്ന പണിയുള്ളവരേറെ നമ്മില്‍
മെല്ലെന്നു താഴുമുയരാനിനിയൊന്നുരണ്ടാള്‍
വല്ലോരുമോര്‍ക്കില്‍ - വലുതാം സമുദായമല്ലേ?

കവി : കുമാരനാശാന്‍, കൃതി : തീയ്യക്കുട്ടിയുടെ വിചാരം

ശ്ലോകം 602 : മേളം ഗഭീരമതിനില്ലൊരു...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : വസന്തതിലകം

"മേളം ഗഭീരമതിനില്ലൊരു വാദമല്ലേ?"
ചോദിച്ചൊരാളൊടൊരുവന്‍ തലയാട്ടി നില്‍ക്കേ;
"ഇച്ചെണ്ടതന്റെയതിദുസ്സഹമൊച്ചമൂലം
കേള്‍ക്കാനൊരിറ്റു കഴിവില്ല" പറഞ്ഞിതന്യന്‍.

കവി : ബാലേന്ദു

ശ്ലോകം 603 : ഇന്നോ വാ നാളെയോ മട്ടിനി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ഇന്നോ വാ നാളെയോ മറ്റിനിയൊരുദിവസം തന്നെയോ കാലദൂതന്‍
വന്നീടും നാളിലോര്‍ത്താലിതിനൊരു കഴിവില്ലെന്നു ചിത്തേ നിനപ്പിന്‍;
മുന്നേ താന്‍ പദ്മനാഭന്‍ ചരണനളിനമിങ്ങുള്ളിലാക്കീട്ടു നിത്യാ-
നന്ദ! ശ്രീകൃഷ്ണ! നാരായണ! വരദ! രമേശേതി കീര്‍ത്തിച്ചുകൊള്‍വിന്‍.

കവി : വിദ്വാന്‍ കോമ്പിയച്ചന്‍

ശ്ലോകം 604 : മണ്ണും പെണ്ണും കൊതിക്കും...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

മണ്ണും പെണ്ണും കൊതിക്കും, കവിതയുടെ വളപ്പിന്റെ വേലിക്കല്‍ നിന്ന-
പ്പെണ്ണിന്‍ നീലക്കടക്കണ്മുന പതിയുവതിന്നാശയാലെത്തി നോക്കും,
ഉണ്ണാനുണ്ടെങ്കിലില്ലാത്തൊരു നില നിരുപിച്ചുള്ളുരുക്കും, നൃജന്മം
കണ്ണാ, ഞാന്‍ പാഴിലാക്കിത്തുലയുവതിനു മുമ്പെന്നെ രക്ഷിക്ക വേഗം!

കവി : വി. കെ. ജി., കൃതി : അവില്‍പ്പൊതി

ശ്ലോകം 605 : ഉലകിനുപകരിക്കും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : പുഷ്പിതാഗ്ര

ഉലകിനുപകരിക്കുമുത്തമന്മാര്‍
പലരുളവാകിന ഭാസ്കരാന്വയത്തില്‍
ഖലനൊരു നൃപനുത്ഭവിച്ചു പണ്ടാ-
ക്കലശപയോധിയില്‍ വന്‍വിഷം കണക്കേ.

കവി : വള്ളത്തോള്‍, കൃതി : ദണ്ഡകാരണ്യം

ശ്ലോകം 606 : ഖാദിക്കുപ്പായമിട്ടും...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

ഖാദിക്കുപ്പായമിട്ടും സ്ഫുടമിരുകരവും കൂപ്പിയും പല്ലിളിച്ചും
ചോദിക്കേ വോട്ടിനേറ്റം വിനയവുമെതിരായുള്ളിലുള്ളോരു ഭാവം
മോദം വേണ്ടത്ര ദാസപ്രഭൃതിയിലരുളാന്‍ വ്യഗ്രമായുള്ള ചിത്തം
സ്വേദം തീണ്ടാത്ത ഫാലം സതതമിതുവിധം ഭാവയേ നേതൃരൂപം.

കവി : ബാലേന്ദു, കൃതി : നേതാസഹസ്രനാമം.

ശ്ലോകം 607 : മണ്‍പാത്രമെന്നല്ല...

ചൊല്ലിയതു്‌ : ഉമാ രാജാ
വൃത്തം : ഇന്ദ്രവജ്ര

മണ്‍പാത്രമെന്നല്ല നമുക്കു ഭാവം
പൊന്‍പാത്രമിപ്പോളുടയുന്നതെല്ലാം
സമ്പല്‍ക്ഷയേ സങ്കടമെന്നതോര്‍ത്താല്‍
സമ്പന്നനും നിര്‍ദ്ധനനും സമാനം

കവി : കുഞ്ചന്‍ നമ്പ്യാര്‍, കൃതി : ശ്രീകൃഷ്ണചരിതം മണിപ്രവാളം

ശ്ലോകം 608 : സുഖത്തിലുണ്ടാം സഖി...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

സുഖത്തിലുണ്ടാം സഖിമാരനേകം,
ദുഃഖം വരുമ്പോള്‍ പുനരാരുമില്ല;
ഖഗങ്ങള്‍ മാവില്‍ പെരുകും വസന്തേ,
വരാ ശരത്തിങ്കലതൊന്നുപോലും.

കവി : കെ. സി. കേശവപിള്ള, കൃതി : സുഭാഷിതരത്നാകരം

ശ്ലോകം 609 : ഖരകരനകലത്തായ്‌...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : മാലിനി

ഖരകരനകലത്തായിന്ദുവൊന്നിച്ചുതാരാ-
നിര കരിമുകില്‍ മദ്ധ്യം തന്നിലെല്ലാം മറഞ്ഞൂ
ഇരുളില്‍ മുഴുകി പാരം പാരു മിന്നാമിനുങ്ങേ
ത്വരിതമിനി മിനുങ്ങൂ തെറ്റിയാല്‍ ചെറ്റു പറ്റാ

കവി : ഗ്രാമത്തില്‍ കൊട്ടാരത്തില്‍ രവിവര്‍മ കോയിത്തമ്പുരാന്‍, കൃതി : അന്യാപദേശ മാല

ശ്ലോകം 610 : ഇക്കാലമിന്ദുമുഖിമാര്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തതിലകം

ഇക്കാലമിന്ദുമുഖിമാര്‍ പലരും കവിത്വ-
വക്കാണമാര്‍ന്നു മരുവുന്നു, തദേതദാസ്താം;
ഇക്കാവുപണ്ഡിത പരം മകരന്ദധാരാ-
ധിക്കാരിവാങ്മധുരിമാധുരി മാനനീയാ.

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍

ശ്ലോകം 611 : ഇല്ല നിങ്ങളെ നനച്ചിടാതെ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : കുസുമമഞ്ജരി

ഇല്ല നിങ്ങളെ നനച്ചിടാതെയൊരുനാളെവള്‍ക്കു ജലപാനവും,
പല്ലവം തൊടുവതില്ലയേവളതണിഞ്ഞിടാന്‍ കൊതിയിരിയ്ക്കിലും,
നല്ലൊരുത്സവമെവള്‍ക്കു നിങ്ങളുടെയാദ്യമായ കുസുമോദ്ഗമം,
വല്ലഭന്റെ ഗൃഹമശ്ശകുന്തള ഗമിച്ചിടുന്നു വിട നല്‍കുവിന്‍!

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍, കൃതി : ശാകുന്തളം തര്‍ജ്ജമ

ശ്ലോകം 612 : നിത്യം തെണ്ടുവതെത്ര...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

"നിത്യം തെണ്ടുവതെത്ര നീചമരുതേ" - യര്‍ത്ഥിച്ചുപോല്‍ ഷണ്മുഖന്‍,
"മേറ്റ്ന്തുണ്ടൊരു മാര്‍ഗ്ഗ"മെന്നു കളിയായ്‌ ചോദിച്ചുപോലീശ്വരന്‍,
പെട്ടെന്നോതിയൊരാറു ജോലികള്‍ മുറയ്ക്കോരോന്നുമോരോ മുഖം:
"നൃത്തം, യുദ്ധ, മുടുക്കുകൊട്ടു, കഥനം, നീര്‍സേചനം, ശിക്ഷണം!"

കവി : ബാലേന്ദു

ശ്ലോകം 613 : പ്രാലേയാമലമാത്മദീധിതി...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പ്രാലേയാമലമാത്മദീധിതിസുധാസംക്രാന്തലോകത്രയം
മുക്താജാലവിരാജിരൂപ്യവിലസദ്വേഷാംബരാലംകൃതം
ഭാസ്വത്‌കൈരവചാരുബാഹുമമലക്ഷൌമാവദാതം പരം
വന്ദേ സോമമരാളനീലവിലസത്‌ കേശം മനോനന്ദനം.

കവി : കുഞ്ചന്‍ നമ്പ്യാര്‍, കൃതി : വിഷ്ണുവിലാസം

ശ്ലോകം 614 : ഭീ വിട്ടു കൂന്തല്‍ വല...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തതിലകം

ഭീ വിട്ടു കൂന്തല്‍ വല, ചുണ്ടിര, ബാഹു പാശം,
ഭ്രൂ വി, ല്ലപാംഗവിശിഖം, മുഖചന്ദ്രഹാസം,
ഈ വിശ്രുതായുധഗണം കലരും വധുക്കള്‍
ഭാവിപ്പു തത്ര യുവഹൃന്മൃഗയാവിനോദം.

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 615 : ഇല്ലം കത്തി നശിച്ചു...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഇല്ലം കത്തി നശിച്ചു, വേളിയതിലങ്ങാപ്പെട്ടു തീപ്പെട്ടു ഹാ,
കൊല്ലപ്പെട്ടിതു തീകെടുത്തുമളവില്‍ കൂപത്തില്‍ വീണുണ്ണിയും,
ഇല്ലല്ലോ വരുവാനിതില്‍ പരമെനിക്കിന്നൊന്നു,മെന്താകിലും
ചെല്ലപ്പെട്ടി തുറന്നിരുന്നിനി മുറുക്കട്ടേ മുറയ്ക്കൊന്നു ഞാന്‍!

കവി : പ്രേംജി , കൃതി : നാല്‍ക്കാലികള്‍

ശ്ലോകം 616 : ഇല്ലാ ജീവിതമേറെയെങ്കില്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഇല്ലാ ജീവിതമേറെയെങ്കിലതിനെന്തുള്‍ത്താപമോരാന്‍, കരി-
ങ്കല്ലാണെന്ന വിധം യുഗാവധി കിടന്നാലെന്തു നിശ്ചേഷ്ടമായ്‌
എല്ലാ ദിക്കിലുമാത്മസൌരഭമിണക്കിക്കൊണ്ടുറങ്ങാതുയര്‍-
ന്നുല്ലാസം പകരുന്ന മുല്ലയൊരുനാള്‍ വാണാലുമേ ധന്യയാം.

കവി : ഡി. ശ്രീമാന്‍ നമ്പൂതിരി

ശ്ലോകം 617 : എന്മുറ്റത്തു തഴച്ചിടുന്നു...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

എന്മുറ്റത്തു തഴച്ചിടുന്നു തുളസിത്തയ്യും നറും മുല്ലയും,
കര്‍മ്മൂസും പുഴുതിന്നിടുന്ന പനിനീര്‍ച്ചെണ്ടും കുറെച്ചീരയും;
അമ്മട്ടെന്‍ കവിതാങ്കണത്തിലവതന്‍ സാമാന്യബിംബങ്ങളെ-
ച്ചെമ്മേ നട്ടുനനച്ചു നോക്കി വളരാന്‍ കൂട്ടാക്കിയില്ലേതുമെ!

കവി : വി.കെ.ജി

ശ്ലോകം 618 : ആറില്ലേ മുഖമാത്മജന്നു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

"ആറില്ലേ മുഖമാത്മജന്നു? മുല നിന്‍ മാറത്തു രണ്ടും, വിശ-
പ്പാറില്ലെന്മക"നെന്നുരച്ചു ഭഗവാനൂറിച്ചിരിച്ചീടവേ
"ആറില്‍ക്കൂറു പെരുത്തൊരാളുടെ മകന്നാറായി മോ"റെന്നു തീ
പാറും നേത്രമൊടംബ ശംഭു വിളറും മാറോതിനാളുത്തരം.

കവി : എന്‍. കെ. ദേശം

ശ്ലോകം 619 : ആനാലും വരവല്ലവാ...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

"ആനാലും വരവല്ലവാ?, ശരിവരട്ടും", പട്ടരേപ്പൊലെയ-
ത്യാനന്ദത്തൊടനര്‍ത്ഥവും പുണരുവോന്‍ വാഗര്‍ത്ഥവിജ്ഞന്‍ ഭവാന്‍;
ആരങ്ങെന്നറിയാത്തവര്‍ക്കുമറിയാം നേരൊന്നു സാമാന്യന-
ല്ലാള്‍ സാധാരണ വാര്യരാകില്‍ വരുമോ ശത്രുക്കളിത്രക്കു മേല്‍?!.

കവി : എന്‍. കെ. ദേശം

ശ്ലോകം 620 : ആരക്ഷീണതപസ്യയാല്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ആ, രക്ഷീണതപസ്യയാ, ലഖിലലോകാധീശദത്തം കലാ-
സാരം ചിപ്പിയില്‍ മുത്തുപോ, ലസുലഭാനന്ദാഭമാക്കുന്നുവോ,
ആരാല്‍ കേരളനാടു മന്നിലഭിമാനാഗാരമാകുന്നുവോ,
ആ രാഗാങ്കണരാജപൂജിതമഹാഗന്ധര്‍വ്വ, തേ സ്വാഗതം!

കവി : ഉമേഷ്‌ നായര്‍. കൃതി: (യേശുദാസിനോടു്‌).

ശ്ലോകം 621 : അഥ പ്രജാനാമധിപഃ...

ചൊല്ലിയതു്‌ : എം. ബി. സുനില്‍ കുമാര്‍
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

അഥ പ്രജാനാമധിപഃ പ്രഭാതേ
ജായപ്രതിഗ്രാഹിതഗന്ധമാല്യാം
വനായ പീതപ്രതിബദ്ധവത്സാം
യശോധനോ ധേനുമൃഷേര്‍മുമോച

കവി : കാളിദാസന്‍, കൃതി : രഘുവംശം (2:1)

ശ്ലോകം 622 : വള്ളിപോലെ മൃദുവാം...

ചൊല്ലിയതു്‌ : ജീവി
വൃത്തം : സ്വാഗത

വള്ളിപോലെ മൃദുവാമിരുകാലും
തുള്ളി, മേനി തളരും മിശിഹായെ
ഉള്ളിലാര്‍ദ്രത നശിച്ചരിവൃന്ദം
തള്ളി, മാലുയരുമാറു നയിച്ചു.

കവി : കട്ടക്കയം ചെറിയാന്‍ മാപ്പിള, കൃതി : ശ്രീയേശുവിജയം

ശ്ലോകം 623 : ഉണ്ടാവാമൊരുപാടുമാറ്റം...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഉണ്ടാവാമൊരുപാടുമാറ്റമുലകി,ന്നൊന്നായിരുന്നോരു നാം
രണ്ടാവാമിരുപേരുമങ്ങിനെ മറന്നേയ്ക്കാം കുറേ ചെല്ലുകില്‍
മിണ്ടാതെന്‍ പ്രിയതോഴി നീ പിറകില്‍ വന്നന്നാദ്യമായോമന
ച്ചുണ്ടാലേകിയ ചുംബനോത്പുളകമോ മായാ മരിപ്പോളവും

കവി : പ്രേംജി, കൃതി : നാല്‍ക്കാലികള്‍

ശ്ലോകം 624 : മാതംഗാനനമംബ്ജവാസ...

ചൊല്ലിയതു്‌ : എം. ബി. സുനില്‍ കുമാര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മാതംഗാനന, മംബ്ജവാസരമണീം, ഗോവിന്ദമാദ്യം ഗുരും,
വ്യാസം, പാണിനി ഗര്‍ഗനാരദ കണാദാദ്യാന്‍ മുനീന്ദ്രാന്‍ ബുധാന്‍,
ദുര്‍ഗാം ചൈവ മൃദംഗശെയിലനിലയാം ശ്രീപോര്‍ക്കലീമിഷ്ടദാം
ഭക്ത്യാ നിത്യമുപാസ്മഹേ സപദി നഃ കുര്‍വന്ത്വമീ മംഗളം

കവി : കോട്ടയത്തു തമ്പുരാന്‍

ശ്ലോകം 625 : ദേവാനാം പ്രിയനാണു ഞാന്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ദേവാനാം പ്രിയനാണു ഞാനയി, ഭവാന്‍ ദേവപ്രിയന്‍ കേവലം!
ശ്രീവാഴും കടമാണു തേ പുര, മെനിക്കിങ്ങുള്ളതെല്ലാം കടം!
ഭൂവാനോര്‍വരനാം ഭവാനു പടയുണ്ടൂണിന്നെനിക്കിശ്ശിവന്‍-
കോവില്‍പെട്ടൊരുണക്കലാണു പട! ഞാനങ്ങയ്ക്കു തുല്യന്‍, പരന്‍!

കവി : ഒറവങ്കര

ശ്ലോകം 626 : ഭര്‍ത്തുര്‍മിത്രം പ്രിയം...

ചൊല്ലിയതു്‌ : ജീവി
വൃത്തം : മന്ദാക്രാന്ത

ഭര്‍ത്തുര്‍മിത്രം പ്രിയമവിധവേ! വിദ്ധി മാമംബുവാഹം
തത്സന്ദേശാന്മനസി നിഹിതാദാഗതം ത്വത്സമീപം
യോ വൃന്ദാനി ത്വരയതി പഥി ശ്രാമ്യതാമധ്വഗാനാം
മന്ദ്രസ്നിഗ്ദ്ധൈര്‍ധ്വനിഭിരബലാവേണിമോക്ഷോത്സുകാനി

കവി : കാളിദാസന്‍, കൃതി : മേഘദൂതം

ശ്ലോകം 627 : യോഗീന്ദ്രാണാം ത്വദംഗേഷ്വധിക...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : സ്രഗ്ദ്ധര

യോഗീന്ദ്രാണാം ത്വദംഗേഷ്വധികസുമധുരം മുക്തിഭാജാം നിവാസോ
ഭക്താനാം കാമവര്‍ഷദ്വിതരുകിസലയം നാഥ! തേ പാദമൂലം
നിത്യം ചിത്തസ്ഥിതം മേ പവനപുരപതേ! കൃഷ്ണ! കാരുണ്യസിന്ധോ!
ഹൃത്വാ നിശ്ശേഷതാപാന്‍ പ്രദിശതു പരമാനന്ദസന്ദോഹലക്ഷ്മീം.

കവി : മേല്‍പ്പത്തൂര്‍, കൃതി : നാരായണീയം

ശ്ലോകം 628 : നിന്‍ നേത്രത്തിനു തുല്യമാം...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നിന്‍ നേത്രത്തിനു തുല്യമാം കുവലയം വെള്ളത്തിനുള്ളത്തിലായ്‌
നിന്നാസ്യപ്രഭ തേടുമമ്പിളിയൊളിക്കപ്പെട്ടു കാര്‍കൊണ്ടലാല്‍
അന്നത്തന്വികള്‍ നിന്നൊടൊത്ത നടയുള്ളോരങ്ങുമണ്ടീടിനാര്‍,
നിന്നൌപമ്യവുമിന്നുകാണ്‍മതു പൊറുക്കുന്നില്ലഹോ ദുര്‍വിധി.

കവി : എ. ആര്‍. രാജരാജവര്‍മ്മ

ശ്ലോകം 629 : അമ്മേ വന്നിടുകെന്നു ചൊന്നു...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

അമ്മേ വന്നിടുകെന്നു ചൊന്നു കരവും കാലും കുടഞ്ഞാര്‍ത്തിപൂ-
ണ്ടമ്മിഞ്ഞക്കു കരഞ്ഞുകൊണ്ടുഴലുമെന്‍ പൊന്നോമനക്കുഞ്ഞിനെ
ചെമ്മേ ചെന്നുടനുമ്മ വെച്ചു വരികെന്നോതിപ്പുണര്‍ന്നിട്ടെടു-
ത്തമ്മയ്ക്കുള്ള കരത്തില്‍ നല്‍കുവതിനിച്ചെയ്യാവതോ ദൈവമേ!

കവി : കെ. സി. കേശവപിള്ള , കൃതി : ആസന്നമരണചിന്താശതകം

ശ്ലോകം 630 : ചാണക്കല്ലിലുരച്ച...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ചാണക്കല്ലിലുരച്ച രത്ന, മമരില്‍ പുണ്ണേറ്റ വീരന്‍, മദ-
ക്ഷീണന്‍ കുംഭികുലോത്തമന്‍, കരതെളിഞ്ഞീടും ശരന്നിമ്നഗാ,
മീനാങ്കാര്‍ദ്ദിതയായ മങ്ക, കലയായ്‌ ശേഷിച്ച ദോഷാകരന്‍,
ദാനത്താല്‍ ധനപുഷ്ടികെട്ട നൃപനും കാര്‍ശ്യാല്‍ പ്രകാശിക്കുമേ

കവി : എ. ആര്‍. രാജരാജവര്‍മ്മ

ശ്ലോകം 631 : മുണ്ടാക്കക്ഷത്തു ചുറ്റി...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം :

മുണ്ടാക്കക്ഷത്തു ചുറ്റിദ്ദൃഢമിരുകരവും മാറിലമ്മാറു കെട്ടി-
ക്കുണ്ടാളും ചിന്ത മൂലം തല ചെറുതു കുനിച്ചക്കവീന്ദ്രന്‍ ചിലപ്പോള്‍
കണ്ടാല്‍ കാണാത്ത ഭാവത്തൊടു മെതിയടിമേല്‍ വീട്ടുമുറ്റത്തുലാത്തു-
ന്നുണ്ടാ, മപ്പോളുറയ്ക്കാം പ്രതിഭ കവിത തന്‍ പേറ്റുനോവേറ്റുവെന്നായ്‌

കവി : പ്രേംജി , കൃതി : നാല്‍ക്കാലികള്‍. മഹാകവി വള്ളത്തോളിനെപ്പറ്റി.

ശ്ലോകം 632 : കപാലേ മാര്‍ജ്ജാരഃ...

ചൊല്ലിയതു്‌ : എം. ബി. സുനില്‍ കുമാര്‍
വൃത്തം : ശിഖരിണി

കപാലേ മാര്‍ജ്ജാരഃ പയ ഇതി കരാന്‍ ലേഢി ശശിനഃ
തരുച്ചിദ്രപ്രോതാന്‍ ബിസമിതി കരിഃ സംകലയതി
രതാന്തേ തല്‍പസ്ഥാന്‍ ഹരതി വനിതാപ്യംശുകമിതി
പ്രഭാമത്തശ്ചന്ദ്രോ ജഗദിദമഹോ വിഭ്രമയതി

കവി : ഭാസന്‍

ശ്ലോകം 633 : രാവിപ്പോള്‍ ക്ഷണം...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

"രാവിപ്പോള്‍ ക്ഷണമങ്ങൊടുങ്ങിടു, മുഷസ്സെങ്ങും പ്രകാശിച്ചിടും,
ദേവന്‍ സൂര്യനുദിക്കു, മിക്കമലവും കാലേ വിടര്‍ന്നീടുമേ"
ഏവം മൊട്ടിനകത്തിരുന്നളി മനോരാജ്യം തുടര്‍ന്നീടവേ,
ദൈവത്തിന്‍ മനമാരു കണ്ടു? പിഴുതാന്‍ ദന്തീന്ദ്രനപ്പത്മിനീം

കവി : എ. ആര്‍ രാജരാജവര്‍മ്മ

ശ്ലോകം 634 : ഏഹ്യാഗച്ഛ സമാശ്രയാസനമിദം...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഏഹ്യാഗച്ഛ സമാശ്രയാസനമിദം കസ്മാത്‌ ചിരാദ്‌ ദൃശ്യസേ
സി കുശലം പ്രീതോ}സ്മി തേ ദര്‍ശനാത്‌
ഏവം യേ സമുപാഗതാന്‍ പ്രണയിനഃ പ്രഹ്ലാദയന്ത്യാദരാത്‌
തേഷാം യുക്തമശങ്കിതേന മനസാ ഹര്‍മ്മ്യാണി ഗന്തും സദാ

കവി : വിഷ്ണു ശര്‍മന്‍, കൃതി : പഞ്ചതന്ത്രം

ശ്ലോകം 635 : എത്ര കഷ്ടമിതരൂപിയായ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : കുസുമമഞ്ജരി

എത്ര കഷ്ടമിതരൂപിയായ പവമാനനോടു പറയുന്നതെ-
ന്നത്തലാരുമിതു കേട്ടതില്ലതു പുറത്തതിന്നു കരുതും വിധൌ
ഇത്തരം ഭ്രമമകപ്പെടും വചസി ചിത്തയോനിഭുജവിക്രമം
ചിത്തകാമ്പില്‍ വളരുന്നകാലമിതു കേള്‍പ്പിതുണ്ടഖില കാമിനാം.

കവി : മഴമംഗലം, കൃതി : ഭാഷാനൈഷധം ചമ്പു

ശ്ലോകം 636 : ഈ രമ്യാമയമാം...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഈ രമ്യാമയമാം പ്രഭാതസമയം പാഴാക്കിടാതേല്‍ക്ക; നിന്‍
താരഞ്ചും തരളാഭമാം മിഴിതുറന്നീടെന്റെ പൂമ്പൈതലേ!
ആരക്കണ്ണിനു ജീവനേകി, യവനല്ലാതര്‍ഹനാരാണതിന്‍
സ്ഫാരശ്രീ തിരിയേ, യെടുപ്പതിനവന്‍ തല്‍കൃത്യവും ചെയ്തുപോല്‍.

കവി : ചങ്ങമ്പുഴ, കൃതി : ഗീതാഞ്ജലി

ശ്ലോകം 637 : ആമട്ടോര്‍ക്കുകില്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ആമട്ടോര്‍ക്കുകി, ലാത്മഹര്‍ഷകരമാം തേന്‍പൊയ്കയെക്കാളു, മാ
പ്രേമസ്നിഗ്ദ്ധഹൃദന്തയായി വിലസും മൈക്കണ്ണിയെക്കാട്ടിലും,
ആമോദപ്രദമാണു പൂവനികയും, തൂമുന്തിരിച്ചാറു, മാ
സീമാതീതലയാനുരഞ്ജിതലസദ്വീണാനിനാദങ്ങളും!

കവി : ചങ്ങമ്പുഴ

ശ്ലോകം 638 : ആരണ്യാന്തരഗഹ്വരോദര...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ആരണ്യാന്തരഗഹ്വരോദരതപസ്ഥാനങ്ങളില്‍, സൈന്ധവോ-
ദാരശ്യാമമനോഭിരാമപുളിനോപാന്തപ്രദേശങ്ങളില്‍
ആ, രന്തര്‍മുഖമിപ്രപഞ്ചപരിണാമോദ്ഭിന്നസര്‍ഗക്രിയാ-
സാരം തേടിയലഞ്ഞു പ, ണ്ടവരിലെച്ചൈതന്യമെന്‍ ദര്‍ശനം

കവി : വയലാര്‍ രാമവര്‍മ്മ, കൃതി : സര്‍ഗ്ഗസംഗീതം

ശ്ലോകം 639 : അന്നൊത്തപോക്കീ...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

അന്നൊത്തപോക്കീ, കുയിലൊത്ത പാട്ടീ,
തേനൊത്ത വാക്കീ, തിലപുഷ്പമൂക്കീ,
ദരിദ്രയില്ലത്തെ യവാഗുപോലെ
നീണ്ടിട്ടിരിക്കും നയനദ്വയത്തീ.

കവി : തോലന്‍

ശ്ലോകം 640 : ദൈവം നേരേ തിരിഞ്ഞൂ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ദൈവം നേരേ തിരിഞ്ഞൂ; ദയ നരവരനില്‍ത്തെല്ലുമില്ലാതെ മാഞ്ഞൂ;
ശ്രീവഞ്ചീശന്‍ മുഷിഞ്ഞൂ; ചിലരുടനവിടെയ്ക്കേഷണിക്കാരണഞ്ഞൂ;
സേവയ്ക്കെല്ലം പറഞ്ഞൂ; സകലരുമവിടെക്കോപമേറിച്ചമഞ്ഞൂ;
ഭാവം പാരം മറിഞ്ഞൂ; പരമിനിവരുവാന്‍ പോന്നതന്നാരറിഞ്ഞൂ?

കവി : കൊട്ടാരത്തില്‍ ശങ്കുണ്ണി, കൃതി : കേരളവര്‍മ്മ ശതകം

ശ്ലോകം 641 : സംസാരാമയബാധയാല്‍...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

സംസാരാമയബാധയാല്‍ മഥിതനായ്‌ ഞാന്‍ പേയുരയ്ക്കാം, ഭവത്‌-
സംസത്തില്‍ സുഖഭോഗവസ്തുനിചയം യാചിച്ചുവെന്നും വരാം,
കംസാരേ! കൃപയാല്‍ ഭവാനനുവദിച്ചീടായ്കതൊന്നും, ഭവ-
ധ്വംസാര്‍ത്ഥം നിരവദ്യഭക്തിയരുളാന്‍ മാത്രം പ്രസാദിക്കണേ!

കവി : വി. കെ. ജി.

ശ്ലോകം 642 : കന്നല്‍ക്കണ്ണികള്‍ മൌലിരത്ന...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കന്നല്‍ക്കണ്ണികള്‍ മൌലിരത്നകലികാരൂപം ധരിച്ചാദരാല്‍
പൊന്നിന്മാലയണിഞ്ഞു പൂതന തദാ മന്ദം നടന്നീടിനാള്‍
പിന്നെച്ചെന്നവള്‍ ഗോകുലേ കുളുര്‍മുലക്കുന്നിന്നുമീതേ ചിരം
മിന്നും ചന്ദൃക പോലെ മന്ദഹസിതം തൂകിപ്പറഞ്ഞീടിനാള്‍

കവി : അശ്വതി തിരുനാള്‍, കൃതി : പൂതനാമോക്ഷം

ശ്ലോകം 643 : പൂണെല്ലുന്തിച്ചടച്ചാടിയ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

പൂണെല്ലുന്തിച്ചടച്ചാടിയ മമ കവിതപ്പയ്യിനേയന്തിനേര-
ത്താണല്ലൊ ഞാന്‍ കറക്കാന്‍ മുതിരുവതു ഭവാനിഷ്ടനൈവേദ്യമേകാന്‍;
താണേന്‍, നൂണേനകിട്ടില്‍പ്പലകുറി, യൊടുവില്‍ച്ചെറ്റു കൈവന്ന ദുഗ്ദ്ധം
നാണം കെട്ടാണു വയ്ക്കുന്നതു പദമലരില്‍, ഗോകുലാനന്ദമൂര്‍ത്തേ!

കവി : വി. കെ. ജി.

ശ്ലോകം 644 : തദനു മദനലീലാ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മാലിനി

തദനു മദനലീലാലോലബാലാബലാളീ-
വദനകമലലീനൈരീക്ഷണൈരിന്ദ്രലോകേ
അരമത സുരപാളീലാളിതോ ദേവരാജോ
മരകതമണിലീലാമന്ദിരേ മന്ദമന്ദം.

കവി : കുഞ്ചന്‍ നമ്പ്യാര്‍, കൃതി : ഭാരതം ആട്ടക്കഥ

ശ്ലോകം 645 : അല്ലോളം തവ മന്ദഹാസ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

അല്ലോളം തവ മന്ദഹാസനികടേ കോലും നിലാവും കറു;-
പ്പല്ലിന്നുണ്ടു നിലാവൊളം വെളുവെളുപ്പുല്ലാസി കേശാന്തികേ;
കല്ലോളം കടുതെന്നു തോന്നുമൊരിളം പൂ, മെയ്‌ തൊടുന്നോര്‍ക്കഹോ!;
കല്ലും പല്ലവകോമളം തവ മനം ചിന്തിക്കിലേണേക്ഷണേ!

ശ്ലോകം 646 : കുളിര്‍ത്ത മണിമാറു...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : പൃഥ്വി

കുളിര്‍ത്ത മണിമാറു ചേര്‍ത്തമൃതമൂട്ടി ശാസ്താവുമായ്‌-
ക്കളിച്ചു പ്രണയാര്‍ദ്രമാം മിഴികളീശനില്‍ത്തൂകിയും
കിളര്‍ന്ന മദനാഗ്നിയില്‍ മദനവൈരിയെച്ചുട്ടു നീ
വിളങ്ങുക രമാപതേ മനസി മോഹിനീരൂപനായ്‌!

കവി : രാജേഷ്‌ വര്‍മ്മ

ശ്ലോകം 647 : കിടത്തി ജടയില്‍പ്പിടിച്ച്‌...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : പൃഥ്വി

കിടത്തി ജടയില്‍പ്പിടിച്ചൊരുവളെ, പ്പരയ്ക്കേകി ത-
ന്നിടത്തുവശമാകവേ - പരിഭവങ്ങള്‍ തീര്‍ത്തിട്ടു, താന്‍
കൊടുത്തൊരു വരത്തിനാല്‍ വലയവേ, സഹായത്തിനാ-
യടുത്തവളൊടൊത്തൊരാ മദനവൈരിയെക്കൈതൊഴാം!

കവി : ഉമേഷ്‌ നായര്‍

ശ്ലോകം 648 : കളായകുസുമങ്ങളേ...

ചൊല്ലിയതു്‌ : ജീവി
വൃത്തം : പൃഥ്വി

കളായകുസുമങ്ങളേ, നവപയോദപോതങ്ങളേ,
മദാന്ധമധുപങ്ങളേ, മുദിതനീലകണ്ഠങ്ങളേ,
തമാലവിടപങ്ങളേ, യമുനയേന്തുമോളങ്ങളേ,
തുണയ്ക്കുക മുകുന്ദനെന്‍ നിനവിനങ്ങളില്‍ തങ്ങുവാന്‍.

കവി : വി. കെ. ജി

ശ്ലോകം 649 : തെല്ലുചാറ്റല്‍മഴ കൊണ്ടവാറു...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : കുസുമമഞ്ജരി

തെല്ലുചാറ്റല്‍മഴ കൊണ്ടവാറു പിടിപെട്ടു രൂക്ഷ ജലദോഷവും
തുമ്മലോ,ടവശനാക്കിടും കൊടിയ ചീറ്റലും,പരമ സങ്കടം
ചെഞ്ചിടയ്ക്കുനടുവില്‍ മഹാനദി കളത്രമായ്‌ കുടിയിരിക്കുമാ
മുപ്പുരാന്തക! ഭവാന്റെ ദൈന്യനിലയോര്‍ക്കവയ്യ,പ്രണമിപ്പു ഞാന്‍

കവി : ഹരിദാസ്‌

ശ്ലോകം 650 : ചൂടും പൂവിനു ശണ്ഠ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ചൂടും പൂവിനു ശണ്ഠകൂടുമിരുപേര്‍ദ്ദാരങ്ങള്‍,കള്ളും കുടി-
ച്ചാടും ജ്യേഷ്ഠ, നുഴന്നു കാട്ടിലലയും ബന്ധുക്കളും തോഴരും,
കൂടും പെണ്‍കൊതിയാല്‍ പരന്റെ തടവില്‍ പര്‍ത്തോരു പൌത്രന്‍, ഹരേ!
വേടന്‍ തന്‍ കണ ശാഖിയില്‍ തവ ശവം തൂങ്ങാതെ രക്ഷിച്ചതോ?

കവി : വി. കെ. ജി

ശ്ലോകം 651 : കാറ്റില്‍ ചാഞ്ഞുചരിഞ്ഞുലഞ്ഞു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കാറ്റില്‍ ചാഞ്ഞുചരിഞ്ഞുലഞ്ഞു രസമായാടുന്ന പൂവല്ലി പോ,-
ലാറ്റിന്‍ കുത്തിയൊഴുക്കിലാടിയുലയും നീലക്കരിഞ്ചണ്ടി പോല്‍,
ചേറ്റില്‍ത്താഴ്കിലുമാര്‍ദ്രമാം മുഖമിയന്നീടുന്ന വെള്ളാമ്പല്‍ പോല്‍,
നാട്ടില്‍ ചിങ്ങമിയന്ന ലീലകള്‍ നുകര്‍ന്നുല്ലാസമോരുന്നു ഞാന്‍!

കവി : ഡി. ശ്രീമാന്‍ നമ്പൂതിരി

ശ്ലോകം 652 : ചൂടായ്കില്‍ തുളസീദളം...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ചൂടായ്കില്‍ തുളസീദളം, യമഭടത്തല്ലിങ്ങു ചൂടായ്‌വരും;
പാടായ്കില്‍ തിരുനാമ, മന്തകഭടന്മാരിങ്ങു പാടായ്‌വരും;
കൂടായ്കില്‍ സുകൃതങ്ങള്‍ ചെയ്‌വതിനഹോ പാപങ്ങള്‍ കൂടായ്‌വരും;
വീടായികില്‍ കടമേവനും നരകമാം നാടിങ്ങു വീടായ്‌വരും

കവി : വെണ്മണി വിഷ്ണുനമ്പൂതിരി

ശ്ലോകം 653 : കിട്ടീലെന്നു കഥിക്കുവാന്‍...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കിട്ടീലെന്നു കഥിക്കുവാന്‍ വഴിതരാതേകണ്ടു കാലന്‍ മിന-
ക്കെട്ടെത്തിച്ചിതു മൂന്നു കത്തുകള്‍! മറന്നാലോ മരിക്കും കഥ?
ഞെട്ടീലാ നര വന്നപോതു, നയനം മങ്ങീടവേ, മാനസം
ചുട്ടീലാ ചില പല്ലു പോകെ; യമനെപ്പാഴില്‍പ്പഴിക്കില്ല ഞാന്‍.

കവി : വി. കെ. ജി.

ശ്ലോകം 654 : ഞാനച്ഛനോളം...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഇന്ദ്രവജ്ര

ഞാനച്ഛനോളം വലുതായിയെങ്കില്‍
ജ്യേഷ്ഠന്റെ പേരേ പറയുള്ളു പിന്നെ
"ഇങ്ങോട്ടുവാടാ ബലരാമ", നെന്ന-
ങ്ങെന്റൊച്ച കേട്ടിട്ടു വിറയ്ക്കുമേട്ടന്‍

ശ്ലോകം 655 : ഇത്ഥം വാതാത്മജാതഃ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ഇത്ഥം വാതാത്മജാതഃ സദയമനുനയന്നാത്മകാന്താം നിശാം താം
നീത്വാ പശ്ചാദ്ദിനാന്തേ തമസി തമഹിതം പ്രത്യവേക്ഷ്യാധ്യവാത്സീല്‍
നൃത്താഗാരം മൃഗാരിര്‍ദ്വിപമിവ നിഭൃതം സൂതസൂനുര്‍ന്നിദേശാല്‍
കൃഷ്ണാകാമാന്തകാനാം തദനു തദുപഗമ്യാത്തമോദം ജഗാദ.

കവി : ഇരയിമ്മന്‍ തമ്പി, കൃതി : കീചകവധം

ശ്ലോകം 656 : നാവാ നാവാമുകുന്ദസ്മരണ...

ചൊല്ലിയതു്‌ : ജീവി
വൃത്തം : സ്രഗ്ദ്ധര

നാവാ നാവാമുകുന്ദസ്മരണ മരണമാകുംവരെത്തേവരേ തേ
പാടാം പാടാകെ മാറ്റിക്കളക കളകളാഭാവിശേഷം വിശേഷം.
നേരാം നേരാം വിധം സംഭവതു ഭവദുയിര്‍ഭാരമാകാ രമാകാ-
മാര്‍ത്തന്‍ മാര്‍ത്തട്ടിലേന്തും തരികള്‍ തരിക പുണ്യോത്തരം മേത്തരം മേ.

ശ്ലോകം 657 : നൃത്യദ്ധൂര്‍ജ്ജടികരഗത...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ഡമരുകരവം

നൃത്യദ്ധൂര്‍ജ്ജടികരഗതദമരുകഡുമുഡുമുപടുരവപരിപന്ഥിന്യഃ
കല്‌പക്ഷ്മാരുഹവികസിതകുസുമജമധുരസമധുരിമസഹചാരിണ്യഃ,
മന്ഥക്ഷ്മാധരവിമഥിതജലനിധിഘുമുഘുമുഘനരവമദമന്ഥിന്യഃ
ശെയിലാബ്ധീശ്വരനൃപവര, വിദധതു ബുധസുഖമയി തവ വചസാം ശ്രേണ്യഃ

കവി : ഉദ്ദണ്ഡ ശാസ്ത്രികള്‍

ശ്ലോകം 658 : മന്ദാരപ്പൂക്കള്‍ വൃന്ദാരക...

ചൊല്ലിയതു്‌ : ജീവി
വൃത്തം : സ്രഗ്ദ്ധര

മന്ദാരപ്പൂക്കള്‍ വൃന്ദാരകവിധുമുഖിമാര്‍ തൂകവേ, സന്മുനീനാം
വൃന്ദം നന്ദിച്ചു "നാരായണ ഹരിഹരി"യെന്നുച്ചകൈരുച്ചരിക്കെ,
മന്ദസ്മേരാസ്യമാരാം വ്രജയുവതികളൊന്നിച്ചു നൃത്തം ചവിട്ടും
നന്ദന്‍ തന്‍ പുണ്യപൂരം, പവനപുരകൃപാകന്ദളം ഭാവയേഹം.

ശ്ലോകം 659 : മാര്‍ഗേ തത്ര നഖമ്പചോഷ്മള...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മാര്‍ഗേ തത്ര നഖമ്പചോഷ്മളരജഃ പുഞ്ജേ ലലാടം തപ--
ഗ്രീഷ്മോഷ്മദ്യുതിതാമ്യദാനനസരോജാതാം വിലോക്യാദരാല്‍
വാത്യോദ്ധൂളിതധൂളിജാലമലിനച്ഛായാം സ ധര്‍മ്മാത്മജോ
മദ്ധ്യാഹ്നേ പരിദൂയമാനഹൃദയാം താമബ്രവീല്‍ ദ്രൌപദീം.

കവി : കോട്ടയത്തു തമ്പുരാന്‍, കൃതി : കിര്‍മീരവധം ആട്ടക്കഥ

ശ്ലോകം 660 : വക്കാണത്തിനു വന്ന വാനവര്‍കളെ...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വക്കാണത്തിനു വന്ന വാനവര്‍കളെപ്പായിച്ച മറ്റേവക--
ക്കാര്‍ക്കാണീയുലകെന്നു വന്നതു കണക്കല്ലെന്നു കണ്ടിട്ടുടന്‍
മുക്കണ്ണന്‍ തിരുമേനി മുഷ്ക്കൊടുമിടഞ്ഞേറ്റിട്ടു ചെന്തീയണി--
ത്തൃക്കണ്ണൊന്നു തുറന്നവാറു വെളിയില്‍ കാണായ തായേ തൊഴാം!

കവി : കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍, കൃതി : നല്ല ഭാഷ

ശ്ലോകം 661 : മാറില്ലെന്ന വിധം പരസ്പരം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മാറില്ലെന്ന വിധം പരസ്പരമുരച്ചെന്നും പിണങ്ങുന്നൊരീ
നാരീകൊങ്കകള്‍ രണ്ടിനേയുമൊരുപോല്‍ നീ ഭംഗിയാക്കുന്നഹോ!
ചാരുശ്രീ കലരുന്ന ഹാരലതികേ, ചേലുറ്റ നിന്നുള്ളിനെ--
പ്പൂരിക്കുന്നൊരു സൂത്രമിത്ര വലുതാണെന്നോര്‍ത്തിരുന്നീല ഞാന്‍!

കവി : ഗ്രാമത്തില്‍ രവിവര്‍മ്മ കോയിത്തമ്പുരാന്‍

ശ്ലോകം 662 : ചെറുപ്പകാലങ്ങളിലുള്ള...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

ചെറുപ്പകാലങ്ങളിലുള്ള ശീലം
മറക്കുമോ മാനുഷനുള്ള കാലം
കാരസ്കരത്തിന്‍ കുരു പാലിലിട്ടാല്‍
കാലാന്തരേ കയ്പു ശമിപ്പതുണ്ടോ?

കവി : കുഞ്ചന്‍ നമ്പ്യാര്‍, കൃതി : ശ്രീകൃഷ്ണചരിതം മണിപ്രവാളം

ശ്ലോകം 663 : കിട്ടാതെ പോകട്ടെ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ഇന്ദ്രവജ്ര

കിട്ടാതെ പോകട്ടെ നരേന്ദ്രപട്ടം
പൊട്ടിത്തെറിക്കട്ടെ ശിരസ്സു രണ്ടായ്‌
വെട്ടിപ്പിളര്‍ക്കട്ടെ രിപുക്കള്‍ കണ്ഠം
ചട്ടറ്റ ധര്‍മ്മത്തെ വെടിഞ്ഞിടാ ഞാന്‍

കവി : എ. ആര്‍. രാജരാജ വര്‍മ്മ

ശ്ലോകം 664 : വിധിപോലെ വരും...

ചൊല്ലിയതു്‌ : ജീവി
വൃത്തം : വിയോഗിനി

വിധിപോലെ വരും സമസ്തവും
വിഫലം നമ്മുടെയാത്മകാമിതം.
വിലപിപ്പതിലര്‍ത്ഥമില്ല - ഹാ,
വിഷമം തന്നെ മനുഷ്യ ജീവിതം.

കവി : ചങ്ങമ്പുഴ, കൃതി : അപരാധികള്‍ (തപ്തസന്ദേശം)

ശ്ലോകം 665 : വെയ്ക്കാനന്തിവിളക്കു...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വെയ്ക്കാനന്തിവിളക്കു, വീടു ശുചിയായ്‌ വെക്കാന്‍, രുചിക്കും വിധം
വെയ്ക്കാന്‍ ഭക്ഷണ, മെന്നകത്തു കുടിവെയ്ക്കാന്‍ പ്രേമ സര്‍വസ്വമായ്‌
വെയ്ക്കാന്‍പങ്കുസുഖാസുഖങ്ങ, ളഖിലം നീ സമ്മതം മൂളുകില്‍
വെയ്ക്കാം കൈമലരെന്റെ കയ്യില്‍ വിജയിച്ചീടട്ടെ മജ്ജീവിതം!

ശ്ലോകം 666 : വൃത്തം വൃത്തിയിലൊത്തിണങ്ങി...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വൃത്തം വൃത്തിയിലൊത്തിണങ്ങി രസമായ്‌, സംഗീതസമ്പന്നമായ്‌
ചിത്തംതോറുമലിഞ്ഞുചേര്‍ന്നുചിതമായ്‌, ചൈതന്യസമ്പൂര്‍ണ്ണമായ്‌,
അര്‍ത്ഥം കൊയ്തു മെതിച്ചു ചേറി,യറിവിന്‍ തൂവെള്ളനൈവേദ്യമായ്‌-
പ്പാത്രത്തെപ്പുരുധന്യമാക്കിനിറയും ശ്ലോകങ്ങളേ വന്ദനം!

കവി : പി. എന്‍. വിജയന്‍ , കൃതി : ശ്ലോകസ്തോത്രപഞ്ചകം.

ശ്ലോകം 667 : അര്‍ക്കശുഷ്ക്കഫലകോമളസ്തനീ...

ചൊല്ലിയതു്‌ : ജീവി
വൃത്തം : രഥോദ്ധത

അര്‍ക്കശുഷ്ക്കഫലകോമളസ്തനീ
തിന്ത്രിണീദലവിശാലലോചനേ
നിംബപല്ലവസമാനകേശിനീ
കീകസാത്മജമുഖീ വിരാജസേ.

കവി : തോലന്‍

ശ്ലോകം 668 : നന്നല്ലിബ്ഭാഷയേതും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

നന്നല്ലിബ്ഭാഷയേതും നലമൊടു വിബുധന്മാരു വാഴ്ത്തും വിധത്തില്‍--
ക്കുന്നിക്കും ഭങ്ഗിതേടും പല പുതിയ പരിഷ്കാരവും ചേര്‍ത്തിടേണം
എന്നെല്ലാമോതി നന്നായ്‌ സഖികളുടനലങ്കാരമോരോന്നു ചേര്‍ക്കും
കുന്നിന്‍പെണ്‍പൈതലാള്‍തന്നുടെ കുളുര്‍പുതുമെയ്‌ പേര്‍ത്തുമിന്നോര്‍ത്തിടേണം.

കവി : ലക്ഷ്മീപുരത്തു രവിവര്‍മ

ശ്ലോകം 669 : എന്നാലും താതനല്ലേ?...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : സ്രഗ്ദ്ധര

എന്നാലും താതനല്ലേ? പുനരവിടെ നടക്കുന്നതും യാഗമല്ലേ?
ചെന്നാലും നിങ്ങളല്ലേ? പരമവിടെ വിശേഷിച്ചു ചെല്ലേണ്ടതല്ലേ?
ഇന്നെന്താണീഷ്ടമില്ലേ? തവ തിരുവെഴുനള്ളത്തിനിബ്ഭാവമില്ലേ?
നന്നല്ലേ മട്ടു, വല്ലെങ്കിലുമിഹ മമ വാക്കിന്നു സിദ്ധാന്തമല്ലേ?

കവി : കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍

ശ്ലോകം 670 : ഇവിടെയിളയ തെന്നല്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തമാലിക

ഇവിടെയിളയ തെന്നല്‍ തന്നില്‍ മുങ്ങീ-
ട്ടവികലനിര്‍മലരാക പോകുവാന്‍ നാം
എവിടെ മണമിതുദ്ഭവിപ്പുവങ്ങെ-
ന്നവിതഥ ജീവിതദൈവതം വസിപ്പൂ.

കവി : കുമാരനാശാന്‍, കൃതി : ലീല

ശ്ലോകം 671 : ഏതോ സ്വാസ്ഥ്യവിരോധി...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഏതോ സ്വാസ്ഥ്യവിരോധി വേദന മധിച്ചുദ്‌ഭ്രാന്തമാവുന്നൊരെന്‍
ചേതോവൃത്തിയിതെന്തിനോ ഹഹ! വിതുമ്പാറുണ്ടിടയ്ക്കൊക്കെയും
കാതോര്‍ത്താക്കരുണാര്‍ദ്രയമ്മയണയാമെന്നെങ്കിലും, തന്‍ നറും-
പാല്‍ തോയുന്ന പയോധരങ്ങളരുളീട്ടുള്‍ത്താര്‍ കുളിര്‍പ്പിക്കുവാന്‍.

കവി : ടി. എം. വി.

ശ്ലോകം 672 : കാരുണ്യക്കടലേ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കാരുണ്യക്കടലേ, പരര്‍ക്കു ചുടലേ, ഗോപാംഗനാമാനസ-
ത്താരേന്തും തുടലേ, തുനിഞ്ഞു തുടരെക്കാക്കൂ മറക്കാതലേ,
സാരസ്യത്തളിരേ, മനസ്സു കുളിരെത്തൃക്കണ്ണയച്ചാഗമ-
ത്തേരോട്ടും കരമേ, കനിഞ്ഞു കുരു മേ സാഹായ്യ, മോങ്കാരമേ!

കവി : വി. കെ. ജി.

ശ്ലോകം 673 : സഭാജനവിലോചനൈഃ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : പൃഥ്വി

സഭാജനവിലോചനൈസ്സമനിപീതരൂപാമൃതാം
സഭാജനകരാംബുജാം സവിധമാഗതാം പാര്‍ഷതീം
സഭാജനപുരസ്സരം സമുപസൃത്യ സൂതാത്മജഃ
സ ഭാജനമഥോ മുദാം സരസമേവമൂചേ വചഃ

കവി : ഇരയിമ്മന്‍ തമ്പി, കൃതി : കീചകവധം ആട്ടകഥ

ശ്ലോകം 674 : സത്ക്കാരമേകാനയി...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

സത്ക്കാരമേകാനയി പാന്ഥ കേള്‍ക്ക
തല്‍ക്കാലമിങ്ങില്ല ഗൃഹാധിനാഥന്‍
പയോധരത്തിന്റെയുയര്‍ച്ച കണ്ടി-
ട്ടീയാധിയെങ്കില്‍പ്പുലരെഗ്ഗമിക്കാം.

ശ്ലോകം 675 : പ്രമദാകുലം കുരുവരാംബര...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മഞ്ഞുഭാഷിണി

പ്രമദാകുലം കുരുവരാംബരാര്‍ത്ഥി തത്‌
പ്രമദാകുലോഥ പരിരഭ്യ സാദരം
സഹസാ രഥീ രണജിഗീഷയോത്തരഃ
സഹസാരഥീ നിജപുരാല്‍ പ്രതസ്ഥിവാന്‍.

കവി : ഇരയിമ്മന്‍ തമ്പി, കൃതി : ഉത്തരാസ്വയംവരം ആട്ടക്കഥ

ശ്ലോകം 676 : സരസപല്ലവകോമളമായ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ദ്രുതവിളംബിതം

സരസപല്ലവകോമളമായ നിന്‍
ചരണതാരിനു ചഞ്ചലലോചനേ!
പരുപരുത്ത മരത്തിലണയ്ക്കയാല്‍
പറക, ചെറ്റൊരു വേദന പറ്റിയോ?

കവി : എ. ആര്‍. രാജരാജവര്‍മ്മ / കാളിദാസന്‍, കൃതി : മാളവികാഗ്നിമിത്രം പരിഭാഷ

ശ്ലോകം 677 : പത്നീവചസ്സാല്‍...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ഇന്ദ്രവജ്ര

പത്നീവചസ്സാല്‍ക്കലിമൂത്തിടും നാള്‍
അത്താഴമുണ്ണാതിവനൂരു ചുറ്റും
സത്യത്തിലേവം മമ സ്വാസ്ഥ്യതത്ത്വം
നിത്യോപവാസം, പതിവായ്‌ നടപ്പും.

കവി : ബാലേന്ദു

ശ്ലോകം 678 : സകലസുരാസുരാദി...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : നര്‍കുടകം

സകലസുരാസുരാദിശരണീകരണീയപദഃ
കരിവദനഃ കരോതു കരുണാജലധിഃ കുശലം
പ്രബലതരാന്തരായതിമിരൌഘനിരാകരണ-
പ്രസൃമരചന്ദൃകായിതനിരന്തരദന്തരുചിഃ

കവി : എ. ആര്‍. രാജരാജവര്‍മ്മ

ശ്ലോകം 679 : പുരാണമിത്യേവ...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

പുരാണമിത്യേവ ന സാധു സര്‍വ്വം
ന ചാപി കാവ്യം നവമിത്യവദ്യം
സന്തഃ പരീക്ഷ്യാന്യതരേല്‍ ഭജന്തേ
മൂഢഃ പരപ്രത്യയനേയബുദ്ധിഃ

കവി : കാളിദാസന്‍, കൃതി : മാളവികാഗ്നിമിത്രം

ശ്ലോകം 680 : സ്ത്രീണാമശിക്ഷിതപടുത്വം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തതിലകം

സ്ത്രീണാമശിക്ഷിതപടുത്വമമാനുഷീഷു
സന്ദൃശ്യതേ, കിമുത യാഃ പ്രതിബോധവത്യാഃ
പ്രാഗന്തരിക്ഷഗമനാത്‌ സ്വമപത്യജാത-
മന്യൈഃ ഖഗൈഃ പരഭൃതാഃ ഖലു പോഷയന്തി

കവി : കാളിദാസന്‍, കൃതി : അഭിജ്ഞാനശാകുന്തളം

ശ്ലോകം 681 : പ്രഥമവയസി ദത്തം...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : മാലിനി

പ്രഥമവയസി ദത്തം തോയമല്‍പം സ്മരന്തഃ
ശിരസി നിഹിതഭാരാ നാളികേരാ നരാണാം
സലിലമമൃതകല്‍പം ദദ്യുരാജീവനാന്തം
നഹി കൃതമുപകാരം സാധവോ വിസ്മരന്തി

കവി : ശാര്‍ങ്ഗധരന്‍

ശ്ലോകം 682 : സാരം ഭൂമിയിലേതു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

സാരം ഭൂമിയിലേതു ദേശമധികം? ശ്രീവഞ്ചിരാജ്യം സഖേ!
പാരം സൌഖ്യമതിങ്കലെങ്ങു വസതി? യ്ക്കോതാമനന്താലയം!
പാരില്‍ കീര്‍ത്തി പരം പുകഴ്ന്ന നൃപനോ? ശ്രീമൂലകക്ഷ്മാപനാ-
ണാരാകുന്നിതു സേവ്യനേവനുമഹോ? ശ്രീപദ്മനാഭന്‍ പരന്‍!

കവി : രാമകൃഷ്ണശാസ്ത്രി

ശ്ലോകം 683 : പഴയതഖിലമെന്നും...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : മാലിനി

പഴയതഖിലമെന്നും ശ്രേഷ്ഠമാമെന്നുമില്ലാ
പുതിയതുമതുപോലേ വര്‍ജ്യമല്ലാകെ മൊത്തം
സതതമറിവെഴുന്നോര്‍ നല്ലപോലൊക്കെ നോക്കീ-
ട്ടിനിയവ തരമാക്കും, മൂഢനൌചിത്യമുണ്ടോ?

കവി : ബാലേന്ദു / കാളിദാസന്‍

ശ്ലോകം 684 : സ്മരനുടെ സമരത്തില്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : മാലിനി

സ്മരനുടെ സമരത്തില്‍ച്ചെയ്തൊരാ സാഹസത്താല്‍
പരവശതരയായ്‌ ഞാന്‍ ചേര്‍ന്നുറങ്ങുന്ന നേരം
പരിചൊടു കവിള്‍തന്നില്‍ കാന്തനൊന്നുമ്മ വെച്ചാന്‍;
പരഭൃതമൊഴി! ഞാനും മാരനും കൂടുണര്‍ന്നു.

കവി : ഗ്രാമത്തില്‍ രാമവര്‍മ്മ കോയിത്തമ്പുരാന്‍, കൃതി : രസസ്വരൂപനിരൂപണം

ശ്ലോകം 685 : പലവിധമുപദേശം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മാലിനി

പലവിധമുപദേശം പുണ്യവാന്മാര്‍ വഴിക്ക-
ക്ഖലരിലറിവുദിപ്പാനേകി നിര്‍മ്മായനീശന്‍;
ഛലമിയലുമവര്‍ക്കാ നീതിവാക്യങ്ങള്‍ മൂലം
ഫലമൊരു ലവലേശം സംഭവിച്ചില്ല കഷ്ടം!

കവി : കട്ടക്കയത്തില്‍ ചെറിയാന്‍ മാപ്പിള, കൃതി : : ശ്രീയേശു വിജയം

ശ്ലോകം 686 : ഛന്ദസ്സിന്‍ താളമാത്രാ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

ഛന്ദസ്സിന്‍ താളമാത്രാഗുരുലഘുയതിവിന്യാസസൌഭാഗ്യമുള്ളില്‍-
ത്തന്നത്താനേ വളര്‍ത്തി, സ്സഹൃദയസമുദായത്തിലംഗത്വമേകി,
അന്യൂനോച്ചാരണാര്‍ത്ഥസ്ഫുടത പരിചയം കൊണ്ടുറപ്പിച്ചു, ശിഷ്യര്‍-
ക്കന്നന്നായ്‌ പാഠമേകുന്നൊരു ഗുരുവരനാണക്ഷരശ്ലോകസൂരി!

കവി : വി. കെ. ജി.

ശ്ലോകം 687 : അനന്തമജ്ഞാതം...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

അനന്തമജ്ഞാതമവര്‍ണ്ണനീയം
ഈ ലോകഗോളം തിരിയുന്ന മാര്‍ഗ്ഗം
അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു
നോക്കുന്ന മര്‍ത്യന്‍ കഥയെന്തറിഞ്ഞു?

കവി : നാലാപ്പാടന്‍, കൃതി : കണ്ണുനീര്‍ത്തുള്ളി

ശ്ലോകം 688 : ആരാല്‍പ്പൂവനിതന്നില്‍...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ആരാല്‍പ്പൂവനിതന്നില്‍ മന്ദമലയും പാറ്റയ്ക്കു പിമ്പേ വിടര്‍-
ന്നോരത്തൂമിഴിചേര്‍ത്തടക്കമിയലാതോടും മണിക്കുഞ്ഞിലും
നീ രാജിപ്പു മനോജ്ഞതേ! വിപുലമാം ഭോഗാഭിലാഷങ്ങള്‍ തന്‍
തോരാച്ചണ്ഡമരുത്തില്‍ നിശ്ചലിതനായ്‌ നില്‍ക്കും മുനീന്ദ്രങ്കലും.

കവി : ഇടശ്ശേരി ഗോവിന്ദന്‍ നായര്‍, കൃതി : അളകാവലി

ശ്ലോകം 689 : നീയാം സ്നേഹപയോധരത്തെ ...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നീയാം സ്നേഹപയോധരത്തെയൊരുനാളെത്തിപ്പിടിച്ചേന്‍, ഞൊറി-
ഞ്ഞീ യാഗാശ്രമമണ്‍വിളക്കിനരുകില്‍ രാമാംബരം നീര്‍ത്തുവാന്‍;
മായാംഭോധി കടഞ്ഞുയര്‍ന്ന കവിതേ! നീ നിന്റെയന്തര്‍മ്മുഖ-
ശ്രീയാലെന്നില്‍ വിരിച്ച ദിവ്യസുരഭീപുഷ്പങ്ങളോര്‍ക്കുന്നു ഞാന്‍

കവി : വയലാര്‍

ശ്ലോകം 690 : മൂടിക്കെട്ടിയ മൌനമല്ല...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മൂടിക്കെട്ടിയ മൌനമല്ല, നിഴലിന്‍ നീലത്തടാകങ്ങളില്‍
വാടിക്കൂമ്പിയ മോഹഭംഗമലരിന്‍ മൊട്ടല്ല മുത്തല്ല ഞാന്‍
കാടിന്നുള്ളിലരിച്ചു വീണ വെയില,ല്ലന്തര്‍മുഖദ്ധ്യാനമാം
കൂടിന്നുള്ളിലെ നിദ്രയല്ല, പുലര്‍കാലത്തിന്‍ ചുവപ്പാണു ഞാന്‍.

കവി : വയലാര്‍, കൃതി : അദ്ധ്വാനത്തിന്‍ വിയര്‍പ്പാണു ഞാന്‍

ശ്ലോകം 691 : കല്‍ക്കണ്ടം മുന്തിരിങ്ങാപ്പഴം...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

കല്‍ക്കണ്ടം, മുന്തിരിങ്ങാപ്പഴ, മട, വട, നെയ്പ്പായസം, തേന്‍വരിക്ക--
ച്ചക്കത്തുണ്ടം, പഴം, പാല്‍, പൊരിമല, രവി, ലപ്പം, ഗുളം, നാളികേരം --
ഇക്കോപ്പെല്ലാം തരാം ഞാന്‍, കുടവയറിതു തിന്നൊട്ടു വീര്‍പ്പിച്ചൊരോട്ട-
ത്തൃക്കണ്ണിട്ടെന്നെ രക്ഷിക്കുക തുഹിനഗിരിപ്പെണ്‍കിടാവില്‍ കിടാവേ!

കവി : ശീവൊള്ളി

ശ്ലോകം 692 : ഈ നമ്മള്‍ നമ്മളുടെ നന്മ...

ചൊല്ലിയതു്‌ : ജീവി
വൃത്തം : വസന്തതിലകം

ഈ നമ്മള്‍ നമ്മളുടെ നന്മ നിനയ്ക്കു നല്ലൂ
ശ്രീ നൂനമാര്‍ക്കുമുളവാമിഹ യത്നമാര്‍ന്നാല്‍,
ഹാ! നമ്മിലീശകൃപയാലുയരുന്നു ഭാഗ്യം!
'ശ്രീ-നാ-ധ-പാ'ഖ്യകലരുന്ന മഹാര്‍ഹ'യോഗം'

കവി : കുമാരനാശാന്‍, കൃതി : തീയ്യക്കുട്ടിയുടെ വിചാരം

ശ്ലോകം 693 : ഹരിണാങ്കനഹോ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തമാലിക

ഹരിണാങ്കനഹോ! പിരിഞ്ഞതില്‍പ്പി-
മ്പരികത്തൊന്നണയാത്തതോര്‍ക്കയാലോ
അരിയോരുദയാശതന്‍ മുഖം തെ-
ല്ലരിശം കൊണ്ടവിധം ചുകന്നിരുന്നു.

കവി : കുറ്റിപ്പുറത്ത്‌ കേശവന്‍ നായര്‍, കൃതി : കാവ്യോപഹാരം

ശ്ലോകം 694 : അക്കൃഷ്ണനാമഗദ...

ചൊല്ലിയതു്‌ : ജീവി
വൃത്തം : വസന്തതിലകം

അക്കൃഷ്ണനാമഗദഹാരി തുലോം ചെറുപ്പം
കൈക്കൊണ്ടരക്കുറവു പാരമിരിക്കകൊണ്ടോ
ഇക്കണ്ട സിംഹളകുലത്തിലുദിക്കകൊണ്ടോ
ചൊല്‍ക്കൊണ്ട മാരുതപദത്തിനനര്‍ഹനായി?

കവി : മുലൂര്‍ എസ്‌. പത്മനാഭപ്പണീക്കര്‍

ശ്ലോകം 695 : ഇസ്പേഡും ക്ലാവരും...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

ഇസ്പേഡും ക്ലാവരും ഡൈമനുമഴകുടയോരാഢ്യനും ജാതി നാലാ-
ണിപ്പോളോരോന്നിലെണ്ണം പരിചിനൊടു പതിമ്മൂന്നുവീതം ഭവിയ്ക്കും
കെല്‍പേറീടുന്നതാസ്സാ,ണിതിലഥ പറയാം രാജറാണീ, ഗുലാന്മാര്‍
ചൊല്‍പൊങ്ങും പത്തുതൊട്ടൊമ്പതു തഴകളുമുണ്ടിക്രമം മിക്കവാറും.

കവി : ഒറവങ്കര , കൃതി : ശീട്ടുകളി

ശ്ലോകം 696 : കോരിക്കൂട്ടിയ പാഴ്ക്കരിക്കിടയിലെ...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കോരിക്കൂട്ടിയ പാഴ്ക്കരിക്കിടയിലെത്തീക്കട്ടയോ, പായലാല്‍
പൂരിച്ചുള്ള ചെളിക്കുളത്തിലുളവാം പൊന്താമരപ്പുഷ്പമോ,
മാരിക്കാറണിചൂഴുമിന്ദുകലയോ, പോലേ മനോജ്ഞാംഗിയാ-
ളാരിക്കാണ്മൊരിരുണ്ട കൊച്ചുപുരതന്‍ കോലായില്‍ നില്‍ക്കുന്നവള്‍?

കവി : വള്ളത്തോള്‍, കൃതി : ഒരു സന്ധ്യാപ്രണാമം (സാഹിത്യമഞ്ജരി)

ശ്ലോകം 697 : മുക്കൂട്ടപ്പാതവക്കത്തൊരുതവി...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : സ്രഗ്ദ്ധര

മുക്കൂട്ടപ്പാതവക്കത്തൊരുതവി കളഭം കാഴ്ചയായ്‌ വെച്ചതിന്നാ
മുക്കൂനിപ്പെണ്ണിനേയും മുരഹര! മുതു നീ നീര്‍ത്തി മുഗ്ദ്ധാംഗിയാക്കി
ഉള്‍ക്കൂറത്രയ്ക്കു സേവിപ്പവരിലനുപമം കാട്ടുമാറുള്ളൊരങ്ങ-
ക്കൊക്കൂലെന്നായ്‌ വരില്ലിങ്ങടിതൊഴുമടിയന്നോലുമിക്കാലു നീര്‍ത്താന്‍

കവി : പ്രേംജി , കൃതി : നാല്‍ക്കാലികള്‍

ശ്ലോകം 698 : ഉപവനതലേ സൌധേ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ഹരിണി

ഉപവനതലേ സൌധേ വാപീതടേ മണിമന്ദിരേ-
പ്യനിശമടതി സ്വൈരം ദാരൈര്‍ന്നളേ രതിലാലസേ
ത്രിദശപതയോ നാകം യാന്തോ വിലോക്യ കലിം പഥി
പ്രകടിതനിജാടോപം പാപം പദാനതമൂചിരേ

കവി : ഉണ്ണായി വാര്യര്‍, കൃതി : നളചരിതം ആട്ടക്കഥ

ശ്ലോകം 699 : തരം തരം കരം കൊടുത്തു...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : പഞ്ചചാമരം

തരം തരം കരം കൊടുത്തു ഞാന്‍ മടുത്തു ദൈവമേ
വരം തപസ്സു തന്നെയെന്നു തോന്നിടുന്ന മട്ടിലായ്‌;
കരം തരത്തിലല്‍പമൊന്നിളച്ചെനിക്കു കിട്ടിയാല്‍
നിരന്തരം പദാംബുജത്തിലേത്തമിട്ടു കുമ്പിടാം.

കവി : ബാലേന്ദു

ശ്ലോകം 700 : കായ്ക്കാതെ കണ്ടൊരു...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : വസന്തതിലകം

കായ്ക്കാതെ കണ്ടൊരു മഹീരുഹമില്ല, സസ്യം
വായ്ക്കാതെ കണ്ടൊരു മഹീതലമി, ല്ലൊരുത്തന്‍
പാര്‍ക്കാതെ കണ്ടൊരു നികേതനമില്ല, കാര്യം
കേള്‍ക്കാതെ കണ്ടൊരധികാരിയുമില്ല നാട്ടില്‍

കവി : വെന്മണി മഹന്‍

ശ്ലോകം 701 : പച്ചക്കല്ലൊളി പൂണ്ട...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പച്ചക്കല്ലൊളി പൂണ്ട പൂവലുടലില്‍ പീതാംബരം ചാര്‍ത്തിയ--
ക്കൊച്ചോടക്കുഴലും 'മുടിഞ്ഞ' വടിയും കൈക്കൊണ്ടുഷസ്സെത്തവേ
ഉച്ചയ്ക്കുണ്മതിനമ്മ തന്ന മധുരാഹാരപ്പൊതിക്കെട്ടെടു--
ത്തുച്ചം മാടുതെളിച്ചു പോകുമിടയക്കൊച്ചന്നു കൂപ്പുന്നു ഞാന്‍.

കവി : വി. കെ. ജി.

ശ്ലോകം 702 : ഉണങ്ങിടും കൊമ്പു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വംശസ്ഥം

ഉണങ്ങിടും കൊമ്പു മുറിച്ചു തള്ളിയാ--
ലണഞ്ഞിടാ കേടു മരത്തിനേതുമേ
ഉണര്‍ച്ചയില്ലാതതഗണ്യമാക്കിയാല്‍
ക്ഷണം നശിക്കും ദൃമമില്ല സംശയം.

കവി : കട്ടക്കയത്തില്‍ ചെറിയാന്‍ മാപ്പിള, കൃതി : ശ്രീയേശു വിജയം

ശ്ലോകം 703 : ഉദിച്ചുയര്‍ന്ന...

ചൊല്ലിയതു്‌ : ജീവി
വൃത്തം : പഞ്ചചാമരം

ഉദിച്ചുയര്‍ന്ന സൂര്യനും പതിച്ചു പശ്ചിമാബ്ധിയില്‍
മദിച്ചുയര്‍ന്ന കൂരിരുട്ടുകൊണ്ടു മൂടി ഭൂതലം
വിദഗ്ദ്ധനായ മാന്ത്രികന്റെ വിദ്യയാലമര്‍ന്നപോ--
ലദൃശ്യരായ്‌ വസിച്ചിരുന്നു താരകാഗണങ്ങളും.

കവി : സിസ്റ്റര്‍ മേരി ബെനീഞ്ജാ

ശ്ലോകം 704 : വായിക്കാന്‍ കഴിവ്‌...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വായിക്കാന്‍ കഴിവസ്തമിച്ചു, കനിവില്‍ വാഗ്ദേവി നേത്രാഞ്ചലം
പായിക്കാന്‍ മടികാട്ടിടുന്നി, തിരവില്‍ കൈവിട്ടു മേ നിദ്രയും,
മായാപാശനിമഗ്നിതന്‍, പലതരം രോഗങ്ങളാല്‍ മര്‍ദ്ദിതന്‍,
തീയാണെന്നുടെയുള്ളില്‍, നീ വരികയെന്‍ ചാരത്തു നിസ്സംഗതേ!

കവി : നാലാങ്കല്‍, കൃതി : (സമസ്യാപൂരണം)

ശ്ലോകം 705 : മേഘൈര്‍മ്മേദുരമംബരം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം :

"മേഘൈര്‍മ്മേദുരമംബരം വനഭുവഃ ശ്യാമാസ്തമാലദ്രുമൈര്‍--
ന്നക്തം ഭീരുരയം ത്വമേവ തദിമം രാധേ! ഗൃഹം പ്രാപയ"
ഇത്ഥം നന്ദനിദേശതശ്ചലിതയോഃ പ്രത്യദ്ധ്വകുഞ്ജദ്രുമം
രാധാമാധവയോര്‍ജ്ജയന്തി യമുനാകൂലേ രഹഃകേളയഃ.

കവി : ജയദേവന്‍, കൃതി : ഗീതഗോവിന്ദം

ശ്ലോകം 706 : ഇതുമുതല്‍ വഷളായി...

ചൊല്ലിയതു്‌ : ജീവി
വൃത്തം : പുഷ്പിതാഗ്ര

ഇതുമുതല്‍ വഷളായി രണ്ടുകൂട്ടം
ഗിരിശസമാശ്രയണത്തിലാശമൂലം;
കുളുര്‍മതിയുടെ കാന്തികോലുമോമല്‍--
ക്കലയതു, കോമളഗാത്രിയായ നീയും.

കവി : എ. ആര്‍. രാജരാജവര്‍മ്മ, കൃതി : കുമാരസംഭവം തര്‍ജ്ജമ (5:71)

ശ്ലോകം 707 : കരുതിന ഹലമീ വിധം...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : പുഷ്പിതാഗ്ര

കരുതിന ഫലമീവിധം തപസ്സാ--
ലസുലഭമെന്നവളെന്നുതാനുറച്ചാള്‍
അതുമുതല്‍ നിനയാതെ തന്‍ ശരീര--
സ്ഥിതിയതിഘോരതരം തപം തുടര്‍ന്നാള്‍.

കവി : എ. ആര്‍. രാജരാജവര്‍മ്മ, കൃതി : കുമാരസംഭവം തര്‍ജ്ജമ (5:18)

ശ്ലോകം 708 : അക്കാലം സഖി മാഞ്ഞുപോയൊരു...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

അക്കാലം സഖി! മാഞ്ഞുപോയൊരു ദിനം മൂക്കുത്തു വെയ്ക്കുമ്പൊള്‍ നീ
വക്കാണിച്ചു വലിച്ചെറിഞ്ഞിതൊടുവെന്‍ നേര്‍ക്കങ്ങു കല്‍ച്ചൂതുകള്‍
ത്വക്കാഴത്തില്‍ മുറിഞ്ഞൊരെന്റെ നിടിലേ മായാതെയുണ്ടിന്നുമാ--
ദ്ധിക്കാരം തൊടുവിച്ച പൊന്‍ തിലകമാം ത്വദ്രാഗമുദ്രാങ്കുരം

കവി : പ്രേംജി, കൃതി : നാല്‍ക്കാലികള്‍

ശ്ലോകം 709 : തിരിച്ചു നോട്ടം...

ചൊല്ലിയതു്‌ : ജീവി
വൃത്തം : വംശസ്ഥം

തിരിച്ചു നോട്ടം മയി സമ്മുഖസ്ഥിതേ
ചിരിച്ചു വേറെ ചില കാരണങ്ങളാല്‍
സ്മരിച്ചു മര്യാദ മനോജനെ സ്ഫുടീ--
കരിച്ചുമില്ലങ്ങു മറച്ചുമില്ലവള്‍

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍, കൃതി : ശാകുന്തളം തര്‍ജ്ജമ

ശ്ലോകം 710 : സുലഘു മര്‍ത്യനു...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ദ്രുതവിളംബിതം

സുലഘു മര്‍ത്യനു ജീവിത കാലമേ
സുലഘു യൌവനമായതിലും തുലോം
അലസനായ്ക്കളയായ്കതു സംശയാ--
കുലഭിയാ, ലഭിയാ ഗതജീവിതം

കവി : പ്രേംജി, കൃതി : നാല്‍ക്കാലികള്‍

ശ്ലോകം 711 : അമ്പത്തൊന്നക്ഷരപ്പൂക്കള...

ചൊല്ലിയതു്‌ : ജീവി
വൃത്തം : സ്രഗ്ദ്ധര

അമ്പത്തൊന്നക്ഷരപ്പൂക്കള, മതില്‍ വിരിയും ശ്ലോകസൌന്ദര്യപൂരം,
സമ്പന്നം രാഗധാരാസവ, മതു പകരും സാഹിതീമാദകത്വം,
അമ്പേറും വൈഖരീമാധുരി, പുളകദമാം പ്രൌഢി, ഹാസ്യത്തൊടൊത്തെ--
ന്നമ്പത്തൊന്നക്ഷരാംഗീ, തരു വരമതുലം, കാവ്യശില്‍പങ്ങള്‍ തീര്‍ക്കാന്‍!

കവി : ഡി. വി. മണയത്താറ്റ്‌

ശ്ലോകം 712 : അച്ഛന്‍ പാട്ടിയെ...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

അച്ഛന്‍ പാട്ടിയെ വെപ്പു വെപ്പി, നടിയേറ്റന്തര്‍ജ്ജനം പോയവാ--
റച്ഛന്നം മകനാട്ടെ, വെപ്പിതു വെറും വെപ്പാട്ടിയായ്പ്പാട്ടിയെ
തുച്ഛം താന്‍ പിതൃപുത്രഭേദമിവിടെപ്പാവങ്ങളാം സ്ത്രീകളെ
സ്വച്ഛന്ദം പുരുഷന്നു ഹന്ത വെടിയാം വെയ്ക്കാമറയ്ക്കാതെ താന്‍

കവി : പ്രേംജി, കൃതി : നാല്‍ക്കാലികള്‍

ശ്ലോകം 713 : താപാര്‍ത്താ നളമനുചിന്ത്യ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : പ്രഹര്‍ഷിണി

താപാര്‍ത്താ നളമനുചിന്ത്യ ചേദിപൂര്യാം
സാവാത്സീദിഹ സഹ വീരബാഹുപുത്ര്യാ
ഭീമോക്ത്യാ ഭുവി ച വിചിത്യ താം സുദേവോ
ഭൂദേവോ നിഗദിതവാന്‍ വിലോക്യ ഭൈമീം.

കവി : ഉണ്ണായി വാര്യര്‍, കൃതി : നളചരിതം ആട്ടക്കഥ

ശ്ലോകം 714 : ഭോഗേ രോഗഭയം...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഭോഗേ രോഗഭയം, കുലേ ച്യുതിഭയം വിത്തേ നൃപാലാദ്‌ ഭയം
മാനേ ദൈന്യഭയം ബലേ രിപുഭയം രൂപേ ജരായാ ഭയം
ശസ്ത്രേ വാദിഭയം, ഗുണേ ഖല ഭയം, കായേ കൃതാന്താദ്‌ ഭയം
സര്‍വം വസ്തു ഭയാന്വിതം ഭുവി നൃണാം വൈരാഗ്യമേവാഭയം

കവി : ഭര്‍ത്തൃഹരി

ശ്ലോകം 715 : ശബ്ദാതിവേഗഗമനോത്സുക...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : വസന്തതിലകം

ശബ്ദാതിവേഗഗമനോത്സുകമന്ത്രിമുഖ്യം
ലോകാപവാദപരിശോഭിത ചാരബന്ധും
ശ്രീവാസ്തവാദ്യഖിലമൂര്‍ഖസുസേവ്യമൂര്‍ത്തിം
പ്രാതഃ സ്മരാമി മുരളീധരനിത്യദാസം.

കവി : രവി കവനാട്‌

ശ്ലോകം 716 : ശ്രീപാര്‍ക്കും സ്ഥാനമല്ലോ...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : സ്രഗ്ദ്ധര

ശ്രീപാര്‍ക്കും സ്ഥാനമല്ലോ ഗിരിശ! തവ ശരം, തൂണി രത്നാകരം, നല്‍--
ചാപം പൊന്‍കുന്നു, സേവന്‍ നിധിപതി, രജതക്കുന്നിരിക്കും പ്രദേശം,
ആപീഡം ചന്ദ്രകാന്തം, തനുവിലണിയുവാന്‍ ഭൂതി, പിന്നെപ്പുരാരേ!
നീ പോയിപ്പിച്ചതെണ്ടുന്നതു തലയിലെഴുത്തിന്റെ തായാട്ടമല്ലോ!

കവി : ശീവൊള്ളി

ശ്ലോകം 717 : അലസവനസമീരന്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മാലിനി

അലസവനസമീരന്‍ വന്നു മെല്ലെന്നലയ്ക്കെ--
ത്തലമുടി തനിയേ തല്‍ക്കെട്ടഴിഞ്ഞൊട്ടുലഞ്ഞു
വിലസദതുലസന്ധ്യാകാന്തിതന്‍ കാഞ്ചനച്ചേ--
ണലകളിലതു പാറീ പായലിന്‍ പാളിപോലെ.

കവി : ജി.ശങ്കരക്കുറുപ്പ്‌, കൃതി : ഒരു സ്മരണ

ശ്ലോകം 718 : വിദ്യാര്‍ത്ഥികള്‍ക്കുമിത...

ചൊല്ലിയതു്‌ : ജീവി
വൃത്തം : വസന്തതിലകം

വിദ്യാര്‍ത്ഥികള്‍ക്കുമിത കൌതുകമേകിയേകീ--
വിശ്വാഭിനന്ദനവിമോഹനകേന്ദ്രമായീ,
വിജ്ഞാനരശ്മികള്‍ ചൊരിഞ്ഞു ചൊരിഞ്ഞു മേന്മേല്‍
വിഖ്യാതി ചേര്‍ന്നു വിജയിക്കുക, മാസികേ, നീ!

കവി : ചങ്ങമ്പുഴ

ശ്ലോകം 719 : വൃത്തം വൃത്രാരിസൂനോഃ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

വൃത്തം വൃത്രാരിസൂനോര്‍മ്മുനിതിലകമുഖാദേവമാകര്‍ണ്ണ്യ മോദാല്‍
പാര്‍ത്ഥാസ്തീര്‍ത്ഥാഭിഷേകപ്രണിഹിതമനസഃ പ്രസ്ഥിതാസ്തേന സാകം
ഗോത്രാസത്രാശനാനാം തതിഭിരപി സമം സഞ്ചരന്തസ്സമന്താല്‍
സ്വച്ഛപ്രച്ഛായവൃക്ഷപ്രചുരമുനിവനം വീക്ഷ്യ പപ്രച്ഛുരേനം.

കവി : കോട്ടയത്തു തമ്പുരാന്‍, കൃതി : കല്യാണസൌഗന്ധികം

ശ്ലോകം 720 : ഗൂഢം പാതിരയില്‍...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഗൂഢം പാതിരയില്‍ പ്രസിദ്ധമഥുരാകാരാഗൃഹത്തിങ്കല്‍ നി--
ന്നോടിപ്പോയ്‌, ശിശുമോഷണക്രിയയിലും കയ്യിട്ടു, ഗോപാലനായ്‌
ആടിപ്പാടി നടന്നു, വല്ലവികള്‍തന്‍ ചേതസ്സുമച്ചേലയും
കൂടിക്കട്ടുമുടിച്ചൊരത്തടവുപുള്ളിക്കായ്‌ നമിക്കാദ്യമായ്‌.

കവി : വി. കെ. ജി.

ശ്ലോകം 721 : അമ്മൂമ്മ ചൊല്ലി പുനരിങ്ങനെ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തതിലകം

അമ്മൂമ്മ ചൊല്ലി പുനരിങ്ങനെയെങ്കിലും താ--
നമ്മട്ടിലമ്മകള്‍ മനസ്സു പതിഞ്ഞതില്ല;
ധര്‍മ്മത്തിലുള്ള രതികൊണ്ടവള്‍ സര്‍വലോക--
സമ്മാന്യയായ്‌ സകലസൌഖ്യമൊടൊത്തു വാണാള്‍.

കവി : നടുവത്തച്ഛന്‍ നമ്പൂതിരി, കൃതി : അംബോപദേശം

ശ്ലോകം 722 : ധരിക്ക നീ നാഥ...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ഉപേന്ദ്രവജ്ര

ധരിക്ക നീ നാഥ നമുക്കിടാനീ--
മൊരിക്കലഷ്ടിക്കുമുപായമില്ല;
കിഴക്കുദിക്കും പൊഴുതാത്മജന്മാര്‍
കഴല്‍ക്കു കെട്ടിക്കരയുന്നു കാന്ത!

കവി : കുഞ്ചന്‍ നമ്പ്യാര്‍, കൃതി : ശ്രീകൃഷ്ണചരിതം മണിപ്രവാളം

ശ്ലോകം 723 : കൂലങ്കഷാഹം...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ഇന്ദ്രവജ്ര

കൂലങ്കഷാഹങ്കൃതി പൂണ്ട ദൈത്യ--
സ്ഥൂലാധമന്‍ തന്നുടെ മാറു കീറി
ഭൂലോകമത്തേറ്റയിലുദ്ധരിച്ച
കോലാധിനാഥന്‍ കുശലം തരട്ടെ.

കവി : മുലൂര്‍ എസ്‌. പത്മനാഭപ്പണിക്കര്‍

ശ്ലോകം 724 : ഭൂതേഷു സര്‍വേഷ്വപി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ഇന്ദ്രവജ്ര

ഭൂതേഷു സര്‍വേഷ്വപി നിര്‍വിശേഷം
ഭൂയസ്തരാമാഹിതകാരുണീകം
ഭൂദേവതാമംബരവാഹിനീശം
ശ്രീദേവനാരായണമാശ്രയാമഃ

കവി : കുഞ്ചന്‍ നമ്പ്യാര്‍, കൃതി : അംബരനദീശസ്തവം

ശ്ലോകം 725 : ഭാഷാകവിത്വമിയലുന്നവരൊക്കെ...

ചൊല്ലിയതു്‌ : ജീവി
വൃത്തം : വസന്തതിലകം

ഭാഷാകവിത്വമിയലുന്നവരൊക്കെ, യെന്റെ
ഭാഷാവിശേഷകവിഭാരതമായതിങ്കല്‍
തോഷാല്‍ പതിഞ്ഞിടുവതിന്നു കുറച്ചുനാ, ളാ--
ഘോഷാല്‍ മനോരമയില്‍ വന്നു കളിച്ചിടേണം

കവി : കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍

ശ്ലോകം 726 : തുള്ളിച്ചാടിക്കളിച്ചും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം :

തുള്ളിച്ചാടിക്കളിച്ചും, തുടുതുടെ വിലസും ദേഹമിട്ടൊന്നുലച്ചും,
വെള്ളച്ചൂട്ടുള്ള നെറ്റിത്തടമുടയ മുഖം നീര്‍ത്തിനീര്‍ത്തിപ്പിടിച്ചും,
ഉള്ളില്‍ച്ചാഞ്ചല്യമില്ലാതുരുതരസുഖമായ്പ്പൈക്കളോടൊത്തിണങ്ങി--
ത്തള്ളിച്ചാഞ്ചാടി നേരിട്ടൊരു വൃഷഭമിതാ മത്തനായെത്തിടുന്നു.

കവി : കൊച്ചുണ്ണിത്തമ്പുരാന്‍, കൃതി : സോമതിലകം ഭാണം

ശ്ലോകം 727 : ഉത്കൃഷ്ടോജ്ജൃംഭിതാഭ്രാവലി...

ചൊല്ലിയതു്‌ : ജീവി
വൃത്തം : സ്രഗ്ദ്ധര

ഉത്കൃഷ്ടോജ്ജൃംഭിതാഭ്രാവലി, കൊടിയ കൊടുംകാറ്റിനാല്‍ കൂട്ടിമുട്ടി--
ദ്ദിക്കെട്ടും തട്ടിവെട്ടുന്നിടികളുടനുടന്‍ കേള്‍ക്കുകില്‍ കേസരീന്ദ്രന്‍
മെക്കെട്ടൂക്കോടു ചാടീട്ടലറു, മൊരു കുറുക്കന്‍ കുരച്ചീടുകില്‍ച്ചെ--
ന്നക്കൂട്ടത്തില്‍ക്കുരക്കി, ല്ലവനവമതിവന്നേക്കുമെന്നോര്‍ക്കയാലേ

കവി : വെണ്മണി മഹന്‍

ശ്ലോകം 728 : മോദിച്ചുനിന്നു മയിലേറിയ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തതിലകം

മോദിച്ചുനിന്നു മയിലേറിയ മാമരുന്നിന്‍--
പാദം നിനച്ചു പലനാള്‍ പണിചെയ്തിവണ്ണം
ഖേദിച്ചിടേണ്ട മനമേ! കരയേണ്ട നിന്റെ
വേദാന്തമൂലവടിവേലനിതാ വരുന്നു!

കവി : കുമാരനാശാന്‍, കൃതി : സുബ്രഹ്മണ്യശതകം

ശ്ലോകം 729 : ഖര്‍വ്വാംഗനായ്‌ ദ്വിജഭടന്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തതിലകം

ഖര്‍വ്വാംഗനായ്‌ ദ്വിജഭടന്‍ പിടിവിട്ടൊഴിഞ്ഞാ--
ദ്ദുര്‍വ്വാരമാം നിജപരശ്വധമൊന്നുലച്ചും
ശര്‍വ്വാത്മജന്‍ ഝടിതി കാല്‍ക്കു പിടിച്ചെടുത്താ
ഗര്‍വ്വാഢ്യനെദ്ദിവി ചുഴറ്റി സലീലമായ്ത്താന്‍

കവി : വള്ളത്തോള്‍, കൃതി : ശിഷ്യനും മകനും

ശ്ലോകം 730 : ശീമപാചകരറുത്തു...

ചൊല്ലിയതു്‌ : ജീവി
വൃത്തം : രഥോദ്ധത

ശീമപാചകരറുത്തു വൃത്തിയായ്‌
രോമമൊക്കെയുമുരിച്ചു നഗ്നമായ്‌
ഹാ! മസാലയില്‍ വറുത്ത കോഴിയെ--
ക്കാണ്മവര്‍ക്കു കൊതി പൊട്ടുകില്ലയോ?

കവി : എസ്‌. കെ. പൊറ്റക്കാടു്‌, കൃതി : ഒരു ദേശത്തിന്റെ കഥ

ശ്ലോകം 731 : ഹാസ്യക്കൊടിക്കൂറ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ഇന്ദ്രവജ്ര

ഹാസ്യക്കൊടിക്കൂറ പറത്തിയീവി,
ഹാസോത്സുകന്‍ സഞ്ജയപത്രകാരന്‍!
ഹാ! സര്‍വദുഃഖങ്ങളൊഴിക്കുമാറാ--
യാവിര്‍ഭവിച്ചൂ ചിരിയന്നു നാട്ടില്‍.

കവി : ഏവൂര്‍ പരമേശ്വരന്‍, കൃതി : കുട്ടിശ്ലോകങ്ങള്‍

ശ്ലോകം 732 : ഹാ ശുഭേ, നിജഗതാഗതങ്ങള്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : രഥോദ്ധത

ഹാ ശുഭേ, നിജഗതാഗതങ്ങള്‍ ത--
ന്നീശനിശ്ചയമറിഞ്ഞിടാ നരന്‍
ആശ നിഷ്ഫലവുമായ്‌ വരുന്നവ--
ന്നാശിയാതിഹ വരുന്നഭീഷ്ടവും

കവി : കുമാരനാശാന്‍, കൃതി : നളിനി

ശ്ലോകം 733 : ആദ്യത്തില്‍ത്താന്‍ തുടര്‍ന്നും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം :

ആദ്യത്തില്‍ത്താന്‍ തുടര്‍ന്നും ക്രിയ ചെറുതുമതില്‍പ്പിന്നെയും വിസ്തരിപ്പാ--
നോര്‍ത്തുള്‍ച്ചേര്‍ന്നുള്ള ബീജോത്തരഫലമൊളിവായ്ക്കാട്ടിയും തദ്വിമര്‍ശം
ഹൃത്താല്‍ ചെയ്തും ശുഭത്തോടഖിലമവ നിവര്‍ത്തിച്ചുമന്നാടകത്തിന്‍
കര്‍ത്താവും ഹൃത്തിലെന്മാതിരിയെഴുമവനും ക്ലേശമൊപ്പം സഹിപ്പൂ.

കവി : നെയ്തല്ലൂര്‍ കൊട്ടാരത്തില്‍ തൃക്കേട്ടനാള്‍, കൃതി : മുദ്രാരാക്ഷസം തര്‍ജ്ജമ

ശ്ലോകം 734 : ഹാ, രമ്യോജ്ജ്വലസൂനസഞ്ചയമൊടും...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഹാ! രമ്യോജ്ജ്വലസൂനസഞ്ചയമൊടും പുഷ്പര്‍ത്തു മാഞ്ഞീടുമേ;
സൌരഭ്യം പൊഴിയും യുവാര്‍ദ്രകവനം വേഗം സമാപിക്കുമേ;
ആരാല്‍ മോഹനരാഗമാര്‍ന്ന കുയില്‍ വന്നെങ്ങുന്നു വന്നെന്നുമീ--
യാരാമസ്ഥലി വിട്ടുപോയതെവിടേയ്ക്കെന്നും ധരിച്ചീല നാം!

കവി : എം. പി. അപ്പന്‍ / ഉമര്‍ ഖയ്യാം, കൃതി : ജീവിതോത്സവം (റുബൈയത്‌ ത്രന്‍സ്ലത്യന്‍)

ശ്ലോകം 735 : ആകാശത്തിലുടന്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം :

ആകാശത്തിലുടന്‍ പ്രഭുത്വരുജപൂണ്ടെത്തുന്നിതഞ്ചാറുന--
ല്ലാകാരപ്രഭ ഹംസപക്ഷരുചിയാം മേക്കട്ടിതന്‍ താഴെയും
ഹാ! കാരുണ്യമിയന്നു കണ്ടിതഖിലം കേഴുന്നു വാഗ്ദേവി താന്‍;
ശോകാവസ്ഥ പരസ്പരം പകരുമിങ്ങാര്‍ദ്രാശയര്‍ക്കാര്‍ക്കുമേ.

കവി : കുമാരനാശാന്‍, കൃതി : പ്രരോദനം

ശ്ലോകം 736 : ഹാ, ശാന്തിയൌപനിഷദോക്തികള്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തതിലകം

ഹാ! ശാന്തിയൌപനിഷദോക്തികള്‍ തന്നെ നല്‍കും
ക്ലേശിപ്പതാത്മപരിപീഡനമജ്ഞയോഗ്യം
ആശാഭരം ശ്രുതിയില്‍ വയ്ക്കുക നമ്മള്‍, പിന്നെ--
യീശാജ്ഞ പോലെ വരുമൊക്കെയുമോര്‍ക്ക പൂവേ!

കവി : കുമാരനാശാന്‍, കൃതി : വീണ പൂവു്‌

ശ്ലോകം 737 : അധിരുഹ്യ പദാംബുരുഹേണ...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : തോടകം

അധിരുഹ്യ പദാംബുരുഹേണ ച, തം
നവപല്ലവതുല്യമനോജ്ഞരുചാ
ഹ്രദവാരിണിദൂരതരം ന്യപതഃ
പരിഘൂര്‍ണ്ണിത ഘോരതരംഗഗണേ

കവി : മേല്‍പ്പത്തൂര്‍, കൃതി : നാരായണീയം (65:2)

ശ്ലോകം 738 : ഹാ, പാര്‍ക്കിലീ നിഗമനം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തതിലകം

ഹാ! പാര്‍ക്കിലീ നിഗമനം പരമാര്‍ത്ഥമെങ്കില്‍
പാപം നിനക്കു ഫലമായഴല്‍ പൂണ്ട വണ്ടേ!
ആപത്തെഴും തൊഴിലിലോര്‍ക്കുക മുമ്പു; പശ്ചാ--
ത്താപങ്ങള്‍ സാഹസികനിങ്ങനെയെന്നുമുണ്ടാം.

കവി : കുമാരനാശാന്‍, കൃതി : വീണ പൂവു്‌

ശ്ലോകം 739 : ആ ലോലംബകദംബചുംബനവശാല്‍...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ആ ലോലംബകദംബചുംബനവശാല്‍ വാടിക്കൊഴിഞ്ഞൂ തുലോം
താലോലിച്ചു ഭവാന്‍ വളര്‍ത്തിയൊരിളംപൂവൊറ്റനാളിന്നകം
ഹാ ലോലം ഭുവി ജീവിതസ്ഥിതി; ഭവാനാപ്പൂമണം പേറിയി--
ന്നീലോകത്തലയുന്നതെന്തിനു വൃഥാ വീര്‍ത്തെന്റെ താര്‍ത്തെന്നലേ?

കവി : പ്രേംജി , കൃതി : നാല്‍ക്കാലികള്‍

ശ്ലോകം 740 : ഹാ, മൊഴിഞ്ഞിതു നഖം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : രഥോദ്ധത

ഹാ! മൊഴിഞ്ഞിതു നഖം പചാശ്രുവാല്‍
കോമളം സതി നനച്ചു തത്പദം
ആ മഹാന്‍ തിരിയെ നിന്നു, നിര്‍മ്മല--
പ്രേമമാം വലയിലാരു വീണിടാ?

കവി : കുമാരനാശാന്‍, കൃതി : നളിനി

ശ്ലോകം 741 : അതന്ദ്രനായാദിനരന്റെ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ഉപേന്ദ്രവജ്ര

അതന്ദ്രനായാദിനരന്റെ മൂന്നാം
സുതന്‍ ഗുണാംഭോനിധി സേത്തജസ്രം
ഹിതം സമസ്തേശ്വരനെന്തതേറെ--
ച്ചിതത്തൊടും ചെയ്തു വസിച്ചു മോദാല്‍.

കവി : കട്ടക്കയത്തില്‍ ചെറിയാന്‍ മാപ്പിള, കൃതി : ശ്രീയേശുവിജയം

ശ്ലോകം 742 : ഹിതമായ്‌ മമ വള്ളി...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തമാലിക

ഹിതമായ്‌ മമ വള്ളി! നീയിവള്‍ക്കീ--
ഗ്ഗതിവിഘ്നം ചെറുതൊന്നു ചെയ്ത കാര്യം
അതുകൊണ്ടിവളാനനം ചെരിച്ച--
ച്ചതിയാല്‍ നോക്കുവതിങ്ങു കണ്ടു ഞാനും.

കവി : കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ / കാളിദാസന്‍, കൃതി : വിക്രമോര്‍വ്വശീയം തര്‍ജ്ജമ

ശ്ലോകം 743 : ആ മണ്‍മെത്തകളാറ്റുനോറ്റ...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ആ മണ്‍മെത്തകളാറ്റുനോറ്റ മധുരസ്വപ്നങ്ങള്‍ തന്‍ ജീവിത--
പ്രേമം പാടിയ സാമഗാനലഹരീഹര്‍ഷാഞ്ചിതാത്മാക്കളായ്‌
ഹാ! മന്വന്തരഭാവശില്‍പികള്‍ നമുക്കെന്നേക്കുമായ്‌ത്തന്നതാ--
ണോമല്‍ക്കാര്‍ത്തികനെയ്‌വിളക്കെരിയുമീയേകാന്തയാഗാശ്രമം!

കവി : വയലാര്‍, കൃതി : സര്‍ഗ്ഗസംഗീതം

ശ്ലോകം 744 : ഹാ, കള്ളവെള്ളച്ചിരിയാല്‍ ...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ഇന്ദ്രവജ്ര

ഹാ! കള്ളവെള്ളച്ചിരിയാല്‍ നിറഞ്ഞ
ലോകത്തില്‍ നമ്മള്‍ക്കു സമാശ്വസിപ്പാന്‍
ആകമ്രനിഷ്കൈതവമായ്‌ കിടാവാല്‍
തൂകപ്പെടും പുഞ്ചിരിയൊന്നുമാത്രം.

കവി : വള്ളത്തോള്‍ , കൃതി : സന്താനസൌഖ്യം

ശ്ലോകം 745 : അച്ചാരുശീലനുമഘാന്വിതന്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തതിലകം

അച്ചാരുശീലനുമഘാന്വിതനെന്നുതന്നെ--
വെച്ചാലുമെന്‍ പെരിയ തെറ്റൊഴിയുന്നതാണോ?
ഹൃച്ചാപലാലനയവര്‍ത്മനി മുമ്പു കാലു--
വെച്ചാളെ വിട്ടനുഗനെങ്ങനെ ശിക്ഷ നല്‍കാം?

കവി : വള്ളത്തോള്‍, കൃതി : ബന്ധനസ്ഥനായ അനിരുദ്ധന്‍

ശ്ലോകം 746 : ഹൃദി രാമമന്മഥ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : മഞ്ഞുഭാഷിണി

ഹൃദി രാമമന്മഥസുദുസ്സഹാസ്ത്രമേ--
റ്റതിനാല്‍ വലഞ്ഞരിയ രക്തചന്ദനം
അതിയായ്‌ നിശാചരിയണിഞ്ഞണിഞ്ഞു പോ--
യഥ ജീവിതേശനണയുന്നൊരാലയേ.

കവി : കുണ്ടൂര്‍ / കാളിദാസന്‍, കൃതി : രഘുവംശം തര്‍ജ്ജമ

ശ്ലോകം 747 : അന്യേഷു വൃക്ഷലതികാദിഷു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തതിലകം

അന്യേഷു വൃക്ഷലതികാദിഷു വീക്ഷിതേഷു
ഖിന്നേ ദൃശൌ നിഷധഭൂമിപതേസ്തദാനീം
ഹംസേ സുവര്‍ണസുഷുമേ ദധതുഃ പ്രമോദം
യാവത്‌ സ താവദശയിഷ്ട രതിശ്രമേണ.

കവി : ഉണ്ണായി വാര്യര്‍, കൃതി : നളചരിതം

ശ്ലോകം 748 : ഹത്വാ യുദ്ധേ ദശാസ്യം...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : സ്രഗ്ദ്ധര

ഹത്വാ യുദ്ധേ ദശാസ്യം ത്രിഭുവനവിഷമം, വാമഹസ്തേന ചാപം
ഭൂമൌ വിഷ്ടഭ്യ തിഷ്ഠ, ന്നിതരകരധൃതം ഭ്രാമയന്‍ ബാണമേകം,
ആരക്തോപാന്തനേത്രഃ, ശരദളിതവപുഃ, കോടിസൂര്യപ്രകാശോ,
വീരശ്രീബന്ധുരാംഗ, സ്ത്രിദശപതിനുതഃ, പാതു മാം വീരരാമഃ

ശ്ലോകം 749 : അളികളിളകിയോമല്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : മാലിനി

അളികളിളകിയോമല്‍ത്താരണിത്തേന്‍ നുകര്‍ന്നും
കിളികള്‍ കളകളം പൂണ്ടങ്ങുമിങ്ങും പറന്നും
കുളിര്‍ വിളയുമിളങ്കാറ്റുല്ലസിച്ചും മലര്‍പ്പെണ്‍--
കിളികള്‍ തുടരുമോരോ വാടിവീടോടിണങ്ങി

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 750 : കളിത്തോപ്പിലെപ്പൂഴി...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ഭുജംഗപ്രയാതം

കളിത്തോപ്പിലെപ്പൂഴി, യോമല്‍സുഹൃത്തിന്‍
കരസ്പര്‍ശസൌഖ്യം, പിതൃപ്രേമവായ്പും
വിലപ്പെട്ട നേട്ടങ്ങ, ളെന്നാലുമുച്ചം
വിളിക്കുന്നു വിശ്വം 'മറക്കൂ മറക്കൂ'.

കവി : ബാലാമണിയമ്മ, കൃതി : മറക്കൂ മറക്കൂ

ശ്ലോകം 751 : വ്രജേ വസന്തം...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

വ്രജേ വസന്തം നവനീതചോരം
വ്രജാംഗനാനാം ച ദുകൂലചോരം
അനേകജന്മാര്‍ജ്ജിതപാപചോരം
ചോരാഗ്രഗണ്യം തമഹം ഭജാമി

ശ്ലോകം 752 : അല്ലാ ഡീയെസ്പിസാറെന്തിവിടെ...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

"അല്ലാ ഡീയെസ്പിസാറെന്തിവിടെ?", "ഒരുമഹാ കള്ളനുണ്ടിങ്ങു വാഴ്വൂ
ഇല്ലാ ചെയ്യത്തതായിട്ടിവനൊരു കളവും, കണ്ണനെന്നാണു നാമം
മല്ലാണേറെപ്പിടിക്കാനൊരുവനിതുവരേയ്ക്കായതില്ലെങ്കിലിന്നി--
ങ്ങില്ലാ ഭാവം വിടാനാ വിരുതനെയുടനേയുള്ളിലാക്കീട്ടു കാര്യം!"

കവി : ബാലേന്ദു

ശ്ലോകം 753 : മാടിന്‍ പാലൊരു തുള്ളിവിട്ടു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മാടിന്‍ പാലൊരു തുള്ളിവിട്ടു മുഴുവന്‍ തൂവെണ്ണയോ, ടാറ്റില്‍ നീ--
രാടും ഗോപവധുക്കള്‍ തന്‍ തുണി ഹൃദന്തത്തോടെ, ദുശ്ചിന്തകള്‍
മൂടും മാനസമാര്‍ന്നൊരെന്നഴലിതാ പാപങ്ങളോടും ഹരി--
ച്ചോടുന്നൂ ഹരി, യെന്തു ചെയ്‌വു തടയാന്‍? കാലില്‍ പിടിക്കുന്നു ഞാന്‍!

കവി : ഉമേഷ്‌ നായര്‍

ശ്ലോകം 754 : മോഷ്ടാവായി വധങ്ങള്‍ ചെയ്തു...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മോഷ്ടാവായി വധങ്ങള്‍ ചെയ്തു കൊലയില്‍പ്പാര്‍ത്ഥന്നു കൂട്ടാളിയായ്‌
കഷ്ടം, സ്ത്രീഹരണത്തിലില്ലൊരുവനും നീയൊത്തു വേറേ തഥാ;
തൊട്ടാല്‍ത്തൊട്ട വകുപ്പുകൊണ്ടുനിറയും നിന്‍ കുറ്റപത്രം ഹരേ
തെറ്റില്ലിങ്ങു കിടക്കയെന്‍ ഹൃദയമാം ലോക്കപ്പിലെന്നെന്നുമേ.

കവി : ബാലേന്ദു

ശ്ലോകം 755 : തരമൊടു കരമൊന്നാല്‍പ്പായസം...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : മാലിനി

തരമൊടു മറപറ്റിഗ്ഗൌരി കാണാതെ തുമ്പി--
ക്കരമതിലുരുമോദം മോദകം കൊണ്ടുകൊണ്ടേ
തിരളിയുരുളിയോടക്കയ്യുരണ്ടാല്‍ ഹരിയ്ക്കും
കരിമുഖനിരുകാലാല്‍ വാരണം വാരണങ്ങള്‍.

കവി : രാജേഷ്‌ വര്‍മ്മ

ശ്ലോകം 756 : തുങ്ഗശ്രീസിംഹവാഹേ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

തുങ്ഗശ്രീസിംഹവാഹേ! തുഹിനശിഖരിതന്‍ കന്യകേ! നിസ്തുലാഭേ!
ഭൃങ്ഗാളീകേശി! ചാപബ്‌ഭൃകുടി! മൃഗസമാനാക്ഷി! കുംഭസ്തനാഢ്യേ!
ഭങ്ഗം മീനാക്ഷി! തീര്‍ത്തീടുക മധുമഥനാജാദിസേവ്യേ! വൃഷാങ്കോ--
ത്സങ്ഗശ്രീസൌമ്യഗേഹേ! ഭഗവതി! കടകോല്ലാസിഹസ്തേ നമസ്തേ!

കവി : കൊച്ചുണ്ണിത്തമ്പുരാന്‍, കൃതി : മലയാംകൊല്ലം

ശ്ലോകം 757 : ഭുഞ്ജാനാസ്സാകമേകാം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

ഭുഞ്ജാനാസ്സാകമേകാ, മഗണിതഗുരവോ, ബ്രഹ്മഹന്തുസ്തനൂജാഃ,
മുണ്ഡാപൌത്രാശ്ച, രണ്ഡാജഠരസമുദിതാഃ, പണ്ഡിതാഃ പാണ്ഡുപുത്രാഃ
ഭ്രൂണഘ്ന്യാസ്സൂനു, മേനം ദ്വിജനകതനയം, ഭ്രാതരം പീതശീധോഃ,
കൃഷ്ണം യന്മാനനീയം ജഗൃഹുരിദമലം വര്‍ത്തതേ യുക്തരൂപം!

കവി : മേല്‍പ്പത്തൂര്‍, കൃതി : രാജസൂയം ചമ്പു

ശ്ലോകം 758 : ഭുവനൈകമനോഹരാംഗ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : വിയോഗിനി

ഭുവനൈകമനോഹരാംഗ! നിന്‍--
പുകള്‍ പൂണ്ടീടിന ദിവ്യസൌഭഗം
ഇതുമാതിരി,യുള്ളില്‍ മിന്നി നി--
ന്നിവളെക്കൊണ്ടെഴുതിയ്ക്കയാം വിഭോ!

കവി : താമരശ്ശേരി കൃഷ്ണന്‍ ഭട്ടതിരി, കൃതി : കൃഷ്ണകഥാമൃതം

ശ്ലോകം 759 : ഇക്കാലത്തൊരു പെണ്ണു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഇക്കാലത്തൊരു പെണ്ണു തെറ്റുകളകന്നുള്ളോരെഴുത്തെങ്കിലും
മുക്കാലും ശരിയാക്കിയിങ്ങെഴുതിയാലൊട്ടല്ലതാശ്ചര്യമാം
ഇക്കാണുന്നൊരു ചാരുനാടകമദുഷ്ടാക്ലിഷ്ടശബ്ദാര്‍ത്ഥമാ--
യിക്കാവമ്മ ചമച്ചതോര്‍ത്തു മുഴുകുന്നുള്ളദ്‌ഭുതാംഭോനിധൌ.

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍

ശ്ലോകം 760 : ഇവനിതാ വനിതാ...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ദ്രുതവിളംബിതം

ഇവനിതാ വനിതാവിഷയാഗ്രഹ--
ക്കടലിലാടലിലാണ്ടുലയുന്നു ഹാ!
സുരവിഭോ! രവിഭോജ്ജ്വല, നിന്‍മിഴി--
പ്രകരമേ കരമേലണയിക്കുവാന്‍.

കവി : വി. സി. ബാലകൃഷ്ണപ്പണിക്കര്‍

ശ്ലോകം 761 : സുമുഖി പോകുവതെങ്ങ്‌...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ദ്രുതവിളംബിതം

"സുമുഖി പോകുവതെ"ങ്ങിതുരച്ചുടന്‍
കമലനേത്രയെയേറ്റി രഥത്തില്‍ നീ
സുഖമൊടങ്ങു ഹരിച്ചവളപ്പുരം
മുഖരമായ്‌ ഖരമായരിയൊച്ചയാല്‍.

കവി : സി. വി. വാസുദേവഭട്ടതിരി / മേല്‍പ്പത്തൂര്‍, കൃതി : നാരായണീയം തര്‍ജ്ജമ (79:7)

ശ്ലോകം 762 : സതി കനിവിനൊടും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മാലിനി

സതി കനിവിനൊടും പെട്ടെന്നെയിന്നേവരേയ്ക്കും
പതിവിനഴലശേഷം മാറ്റി നീ പോറ്റിയല്ലോ
ഇതിനുപകരമെന്താം നിന്റെ കാര്യത്തിലെങ്കല്‍
ക്ഷിതിയിലനിശമമ്മേ! നില്‍ക്കുമക്രീതദാസ്യം.

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 763 : ഇമ്പം നല്‍കിന ശംഭുവിന്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഇമ്പം നല്‍കിന ശംഭുവിന്‍ തിരുമുടിപ്പൈന്തിങ്കള്‍ പാല്‍വെണ്‍കതിര്‍--
ത്തുമ്പപ്പൂക്കള്‍ ചൊരിഞ്ഞു പൂര്‍ണ്ണകലനായ്‌ത്തീരുന്നതിന്നാം വിധം
ചെമ്പട്ടിന്‍ മയമേന്തുമേതിനെ യഥാകാലം ഭജിപ്പൂ കലാ--
സമ്പത്തിന്നു നിധാന, മാ ഗിരിസുതാപാദം തരട്ടേ ശുഭം!

കവി : വള്ളത്തോള്‍

ശ്ലോകം 764 : ചൊടിപെടുമസുരര്‍ക്കു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : പുഷ്പിതാഗ്ര

ചൊടിപെടുമസുരര്‍ക്കു കാളി, നീളെ--
ത്തടിവിറ നല്‍കിന താവകാട്ടഹാസം
ഝടിതി കരളിലോര്‍മ്മയാകുമാറു--
ള്ളിറ്റിരവവും ചെവി പൂകിടാതെയായ്‌ മേ.

കവി : വള്ളത്തോള്‍, കൃതി : ബധിരവിലാപം

ശ്ലോകം 765 : ഝടിതി പ്രവിശ ഗേഹം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : മാലിനി

ഝടിതി പ്രവിശ ഗേഹം, മാ ബഹിസ്തിഷ്ഠ ബാലേ,
സപദി ഗ്രഹണവേലാ വര്‍ത്തതേ ശീതരശ്മീ
തവ കുസുമകളങ്കം വീക്ഷ്യ നൂനം സ രാഹുര്‍--
ഗ്രസതി തവ മുഖേന്ദും പൂര്‍ണ്ണചന്ദ്രം വിഹായ

കൃതി : ശൃംഗാരതിലകം (കാളിദാസന്റേതെന്നു പറയപ്പെടുന്നു.)

ശ്ലോകം 766 : തമ്മില്‍ത്തമ്മിലസൂയമൂലം...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

തമ്മില്‍ത്തമ്മിലസൂയമൂല, മളവില്ലാതുള്ളനര്‍ത്ഥങ്ങളാ--
ലിമ്മന്നില്‍, സുഖജീവിതം, ശിഥിലമാക്കിത്തീര്‍ത്തു, കഷ്ടം, നരന്‍!
കമ്രശ്രീമയവിശ്വഗേഹ, മവനാവാസത്തിനാ, യീശ്വരന്‍
നിര്‍മ്മിച്ചേകി, യതും, കൃതഘ്നനവനോ വെട്ടിപ്പകുത്തു ശഠന്‍!!

കവി : ചങ്ങമ്പുഴ

ശ്ലോകം 767 : കാണേണം കാണി നേരം...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

കാണേണം കാണി നേരം കനിവൊടു തിരുവുള്‍ക്കാവില്‍ മേവും ഭവാനേ
കേണീടുന്നോരു ഞാനും കഴലിണ സതതം ഭക്തിയോടേ തൊഴുന്നേന്‍
വേണം മേ ബുദ്ധി, വിദ്യാ, ദ്യതിനൊരു വരമിങ്ങാശു നല്‍കീടവേണം
കാരുണ്യത്താല്‍ തരേണം സകലഗുണമെനിക്കെന്റെ ശ്രീഭൂതനാഥാ.

ശ്ലോകം 768 : വാക്കോടര്‍ത്ഥം കണക്കേ...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

വാക്കോടര്‍ത്ഥം കണക്കേയൊരുമയൊടിയലും ഭവ്യവാഗര്‍ത്ഥസത്തേ
തീര്‍ക്കാന്‍ ത്രെയിലോക്യദുഃഖം കരുണയൊടരുളും സര്‍ഗ്ഗസൌഭാഗ്യവിത്തേ
ചേര്‍ക്കാന്‍ ഭാവാര്‍ത്ഥയോഗം രസനയിലിവനിന്നക്ഷരശ്ലോകസത്രേ
ഓര്‍ക്കാം നിന്‍ പാദമൂലം വരമരുളുകമാമര്‍ദ്ധനാരീശമൂര്‍ത്തേ.

കവി : ബാലേന്ദു

ശ്ലോകം 769 : ചിത്താനന്ദം കലര്‍ന്നക്കുയില്‍...

ചൊല്ലിയതു്‌ : ജീവി
വൃത്തം : സ്രഗ്ദ്ധര

ചിത്താനന്ദം കലര്‍ന്നക്കുയിലുടനെ ഖലന്മാരില്‍നിന്നേതുമാപ--
ത്തെത്തായ്‌വാനും ശഠന്മാരവരപകൃതിയാല്‍ പാപമേലായുവാനും
പത്താകും മാര്‍ഗ്ഗമെന്നായ്‌ പഴയവസതി കൈവിട്ടു പൊങ്ങിപ്പറന്നി--
ട്ടത്താലോദ്യാനമൊന്നാര്‍ന്നിതു പുരജനതാകര്‍ണ്ണപുണ്യോല്‍കരത്താല്‍

കവി : കുമാരനാശാന്‍, കൃതി : ഗ്രാമവൃക്ഷത്തിലെ കുയില്‍

ശ്ലോകം 770 : പങ്കിട്ടൂ പാതിദേഹം...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

പങ്കിട്ടൂ പാതിദേഹം ഭഗവതി, പകുതിക്കര്‍ഹനായ്‌ ശ്രീമുകുന്ദന്‍;
ശങ്കിച്ചിട്ടെങ്ങുപോയോ, ഹരനിദമൊഴുകീട്ടാറുപോയാഴിപൂകി;
വിണ്ണബ്ബാലേന്ദു പൂകീ, യരവമതു ധരക്കുള്ളിലാ, യങ്ങു നേടീ
പാണ്ഡിത്യം വല്ലഭത്വം; പുനര്‍ മമ വിഹിതം തെണ്ടുവാനുള്ള ശീലം.

കവി : ബാലേന്ദു / കാളിദാസന്‍

ശ്ലോകം 771 : വെണ്ണത്തൂമണമാര്‍ന്ന...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വെണ്ണത്തൂമണമാര്‍ന്ന വായ്‌മലരിനാല്‍ ചുംബിക്കെയമ്മയ്ക്കു മൈ--
ക്കണ്ണില്‍ തിങ്ങിവഴിഞ്ഞിടുന്ന പരമാനന്ദം സമീക്ഷിക്കവേ,
വിണ്ണില്‍പ്പോലുമലഭ്യമാമമൃതൊലിച്ചീടുംവിധം ചെമ്മലര്‍--
ത്തൊണ്ണിന്‍ തൂമ വെളിപ്പെടുംപടി ചിരിക്കും കണ്ണ! കാക്കേണമേ.

കവി : വി. കെ. ജി.

ശ്ലോകം 772 : വെണ്ണക്കല്ലുപതിച്ച...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വെണ്ണക്കല്ലുപതിച്ച മേടയില്‍ നറും പട്ടിന്റെ മെത്തപ്പുറ--
ത്തെണ്ണപ്പെട്ട വിശിഷ്ടഭോഗമിയലും മട്ടല്ലയെന്നാകിലും
മണ്ണില്‍ക്കാലികള്‍ തന്റെ കൂട്ടിലൊരുപാഴ്‌പുല്‍ക്കൂട്ടിലല്‍പേതരം
ദണ്ഡം പേറിയ ജന്മമാര്‍ന്നുമവിടുന്നന്നും കരഞ്ഞീല പോല്‍.

കവി : ബാലേന്ദു

ശ്ലോകം 773 : മണം തുടങ്ങിയെണ്ണി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : പഞ്ചചാമരം

മണം തുടങ്ങിയെണ്ണി മണ്ണിലുണ്ണുമെണ്ണമൊക്കെയ--
റ്റിണങ്ങി നില്‍ക്കുമുള്‍ക്കുരുന്നുരുക്കി നെക്കി നക്കിടും
ഗുണം നിറഞ്ഞ കോമളക്കുടത്തിലന്നുമിന്നുമി--
ന്നിണങ്ങളങ്ങുമിങ്ങുമെങ്ങുമില്ല നല്ല മങ്ഗളം.

കവി : ശ്രീ നാരായണഗുരു, കൃതി : സദാശിവദര്‍ശനം

ശ്ലോകം 774 : ഗൌരീസൌഭാഗ്യരാശേ...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : സ്രഗ്ദ്ധര

ഗൌരീസൌഭാഗ്യരാശേ ജയ ജയ തൊഴുതേനമ്പിലെന്‍ തമ്പുരാനേ
നേരേ വന്നിങ്ങു തൃക്കാലിണയിലടിമ പൂണ്ടീടുമസ്മാനനാഥാന്‍
കാരുണ്യത്തോണി തന്മേലഴകൊടു കരയേറ്റി പ്രഭോ കാംക്ഷിതാര്‍ത്ഥ--
പ്പേരാം വാരാകരത്തിന്‍ മറുകരയിലണയ്ക്കേണമേ തമ്പിരാനേ

കവി : നീലകണ്ഠ കവി , കൃതി : ചെല്ലൂര്‍ നഥോദയം ചമ്പു

ശ്ലോകം 775 : കാന്തം സാന്തം വസന്തം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കാന്തം സാന്തം വസന്തം, മദനമവപുശം, ദ്വിത്രിയാമാം ത്രിയാമാം,
രാകാമേകാം, വധോനാം ഹൃദയമപദയം, കല്‍പവൃക്ഷാന്‍ പരോക്ഷാന്‍,
സ്പര്‍ദ്ധാഭാഗോ വിദഗ്ദ്ധാ, നഹഹ! സുകൃതിനാം കല്‍പയന്നല്‍പമായുര്‍-
ബ്രഹ്മാ ജിഹ്നാന്തരാത്മാ സ മുനിരിതി കഥം കഥ്യതേ തഥ്യവാഗ്ഭിഃ?

കവി : ഭര്‍ഥ്ത്തൃഹരി

ശ്ലോകം 776 : സംസാരത്തിന്‍ കൊളുത്തെന്‍...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : സ്രഗ്ദ്ധര

സംസാരത്തിന്‍ കൊളുത്തെന്‍ മുതുകിലമരുമീ ഭക്തര്‍ തന്നാര്‍പ്പിനൊത്തെന്‍--
മാംസസ്നായ്‌വസ്ഥിമേദോമലകലിതമുടല്‍ക്കെട്ടു മാനത്തു പൊങ്ങും
ധ്വംസം ദേഹാത്മഭാവത്തിനു വരണമിവ; ക്കില്ലയെന്നാകില്‍ ഞാനെ--
ന്നംസം ഭേദിച്ചു ബീഭത്സത, ജനനി, നിവേദിക്കണോ സത്ത്വരൂപേ?

കവി : മധുരാജ്‌. ഇളവൂര്‍ തൂക്കത്തിനെപ്പറ്റി.

ശ്ലോകം 777 : ധീമത്ത്വം,ഫലിതം നിറഞ്ഞ...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ധീമത്ത്വം,ഫലിതം നിറഞ്ഞ കവനം, വൈദ്യം മുതല്‍ക്കെന്തിലും
സാമര്‍ത്ഥ്യം, ചെറുമെയ്യു, വട്ടവദനം, ഗാത്രം കറുത്തങ്ങനെ
ഓമല്‍പ്പുഞ്ചിരി, മാര്‍ വിരി, ഞ്ഞരകടു, ത്തല്‍പം വളഞ്ഞെത്രയും
പ്രേമം പൂണ്ടൊരു നോട്ടവും ശിവ, മറക്കാമോ മരിക്കും വരെ?

കവി : നടുവത്ത്‌ അച്ഛന്‍ നമ്പൂതിരി , കൃതി : (ശീവൊള്ളിയെക്കുറിച്ച്‌)

ശ്ലോകം 778 : ഒരു നിശ്ചയമില്ലയൊന്നിനും...

ചൊല്ലിയതു്‌ : ജീവി
വൃത്തം : വിയോഗിനി

ഒരു നിശ്ചയമില്ലയൊന്നിനും
വരുമോരോ ദശ വന്നപോലെ പോം
വിരയുന്നു മനുഷ്യനേതിനോ
തിരിയാ ലോകരഹസ്യമാര്‍ക്കുമേ

കവി : കുമാരനാശാന്‍, കൃതി : ചിന്താവിഷ്ടയായ സീത

ശ്ലോകം 779 : വെള്ളക്കണ്ണാടിപോലുള്ളവളുടെ...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : സ്രഗ്ദ്ധര

വെള്ളക്കണ്ണാടിപോലുള്ളവളുടെ കവിളില്‍ കൈകളെച്ചേര്‍ത്തു;വെന്നാ--
ലുള്ളത്തില്‍ പേടിമൂലം കിടുകിടെ വിറയാലൊന്നു ചുംബിച്ചതില്ല
വെള്ളത്തില്‍ ചാടിയപ്പോളവളുടെയധരം തൊട്ടു ഞാനൊട്ടതിങ്കല്‍--
ക്കള്ളംകൂടാതെയോലും പുതുസുധയെ നുകര്‍ന്നില്ല ദുര്‍ദൈവയോഗാല്‍

കവി : വി. സി. ബാലകൃഷ്ണപ്പണിക്കര്‍, കൃതി : ഒരു വിലാപം

ശ്ലോകം 780 : വഞ്ചിക്ഷോണിക്കൊരു...

ചൊല്ലിയതു്‌ : ജീവി
വൃത്തം : മന്ദാക്രാന്ത

വഞ്ചിക്ഷോണിക്കൊരു തിലകമാമപ്പുരത്തേയ്ക്കു പോകും
വഞ്ചിക്കൂട്ടം വരുമളവിലത്തോട്ടുവാരത്തൊതുങ്ങി
വഞ്ചിക്കേണം വളരെ മരനീരുള്ളിലുണ്ടാക മൂലം
വന്‍ ചിത്തഭ്രാന്തെഴുമരയരാം നാവികക്കയ്യരേ നീ.

കവി : കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍, കൃതി : മയൂരസന്ദേശം

ശ്ലോകം 781 : വായിപ്പോര്‍ക്കരുളുന്നനേകവിധമാം...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വായിപ്പോര്‍ക്കരുളുന്നനേകവിധമാം വിജ്ഞാന,മേതെങ്കിലും
ചോദിപ്പോര്‍ക്കുചിതോത്തരങ്ങളരുളിത്തീര്‍ക്കുന്നു സന്ദേഹവും
വാദിപ്പോര്‍ക്കുതകുന്ന യുക്തി പലതും ചൂണ്ടിക്കൊടുക്കും വൃഥാ
ഖേദിപ്പോര്‍ക്കരുളുന്നു സാന്ത്വനവചസ്സുത്കൃഷ്ടമാം പുസ്തകം

കവി : ആര്‍. ഈശ്വരപിള്ള

ശ്ലോകം 782 : വേണം പുഷ്പഫലാര്‍ദ്രനിത്യ...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വേണം പുഷ്പഫലാര്‍ദ്രനിത്യഹരിതാരാമം നമുക്കെങ്കിലോ
വേരോടാനതിനേകണം വരള്‍മനസ്സിന്‍ മണ്ണില്‍ നാമൊട്ടിടം
വേറൊന്നില്ലെളുതാമുപായമലസം വ്യര്‍ത്ഥപ്രസംഗങ്ങളാ--
ലേറെപ്പോക്കി ദിനങ്ങള്‍; വല്ലതുമിനിച്ചെയ്യാം, വരൂ നേരമായ്‌.

കവി : യൂസഫലി കേച്ചേരി

ശ്ലോകം 783 : വിദ്യാവിഹീനത വരട്ടെ...

ചൊല്ലിയതു്‌ : ജീവി
വൃത്തം : വസന്തതിലകം

വിദ്യാവിഹീനത വരട്ടെയിവര്‍ക്കുമേലി--
ലുദ്യോഗവും ബലവുമങ്ങിനെപോട്ടെയെന്നാം,
വിദ്യാലയം ചിലതഹോ! തടയുന്നുനാട്ടില്‍
വിദ്യാര്‍ത്ഥിമന്ദിരമതും ചില നിഷ്കൃപന്മാര്‍

കവി : കുമാരനാശാന്‍, കൃതി : തീയ്യക്കുട്ടിയുടെ വിചാരം

ശ്ലോകം 784 : വാണീദേവി, സുനീലവേണി...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വാണീദേവി, സുനീലവേണി, സുഭഗേ, വീണാരവം കൈതൊഴും
വാണീ, വൈഭവമോഹിനീ, ത്രിജഗതാം നാഥേ, വിരിഞ്ചപ്രിയേ,
വാണീദോഷമശേഷമാശു കളവാനെന്‍നാവിലാത്താദരം
വാണീടേണ, മതിന്നു നിന്നടിയില്‍ ഞാന്‍ വീഴുന്നു മൂകാംബികേ!

ശ്ലോകം 785 : വിദ്വാനു പണ്ടിഹ...

ചൊല്ലിയതു്‌ : ജീവി
വൃത്തം : വസന്തതിലകം

വിദ്വാനു പണ്ടിഹ ദരിദ്രതയിന്നു പാരില്‍
വിദ്യാവിഹീനനതുവന്നു വിരോധമില്ലാ
വിദ്യയ്ക്കു പണ്ടു വില വാങ്ങുകയില്ലയിപ്പോ--
ളുദ്യുക്തനും ധനമൊഴിഞ്ഞതു കിട്ടുകില്ല.

കവി : കുമാരനാശാന്‍

ശ്ലോകം 786 : വേദം നിന്നുടെ ശാസനക്കുറി...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വേദം നിന്നുടെ ശാസനക്കുറി, പുരാണൌഘം ഹിതോദ്ബോധനം,
സ്വാദത്യന്തമിയന്ന കാവ്യഗണമോ സപ്രേമസംഭാഷണം
വൈദഗ്ദ്ധ്യത്തികവാല്‍ ജഗത്തു മുഴുവന്‍ താനേ വശത്താക്കി നീ
നാദബ്രഹ്മനൃപാസനോപരി വിളങ്ങുന്നൂ മഹാരാജ്ഞിയായ്‌.

കവി : വള്ളത്തോള്‍, കൃതി : കവിത

ശ്ലോകം 787 : വിദ്യാ നാമ നരസ്യ...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വിദ്യാ നാമ നരസ്യ രൂപമധികം പ്രച്ഛന്നഗുപ്തം ധനം
വിദ്യാ ഭോഗകരീ യശഃ സുഖകരീ വിദ്യാ ഗുരൂണം ഗുരുഃ
വിദ്യാ ബന്ധുജനോ വിടേശഗമനേ വിദ്യാ പരാ ദേവതാ
വിദ്യാ രാജസു പൂജ്യതേ ന തു ധനം വിദ്യാവിഹീനഃ പശുഃ

കവി : ഭര്‍ത്തൃഹരി, കൃതി : നീതിശതകം

ശ്ലോകം 788 : വിരുതില്‍ വിമതരേയും...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : മാലിനി

വിരുതില്‍ വിമതരേയും തന്നിരത്താരമാക്കാന്‍
കരുതി രുചിരവേഷം കെട്ടി മട്ടുന്ന മട്ടില്‍
വരുമഴിമതിയാടിപ്പാടി നൃത്തം ചവിട്ടി--
ച്ചിരിയൊടു പുണരുമ്പോള്‍ പിമ്പരാം വമ്പര്‍പോലും.

കവി : ഡി.വി. മണയത്താറ്റ്‌

ശ്ലോകം 789 : വെള്ളപ്പളുങ്കുനിറമൊത്ത...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : വസന്തതിലകം

വെള്ളപ്പളുങ്കുനിറമൊത്ത വിശുദ്ധരൂപീ
കള്ളം കളഞ്ഞു കമലത്തിലെഴുന്ന ശക്തീ
വെള്ളത്തിലെത്തിരകള്‍ തള്ളിവരും കണക്കെ--
ന്നുള്ളത്തില്‍ വന്നു വിളയാടു സരസ്വതീ നീ!

ശ്ലോകം 790 : വാക്കൊന്നെന്നുടെ വായില്‍...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വാക്കൊന്നെന്നുടെ വായില്‍ നിന്നൊരുവിധം വീണാലതിന്നേതുമേ
നീക്കം പിന്നെ വരുന്നതല്ലൊരു മുഖം നോക്കും നമുക്കില്ലതില്‍
വക്രത്വത്തൊടു രാജകല്‍പന വൃഥാ ലംഘിച്ചിടുന്നോര്‍കളെ--
ച്ചക്രശ്വാസമൊടിട്ടിഴച്ചു കഷണിപ്പിക്കും കണക്കെന്നിയേ

കവി : നടുവത്ത്‌ അച്ഛന്‍ നമ്പൂതിരി, കൃതി : ഭഗവദ്ദൂത്‌

ശ്ലോകം 791 : വിണ്ണാറിന്‍ വിരിമാറിലര്‍ദ്ധവലയ...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വിണ്ണാറിന്‍ വിരിമാറിലര്‍ദ്ധവലയാകാരത്തൊടേഴാകുമാ
വര്‍ണ്ണത്തിന്റെ പകിട്ടു കാട്ടിടുമണക്കെട്ടൊന്നുയര്‍ത്തി സ്വയം
വര്‍ണ്ണിക്കാനരുതാത്ത ചൂടിലുരുകും ലോകര്‍ക്കു താപം കെടും
വണ്ണം വെള്ളമൊഴുക്കുവോനുലകിതിന്‍ ചീഫെഞ്ചിനീറാരുവാന്‍!

കവി : ടി. എം. വി.

ശ്ലോകം 792 : വീണക്കമ്പികള്‍ മീട്ടി...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വീണക്കമ്പികള്‍ മീട്ടി നിന്‍ കരവിരല്‍ക്കെല്ലാമിരട്ടിക്കുമി--
ശ്ശോണത്വം ബത കണ്ടു "ഗാനമുടനേ നിര്‍ത്തേണ"മെന്നക്ഷിയും
"വേണം തെല്ലിടകൂടെ"യെന്നു ദുര കൊണ്ടെന്‍ കര്‍ണ്ണവും തങ്ങളില്‍
പ്രാണപ്രേയസി, തര്‍ക്കമാ - ണിവിടെ ഞാന്‍ മദ്ധ്യസ്ഥതയ്ക്കക്ഷമന്‍!

കവി : വള്ളത്തോള്‍, കൃതി : വിലാസലതിക

ശ്ലോകം 793 : വത്സസ്തോഭം മുകുന്ദന്‍...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : സ്രഗ്ദ്ധര

വത്സസ്തോഭം മുകുന്ദന്‍ വനഭുവി പശുപന്മാരുമായ്‌ മേച്ച കാലം
വത്സസ്തേയം വിധാതാ വിവശതയില്‍ വൃഥാ ചെയ്തു നിര്‍വ്വിണ്ണനായാന്‍
വത്സസ്തോമത്തെ നോക്കുമ്പൊഴുതു മകുടവും ഹാരപീതാംബരശ്രീ--
വത്സത്തോടേ വിളങ്ങീ ഭുവനമഖിലവും കണ്ടു വിഷ്ണു സ്വരൂപം

കവി : പൂന്താനം , കൃതി : ശ്രികൃഷ്ണകര്‍ണാമൃതം

ശ്ലോകം 794 : വാസുദേവ തവ ഭാസമാനമിഹ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : കുസുമമഞ്ജരി

വാസുദേവ തവ ഭാസമാനമിഹ രാസകേളിരസസൌരഭം
ദൂരതോऽപി ഖലു നാരദാഗദിതമാകലയ്യ കുതുകാകുലാ
വേഷഭൂഷണവിലാസപേശല വിലാസിനീശതസമാവൃതാ
നാകതോ യുഗപദാഗതാ വിയതി വേഗതോऽഥ സുരമണ്ഡലീ

കവി : മേല്‍പ്പത്തൂര്‍, കൃതി : നാരായണീയം (69:3)

ശ്ലോകം 795 : വര്‍ണ്ണിക്കാവല്ല വിഷ്ണോ...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : സ്രഗ്ദ്ധര

വര്‍ണ്ണിക്കാവല്ല വിഷ്ണോ! തവ ഗുണഗണമോരോന്നു ശേഷന്നു പോലും
കണ്ണില്‍ക്കാണുന്നവര്‍ക്കെന്തിതു വിഷയധിയാമെങ്കിലും പ്രാര്‍ത്ഥയേ ഞാന്‍
വിണ്ണില്‍ക്കൂടും ജനങ്ങള്‍ക്കധിപനവശനായ്‌ വന്നു കൈകൂപ്പി വീണോ--
രുണ്ണിത്തൃക്കാലൊരിക്കല്‍ മനസി മമ ധരിക്കായ്‌വരേണം കൃപാബ്ധേ!

കവി : പൂന്താനം , കൃതി : ശ്രീകൃഷ്ണകര്‍ണാമൃതം

ശ്ലോകം 796 : വിശ്വാമിത്ര, വസിഷ്ഠ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വിശ്വാമിത്ര, വസിഷ്ഠ, ഗൌതമ, ഭരദ്വാജാദികള്‍ നട്ടൊരാ
വിശ്വാസച്ചെടി കായ്ച്ചുണങ്ങിയ കനിത്തോടേന്തി വേദാന്തമേ!
വിശ്വം, ശക്തിതരംഗചാലിതവിയദ്ഗേഹങ്ങളില്‍, കാലമാ--
മശ്വത്തെപ്പുറകേ നടത്തുമിവിടേക്കെന്തിന്നു വന്നെത്തി നീ?

കവി : വയലാര്‍, കൃതി : ഗ്രാമദര്‍ശനം

ശ്ലോകം 797 : വരുന്ന ഗോപാല...

ചൊല്ലിയതു്‌ : ഉമാ രാജാ
വൃത്തം : ഉപേന്ദ്രവജ്ര

വരുന്ന ഗോപാലനിതംബിനീനാം
കരം പകര്‍ന്നാശു വിളങ്ങി കൃഷ്ണന്‍
വിരിഞ്ഞ പുഷ്പങ്ങളിലങ്ങുമിങ്ങും
വിരിഞ്ഞു മണ്ടുന്നൊരു വണ്ടു പോലെ

കവി : കുഞ്ചന്‍ നമ്പ്യാര്‍ , കൃതി : ശ്രീകൃഷ്ണചരിതം മണിപ്രവാളം

ശ്ലോകം 798 : വര്‍ത്തിച്ചീടുന്നൊരിക്കല്‍...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : സ്രഗ്ദ്ധര

വര്‍ത്തിച്ചീടുന്നൊരിക്കല്‍ ഗുരുവിനു സമമായ്‌, മിത്രമായ്‌ മറ്റൊരിക്കല്‍,
വര്‍ത്തിച്ചീടും പിതാവായ്‌, സപദി ജനനിയായ്‌, കാന്തയായും കദാചില്‍,
വര്‍ത്തിച്ചീടുന്നു വാഗീശ്വരിയുടെ നടനാരാമമായ്‌ സര്‍വ്വകാലം
വര്‍ത്തിച്ചീടുന്നു സക്ഷാല്‍ സുരതരു സദൃശം പുസ്തകം ഹസ്തസംസ്ഥം

കവി : ആര്‍. ഈശ്വരപിള്ള

ശ്ലോകം 799 : വാവായന്നുതുടങ്ങി...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വാവായന്നുതുടങ്ങിയിങ്ങു പലരും ചൊല്ലുന്നു ശ്ലോകം വെറും
വാവായെന്നു തുടങ്ങിയായതുവരുന്നയ്യഞ്ചു പത്തോളവും;
വാവല്ലാണ്ടൊരു മൂന്നു നാളുകഴിയാറായീ, മുടങ്ങാതിനീം
വാ വല്ലാണ്ടു കഴയ്ക്കുവോളമിതുമട്ടായാല്‍ രസം കെട്ടുപോം.

കവി : ബാലേന്ദു

ശ്ലോകം 800 : വിനാ ഗോ രസം കോ രസ:...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ഭുജംഗപ്രയാതം

വിനാ ഗോ രസം കോ രസോ ഭോജനാനാം
വിനാ ഗോ രസം കോ രസഃ കര്‍ഷകാണാം?
വിനാ ഗോ രസം കോ രസഃ കാമിനീനാം?
വിനാ ഗോ രസം കോ രസഃ പണ്ഡിതാനാം?

ശ്ലോകം 801 : വേണ്ടാതീനമശേഷമുണ്ടു...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വേണ്ടാതീനമശേഷമുണ്ടു; കുസൃതിക്കൂടാം കിടാങ്ങള്‍ക്കതേ--
വേണ്ടൂ പെട്ടിതുറന്നു വെയ്ക്കുകില്‍, വിശേഷിച്ചും പരസ്യങ്ങളില്‍;
തീണ്ടാരിത്തുണി, സോപ്പു, ലൂപ്പടിയുടുപ്പിത്യാദി കണ്ടാല്‍പ്പുറം--
തോണ്ടിക്കൊണ്ടവരെന്തതെന്തിനിതുമട്ടാരായുമോരോന്നുടന്‍!

കവി : എന്‍.കെ. ദേശം.

ശ്ലോകം 802 : താരാകദംബമിതു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തതിലകം

താരാകദംബമിതു താഴ്ന്ന,തുയര്‍ന്നതിന്ദു--
താനെന്നു ഹന്ത! കരുതിക്കവിപുംഗവന്മാര്‍
താരാധിനായകത ചന്ദ്രനു നല്‍കിയല്ലോ
ദൂരത്തു നില്‍ക്കിലറിയാന്‍ കഴിയാ യഥാര്‍ത്ഥം.

കവി : വി. സി. ബാലകൃഷ്ണപ്പണിക്കര്‍, കൃതി : വിശ്വരൂപം

ശ്ലോകം 803 : തസ്മിന്‍ പ്രായോപവിഷ്ടേ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : സ്രഗ്ദ്ധര

തസ്മിന്‍ പ്രായോപവിഷ്ടേ സതി സുരതടിനീപുണ്യതീരപ്രദേശേ
തത്രായാതാന്‍ സ്മരാമി വ്രജപ മുനിഗണാനാഗതം ശ്രീശുകം ച
ദൃഷ്ട്വാ തം പീതചേലം മണിമയമുരളീം പിഞ്ഛജാലം ച ഹിത്വാ
ലക്ഷ്മീകാന്തസ്സമേതി സ്വയമിതി മുനയോ മേനിരേ മാരുതേശ

കവി : ഭക്തകവി വാഴകുന്നം

ശ്ലോകം 804 : ദാരിദ്ര്യാഘാതമേറ്റിട്ടപഗത...

ചൊല്ലിയതു്‌ : ജീവി
വൃത്തം : സ്രഗ്ദ്ധര

ദാരിദ്ര്യാഘാതമേറ്റിട്ടപഗതധൃതിയായാപതിക്കുമ്പൊഴും, ഞാന്‍
സാരൈശ്വര്യപ്രതാപക്കൊടുമുടിയിലിരിക്കുമ്പൊഴും തുല്യമായി
താരാര്‍മാതിന്റെ മാറിന്നണിമരതകഭൂഷായിതം സര്‍വ്വലോകാ--
ധാരം നീരന്ധ്രധാരാധരമധുരശരീരം സ്മരിക്കാവു നിത്യം.

കവി : വി. കെ. ജി.

ശ്ലോകം 805 : തരളനുരകളാകും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മാലിനി

തരളനുരകളാകും ചാമരം ലോലശംഖാ--
ഭരണമിതുകള്‍ ചേരും സാഗരശ്രീകരീന്ദ്രന്‍
തരമൊടു തടഘാതക്രീഡചെയ്യുന്നു ചെന്നാ--
പ്പുരിയുടെ മികവേറും കോട്ടമേല്‍ കോട്ടമെന്യേ.

കവി : കവിയൂര്‍ രാമന്‍ നമ്പ്യാര്‍, കൃതി : ശ്രീകൃഷ്ണവിലാസം തര്‍ജ്ജമ

ശ്ലോകം 806 : തേളു തുച്ഛമൊരു കീടകം...

ചൊല്ലിയതു്‌ : ജീവി
വൃത്തം : കുസുമമഞ്ജരി

തേളു തുച്ഛമൊരു കീടകം പരമിതെന്തുചെയ്യുമൊരെറുമ്പിനെ--
ക്കാളുമില്ല പണി കൊല്ലുവാനിതിനെ വാഴുമെത്രയിതു വാഴ്കിലും;
ആളുകള്‍ക്കു പുനരെന്തുപേടി, യവര്‍ പേരുകേട്ടുമുടനോടിടും;
കാളുമുഗ്രവിഷമുള്ള വാല്‍മുനയതിന്റെ തീവ്രത കഥിപ്പതോ!

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍, കൃതി : അന്യാപദേശശതകം തര്‍ജ്ജമ

ശ്ലോകം 807 : ആതങ്കം കൈവളര്‍ത്തും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ആതങ്കം കൈവളര്‍ത്തും കടുവിഷമമൃതായ്‌ത്തീര്‍ന്നിടും; പന്നഗേന്ദ്ര--
വ്രാതം മെയ്പണ്ടമാകും; ഭഗവതി, ചുടലക്കാടൊരുദ്യാനമാകും;
ഭൂതപ്രേതാദിവര്‍ഗ്ഗം പുനരടിമകളാ; മുജ്ജ്വലാപാങ്ഗനോട്ടം
നീ തട്ടിക്കുന്ന ധന്യന്നൊരു ഭയലവമെ; ങ്ങായവന്‍ പാരിനീശന്‍.

കവി : വള്ളത്തോള്‍, കൃതി : ഭഗവത്സ്തോത്രമാല

ശ്ലോകം 808 : ഭൂരിതിക്തമിഹ കമ്പു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : കുസുമമഞ്ജരി

ഭൂരിതിക്തമിഹ കമ്പു, തോലതിലുമേറു, മേറുമതിലും ദലം,
പാരിലേറുമതിലും പ്രസൂന, മതിലും ത്വദീയമതിയാം ഫലം,
പാരിഭദ്ര, പരമാദ്ഭുതസ്ത്വ, മഥവാ തവ സ്തവമവാസ്തവം,
സൂരിവര്‍ണ്യമിഹ നിംബബീജമതുതാന്‍ തവാപി ജനനപ്രദം!

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ / നീലകണ്ഠശാസ്ത്രികള്‍, കൃതി : അന്യാപദേശശതകം തര്‍ജ്ജമ

ശ്ലോകം 809 : പൂവേ, സൌരഭമുള്ള നാള്‍...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പൂവേ, സൌരഭമുള്ള നാള്‍ ഭുവനമാന്യം നീ, പുരാരാമമ--
ല്ലാവാസം, സ്വയമിന്നദിഷ്ടകൃതമായീടുന്ന കാടെങ്കിലും
ഭൂവില്‍ത്താണറിയാത്ത ഗര്‍ഭമതിലുണ്ടാം ഹീരമേ, സ്വൈരമായ്‌
മേവാമത്ര കരേറി നീ മഹിതമാം കോടീര കോടീതടം.

കവി : കുമാരനാശാന്‍

ശ്ലോകം 810 : ഭൂവില്‍ത്താന്‍ വന്നുചേരും...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

ഭൂവില്‍ത്താന്‍ വന്നുചേരും സമയമനുസരിച്ചാണു പോല്‍ ജീവിതത്തിന്‍
ഭാവം രൂപം സമസ്തപ്രകൃതവുമിവിടെജ്ജീവികള്‍ക്കെന്നു കേള്‍പ്പൂ;
രാവിന്‍ നേര്‍പ്പാതിയില്‍പ്പാരിതിലവതരണം ചെയ്തതാവാം ഹരേ! നീ--
യേവം ചോരന്‍, വിടന്‍, ഘാതുക -- നിതു വിധമായ്ത്തീരുവാന്‍ ബന്ധമോര്‍ത്താല്‍.

കവി : ടി. എം. വി.

ശ്ലോകം 811 : രാവഞ്ചാറായി, വണ്ടിക്കുതിര...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : സ്രഗ്ദ്ധര

രാവഞ്ചാറായി, വണ്ടിക്കുതിരനിര കുളമ്പിട്ടടിച്ചോട്ടമായീ
പൂവഞ്ചും മേനിമാരും കണവരുമിണവിട്ടങ്ങുമിങ്ങും പിരിഞ്ഞൂ
പൂവമ്പന്‍ തന്‍ പുറപ്പാടിനു നെടുകുടയായ്പ്പൊന്തിടും തിങ്കളൊന്നി--
ച്ചാവമ്പേറും കിഴക്കന്‍ കടലവിടെ വിളങ്ങീടിനാന്‍ മോടിയോടും.

കവി : ഒടുവില്‍ കുഞ്ഞിക്കൃഷ്ണമേനോന്‍

ശ്ലോകം 812 : പാരാവാരം കരേറിക്കരകള്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

പാരാവാരം കരേറിക്കരകള്‍ മുഴുവനും മുക്കിമൂടാത്തതെന്തോ?
താരാവൃന്ദങ്ങള്‍ തമ്മില്‍ സ്വയമുരസി മറിഞ്ഞത്ര വീഴാത്തതെന്തോ?
നേരായാരാഞ്ഞു നോക്കീടുക മദമിയലും മര്‍ത്ത്യരേ, നിങ്ങളെന്നാ--
ലാരാല്‍ കണ്ടെത്തുമെല്ലാറ്റിനുമുപരി വിളങ്ങുന്ന വിശ്വസ്വരൂപം.

കവി : വി. സി. ബാലകൃഷ്ണപ്പണിക്കര്‍, കൃതി : വിശ്വരൂപം

ശ്ലോകം 813 : നീലനീരദനിഭാ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : കുസുമമഞ്ജരി

നീലനീരദനിഭാ നിശാകരനികാശനിര്‍മ്മലനിജാനനാ
ലോലലോചനലലാമശോഭിതലലാടലാലിതലലാപകാ
ശാലിതാ ശകുലശാരദാ ചരണചാരി ശാശ്വതശുഭാവഹാ
കാലകാല കമനീയകാമുക കലാകലാപ കലിതാപദാം.

കവി : ശ്രീനാരയണഗുരു, കൃതി : ദേവീപ്രണാമദേവ്യഷ്ടകം

ശ്ലോകം 814 : ശാസിയ്ക്കുവാനിത്തിരി...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഇന്ദ്രവജ്ര

ശാസിയ്ക്കുവാനിത്തിരിമെല്ലെയൊന്നു--
ഭാവിക്കുകില്‍ത്തന്നെയുടന്‍ കുമാരന്‍
നന്നായ്‌ ശരച്ചന്ദ്രമുഖം പിതുക്കി--
ക്കരഞ്ഞിടും ചെയ്യുവതെന്തുപിന്നെ

കവി : മുരളി, കൃതി: ശ്രീകൃഷ്ണകഥാമൃതം

ശ്ലോകം 815 : നാകമേതു? ഫണിലോകമേതു?...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : കുസുമമഞ്ജരി

നാകമേതു? ഫണിലോകമേതു? നരലോകമേതിവ ഭവിക്കിലി--
ന്നാകണം സകലദര്‍ശിയാം തവ വിലോകനത്തിനിതു ഗോചരം
ലോകമുള്‍ഭ്രമമിയന്നു വല്ലതുമുരച്ചിടട്ടെ, മതിമാന്‍ ഭവാന്‍
ഭേകമേ, കിണറിതൊന്നൊഴിഞ്ഞു പുനരന്യമെന്തിഹ ഭവിച്ചിടാം?

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ / നീലകണ്ഠദീക്ഷിതര്‍, കൃതി : അന്യാപദേശം തര്‍ജ്ജമ

ശ്ലോകം 816 : ലോലംബമാലാലളിതാളകേയം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

ലോലംബമാലാലളിതാളകേയം
ബന്ധൂകനിന്ദാപരദന്തചേലാ
ലവങ്ഗബാലച്ചദചാരുജിഹ്വാ
ചില്ലീജിതാനങ്ഗശരാസവല്ലീ

കവി : സീതാരാമ കവി, കൃതി : ബാലരാമവിജയം ചമ്പു

ശ്ലോകം 817 : ലക്ഷ്യം കൂടാതെ ലങ്കാനഗരം...

ചൊല്ലിയതു്‌ : ജീവി
വൃത്തം : സ്രഗ്ദ്ധര

ലക്ഷ്യം കൂടാതെ ലങ്കാനഗരമതു തകര്‍ത്തക്ഷമം രൂക്ഷനാകും
രക്ഷോജാലാധിപത്യം തടവിന ദശകണ്ഠന്റെ കണ്ഠം മുറിപ്പാന്‍
ലക്ഷ്യം വച്ചങ്ങു ചീറി ദ്രുതമണയുമൊരത്യുഗ്രമാം രാമബാണം
രക്ഷിച്ചീടട്ടെ നിത്യം കലിമലമകലെപ്പോക്കി നന്നാക്കി നമ്മെ.

കവി : വെണ്മണി മഹന്‍, കൃതി : കവിപുഷ്പമാല

ശ്ലോകം 818 : ലോകം ശാശ്വതമല്ല...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ലോകം ശാശ്വതമല്ല, ജീവിതസുഖസ്വപ്നങ്ങള്‍ മായും, വരും
ശോകം, മായികബുദ്ബുദങ്ങള്‍ മറയും, പായും സരിത്സഞ്ചയം,
നാകം കാല്‌പനികോത്സവാങ്കിതലസത്ക്കാനല്‍ജലം - പിന്നെയെ--
ന്തേകം, സത്യ, മനശ്വരം? മൃതി - അതേ, മൃത്യോ, ജയിക്കുന്നു നീ!

കവി : ചങ്ങമ്പുഴ

ശ്ലോകം 819 : നീലക്കല്ലാല്‍ വിരചിതമണി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മന്ദാക്രാന്ത

നീലക്കല്ലാല്‍ വിരചിതമണിച്ചെപ്പുപോലേ വിളങ്ങും
കോലപ്പോര്‍വന്മുല, കുവലയം വെന്റു മുഗ്ദ്ധേക്ഷണായാഃ
ബാലസ്നിഗ്ദ്ധം നഖപദമണിഞ്ഞശ്രുപാതാത്തരേഖം
ചാലത്തോന്റും ചുനയൊഴുകുമച്ചൂതപക്വങ്ങളെന്റു്‌.

കൃതി : ഉണ്ണുനീലിസന്ദേശം

ശ്ലോകം 820 : ബാലാര്‍ക്കായുത സത്പ്രഭാകരതലേ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ബാലാര്‍ക്കായുതസത്പ്രഭാകരതലേ ലോലംബമാലാകുലാം
മാലാം സന്ദധതിം മനോഹരതനും മന്ദസ്മിതോദ്യന്മുഖീം
മന്ദം മന്ദമുപേയുഷീം വരയിതും ശംഭും ജഗന്മോഹിനീം
വന്ദേ ദേവമുനീന്ദ്രവന്ദിതപദാം ഇഷ്ടാര്‍ഥദാം പാര്‍വതീം

ശ്ലോകം 821 : മധുമധുരമുദാരം...

ചൊല്ലിയതു്‌ : ജീവി
വൃത്തം : മാലിനി

മധുമധുരമുദാരം പാടിയെത്തുന്ന നാനാ--
മധുകരനികരത്തിന്‍ പ്രേമഗാനങ്ങള്‍ കേള്‍ക്കേ,
വിധുരതയിയലാതുള്ളോരു പുഷ്പങ്ങള്‍ മോദാല്‍
മധുരതരമരന്ദം തൂകിയാടുന്നു മന്ദം!

കവി : ചങ്ങമ്പുഴ, കൃതി : ഗീതാഞ്ജലി

ശ്ലോകം 822 : വെജിറ്റേറിയന്‍ നോണ്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ഭുജംഗപ്രയാതം

വെജിറ്റേറിയന്‍, നോണ്‍വെജിറ്റേറിയന്‍ -- ര--
ണ്ടിനം ഭക്ഷണം നാട്ടിലുണ്ടെന്നു കേള്‍പ്പൂ;
എജിറ്റേറിയന്‍ -- മുട്ട തിന്നുന്ന വര്‍ഗ്ഗം
വെജിറ്റേറിയന്മാര്‍ക്കു തുല്യം ഭവിക്കും.

കവി: ഏവൂര്‍ പരമേശ്വരന്‍, കൃതി: കുട്ടിശ്ലോകങ്ങള്‍

ശ്ലോകം 823 : എനിക്കില്ലാ പദ്യാവലി...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശിഖരിണി

"എനിക്കില്ലാ പദ്യാവലിയെഴുതുവാന്‍ നൈപുണമഹോ!
മിനക്കെട്ടാലുണ്ടാകിലുമതു പിഴച്ചീടു, മതിനാല്‍
കനക്കുന്നാക്ഷേപം കവികളിലുരയ്ക്കാ" മിതി സദാ
നിനയ്ക്കുന്നുണ്ടിപ്പോള്‍ ചില വിരുതരീര്‍ഷ്യാവസതികള്‍.

കവി : വെണ്മണി മഹന്‍, കൃതി : (സമസ്യാപൂരണം)

ശ്ലോകം 824 : കല്ലും മുള്ളുമതല്ലിടയ്ക്കു...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കല്ലും മുള്ളുമതല്ലിടയ്ക്കു കുഴിയും മാടും മരഞ്ചാടിയും
പുല്ലും പുറ്റുമിവറ്റകൊണ്ടു നിറയപ്പെട്ടുള്ള കാട്ടില്‍സ്സദാ
അല്ലല്‍പ്പെട്ടു നടന്നുഴന്നു കരകണ്ടീടാതെ കഷ്ണിച്ചിരു--
ന്നല്ലോ മാമക പുത്ര, രായതു നിനച്ചുള്‍ത്താരു കത്തുന്നു മേ

കവി : നടുവത്തച്ഛന്‍ നമ്പൂതിരി , കൃതി : ഭഗവദ്ദൂത്‌ നാടകം

ശ്ലോകം 825 : ആനന്ദൈകതരംഗിണീം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ആനന്ദൈകതരംഗിണീമലഹയന്നാളീകഹംസീമണീം
പീനോത്തുംഗഘനസ്തനാം ഘനലസത്പാടീരപങ്കോജ്ജ്വലാം
ക്ഷൌമാവീതനിതംബബിംബരശനാസ്യൂതക്വണത്കിങ്കിണീം
ഏണാംകാംബുജഭാസുരാസ്യനയനാം ശ്രീഭദ്രകാളീം ഭജേ.

കവി : ശ്രീനാരായണഗുരു, കൃതി : ഭദ്രകാള്യഷ്ടകം

ശ്ലോകം 826 : ക്ലിന്റണ്‍ ഡേറ്റിനു കേള്‍ക്കുകില്‍...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

"ക്ലിന്റണ്‍ ഡേറ്റിനു കേള്‍ക്കുകില്‍ത്തുനിയുമോ?" യൂയെസ്സിലാരാഞ്ഞൊരാള്‍,
"എന്താ സംശയ"മെന്നുരച്ചു ചിലപേര്‍, ആവേശപൂര്‍ണ്ണാത്മനാ;
"വേണ്ടാ സാഹസ"മെന്നു ചൊല്ലി ചിലരോ പിന്മാറി, ശാന്ത്യര്‍ത്ഥമായ്‌
അന്തം വിട്ടു കരഞ്ഞുപോ, "ലിനിയുമോ" ശേഷിച്ച യോഷാജനം!

കവി : ബാലേന്ദു

ശ്ലോകം 827 : വാനീരത്തില്‍ മദിച്ചു...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വാനീരത്തില്‍ മദിച്ചു പക്ഷികളിരിക്കുമ്പോള്‍ കൊഴിഞ്ഞുള്ള നല്‍--
സൂനം കൊണ്ടു സുഗന്ധമാര്‍ന്നതിതണുപ്പുള്ളച്ഛ വെള്ളത്തൊടും
താനേ കായ്കള്‍ പഴുത്തു നീലനിറമാം ജംബൂവനേ മുട്ടി നല്‍--
ധ്വാനത്തോടൊഴുകുന്ന ചോലകളിതാ നാനാ വഴിക്കങ്ങിനെ

കവി : ചാത്തുക്കുട്ടി മന്നാടിയാര്‍ / ഭവഭൂതി, കൃതി : ഉത്തരരാമചരിതം തര്‍ജ്ജമ

ശ്ലോകം 828 : തുമ്പത്തമ്പോടുകെട്ടി...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

തുമ്പത്തമ്പോടുകെട്ടിച്ചുരുള്‍മുടിപുറകോട്ടിട്ടതില്‍ച്ചന്തമേന്തും
തുമ്പപ്പൂംതൊത്തിണക്കിഗ്രഥിതദശസുമശ്രീലസന്മാലചാര്‍ത്തി
ഇമ്പത്തില്‍ത്തുമ്പിതുള്ളും നയനമുനയുമായ്‌ നില്‍ക്കെ, ഞാനോണലക്ഷ്മീ--
സമ്പത്തൊട്ടുക്കു കണ്ടേന്‍ സ്തനവിജിതലസല്‍ക്കണ്ടുകേ നിന്നിലന്നാള്‍.

കവി : കെ.എന്‍. ഡി.

ശ്ലോകം 829 : ഇരുണ്ടു നീണ്ടെന്തിതു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ഉപേന്ദ്രവജ്ര

ഇരുണ്ടു നീണ്ടെന്തിതു ഹന്ത! നോക്കുവിന്‍
കരണ്ടിടുന്നൂ കരപത്രമെന്നപോല്‍
ഇടയ്ക്കിടെപ്പൊന്തിന ദന്തപംക്തിയാല്‍
ഉടക്കിവാനാമൊരു ചെമ്പുപാളിയെ.

കവി : എ. ആര്‍. രാജരാജവര്‍മ്മ, കൃതി : മലയവിലാസം

ശ്ലോകം 830 : ഇരുള്‍ നിറഞ്ഞൊരു രാത്രിയില്‍...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ദ്രുതവിളംബിതം

ഇരുള്‍ നിറഞ്ഞൊരു രാത്രിയില്‍ വെറ്റില--
ച്ചുരുള്‍ തരാന്‍ ചുടുചുംബനമേകുവാന്‍
തരുണനാമെവനും സഖ വേണമങ്ങ--
രികിലോരുകിലോമലൊരംഗന

കവി : പ്രേംജി , കൃതി : നാല്‍ക്കാലികള്‍

ശ്ലോകം 831 : താരത്തില്‍ക്കണ്ടിടുന്നൂ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

താരത്തില്‍ക്കണ്ടിടുന്നൂ പല പെരിയ ജനം നിത്യവും നിന്നെ, മൂലാ--
ധാരത്തില്‍പ്പിന്നെ വേറേ ചില, രപരജനം താമരത്താരിനുള്ളില്‍;
സാരത്തെക്കണ്ടിടുന്നോരൊരു പൊഴുതിലഹോ! നിന്നെയല്ലാതെയന്യാ--
കാരത്തെക്കണ്ടിടുന്നില്ലയി, മധുരസമുദ്രോദ്ഭവേ ഭൂര്‍ ഭുവഃ സ്വഃ

കവി : കെ. കെ. രാജാ

ശ്ലോകം 832 : സകല ഫലസമൃദ്ധ്യൈ...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : മാലിനി

സകല ഫലസമൃദ്ധ്യൈ കേരളാനാം പ്രതാപം
പെരിയ പരശുരാമസ്യാജ്ഞയാ യത്ര നിത്യം
കനിവൊടു മഴകാലം പാര്‍ത്തുപാര്‍ത്തര്‍ഭകാണാം
ജനനി മുലകൊടുപ്പാനെന്നപോലേ വരുന്നു

കൃതി : ചന്ദ്രോത്സവം

ശ്ലോകം 833 : കൂലാക്രാന്തൈഹികാര്‍ത്തി...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

കൂലാക്രാന്തൈഹികാര്‍ത്തിക്രകചകൃതികൃതാര്‍ത്ഥാങ്കുരഭ്രൂകുടീകം,
കെയിലാസേശം, കിരീടീകദനകബളനോപാത്തകൈരാതരൂപം,
നാലാമ്‌നായാന്തനുത്യം, സുകൃതകൃതനതക്ഷേമദോമോഷിതാങ്കം,
കാളാഭ്രക്ഷ്വേളകണ്ഠം, കലിതകുമുദിനീകാന്തചൂഡം ഭജേഥാഃ

കവി : ശങ്കുണ്ണിക്കുട്ടന്‍

ശ്ലോകം 834 : നാദം, താളം, വെളിച്ചം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

നാദം, താളം, വെളിച്ചം, നിഴല്‍, നിറമിവയാല്‍ നൃത്തശില്‍പം രചിക്കും
കാലത്തിന്‍ കമ്രനാഭീനളിനകലികയില്‍ വീണ തൂമഞ്ഞുതുള്ളി
നാളത്തെപ്പൊന്നുഷസ്സിന്‍ പ്രമദവനികയില്‍ കല്‍പനാപത്മരാഗ--
ത്താലത്തില്‍ കാഴ്ചവൈക്കാന്‍ പ്രകൃതിയുടെ കലാശാല ഞാന്‍ തേടിവന്നൂ!

കവി : വയലാര്‍, കൃതി : ഗ്രാമദര്‍ശനം

ശ്ലോകം 835 : നാവിന്‍ തുമ്പത്തു തുമ്പം കളയും...

ചൊല്ലിയതു്‌ : ജീവി
വൃത്തം : സ്രഗ്ദ്ധര

നാവിന്‍ തുമ്പത്തു തുമ്പം കളയുമളികുലശ്യാമളശ്രീമണാള--
സ്വാമിക്കുള്ളായിരം പേരുക, ളകമലരില്‍ സച്ചിദാനന്ദരൂപം
ഏവം ഞാനീ പ്രപഞ്ചം മുഴുവനുമവിടുന്നെന്നു, മീ ഞാനുമെന്നും
ഭാവിക്കാറായ്‌വരട്ടേ ഭവഭയജലധിക്കക്കരെച്ചെന്നുപറ്റാന്‍

കവി : വി. കെ. ജി.

ശ്ലോകം 836 : എന്നില്ലത്തെത്തുമങ്ങോര്‍...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : സ്രഗ്ദ്ധര

എന്നില്ലത്തെത്തുമങ്ങോര്‍ വിജയദശമി നാള്‍ വാണിയെ ഗ്രന്ഥരൂപം
തന്നില്‍പ്പുജയ്ക്കു വെച്ചോരറയുടെ നടയില്‍ച്ചമ്പ്രമിട്ടങ്ങിരിക്കും
മുന്നില്‍ത്താന്താന്‍ പരത്തും മണലിലെഴുതിടും കൈവിരല്‍ത്തുന്‍പിനാല്‍ ഹാ
മിന്നിക്കാണമതില്‍ത്താനഴകിന കവിതാ വിദ്യതന്‍ പദ്യരൂപം!

കവി : പ്രേംജി, കൃതി : നാല്‍ക്കാലികള്‍

ശ്ലോകം 837 : മന്ദം മന്ദം മധുരനിനദൈഃ...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : മന്ദാക്രാന്ത

മന്ദം മന്ദം മധുരനിനദൈര്‍വേണുമാപൂരയന്തം
വൃന്ദം വൃന്ദാവനഭുവിഗവാം ചാരയന്തം ചരന്തം
ഛന്ദോഭാഗേ ശതമഖമഖ ധ്വംസിനാം ദാനവാനാം
ഹന്താരം തം കഥയരസനേ ഗോപകന്യാഭുജംഗം

കവി : ലീലാശുകന്‍ , കൃതി : ശ്രീകൃഷ്ണകര്‍ണാമൃതം

ശ്ലോകം 838 : ഛന്നോപാന്തഃ പരിണതഫല...

ചൊല്ലിയതു്‌ : ജീവി
വൃത്തം : മന്ദാക്രാന്ത

ഛന്നോപാന്തഃ പരിണതഫലദ്യോതിഭിഃ കാനനാമ്രൈ--
സ്ത്വയ്യാരൂഢേ ശിഖരമചലഃ സ്നിഗ്ധവേണീസവര്‍ണേ
നൂനം യാസ്യത്യമരമിഥുനപ്രേക്ഷണീയാമവസ്ഥാം
മധ്യേ ശ്യാമഃ സ്തന ഇവ ഭുവഃ ശേഷവിസ്താരപാണ്ഡുഃ

കവി : കാളിദാസന്‍, കൃതി : മേഘദൂതം

ശ്ലോകം 839 : നമ്രാണാം സന്നിധത്സേ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : സ്രഗ്ദ്ധര

നമ്രാണാം സന്നിധത്സേ സതതമപി പുരസ്തൈരനഭ്യര്‍ഥിതാനോऽ--
പ്യര്‍ഥാന്‍ കാമാനജസ്രം വിതരസി പരമാനന്ദസാന്ദ്രാം ഗതിം ച
ഇത്ഥം നിശ്ശേഷലഭ്യോ നിരവധികഫലഃ പാരിജാതോ ഹരേ! ത്വം
ക്ഷുദ്രം തം ശക്രവാടീദ്രുമമഭിലഷതി വ്യര്‍ഥമര്‍ഥിവ്രജോऽയം

കവി : മേല്‍പ്പത്തൂര്‍, കൃതി : നാരായണീയം (1:8)

ശ്ലോകം 840 : ഇക്കാലത്തുള്ള ഭാഷാ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ഇക്കാലത്തുള്ള ഭാഷാകവികളെയറിവില്‍പ്പെട്ടപോലൊട്ടുപേരെ--
ച്ചൊല്‍ക്കൊണ്ടീടുന്ന രാമായണപുരുഷരൊടൊപ്പിച്ചു കല്‍പ്പിച്ചിവണ്ണം
ദുഷ്ക്കാമാല്‍ തള്ളിവിട്ടീടിന മമ കൃതിയില്‍പ്പട്ടുമത്തെട്ടശേഷം
തക്കത്തില്‍ സ്ഫഷ്ടമാക്കുന്നതിലിവിടെ മനഃഖേദമില്ലേതുകൊണ്ടും.

കവി : മൂലൂര്‍ പദ്മനാഭപ്പണിക്കര്‍

ശ്ലോകം 841 : ദുഷ്ക്കര്‍മ്മം ചെയ്തിരിയ്ക്കാമഹം...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : സ്രഗ്ദ്ധര

ദുഷ്ക്കര്‍മ്മം ചെയ്തിരിയ്ക്കാമഹ, മതുമുഴുവന്‍ ചിത്രഗുപ്തന്‍ കണക്കിന്‍--
ബുക്കില്‍ കൊള്ളിച്ചിരിയ്ക്കാം, യമനുമതിനു കണ്ടോട്ടെയെന്നായിരിയ്ക്കാം,
മുക്കണ്ണപ്രാണനാഥേ! ഭഗവതി! തവ തൃക്കാലെഴും കാലമാരും
മുഷ്ക്കെന്നില്‍ ചെയ്യുമെന്നുള്ളൊരു ഭയമടിയന്നില്ല പുല്ലാണിതെല്ലാം.

കവി : ഒറവങ്കര

ശ്ലോകം 842 : മീനാങ്കോപമ, കണ്‍കലക്കമവിടേയ്ക്ക്‌...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മീനാങ്കോപമ, കണ്‍കലക്കമവിടേയ്ക്കൊട്ടല്ലുറങ്ങായ്കയാല്‍
മ്ലാനാപാണ്ഡുരമായ്ച്ചമഞ്ഞിതു മണം വീശുന്ന പൂമേനിയും;
ഞാനായിന്നലെ രാത്രിമാത്രമയി, ഹാ, വേര്‍പെട്ടതിന്‍ മൂലമീ--
ദ്ദൂനാവസ്തയിലായ്‌ ഭവാന്‍; മയി തവ സ്നേഹം മഹത്തെത്രയും!

കവി : വള്ളത്തോള്‍, കൃതി : വിലാസലതിക

ശ്ലോകം 843 : ഞാനീ ഗ്രീഷ്മസരോവരത്തില്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഞാനീ ഗ്രീഷ്മസരോവരത്തില്‍ വിടരും ചെന്താമരപ്പൂവിലും,
നാണിച്ചീവഴി നൃത്തമാടിയൊഴുകും കാട്ടാറിലും, കാറ്റിലും,
ധ്യാനിക്കുന്ന കലാചലത്തിലലിയും മൌനത്തിലും, കണ്ടു നിന്‍
വീണക്കമ്പിയിലംഗുലീമുനകളാല്‍ നീ തീര്‍ത്ത കാവ്യോത്സവം.

കവി : വയലാര്‍

ശ്ലോകം 844 : ധീരശ്രീ സര്‍വ്വസൈന്യാധിപനുടെ...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : സ്രഗ്ദ്ധര

ധീരശ്രീ സര്‍വ്വസൈന്യാധിപനുടെ കരവാ,ളൂഴിപന്നുള്ള ചെങ്കോ--
ലീരണ്ടിന്നും നമിക്കാത്തൊരു പഴയമഹാശക്തി മീതേ ജയിപ്പൂ
സാരജ്ഞേ! തല്‍ പ്രയുക്തം നിയമമനുസരിച്ചിന്നുലോകങ്ങളോരോ
നേരത്തോരോ വിധത്തില്‍ തിരിയുമതു തടുത്തീടുവാനാവതല്ല

കവി : വി.സി. ബാലകൃഷ്ണപ്പണിക്കര്‍ , കൃതി : ഒരു വിലാപം

ശ്ലോകം 845 : സംസത്തില്‍ സ്വാവമാനോദ്യത...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

സംസത്തില്‍ സ്വാവമാനോദ്യതനൃപഭടരോടാത്തരോഷന്‍, സ്വവീര്യം
ശംസിക്കും സാധുപൌരപ്പരിഷയിലലിവാര്‍ന്നുന്മിഷന്മന്ദഹാസന്‍,
അംസത്തില്‍ച്ചന്ദ്രലേഖാവിമലകുവലയാപീഡദന്തങ്ങളേന്തി--
ക്കംസധ്വംസത്തിനോങ്ങും മുരരിപുഭഗവാന്‍ നിങ്ങളെത്താങ്ങിടട്ടെ!

കവി : എ. ആര്‍. രാജരാജവര്‍മ്മ, കൃതി : ചാരുദത്തന്‍

ശ്ലോകം 846 : ആകുംമട്ടിലധര്‍മ്മകര്‍മ്മമധികം...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം :

ആകും മട്ടിലധര്‍മ്മകര്‍മ്മമധികം ചെയ്തിട്ടു ജീവിക്കിലും
ചാകുംനേരമെവന്‍ വിളിച്ചു മകനെ സ്നേഹേന: "നാരായണാ!"
ആ കുത്സാര്‍ഹനജാമിളന്‍ യമഭടത്തല്ലൊന്നുമേല്‍ക്കാതെ താന്‍
വൈകുണ്ഠത്തിലണഞ്ഞു പണ്ടു ഭഗവന്നാമപ്രഭാവത്തിനാല്‍

കവി : പ്രേംജി , കൃതി : നാല്‍ക്കാലികള്‍

ശ്ലോകം 847 : അഥ ദിക്ഷു വിദിക്ഷു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : തോടകം

അഥ ദിക്ഷു വിദിക്ഷു പരിക്ഷുഭിത--
ഭ്രമിതോദരവാരിനിനാദഭരൈഃ
ഉദഗാദുദഗാദുരഗാധിപതി--
സ്ത്വദുപാന്തമശാന്തരുഷാന്ധമനഃ

കവി : മേല്‍പ്പത്തൂര്‍, കൃതി : നാരായണീയം (55:4)

ശ്ലോകം 848 : ഊക്കേറും ശാപമൂലം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ഊക്കേറും ശാപമൂലം സ്മൃതി മറയുകയാല്‍ വല്ലഭന്‍ നിന്നെയന്നാള്‍
കൈക്കൊണ്ടില്ലിന്നു പിന്നെക്കലുഷമകലവേ സാദരം സ്വീകരിച്ചു;
ഉള്‍ക്കൊള്ളും ധൂളിമൂലം പ്രതിഫലനബലം മാഞ്ഞുനില്‍ക്കുന്ന നേര--
ത്തേല്‍ക്കാ കണ്ണാടിയൊന്നും, മലിനതയൊഴിയുന്നേരമെല്ലം ഗ്രഹിക്കും.

കവി : എ. ആര്‍. രാജരാജവര്‍മ്മ, കൃതി : ശാകുന്തളം തര്‍ജ്ജമ

ശ്ലോകം 849 : ഉണ്ണീ വാ വാ കുളിച്ചീടുക...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : സ്രഗ്ദ്ധര

"ഉണ്ണീ വാ വാ കുളിച്ചീടുക, കുറികളുമിട്ടൂണ്ണണം നീ കുമാരാ
ഇന്നല്ലോ നിന്‍ പിറന്നാള്‍ പൊടി ചെളികളണിഞ്ഞെന്തിവണ്ണം നടപ്പൂ?"
എന്നീവണ്ണം യശോദാ വചനമുടനെക്കേട്ടൊന്നു മെല്ലേച്ചിരിച്ചോ--
രുണ്ണിക്കണ്ണന്റെ ഭാവം മമ പുനരൊരുനാള്‍ കാണ്മതിന്‍ ഭാഗ്യമുണ്ടോ ?

കവി : പൂന്താനം , കൃതി : ശ്രീകൃഷ്ണ കര്‍ണാമൃതം

ശ്ലോകം 850 : എന്തേ നെട്ടോട്ടമോടാന്‍...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

"എന്തേ നെട്ടോട്ടമോടാന്‍? അപകടമധികം വല്ലതും വന്നുപെട്ടോ?"
"എന്തൊന്നോതേണ്ടു നാട്ടില്‍പ്പകരുമൊരു മഹാവ്യാധിയാകെപ്പടര്‍ന്നൂ!"
"എന്തിന്നായ്‌ നിങ്ങളോടുന്നവിടെയുമിതുപോല്‍ രോഗമേതാന്‍ പടര്‍ന്നോ?"
"എന്നാലെത്രയ്ക്കു ഭേദം! വികടകവിയൊരാള്‍ വന്നു, ബാലേന്ദു നാമം."

കവി : ബാലേന്ദു

ശ്ലോകം 851 : ഏഴാം സ്വര്‍ഗം വിടര്‍ന്നു...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

ഏഴാം സ്വര്‍ഗം വിടര്‍ന്നൂ തവ കടമിഴിയില്‍ക്കൂടി,യെന്നല്ല, ഞാനാം
പാഴാം പുല്‍ത്തണ്ടില്‍നിന്നും പലപല മധുരസ്വപ്നഗാനം പടര്‍ന്നു
കേഴാം ഞാന്‍ നാളെ, വീഴാ,മടിയിലഖിലവും തേളുചൂഴും തമസ്സില്‍--
ത്താഴാം താഴട്ടെ, കേഴട്ടരികില്‍ വരികയേ ഹൃദ്യമേ, മദ്യമേ, നീ!

കവി : ചങ്ങമ്പുഴ

ശ്ലോകം 852 : കണ്ടീടാനുണ്ടെളുപ്പം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

കണ്ടീടാനുണ്ടെളുപ്പം കളകമലദളക്കണ്ണനാമുണ്ണീയേ നാം
തെണ്ടേണ്ടാ നാടുതോറും ഗുരുപവനപുരത്തിങ്കലും ചെന്നിടേണ്ട
ഉണ്ടോ പൈമ്പാലൊരല്‍പ്പം, മതിമതിയതുനാമുള്ളില്‍ വെയ്ക്കേണമെന്നാല്‍
കണ്ടീടാം കണ്ണനെത്തും കൊതിയനതു കവര്‍ന്നുണ്ണുവാന്‍ മെല്ലെ മെല്ലെ.

കവി : കുഞ്ഞുണ്ണി

ശ്ലോകം 853 : ഉദയാസ്തമയങ്ങളെന്നിയെന്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : വിയോഗിനി

ഉദയാസ്തമയങ്ങളെന്നിയെന്‍
ഹൃദയാകാശമതിങ്കലെപ്പൊഴും
കതിര്‍വീശിവിളങ്ങിനിന്നവെണ്‍--
മതിതാനും സ്മൃതിദര്‍പ്പണത്തിലായ്‌

കവി : കുമാരനാശാന്‍ , കൃതി : ചിന്താവിഷ്ടയായ സീത

ശ്ലോകം 854 : കാണാനെന്തൊരു മോഹമെപ്പൊഴും...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം :

കാണാനെന്തൊരു മോഹമെപ്പൊഴുമെനിക്കെന്നോ! സുനീലാഞ്ജന--
ച്ചേണാളും തനുകാന്തിയേന്തിയെഴുമാപ്പുല്ലാങ്കുഴല്‍ക്കാരനെ.
കാണാതേ ചിലനേരമെന്റെ പിറകില്‍ക്കണ്‍പൊത്തിയെന്നെത്തുലോം--
നാണിപ്പിച്ചുവിടാന്‍ വരുന്ന കുസൃതിക്കൂടായ ഗോവിന്ദനെ!

ശ്ലോകം 855 : കീര്‍ത്തിയ്ക്കാം തിരുനാമം...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കീര്‍ത്തിയ്ക്കാം തിരുനാമ, മക്ഷരലസത്ക്കീര്‍ത്തേ, വിചാരങ്ങളാല്‍
ചാര്‍ത്തിയ്ക്കാം മലര്‍മാല, യെന്‍ ഹൃദി വിളങ്ങീടുന്ന നിന്‍മൂര്‍ത്തിമേല്‍
ഭക്ത്യുന്മത്തഘനം പൊഴിച്ചു മിഴിനീരാറാട്ടുമാ, മെങ്കിലീ--
മര്‍ത്ത്യത്വം പരദേവതേ, ക്ഷണികമായാലെ,ന്തെനിയ്ക്കുത്സവം!

കവി : മധുരാജ്‌

ശ്ലോകം 856 : ഭണ്ഡാരത്തിനകത്തു...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഭണ്ഡാരത്തിനകത്തു വന്‍ തുകയിടാന്‍ ലോക്കറ്റുവാങ്ങിയ്ക്കുവാന്‍
പണ്ടംതീര്‍ത്തണിയിയ്ക്കുവാന്‍ ഗജവരന്മാരെത്തരാനും ഹരേ
പണ്ടേതൊട്ടു ദരിദ്രനാകുമടിയന്നാവില്ല; നാമം ജപി--
ച്ചുണ്ടാകും മഹനീയഭക്തിയിവനുണ്ടാകാന്‍ കടാക്ഷിയ്ക്കണേ!

കവി : ചൂണ്ടല്‍ ബാലകൃഷ്ണപ്പണിക്കര്‍ , കൃതി : കവനകൌതുകം.

ശ്ലോകം 857 : പാലാഴിത്തയ്യലാള്‍ തന്‍...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : സ്രഗ്ദ്ധര

പാലാഴിത്തയ്യലാള്‍ തന്‍ തിരുനയനകലാലോലലോലംബമാലാ--
ലീലാരംഗം, ഭുജംഗേശ്വര മണിശയനേ തോയരാശൌ ശയാനം,
മേലേ മേലേ തൊഴുന്നേന്‍ - ജഗദുദയപരിത്രാണസംഹാരദീക്ഷാ--
ലോലാത്മാനം പദാന്തപ്രണത സകലദേവാസുരം വാസുദേവം

കവി : പുനം നമ്പൂതിരി, കൃതി : ഭാഷാരാമായണം ചമ്പു

ശ്ലോകം 858 : മാനം, മര്യാദ, മാന്യപ്രണയ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

മാനം, മര്യാദ, മാന്യപ്രണയമധുരമാം ശീല, മൊക്കുന്ന മട്ടില്‍
ദാനം തൊട്ടുള്ള നാനാ ഗുണവിഭവമിണങ്ങീടുമെന്‍ പ്രാണനാഡി!
ജ്ഞാനധ്യാനൈകരൂപാമൃതമണയുവതിന്നുള്ള നിന്നന്ത്യയാത്ര--
യ്ക്കാനന്ദം കൈവരട്ടേ, തവ വിമല കഥാവസ്തു ശേഷിച്ചിടട്ടെ!

കവി : വി. സി. ബാലകൃഷ്ണപ്പണിക്കര്‍, കൃതി : ഒരു വിലാപം

ശ്ലോകം 859 : ജ്വലദക്ഷിപരിക്ഷരത്‌...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : തോടകം

ജ്വലദക്ഷിപരിക്ഷരദുഗ്രവിഷഃ
ശ്വസനോഷ്മഭരഃ സ മഹാഭുജഗഃ
പരിദശ്യ ഭവന്തമനന്തബലം
സമവേഷ്ടയദസ്ഫുടചേഷ്ടമഹോ!

കവി : മേല്‍പ്പത്തൂര്‍, കൃതി : നാരായണീയം (55:6)

ശ്ലോകം 860 : പാടീ കല്യാണി ലോലം...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം :

പാടീകല്യാണി ലോലം നവരസരസികം മോഹനം മോടികൂട്ടീ
തോടിയ്ക്കും, ഭൈരവിയ്ക്കും തരിവിതറിയിലത്താളമുത്താളമേളം
തേടീ കാംബോജി, നീലാംബരി, ബിലഹരിയെസ്സദ്വിജാവന്തിയില്‍, കേ--
ട്ടാടീ രാഗപ്രപഞ്ചം ശ്രുതിലയവശഗം, ചേങ്കിലേ മംഗലം തേ!

കവി : ഉണ്ണികൃഷ്ണന്‍ ന്യൂ ഡല്‍ഹി , കൃതി : കഥകളി ഭ്രാന്ത്‌

ശ്ലോകം 861 : തന്നെത്താന്‍ നിജചിന്തയാല്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

തന്നെത്താന്‍ നിജചിന്തയാല്‍ ബലികഴിച്ചാര്‍ജ്ജിച്ച നിക്ഷേപമി--
ങ്ങന്യന്മാര്‍ പകരുന്നകണ്ടു കൃതിയായ്ത്തീരുന്നു വിദ്വാന്‍ സ്വയം
പിന്നെത്തല്‍പരിപോഷണശ്രമഫലം പാര്‍ത്താലവന്‍ പൂണ്ടിടും
ധന്യത്വം പറയേണ്ടതില്ലയി ഭവാന്‍ മോദിച്ചു സത്യം മുനേ!

കവി : കുമാരനാശാന്‍, കൃതി : പ്രരോദനം

ശ്ലോകം 862 : പണ്ടേയുണ്ടാക്കിയിട്ടുള്ളൊരു...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : സ്രഗ്ദ്ധര

പണ്ടേയുണ്ടാക്കിയിട്ടുള്ളൊരു കവിതകള്‍ പീയൂഷതുല്യങ്ങളിപ്പോ--
ളുണ്ടല്ലോ വേണ്ടുവോളം പുനരവകള്‍ സഹസ്രാംശമിങ്ങാരറിഞ്ഞു?
ഇണ്ടല്‍പ്പെട്ടെന്തിനിപ്പോള്‍ ഗുണലവമണയാതുള്ള പദ്യങ്ങള്‍ ഞാന്‍ കൂ--
ടുണ്ടാക്കുന്നെന്നുവെച്ചിട്ടൊരു മടിയുളവാ,യായതോ പോയിതിപ്പോള്‍

കവി : മുന്‍ഷി പി. രാമക്കുറുപ്പ്‌

ശ്ലോകം 863 : ഈറ്റില്ലവും പട്ടടയും...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ഇന്ദ്രവജ്ര

ഈറ്റില്ലവും പട്ടടയും നിനയ്ക്കി--
ലിങ്ങേതുമങ്ങേതുമിടയ്ക്കുവന്നോ
തന്‍ ചാണ്‍വയറ്റിന്‍ കനലിന്നു കത്താന്‍
ത്രെയിലോക്യമത്രേ വിറകെന്നു ഭാവം

കവി : ഉള്ളൂര്‍

ശ്ലോകം 864 : തൊഴിലിനു വഴിമുട്ടീ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മാലിനി

തൊഴിലിനു വഴിമുട്ടീ, വിദ്യ ചുമ്മാതെയായീ
അഴിമതി തലപൊക്കീ, നാട്ടിലാസ്വാസ്ഥ്യമായീ;
യുവജനമിവിടെന്തേചെയ്‌വ, തിന്നക്രമത്തിന്‍
പൊടിപടലമുയര്‍ന്നാല്‍പോലുമാശ്ചര്യമുണ്ടോ?

കവി : ഏവൂര്‍ പരമേശ്വരന്‍

ശ്ലോകം 865 : യോഗാഭ്യാസങ്ങള്‍ ചെയ്തും...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : സ്രഗ്ദ്ധര

യോഗാഭ്യാസങ്ങള്‍ ചെയ്തും ഹിതമശനമൊടും പഥ്യമാം ചര്യയോടും
ദേഹം രക്ഷിച്ചുപോരുന്നവരുമൊരസുഖം വന്നു മാറാതെയായാല്‍
വൈകാതിംഗ്ലീഷ്‌ മരുന്നേ ഗതിയിനിയിവനെന്നോര്‍ത്തിടും പോലെ നേര്‍ക്കും
ശോകാശങ്കാദി നീങ്ങാന്‍ ജഗദധിപതിയെക്കൂപ്പിടും നാസ്തികന്മാര്‍.

കവി : രാജേഷ്‌ വര്‍മ്മ

ശ്ലോകം 866 : വാരിരാശി ചുഴലുന്ന...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : കുസുമമഞ്ജരി

വാരിരാശി ചുഴലുന്ന ഭൂമിയില്‍ നിറഞ്ഞുതിങ്ങിന യശോനിലാ-
വാശു തൂകിനൊരു താരകേശ! പലനാള്‍ വിളങ്ങുക മഹാമതേ!
ഘോരരാമരിയ വൈരിവാരണമുഖേഷു മേവിന മൃഗേന്ദ്ര, നീ
ധീരവീരവര! മാടഭൂതിലക! വീരകേരളമഹീപതേ!

ശ്ലോകം 867 : ഘോരഘോരരവ...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : കുസുമമഞ്ജരി

ഘോരഘോരരവപൂരിതാഖിലദിഗന്തരാളനടനാന്തരേ
സൂരകോടിസമഭാസുരാനന ലലാടലോചന ജഗത്‌പതേ
നാരദാദിമുനിഗീയമാനമഹിതാപദാന ഗിരിജാപതേ
കോടിശെയിലപുരവാസിതേ ഭവതു സുപ്രഭാഭതമതി ശോഭനം.

ശ്ലോകം 868 : നിഹതാസുരനിവഹേ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശങ്കരചരിതം

നിഹതാസുരനിവഹേ!യുധി മഹതാ ഭജമഹസാ
ജഹി തം നൃപമതിദുര്‍മ്മതിമഹിതം മമ സഹസാ
നഹി തേ ശ്രമകണികാ ഗിരിദുഹിതുഃ കിരിമുഖി! മാം
മഹിതേ പദകമലേ തവ വിഹിതാനനതിമവിതും

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍, കൃതി : ദണ്ഡനാഥാസ്തോത്രം

ശ്ലോകം 869 : നേരോര്‍ത്താലൊരു പദ്യം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നേരോര്‍ത്താലൊരു പദ്യമെങ്കിലുമഹോ! തീര്‍ക്കാതെ പാരൊക്കെയും
പേരാളുന്നൊരു നീലകണ്ഠധരണീദേവങ്കലാവിര്‍മ്മുദാ
ധാരാളം ധനമുള്ളതോര്‍ത്തിഹ കുബേരസ്ഥാനമര്‍പ്പിക്കുകില്‍
പാറായിത്തരകങ്കലാക്കിലതിലും നന്നാകുമെന്നെന്‍ മനം.

കവി : മൂലൂര്‍ പദ്മനാഭപ്പണിക്കര്‍

ശ്ലോകം 870 : ധ്യായേത്‌ പദ്മാസനസ്ഥാം...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

ധ്യായേത്‌ പദ്മാസനസ്ഥാം വികസിത വദനാം പദ്മപത്രായതാക്ഷീം
ഹേമാംബാം പീതവസ്ത്രാം കരകലിതലസദ്ധേമപദ്മാം വരാംഗീം
സര്‍വ്വാലങ്കാരയുക്താം സതതമഭയദാം ഭക്തനമ്രാം ഭവാനീം
ശ്രീവിദ്യാം ശാന്തമൂര്‍ത്തീം സകലസുരനുതാം സര്‍വസമ്പത്‌പ്രദാത്രീം

ശ്ലോകം 871 : സിന്ദൂരാരുണവിഗ്രഹാം...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

സിന്ദൂരാരുണവിഗ്രഹാം ത്രിണയനാം മാണിക്യമൌലീസ്ഫുരത്‌-
താരാനായകശേഖരാം സ്മിതമുഖീമാപീനവക്ഷോരുഹാം
പാണിഭ്യാമളിപൂര്‍ണരക്തചഷകം രക്തോല്‍പലം ബിഭ്രതീം
സൌമ്യാം രത്നഘടസ്ഥരക്തചരണാം ധ്യായേത്‌ പരാമംബികാം

ശ്ലോകം 872 : പാരേപാഥോനിധി കുലപുരീ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മന്ദാക്രാന്ത

പാരേപാഥോനിധി കുലപുരീ കൂപകക്ഷ്മാപതീനാം
ലക്ഷ്യാ ലക്ഷ്മീവിതരണകലാസമ്പദോ ഹേമകക്ഷ്യാ
ഫേനക്ഷൌമാംബരനിചുളിതാന്‍ യന്നിഷദ്യാസു ഹൃദ്യാന്‍
വീചീഹസ്തൈര്‍വികിരതി മണീന്‍ നിത്യമംഭോധിരേവ.

കവി : വാസുദേവന്‍ നമ്പൂതിരി

ശ്ലോകം 873 : ഫാലനേത്രമതിലുള്ള...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : കുസുമമഞ്ജരി

"ഫാലനേത്രമതിലുള്ള തീപ്പൊരിപടര്‍ന്നുകേറി ജട കത്തിടാം
ജ്വാല വേഗമൊടണച്ചിടുന്നതിനു വേണ്ടിയാറു കരുതുന്നതാം"
ശെയിലപുത്രിയുടെകോപമാറ്റുവതിനീവിധത്തിലടവോതുമ-
ക്കാലകാലനുടെ കാലുതാന്‍ ശരണമേതു വിഘ്നവുമൊഴിക്കുവാന്‍.

കവി : ബാലേന്ദു

ശ്ലോകം 874 : ശ്ലോകാര്‍ണ്ണവം തപ്പിയെടുത്തു...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ഇന്ദ്രവജ്ര

ശ്ലോകാര്‍ണ്ണവം തപ്പിയെടുത്തു വേണ്ടും
പാകത്തിലാമുത്തുകള്‍ വേര്‍തിരിച്ച്‌
ആസ്വാദകര്‍ക്കായി നിരത്തിവെച്ചോ-
രാചാര്യരേ, ഞാനിത കുമ്പിടുന്നേന്‍

കവി : കുറിച്ചിയത്തു മാധവമേനോന്‍ , കൃതി : 'പീജീപി' സപ്തതി

ശ്ലോകം 875 : ആസീത്‌ പുരാ പരമ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തതിലകം

ആസീത്‌ പുരാ പരമപാവനകീര്‍ത്തിഭൂമാ
നാകോപമേ നിഷധനീവൃതി നീതിശാലീ
രാജാ രതീശസുഭഗോ ജഗദേകവീരഃ
ശ്രീവീരസേനതനയോ നളനാമധേയഃ

കവി : ഉണ്ണായി വാര്യര്‍, കൃതി : നളചരിതം ആട്ടക്കഥ

ശ്ലോകം 876 : രാധയ്ക്കാരാധനയ്ക്കോ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : സ്രഗ്ദ്ധര

രാധയ്ക്കാരാധനയ്ക്കോ, വിമലമതി യശോദയ്ക്കു നിന്‍ കൈതവം നിര്‍-
ബ്ബാധം കൈക്കൊണ്ടതിന്നായ്‌ വിബുധമഹിതമാം സദ്യശസ്സേകുവാനോ
നന്ദാനന്ദത്തിനാണോ വിജയനെ വിജയിപ്പിക്കുവാന്‍ വേണ്ടിയാണോ
ബന്ധം മോക്ഷം തരില്ലെന്നതു പറവതിനോ നീ യുഗാന്ത്യത്തില്‍ വന്നൂ?

കവി : മധുരാജ്‌

ശ്ലോകം 877 : നീളത്തിലഗ്ഗീതം...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ഇന്ദ്രവജ്ര

നീളത്തിലഗ്ഗീതമവന്റെ കണ്ഠ-
നാളത്തില്‍ നിന്നങ്ങു വിനിര്‍ഗ്ഗളിയ്ക്കേ
ഓളങ്ങളാകുന്ന കരങ്ങള്‍കൊണ്ടു
താളം പിടിച്ചൂ നദി മെല്ലെ മെല്ലെ

കവി : വള്ളത്തോള്‍ , കൃതി : ഒരു തോണിയാത്ര

ശ്ലോകം 878 : ഓട്ടീലൊട്ടിച്ചു നാള...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ഓട്ടീലൊട്ടിച്ചു നാളത്തിരുനടുവെളി പാര്‍ത്തങ്കുശുങ്കെന്നു തട്ടി-
ക്കൂട്ടിപ്പൂട്ടിപ്പിടിച്ചക്കുതിരയെ നടുറോട്ടൂടെയോടിച്ചു വേഗം,
ചാട്ടിന്‍ കൂട്ടിങ്കലുള്‍ച്ചഞ്ചലതരമിളകും പഞ്ചരാജാക്കള്‍ പോം മുന്‍
കൂട്ടക്കൊട്ടൊടു കോട്ടയ്ക്കകമതു കരയേറിസ്സുഖിപ്പാന്‍ വരം താ.

കവി : ശ്രീനാരായണഗുരു, കൃതി : സുബ്രഹ്മണ്യകീര്‍ത്തനം

ശ്ലോകം 879 : ചൊല്ലിക്കേള്‍ക്കുമ്പൊഴേയ്ക്കും...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : സ്രഗ്ദ്ധര

ചൊല്ലിക്കേള്‍ക്കുമ്പൊഴേയ്ക്കും ചുരുള്‍ നിവരുമുദാരാശയശ്രീ, മരന്ദം
വെല്ലും ശബ്ദങ്ങളേലും ശ്രുതിസുഖ, മഴകാം ശയ്യ തന്‍ മെയ്യൊതുക്കം;
കല്യശ്രീ കല്‍പനാ സല്‍പ്രഭ - യിവ തികയും ശ്ലോകമാ ശ്രോതൃചിത്തം
തുള്ളും മട്ടാലപിക്കും കലയൊടു തുലനത്തിന്നു മേറ്റ്ന്തു മന്നില്‍?

കവി : ടി. എം. വി., കൃതി : അക്ഷരശ്ലോകമഹിമ

ശ്ലോകം 880 : കണ്ണാര്‍ക്കും കണ്ടിടാതെ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

"കണ്ണാര്‍ക്കും കണ്ടിടാതുള്ളിരുളിലിഹ നടക്കുന്നതാരാ?", "പുലച്ചി-
പ്പെണ്ണാണേ തമ്പുരാനേ, തടിവിറകു പിറക്കീടുവാന്‍ താമസിച്ചേന്‍;
ഉണ്ണാന്‍ മേടിച്ചൊരിക്കല്ലരിമണിയുരിയാണമ്മയാണച്ചനാണെന്‍
കണ്ണാണേ തീണ്ടിയെന്നാലതടിയനറിയാഞ്ഞാണു കുഞ്ഞാണെ സത്യം".

കവി : എം. ആര്‍. കൃഷ്ണവാര്യര്‍

ശ്ലോകം 881 : ഉത്‌പന്നമായതു നശിക്കും...

ചൊല്ലിയതു്‌ : ജീവി
വൃത്തം : വസന്തതിലകം

"ഉത്‌പന്നമായതു നശിക്കും; അണുക്കള്‍ നില്‌ക്കും;
ഉത്‌പന്നനാമുടല്‍വെടിഞ്ഞൊരു ദേഹി വീണ്ടും;
ഉത്‌പത്തി കര്‍മ്മഗതിപോലെ വരും ജഗത്തില്‍"
കല്‌പിച്ചിടുന്നിവിടെയിങ്ങനെയാഗമങ്ങള്‍.

കവി : കുമാരനാശാന്‍, കൃതി : വീണപൂവ്‌

ശ്ലോകം 882 : ഉണ്ണിയ്ക്കു തീറ്റിയധികം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തതിലകം

ഉണ്ണിയ്ക്കു തീറ്റിയധികം, കളി നാസ്തിയത്രേ,
വണ്ണിയ്ക്കയാണുരലുപോലെയവന്റെ ദേഹം;
ദണ്ഡംകുറച്ചധികമാണു, നടപ്പു കണ്ടാല്‍
കണ്ണില്‍പ്പെടുന്ന ജനമോ കളിയാക്കിടുന്നു.

കവി : ഏവൂര്‍ പരമേശ്വരന്‍

ശ്ലോകം 883 : ദദ്ദ്യാദ്ദയാനുപവനോ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : വസന്തതിലകം

ദദ്ദ്യാദ്ദയാനുപവനോ ദ്രവിണാംബുധാരാ-
മസ്മിന്നകിഞ്ചനവിഹംഗശിശൌ നിഷണ്ണേ
ദുഷ്കര്‍മ്മഘര്‍മ്മമപനീയചിരായദൂരാ-
ന്നാരായണപ്രണയിനീ നയനാംബുവാഹാ

കവി : ശങ്കരാചാര്യര്‍, കൃതി : കനകധാരാസ്തവം

ശ്ലോകം 884 : ദേശേ കാലടിനാമ്‌നി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ദേശേ കാലടിനാമ്‌നി കേരളധരാശോഭങ്കരേ സദ്‌ദ്വിജോ
ജാതശ്ശ്രീപതിമന്ദിരസ്യ സവിധേ സര്‍വജ്ഞതാം പ്രാപ്തവാന്‍
ഭൂത്വാ ഷോഡശവത്സരേ യതിവരോ ഗത്വാ ബദര്യാശ്രമം
കര്‍ത്താ ഭാഷ്യനിബന്ധനസ്യ സുകവിശ്‌ശ്രീശങ്കരഃ പാതു വഃ

കവി : ഗോവിന്ദനാഥന്‍

ശ്ലോകം 885 : ഭാരാധിക്യാതിദൂനാ...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

ഭാരാധിക്യാതിദൂനാ യുവതിയൊരുവളന്നാത്മഹത്യയ്ക്കൊരുങ്ങി--
ക്കേറീ പൊക്കം പെരുത്തോരിരുനില; യവിടുന്നങ്ങു താഴേയ്ക്കു ചാടീ;
നേരം പിന്നിട്ടു; ബോധം തെളിയവെയരികത്തുള്ളൊരാള്‍ ചൊല്ലിനാന്‍, "നി--
സ്സാരം നിങ്ങള്‍ക്കു പേറ്റെ, തവ പതനപഥേ നിന്ന മൂന്നാള്‍ കഴിഞ്ഞൂ".

കവി : ബാലേന്ദു

ശ്ലോകം 886 : നില്‍ക്കട്ടേ പേറ്റുനോവിന്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

നില്‍ക്കട്ടേ പേറ്റുനോവിന്‍ കഥ, രുചികുറയും കാല, മേറും ചടപ്പും
പൊയ്ക്കോട്ടേ, കൂട്ടിടേണ്ടാ മലമതിലൊരു കൊല്ലം കിടക്കും കിടപ്പും,
നോക്കുമ്പോള്‍ ഗര്‍ഭമാകും വലിയ ചുമടെടുക്കുന്നതിന്‍ കൂലി പോലും
തീര്‍ക്കാവല്ലെത്ര യോഗ്യന്‍ മകനു, മതു നിലയ്ക്കുള്ളൊരമ്മേ തൊഴുന്നേന്‍!

കവി: കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍, കൃതി : ശങ്കരാചാര്യചരിതം

ശ്ലോകം 887 : നക്ഷത്രം വിളയുന്ന മണ്ഡപം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നക്ഷത്രം വിളയുന്ന മണ്ഡപ, മഹങ്കാരത്തെ വാത്സല്യമായ്‌
ശിക്ഷിക്കും മഹിതത്വ, മന്യകലയില്‍ക്കണ്ണായ പുണ്യാലയം,
രക്ഷാബന്ധ, മനേകകര്‍മ്മവിരുതിന്നേകത്വ, മാത്മാവിലും
ലക്ഷ്മീദേവിയെടുത്തറിഞ്ഞ കുറി, നീ സൌഭാഗ്യഭാഗ്യക്കുറി!

കവി : എസ്‌. രമേശന്‍ നായര്‍, കൃതി : സ്വാതിമേഘം

ശ്ലോകം 888 : രക്ഷയ്ക്കാളാരുമെന്യേ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

രക്ഷയ്ക്കാളാരുമെന്യേ മിഴി കുഴികളിലായ്‌ മെയ്‌മെലിഞ്ഞാത്മഭാണ്ഡം
കക്ഷത്തില്‍ ചേര്‍ത്തു നിത്യം ദിശിദിശി ചുടുമുള്‍ത്തട്ടൊടും സഞ്ചരിക്കും
ഭിക്ഷക്കാരായവര്‍ക്കാര്‍ദ്രതയുടെ നടനപ്പന്തലാമുള്ളമോടീ
ദക്ഷന്‍ മൃഷ്ടാന്നമേറെത്തെളിവവരിലുടന്‍ ചേരുമാറേകിടുന്നു.

കവി : കട്ടക്കയത്തില്‍ ചെറിയാന്‍ മാപ്പിള, കൃതി : ഉപനയന്മംഗളം

ശ്ലോകം 889 : ഭസ്മം തൊട്ട നിലാവു നിന്നു...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഭസ്മം തൊട്ട നിലാവു നിന്നു വിരലാല്‍ നാരായണീയം പകു,-
ത്തസ്മത്‌പ്രാണനെ വേണുവാക്കി, യതു നിന്‍ ചുണ്ടത്തു നേദിയ്ക്കവേ
സസ്മേരം പുളകാംഗിയാം യമുനപോല്‍ നെയ്യാറുപാഞ്ഞീടവേ
വിസ്മേരം തവലീല ഗോപകുലമാമമ്പാടിയിദ്ദേശവും

കവി : രമേശന്‍ നായര്‍, കൃതി : കൃഷ്ണഗാഥ

ശ്ലോകം 890 : സമ്പൂര്‍ണകുംഭോ ന...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ഇന്ദ്രവജ്ര

സമ്പൂര്‍ണകുംഭോ ന കരോതി ശബ്ദം
അര്‍ധോ ഘടോ ഘോഷമുപൈതി നൂനം
വിദ്വാന്‍ കുലീനോ ന കരോതി ഗര്‍വം
മൂഢാസ്തു ജല്‍പന്തി ഗുണൈര്‍വിഹീനാഃ

ശ്ലോകം 891 : വിജയപുരിനിവാസി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : അപര

വിജയപുരിനിവാസി, വര്‍ത്തക-
വ്രജപതി, യാവഴി പോന്നുവന്നൊരാള്‍
സ്വജനമൊടു വരിച്ചു ലീലയേ
നിജസുതനായി വധൂകരിക്കുവാന്‍.

കവി : കുമാരനാശാന്‍, കൃതി : ലീല

ശ്ലോകം 892 : സന്ധ്യാനാമങ്ങള്‍ ചൊല്ലും...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : സ്രഗ്ദ്ധര

സന്ധ്യാനാമങ്ങള്‍ ചൊല്ലും പതിവിനിഹ പുനര്‍ജ്ജന്മമുണ്ടായിടട്ടേ!
പൊന്താതാവട്ടെയന്തിക്കതിചപല ചലച്ചിത്ര ഗീതങ്ങള്‍ മേലാല്‍
അന്തത്തോടൊട്ടടുത്താപ്പടുകിഴവര്‍ വരെദ്ദീര്‍ഘനിശ്വാസപൂര്‍വം
ചിന്തിക്കും കാര്യമിന്നാക്കമനികളുടെ സദ്‌വൃത്ത, മീശന്റെയല്ല.

കവി : ടി. എം. വി.

ശ്ലോകം 893 : അക്ഷരസ്ഫുടതയോടു...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : രഥോദ്ധത

അക്ഷരസ്ഫുടതയോടു കൂടിയും
രാഗതാളലയഭാവമോടെയും
പാട്ടനേകമതു പാടിമേവിടും
യേശുദാസു വിജയിച്ചു വാഴുക

കവി : ഋശി കപ്ലിങ്ങാടു്‌

ശ്ലോകം 894 : പ്രീതിക്കാസ്പദമായ മറ്റു...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പ്രീതിക്കാസ്പദമായ മറ്റു വിഷയം സര്‍വ്വം മറന്നംഗകം
പാതിപ്പെ, ട്ടുയിര്‍ മാത്രശേഷനിവനീക്കൈവന്ന കല്‍ത്തുണ്ടുമേല്‍
ഊതിക്കൊണ്ടു ചുരുണ്ടു രാപ്പകലൊരേ മട്ടാമിരിപ്പാണു, മേല്‍
ഭൂതിക്കുറ്റ നിദാനമായിതൊരു നാള്‍ മാണിക്യമായെങ്കിലോ!

കവി : ടി. എം. വി.

ശ്ലോകം 895 : ഉമ്പര്‍ക്കുള്‍ക്കിടിലം വളര്‍ത്തും...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഉമ്പര്‍ക്കുള്‍ക്കിടിലം വളര്‍ത്തുമസുരന്മാരെത്തുലയ്ക്കാന്‍ ഭവാ-
നമ്പാടിയ്ക്കഴകായ്പ്പിറന്നതു മറന്നാന്‍പോല്‍ നിലിമ്പേശ്വരന്‍
ഡംഭം പൂണ്ടു പൊഴിച്ച പേമഴയില്‍ നീ കുന്നേറ്റുമാറായി, ഞാന്‍
തുമ്പറ്റോന്‍, തവ പൊല്‍പ്പദങ്ങളെ മറന്നാലും പൊറുക്കേണ്ടയോ?

കവി : വി.കെ. ജി

ശ്ലോകം 896 : ഡയറിയിലെഴുതാന്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : പുഷ്പിതാഗ്ര

ഡയറിയിലെഴുതാനെനിക്കു പുണ്യ-
ക്ഷയമൊഴിവായൊരു വസ്തു പോലുമില്ല;
ദയയിവനിലുദിക്കണേ, കൃതാന്തന്‍
ജെയിലിലടയ്ക്കുവതിന്നു മുമ്പു ശംഭോ!

കവി : ഉമേഷ്‌ നായര്‍

ശ്ലോകം 897 : ദോഷജ്ഞശ്രേഷ്ഠ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ദോഷജ്ഞശ്രേഷ്ഠ! കേട്ടീടുക ഭവദനുയോഗോത്തരം വിസ്തരിക്കാ-
തീഷന്മാത്രം കഥിക്കാം പ്രതനകൃതിമതം കേട്ടറിഞ്ഞിട്ടു പണ്ടേ
ഭാഷാപദ്യേഷു പാരം മനസി രസമെനിക്കില്ല ദൌശ്ശീല്യമല്ലേ,
തോഷം ഗീര്‍വാണപദ്യേ സതതമതു ചമയ്പാനനല്‍പാദരോഹം.

കവി : മൂത്തേടത്തു വാസുദേവന്‍ പോറ്റി

ശ്ലോകം 898 : ഭിക്ഷയ്ക്കായ്‌ പാത്രമേന്തി...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

ഭിക്ഷയ്ക്കായ്‌ പാത്രമേന്തിപ്പലദിനമുഴറീട്ടമ്പലം പള്ളിമുറ്റം
കുക്ഷിത്തീയൊട്ടണയ്ക്കാനൊരു വക തടയാതെത്തിനേന്‍ മദ്യഷാപ്പില്‍;
ദാക്ഷിണ്യം പൂണ്ടുദാരം മദിരയില്‍ മുഴുകുന്നോരെനിക്കേകിയന്നം;
പക്ഷം രണ്ടില്ല, ദൈവം കനിവിനൊടിവിടേയ്ക്കാക്കി തന്‍ മേല്‍വിലാസം.

കവി : ബാലേന്ദു

ശ്ലോകം 899 : ദേവീ മാങ്കാവിലമ്മേ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : സ്രഗ്ദ്ധര

ദേവീ മാങ്കാവിലമ്മേ തവപദയുഗളം കുമ്പിടും ഞങ്ങളില്‍ നീ
താവും കാരുണ്യപൂരം ചൊരിയണമനിശം മങ്ഗളം വന്നിടാനായ്‌
ഭക്ത്യാ നിന്‍ സേവചെയ്‌വാന്‍ സതതമിവിടെയിക്കൂപ്പുകൈമൊട്ടുമായി-
ട്ടെത്തീ നിന്‍ മക്കളമ്മേ കനിയുക വരദേ ദേവി ദുര്‍ഗ്ഗേ നമസ്തേ!

കവി : പി. സി. ശ്രീദേവിത്തമ്പാട്ടി (ലക്കിടി)

ശ്ലോകം 900 : ഭൂപാളരാഗമതു...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : വസന്തതിലകം

ഭൂപാളരാഗമതു നിന്നെയുണര്‍ത്തുവാനായ്‌
ആനന്ദഭൈരവി ഭവച്ചരിതങ്ങള്‍ പാടാന്‍
കാംബോജി സാംബശിവകീര്‍ത്തനമോതിടാനായ്‌
നീലാംബരീലഹരി നിദ്രവരുത്തിടാനായ്‌.

കവി : ബാലേന്ദു

ശ്ലോകം 901 : കാതേ നീ കേള്‍പ്പതുണ്ടോ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

കാതേ നീ കേള്‍പ്പതുണ്ടോ കളമൊരു മുരളീ ഗാനമെങ്ങാന്‍, കഥിക്കെന്‍
കണ്ണേ നീ കാണ്മതുണ്ടോ കടലൊടിടയുമാറുള്ള കായാമ്പുവര്‍ണം
നാസേ നീ ചൊല്ലിടേണം നവമൊരു നവനീതത്തിനുള്ളോരു ഗന്ധം
കിട്ടുന്നാകില്‍ ക്ഷണം, ഞാനിവ നുകരുവാനാര്‍ത്തിപൂണ്ടാണിരിപ്പൂ.

കവി : കുഞ്ഞുണ്ണി

ശ്ലോകം 902 : നൂറ്റാണ്ടില്‍പ്പാതിയോളം...

ചൊല്ലിയതു്‌ : ജീവി
വൃത്തം :

നൂറ്റാണ്ടില്‍പ്പാതിയോളം പകലിരവുമഹങ്കാരചര്‍ക്കയ്ക്കുമേലേ
നൂറ്റേന്‍ ഹാ! പാപനൂലിന്‍ കഴികളതു കൃപാലോല! ഞാന്‍ നെയ്തെടുത്തു;
ചുറ്റിക്കാണുന്നൊരിജ്ജീവിതവസനമുപേക്ഷിച്ചു,നിന്‍ കാല്‍ തുടയ്ക്കാന്‍
പേറ്റെടും തോര്‍ത്തുമുണ്ടൊന്നിവനിനി വിരചിച്ചീടുവാന്‍ നേരമുണ്ടോ?

കവി : വി. കെ. ജി.

ശ്ലോകം 903 : ചോരക്കൈവാളിനൂണാം...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

ചോരക്കൈവാളിനൂണാമരിയൊരജകിശോരത്തെ മീളാന്‍ കുനിച്ചു--
ള്ളോരക്കണ്ഠത്തില്‍ നിന്നൂറിന മൃദുകരുണാവായ്പിലാഴുമ്പൊഴെല്ലാം,
"ഹാ, രക്ഷയ്ക്കാത്മകര്‍മ്മം ശരണ, മിതരമി, ല്ലില്ല മാ"പ്പെന്ന ഗീരിന്‍
ക്രൂരത്വത്താലുയര്‍ത്തപ്പെടുക ഹൃദയമേ, പിന്നെയും പിന്നെയും നീ.

കവി : ഇടാശ്ശേരി , കൃതി : മാപ്പില്ല

ശ്ലോകം 904 : ഹാ കഷ്ട, മാ വിബുധ...

ചൊല്ലിയതു്‌ : ജീവി
വൃത്തം : വസന്തതിലകം

ഹാ! കഷ്ട, മാ വിബുധകാമിതമാം ഗുണത്താ--
ലാകൃഷ്ടനാ, യനുഭവിച്ചൊരു ധന്യനീയാള്‍
പോകട്ടെ നിന്നോടൊരുമിച്ചു മരിച്ചു; നിത്യ--
ശോകാര്‍ത്തനായിനിയിരിപ്പതു നിഷ്‌ഫലംതാന്‍!

കവി : കുമാരനാശാന്‍, കൃതി : വീണപൂവു്‌

ശ്ലോകം 905 : പാലൊത്തെഴും പുതുനിലാവിലലം...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : വസന്തതിലകം

പാലൊത്തെഴും പുതുനിലാവിലലം കുളിച്ചും
ബാലാതപത്തില്‍ വിളയാടിയുമാടലെന്യേ
നീ ലീലപൂണ്ടിളയ മൊട്ടുകളോടു ചേര്‍ന്നു
ബാലത്വമങ്ങനെ കഴിച്ചിതു നാളില്‍ നാളില്‍

കവി : കുമാരനാശാന്‍, കൃതി : വീണപൂവു്‌

ശ്ലോകം 906 : നിസ്തുല്ല്യോജ്ജ്വല രൂപശില്‍പ...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നിസ്തുല്യോജ്ജ്വലരൂപശില്‍പമധുരം നൂലിന്‍ മൃദുത്വത്തിനാല്‍
ഹൃദ്യസ്പര്‍ശമരാളതൂലമദമോടിയ്ക്കും മഹാഡംബരം
വിദ്യുദ്‌ഭ്രാന്തി കരോല്ലസല്‍ക്കസവെഴും നല്‍ദ്ദിവ്യപട്ടാംബരം
നിത്യം നെയ്യുമൊരാള്‍ നികൃഷ്ടതരകൌപീനങ്ങള്‍ നെയ്തീടുമോ?

കവി : ടി. എം. വി.

ശ്ലോകം 907 : വലത്തുകൈയിന്‍ നഖര...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

വലത്തുകൈയിന്‍ നഖരശ്മിയേറ്റ
പരുന്തുതൂവല്‍ പെടുമാശ്ശരത്തില്‍
സന്ധിച്ച കൈയങ്ങനെ നിന്നുപോയി
ചിത്രത്തിലര്‍പ്പിച്ചതുപോലെതന്നെ.

കവി : (കാളിദാസന്‍), കൃതി : രഘുവംശം തര്‍ജ്ജമ (2:31)

ശ്ലോകം 908 : സ്ഫാരദ്വാരപ്രഘാണദ്വിരദ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

സ്ഫാരദ്വാരപ്രഘാണദ്വിരദമദസമുല്ലോലകല്ലോലഭൃങ്ഗീ--
സങ്ഗീതോല്ലാസഭംഗീമുഖരിതഹരിതസ്സമ്പദഃ കിമ്പചാനാഃ
ഫുല്ലന്മല്ലീമതല്ലീപരിമളലഹരീസമ്പദുദ്ദാമവാചാം
തേഷാം യേഷാം കവീനാമുപരി തവ ദയാ രാമവര്‍മ്മക്ഷിതീന്ദോ!

കവി : സദാശിവദീക്ഷിതര്‍

ശ്ലോകം 909 : ഫലം സ്വേച്ഛാലഭ്യം...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ശിഖരിണി

ഫലം സ്വേച്ഛാലഭ്യം പ്രതിവനമഖേദം ക്ഷിതിരുഹാം
പയഃ സ്ഥാനേ സ്ഥാനേ ശിശിരമധുരം പുണ്യസരിതാം
മൃദുസ്പര്‍ശാ ശയ്യാ സുലളിതലതാപല്ലവമയീ
സഹന്തേ സന്താപം തദപി ധനിനാം ദ്വാരീ കൃപണാഃ

കവി : ഭര്‍ത്തൃഹരി , കൃതി : വൈരാഗ്യശതകം

ശ്ലോകം 910 : മാനത്തമ്മാമനെക്കണ്ട്‌...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

മാനത്തമ്മാമനെക്കണ്ടമൃതു പൊഴിയുമക്കണ്ണനുണ്ണിക്കു ചിത്തേ
മാനത്തെക്കൈവളര്‍പ്പാനമൃതകിരണനും മെല്ലെ മേലിന്നിറങ്ങി
മാനിച്ചമ്മയ്ക്കു കാട്ടി പ്രമദപരവശാല്‍ രണ്ടു കൈകൊണ്ടു മന്ദം
മാനത്തേക്കങ്ങയച്ചീടിനതൊഴിലൊരുനാളാസ്ഥയാ കാണ്മനോ ഞാന്‍

കവി : പൂന്താനം , കൃതി : ശ്രീകൃഷ്ണ കര്‍ണാമൃതം

ശ്ലോകം 911 : മൂലൂര്‍ മേവും പണിക്കര്‍ക്കുടയ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

മൂലൂര്‍ മേവും പണിക്കര്‍ക്കുടയ കവിതയെപ്പറ്റിയും മറ്റുമോരോ
മാലോകര്‍ക്കഭ്യസൂയാവിവശത പിടിപെട്ടെന്നു കാണിച്ചതീ ഞാന്‍
ഹാ! ലേശം സമ്മതിക്കില്ലപനയമൊരുവന്‍ കാട്ടിയാല്‍ മറ്റവന്‍ പി--
ന്നാ ലക്ഷ്യം നോക്കി മറ്റേപ്പുറമൊരപനയം കാട്ടുവാന്‍ നോക്കിടാമോ?

കവി : മൂലൂര്‍

ശ്ലോകം 912 : ഹാ ചൂത, ഹാ ചമ്പക...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ഇന്ദ്രവജ്ര

"ഹാ ചൂത, ഹാ ചമ്പക, കര്‍ണ്ണികാര,
ഹാ മല്ലികേ, മാലതി, ബാലവല്യഃ,
കിം വീക്ഷിതോ നോ ഹൃദയൈകചോര"
ഇത്യാദി താസ്ത്വത്‌പ്രവണാ വിലേപുഃ

കവി : മേല്‍പത്തൂര്‍ , കൃതി : നാരായണീയം (67:5)

ശ്ലോകം 913 : കന്ദര്‍പ്പന്‍ മൂര്‍ത്തിമാനോ?...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

കന്ദര്‍പ്പന്‍ മൂര്‍ത്തിമാനോ? കനിവൊടവനിയില്‍ക്കല്‍പ്പവൃക്ഷം ജനിച്ചോ?
പൊന്നിന്‍പൂമാതിനേവം കളിനിലമധുനാ പദ്മനാഭന്‍ ചമച്ചോ?
ഇന്ദ്രന്‍ വന്നോ ധരിത്ര്യാം? കലയതു കുറയാതുള്ള പൂര്‍ണേന്ദു താനോ?
മന്യേ താപം ജനാനാം ശമയിതുമുളവായിങ്ങു മാര്‍ത്താണ്ഡദേവന്‍.

കവി : ഇരയിമ്മന്‍ തമ്പി

ശ്ലോകം 914 : ഇമം ഹി നിത്യമേവം...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : പഞ്ചചാമരം

ഇമം ഹി നിത്യമേവമുത്തമോത്തമം സ്തവം
പഠന്‍ സ്മരന്‍ ബ്രുവന്‍ നരോ വിശുദ്ധിമേതിസന്തതം
ഹരേ ഗുരൌ സുഭക്തിമാശു യാതി നാന്യഥാ ഗതിം
വിമോഹനം ഹി ദേഹിനാം തു ശങ്കരസ്യ ചിന്തനം

കവി : രാവണന്‍, കൃതി : ശിവതാണ്ഡവസ്തോത്രം

ശ്ലോകം 915 : ഹേ പാന്ഥ, പുസ്തകധര, ക്ഷണമൊന്നു...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : വസന്തതിലകം

ഹേ പാന്ഥ, പുസ്തകധര, ക്ഷണമൊന്നു നില്‍ക്കൂ,
നീ വൈദ്യനോ ഗണനവിദ്യയില്‍ വിജ്ഞനോ ചൊല്‍
അന്തിക്കൊരന്ധ മമ ധാത്രി മരുന്നു ചൊല്ലൂ
എന്നെത്തിടും മമ ധവന്‍ പരദേശവാസി.

കവി : ബാലേന്ദു

ശ്ലോകം 916 : അതിഭയമൊടു നിത്യം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മാലിനി

അതിഭയമൊടു നിത്യം മൂഢലോകം നിറപ്പൂ
മൃതിയുടെ വഴി കല്ലും മുള്ളുമെല്ലാം നിരത്തി
അതിലൊരുവകപോലും ശക്തമായീടുമോ തല്‍--
ഗതി തടവതിനെന്നോര്‍ക്കാത്തതത്യദ്ഭുതം മേ!

കവി : ജി. ശങ്കരക്കുറുപ്പു്‌, കൃതി : ഒരു സ്മരണ

ശ്ലോകം 917 : ആകമ്രസ്മിതകാന്തി ചിന്തി...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ആകമ്രസ്മിതകാന്തി ചിന്തിയുയരും വാര്‍തിങ്കള്‍, വാടാസുമ--
വ്യാകീര്‍ണ്ണാംബരവീഥി, മാദകമണം ചോരും തുഷാരാനിലന്‍,
രാഗം മൂളിയലച്ചലച്ചു പതറിപ്പായുന്ന പൂഞ്ചോല, ഹാ
പോകാനില്ല മനസ്സെനിക്കിവിടെനി, ന്നെന്‍ നാകമിന്നാടു താന്‍!

കവി : കെ. എന്‍. ഡി.

ശ്ലോകം 918 : രേ രേ മാംസികപാശ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

രേ രേ മാംസികപാശ! യത്ത്വമധുനാ ചന്ദ്രസ്യ വന്ദ്യം കുലം
സാക്ഷാന്നിന്ദസി, ഗര്‍വസേ യദപി നഃ, സര്‍വന്തദേതല്‍ സഹേ;
യത്ത്വെവം ത്രിപുരദ്രുഹോ ഭഗവതഃ കുത്സാം വിധത്സേതരാം
തച്ഛ്രോതാരമഹോ ധിഗദ്യ ബത മാം ധിഗ്ഗാണ്ഡിവം ധിക്‌ ശരാന്‍.

കവി : മേല്‍പ്പത്തൂര്‍, കൃതി : കിരാതം

ശ്ലോകം 919 : യുവതി ഭവതിയെന്തു...

ചൊല്ലിയതു്‌ : ജീവി
വൃത്തം : പുഷ്പിതാഗ്ര

യുവതി ഭവതിയെന്തു വൃദ്ധയെപ്പോല്‍
മണികള്‍ വെടിഞ്ഞു വഹിച്ചു ചീവരത്തെ
ഉഡുശശികള്‍ വിളങ്ങുമന്തിനേര--
ത്തരുണനുദിപ്പതു ഭംഗിയോ നിശയ്ക്ക്‌?

കവി : എ. ആര്‍. രാജരാജവര്‍മ്മ / കാളിദാസന്‍, കൃതി : കുമാരസംഭവം തര്‍ജ്ജമ (5:44)

ശ്ലോകം 920 : ഉണ്ണിക്കണ്ണനു തൊട്ടിടാന്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

'ഉണ്ണിക്കണ്ണനു തൊട്ടിടാന്‍ കഴിയുകി, ല്ലത്രയ്ക്കു പൊക്കത്തിലാ--
ണമ്മേ ഗോപികള്‍ കെട്ടിവച്ചതുറി, പാല്‍ കട്ടില്ലവന്‍ നിശ്ചയം'
പാ, ലാഴിത്തിരയാകിലെ, ന്തുറിയിലെത്തെല്ലാകിലെ, ന്തീശ! നിന്‍
ഗാത്രം താങ്ങുമനന്തന്‍; അഗ്രജവചസ്സങ്കാശഹാസം തൊഴാം!

കവി : മധുരാജ്‌

ശ്ലോകം 921 : പാലാഴിക്കോളിരമ്പത്തിലുമൊരു...

ചൊല്ലിയതു്‌ : ജീവി
വൃത്തം : സ്രഗ്ദ്ധര

പാലാഴിക്കോളിരമ്പത്തിലുമൊരു പൊഴുതും സ്വാപഭംഗം വരില്ലെ--
ന്നാലും മാതാവുഷസ്സില്‍ദ്ദധി കടയുമൊലിക്കാഞ്ഞുണര്‍ന്നേല്‍പതെന്തോ?
നീലക്കാര്‍വര്‍ണ്ണ! ദേവര്‍ക്കനുപമമമൃതം നല്‍കുമത്താമരക്ക--
യ്യാലേ പാലും നറും വെണ്ണയുമടവിലെടുത്തുണ്മതെന്താരറിഞ്ഞു?

കവി : വി. കെ. ജി.

ശ്ലോകം 922 : നന്നായുള്ളതനിഷ്ടമായ്‌...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നന്നായുള്ളതനിഷ്ടമായ്‌; സചിവര്‍ മുന്മട്ടിന്നു സേവിപ്പതി--
ല്ലെന്നും മെത്തയിലാണ്ടുരുണ്ടു നിശ പോക്കീടുന്നു നിര്‍ന്നിദ്രനായ്‌;
ദാക്ഷിണ്യത്തിനു കാന്തമാരുമൊരുമിച്ചാലാപമാര്‍ന്നീടുകില്‍
സൂക്ഷിക്കാതിഹ പേരുമാറിയുരചെയ്തൊട്ടൊക്കെ ലജ്ജിച്ചിടും.

കവി : എ.ആര്‍. രാജരാജവര്‍മ്മ, കൃതി : ശാകുന്തളം തര്‍ജ്ജമ

ശ്ലോകം 923 : ദ്രുമാഃ സപുഷ്പാഃ സലിലം...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ഉപേന്ദ്രവജ്ര

ദ്രുമാഃ സപുഷ്പാഃ സലിലം സപദ്മം
സ്ത്രിയഃ സകാമാഃ പവനഃ സുഗന്ധിഃ
സുഖാഃ പ്രദോഷാഃ ദിവസാശ്ച രമ്യാഃ
സര്‍വം പ്രിയേ ചാരുതരം വസന്തേ

കവി : കാളിദാസന്‍, കൃതി : ഋതുസംഹാരം

ശ്ലോകം 924 : സ്തനേഷു ഹാരാഃ...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ഉപേന്ദ്രവജ്ര

സ്തനേഷു ഹാരാഃ സിതചന്ദനാര്‍ദ്രാ
ഭുജേഷു സംഗം വലയാംഗദാനി
പ്രയാന്ത്യനംഗാതുരമാനസാനാം
നിതംബിനീനാം ജഘനേഷു കാഞ്ച്യഃ

കവി : കാളിദാസന്‍, കൃതി : ഋതുസംഹാരം

ശ്ലോകം 925 : പല്ലണച്ചു ചെറുവിട്ചരങ്ങളെ...

ചൊല്ലിയതു്‌ : ജീവി
വൃത്തം : കുസുമമഞ്ജരി

പല്ലണച്ചു ചെറുവിട്ചരങ്ങളെയുപദ്രവിച്ചു വിളയാടുവാന്‍
വല്ലഭത്വമെഴുമെത്ര പട്ടികളിരിക്കിലെന്തവ മരിക്കിലും?
നല്ല വന്മലയിലേറി വാണിടണമിച്ഛപോലെവിഹരിക്കണം,
കൊല്ലണം വനഗജങ്ങളെ ശ്രുതി മൃഗേന്ദ്രനെന്നിഹ പരത്തണം.

കവി : കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍ , കൃതി : അന്യാപദേശശതകം തര്‍ജ്ജമ

ശ്ലോകം 926 : നീവാരാന്‍ വാരനാരീ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

നീവാരാന്‍ വാരനാരീകരസരസിരുഹാല്‍ സാദരം സ്വീകരോതി
ഗ്രീവാമുന്നമ്യ യസ്മിന്‍ കുവലയരമണോത്സംഗശായീ കുരംഗഃ
ദേവാധീശഃ പുരാന്യാസുലഭശതമഖീപുണ്യനിര്‍വാഹധന്യോ
യാവത്‌ പാദാരവിന്ദനതസകലസുധാദീദിവിര്‍ദ്ദേദിവീതി.

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍, കൃതി : പ്രലംബവധം ആട്ടക്കഥ

ശ്ലോകം 927 : ദിക്‌ചക്രം വിറകൊള്ളുമാറു...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ദിക്‌ചക്രം വിറകൊള്ളുമാറു പടഹധ്വാനം മുഴക്കിപ്പട--
ക്കുച്ചണ്ഡായുധമേന്തിടും ഭടരിടഞ്ഞെത്തീ പതിമ്മൂന്നുപേര്‍
മുച്ചാണ്‍ വീശിയടുത്തു മല്‍ക്കളരിയാശാനാം കുറുപ്പേകനായ്‌
തച്ചോടിച്ചിതു സര്‍വരേയുമൊരു കൊച്ചോടക്കുഴല്‍ക്കമ്പിനാല്‍

കവി : വി. കെ. ജി. , കൃതി : (ജി. ശങ്കരക്കുറുപ്പിന്റെ ഓടക്കുഴലിനെ അനുസ്മരിച്ച്‌)

ശ്ലോകം 928 : മിനുപ്പാര്‍ന്നു വര്‍ണ്ണങ്ങള്‍...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ഭുജംഗപ്രയാതം

മിനുപ്പാര്‍ന്നു വര്‍ണ്ണങ്ങള്‍ പാളുന്ന ലോകം
നുണയ്ക്കുന്ന ചുണ്ടത്തു മാധുര്യപൂരം
മനസ്സിങ്ങു സംതൃപ്ത, മെന്നാലുമാരാല്‍
മനുഷ്യന്‍ ശ്രവിപ്പൂ 'മറക്കൂ മറക്കൂ'

കവി : ബാലാമണിയമ്മ, കൃതി : മറക്കൂ മറക്കൂ

ശ്ലോകം 929 : മുക്തകങ്ങളെഴുതുന്ന...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : കുസുമമഞ്ജരി

മുക്തകങ്ങളെഴുതുന്ന വിദ്യയൊരു വിദ്യതാനതു പലര്‍ക്കുമി--
ന്നൊക്കുകില്ല, കവികോകിലങ്ങളതു വിട്ടു മറ്റു പണി നോക്കുവിന്‍!
ഗദ്ഗദം കവിതയാര്‍ക്കുവോര്‍ക്കിതെളുതല്ല ; മുറ്റുമഴകോലുമെന്‍
മുക്തകങ്ങള്‍ മണിമുത്തുപോലെ കവിതയ്ക്കലങ്കരണമാവണം.

കവി : ഏവൂര്‍ പരമേശ്വരന്‍

ശ്ലോകം 930 : ഗോവിന്ദസ്മരണൈകനിഷ്ഠയൊട്‌...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഗോവിന്ദസ്മരണൈകനിഷ്ഠയൊടുണര്‍ന്നാവൂ തുറന്നാവു ഞാന്‍
കൈവല്യസ്മൃതിയോടു കണ്മിഴികളെക്കണ്ണന്റെ രൂപങ്ങളില്‍,
നാവാദ്യം ഹരിനാമമാധുരി നുകര്‍ന്നാവൂ, മറന്നാവു ഹൃ--
ദ്വൈവശ്യപ്രദമായ മുഗ്ദ്ധവിഷയത്തായംകളിക്കോപ്പുകള്‍!

കവി : വി. കെ. ജി.

ശ്ലോകം 931 : നീ തുമ്പുവിട്ടു മകളേ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തതിലകം

നീ തുമ്പുവിട്ടു മകളേ! പരമെന്തിനിത്ര
പൂതം പിടിച്ചൊരു നടപ്പു? വെടിപ്പു വേണ്ടേ?
ഹേ തന്വി! മേല്‍ക്കഴുകണം ; തിരുമിത്തുടച്ച
മാതങ്ഗിതന്നുടയ ചന്തമനന്തമല്ലോ.

കവി : വെണ്മണി മഹന്‍, കൃതി : അംബോപദേശം

ശ്ലോകം 932 : ഹൃദ്യം പൂര്‍ണ്ണാനുകര്‍മ്പാര്‍ണ്ണാവ...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

ഹൃദ്യം പൂര്‍ണ്ണാനുകര്‍മ്പാര്‍ണ്ണാവമൃദുലഹരീചഞ്ചലഭ്രൂവിലാസൈ--
രാനീലസ്നിഗ്ദ്ധപക്ഷ്മാവലിപരിലസിതം നേത്രയുഗ്മം വിഭോ, തേ
സാന്ദ്രച്ഛായം വിശാലാരുണകമലദളാകാരമാമുഗ്ദ്ധതാരം
കാരുണ്യാലോകലീലാശിശിരിതഭുവനം ക്ഷിപ്യതാം മയ്യനാഥേ

കവി : മേല്‍പത്തൂര്‍, കൃതി : നാരായണീയം (100:3)

ശ്ലോകം 933 : സചേതനാചേതനം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

സചേതനാചേതനമിപ്രപഞ്ചം
സര്‍വം വിളക്കുന്ന കെടാവിളക്കേ
സമസ്തഭവ്യങ്ങളുമുള്ളിലാഴ്ത്തും
സ്നേഹപ്പരപ്പിന്‍ കടലേ, തൊഴുന്നേന്‍.

കവി : കുമാരനാശാന്‍, കൃതി : ആത്മാര്‍പ്പണം-ഒരു പ്രാര്‍ത്‌ഥന

ശ്ലോകം 934 : സത്തന്മാരപ്പൊഴുതഹിഭുജം...

ചൊല്ലിയതു്‌ : ജീവി
വൃത്തം : മന്ദാക്രാന്ത

സത്തന്മാരപ്പൊഴുതഹിഭുജം, നീലകണ്ഠം, ഖഗാനാ--
മുത്തംസത്വം ദധത, മരികില്‍കണ്ടുസന്തുഷ്ടരാകും
നൃത്തം ചെയ്യുന്നതിനിഹ യഥാകാലമുത്സാഹവന്തം
ചിത്തംതന്നില്‍ ഗുഹനൊടധികപ്രേമവന്തം ഭവന്തം.

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍, കൃതി : മയൂരസന്ദേശം

ശ്ലോകം 935 : നന്നായ്‌ സുഖിച്ചു കഴിയും...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : വസന്തതിലകം

നന്നായ്‌ സുഖിച്ചു കഴിയും സമയത്തു ദൈവം
തന്നെ സ്മരിക്കുവതിനാരു തുനിഞ്ഞിടുന്നു?
എന്നെങ്കിലും മരണമുണ്ടിവനെന്ന ബോധം
വന്നെങ്കിലേ മനുജനീശ്വര ചിന്ത ചെയ്യൂ!

കവി : ഉമേഷ്‌ നായര്‍

ശ്ലോകം 936 : ഏണാങ്കചൂഡരമണീം...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : വസന്തതിലകം

ഏണാങ്കചൂഡരമണീം, രമണീയപീന--
ശ്രോണീ നിരസ്കപുളിനാം നളിനായതാക്ഷീം
വീണാധരാമധികബന്ധുരബന്ധുജീവ--
ശോണാധരാമചല രാജസുതാമുപാസേ

ശ്ലോകം 937 : വാദാന്തരത്തില്‍ വിധി ഗേഹമിയന്ന...

ചൊല്ലിയതു്‌ : ജീവി
വൃത്തം : വസന്തതിലകം

വാദാന്തരത്തില്‍ വിധി ഗേഹമിയന്ന നിന്‍ ഹൃദ്‌--
ഭേദാപഹാരി ഗളകാകളിയാല്‍ ലഭിപ്പൂ
നാദാനുസന്ധി പരയോഗിസമാധിസൌഖ്യം
വേദാന്തികദ്വയചിദേകരസാവഗാഹം

കവി : കുമാരനാശാന്‍, കൃതി : ഗ്രാമവൃക്ഷത്തിലെ കുയില്‍

ശ്ലോകം 938 : നീ താനെന്‍ ജീവിതാര്‍ത്ഥം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

നീ താനെന്‍ ജീവിതാര്‍ത്ഥം നിയതമയി നിശാനായികേ! കായകല്‍പ--
ശ്രീ താവും വിശ്രമം നീ പരമരുളി മമായുസ്സിരട്ടിച്ചിടുന്നൂ
വീതാതങ്കം തവാങ്കേ വിനിഹിതശിരസ്സാ വിശ്വസമ്മോഹനേ! ഞാ--
നേതാനും നേരമേല്‍പ്പൂ ദിനമനു കനകസ്വപ്നസായൂജ്യ സൌഖ്യം.

കവി : പി. ശങ്കരന്‍ നമ്പ്യാര്‍, കൃതി : രജനി

ശ്ലോകം 939 : വേഷപ്പകര്‍ച്ച ഗുരു...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : വസന്തതിലകം

വേഷപ്പകര്‍ച്ച ഗുരു കുഞ്ചുവിനൊപ്പമാട്ടം
വാഴേങ്കടയ്ക്കു കിട ഭാവന കൃഷ്ണനൊക്കും;
മദ്യപ്രിയത്തിലതുലന്‍ കിടയറ്റൊരാട്ട--
ക്കാരന്‍ - വരട്ടെ, യതിഗോപ്യമതാണു നാമം.

കവി : ബാലേന്ദു, കൃതി : വസന്തതിലകം

ശ്ലോകം 940 : മണ്ണുണ്ണും, വെണ്ണയുണ്ണും...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : സ്രഗ്ദ്ധര

മണ്ണുണ്ണും, വെണ്ണയുണ്ണും, കടുതരവിഷസമ്മിശ്രമാം സ്തന്യമുണ്ണും,
മണ്ണും കല്ലും നിറഞ്ഞോരവിലുമരയിലച്ചീരയും തീയുമുണ്ണും,
തിണ്ണം ബ്രഹ്മാണ്ഡമങ്ങേക്കുടവയര്‍, ഗുരുവായൂരെഴും നാഥ, നീയെ--
ന്തുണ്ണില്ലുണ്ണീ? നിവേദിക്കുവനടിമലരില്‍ കൂപ്പുമെന്‍ തപ്തബാഷ്പം!

കവി : വി. കെ. ജി.

ശ്ലോകം 941 : തീയന്മാരിലൊരാള്‍ക്കു വമ്പനുടെ...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

തീയന്മാരിലൊരാള്‍ക്കു വമ്പനുടെ പേര്‍ കണ്ടിട്ടസൂയാമയ--
ത്തീയെന്‍ മാനസതാരില്‍ വന്നു പിടിപെട്ടിട്ടില്ല പിട്ടല്ല മേ
കയ്യന്മാതിരിയേറിയേറി വരുമാക്കൃഷ്ണന്നു ശുദ്ധം കടും,
കൈയന്‍മാരുതി പട്ടമിട്ടതു വെടിപ്പല്ലെന്നു മല്ലിട്ടു ഞാന്‍

കവി : കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍

ശ്ലോകം 942 : കൊലനിലമൊടടുക്കും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മാലിനി

കൊലനിലമൊടടുക്കും മുന്‍പപായം ഭവിക്കും
നിലയിലരിയ സാദം ക്രിസ്തുവില്‍ക്കാണ്‍കമൂലം
ഖലരരികളമന്ദം പാന്ഥനാകും ശിമോനെ--
ബ്ബലമൊടു സുതനീശന്‍ തന്‍ സഹായത്തിനാകി.

കവി : കട്ടക്കയം, കൃതി : ശ്രീയേശു വിജയം

ശ്ലോകം 943 : ഖേദങ്ങളൊക്കെയുമകറ്റി...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : വസന്തതിലകം

ഖേദങ്ങളൊക്കെയുമകറ്റി കൃപാരസം നീ--
യേകീടുകെന്‍ നളിനലോചന, പത്മനാഭ!
ഈ സാധു തന്‍ ഹൃദയമാം നവനീതമിന്നി--
ത്തൃപ്പാദപദ്മമതില്‍ വച്ചു വണങ്ങിടുന്നേന്‍!

കവി : ഋശി കപ്ലിങ്ങാടു്‌

ശ്ലോകം 944 : ഇവള്‍ക്കു ദാരിദ്ര്യഹലത്തില്‍...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

ഇവള്‍ക്കു ദാരിദ്ര്യഹലത്തില്‍ മേന്മേല്‍
ചിന്താവ്യഥക്കാളകള്‍ ചേര്‍ത്തുപൂട്ടി
ദൈവംതുടര്‍ന്നോരുഴവിന്റെ ചാലു
കാണാം ചുളുക്കാര്‍ന്ന കപോലഭൂവില്‍.

കവി : ഉള്ളൂര്‍

ശ്ലോകം 945 : ദൂരത്തായി നിരന്ന്‌...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ദൂരത്തായി നിരന്ന സൈനികമുഖം കണ്ടിട്ടു വന്‍ പാപഭീ--
ഭാരത്താല്‍ സ്വജനങ്ങള്‍ തന്‍ കൊലയിലേ വൈമുഖ്യമാര്‍ന്നീടവേ
സ്വൈരം ഫല്‌ഗുനനാത്മവിദ്യയുപദേശിച്ചാത്മധൈര്യം കൊടു--
ത്തോരപ്പാര്‍ത്ഥസഖന്റെ ചേവടികളില്‍ പ്രേമം ഭവിക്കാവു മേ!

കവി : പ്രേംജി, കൃതി : നാല്‍ക്കാലികള്‍

ശ്ലോകം 946 : സേവിച്ചീടുക പൂജ്യരെ...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

സേവിച്ചീടുക പൂജ്യരെ, പ്രിയസഖിക്കൊപ്പം സപത്നീജനം
ഭാവിച്ചീടുക, കാന്തനോടിടയൊലാ ധിക്കാരമേറ്റീടിലും,
കാണിച്ചീടുക ഭൃത്യരില്‍ദ്ദയ, ഞെളിഞ്ഞീടായ്ക ഭാഗ്യങ്ങളാല്‍,
വാണിട്ടിങ്ങനെ കന്യയാള്‍ ഗൃഹിണിയാ, മല്ലെങ്കിലോ ബാധതാന്‍

കവി : എ. ആര്‍. രാജരാജവര്‍മ്മ, കൃതി : മലയാളശാകുന്തളം

ശ്ലോകം 947 : കാളം പോലേ കുസുമധനുഷോ...

ചൊല്ലിയതു്‌ : ജീവി
വൃത്തം : മന്ദാക്രാന്ത

കാളം പോലേ കുസുമധനുഷോ ഹന്ത പൂങ്കോഴി കൂകി
ചോളം പോലേ ചിതറിവിളറീ താരകാണാം നികായം
താളം പോലേ പുലരിവനിതയ്ക്കാഗതൌചന്ദ്രസൂര്യൌ
നാളം പോലേ നളിനകുഹരാദുദ്ഗതാ ഭൃംഗരാജിഃ.

കൃതി : ഉണ്ണുനീലി സന്ദേശം

ശ്ലോകം 948 : തൂമണം വിതറിനിന്നിടും...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : കുസുമമഞ്ജരി

തൂമണം വിതറിനിന്നിടും കുസുമമഞ്ജരിയ്ക്കകമണഞ്ഞിടാന്‍
കാമമായിടുമളിക്കു മന്ദമൊരു ഗന്ധവാഹകനുമെത്തിയാല്‍
പ്രേമമാം പെരിയ കാറ്റടിയ്ക്കെ യൊളികണ്ണിനാല്‍ കമലലോചനന്‍
തന്മുഖത്തെയുമുഴിഞ്ഞിടും, പശുപനാരിയാക മമ ചിത്തമേ!

കവി : മധുരാജ്‌

ശ്ലോകം 949 : പരമൊരുടല്‍ വഹിച്ചുള്ളുത്സവം...

ചൊല്ലിയതു്‌ : ജീവി
വൃത്തം : മാലിനി

പരമൊരുടല്‍ വഹിച്ചുള്ളുത്സവം പോലെ മോദം
തരുമതിമൃദുവാം നിന്‍ കങ്കണം ചേര്‍ന്നഹസ്തം
തരുണി! മമ കരത്തില്‍ ശ്രീശതാനന്ദനര്‍പ്പി--
ച്ചൊരു സമയമതിപ്പോഴെന്നു തോന്നുന്നു കാന്തേ!

കവി : ചാത്തുക്കുട്ടി മന്നാടിയാര്‍ / ഭവഭൂതി, കൃതി : ഉത്തരരാമചരിതം തര്‍ജ്ജമ

ശ്ലോകം 950 : തദത്ര ഹംസാ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

തദത്ര ഹംസാകൃതിമേവ ഹി ത്വാം
നീത്വാ പുരീം രാമമുഖൈഃ സപക്ഷൈഃ
ബാലാം മൃണാളീമിവ ഹാരയിഷ്യേ
കിഞ്ചില്‍ ക്ഷമസ്വേഹ പയോദപീഡാം

കവി : മേല്‍പത്തൂര്‍, കൃതി : സുഭദ്രാഹരണം

ശ്ലോകം 951 : ബിംബോഷ്ഠി, നീ ഗൃഹിണിയായ്‌...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തതിലകം

ബിംബോഷ്ഠി, നീ ഗൃഹിണിയായ്‌ പുനരമ്മയായി--
ട്ടമ്മൂമ്മയായ്‌ വരുമതേ ഗഡുവുങ്കലെല്ലാം
ധര്‍മ്മം നിജം ചെറുതുമേ പിഴയാതെകണ്ടു
ശര്‍മ്മം വരുത്തുക ചിരം തറവാട്ടിനീഡ്യേ.

കവി : മൂലൂര്‍, കൃതി : ഭര്‍ത്തൃശുശ്രൂഷ

ശ്ലോകം 952 : ധനങ്ങളുള്ളോരിനി...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

ധനങ്ങളുള്ളോരിനി വേണ്ടതിപ്പോ--
ളെനിക്കു തോന്നുന്നതു ഞാനുരയ്ക്കാം
ഇദ്ദിക്കില്‍ നിന്നാശു കടത്തി വെയ്പാ--
നുദ്യോഗമദ്യൈവ തുടങ്ങിടേണം

കവി : കുഞ്ചന്‍ നമ്പ്യാര്‍, കൃതി : ശ്രീകൃഷ്ണചരിതം മണിപ്രവാളം

ശ്ലോകം 953 : ഇംഗ്ലീഷിന്റെ കഴുത്തു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഇംഗ്ലീഷിന്റെ കഴുത്തു ഞെക്കുക! പലേ നാളായി ഞെക്കുന്നു നാം;
ഇല്ലീ രാക്ഷസനല്‍പ്പവും ക്ഷതി; മരിക്കില്ലാ മരിക്കില്ലിവന്‍!
ഇന്നോ 'മീഡിയ'മെന്ന നവ്യധമനീപൂരത്തിനാലിബ്ബകന്‍
കുന്നിക്കു, ന്നൊരു ഭീമസേനനെയൊരുക്കുന്നെത്രനാളായി നാം!

കവി : ഏവൂര്‍ പരമേശ്വരന്‍.

ശ്ലോകം 954 : ഇരിക്കൊലാ പൊങ്ങുക...

ചൊല്ലിയതു്‌ : ജീവി
വൃത്തം : വംശസ്ഥം

ഇരിക്കൊലാ പൊങ്ങുക വിണ്ണിലോമനേ,
ചരിക്ക നീ മിന്നിമിനുങ്ങിയങ്ങനെ
വരിഷ്ഠമാം തങ്കമുരച്ച രേഖപോ--
ലിരുട്ടു കീറുന്നൊരു വജ്രസൂചിപോല്‍.

കവി : കുമാരനാശാന്‍, കൃതി : മിന്നാമിനുങ്ങ്‌

ശ്ലോകം 955 : വരുമാറു വിധം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വിയോഗിനി

വരുമാറു വിധം വികാരവും
വരുമാറില്ലറിവിന്നിതിന്നു നേര്‍;
ഉരുവാമുടല്‍ വിട്ടു കീര്‍ത്തിയാ--
മുരുവാര്‍ന്നിങ്ങനുകമ്പ നിന്നിടും.

കവി : ശ്രീനാരായണഗുരു, കൃതി : അനുകമ്പാദശകം

ശ്ലോകം 956 : ഉടുത്തുള്ള പട്ടൊന്നു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ഭുജംഗപ്രയാതം

ഉടുത്തുള്ള പട്ടൊന്നു മേല്‍പോട്ടൊതുക്കി--
ത്തിടുക്കെന്നരക്കെട്ടു ധൃഷ്ടം മുറുക്കി
മിടുക്കോടിടങ്കൈ മടക്കീട്ടു മുട്ടില്‍--
ക്കടുക്കുന്ന കോപത്തൊടാഞ്ഞൊന്നടിച്ചു

കവി : പന്തളം കേരളവര്‍മ്മ

ശ്ലോകം 957 : മൂഢന്നും പണ്ഡിതന്നും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

മൂഢന്നും പണ്ഡിതന്നും പെരിയ ധനികനും പിച്ച തെണ്ടുന്നവന്നും
പ്രൌഢന്നും പ്രാകൃതന്നും പ്രഭുവിനിടയനും കണ്ട നായ്ക്കും നരിക്കും
ബാഢം വ്യാപിക്കുമാറായ്പ്പകലുമിരവിലും ലോകമോര്‍ക്കാതെ മായാ--
ഗൂഢക്കയ്യാല്‍ മയക്കും മഹിതമരണമേ! നിന്റെ ഘോഷം വിശേഷം.

കവി : കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍

ശ്ലോകം 958 : ബാഹുദ്വന്ദ്വേന രത്നോജ്ജ്വല...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

ബാഹുദ്വന്ദ്വേന രത്നോജ്ജ്വലവലയഭൃതാ ശോണപാണിപ്രവാളേ--
നോപാത്താം വേണുനാളീം പ്രസൃതനഖമയൂഖാംഗുലീസംഗശാരാം
കൃത്വാ വക്ത്രാരവിന്ദേ സുമധുരവികസദ്രാഗമുദ്ഭാവ്യമാനൈഃ
ശബ്ദബ്രഹ്മാമൃതൈസ്ത്വം ശിശിരിതഭുവനൈഃ സിഞ്ച മേ കര്‍ണ്ണവീഥിം.

കവി : മേല്‍പ്പത്തൂര്‍, കൃതി : നാരായണീയം (100:3)

ശ്ലോകം 959 : കടവിലധിഗൃഹം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മാലിനി

കടവിലധിഗൃഹം വാണീടുമന്തോണിയോടാ
മടുസമമൊഴിയഭ്യര്‍ത്‌ഥിക്കയാല്‍ പാരഭാഗം
ഝടിതിയുപനയിച്ചാന്‍ യക്ഷിയേ നാവികന്‍താ--
നുടനവിടെയണഞ്ഞാന്‍ വേത്രവാന്‍ കത്തനാരും.

കവി : മൂലൂര്‍, കൃതി : കടമറ്റത്തു കത്തനാരും യക്ഷിയും

ശ്ലോകം 960 : ഝഷകൂര്‍മ്മവരാഹ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തമാലിക

ഝഷകൂര്‍മ്മവരാഹനാരസിംഹാ--
ദ്യവതാരങ്ങളെടുത്തു പദ്മനാഭന്‍
പരിണാമവിധേയമാണു ദൈവം
വരെയെല്ലാമിതി ഡാര്‍വിനോടു ചൊല്ലാന്‍!

കവി : ഉമേഷ്‌ നായര്‍

ശ്ലോകം 961 : പണി തീര്‍പ്പതിനെന്തിനാറുമാസം...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : വസന്തമാലിക

"പണി തീര്‍പ്പതിനെന്തിനാറുമാസം?
പണിതീ വിശ്വമൊരാഴ്ചകൊണ്ടു ദൈവം"
"പണിയില്‍ ധൃതി കൂടിയായതിന്‍
പണികുറ്റം പറ, കില്ലയോ ജഗത്തില്‍?"

കവി : ബാലേന്ദു

ശ്ലോകം 962 : പാനീയം സ്ഫടികോപമം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പാനീയം സ്ഫടികോപമം; പരിമളം തിങ്ങുന്ന പങ്കേരുഹം;
ചേണാര്‍ന്നോരളിസഞ്ചയം; പുളിനമവ്വണ്ണം മനോമോഹനം;
ഞാനെന്തിന്നധികം പറഞ്ഞു സമയം പോക്കുന്നു? ചിന്തിക്കിലീ--
സ്ഥാനം താന്‍ രസികര്‍ക്കു യോഗ്യതരമായീടും വിഹാരസ്ഥലം.

കവി : തോട്ടക്കാട്ടു്‌ ഇക്കവമ്മ, കൃതി : നളചരിതം

ശ്ലോകം 963 : ഞാനിങ്ങു ചിന്താശകലങ്ങള്‍...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

ഞാനിങ്ങു ചിന്താശകലങ്ങള്‍ കണ്ണു--
നീരില്‍ പിടിപ്പിച്ചൊരു കോട്ട കെട്ടി
അടിച്ചുടച്ചാന്‍ ഞൊടികൊണ്ടതാരോ;
പ്രപഞ്ചമേ, നീയിതുതന്നെയെന്നും!

കവി : നാലാപ്പാട്ടു നാരായണമേനോന്‍ , കൃതി : കണ്ണുനീര്‍ത്തുള്ളി

ശ്ലോകം 964 : അടുത്തു പോയ്‌ മൂവടി...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ഉപേന്ദ്രവജ്ര

അടുത്തു പോയ്‌ മൂവടി തെണ്ടി, യെന്നി--
ട്ടൊടുക്കമാ മാബലിയെക്കഠോരം
മുടിച്ചവന്‍ നമ്മുടെയീശ്വരന്‍ ഹാ!
കടുപ്പമാണീശ്വരലീലയെന്നും!

കവി : ഉമേഷ്‌ നായര്‍, കൃതി : (സമസ്യാപൂരണം)

ശ്ലോകം 965 : മാനോടൊത്തു വളര്‍ന്നു...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മാനോടൊത്തു വളര്‍ന്നു മന്മഥകഥാഗന്ധം ഗ്രഹിക്കാത്തൊരാള്‍
താനോ നാഗരികാംഗനാരസികനാമെന്നെ ഭ്രമിപ്പിക്കുവാന്‍?
ഞാനോരോന്നു വൃഥാ പറഞ്ഞു പരിഹാസാര്‍ത്ഥം പരം തോഴരേ!
താനോ ശുദ്ധനതൊക്കെയിന്നു പരമാര്‍ത്ഥത്വേന ബോധിക്കൊലാ.

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുറാന്‍ , കൃതി : മണിപ്രവാളശാകുന്തളം

ശ്ലോകം 966 : ഞാനോ മാനിനിമാര്‍ക്കു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഞാനോ മാനിനിമാര്‍ക്കു മന്മഥനഹോ! ശാസ്ത്രത്തിലെന്നോടെതിര്‍--
പ്പാനോ പാരിലൊരുത്തനില്ല, കവിതയ്ക്കൊന്നാമനാകുന്നു ഞാന്‍;
താനോരോന്നിവയോര്‍ത്തുകൊണ്ടു ഞെളിയേണ്ടെന്‍ ചിത്തമേ! നിശ്ചയം
താനോ ജീവനൊരസ്ഥിരത്വമതിനാല്‍ നിസ്സാരമാണൊക്കെയും.

കവി : കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍

ശ്ലോകം 967 : തളിരുപോലധരം...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ദ്രുതവിളംബിതം

തളിരുപോലധരം സുമനോഹരം
ലളിത ശാഖകള്‍ പോലെ ഭുജദ്വയം
കിളിമൊഴിക്കുടലില്‍ കുസുമോപമം
മിളിതമുജ്ജ്വലമാം നവയൌവനം

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ , കൃതി : മണിപ്രവാളശാകുന്തളം

ശ്ലോകം 968 : കനകഭൂഷണസംഗ്രഹണോചിതോ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ദ്രുതവിളംബിതം

കനകഭൂഷണസംഗ്രഹണോചിതോ
യദി മണിസ്ത്രപുണി പ്രണിധീയതേ
ന സ വിരൌതി ന ചാപി ന ശോഭതേ
ഭവതി യോജയിതുര്‍വചനീയതാ

ശ്ലോകം 969 : നവവധൂടിയൊടൊത്തിഹ...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ദ്രുതവിളംബിതം

നവവധൂടിയൊടൊത്തിഹ ജീവിതാ--
സവരസം നുകരുന്നതിലല്ല, തേ
ഭവവിമുക്തിയിലാം കൊതിയെങ്കിലീ--
ബ്ഭവനവും വനവും തവ തുല്യമാം

കവി : പ്രേംജി , കൃതി : നാല്‍ക്കാലികള്‍

ശ്ലോകം 970 : ഭവനമാ വനമാക്കി...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ദ്രുതവിളംബിതം

ഭവനമാ വനമാക്കി വസിച്ചിടു--
ന്നവരുമേവരുമേ തിരയും വിഭോ!
മഹിതമീ ഹിതമീ വിധമാക്കുകെ--
ന്നകമലം, കമലം തൊഴുമക്ഷികള്‍.

കവി : വി. സി. ബാലകൃഷ്ണപ്പണിക്കര്‍

ശ്ലോകം 971 : മധുകരോപമമിങ്ങനെ...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ദ്രുതവിളംബിതം

മധുകരോപമമിങ്ങനെ നിഷ്ഫലം
വിധുരനായുഴലായ്ക വൃഥാ ഭവാന്‍
വധുവൊരുത്തിയെ വേള്‍ക്ക, വിവാഹമേ
മധുരബന്ധുരബന്ധമനുത്തമം

കവി : പ്രേംജി , കൃതി : നാല്‍ക്കാലികള്‍

ശ്ലോകം 972 : വിവിധനര്‍മ്മഭിരേവമഹര്‍ന്നിശം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ദ്രുതവിളംബിതം

വിവിധനര്‍മ്മഭിരേവമഹര്‍ന്നിശം
പ്രമദമാകലയന്‍ പുനരേകദാ
ഋജുമതേഃ കില വക്രഗിരാ ഭവാന്‍
വരതനോരതനോരതിലോലതാം

കവി : മേല്‍പ്പത്തൂര്‍, കൃതി : നാരായണീയം

ശ്ലോകം 973 : ഋഷികുമാരവധത്തില്‍...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ദ്രുതവിളംബിതം

ഋഷികുമാരവധത്തിലനാഥനായ്‌
മരുവുമാ മുനിശാപവചസ്സിനാല്‍
പ്രിയസുതന്റെയഭാവമെരിച്ചുകൊ--
ണ്ടുഴറി നേമി സുരാലയമേറിപോല്‍

കവി : ഹരിദാസ്‌

ശ്ലോകം 974 : പുകഴുമാ പ്രഭു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ദ്രുതവിളംബിതം

പുകഴുമാ പ്രഭു വേ, ട്ടഗജാതനി--
മ്നഗകളബ്ധിയണഞ്ഞതിനൊത്തുതേ
മഗധകേകയകോസലനാഥര്‍ തന്‍
മകളരുള്‍ക്കളരൂഢരസം തദാ.

കവി : കുണ്ടൂര്‍ / കാളിദാസന്‍, കൃതി : രഘുവംശം തര്‍ജ്ജമ

ശ്ലോകം 975 : മധുരസാന്മധുരം...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ദ്രുതവിളംബിതം

മധുരസാന്മധുരം ഹി തവാധരം
തരുണി മദ്വദനേ വിനിവേശയ
മമ ഗൃഹാണകരേണ കരാംബുജം
പപ പതാമി ഹഹാ ഭുഭു ഭൂതലേ

കവി : ജഗന്നാഥ പണ്ഡിതര്‍

ശ്ലോകം 976 : മലയമാലയമായ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ദ്രുതവിളംബിതം

മലയമാലയമായ തപോധനന്‍
തല കുനിച്ചധരത്തിനു താഴെയും
ബലമൊടെത്തുമവര്‍ക്കിരു കയ്യിലും
വിലസി വേ, ലസി വേറെയുമായുധം.

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 977 : ബാലത്വം പൂണ്ടുമേവുന്നളവൊരു...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : സ്രഗ്ദ്ധര

ബാലത്വം പൂണ്ടുമേവുന്നളവൊരു ദിനമങ്ങന്യഗോപാലരോടേ
മോഹത്താല്‍ വെണ്മുരിക്കിന്‍ കുസുമമതിനു തന്‍ മോതിരം വിറ്റുപോല്‍ നീ
സ്നേഹത്തിന്‍ ഭംഗഭീത്യാ ബത രമയുമതിന്നപ്രിയം ഭാവിയാതേ
സേവിച്ചാളെന്ന ലോകോത്തരമധുരിമ ഞാന്‍ കണ്ടിതാവൂ കൃപാബ്ധേ!

കവി : പൂന്താനം, കൃതി : ശ്രീകൃഷ്ണകര്‍ണ്ണാമൃതം

ശ്ലോകം 978 : സോമാര്‍ദ്ധത്തിന്നുദിപ്പാന്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

സോമാര്‍ദ്ധത്തിന്നുദിപ്പാനുദയഗിരിതടം, ചിത്രകൂടം ഭുജംഗ-
സ്തോമാനാം, വൈധസീനാമരിയ പിണമിടും കാടു മൂര്‍ദ്ധാവലീനാം,
വാര്‍മേവീടും നറും കാഞ്ചനമണികലശം ദിവ്യഗംഗാജലാനാം,
കാമാരേ, നിന്‍ കപര്‍ദ്ദം, ജയതി ഘനകൃപാകല്യ, ചെല്ലൂര്‍പിരാനേ!

ശ്ലോകം 979 : വെച്ചിട്ടൂട്ടിയുമുണ്ടും...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വെച്ചിട്ടൂട്ടിയുമുണ്ടുമൂഴദിവസം പത്നീസപത്നീജനം
മച്ചിന്നുള്ളിലതും കഴിച്ചു തല ചാച്ചീടാന്‍ കൊതിച്ചെത്തവേ
ഇച്ചിപ്പെണ്ണിനടുത്തുപോയവള്‍കരിംചുണ്ടാല്‍പ്പകര്‍ന്നേകുവോ--
രെച്ചില്‍ച്ചാറു കുടിച്ചിടുന്ന കൊശവന്‍ നമ്പൂരി സംപൂജ്യനാം

കവി : പ്രേംജി , കൃതി : നാല്‍ക്കാലികള്‍

ശ്ലോകം 980 : ഇത്ഥം രാത്രിഞ്ചരന്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ഇത്ഥം രാത്രിഞ്ചരന്‍ താന്‍ പറയുമളവുടന്‍ സീതയെപ്പുക്കെടുത്തി--
ട്ടത്യന്തം ഘോരമാകും ഗഹനഭുവി നടക്കുന്ന നേരം സ രാമഃ
ധൃത്വാ ബാണം കരാഗ്രേ ജനകസുതയുടെ രോദനം കേട്ടു ജാതം
തീര്‍ത്തും സൌമിത്രി ഖേദം പുനരപി തരസാ രാഘവോ വാചമൂച.

കവി : കൊട്ടാരക്കരത്തമ്പുരാന്‍, കൃതി : രാമനാട്ടം

ശ്ലോകം 981 : ധ്യാനിയ്ക്കുന്ന മനസ്സില്‍നിന്നു...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ധ്യാനിയ്ക്കുന്ന മനസ്സില്‍നിന്നു മധുരം ചാലിച്ച ലാവണ്യമായ്‌,
മോഹിയ്ക്കുന്ന നഭസ്സില്‍നിന്നു സുകൃതം പെയ്യുന്ന കാരുണ്യമായ്‌,
ദാഹിയ്ക്കുന്ന നിലങ്ങള്‍തേടിയമൃതം പൊന്തുന്ന വാത്സല്യമായ്‌,
സ്നേഹത്തിന്റെ വിശുദ്ധിയായൊഴുകിടും ശ്ലോകങ്ങളേ കുമ്പിടാം!

കവി : പി. എന്‍. വിജയന്‍ , കൃതി : ശ്ലോകസ്തോത്രപഞ്ചകം

ശ്ലോകം 982 : ദയയൊരു ലവലേശം...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : മാലിനി

ദയയൊരു ലവലേശം പോലുമില്ലാത്ത ദേശം
പരമിഹ പരദേശം പാര്‍ക്കിലത്യന്ത മോശം
പറകില്‍ നഹി കലാശം, പാര്‍ക്കിലിന്നേകദേശം
സുമുഖി! നരകദേശം തന്നെയാണാപ്രദേശം.

കവി : വെണ്മണി മഹന്‍

ശ്ലോകം 983 : പീലിക്കാര്‍കൂന്തല്‍ കെട്ടിത്തിരുകി...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

പീലിക്കാര്‍കൂന്തല്‍ കെട്ടിത്തിരുകിയതില്‍ മയില്‍പ്പീലിയും ഫാലദേശേ
ചാലേ തൊട്ടുള്ള ഗോപിക്കുറിയുമഴകെഴും മാലയും മാര്‍വിടത്തില്‍
തോളില്‍ച്ചേര്‍ത്തുള്ളൊരോടക്കുഴലുമണികരേ കാലി മേയ്‌ക്കുന്ന കോലും
കോലും ഗോപാലവേഷം കലരുമുപനിഷത്തിന്റെ സത്തേ നമസ്തേ!

കവി : ഗ്രാമത്തില്‍ രാമവര്‍മ്മ കോയിത്തമ്പുരാന്‍

ശ്ലോകം 984 : തവ ദധിഘൃതമോഷേ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : മാലിനി

തവ ദധിഘൃതമോഷേ ഘോഷയോഷാജനാനാം
അഭജത ഹൃദി രോഷോ നാവകാശം ന ശോകഃ
ഹൃദയമപി മുഷിത്വാ ഹര്‍ഷസിന്ധൌ ന്യധാസ്ത്വം
സ മമ ശമയ രോഗാന്‍ വാതഗേഹാധിനാഥ!

കവി : മേല്‍പ്പത്തൂര്‍, കൃതി : നാരായണീയം (45:10)

ശ്ലോകം 985 : ഹാ, കാലഭേദം ചെറുതോ?...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ഇന്ദ്രവജ്ര

ഹാ, കാലഭേദം ചെറുതോ? കരങ്ങ--
ളോരായിരം പൂണ്ട ദിവാകരന്നും
തടുത്തുകൂടാത്ത വിധത്തിലല്ലോ
ജൃംഭിച്ചിടുന്നൂ ജഡമാം ഹിമൌഘം

കവി : വള്ളത്തോള്‍ , കൃതി : മഞ്ഞുകാലം

ശ്ലോകം 986 : താക്കോല്‍ കൊടുക്കാതെ...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ഇന്ദ്രവജ്ര

താക്കോല്‍ കൊടുക്കാതരുണോദയത്തില്‍
ത്താനേ മുഴങ്ങും വലിയോരലാറം
പൂങ്കോഴി തന്‍ പുഷ്കലകണ്‌ഠനാദം
കേട്ടിങ്ങുണര്‍ന്നേറ്റു കൃഷീവലന്മാര്‍.

കവി : കുറ്റിപ്പുറത്തു കേശവന്‍ നായര്‍, കൃതി : ഗ്രാമീണകന്യക

ശ്ലോകം 987 : പാലെന്നോണം വെളുപ്പാര്‍ന്നൊരു...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

പാലെന്നോണം വെളുപ്പാര്‍ന്നൊരു പകലില്‍നിരക്കും പ്രകാശപ്പരപ്പും
പാലപ്പൂവൊത്ത നല്‍ച്ചന്ദൃക വിരവിലിണക്കും നിശീഥത്തുടിപ്പും
പാരില്‍ പൊന്‍ചെമ്പരത്തിച്ചെടികളുടെ ദിനാന്തത്തുടിപ്പും രചിക്കി--
ല്ലാരില്‍ കൌതൂഹലത്തില്‍ കുളുര്‍മയുമതുലാനന്ദ സാരസ്യവായ്പും.

കവി : ഡി. ശ്രീമാന്‍ നമ്പൂതിരി , കൃതി : ആനന്ദത്തിനു്‌

ശ്ലോകം 988 : പാരാം പാരിങ്കലെല്ലാം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

പാരാം പാരിങ്കലെല്ലാം പരമചപലയാണെന്നു നിന്‍ തോഴിയാകും
താരാര്‍മാതിന്നു ദുഷ്പേരിളകിയതവിടേയ്ക്കൊട്ടു പോരായ്മയെങ്കില്‍,
മാരാരാതിപ്രിയേ, ഞാനൊരു വഴി പറയാം, എങ്കലെന്നും വസിക്കാ-
നാരാല്‍ക്കല്‍പ്പിക്ക തൃക്കണ്മുനയുടെ കളിയാലാളിയെ, ക്കാളി, യെന്നും!

കവി : വള്ളത്തോള്‍, കൃതി : ദേവീസ്തവം

ശ്ലോകം 989 : മൂന്നാണങ്ങേക്കു പണ്ടേ...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : സ്രഗ്ദ്ധര

മൂന്നാണങ്ങേക്കു പണ്ടേ ദയിതക, ളവരില്‍ സ്വസ്ഥയായേക കഷ്ടം!
പിന്നീടുള്ളോള്‍ പുകള്‍പ്പെ, ണ്ണവളപരപുരാന്തങ്ങളില്‍ സഞ്ചരിപ്പൂ,
ഭാഷായോഷിത്തുപെറ്റിപ്രജകള്‍ വളരെയാ, യാംഗനര്‍ത്ഥത്തിലായീ,
വാര്‍ദ്ധക്യത്താലവറ്റില്‍ ചിലതിനു ചിലവേകാനുമാകാതെയായോ?

കവി : വി.സി.ബാലകൃഷ്ണപ്പണിക്കര്‍

ശ്ലോകം 990 : ഭിക്ഷാര്‍ത്ഥീ സ ക്വ യാതഃ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

"ഭിക്ഷാര്‍ത്ഥീ സ ക്വ യാതഃ, സുതനു?" --
"ബലിമഖേ";
"താണ്ഡവം ക്വാദ്യ ഭദ്രേ?" --
"മന്യേ വൃന്ദാവനാന്തേ";
"ക്വ നു സ മൃഗശിശുര്‍?" --
"നൈവ ജാനേ വരാഹം";
"ബാലേ, കച്ചിന്ന ദൃഷ്ടോ ജരഠവൃഷപതിര്‍?" --
"ഗ്ഗോപ ഏവാത്ര വേത്താ"
ലീലാസല്ലാപ ഇത്ഥം ജലനിധിഹിമവത്കന്യയോസ്ത്രായതാം വഃ

ശ്ലോകം 991 : ബാലാദിത്യന്‍ കരത്താല്‍...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : സ്രഗ്ദ്ധര

ബാലാദിത്യന്‍ കരത്താലരിമയൊടു തലോടീടവേ പാടലശ്രീ--
ലീലാരംഗം പ്രഭാവ പ്രകൃതിയുടെമൃദുസ്നിഗ്ദ്ധഗണ്ഡം കണക്കേ
മേലാലെത്തും വിപത്തിന്‍ വിപുലതയെ വിചാരിച്ചു നോക്കുന്നതിന്നും
മേലാതേ നിന്നൊടുക്കം പടുചുടലപനീര്‍പ്പൂവു ചുംബിച്ചിടുന്നു.

കവി : വി.സി.ബാലകൃഷ്ണപ്പണിക്കര്‍ , കൃതി : ഒരു വിലാപം

ശ്ലോകം 992 : മമ ഗുരുമിഹ വിത്ത...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മാലിനി

മമ ഗുരുമിഹ വിത്ത ബ്രഹ്മപൂര്‍വാനുഭൂതിം
സ്തുതിരപി രചിതേയം തല്‍പ്രസാദന്ന ശക്ത്യാ
ഗുരുവദപി ച ഭക്ത്യാ പദ്മനാഭേऽനുഭൂതി--
ധ്വനിരപി മമ സംജ്ഞാ ദേവദേവേശപൂര്‍വഃ

കവി : ഈശാനുഭൂതി യതി

ശ്ലോകം 993 : ഗീതയ്ക്കും നബിവാക്കുകള്‍ക്കുമിവിടെ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഗീതയ്ക്കും നബിവാക്കുകള്‍ക്കുമിവിടെ സ്ഥാനം കൊടുക്കേ, ണ്ടൊരേ
മാതാവാണിരുപേര്‍ക്കുമെന്നു കരുതിച്ചേര്‍ന്നീടുവിന്‍ കൂട്ടരേ!
ബോധം വിട്ട നരന്റെ ചെയ്തികളൊരേ നാടായ്‌ക്കഴിഞ്ഞോരെ നിര്‍--
ബാധം വേര്‍പിരിയാന്‍ വിധിച്ചു - പിരിയാന്‍ വീണ്ടും തുനിഞ്ഞീടൊലാ!

കവി : ഉമേഷ്‌ നായര്‍

ശ്ലോകം 994 : ബാണാംസ്തേ പുരഭേദിനോപി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ബാണാംസ്തേ പുരഭേദിനോപി ച തനുദ്വൈധീകൃതിപ്രക്രിയാ--
ധൌരേയാന്മയി മാ പ്രയുങ്ക്ഷ്വ ജഗതീനിര്‍ദ്വന്ദകേളീഗുരോ,
ലജ്ജന്തേ ന കഥന്വമീ മയി പുനര്‍മ്മുക്ത്വാ പതന്തസ്ത്വയാ
ഫുല്ലന്മല്ലിഗുളുച്ഛകോമളതമസ്വാന്തേ നിതാന്താകുലേ?

കവി : കാക്കശ്ശേരി ഭട്ടതിരി

ശ്ലോകം 995 : ലാക്ഷാനിര്‍മ്മിതമന്ദിരത്തില്‍...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ലാക്ഷാനിര്‍മ്മിതമന്ദിരത്തിലിവരെക്കൊണ്ടിട്ടു തീവെച്ചതും
രൂക്ഷത്വം കലരുന്ന ഭീമനെ വിഷച്ചോറൂട്ടിയെന്നുള്ളതും
അക്ഷത്തില്‍ ചതിചെയ്തുകൊണ്ടഖിലവും തട്ടിപ്പറിപ്പിച്ചതും
സൂക്ഷ്മത്തോളമെനിക്കുനല്ലൊരറിവുണ്ടെന്നും പറഞ്ഞീടണം

കവി : നടുവത്തച്ഛന്‍ നമ്പൂതിരി, കൃതി : ഭഗവദ്ദൂത്‌

ശ്ലോകം 996 : ആനക്കമ്പമൊരുത്ത, നാനനടയാള്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ആനക്കമ്പമൊരുത്ത, നാനനടയാള്‍ക്കമ്പം പര, ന്നീശ്വര--
ദ്ധ്യാനക്കമ്പമൊരാള്‍ക്കു, നല്‍ക്കഥകളിക്കമ്പം മുറയ്ക്കന്യനും
ഗാനക്കമ്പമതാണു പിന്നെയൊരുവ, ന്നീയുള്ളവന്നക്ഷര--
ശ്ലോകക്കമ്പവുമാട്ടെ, യെന്തപകടം? ഭ്രാന്താലയം കേരളം!

കവി : ടി. എം. വി.

ശ്ലോകം 997 : ഗണേശവാണീഗുരു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

ഗണേശവാണീഗുരുദക്ഷിണേശാന്‍
വന്ദേ ദയാബ്ധീന്‍ വരദാനശീലാന്‍;
ജന്മാദിമൂലാനി നിരസ്യ ചാഘാ--
ന്യമീ ദിശന്ത്വാശു മദാത്മശുദ്ധിം.

കൃതി : ആശൌചചിന്താമണി

ശ്ലോകം 998 : ജലത്തിലെപ്പോളകളെന്നപോലെ...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ഉപേന്ദ്രവജ്ര

ജലത്തിലെപ്പോളകളെന്നപോലെ
ചലം മനുഷ്യര്‍ക്കു ശരീരബന്ധം
കുലം ബലം പുത്രകളത്രജാലം
ഫലം വരാ മൃത്യു വരും ദശായാം

കവി : കുഞ്ചന്‍ നമ്പ്യാര്‍, കൃതി : ശ്രീകൃഷ്ണ ചരിതം മണിപ്രവാളം

ശ്ലോകം 999 : കണവന്റെ കരത്തില്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വിയോഗിനി

കണവന്റെ കരത്തിലംബുജേ--
ക്ഷണയാമന്യ കൊടുത്ത നന്ദനന്‍
ഘൃണയറ്റ ഭടന്റെ കൂര്‍ത്തെഴും
കണയേറ്റിട്ടു മരിച്ചിതഞ്ജസാ.

കവി : കട്ടക്കയം, കൃതി : ശ്രീയേശുവിജയം

ശ്ലോകം 1000 : ഘ്രാണിക്കാന്‍ കുസുമം സഹസ്രദളം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഘ്രാണിക്കാന്‍ കുസുമം സഹസ്രദള, മത്യുഗ്രാന്ധകാരത്തിലും
കാണിക്കാന്‍ വഴിയാ സഹസ്രകിരണന്‍, സംസാരപീഡാര്‍ത്തരായ്‌
കേണാല്‍ വീണിടുവാന്‍ സഹസ്രപദപാദാംഭോജ, മേറ്റെടുവാന്‍
ക്ഷീണം ശ്ലോകസഹസ്ര, മിത്ര സുകൃതം നമ്മള്‍ക്കു കൈവന്നുവോ?

കവി : ഉമേശ്‌ നായര്‍