ശ്ലോകം 1001 : കൂട്ടക്കാരനുരച്ച...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കൂട്ടക്കാരനുരച്ച നേരമുടനേ തന്മിത്രശത്രുപ്പട--
ക്കൂട്ടത്തിന്റെ നടുക്കു പൊന്നണിമണിത്തേര്‍നിര്‍ത്തിനിന്നൂര്‍ജ്ജസാ
കോട്ടം വിട്ടൊരു കൌരവേന്ദ്രഭടര്‍തന്നായുസ്സിനെക്കേവലം
നോട്ടത്താലെ ഹരിച്ച പാര്‍ത്ഥസഖനില്‍ പ്രേമം ഭവിക്കാവു മേ!

കവി : പ്രേംജി, കൃതി : നാല്‍ക്കാലികള്‍

ശ്ലോകം 1002 : കാളും മോദേന കറ്റച്ചിട...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

കാളും മോദേന കറ്റച്ചിടയനുമചലക്കുഞ്ഞുമൊന്നിച്ചൊരുന്നാള്‍
മേളിച്ചുംകൊണ്ടിരിക്കുന്നളവരികിലണഞ്ഞിട്ടു ശാഠ്യം പിടിച്ച്‌
ചീളെന്നച്ഛന്റെ മെച്ചം തടവിന ജടയില്‍ ചന്ദ്രനെക്കണ്ടു തേങ്ങാ--
പ്പൂളെന്നൊര്‍ത്തിട്ടു നീട്ടീടിന കരിവദനത്തുമ്പി ഭാഗ്യം തരട്ടേ!

കവി : പെരട്ടഴിയം വലിയ രാമനിളയത്‌

ശ്ലോകം 1003 : ചതുര്‍ഭുജേ ചന്ദ്ര...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

ചതുര്‍ഭുജേ ചന്ദ്രകലാവതംസേ
കുചോന്നതേ കുങ്കുമരാഗശോണേ
പുണ്ഡ്രേഷുപാശാങ്കുശപുഷ്പബാണ--
ഹസ്തേ നമസ്തേ ജഗദേകമാതഃ

കവി : കാളിദാസന്‍, കൃതി : ശ്യാമളാദണ്ഡകം

ശ്ലോകം 1004 : പാര്‍ത്ഥന്‍ തുടങ്ങി...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : വസന്തതിലകം

പാര്‍ത്ഥന്‍ തുടങ്ങി നരനായകരെത്ര സ്വര്‍ഗ്ഗ--
മെത്തിത്തിരിച്ചു ധരതേടി മടങ്ങിയെത്തി
ധൂര്‍ത്താര്‍ന്നൊരാവഴിയൊരിക്കലൊരെത്തിനോട്ടം
മാത്രം നടത്തി ഹരി; കേവലയോഗമല്ല.

കവി : ബാലേന്ദു

ശ്ലോകം 1005 : ധനാധിപന്‍ കാത്തൊരു...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

ധനാധിപന്‍ കാത്തൊരു ദിക്കിനര്‍ക്കന്‍
മര്യാദ വിട്ടേച്ചു ഗമിച്ചനേരം
സമീരണന്‍ ദക്ഷിണയായ ദിക്കിന്‍
മുഖത്തുദിച്ചൂ നെടുവീര്‍പ്പിനൊപ്പം.

കവി : എ.ആര്‍. രാജരാജവര്‍മ്മ, കൃതി : കുമാരസംഭവം തര്‍ജമ (3:25)

ശ്ലോകം 1006 : സ്ത്രീവര്‍ഗ്ഗത്തിലെവള്‍ക്കും...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം :

സ്ത്രീവര്‍ഗ്ഗത്തിലെവള്‍ക്കുമാണൊരു തുണയ്ക്കായ്‌ വേണമാരാകിലും
തൈവല്ലിക്കു പടര്‍ന്നിടാനൊരു മരം വേണം മുരിക്കാകിലും
ഏവം പ്രാകൃത ബോധവൈകൃതവശാലന്നേ വെറും ഭാര്യയായ്‌--
പ്പാവം പെണ്ണു, പുമാനഹംകൃതധിയാ മത്താര്‍ന്ന ഭര്‍ത്താവുമായ്‌

കവി : പ്രേംജി, കൃതി : നാല്‍ക്കാലികള്‍

ശ്ലോകം 1007 : എങ്ങൂ മച്ചിത്തകാമ്പാം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

എങ്ങൂ മച്ചിത്തകാമ്പാമഗതി സുവദനേ? പണ്ടു നിന്‍ മെയ്‌ തിരക്കീ--
ട്ടെങ്ങാനും പോയ്‌മറഞ്ഞോ? ശിവശിവ! പലനാളായി കണ്ടീല ഞാനോ;
കണ്‍കാണാഞ്ഞോ വലഞ്ഞൂ കുചഭരതിമിരേ? നാഭിപദ്മത്തില്‍ മുങ്ങി--
പ്പൊങ്ങാഞ്ഞോ ഹന്ത! പീനസ്തനഗിരിതടതോ വീണു കൈകാലൊടിഞ്ഞോ?

കവി : ചേലപ്പറമ്പു നമ്പൂതിരി

ശ്ലോകം 1008 : കണ്ടിട്ടുള്ള ദിനം മറന്നു...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : സ്രഗ്ദ്ധര

കണ്ടിട്ടുള്ള ദിനം മറന്നു, കുശലോദന്തങ്ങള്‍ തമ്മില്‍ച്ചെവി--
ക്കൊണ്ടിട്ടിപ്പോളിരുണ്ടുനീണ്ടൊരിരുപന്തീരാണ്ടു തീരാറുമായ്‌
ഉണ്ടിന്നും പ്രിയതോഴി മത്‌സ്മരണയില്‍ പൊന്നിന്‍കിനാവായിരം
ചെണ്ടിട്ടീടിന രണ്ടിളം കരളുചേര്‍ന്നൊന്നായൊരന്നാളുകള്‍.

കവി : പ്രേംജി, കൃതി : നാല്‍ക്കാലികള്‍

ശ്ലോകം 1009 : ഉച്ചത്തില്‍പ്പറയുന്നു ഞാന്‍...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഉച്ചത്തില്‍പ്പറയുന്നു ഞാന്‍, സരസനാം പട്ടത്തു കുഞ്ഞുണ്ണിയെ--
ന്നൊച്ചപ്പെട്ടു വസിച്ചിടും കവിവരന്‍ കേടറ്റ നേന്ത്രപ്പഴം,
അച്ഛന്‍ വെണ്മണി ചിങ്ങനാണു, പുതുവാളമ്പാടി പൂവമ്പഴം,
അച്ചങ്കണ്ട, നറച്ചിടുന്നിരുമുടിക്കുന്നന്റെ മാണിപ്പഴം.

കവി : അച്ചങ്കണ്ടത്തു നമ്പിയാര്‍, വെണ്മണി അച്ഛന്‍, അമ്പാടി

ശ്ലോകം 1010 : ആദ്യം വന്നതു കാലബോധം...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ആദ്യം വന്നതു കാലബോധ, മതിനോടൊപ്പം പദാര്‍ത്ഥാദിസ--
മ്പാദ്യം, ഹൃത്തിനു തെല്ലൊരാര്‍ദ്രത, വെളിച്ചത്തോടവിദ്വേഷവും
ഉദ്യത്‌പത്രകരോപനീതമുകുളശ്ലോകം നിവേദ്യങ്ങളായ്‌
പ്രദ്യോതാര്‍പ്പണമാക്കിടാമിവിടെ നാ, മുദ്യാനവിദ്യാര്‍ത്ഥികള്‍!

കവി : മധുരാജ്‌

ശ്ലോകം 1011 : ഊക്കില്‍പ്പെരുത്ത നൃപസല്‍കൃതി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തതിലകം

ഊക്കില്‍പ്പെരുത്ത നൃപസല്‍കൃതിയാം ബിലാത്തി--
ത്തീക്കപ്പലോടു കിടനോക്കുവതിന്നിദാനീം
ഈക്കെല്‍പ്പെഴാത്ത മമ ദുഷ്കൃതിയാകുമോടി--
യേല്‍ക്കില്‍ പരുന്തൊടിനിയീച്ച പടയ്ക്കൊരുങ്ങും.

കവി : ഉള്ളൂര്‍, കൃതി : ഒരു പദ്യലേഖനം

ശ്ലോകം 1012 : ഇതര പാപഫലാനി...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ദ്രുതവിളംബിതം

ഇതര പാപഫലാനി യഥേച്ഛയാ
വിലിഖിതാനി സഹേ ചതുരാനന
അരസികേഷു കവിത്വ നിവേദനം
ശിരസി മാ ലിഖ മാ ലിഖ മാ ലിഖ!

കവി : കാളിദാസന്‍

ശ്ലോകം 1013 : ആയാസത്താല്‍ വിയര്‍പ്പിന്‍...

ചൊല്ലിയതു്‌ : ജീവി
വൃത്തം : സ്രഗ്ദ്ധര

ആയാസത്താല്‍ വിയര്‍പ്പിന്‍ കണികകളണിയും നെറ്റിമേല്‍ പാതിയോളം
മായും സിന്ദൂരഗോപിക്കുറിയു, മുടലിലക്കാട്ടുചെമ്മണ്ണുമേന്തി
സായംകാലം പുണര്‍ന്നീടിന ഘനശകലംപോലെ, മാടിന്റെ പിന്നില്‍
കായാമ്പൂവര്‍ണ്ണനെത്തും നയനമധുരമം ചിത്രമോര്‍ക്കട്ടെ ചിത്തം.

കവി : വി. കെ. ജി.

ശ്ലോകം 1014 : സാശയാ വിധുതപാശയാ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : കുസുമമഞ്ജരി

സാശയാ വിധുതപാശയാ വിധൃതപാശയാ സരജനീശയാ
ശോശയാനപതപാശയാ കുചവികോശയാ വിനുതമേശയാ
സേനയാ സുമഥനാശയാ ഹൃതഹരാശയാ ദമിതനാശയാ
ഹേലയാദൃതസുകോശയാ ദിവി വിമോചയേ വിമതനാശയാ.

കവി : ശ്രീനാരായണഗുരു, കൃതി : ദേവീപ്രണാമദേവ്യഷ്ടകം

ശ്ലോകം 1015 : സൂരിവ്രജത്തൊടിടപെട്ട്‌...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : വസന്തതിലകം

സൂരിവ്രജത്തൊടിടപെട്ടിതരാനുബന്ധം
ദൂരെ ത്യജിച്ചു ദുരഹങ്കൃതിയുള്ളതെല്ലാം
തീരെക്കളഞ്ഞു തിരുനാമപദം ജപിച്ചാല്‍
തീരും നമുക്കു ജനനീജഠരപ്രവേശം

കവി : ശീവൊള്ളി

ശ്ലോകം 1016 : തന്‍ പാപങ്ങളൊരുത്തി...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

തന്‍ പാപങ്ങളൊരുത്തിയശ്രുനദിയായ്‌പ്പാദത്തിലര്‍പ്പിക്കവേ
നിന്‍ പേര്‍ചൊല്ലി ജനങ്ങളൂര്‍ജ്ജതയൊടന്നോശാന പാടീടവേ
നിന്‍ പാദങ്ങള്‍ കരങ്ങള്‍ പേശികളഹോ ക്രൂശില്‍പ്പിടഞ്ഞീടവേ
നീ പ്രാര്‍ത്ഥിച്ചതു ലോകനന്മ വരുവാന്‍ കാരുണ്യമുണ്ടാകുവാന്‍!

കവി : ബാലേന്ദു, കൃതി : ശ്രീയേശുനവകം

ശ്ലോകം 1017 : നില്‍ക്കാ ഭൂമിയിലൊന്നുമെങ്ങും...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നില്‍ക്കാ ഭൂമിയിലൊന്നുമെങ്ങുമൊരുപോലെന്നും വെളുപ്പോളവും
കക്കാനൊക്കുകയില്ലൊരാള്‍ക്കു -- "പലനാള്‍ കട്ടാലൊരുന്നാള്‍ പെടും"
ഇക്കാണുന്നൊരു കൂരിരുള്‍ക്കുഴിയില്‍നിന്നൊന്നാകെയിന്നാടിനെ--
പ്പൊക്കാന്‍ നല്ലൊരു നാളെ വന്നുപുലരും കേഴായ്ക, നാടേ ഭവാന്‍!

കവി : പ്രേംജി, കൃതി : നാല്‍ക്കാലികള്‍

ശ്ലോകം 1018 : ഇല്ലാ വിസ്മയമേകനായ്‌...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഇല്ലാ വിസ്മയമേകനായ്‌ ജലനിധിശ്യാമാങ്കസീമാങ്കഭൂ--
വെല്ലാടം നഗരാര്‍ഗ്ഗളോച്ചഭുജനീ രാജാവു പാലിപ്പതില്‍;
നല്ലാരാസുരബദ്ധവൈരകള്‍ ജയം നേരുന്നു വിണ്‍നാട്ടുകാ--
രെല്ലാം വില്ലനിവന്റെ വില്‍ക്കൊടിയിലും, ശക്രന്റെ വജ്രത്തിലും.

കവി : കാലടി രാമന്‍ നമ്പ്യാര്‍ / കാളിദാസന്‍, കൃതി : ശാകുന്തളം തര്‍ജ്ജമ (കേളീശാകുന്തളം)

ശ്ലോകം 1019 : നിര്‍മ്മര്യാദങ്ങളിമ്മാണി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

നിര്‍മ്മര്യാദങ്ങളിമ്മാണികളിരുവരുമായ്ച്ചെയ്തതെല്ലാം പൊറുക്കാം;
കര്‍മ്മം പൊന്നീടിലോ ചെറ്റതിനു പകരവും വീണ്ടുകൊള്ളാമൊരുന്നാള്‍;
ധമ്മില്ലം കൊണ്ടു മെല്ലെപ്പിഹിതവദനമയ്യോ! തദാനീം ചിരിച്ചാ--
ളമ്മല്ലാര്‍വേണി; ചൊല്ലാമതു മനസി പൊറായുന്നിതെല്ലായിലും മേ.

കവി : പുനം നമ്പൂതിരി, കൃതി : രാമായണം ചമ്പു

ശ്ലോകം 1020 : ധൂളീധൂഷിതമായ്‌...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ധൂളീധൂഷിതമായ്‌ പുകക്കറപിടിച്ചംബോധരോല്‍ഘട്ടനം
മൂലം പാടുകള്‍ വീണ വിഷ്ണുപദമെമ്പാടും പുതുക്കീടുവാന്‍
നീലച്ചായമുണക്കി വെച്ച നിലയില്‍ കൂമ്പാരമായ്‌ക്കാണുമീ--
ശ്ശെയിലത്തിന്‍ വനനീലകോമളിമയാലിന്നാടു ചേതോഹരം!

കവി : വി.കെ.ജി

ശ്ലോകം 1021 : നാലുംകൂട്ടി മുറുക്കിടുന്നതു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നാലുംകൂട്ടി മുറുക്കിടുന്നതു രസം! താംബൂലസാരം നുണ--
ഞ്ഞേലും തൂലഹരീവിലാസമൊരുമട്ടാനന്ദസന്ദായകം,
ചാലേ ചുണ്ടു ചുമന്നുകിട്ടു, മിനിയും തുപ്പുന്ന മട്ടില്‍ കുറെ--
ച്ചേലു, ണ്ടായതു ദൂരെവേണ, മധികം താംബൂലമാപത്‌കരം.

കവി : ഏവൂര്‍ പരമേശ്വരന്‍

ശ്ലോകം 1022 : ചിന്തൂരം തൊട്ടു, ചിന്തും...

ചൊല്ലിയതു്‌ : ജീവി
വൃത്തം : സ്രഗ്ദ്ധര

ചിന്തൂരം തൊട്ടു, ചിന്തും പ്രഭയുടയ മണിക്കോപ്പണി, ഞ്ഞാളിമാരോ--
ടെന്തോ ചെന്താമരക്കണ്മുന ചെറുതു ചെരിച്ചുച്ചരിച്ചും, ചിരിച്ചും
ചെന്താരമ്പന്‍ ചെറുക്കുന്നതിനു ചെറുതിരച്ചില്ലി ചിന്നിച്ചു, മത്തന്‍--
ചന്തിക്കെട്ടും ചലിപ്പിച്ചൊരു തരുണി വരും പിട്ടു നേരിട്ടു കണ്ടേന്‍.

കവി : ശീവൊള്ളി, കൃതി : ഒരു കഥ

ശ്ലോകം 1023 : ചേലായാല്‍ മതി പെണ്‍കുളി...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ചേലായാല്‍ മതി പെണ്‍കുളിക്കടവിലെച്ചേലങ്ങള്‍ കക്കും, മുല--
പ്പാലായാല്‍ മതിയാസ്വദിക്കണമലം ഹാലാഹലം ചേരിലും,
നീലാറ്റിന്‍ കരയാകിലും മതി രതിക്രീഡയ്ക്കു, കാട്ടോട തന്‍
കോലായാല്‍ മതി പാടുവാന്‍ - ചതുരനോ തെമ്മാടിയോ നീ ഹരേ!

കവി : വി. കെ. ജി.

ശ്ലോകം 1024 : നീലക്കാര്‍കാന്തികോലും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

നീലക്കാര്‍കാന്തികോലും പുരികുഴല്‍നിരതന്‍ മേന്മ നന്‍മ്മെയിലുകള്‍ക്കും
നീളെത്തൂകും മധൂളീമധുരകളവചോഭങ്ഗി പെണ്‍കുയ്‌ലുകള്‍ക്കും
ലീലാചാതുര്യമോരോന്നഭിനവലതകള്‍ക്കും കടം നല്‍കി മെല്ലേ
നീലക്കണ്ണാള്‍ തപസ്സിന്നുചിതത തടവീടുന്ന വേഷം ധരിച്ചാള്‍.

കവി : ലക്ഷ്മീപുരത്തു രവിവര്‍മ്മത്തമ്പുരാന്‍, കൃതി : ഗൌരീപരിണയം

ശ്ലോകം 1025 : ലോകാനാമേകനാഥം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

ലോകാനാമേകനാഥം, പദതളിരില്‍ വണങ്ങും ജനാനാമശേഷാ-
മാകാംക്ഷാം പൂരയന്തം, നയനശിഖിശിഖാലീഢചൂതായുധാംഗം,
ഏകീഭാവായ കുന്നിന്‍മകളെ നിജശരീരാര്‍ദ്ധമായ്‌ ചേര്‍ത്തു, പേര്‍ത്തും
ഭോഗോന്മേഷം വളര്‍ക്കും വിബുധപരിവൃഢം ചന്ദ്രചൂഡം ഭജേഥാഃ.

ശ്ലോകം 1026 : എന്നോമലിങ്ങുവരികെന്നു...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : വസന്തതിലകം

എന്നോമലിങ്ങുവരികെന്നു യശോദ മെല്ലെ--
ച്ചൊന്നാള്‍ മകന്നു പുതുവെണ്ണ കൊടുപ്പതിന്നായ്‌
അന്നേരമാര്‍ത്തിയൊടെയോടി വിയര്‍ത്തുവീണ
കണ്ണന്റെ കാതരത കാണ്മതു കൌതുകം മേ

കവി : പൂന്താനം, കൃതി : ശ്രീകൃഷ്ണ കര്‍ണാമൃതം

ശ്ലോകം 1027 : അമ്മേരു തന്നുപരിഭാഗമതില്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തതിലകം

അമ്മേരു തന്നുപരിഭാഗമതില്‍ക്കരേറാം
ചെമ്മേ രസാതലമതിന്നടിയില്‍ഗ്ഗമിക്കാം
ഇമ്മെയ്യൊടാഴിയതിനപ്പുറവും കടക്കാം
അമ്മേ! മഹാവിഷമമാണു കുടുംബഭാരം!

ശ്ലോകം 1028 : ഇതെന്തൊരാനന്ദമിതെന്തു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വംശസ്ഥം

ഇതെന്തൊരാനന്ദമിതെന്തു കൌതുകം
സ്വതന്ത്രമായ്‌ സുന്ദരമിപ്രഭാകണം
ഇതാ പറന്നെത്തിയടുത്തു ഹാ! പറ--
ന്നിതാ തൊടും മുന്‍പിതു വിണ്ണിലായിതേ

കവി : കുമാരനാശാന്‍, കൃതി : മിന്നാമിനുങ്ങ്‌

ശ്ലോകം 1029 : ഇന്ദീവരേണ നയനം...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : വസന്തതിലകം

ഇന്ദീവരേണ നയനം, മുഖമംബുജേന
കുണ്ടേന ദന്ത, മധരം നവ പല്ലവേന
അംഗാനി ചമ്പകദളൈശ്ച വിധായ വേധാഃ
കാന്തേ കഥം രചിതവാനുപലേന ചേതഃ

കവി : കാളിദാസന്‍, കൃതി : ശൃംഗാരതിലകം

ശ്ലോകം 1030 : ആക്രാമന്‍ ദിവി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ആക്രാമന്‍ ദിവി ദക്ഷിണാപരഹരിത്കോണൈകദേശം ക്ഷണം
വൈമാനശ്ചലരശ്മിജാലജടിലോ ഗോളോऽയമുജ്ജാഗരഃ
ലംബംലംബമുപാരിരംസുരധുനാ സായാഹ്നിവഹ്നിദ്യുതിര്‍--
ദ്വൈതീയീകദിനേശമണ്ഡലതുലാലിസ്പുഃ സമുത്പ്രക്ഷ്യതേ.

കവി : എ.ആര്‍. രാജരാജവര്‍മ്മ, കൃതി : വിമാനാഷ്ടകം

ശ്ലോകം 1031 : ലാവണ്യം കൊണ്ടിണങ്ങും...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : സ്രഗ്ദ്ധര

ലാവണ്യം കൊണ്ടിണങ്ങും പുതുമ, കവിതകൊണ്ടുള്ള സത്‌കീര്‍ത്തി, വിദ്വദ്‌--
ഭാവം കൊണ്ടുള്ള മാന്യസ്ഥിതി, രണപടുതാമൂലമാം വന്‍ പ്രതാപം
ഈവണ്ണം വര്‍ണനീയം ഗുണമഖിലമൊരേ വാതിലില്‍ തട്ടിമുട്ടി--
ജ്ജീവത്താമാദിമൂലപ്രകൃതിയിലൊടുവില്‍ ചെന്നുചേരുന്നുവല്ലോ.

കവി : വി.സി.ബാലകൃഷ്ണപ്പണിക്കര്‍, കൃതി : ഒരു വിലാപം

ശ്ലോകം 1032 : ഇതിനളഗിരാ യാതേ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ഹരിണി

ഇതിനളഗിരാ യാതേ ഹംസേ വിദര്‍ഭപുരീം ഗതേ
തദുപവനദേശാന്തേ ശാന്തേ നിഷീദതി കുത്രചിത്‌
ശ്രുതനളഗുണാ ഭൈമീ കാമാതിഗുഹനനിസ്സഹാ
വനമുപഗതാ നീതാ ജാതാദരാഭിരഥാളിഭി.

കവി : ഉണ്ണായി വാര്യര്‍, കൃതി : നളചരിതം ആട്ടക്കഥ

ശ്ലോകം 1033 : ശ്രീമാമുനീന്ദ്രമണി...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : വസന്തതിലകം

ശ്രീമാമുനീന്ദ്രമണി `പുറ്റുമകന്‍' ചമച്ച--
രാമായണം സരളകോമളമാദികാവ്യം
ഹേ മാന്യ! സാഹസവശാലടിയന്‍ കടന്നു
സാമാന്യമൊക്കെയൊരു തര്‍ജ്ജമ ചെയ്തുതീര്‍ത്തേന്‍!

കവി : വള്ളത്തോള്‍, കൃതി : (ഡയറി)

ശ്ലോകം 1034 : ഹൃച്ചഞ്ചലിപ്പു...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : വസന്തതിലകം

ഹൃച്ചഞ്ചലിപ്പു, നെടുവീര്‍പ്പു, വിനിദ്രഭാവം,
വിച്ഛിന്നചിന്തകള്‍, വിനോദവിരക്തി, ഭക്തി
ഇച്ചൊന്നതപ്പടി സതീര്‍ത്ഥ്യരിലേറ്റിടും നി--
ന്നച്ഛാങ്ഗഭങ്ഗി, കമലാക്ഷി, പരീക്ഷ തന്നെ!

കവി : വി. കെ.ജി

ശ്ലോകം 1035 : ഇല്ലസ്പഷ്ടഗുണത്വം...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഇല്ലസ്പഷ്ടഗുണത്വമങ്ങയില്‍, മഹാരാജത്വവും; പിന്നെയി--
ല്ലല്ലോ മാഗധസൂതവന്ദിനിലയീയുള്ളോനിലും വല്ലതും;
ചൊല്ലാനുള്ളതുമിന്നു നൂറുശതമാനത്തോളവും സത്യമാം;
മള്‍ള്യൂരേ, തടയായ്ക താങ്കള്‍ പൃഥുപോ, ലീവാഗ്വിസര്‍ഗാഞ്ജലി.

കവി : ടി. എം. വി.

ശ്ലോകം 1036 : ചിലമ്പുമക്കാഞ്ചന...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഉപേന്ദ്രവജ്ര

ചിലമ്പുമക്കാഞ്ചന കാഞ്ചിയോടും
ചിലമ്പുതന്‍ മഞ്ജുളനാദമോടും
ചലല്‍പ്പദം ഖേലനലാലസന്മാ--
രലങ്കരിച്ചാരഥ ഗോപവാടം

കവി : കുഞ്ചന്‍ നമ്പ്യാര്‍, കൃതി : ശ്രീകൃഷ്ണചരിതം മണിപ്രവാളം

ശ്ലോകം 1037 : ചോറ്റാനിക്കര വാഴുമംബ...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

"ചോറ്റാനിക്കര വാഴുമംബ, ഭവദീയാജ്ഞയ്ക്കു മദ്ദേഹവും
വിട്ടോടീ ചിരബാധയായൊരുമഹാഗന്ധര്‍വ്വനമ്മേ തൊഴാം"
"ചെറ്റില്ലായതിലെന്റെ മേന്മ, യടിയന്ത്രത്തിന്റെ നാഗസ്വരം
കേട്ടാ ബാധയൊഴിഞ്ഞു, നിത്യമിവിടെക്കാണുന്നതാണീവിധം."

കവി : ബാലേന്ദു, കൃതി :

ശ്ലോകം 1038 : ചാടിന്‍ ചട്ടം ചവിട്ടി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ചാടിന്‍ ചട്ടം ചവിട്ടിച്ചിതറിയതില്‍ മുതിര്‍ന്നോരോമനക്കാലു പൊക്കി--
ച്ചാടുമ്പോള്‍ ചന്തി കുത്തിച്ചതുപുതയഥ വീണേറെ മേല്‍ച്ചേറണിഞ്ഞും
ചാടുന്തിപ്പിച്ചവയ്ക്കും ചതിയുടയ ചലല്‍ക്കണ്ണനാം കണ്ണനെച്ചാ--
ഞ്ചാടിച്ചാരത്തു ചാരുസ്മിതരുചി ചിതറിക്കൊണ്ടു കണ്ടീടണം മേ!

കവി : വെണ്മണി മഹന്‍, കൃതി : (സമസ്യാപൂരണം)

ശ്ലോകം 1039 : ചാരം, വെള്ളം, കരിത്തോല്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

ചാരം, വെള്ളം, കരിത്തോല്‍, മഴു, വെരു - തിവയു, ണ്ടെപ്പൊഴും ഭൂതജാലം
ചാരത്തു, ണ്ടീ നിലയ്ക്കുള്ളൊരു പടുമലയന്‍ കെട്ടിയോളായ തായേ!
സ്വൈരം ത്രെയിലോക്യവിത്താം തിരുമിഴിയെ വിത, ച്ചെന്‍ മനസ്സാം നിലത്തി--
ന്നേരം ഭക്തിക്കൃഷിക്കായ്ത്തുടരു, കിതതിനിജ്ജന്മി ചാര്‍ത്തിത്തരുന്നൂ!

കവി : വള്ളത്തോള്‍, കൃതി : ദേവീസ്തവം

ശ്ലോകം 1040 : സകലാസു കലാസു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തമാലിക

സകലാസു കലാസു നൈപുണം കൊ--
ണ്ടഖിലാനന്ദവിധായിധന്യശീല!
ചകലാസു പുതച്ചു സൌഖ്യമേല്‍പ്പാ--
നഭിലാഷം വളരുന്നു സത്യമത്രേ

കവി : അനന്തപുരത്തു രാജരാജവര്‍മ്മ മൂത്തകോയിത്തമ്പുരാന്‍

ശ്ലോകം 1041 : ചിന്തുന്നു ചോര സിര തന്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തതിലകം

ചിന്തുന്നു ചോര സിര തന്‍ മുറിവായില്‍ നിന്നു-;
മെന്‍ ദേഹമിപ്പൊഴുമിറച്ചി നിറഞ്ഞതത്രേ;
സംതൃപ്തി കിട്ടിയതുമില്ല നിനക്കു; മെന്നി--
ട്ടെന്തിന്നു ഹേ ഗരുഡ, ഭക്ഷണമങ്ങു നിര്‍ത്തി?

കവി : ഉമേഷ്‌ നായര്‍, കൃതി : (നാഗാനന്ദത്തിലെ ഒരു ശ്ലോകത്തിന്റെ തര്‍ജ്ജമ)

ശ്ലോകം 1042 : സൌധങ്ങള്‍ മേല്‍പ്പൊട്ടു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ഇന്ദ്രവജ്ര

സൌധങ്ങള്‍ മേല്‍പ്പൊട്ടു വളര്‍ന്നു നമ്മെ--
ബ്ബാധിക്കുമെന്നുള്ളൊരു സംശയത്താല്‍
ധാതാവു പണ്ടേ നിജലോകവാസം
സാധിച്ചതല്ലീ സകലത്തിനും മേല്‍?

കവി : അഴകത്തു പദ്മനാഭക്കുറുപ്പ്‌, കൃതി : രാമചന്ദ്രവിലാസം

ശ്ലോകം 1043 : ധരാതലത്തില്‍ ധനപുഷ്ടി...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ഉപേന്ദ്രവജ്ര

ധരാതലത്തില്‍ ധനപുഷ്ടിയൊത്തു--
ണ്ടൊരാര്യദേശം നിഷധാഭിധാനം
ചിരാല്‍ വിളങ്ങുന്നു കുബേരദിക്കാം
വരാംഗിയാള്‍ തൊട്ടൊരു പൊട്ടു പോലെ.

കവി : വള്ളത്തോള്‍, കൃതി : ചിത്രയോഗം

ശ്ലോകം 1044 : ച്യുതഭാഗ്യനായ്‌...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : പ്രമിതാക്ഷര

ച്യുതഭാഗ്യനായ്‌ പരിണമിക്കുകയാല്‍
നിതരാം നൃശംസനവനാദിമുതല്‍;
ഋതമില്ല തെല്ലവനിലായതിനാല്‍
ഗതമായവന്നു നിലനില്‍പുമതില്‍.

കവി : കട്ടക്കയം, കൃതി : ശ്രീയേശു വിജയം

ശ്ലോകം 1045 : ഋഷിദേവഗണസ്വധാഭുജാം...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : വിയോഗിനി

ഋഷിദേവഗണസ്വധാഭുജാം
ശ്രുതയാഗപ്രസവൈഃ സ പാര്‍ത്ഥിവഃ
അനൃണത്വമുപേയിവാന്‍ ബഭൌ
പരിധേര്‍മുക്തയിവോഷ്ണദീധിതിഃ

കവി : കാളിദാസന്‍, കൃതി : രഘുവംശം

ശ്ലോകം 1046 : അടങ്ങാതന്തിയ്ക്കങ്ങ്‌...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശിഖരിണി

അടങ്ങാതന്തിയ്ക്കങ്ങലര്‍ശരരിപുസ്വാമി നടനം
തുടങ്ങുമ്പോള്‍ നോക്കിസ്സരസമഥ കൊണ്ടാടുമവനെ
മുടങ്ങാതെപ്പോഴും നവരസമൊലിയ്ക്കുന്ന മിഴിയാല്‍
കൊടുങ്ങല്ലൂരമ്മേ! കുശലമടിയങ്ങള്‍ക്കു തരണേ!

കവി : കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍

ശ്ലോകം 1047 : മാതാവേ നിത്യകന്യേ...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

മാതാവേ, നിത്യകന്യേ, നിരവധി കരുണാധാമമേ, സന്മനസ്സിന്‍
ദാതാവേ, സൌമ്യശീലേ, ജഗദഘഹരനാമീശപുത്രന്നു തായേ,
ശ്രീതാവും നിന്റെ നേത്രം പതിയണമിവനില്‍, ക്കേവലം പ്രീതിയോടേ
ഭ്രാതവായ്‌ത്തോന്നണം മേ സകലരുമതിനായ്‌ ഭക്തിപൂര്‍വ്വം നമിപ്പേന്‍!

കവി : ബാലേന്ദു

ശ്ലോകം 1048 : ശബ്ദബ്രഹ്മേതി കര്‍മ്മേത്യണുരിതി...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : സ്രഗ്ദ്ധര

ശബ്ദബ്രഹ്മേതി കര്‍മ്മേത്യണുരിതി ഭഗവന്‍, കാല ഇത്യാലപന്തി
ത്വാമേകം വിശ്വഹേതും സകലമയതയാ സര്‍വഥാ കല്‍പ്യമാനം
വേദാന്തൈര്‍ യത്തു ഗീതം പുരുഷപരചിദാത്മാഭിധം തത്തു തത്ത്വം
പ്രേക്ഷാമാത്രേണ മൂലപ്രകൃതിവികൃതികൃത്‌ കൃഷ്ണ, തസ്മൈ നമസ്തേ!

കവി : മേല്‍പ്പത്തൂര്‍, കൃതി : നാരായണീയം(98:5)

ശ്ലോകം 1049 : വെണ്ണീറും, വെള്ളെലിമ്പും,...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

വെണ്ണീറും, വെള്ളെലിമ്പും, വിഷധരവിലസത്‌പാമ്പുമാപാദചൂഡം,
തണ്ണീരെപ്പോഴുമോലും, തലയിലെരികനല്‍ക്കട്ട പൊട്ടിന്റ കണ്ണും,
എണ്ണേറും ഭൂതയൂഥങ്ങളൊടൊരു കളിയും കണ്ടു നിന്നോടിണങ്ങും
പെണ്ണോളം ധൈര്യമുള്ളോരുലകിലൊരുവര്‍ മറ്റില്ല, ചെല്ലൂര്‍പിരാനേ!

ശ്ലോകം 1050 : എസ്കേപ്പിസ്റ്റുകളുണ്ടു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

എസ്കേപ്പിസ്റ്റുകളുണ്ടു, രണ്ടു തരമാണക്കൂട്ടരെന്‍ തോഴരേ!
സെക്സും വിസ്ക്കിയുമിസ്ക്കി,യസ്ക്യതയുണര്‍ത്തീടും കഥാകൃത്തുകള്‍;
ദുഃഖത്തിന്‍ നിഴലാ, യരണ്ട മുകിലായ്‌, ഹോസ്പിറ്റലായ്‌, സ്വപ്നമായ്‌
ദിക്കെല്ലാമലയുന്ന കാവ്യകല തന്‍ വേതാളരൂപങ്ങളും.

കവി : ഏവൂര്‍ പരമേശ്വരന്‍

ശ്ലോകം 1051 : ദുര്‍മ്മന്ത്രാന്നൃപതിര്‍വിനശ്യതി...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ദുര്‍മ്മന്ത്രാന്നൃപതിര്‍വിനശ്യതി, യതിഃ സംഗാത്‌, സുതോ ലാളനാത്‌,
വിപ്രോऽനദ്ധ്യയനാത്‌, കുലം കുതനയാ, ച്ഛീലം ഖലോപാസനാത്‌,
മൈത്രീ ചാപ്രണയാത്‌, സമൃദ്ധിരനയാത്‌, സ്നേഹഃ പ്രവാസാശ്രയാത്‌,
സ്ത്രീ ഗര്‍വ്വാ, ദനപേക്ഷണാദപി കൃഷിഃ ത്യാഗാത്‌, പ്രമോദാദ്ധനം.

കവി : വിഷ്ണുശര്‍മ്മ, കൃതി : പഞ്ചതന്ത്രം

ശ്ലോകം 1052 : മാഴക്കണ്ണാള്‍ക്കൊരു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മന്ദാക്രാന്ത

മാഴക്കണ്ണാള്‍ക്കൊരു മയിലുമുണ്ടങ്ങു പിന്‍കാലൊളം പോയ്‌--
ത്താഴെച്ചെല്ലും പുരികുഴലഴിച്ചോമല്‍ നില്‍പ്പോരുനേരം
ഊഴത്തം കൊണ്ടിരുള്‍മുകിലിതെന്റഞ്ചിതം പീലിജാലം
ചൂഴച്ചിന്തിച്ചുവയൊടുടനേ പാടിയാടീടുവോന്റു്‌

കൃതി : ഉണ്ണുനീലിസന്ദേശം

ശ്ലോകം 1053 : ഉള്‍ക്കാമ്പിനേറീടിന...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ഇന്ദ്രവജ്ര

ഉള്‍ക്കാമ്പിനേറീടിന ബാധ നല്‍കും
ചിക്കെന്നു ശയ്യയ്ക്കതിദോഷമേകും
തീര്‍ക്കായ്കില്‍ വേഗത്തില്‍ വളര്‍ന്നുകൂടും
ദുഷ്കാവ്യവും മൂട്ടയുമൊന്നുപോലെ.

കവി : കെ. സി. കേശവപിള്ള, കൃതി : (സമസ്യാപൂരണം)

ശ്ലോകം 1054 : തോട്ടത്തിലിപ്പോള്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

തോട്ടത്തിലിപ്പോള്‍ ഗൃഹസാര്‍വഭൌമ--
നതാതു സസ്യങ്ങളെയങ്ങുമിങ്ങും
ഗംഭീരമായോരു വിലോകനത്താല്‍
സംഭാവനം ചെയ്തു നടന്നിടുന്നു.

കവി : കുറ്റിപ്പുറത്തു കേശവന്‍ നായര്‍, കൃതി : ഗ്രാമീണകന്യക

ശ്ലോകം 1055 : ഗണിച്ചിടാതേ മുനിയായൊരെന്നെ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വംശസ്ഥം

ഗണിച്ചിടാതേ മുനിയായൊരെന്നെ നീ
നിനച്ചിടുന്നേവനെയേകതാനയായ്‌
സ്മരിച്ചിടാ നിന്നെയവന്‍, കഥിക്കിലും
ഭ്രമിച്ചവന്‍ പൂര്‍വ്വകൃതാം കഥാമിവ.

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍, കൃതി : ശാകുന്തളം തര്‍ജ്ജമ

ശ്ലോകം 1056 : സമക്ഷമായ്ക്കാണുകിലെന്നപോലെ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വംശസ്ഥം

സമക്ഷമായ്ക്കാണുകിലെന്നപോലെ ഞാന്‍
സമാധിമൂലം സുഖമാര്‍ന്നിരിക്കവേ
ഭ്രമം കളഞ്ഞെന്തിനു ചിത്രമാക്കി നീ
ചമച്ചു വീണ്ടും കമലായതാക്ഷിയെ?

കവി : എ.ആര്‍. , കൃതി : ശാകുന്തളം

ശ്ലോകം 1057 : ഭൂരിപൂക്കള്‍ വിടരുന്ന...

ചൊല്ലിയതു്‌ : ജീവി
വൃത്തം : രഥോദ്ധത

ഭൂരിപൂക്കള്‍ വിടരുന്ന പൊയ്കയും
തീരവും വഴികളും തരുക്കളും
ചാരുപുല്‍ത്തറയുമോര്‍ത്തിടുന്നതിന്‍--
ചാരെ നാമെഴുമെഴുത്തുപള്ളിയും.

കവി : കുമാരനാശാന്‍, കൃതി : നളിനി

ശ്ലോകം 1058 : ചിന്തിച്ചിടുന്നെളിമ കണ്ടു...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : വസന്തതിലകം

ചിന്തിച്ചിടുന്നെളിമ കണ്ടു ചവിട്ടിയാഴ്ത്താന്‍
ചന്തത്തിനായ്‌ സഭകളില്‍പ്പറയുന്നു ഞായം
എന്തോര്‍ക്കിലും കപടവൈഭവമാര്‍ന്ന ലോകം
പൊന്തുന്നു, സാധുനിര താണു വശം കെടുന്നു

കവി : കുമാരനാശാന്‍ , കൃതി : ഒരു തീയക്കുട്ടിയുടെ വിചാരം

ശ്ലോകം 1059 : എന്നല്ലയാംഗലകലാലയ...

ചൊല്ലിയതു്‌ : ജീവി
വൃത്തം : വസന്തതിലകം

എന്നല്ലയാംഗലകലാലയ ക്ല്പ്തവിദ്യ--
യൊന്നെന്നിയുന്നതി വരാനിഹ മാര്‍ഗ്ഗമില്ല;
എന്നാല്‍ പഠിക്കവതിനോ ധനമേറെവേണ--
മിന്നോര്‍ക്കില്‍ നിസ്വരിഹ നമ്മുടെ കൂട്ടരെല്ലാം.

കവി : കുമാരനാശാന്‍, കൃതി : ഒരു തീയക്കുട്ടിയുടെ വിചാരം

ശ്ലോകം 1060 : ഏറെക്കൌതുകമുള്ളൊരേണമിഴിയാള്‍...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഏറെക്കൌതുകമുള്ളൊരേണമിഴിയാള്‍ താംബൂല ഗര്‍ഭാസ്യയായ്‌
കാറൊക്കും കുഴല്‍ പിന്‍പുറത്തഴകിലിട്ടമ്പോടെഴും പോലവേ
പാരം ബാലദിനേശ ഗര്‍ഭമുഖിയായ്‌ ശോണാധരത്തോടു നല്‍--
സ്വൈരം പ്രാചി വിളങ്ങിടുന്നു തിമിരക്കൂട്ടങ്ങള്‍ കാട്ടാതഹോ!

കവി : വെണ്മണി മഹന്‍ , കൃതി : കാമതിലകം ബാണം

ശ്ലോകം 1061 : പ്രദോഷദീപാവലി...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

പ്രദോഷദീപാവലി കണ്ടുകൊണ്ടു
പാശ്ചാത്യഭൂഭാഗമണഞ്ഞ സൂര്യന്‍
പ്രഭാതദീപാവലി കണ്ടുകൊണ്ടു
പൌരസ്ത്യദേശത്തെയണഞ്ഞു വീണ്ടും.

കവി : കുറ്റിപ്പുറത്തു കേശവന്‍ നായര്‍, കൃതി : ഗ്രാമീണകന്യക

ശ്ലോകം 1062 : പ്രണിഹിതമണിനൂപുരാങ്ഘൃ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : പുഷ്പിതാഗ്ര

പ്രണിഹിതമണിനൂപുരാങ്ഘൃപദ്മാ--
മനുപമകാന്തിഝരീപരീതഗാത്രീം
ജനനയനസുധാം, ത്രപാനുരാഗ--
ക്ഷണനതമുഗ്‌ദ്‌ധമുഖീം, ദദര്‍ശ സീതാം.

കവി : പുനം നമ്പൂതിരി, കൃതി : രാമായണം ചമ്പു

ശ്ലോകം 1063 : ജന്തൂനാം നരജന്മ...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ജന്തൂനാം നരജന്മ ദുര്‍ലഭ, മതഃ പുംസ്ത്വം, തതോ വിപ്രതാ,
തസ്മാദ്‌ വൈദികധര്‍മമാര്‍ഗപരതാ, വിദ്വത്ത്വമസ്മാത്‌പരം,
ആത്മാനാത്മവിവേചനം സ്വനുഭവോ ബ്രഹ്മാത്മനാ സംസ്ഥിതിര്‍--
മുക്തിര്‍നോ ശതകോടി ജന്മസുകൃതൈഃ പുണ്യൈര്‍ വിനാ ലഭ്യതേ

കവി : ശങ്കരാചാര്യര്‍, കൃതി : വിവേകചൂഡാമണി

ശ്ലോകം 1064 : ആദൌ ദേവകി ദിവ്യഗര്‍ഭജനനം...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ആദൌ ദേവകിദിവ്യഗര്‍ഭജനനം, ഗോപീഗൃഹേ വര്‍ത്തനം,
മായാപൂതന ജീവിതാപഹരണം, ഗോവര്‍ദ്ധനോദ്ധാരണം,
കംസശ്ചേദിപകൌരവാദിനിധനം, കുന്തീസുതാപാലനം,
ഏവം ഭാഗവതം പുരാണകഥിതം ശ്രീകൃഷ്ണലീലാമൃതം.

ശ്ലോകം 1065 : കണ്ട പണ്ടമഖിലം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : കുസുമമഞ്ജരി

കണ്ട പണ്ടമഖിലം കലര്‍ന്നഴിയുമിങ്ങുകണ്ണിലതില്‍നിന്നുതാ--
നണ്ഡപിണ്ഡമഖിലം വിരിഞ്ഞുവരുമെന്നുമൊന്നുമറിയാതഹോ!
പണ്ടുപണ്ടുപരി ചെയ്ത പാപനിരപറ്റിനിന്നു പതറിക്കുമി--
ക്കണ്ടകശ്ശനിയൊഴിച്ചു നീ സപദി കാത്തുകൊള്‍ക പരദൈവമേ!

കവി : കുമാരനാശാന്‍, കൃതി : ശാംകരശതകം

ശ്ലോകം 1066 : പീലി ചാര്‍ത്തിയൊരു കുന്തളം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : കുസുമമഞ്ജരി

പീലി ചാര്‍ത്തിയൊരു കുന്തളം, വടിവിലാടിടും മകരകുണ്ഡലം,
ചാലില്‍ മുത്തിഴകള്‍, വന്യമാല, കളഭാദി ചേര്‍ന്ന പുതുസൌരഭം,
കാലില്‍ നല്‍ത്തളകള്‍, പൊന്നിടഞ്ഞ തുകില്‍, പിന്നെ മീതെയരഞ്ഞാണുമീ-
ച്ചേലില്‍ രാസനടനം തുടര്‍ന്ന തവ മൂര്‍ത്തി പേര്‍ത്തുമിവനോര്‍ത്തിടാം

കവി : സി. വി. വാസുദേവഭട്ടതിരി, കൃതി : നാരായണീയം തര്‍ജ്ജമ (69:1)

ശ്ലോകം 1067 : കേശപാശധൃത...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : കുസുമമഞ്ജരി

കേശപാശധൃതപിഞ്ഛികാവിതതി സഞ്ചലന്മകരകുണ്ഡലം
ഹാരജാല വനമാലികാലുളിതമംഗരാഗ ഘനസൌരഭം
പീതചേലധൃതകാഞ്ചികാഞ്ചിദമുദഞ്ചദംശു മണിനൂപുരം
രാസകേളി പരിഭൂഷിതം തവ ഹി രൂപമീശ കലയാമഹേ!

കവി : മേല്‍പ്പത്തൂര്‍, കൃതി : നാരായണീയം (69:1)

ശ്ലോകം 1068 : പിച്ചനെല്ലവിലിടിച്ചു...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : കുസുമമഞ്ജരി

പിച്ചനെല്ലവിലിടിച്ചുകെട്ടിയ പഴന്തുണിക്കിഴിയുമേന്തിയ--
ന്നച്യുതന്റെ തിരുമുന്‍പില്‍ വന്നവനിരന്നതില്ല ധനമെങ്കിലും
അച്ഛസൌഹൃദമുറച്ച ഭക്തിയിലണച്ചു വേണ്ടവിഭവങ്ങള്‍ നി--
ന്നിച്ഛ തുച്ഛതരമര്‍ഹനെങ്കിലരുളാത്തതില്ല കരുണാകരന്‍

കവി : വി.കെ.ജി

ശ്ലോകം 1069 : ആഴി തന്നിലുരഗേശനായ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : കുസുമമഞ്ജരി

ആഴി തന്നിലുരഗേശനായ മണിമെത്തമേലഴകിനോടു ചേര്‍--
ന്നേഴുരണ്ടുലകമന്‍പില്‍ നേത്രമുന കൊണ്ടു കാത്തു കലിതാദരം
ചൂഴുമുള്ള മുനിദേവജാതി പുകഴുന്നതും പരിചിനോടു കേ--
ട്ടാഴിമാതിനൊടു കൂടിയുള്ള കളി കോലുമീശ്വരമുപാസ്മഹേ!

കവി : പൂന്താനം, കൃതി : പാര്‍ത്ഥസാരഥീസ്തവം

ശ്ലോകം 1070 : ചെമ്പരുത്തിനിറം വഹിക്കും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മല്ലിക

ചെമ്പരുത്തിനിറം വഹിക്കുമഹര്‍മ്മുഖത്തെയടുത്തു ക--
ണ്ടമ്പരന്നതുപോലെ പാഞ്ഞൊഴിയുന്നു കൂരിരുള്‍ ദൂരവേ;
വമ്പനാം തവ രോഷരൂഷിതമായ്ച്ചമഞ്ഞ മുഖത്തെയുള്‍--
ക്കമ്പമേറിടുമാറു കാണുമരാതിസേനകണക്കിനേ.

കവി : വള്ളത്തോള്‍, കൃതി : ചിത്രയോഗം

ശ്ലോകം 1071 : വേണുനാദകൃത...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : കുസുമമഞ്ജരി

വേണുനാദകൃതതാനഗാനകളഗാനരാഗഗതിയോജനാ-
ലോഭനീയമൃദുപാദപാതകൃതതാളമേളനമനോഹരം
പാണിസംക്വണിതകങ്കണം ച മുഹുരംസലംബിതകരാംബുജം
ശ്രോണിബിംബചലദംബരം ഭജത രാസകേളിരസഡംബരം

കവി : മേല്‍പ്പത്തൂര്‍, കൃതി : നാരായണീയം (69:4)

ശ്ലോകം 1072 : പുണ്യമായ ഭഗവത്‌കഥാമൃതം...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : കുസുമമഞ്ജരി

"പുണ്യമായ ഭഗവത്‌കഥാമൃതമൊഴിഞ്ഞിനിക്കലിയുഗത്തിലീ
മന്നിടത്തിലുടലാര്‍ന്നവര്‍ക്കു വഴിയില്ല മോക്ഷപദമേറുവാന്‍.
അന്നു ഭാഗവതവും നരന്നു ഹിതമാകയില്ല രതിയെന്നിയേ"
യെന്നു ഗോപികളെ വെന്ന കണ്ണനരുളട്ടെയിന്നിവനു വാഗ്മിത.

കവി : രാജേഷ്‌ വര്‍മ്മ

ശ്ലോകം 1073 : ആരിതിന്നൊരുവനര്‍ത്ഥി...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : കുസുമമഞ്ജരി

ആരിതിന്നൊരുവനര്‍ത്ഥി? യെന്തു പകരം തനിക്കൊരുപകാരവും
വാരിദങ്ങള്‍ മഴപെയ്തഥാപി സുഖമേകിടുന്നിഹ ശരീരിണാം
"മാരി പെയ്യു"മൊരു ഗീരിവണ്ണമുരചെയ്കയാല്‍ ഗണകനേകനി--
പ്പാരിനേ വില കൊടുത്തു വാങ്ങിയതു പോല്‍ നിനപ്പതതിദുസ്സഹം!

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍, കൃതി : അന്യാപദേശശതകം തര്‍ജ്ജമ

ശ്ലോകം 1074 : മുത്തണിഞ്ഞകുട ചാമരം...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : കുസുമമഞ്ജരി

മുത്തണിഞ്ഞകുട ചാമരം തഴ നിറം കലര്‍ന്നു, പല വാദ്യവും
പത്തുനൂറു യുവസുന്ദരാംഗികള്‍ വിളക്കെടുത്തു പുറകേ മുദാ
ഭക്തിപൂണ്ടു പദപങ്കജം തൊഴുതു ലോകര്‍ തിങ്ങിയുടനെങ്ങുമേ
ചിത്രമേ തിരുവനന്തനല്‍പ്പുരമമര്‍ന്ന ശീവെലിമഹോത്സവം.

കവി : കുഞ്ചന്‍ നമ്പ്യാര്‍

ശ്ലോകം 1075 : ഭൂഷണേഷു കില ഹേമവത്‌...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : കുസുമമഞ്ജരി

ഭൂഷണേഷു കില ഹേമവ, ജ്ജഗതി മൃത്തികാവദഥവാ ഘടേ,
തന്തുജാലവദഹോ പടേഷ്വപി ച, രാജിതാദ്വയരസാത്മകം
സര്‍വ്വസത്ത്വഹൃദയൈകസാക്ഷിണ, മിഹാതിമായനിജവൈഭവം,
ഭാവയാമി ഹൃദയേ ഭവന്തമിഹ പദ്മനാഭ പരിപാഹി മാം.

കവി : സ്വാതി തിരുനാള്‍

ശ്ലോകം 1076 : സോമകോടിസമധാമകഞ്ചുകില...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : കുസുമമഞ്ജരി

സോമകോടിസമധാമകഞ്ചുകിലലാമമഞ്ചതലമാസ്ഥിതം
ശ്യാമതാമരസദാമകോമളരമാദൃഗഞ്ചിതകരാഞ്ചലം
കാമദായകമമോഘമേഘകുലകാമനീയകഹരം പരം
സാമജാമയഹരം ഹരിം സ മുനിരാനനാമ വനമാലിനം.

കവി : അശ്വതി തിരുനാള്‍, കൃതി : പൌണ്ഡ്രകവധം

ശ്ലോകം 1077 : കുന്തളാവലി വിയര്‍ത്ത...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : കുസുമമഞ്ജരി

കുന്തളാവലി വിയര്‍ത്ത പൂങ്കവിളില്‍ മിന്നിയും, കുളുര്‍മുലക്കുടം
ചന്തമോടു നടമാടിയും, പൃഥുനിതംബമണ്ഡലമുലഞ്ഞുമേ,
ചെന്തളിര്‍ത്തനു തളര്‍ന്നിടും പടി, സലീലമദൃജ നിജാന്തികേ
പന്തടിക്കെ, നിടിലാക്ഷനാര്‍ന്ന പുളകം നമുക്കരുള്‍ക മംഗളം!

കവി : വള്ളത്തോള്‍, കൃതി : വിലാസലതിക (വന്ദനശ്ലോകം)

ശ്ലോകം 1078 : ചാഞ്ഞിങ്ങു നീര്‍ തൊട്ടു...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഇന്ദ്രവജ്ര

ചാഞ്ഞിങ്ങു നീര്‍ തൊട്ടു കിടന്നിടുന്ന
വന്‍പാറമേല്‍ ശാന്തസരിത്പ്രവാഹം
ആ മന്ദ്രശബ്ദത്തൊടു ചെന്നലയ്ക്കെ
ചിന്നുന്നു നീര്‍ത്തുള്ളി പളുങ്കുപോലെ

കവി : വള്ളത്തോള്‍

ശ്ലോകം 1079 : അന്തിച്ചുകപ്പംബരമാം...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

അന്തിച്ചുകപ്പംബരമാം വനത്തില്‍--
ച്ചെന്തീപടര്‍ന്നുള്ളതുപോലെ കാണായ്‌
ജഗത്തശേഷം ചരമാര്‍ക്കകാന്തി--
പ്രദീപ്തിയാല്‍ ഭാസുരമായ്‌ വിളങ്ങി

ശ്ലോകം 1080 : ജോലിക്കു വയ്ക്കുമവരൊക്കെ...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : വസന്തതിലകം

ജോലിക്കു വയ്ക്കുമവരൊക്കെ വിവാഹിതന്മാ--
രാവേണമെന്നൊരു നിബന്ധനയെന്തിനെന്നോ?
ചെറ്റൊച്ചവച്ചു പഴിചൊല്ലുവതെന്റെ ശീലം
കെട്ടാത്തവര്‍ക്കതു പൊറുക്കുക ശീലമാകാ.

കവി : ബാലേന്ദു

ശ്ലോകം 1081 : ചൂടേറ്റിട്ടൊട്ടു ഞെട്ടറ്റലര്‍നിരയെ...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : സ്രഗ്ദ്ധര

ചൂടേറ്റിട്ടൊട്ടു ഞെട്ടറ്റലര്‍നിരയെ മദിച്ചാന ഗണ്ഡങ്ങള്‍ തേച്ചി--
ട്ടാടുമ്പോഴാശു ഗോദാവരിയിലിഹ പൊഴിക്കുന്നു തീരദ്രുമങ്ങള്‍;
കൂടേറി പ്രാവു പൂങ്കോഴികള്‍ കരയുമിവറ്റിന്റെ തോലില്‍ ചരിക്കും
കീടത്തെച്ചെന്നു കൊത്തുന്നിതു നിഴലിലിരുന്നൂഴി മാന്തും ഖഗങ്ങള്‍.

കവി : ചാത്തുക്കുട്ടി മന്നാടിയാര്‍, കൃതി : ഉത്തരരാമചരിതം

ശ്ലോകം 1082 : കോഴി,യാടു മുതലായ...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : കുസുമമഞ്ജരി

കോഴി,യാടു മുതലായ ജന്തുനിരയെപ്പിടിച്ചു കൃപയെന്നിയേ
പാഴില്‍ വെട്ടുവതു കൊണ്ടു ദേവിയുടെ നല്‍പ്രസാദമുളവാകിലോ
ഊഴി തന്നില്‍ നിജപുത്രസന്തതിവധത്തിനാല്‍ ജനനിയായിടും
കേഴമാന്മിഴിയിലും ഭവിക്കുമതിയായ മോദമതു നിര്‍ണ്ണയം

കവി : കെ സി കേശവപിള്ള, കൃതി : സുഭാഷിതരത്നാകരം

ശ്ലോകം 1083 : ഉദയതി ശശിബിംബം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മാലിനി

ഉദയതി ശശിബിംബം കാന്തമന്തിച്ചുവപ്പില്‍;
പരമപി രവിബിംബം ചെന്റിതസ്തം പ്രയാതി;
ഉഭയമിതമുരുമ്മിക്കൂടുകില്‍ക്കുങ്കുമാര്‍ദ്രം
കുചയുഗമുപമിക്കാം നൂനമച്ചീസുതായാഃ.

, കൃതി : ചെറിയച്ചീവര്‍ണനം

ശ്ലോകം 1084 : ഉദ്യോഗസ്ഥകരത്തിലാണു...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഉദ്യോഗസ്ഥകരത്തിലാണു ഭരണം സര്‍വ്വം നിയന്ത്രിക്കുമാ
കേമന്‍ മന്ത്രിവശംഗതന്‍, മഹിതനാ നേതാവു കൂറുള്ളവന്‍
ഹാ! വമ്പെന്തിതിലേറെ വേണമിവിടെപ്പൂര്‍ണ്ണം ജനായത്തമെ--
ന്നേവം കണ്ണുമടച്ചിരിപ്പു സതതം വോട്ടും കൊടുത്തിട്ടു നാം!

കവി : ബാലേന്ദു

ശ്ലോകം 1085 : ഹാ കഷ്ടം, നരജീവിതം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഹാ കഷ്ടം! നരജീവിതം ദുരിത, മീ ശോകം മറക്കാന്‍ സുഖോ-
ദ്രേകം ചീട്ടുകളിക്കയാം ചിലര്‍, ചിലര്‍ക്കാകണ്‌ഠപാനം പ്രിയം,
മൂകം മൂക്കിനു നേര്‍ക്കു കാണ്മു ചിലരിന്നേകം ശിവം സുന്ദരം,
ശ്ലോകം ചൊല്ലിയിരിപ്പു ഞങ്ങള്‍ ചില, രീ ലോകം വിഭിന്നോത്സവം !

കവി : വെയിലോപ്പിള്ളി

ശ്ലോകം 1086 : മായാരണത്തില്‍ വളരെ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തതിലകം

മായാരണത്തില്‍ വളരെബ്‌ഭടര്‍ ചേര്‍ന്നു തീവ്ര--
വ്യായാമനാകുമനിരുദ്ധനെ വെന്നശേഷം
ധീയാര്‍ന്ന ബാണസചിവേന്ദ്രനുഷാഗൃഹത്തില്‍--
പ്പോയാന്‍, തദീയസഖി ചെന്നറിയിക്ക മൂലം.

കവി : വള്ളത്തോള്‍, കൃതി : ബന്ധനസ്ഥനായ അനിരുദ്ധന്‍

ശ്ലോകം 1087 : ധിക്‌ പാണ്ഡുപുത്രചരിതം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തതിലകം

ധിക്‌ പാണ്ഡുപുത്രചരിതം സ്ഥവിരപ്രമാണം
ബാലപ്രമാണമപി കഷ്ടമഹോ വിനഷ്ടം!
രേ, ധര്‍മ്മജ! ദ്രുപദജാമപി പൃച്ഛ കാര്യം;
നാരീപ്രമാണമപി തേऽസ്ത്വിഹ രാജ്യതന്ത്രം!

കവി : മേല്‍പ്പത്തൂര്‍, കൃതി : രാജസൂയം ചമ്പു

ശ്ലോകം 1088 : രോമാഞ്ചയന്‍ ഗോഭിരഹോ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

രോമാഞ്ചയന്‍ ഗോഭിരഹോ സചേതസഃ
പുരശ്ച പശ്ചാച്ഛ സമന്തതോ ജനാന്‍
ഗീതാഞ്ജലേര്‍ഗായക ഏഷ ദൃശ്യതേ
സചക്ഷുഷഃ സ്മഃ സശരല്‍സഖോ രവിഃ.

കവി : കുമാരനാശന്‍, കൃതി : സ്വാഗതപഞ്ചകം

ശ്ലോകം 1089 : ഗതം തിരശ്ചീനം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വംശസ്ഥം

ഗതം തിരശ്ചീനമനൂരുസാരഥേഃ
പ്രസിദ്ധമൂര്‍ദ്ധ്വജ്വലനം ഹവിര്‍ഭുജഃ
പതത്യധോ ധാമ വിസാരി സര്‍വ്വതഃ
കിമേതദിത്യാകുലമീക്ഷിതം ജനൈഃ

കവി : മാഘന്‍, കൃതി : ശിശുപാലവധം (മാഘം) (1:2)

ശ്ലോകം 1090 : പ്രീഡിഗ്രി കൊണ്ടു ഗുണമില്ലിനി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തതിലകം

പ്രീഡിഗ്രി കൊണ്ടു ഗുണമില്ലിനി ബീയെയായാല്‍
ബീയെഡ്ഡു വേണ, മിനിയെംഫിലതെമ്മെയായാല്‍,
ക്ലാസോടു കൂടി വിജയിക്കിലുമിന്നു വേണം
ലേശം ധനം പകിടിയോ പിഴയോ കൊടുക്കാന്‍.

കവി : ഏവൂര്‍ പരമേശ്വരന്‍

ശ്ലോകം 1091 : കണ്ഠേ വിഷം ഭഗവതോ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തതിലകം

കണ്ഠേ വിഷം ഭഗവതോ മമ തോഴ, ചിത്തേ
ചിന്താവിഷം നിഹിത, മെങ്ങളിലേഷ ഭേദഃ;
കന്ദര്‍പ്പനോടു പകയാം, കുളുര്‍തിങ്കള്‍ ചൂടാം,
അപ്പാച്ചിയെപ്പിരികില്‍ ഞാന്‍ പരമേശതുല്യഃ

കൃതി : ലീലാതിലകം

ശ്ലോകം 1092 : കണ്ണിമയ്പിലഴിയും പ്രപഞ്ചം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : കുസുമമഞ്ജരി

കണ്ണിമയ്പിലഴിയും പ്രപഞ്ചമിതു കണ്ടു കണ്ടു മുഷിയുന്നൊര--
ക്കണ്ണില്‍നിന്നു കരകേറി വന്നു കഴലേറി നിന്നു കളിയാടുവാന്‍
കണ്ണുവച്ചു കരയുന്നു വന്നു കലിവേടനാടലിടചേരുമ--
ക്കണ്ണിവച്ചു പിടിപെട്ടു തിന്നുകളയാതെ കാത്തരുള്‍ക ദൈവമേ!

കവി : കുമാരനാശാന്‍, കൃതി : ശാംകരശതകം

ശ്ലോകം 1093 : കദാചന വ്രജശിശുഭിഃ...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : അതിരുചിര

കദാചന വ്രജശിശുഭിഃ സമം ഭവാന്‍
വനാശനേ വിഹിതമതിഃ പ്രഗേതരാം
സമാവൃതോ ബഹുതരവത്സമണ്ഡലൈഃ
സതേമനൈര്‍നിരഗമദീശ, ജേമനൈഃ.

കവി : മേല്‍പ്പത്തൂര്‍, കൃതി : നാരായണീയം (51:1)

ശ്ലോകം 1094 : സ്വര്‍ഗ്ഗാതിര്‍ത്തിയതിക്രമിച്ച...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

സ്വര്‍ഗ്ഗാതിര്‍ത്തിയതിക്രമിച്ച യമനെപ്പാകാരി ശാസിച്ചു പോല്‍,
"നില്‍ക്കൂ നിര്‍ത്തു പരാക്രമം തവകൃതം, കേസാക്കുമല്ലെങ്കില്‍ ഞാന്‍";
ചീര്‍ക്കും തന്‍ ചിരിയൊട്ടൊതുക്കി യമനൊന്നാരാഞ്ഞു, "വാദിക്കുവാന്‍
വക്കീലെങ്ങു തവാന്തികേ, സകലരും വന്നുള്ളതിങ്ങോട്ടു താന്‍!"

കവി : ബാലേന്ദു

ശ്ലോകം 1095 : ചേതോഭുവശ്ചാപല...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ഇന്ദ്രവജ്ര

ചേതോഭുവശ്ചാപലതാപ്രസംഗേ
കാ വാ കഥാ മാനുഷലോകഭാജാം?
യദ്ദാഹശീലസ്യ പുരാം വിടേതു--
സ്തഥാവിധം പൌരുഷമര്‍ദ്ധമാസീത്‌.

കവി : കാളിദാസന്‍

ശ്ലോകം 1096 : യാദവര്‍ക്കു കുരു...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : രഥോദ്ധത

യാദവര്‍ക്കു കുരു പാണ്ഡവാദിയില്‍
ഭേദമെന്തു നിരുപിച്ചു കാണുകില്‍
മോദമോടിവിടെയാരു മുമ്പില്‍വ--
ന്നാദരിക്കുമവരോടു ചേരണം

കവി : നടുവത്തച്ഛന്‍, കൃതി : ഭഗവദ്ദൂതു്‌

ശ്ലോകം 1097 : മരങ്ങള്‍ തന്മേല്‍...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

മരങ്ങള്‍ തന്മേല്‍ ചില കൂരിയാറ്റ--
ക്കൂടുണ്ടു ചന്തത്തൊടു തൂങ്ങി നില്‍പ്പൂ
ശിരസ്സു കീഴായ്‌ നിലകൊള്ളുമുഗ്ര--
തപസ്വിമാര്‍ തന്‍ ജടയെന്നപോലെ

കവി : വള്ളത്തോള്‍

ശ്ലോകം 1098 : ശിശുക്കള്‍ തന്‍ പുഞ്ചിരി...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

ശിശുക്കള്‍ തന്‍ പുഞ്ചിരി പോലെനിക്കു
ചിത്തം കുളിര്‍പ്പിപ്പൊരു കൊച്ചു പൂവേ!
വെണ്‍തിങ്കള്‍ രാകും പൊടികൊണ്ടു തീര്‍ത്തൂ
വേധസ്സു നിന്മെ, യ്യതിനില്ല വാദം.

കവി : ഉള്ളൂര്‍, കൃതി : തുമ്പപ്പൂവ്‌

ശ്ലോകം 1099 : വാല്‌മീകിയ്ക്കു നിഷാദബാണമിണയെ...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വാല്‌മീകിയ്ക്കു നിഷാദബാണമിണയെപ്പൊള്ളിച്ച ദുഃഖാഗ്നിയായ്‌
വ്യാസന്നന്ത്യരണാങ്കണത്തിലിളയെപ്പാലിച്ച ധര്‍മ്മോക്തിയായ്‌,
ദാസന്നാത്മസുഗന്ധമായ കലയെക്കാണിച്ചവാഗ്രൂപമായ്‌
ഭാസിയ്ക്കുന്ന വരിഷ്ഠവൃത്തരുചിരശ്ലോകങ്ങളേ വാഴുക!

കവി : പി. എന്‍. വിജയന്‍ , കൃതി : ശ്ലോക സ്തോത്രപഞ്ചകം

ശ്ലോകം 1100 : ദാനം ചെയ്തിട്ടു വീണ്ടും...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : സ്രഗ്ദ്ധര

ദാനം ചെയ്തിട്ടു വീണ്ടും സുകൃതഫലമിരട്ടിച്ച കര്‍ണ്ണന്റെ യാത്രാ--
ദാനം വാങ്ങിച്ച വൃദ്ധദ്വിജനമിതരസം പൂണ്ടു തുള്ളിത്തുടങ്ങീ
താനമ്പോ മട്ടുമാറി, ച്ചെറുതിടയൊഴിവായ്ക്കണ്ട പാര്‍ഥന്റെ സൂത--
സ്ഥാനം ചാടിക്കരേറീ, പടനടുവിലുടന്‍ പാഞ്ചജന്യം മുഴങ്ങീ

കവി : വി. കെ. ജി.

ശ്ലോകം 1101 : തുഞ്ചത്താചാര്യഭാഷാ...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

തുഞ്ചത്താചാര്യഭാഷാകളമൊഴി, മലയാളാംബികേ കുമ്പിടുന്നേന്‍
കുഞ്ചന്‍ നമ്പ്യാര്‍ക്കു നര്‍മ്മോജ്വലകവനകരീ കൈരളീ കൈതൊഴുന്നേന്‍
നിന്‍ ചന്തം ചിന്തിടും വാങ്മയതനുവനിശം നെഞ്ചിലെന്‍ പിഞ്ചുഹൃത്താം
മഞ്ചം തഞ്ചത്തിലേറിസ്സരസകളകളം കൊഞ്ചിടാന്‍ കെഞ്ചിടുന്നേന്‍.

കവി: കൃഷ്ണന്‍ കുത്തുള്ളി, കൃതി : നാല്‍ക്കാലിപ്രേമം

ശ്ലോകം 1102 : ന ചോരഹാര്യം...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

ന ചോരഹാര്യം ന ച രാജഹാര്യം
ന ഭ്രാതൃഭാജ്യം ന ച ഭാരകാരീ
വ്യയേ കൃതേ വര്‍ധത ഏവ നിത്യം
വിദ്യാധനം സര്‍വധനാത്‌ പ്രധാനം

കവി : ഭാമിനി, കൃതി : സഭാതരംഗിണി

ശ്ലോകം 1103 : വിഡ്ഢിത്തമേതുമൊരു...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : വസന്തതിലകം

വിഡ്ഢിത്തമേതുമൊരു പെണ്ണിനു പറ്റുകില്ലെ--
ന്നൊട്ടും ധരിച്ചുമിവനൊട്ടു കഥിച്ചുമില്ല;
കട്ടായമിങ്ങു പുരുഷന്നു ശരിക്കിണങ്ങും
മട്ടാണു ദൈവമവളെപ്പണിചെയ്തു മുന്നം.

കവി : ബാലേന്ദു

ശ്ലോകം 1104 : കഷ്ടിച്ചൊട്ടറിയാന്‍ തുടങ്ങിയ...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കഷ്ടിച്ചൊട്ടറിയാന്‍ തുടങ്ങിയ മുതല്‍ക്കുണ്ടായി ക്ലേശങ്ങളും
കഷ്ടപ്പാടുകളും സഹിച്ചൊരുവിധം മുമ്പോട്ടു നീങ്ങീടവേ
കഷ്ടം, ഹാ തകിടം മറിഞ്ഞൊരധികപ്പറ്റായി പിന്നീടു ഞാ--
നൊട്ടും മേ കരുതാത്തതാണു വിധിതാന്‍ തെറ്റല്ല പറ്റിച്ചതും.

കവി : പി. എന്‍. എസ്‌. നമ്പൂതിരി , കൃതി : നീക്കിയിരിപ്പു്‌

ശ്ലോകം 1105 : കണ്ടീ വിപത്തഹഹ...

ചൊല്ലിയതു്‌ : ജീവി
വൃത്തം : വസന്തതിലകം

കണ്ടീ വിപത്തഹഹ! കല്ലലിയുന്നിതാടല്‍--
കൊണ്ടാശു ദിങ്മുഖവുമിങ്ങനെ മങ്ങിടുന്നു
തണ്ടാര്‍സഖന്‍ ഗിരിതടത്തില്‍ വിവര്‍ണ്ണനായ്‌ നി--
ന്നിണ്ടല്‍പ്പെടുന്നു, പവനന്‍ നെടുവീര്‍പ്പിടുന്നു.

കവി : കുമാരനാശാന്‍, കൃതി : വീണപൂവ്‌

ശ്ലോകം 1106 : തായംകാവില്‍ കരിങ്കല്‍പ്പടിയില്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

തായംകാവില്‍ കരിങ്കല്‍പ്പടിയിലിവനിടം കയ്യടിച്ചും, വലങ്കൈ--
ത്താളം തെറ്റാതുരുട്ടാനനവധിദിവസം മുട്ടിവേറിട്ടടിച്ചും
മേളക്കയ്യാലരങ്ങത്തൊരുദിനമിവനും കൊട്ടവേ ചെറ്റുമില്ലാ--
തായീതായം പകച്ചോരിവനെയനുദിനം ചെണ്ടകൊട്ടിയ്ക്കയല്ലോ!

കവി : വടക്കുമ്പാട്‌ നാരായണന്‍ , കൃതി : ചെണ്ട

ശ്ലോകം 1107 : മേല്‍പ്പറ്റിടും പൊടിയഴുക്കു...

ചൊല്ലിയതു്‌ : ജീവി
വൃത്തം : വസന്തതിലകം

മേല്‍പ്പറ്റിടും പൊടിയഴുക്കു മെഴുക്കുനാറ്റം
വേര്‍പ്പെന്നു തൊട്ടവകളഞ്ഞതിശുദ്ധയാക്കി
വായ്പ്പേറിടും തനുസുഖം മനുജര്‍ക്കുചേര്‍പ്പാന്‍
സോപ്പേ നിനക്കു ശരി വാസനയേതിനുള്ളു?

ശ്ലോകം 1108 : വന്‍ പോരതില്‍ക്കൊടിയ...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : വസന്തതിലകം

വന്‍ പോരതില്‍ക്കൊടിയ ദാരികഹത്യ ചെയ്തി--
ട്ടന്‍പോടു പാട്ടുപുര തന്നിലമര്‍ന്ന ദേവീ!
വന്‍ പാപമാര്‍ത്തി ദുരിതാദികളൊക്കെ നീങ്ങാന്‍
നിന്‍പാദഭക്തി തുണയിന്നുലകത്തിലമ്മേ.

കവി : ബാലേന്ദു

ശ്ലോകം 1109 : വാനാറ്റിന്‍മട്ടുവായ്ക്കും...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം :

വാനാറ്റിന്‍മട്ടുവായ്ക്കും ജലഗുണമുടയോരേതൊരാറ്റില്‍ക്കുളിയ്ക്കാന്‍
നാനാരാജ്യത്തുനിന്നും പലനരര്‍ പതിവായിട്ടു വന്നെത്തി മേവും
ഞാനാ നല്ലാലുവായില്‍ പുഴയുടെയരികത്താണു പാര്‍പ്പെങ്കിലും മേ
സ്നാനാര്‍ത്ഥം കാഞ്ഞവെള്ളം വിഹിതമിതിനുമേലെന്തു നിര്‍ഭാഗ്യമുള്ളൂ?

കവി : വള്ളത്തോള്‍ , കൃതി : ഡയറി

ശ്ലോകം 1110 : ഞെട്ടറ്റു നീ മുകളില്‍...

ചൊല്ലിയതു്‌ : ജീവി
വൃത്തം : വസന്തതിലകം

ഞെട്ടറ്റു നീ മുകളില്‍ നിന്നു നിശാന്തവായു
തട്ടിപ്പതിപ്പളവുണര്‍ന്നവര്‍ താരമെന്നോ
തിട്ടം നിനച്ചു മലരേ ബത! ദിവ്യഭോഗം
വിട്ടാശു ഭൂവിലടിയുന്നൊരു ജീവനെന്നോ.

കവി : കുമാരനാശാന്‍ , കൃതി : വീണപൂവു്‌

ശ്ലോകം 1111 : തന്ത്രിക്കേറ്റമടുത്തുപാസന...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

തന്ത്രിക്കേറ്റമടുത്തുപാസന നടത്താം, നിന്നെ വന്ദിക്കുവാന്‍
മന്ത്രിക്കിത്തിരി മാറിനില്‍ക്കണ,മയാള്‍ തന്ത്രജ്ഞനാണെങ്കിലും
മന്ത്രിക്കുന്നു മനം കുറുംകവിത ദൂരാല്‍ക്കൂപ്പുമീയെന്നിലെ--
ത്തന്ത്രിക്കമ്പനമെന്റെ കൃഷ്ണ! ഗുരുവായൂരപ്പ! നീയാകണേ!

കവി : കരിമ്പുഴ രാമചന്ദ്രന്‍ , കൃതി : ശ്രീകൃഷ്ണ വാങ്മയം

ശ്ലോകം 1112 : മെച്ചം കൂടുന്ന കച്ചേരികളുടെ...

ചൊല്ലിയതു്‌ : ജീവി
വൃത്തം : സ്രഗ്ദ്ധര

മെച്ചം കൂടുന്ന കച്ചേരികളുടെ നടുവില്‍ചെന്നു കാല്‍ വച്ചു കാല്‍ മേല്‍
പച്ചപ്പേക്കൂത്തു കാട്ടിച്ചിലതു കശപിശെപ്പേശിയാല്‍തന്നെ പോരാ
പിച്ചക്കാരന്നുമീയുള്ളവനടിമപെടാനുള്ളവന്‍തന്നെയെന്നോര്‍-
ത്തുച്ചത്തില്‍ കൃത്യവര്‍ഗ്ഗങ്ങളെയുടനുടനേ തീര്‍ക്കണം തര്‍ക്കമെന്ന്യേ

കവി : പന്തളം കേരളവര്‍മ്മ

ശ്ലോകം 1113 : പ്രാസത്തിന്നു പദങ്ങളെപ്പലതരം...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പ്രാസത്തിന്നു പദങ്ങളെപ്പലതരം ക്രൂശിച്ചുകൊണ്ടുള്ള വി--
ന്യാസത്തോടെ വലിക്കുനീട്ടിയ വൃഥാസ്ഥൂലപ്രബന്ധോദ്യമം
ഹാ! സദ്യയ്ക്കു വിളിച്ചു പാഴ്ക്കറി വിളമ്പുമ്പോലെ പാരം പരീ--
ഹാസം; പോര വിരുന്നുകാരെയപമാനിക്കുന്നതായും വരാം.

കവി : കൃഷ്ണന്‍ കുത്തുള്ളി

ശ്ലോകം 1114 : ഹാ ധിക്‌ കഷ്ടം കുമാരൌ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : സ്രഗ്ദ്ധര

"ഹാ ധിക്‌ കഷ്ടം കുമാരൌ സുലളിതവപുഷൌ മല്ലവീരൌ കഠോരൌ
ന ദ്രക്ഷ്യാമോ, വ്രജാമസ്ത്വരിത"മിതി ജനേ ഭാഷമാണേ തദാനീം
ചാണൂരം തം കരോദ്‌ഭ്രാമണവിഗളദസും പോഥയാമാസിതോര്‍വ്യാം,
ഭൂന്മുഷ്ടികോ}പി ദ്രുതമഥ ഹലിനാ നഷ്ടശിഷ്ടൈര്‍ദധാവേ

കവി : മേല്‍പ്പത്തൂര്‍, കൃതി : നാരായണീയം (75:7)

ശ്ലോകം 1115 : ചേലൊത്ത പുഷ്പമൊരു...

ചൊല്ലിയതു്‌ : ജീവി
വൃത്തം : വസന്തതിലകം

ചേലൊത്ത പുഷ്പമൊരു ചെന്തളിരില്‍ പതിച്ചാ--
ലല്ലെങ്കില്‍ മുത്തുമണി നല്‍പവിഴത്തില്‍വെച്ചാല്‍,
തൊണ്ടിപ്പഴത്തിനെതിരാം മദിരാക്ഷി തന്റെ
ചുണ്ടില്‍പ്പരക്കുമൊരു പുഞ്ചിരിയോടെതിര്‍ക്കും.

കവി : എ. ആര്‍. രാജരാജവര്‍മ്മ, കൃതി : കുമാരസംഭവം തര്‍ജമ

ശ്ലോകം 1116 : തക്കാളിസൂപ്പിലഥ...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : വസന്തതിലകം

തക്കാളിസൂപ്പിലഥ തൈരുമറിഞ്ഞുവീണാല്‍
പക്കാവടയ്ക്കുപരി വെണ്ണ പരത്തി വച്ചാല്‍
ലിപ്സ്റ്റിക്കു തേച്ചമിതശോണിമയാര്‍ന്നിളിച്ച
ചുണ്ടില്‍പ്പരക്കുമവശം ചിരിയോടു നേര്‍ക്കും

കവി : ബാലേന്ദു, കഴിഞ്ഞ ശ്ലോകത്തിന്റെ ഹാസ്യാനുകരണം.

ശ്ലോകം 1117 : ലീലാലോലേ കദാചിത്ത്വയി...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : സ്രഗ്ദ്ധര

ലീലാലോലേ കദാചിത്ത്വയി ഫലകുലസംചോരണാത്യന്തകുപ്യദ്‌--
ബാലോക്തത്വന്മൃദാശശ്രവണകുപിതയാ പ്രോചിഷേ ത്വം ജനന്യാ
വത്സേഹാത്യന്തകുത്സ്യം ജഗതി മൃദശനം കിം കൃതം ദുര്‍വിനീത
ശ്രുത്വാ തദ്വാചമാസ്യം വികചകമലദേശ്യം ത്വയാശു വ്യദാരി

കവി : മാനവേദരാജ, കൃതി : കൃഷ്ണഗീതി

ശ്ലോകം 1118 : വൈരിവൃന്ദമലിവററുടനേ...

ചൊല്ലിയതു്‌ : ജീവി
വൃത്തം : സ്വാഗത

വൈരിവൃന്ദമലിവററുടനേ മുന്‍--
പൂരിവച്ച മിശിഹായുടെ വസ്ത്രം
താരിലും മിനുസമാം തിരുമെയ്യില്‍
ഭൂരിമാലുയരുമറണിയിച്ചു.

കവി : കട്ടക്കയം ചെറിയാന്‍ മാപ്പിള, കൃതി : ശ്രീയേശുവിജയം

ശ്ലോകം 1119 : താതന്‍ ജയിച്ചങ്ങൊരു...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

താതന്‍ ജയിച്ചങ്ങൊരു മന്ത്രിയാകും
പുത്രന്‍ തുടങ്ങും പല ഗൂഢ തന്ത്രം;
അതാണു നാട്ടില്‍ പതിവായ്‌ നടക്കും
ആദര്‍ശമച്ഛന്നു മകന്‍ മഹീയാന്‍.

കവി : ബാലേന്ദു

ശ്ലോകം 1120 : ആരാ?, ഞാന്‍ ബലഭദ്രസോദരന്‍...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

"ആരാ?", "ഞ്ഞാന്‍ ബലഭദ്രസോദര, നിതെന്‍വീടെന്നു തെറ്റിദ്ധരി--
ച്ചാണെ കേറിയ", "തെങ്കില്‍, നെയ്‌ഭരണിയില്‍കയ്യിട്ടതെന്തിന്നു നീ?"
"കാണാതായൊരു കന്നിനെത്തിരയുവാനാ"ണെന്നു കോപിച്ചൊര--
ഗ്ഗോപിക്കേകിയൊരുത്തരം ഹരി! ഹരിച്ചീടട്ടെയെന്‍മൌഢ്യവും.

കവി : മധുരാജ്‌

ശ്ലോകം 1121 : കണ്ടോരുണ്ടോ? തപശ്ശാന്തത...

ചൊല്ലിയതു്‌ : ജീവി
വൃത്തം : സ്രഗ്ദ്ധര

കണ്ടോരുണ്ടോ? തപശ്ശാന്തത നിറയുമകക്കാമ്പിലേക്കെത്തിനോക്കാ--
റുണ്ടത്രേ, ഗോപിമാര്‍തന്‍സ്മരമഥിതമനസ്സിങ്കലും തങ്ങുമത്രേ;
ഉണ്ടത്രേ നാമമോരായിര, മുപനിഷദുക്തിക്കെഴും യുക്തിയേയും
തിണ്ടാടിപ്പിച്ച മായാവിയെ, യൊരുകുറി കാണിക്കുമോ കാണിനേരം?

കവി : വി. കെ. ജി.

ശ്ലോകം 1122 : ഉന്മേഷത്തൊടു താന്‍ മുറുക്കി...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഉന്മേഷത്തൊടു താന്‍ മുറുക്കിയരികത്തല്‍പ്പം മുറുക്കാനുമായ്‌
ചുമ്മാതേ മണിപത്തടിപ്പതുവരേ മൂടിപ്പുതച്ചങ്ങനെ
ബ്രഹ്മസ്വം മഠമായതിന്റെ പടിയില്‍ പൂര്‍ണ്ണാനുമോദം പര--
ബ്രഹ്മം കണ്ടരുളുന്ന വെണ്മണി മഹന്‍ നമ്പൂരിയെക്കണ്ടു ഞാന്‍

കവി : കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍

ശ്ലോകം 1123 : ബാലാലലാമമണിതന്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തതിലകം

ബാലാലലാമമണിതന്നലസേക്ഷണങ്ങള്‍
നീലാരവിന്ദയുഗളീനിഗളപ്രദങ്ങള്‍;
വേലാതിവര്‍ത്തിരുചിയാമധരോഷ്ഠബിംബം
ലീലാനിരാകൃതജപാകുസുമാവലേപം.

കവി : ഉള്ളൂര്‍, കൃതി : ശിവഗീത

ശ്ലോകം 1124 : വിണ്ണില്‍ക്കണ്ണു പതിച്ചു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വിണ്ണില്‍ക്കണ്ണു പതിച്ചു നില്‍പ്പു ചില, രെന്നാണോ ഫലം കിട്ടുവാന്‍?
മന്നിന്‍ ഭോഗസുഖങ്ങളില്‍ മുഴുകിയും വാഴുന്നു വേറേ ചിലര്‍;
ഇന്നീക്കയ്യിലിരിപ്പതെന്തതിനെ നീ സൂക്ഷിക്ക, ലാഭം കള-
ഞ്ഞെന്നാലെ? ന്തകലത്തിലുള്ള പടഹധ്വാനങ്ങളും കേള്‍ക്കൊലാ!

കവി : ഉമേഷ്‌ നായര്‍. ഉമര്‍ ഖയ്യാമിന്റെ ഒരു ചതുഷ്പദിയുടെ പരിഭാഷ.

ശ്ലോകം 1125 : ഇനരശ്മികളേറ്റു...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : വിയോഗിനി

ഇനരശ്മികളേറ്റു വാടിയും
മണവും മാദ്ധ്വിയുമറ്റുമന്തിയില്‍
ഒരു പൂ വിലപിച്ചതീ വിധം
മരുദാന്ദോളനജാതമര്‍മ്മരം:

കവി : ഇ. നാരായണന്‍

ശ്ലോകം 1126 : ഒരു മുട്ടയുമില്ല...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : വിയോഗിനി

ഒരു മുട്ടയുമില്ല ബാക്കിയായ്‌
വരുമോരോന്നതു വന്നപോലെ പോം
തിരയുന്നു മനുഷ്യ; രൊന്നുമേ
വിരിയാ, ശോകരഹസ്യമായതും

കവി : ബാലേന്ദു, കൃതി : ചിന്താവിഷ്ടയായ കോഴി

ശ്ലോകം 1127 : താരഹാര, മിരുളാം കുചം,...

ചൊല്ലിയതു്‌ : ജീവി
വൃത്തം : രഥോദ്ധത

താരഹാര, മിരുളാം കുചം, വിധു-
സ്മേരവക്‌ത്രമിവപൂണ്ട രാത്രിയെ
പാരമംബരമൊഴിഞ്ഞു കാണ്‍കയാല്‍
കൈരവങ്ങള്‍ മിഴിപൊത്തി ലജ്ജയാല്‍.

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 1128 : പ്രാര്‍ത്ഥിച്ചിടാം ഞാന്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

പ്രാര്‍ത്ഥിച്ചിടാം ഞാനവിടത്തിലെത്തി
പ്രഭോ! മദുര്‍വിക്കു പരാര്‍ദ്‌ധ്യഭവ്യം;
ഭവാനു യോജിച്ച കൃതാന്തദണ്ഡം;
പരാസുവിന്‍ ജീവനു നിത്യശാന്തി.

കവി : ഉള്ളൂര്‍, കൃതി : രാമശാസ്ത്രി

ശ്ലോകം 1129 : ഭര്‍ത്താവുള്ളൊരബല...

ചൊല്ലിയതു്‌ : ജീവി
വൃത്തം : മന്ദാക്രാന്ത

ഭര്‍ത്താവുള്ളൊരബല സതിയായീടിലും ബന്ധുഗേഹേ
നിത്യം പാര്‍ത്താല്‍ ജനമിഹ മറിച്ചോര്‍ക്കുമെന്നുള്ള മൂലം
അസ്തസ്നേഹം സ്വപതി പെരുമാറീടിലും തത്സമീപേ
വര്‍ത്തിക്കേണം വനിത - യതിനാം ബാന്ധവര്‍ക്കുള്ളില്‍ മോഹം

കവി : ആറ്റൂര്‍ കൃഷ്ണപ്പിഷാരടി, കൃതി : ശാകുന്തളം തര്‍ജ്ജമ

ശ്ലോകം 1130 : ആരാധിപ്പാ, നരുണപദമാര്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : മന്ദാക്രാന്ത

ആരാധിപ്പാ, നരുണപദമാ, രന്‍പരൊ, ത്താരമാണ്ടോ,-
രാരായേണ്ടോരരയൊ, ടടിപെട്ടാരവാര്‍കൊങ്കവായ്പ്പാല്‍,
ആരാജശ്രീമുഖവു, മലസാ, ക്ഷ്യഭ്രകേശങ്ങളും ചേര്‍,-
ന്നാരാല്‍ക്കാണാ, മബലകളെയ, ങ്ങാലവട്ടങ്ങളോടും.

കവി : മഠം പരമേശ്വരന്‍ നമ്പൂതിരി, കൃതി : ശുകസന്ദേശം തര്‍ജ്ജമ

ശ്ലോകം 1131 : അര്‍ത്ഥോ നരാണാം...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : സ്രഗ്ദ്ധര

അര്‍ത്ഥോ നരാണാം പതിരംഗനാനാം
വര്‍ഷാ നദീനാ, മൃതുരാട്‌ തരൂണാം
സ്വധര്‍മ്മചാരീ നൃപതിര്‍പ്രജാനാം
ഗതം ഗതം യൌവനമാനയന്തി

കവി : വിഷ്ണുശര്‍മ്മ, കൃതി : പഞ്ചതന്ത്രം

ശ്ലോകം 1132 : സ്വാരാട്ടെന്നെയൊരിക്കല്‍ മുന്‍പു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

സ്വാരാട്ടെന്നെയൊരിക്കല്‍ മുന്‍പു ശകലം മാനിക്കുവാന്‍ വൈകവേ
പാരാതാപ്പുരുഷന്നു ഞാനരുളിടും ശാപം ശമിച്ചീടുവാന്‍
ഹാ! രാവും പകലും കിടന്നു പലനാള്‍ പാഥോധി ദേവാസുര-
ന്മാരാകെക്കടയേണ്ടിവന്ന കഥ നീയുള്‍ക്കാമ്പിലോര്‍ക്കുന്നുവോ?

കവി : ഉള്ളൂര്‍, കൃതി : അംബരീഷശതകം

ശ്ലോകം 1133 : ഹന്ത, ക്രീഡയിലിക്കരം...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഹന്ത! ക്രീഡയിലിക്കരം കടപറിച്ചിട്ടോരു വെള്ളാന തന്‍
ദന്തത്താല്‍, മഘവോപലക്കുമിളയും വെച്ചെന്‍ പ്രസാദാര്‍ത്ഥമായ്‌
വിണ്‍തച്ചന്‍ വിരചിച്ച പാദുകകളെ സ്വൈരം ത്രിലോകീമലര്‍-
പ്പെണ്‍തയ്യത്ര തലോടുമെന്നടികളില്‍ ചേര്‍ക്കുന്നു ചേടീജനം!

കവി : വള്ളത്തോള്‍, കൃതി : രാവണന്റെ അന്തഃപുരഗമനം

ശ്ലോകം 1134 : വല, ചൂണ്ട, ലിവറ്റ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തമാലിക

വല, ചൂണ്ട, ലിവറ്റ കൊണ്ടുചെന്നാ-
ണരയര്‍ക്കീയുലകത്തില്‍ മീന്‍പിടുത്തം;
വല പൂങ്കുഴല്‍, ചൂണ്ടല്‍ ചോരിവായീ-
യരയപ്പെണ്ണിനു, ചക്രവര്‍ത്തി മത്സ്യം.

കവി : ഉള്ളൂര്‍, കൃതി : സത്യവതി

ശ്ലോകം 1135 : വാചം ന മിശ്രയതി...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : വസന്തതിലകം

വാചം ന മിശ്രയതി യദ്യപി മദ്‌വചോഭിഃ
കര്‍ണ്ണം ദദാത്യഭിമുഖം മയി ഭാഷമാണേ
കാമം ന തിഷ്ഠതി മദാനനസമ്മുഖീനാ
ഭൂയിഷ്ഠമന്യവിഷയാ ന തു ദൃഷ്ടിരസ്യാഃ

കവി : കാളിദാസന്‍, കൃതി : അഭിജ്ഞാനശാകുന്തളം

ശ്ലോകം 1136 : കുട്ടിക്കുരംഗമിഴിയാമുമ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തതിലകം

കുട്ടിക്കുരംഗമിഴിയാമുമതന്റെ ചട്ട
പൊട്ടിക്കുരുത്തിളകുമക്കുളുര്‍കൊങ്ക രണ്ടും
മുട്ടിക്കുടിക്കുമൊരു കുംഭിമുഖത്തൊടൊത്ത
കുട്ടിയ്ക്കു ഞാന്‍ കുതുകമോടിത കൈതൊഴുന്നേന്‍!

കവി : വെണ്മണി മഹന്‍

ശ്ലോകം 1137 : മലയപവനനാലും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മാലിനി

മലയപവനനാലും മങ്കമാര്‍ തന്‍ കടാക്ഷാ-
മലതരസുധയാലും മന്ദഹാസത്തിനാലും
മലര്‍മടുമൊഴിയാലും മാന്യയോധര്‍ക്കു മന്ദം
മലയൊളിമുലയാലും മാറി മാലാകമാനം.

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 1138 : മാണിക്യം, മാറ്റു കൂടും...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : സ്രഗ്ദ്ധര

മാണിക്യം, മാറ്റു കൂടും മരതകമിതുമട്ടുള്ള രത്നം പതിച്ചാ-
വാനിന്‍ തച്ചന്‍ കുറെത്തച്ചുകള്‍ പണിതുരകൊള്ളിച്ച പല്ലക്കു താങ്ങി
ക്ഷീണിച്ചീടാത്ത കാല്‍വെപ്പൊടു കുതി തുടരാന്‍ വ്യാസവാല്മീകിഭാസ-
ശ്രേണിയ്ക്കെന്‍ വാണി, നീ തൂകിയ കരുണ പൊഴിക്കൊന്നിവന്മേലുമല്‍പം.

കവി : ടി. എം. വി.

ശ്ലോകം 1139 : കൊള്ളാമിപ്പാളയത്തില്‍പ്പട...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

കൊള്ളാമിപ്പാളയത്തില്‍പ്പട, ഭരതമഹീപാലര്‍ ദുഷ്ക്കാലവഹ്നി-
യ്ക്കുള്ളായ്‌ ത്താനേ ദഹിപ്പോരവസരമിതിലേക്കാറ്റു തൂറ്റാന്‍ വിശേഷം
എല്ലാരും പോരിനായിട്ടുടനടി നടകൊണ്ടീടുവിന്‍ വീടു കാക്കാ-
നള്ളാവുണ്ടിങ്ങു കയ്ക്കൊള്ളുക ഝടിതി ജയശ്രീയെയോ ഹൌറിയേയോ.

കവി : ഉള്ളൂര്‍, കൃതി : സുജാതോദ്വാഹം

ശ്ലോകം 1140 : എന്നും മറ്റും നിനച്ചും...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

എന്നും മറ്റും നിനച്ചും, ഹൃദി ഭയമൊഴിവാനേറെ മദ്യം കഴിച്ചും,
മുന്നും പിന്നും മറന്നും, മുഴുമതിയെ ഹഠാല്‍ പോര്‍ക്കു നേര്‍ക്കായ്‌ വിളിച്ചും,
ചിന്നും ഹാസം കലര്‍ന്നും, ചില പൊഴുതിള മേല്‍ വീണു, മപ്പാപി പിന്നീ-
ടന്നുന്മത്തന്‍ കണക്കെസ്സുതരൊടുമൊരുമിച്ചാത്മഗേഹം ഗമിച്ചാന്‍.

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 1141 : ചരിതാര്‍ത്ഥതയാര്‍ന്ന...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : വിയോഗിനി

ചരിതാര്‍ത്ഥതയാര്‍ന്ന ദേഹിയില്‍
തിരിയെശ്ശോഭനമല്ല ജീവിതം
പിരിയേണമരങ്ങില്‍ നിന്നുടന്‍
ശരിയായിക്കളി തീര്‍ന്ന നട്ടുവന്‍

കവി : കുമാരനാശാന്‍, കൃതി : ചിന്താവിഷ്ടയായ സീത

ശ്ലോകം 1142 : പ്രോദ്രേകാദ്രീതരൂപേ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

പ്രോദ്രേകാദ്രീതരൂപേ വിമലവരഗിരാ പൂര്‍വഗീതേഗുരൂരോ
ഭാര്‍ഗ്ഗശ്രീഗൌരിഗുപ്താഖിലപുരഗഗുരു പ്രേര്യഖേര്യാഗതാഗാഃ
ഖേലേഷ്ടാഭ്രാഢ്യരാഗോത്തരപടുഭിരുരു വ്യാപ്രമൈവാഖിലാപ്തൈഃ
പ്രേഡ്യാവിപ്രപ്രവര്യൈരുരുരയമതിഭീ രൂപിണീമേഗ്രഗാസ്താല്‍.

കവി : മേല്‍പ്പത്തൂര്‍, കൃതി : ഋഗ്വേദസൂക്തം

ശ്ലോകം 1143 : ഖഗങ്ങളേ മൃഗങ്ങളേ...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : പഞ്ചചാമരം

ഖഗങ്ങളേ മൃഗങ്ങളേ വിശാലഭൂരുഹങ്ങളേ,
ദൃഗഞ്ചലേന മഞ്ജുനോക്കുമേണ ശാബകങ്ങളേ,
നഗങ്ങളേ, ഗജങ്ങളേ, മനോജ്ഞവണ്ടിനങ്ങളേ,
സുഖേന നിങ്ങള്‍ കണ്ടിതോ ഘനേ വനേ നളം നൃപം?

കവി : മഴമങ്ഗലം , കൃതി : ഭാഷാനൈഷധചമ്പു

ശ്ലോകം 1144 : നന്ദി;യങ്ങതിഖരം...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : രഥോദ്ധത

നന്ദി; യങ്ങതിഖരം വിഴുങ്ങിയി--
ട്ടന്യനേകിയതു നല്ലൊരക്ഷരം
നഞ്ഞശിച്ചുലകിനന്നു മങ്ഗളം
തന്നൊരാ സ്മരഹരം സ്മരിപ്പു ഞാന്‍!

കവി : മധുരാജ്‌

ശ്ലോകം 1145 : നല്ല ഹൈമവതഭൂവില്‍...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : രഥോദ്ധത

നല്ല ഹൈമവതഭൂവില്‍ -- ഏറെയായ്‌--
ക്കൊല്ലം -- അങ്ങൊരു വിഭാതവേളയില്‍
ഉല്ലസിച്ചു യുവയോഗിയേകനുത്‌--
ഫുല്ലബാലരവിപോലെ കാന്തിമാന്‍

കവി : കുമാരനാശാന്‍, കൃതി : നളിനി

ശ്ലോകം 1146 : ഉണ്ടാഗ്ഗിരിക്കരികില്‍ മേക്കു...

ചൊല്ലിയതു്‌ : ജീവി
വൃത്തം : വസന്തതിലകം

ഉണ്ടാഗ്ഗിരിക്കരികില്‍ മേക്കു വശത്തൊളിപ്പൂ--
ച്ചെണ്ടായ്‌ ശിവാദൃയുടെ തെക്കളകാപുരംപോല്‍
തണ്ടാരില്‍ മാതിനുടെ കൂത്തുവെളിക്കുനിന്നു
കൊണ്ടാടുമാഴിയതിരാം മലയാളരാജ്യം.

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 1147 : തയ്യാറായ്‌ ചിത്രഗുപ്തന്‍...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : സ്രഗ്ദ്ധര

തയ്യാറായ്‌ ചിത്രഗുപ്തന്‍ സുകൃതദുരിതസമ്പാദ്യമെണ്ണിത്തിരിയ്ക്കാന്‍
കൊയ്യാറായ്‌ വിത്തിറക്കീടിന വിധി, യരിവാള്‍ മൂര്‍ച്ചകൂട്ടിത്തുടങ്ങീ
നെയ്യാറായീ പുതപ്പിപ്പതിനൊരു മരണക്കോടി, യൂക്കുള്ളുലയ്ക്ക--
ക്കയ്യന്‍ തന്‍ കാട്ടുപോത്തിന്‍ കയറൊടു കയറാറായി കെയിലാസവാസിന്‍!

കവി : വി.കെ.ജി

ശ്ലോകം 1148 : നിഷ്കമ്പം ഞാന്‍ ത്യജിക്കേ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

നിഷ്കമ്പം ഞാന്‍ ത്യജിക്കേ, സ്വജനമനുഗമിച്ചീടുവാനുദ്യമിക്കേ,
"നില്‍ക്കെ"ന്നായിട്ടുറക്കെഗ്ഗുരുസമഗുരുശിഷ്യാഗ്രനോതിത്തടുക്കേ,
അക്കണ്ണീറ്റില്‍ക്കുളിക്കേ, കലുഷിതമിഴിയായ്‌ ക്രൂരനാമെങ്കല്‍ വിട്ടോ--
രക്കോണ്‍നോട്ടം വിഷം തേച്ചൊരു ശരമതുപോലെന്നെ നീറ്റുന്നിതേറ്റം.

കവി : കാലടി രാമന്‍ നമ്പ്യാര്‍ / കാളിദാസന്‍, കൃതി : ശാകുന്തളം തര്‍ജ്ജമ (കേളീശാകുന്തളം)

ശ്ലോകം 1149 : അതല്‍പം നിദ്രാലുഃ...

ചൊല്ലിയതു്‌ : ജീവി
വൃത്തം : ശിഖരിണി

അതല്‍പം നിദ്രാലുഃ രജനിഷു കുവാഗ്‌ ദുര്‍ഗതതമഃ
മഹാകാതര്യാധ്യോ മനസി വിധുതപ്രോജ്വലയശാഃ
വധാന്മാംസാദാനാം ബഹുവിമതലാഭോ ജനകജേ
കഥം ശ്ലാഘ്യോ രാമഃ ഖലതമസകൃന്മാ സ്പൃഷ ഗിരാ.

കവി : കാമരാജനഗര്‍ രാമശാസ്ത്രി, കൃതി : സീതാരാവണസംവാദഝരി

ശ്ലോകം 1150 : വേദാന്തേഷു യമാഹുരേകപുരുഷം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വേദാന്തേഷു യമാഹുരേകപുരുഷം, വ്യാപ്യസ്ഥിതം രോദസീ
യസ്മിന്നീശ്വര ഇത്യനന്യവിഷയഃ ശബ്ദോ യഥാര്‍ത്ഥാക്ഷരഃ
അന്തര്യശ്ച മുമുക്ഷുഭിര്‍ നിയമിതപ്രാണാദിഭിര്‍ മൃഗ്യതേ
സ സ്ഥാണുഃ സ്ഥിരഭക്തിയോഗസുലഭോ നിഃശ്രേയസായാസ്തു വഃ

കവി : കാളിദാസന്‍, കൃതി : വിക്രമോര്‍വ്വശീയം

ശ്ലോകം 1151 : അന്തിക്കൂട്ടിലണഞ്ഞിരുന്നു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

അന്തിക്കൂട്ടിലണഞ്ഞിരുന്നു കുറുകും പ്രാവിന്‍ സ്വരം, ചോലയില്‍--
ച്ചന്തം നോക്കിയിരുന്നുപോയ കിളിതന്‍ കാണാത്ത സംഗീതവും
സ്വന്തം പൂക്കളിലുഷ്ണമാര്‍ന്നു നിശയെക്കാക്കുന്ന പൂക്കൈതയും
എന്‍ താളത്തിലലിഞ്ഞൊരര്‍ത്‌ഥമറിയാത്തര്‍ത്‌ഥങ്ങളായ്ക്കണ്ടു ഞാന്‍!

കവി : വി. മധുസൂദനന്‍ നായര്‍, കൃതി : ഏഴു ചുവടുകള്‍

ശ്ലോകം 1152 : സരസിജമനുവിദ്ധം...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : മാലിനി

സരസിജമനുവിദ്ധം ശൈവലേനാപിരമ്യം
മലിനമപി ഹിമാംശോര്‍ലക്ഷ്മ ലക്ഷ്മീം തനോതി
ഇയമധികമനോജ്ഞാ വല്‌ക്കലേനാപി തന്വീ
കിമിവ ഹി മധുരാണാം മണ്ഡനം നാകൃതീനാം

കവി : കാളിദാസന്‍, കൃതി : അഭിജ്ഞാനശാകുന്തളം

ശ്ലോകം 1153 : ഇപ്പോള്‍ കേരളകല്‍പ്പകദ്രുമ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഇപ്പോള്‍ കേരളകല്‍പ്പകദ്രുമസമാജക്കാര്‍ നിയോഗിക്കയാല്‍
താല്‍പര്യത്തൊടു താഴ്മപൂണ്ടെടമരം വിക്ടര്‍ വിമുക്താമയം
ചൊല്‍പൊങ്ങും മിശിഹാചരിത്രമിതു നല്‍പ്പാട്ടായി നിര്‍മ്മിച്ചതി--
ന്നെപ്പേരും പിഴതീര്‍ത്തനുഗ്രഹമെനിക്കേകേണമെല്ലാവരും.

കവി : എടമരത്ത്‌ വിക്ടര്‍, കൃതി : മിശിഹാചരിത്രം

ശ്ലോകം 1154 : ചിന്താസുന്ദരകാവ്യവും...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ചിന്താസുന്ദരകാവ്യവും, ലഘുതരം ഭോജ്യങ്ങളും, ചെന്നിറം
ചിന്തിപ്പൂനുര പൊന്തി വീഞ്ഞു നിറയും സുസ്ഫാടികക്കിണ്ണവും,
കാന്തേ, യെന്നരികത്തിളം തണലില്‍ നീ പാടാനുമുണ്ടെങ്കിലോ
കാന്താരസ്ഥലി പോലുമിന്നിവനു ഹാ സ്വര്‍ല്ലോകമാണോമനേ!

കവി : എം. പി. അപ്പന്‍ , കൃതി : ജീവിതോത്സവം (ഉമര്‍ ഖയാമിന്റെ റുബായിയാത്തിന്റെ പരിഭാഷ.)

ശ്ലോകം 1155 : കുടഞ്ഞും കമിഴ്ന്നും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ഭുജംഗപ്രയാതം

കുടഞ്ഞും കമിഴ്ന്നും പണിപ്പെട്ടിഴഞ്ഞും
കളിക്കോപ്പു ചുണ്ടത്തണച്ചും മറിഞ്ഞും
കഴല്‍പ്പിഞ്ചുവച്ചും കുടുങ്ങിച്ചിരിച്ചും
കുരുന്നായ്ക്കളിക്കുന്ന ഭാഗ്യം കൊഴിഞ്ഞു.

കവി : വി. മധുസൂദനന്‍ നായര്‍, കൃതി : നമുക്കിനി മറക്കാം

ശ്ലോകം 1156 : കമ്പം കൈവിട്ടുണരുക...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : മന്ദാക്രാന്ത

കമ്പം കൈവിട്ടുണരുക, നിശാവേദിയില്‍ നിന്നുമായ്ത്തന്‍--
മുമ്പില്‍ക്കാണായിടുമൊരുഡുവൃന്ദത്തെയോടി, ച്ചതിന്‍ തന്‍
പിമ്പേ പായിച്ചിരവിനെയുമാ വിണ്ണില്‍ നിന്നും, കരത്താ--
ലമ്പെയ്യുന്നൂ നൃപഭവനശൃംഗത്തിലാദിത്യദേവന്‍.

കവി : ഉമേഷ്‌ നായര്‍ / ഉമര്‍ ഖയ്യാം, കൃതി : ഉമര്‍ ഖയ്യാമിന്റെ ചതുഷ്പദികള്‍ (ആദ്യശ്ലോകം)

ശ്ലോകം 1157 : പാലംഭോരാശിമദ്‌ധ്യേ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

പാലംഭോരാശിമദ്ധ്യേ ശശധരധവളേ ശേഷഭോഗേ ശയാനം,
മേളം കോലും കളായദ്യുതിയൊടു പടതല്ലുന്ന കാന്തിപ്രവാഹം,
നാളന്നേറിത്തുളുമ്പും നിരുപമകരുണാഭാരതിമ്യല്‍കടാക്ഷം
നാളീകത്താരില്‍മാതിന്‍ കുളുര്‍മുലയുഗളീഭാഗധേയം ഭജേഥാഃ.

കവി : മഴമങ്ഗലം, കൃതി : നൈഷധം ചമ്പു

ശ്ലോകം 1158 : നാലാമ്‌നായൈകമൂലം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

നാലാമ്‌നായൈകമൂലം, നതജനദിവിഷത്‌പാദപം, നേത്രവഹ്നി--
ജ്വാലാനിര്‍ദ്ദഗ്ദ്ധമീനദ്ധ്വജ, മചലസുതാരൂഢവാമാങ്കഭാഗം,
കാലാരാതിം, കപര്‍ദ്ദോദരകബളിതമന്ദാകിനീമാനനീയം,
കെയിലാസാവാസലോലം, കനിവൊടു മനമേ ചന്ദ്രചൂഡം ഭജേഥാ!

ശ്ലോകം 1159 : കുത്തില്‍ച്ചത്തതു മൂന്നു പേര്‍...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കുത്തില്‍ച്ചത്തതു മൂന്നു പേര്‍, ടെററിസം കൊണ്ടെട്ടുപത്താളുകള്‍,
വൈദ്യം തെറ്റിയൊരമ്പതു, ണ്ടപകടം പറ്റിത്തികച്ചെണ്‍പതും;
യുദ്ധത്തില്‍പ്പല ശസ്ത്രമേറ്റു മരണം നൂറോളമെന്റീശ്വരാ,
പത്തഞ്ഞൂറു ഭവാന്റെ പേരിലുളവാം നാനാ മതപ്പോരിലും.

കവി : ബാലേന്ദു

ശ്ലോകം 1160 : യദി ഹൃത്കമലേ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : തോടകം

യദി ഹൃത്കമലേ മധുപാനരതോ
വരദോ മുരളീധര ഭൃങ്ഗവരഃ
സുമഗന്ധ സുഭക്തിരസേ സരസഃ
ക്വ സഖേ തരുണീ കബരീ വിപിനം?

കവി : മധുരാജ്‌

ശ്ലോകം 1161 : സുവിശാലമഗാധം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വിയോഗിനി

സുവിശാലമഗാധമുല്‍ബണം
ലഘു സന്തീര്യ കരേണ വാരിധിം
ബത! പാരതടാവലംബന--
ക്ഷണമാത്രേ സ്ഖലിതോऽസ്മി കാ ഗതിഃ.

കവി : എ. ആര്‍, കൃതി : ഭങ്ഗവിലാപഃ

ശ്ലോകം 1162 : ബാല്യം താരുണ്യമായും...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

ബാല്യം താരുണ്യമായും, തരുണിമ ജരയേകുന്ന വാര്‍ദ്ധക്യമായും,
കാല്യം മധ്യാഹ്നമായും, കൊടുവെയിലിരുളേകുന്ന സായാഹ്നമായും,
മൂല്യം വിട്ടസ്തമിയ്ക്കുന്നതു,സഹജ; മതില്‍ ഖേദിയാ, യ്കിജ്ജഗത്താം
മാല്യം പൊട്ടിച്ചുടയ്ക്കും പ്രകൃതിയുടെ വിലാസങ്ങള്‍ വിശ്വോത്തരങ്ങള്‍!

കവി : ഡി. ശ്രീമാന്‍ നമ്പൂതിരി

ശ്ലോകം 1163 : മൂന്നാള്‍ മദ്ധ്യവയസ്കര്‍...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മൂന്നാള്‍ മദ്ധ്യവയസ്കര്‍ വണ്ടിയിലരട്ടിക്കറ്റു ചോദിച്ചുപോല്‍
ചൊന്നാന്‍ പോലതിലുള്ളൊരാള്‍ വിശദമായ്‌ കണ്ടക്ടറോടിത്തരം,
"രാമന്‍ കുട്ടിയിയാളയാള്‍ക്കരികിലപ്പുക്കുട്ടിയാണുള്ളതും,
കൃഷ്ണന്‍ കുട്ടിയഹം, സദാ നിയമമോ കുട്ടിക്കരച്ചാര്‍ജ്ജു താന്‍"

കവി : ബാലേന്ദു

ശ്ലോകം 1164 : രുഷാ വിശിഖമുച്ഛിഖം...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : പൃഥ്വി

രുഷാ വിശിഖമുച്ഛിഖം ജഹതി രാഘവേ ലാഘവാ--
ദജായത രുജായത ശ്വസിതചക്രനക്രാര്‍ണ്ണവം
രസാതലവലത്തിമിസ്തിമിതകുംഭികുംഭീനസ--
പ്രവിഷ്ടഗിരികന്ദരം തരളമന്തരം വാരിധേഃ

കവി : ഭോജരാജാവു^, കൃതി : ചമ്പൂരാമായണം

ശ്ലോകം 1165 : രണ്ടാണെനിക്കു പശുവിന്നതു...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : വസന്തതിലകം

രണ്ടാണെനിക്കു പശുവിന്നതു നാലുമെന്താ--
ണെന്നുള്ള ടീച്ചറുടെ ചോദ്യമതിന്നൊരുത്തന്‍
നെഞ്ചത്തു ദൃഷ്ടിയൊടെ തെല്ലു മടിച്ചുരച്ചാന്‍
തോന്നുന്നതുണ്ടു; പറയാനൊരു നാണമാണേ

കവി : ബാലേന്ദു

ശ്ലോകം 1166 : നാളീകാക്ഷന്റെ മാറത്തരുളിന...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

നാളീകാക്ഷന്റെ മാറത്തരുളിന രമ തന്‍ കയ്യിലാടുന്ന കേളീ--
നാളീകത്തിങ്കലെത്തേന്‍ ഹരിയുടെ തിരുനാഭിക്കകം വീണിടുമ്പോള്‍
നാളീകാവാസനാകും ശിശുവിനിവള്‍ ദരം കൊണ്ടു പാല്‍ നല്‍കിടുന്നെ--
ന്നാളീടുന്നാദരാല്‍ ദേവകള്‍ കരുതുമിതേകട്ടെ നമ്മള്‍ക്കു ശുദ്ധം.

കവി : കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍, . വിശ്വഗുണാദര്‍ശ ചമ്പുവിലെ ശ്രീരാജീവാക്ഷ എന്ന ശ്ലോകത്തിന്റെ പരിഭാശ.

ശ്ലോകം 1167 : നേരമ്പോക്കായി മാത്രം...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : സ്രഗ്ദ്ധര

നേരമ്പോ ക്കായി മാത്രം രതിയെ, മദിരയെ സ്വച്ഛമാം വെള്ളമായും
നാരിത്വത്തെച്ചരക്കായ്‌, സഹജ മനുജനെക്കേവലം കക്ഷിയായും
ധര്‍മ്മത്തെബ്ഭിക്ഷയായും കവനമൊരു വെറും കൌതുകം മാത്രമായും
നേരംപോല്‍ പാര്‍ത്തുകാണാന്‍ നിപുണത തികയും കൈരളീഭാഷ വെല്‍ക.

കവി : രാജേഷ്‌ വര്‍മ്മ

ശ്ലോകം 1168 : ധനത്തിനുള്ള ചൂഷണം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : പഞ്ചചാമരം

ധനത്തിനുള്ള ചൂഷണം, ജനത്തിനുള്ള ശോഷണം,
ധനിയ്ക്കു സര്‍വപോഷണം--ധാനാധിപത്യലക്ഷണം!
ധനപ്രധാനമാകണം ധനാധിപത്യ, മേതിനും
ധനം ധനം ധനം ധനം ധനം ധനം ധനം ധനം!.....

കവി : ഏവൂര്‍ പരമേശ്വരന്‍

ശ്ലോകം 1169 : ധാതാവാദൌ ചമച്ചോരുദകം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

ധാതാവാദൌ ചമച്ചോരുദക, മഥ ഹവിര്‍വാഹിയാം വീതിഹോത്രന്‍,
ഹോതാ താനും, ദിനേശന്‍, നിശയുടെ പതിയും, നാദലക്ഷ്യം നഭസ്സും,
ഭൂതാളിക്കാകെയേകപ്രകൃതി പൃഥിവിയും, പ്രാണദന്‍ മാരുതന്‍ താ,--
നേതാവദ്‌വ്യക്തമൂര്‍ത്യഷ്ടകനുലകുടയോന്‍ നിങ്ങളെക്കാത്തിടട്ടേ!

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍, കൃതി : ശാകുന്തളം തര്‍ജ്ജമ (മണിപ്രവാളശാകുന്തളം)

ശ്ലോകം 1170 : ഭഗവന്‍, തവ പുണ്യനാമജാലം...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : വസന്തമാലിക

ഭഗവന്‍, തവ പുണ്യനാമജാലം
പകലും രാവുമുറക്കെ വാഴ്ത്തി മേവും
തവ ഭക്തരില്‍ നിന്നുമെന്നെ നിത്യം
ഭുവനാധീശ്വര, കാത്തു കൊള്ളണം നീ!

കവി : രാജേഷ്‌ വര്‍മ്മ

ശ്ലോകം 1171 : തണ്ടാര്‍ ചാന്നാരു രണ്ടിങ്കലും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

തണ്ടാര്‍ ചാന്നാരു രണ്ടിങ്കലുമിവിടൊരുപോലീ പ്രയോഗങ്ങള്‍ കാണ്മാ--
നുണ്ടല്ലോ ഹേ പണിക്കര്‍ക്കിടമസുലഭമായീടുവാനെന്തുബന്ധം?
പണ്ടത്തേപ്പാക്കനാരോടറിക പുലയനാരോടുമീ രേഫമൂന്നി--
ശ്ശണ്ഠയ്ക്കോരുന്നുവോ താന്‍ ഹൃദയമതിനിടുക്കേറുമെന്‍ സൂത്രധാരാ.

കവി : മൂലൂര്‍, കൃതി : ('പണിക്കര്‍' യുദ്‌ധം)

ശ്ലോകം 1172 : പോകാനില്ലയെനിക്കു മറ്റൊരിടം...

ചൊല്ലിയതു്‌ : ദിലീപ്‌ നമ്പൂതിരിപ്പാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പോകാനില്ലയെനിക്കു മറ്റൊരിടമിപ്പാരിങ്കല്‍ ശ്ലോകങ്ങളെ--
ച്ചൊല്ലാനും ബത കേള്‍ക്കുവാനുമതിലെക്കുറ്റങ്ങള്‍ തീര്‍ക്കാനുമേ
എന്നാലും മുതിരുന്നിതങ്ങു വിടുവാന്‍ വൃത്തത്തിലൊക്കാത്തതാ--
മെന്നോടിന്നു പൊറുത്തിടട്ടെ ദയവായ്‌ കൂട്ടര്‍ക്കിതാ വന്ദനം!

കവി : ദിലേപ്‌ നമ്പോഥിരിപ്പാടു്‌

ശ്ലോകം 1173 : എല്ലാമീശ്വരലീല...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

എല്ലാമീശ്വരലീല, `വൃത്ത'ഗതനായൊട്ടും വെളിച്ചത്തുടി--
പ്പില്ലാതാര്‍ത്തുഴലുമ്പൊഴാര്‍ദ്രഹൃദയന്‍ `ബാലേന്ദു'വെത്തുന്നതും,
പല്ലാല്‍ കോര്‍ത്തിടുവാനണഞ്ഞ വിധി തന്‍ `ശാര്‍ദ്ദൂലവിക്രീഡിതം'
നല്ലാഹ്ലാദകമാക്കുവാന്‍ ഹൃദി ബലം `കര്‍ത്താവു' നല്‍കുന്നതും!

കവി : ഉമേഷ്‌ നായര്‍

ശ്ലോകം 1174 : പണ്ടേ പൂവായ്‌ വിരിഞ്ഞീടിന...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : സ്രഗ്ദ്ധര

പണ്ടേ പൂവായ്‌ വിരിഞ്ഞീടിന നിമിഷമിളംകുമ്പിളില്‍ തേന്‍ തുളുമ്പി--
ക്കൊണ്ടേ നിന്മുമ്പിലെത്താനനുമതി വിധിയേകീലെനിക്കെന്തുകൊണ്ടോ!
വണ്ടിന്‍ ചാര്‍ത്താര്‍ത്തണഞ്ഞീടിന ഹൃദയമലര്‍ച്ചെണ്ടിതാ വാടുമാറായ്‌;
കണ്ടേക്കാ, മൊട്ടുശിഷ്ടം മധു; വിതു മധുവൈരിന്‍, നിനക്കേകിയാലോ !

കവി : പി.പി.കേ.പൊതുവാള്‍, കൃതി : കിളിയുടെ നാവു്‌

ശ്ലോകം 1175 : വീണാപാണിനിയായി വാണി...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വീണാപാണിനിയായി വാണി, മുരളീഗാനത്തിനാലിന്ദ്രനും,
താളം കൊട്ടി വിരിഞ്ചനും, മധുരമാം ഗീതത്തിനാല്‍ പൂമകള്‍,
മന്ദ്രം സാന്ദ്രമൃദങ്ഗമോടു ഹരിയും, ചൂഴുന്ന വാനോര്‍കളും,
സേവിയ്ക്കുന്നു പ്രദോഷവേളയിലിതാ കാര്‍ത്യായനീകാന്തനെ.

കവി : രാജേഷ്‌ വര്‍മ്മ

ശ്ലോകം 1176 : മേലത്രയും പുളകമാര്‍ന്നിടും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തതിലകം

മേലത്രയും പുളകമാര്‍ന്നിടുമാ യുവാവെന്‍--
ചാരത്തുകൂടെ നടകൊള്ളുകില്‍ രണ്ടുപേര്‍ക്കും
കാലങ്ങുമിങ്ങുമിടറും, ഹൃദയം തുടിക്കും
ഫാലം വിയര്‍ക്കുമൊരു മിന്നലകത്തു പായും.

കവി : ജി. ശങ്കരക്കുറുപ്പ്‌, കൃതി : സുഭദ്ര

ശ്ലോകം 1177 : കരങ്ങളില്‍ വിളങ്ങിടും മുരളി...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : പൃഥ്വി

കരങ്ങളില്‍ വിളങ്ങിടും മുരളി, നില്‍പ്പു കാളിന്ദി തന്‍--
കരയ്ക്കൊരരയാല്‍ത്തറയ്ക്കുപരി നീലവണ്ടിന്‍ നിറം
അരയ്ക്കരിയ മഞ്ഞയാം തുകിലുടുപ്പു, മച്ചിത്തമേ
തിരിച്ചറിയുവാന്‍ പണിപ്പെടുക വേണ്ട ഗോവിന്ദനെ!

കവി : വി.കെ.ജി.

ശ്ലോകം 1178 : അളന്നു തെളിയിച്ചിടാം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : പൃഥ്വി

അളന്നു തെളിയിച്ചിടാം സുഗമ'മസ്തി'യും 'നാസ്തി'യും,
സഹായമിയലാതെ കാട്ടിടുവ'നുച്ച'വും 'നീച'വും,
സമര്‍ത്ഥനിതിനൊക്കെയെങ്കിലുമെനിക്കു സാധിച്ചതി--
ല്ലഗാധതയളന്നിടാന്‍, സുരയെ വിട്ടു മറ്റൊന്നിലും!

കവി : സര്‍ദാര്‍ കെ. എം. പണിക്കര്‍, കൃതി : രസികരസായനം (ഉമര്‍ ഖയ്യാം)

ശ്ലോകം 1179 : സൌജന്യാബ്ധേ, ഭവതു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : മന്ദാക്രാന്ത

സൌജന്യാബ്ധേ, ഭവതു ഭവതേ സ്വാഗതം; വേഗതോ ഗാ--
മാഗാസ്സമ്പ്രത്യമരതരുണീനന്ദനാന്നന്ദനാന്നു,
ഉത്സങ്ഗാത്വാ കരപരിലസദ്വല്ലകീകോണവേല്ല--
ന്നീലക്ഷൌമാഞ്ചലപടലികാമുദൃതാദദൃജായാഃ?

കവി : ലക്ഷ്മീദാസന്‍, കൃതി : ശുകസന്ദേശം

ശ്ലോകം 1180 : ഉണ്ണീ, കേള്‍ക്കുക നീ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഉണ്ണീ, കേള്‍ക്കുക നീ : കൃഷിപ്പണി പഠിപ്പുള്ളോര്‍ക്കു നിന്ദാര്‍ഹമെ--
ന്നെണ്ണീടായ്ക, നരര്‍ക്കു ജീവനമതിന്നേകാശ്രയം കാര്‍ഷികം;
മണ്ണീ മട്ടു തഴച്ചു കാണ്മതു കൃഷിക്കാര്‍ തന്‍ ശ്രമോദര്‍ക്കമായ്‌
നണ്ണീടാം, ഭുവി സാര്‍വ്വഭൌതികസുഭിക്ഷാകര്‍ഷകന്‍ കര്‍ഷകന്‍!

കവി : ആര്‍. രാമചന്ദ്രന്‍ നായര്‍

ശ്ലോകം 1181 : മുദാ കരാത്തമോദകം...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : പഞ്ചചാമരം

മുദാ കരാത്തമോദകം, സദാ വിമുക്തി സാധകം,
കലാധരാവദംസകം, വിലാസി ലോക രക്ഷകം,
അനായകൈക നായകം, വിനാശിതൈഭദൈത്യകം,
നതാശുഭാശു നാശകം, നമാമി തം വിനായകം

കൃതി : ഗണേശപഞ്ചരത്നകീര്‍ത്തനം

ശ്ലോകം 1182 : അവിടെശ്ശിവനേ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വിയോഗിനി

അവിടെശ്ശിവനേ കഥിക്കുവാന്‍
പവിയോ നാവു? നിനയ്ക്കുവാന്‍ മനം
അവിതര്‍ക്കിതമല്ല പാറയോ?
കവിയും ഹന്ത മനുഷ്യനല്ലയോ?

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 1183 : അടിയനിനിയുമുണ്ടാം വേല...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : മാലിനി

അടിയനിനിയുമുണ്ടാം വേലയെന്നാലതങ്ങാ
ഝടിതി ധനികനാക്കും ഗള്‍ഫിലാകട്ടെ ഷേയ്ക്കേ
അടിമുടി പവനാലേ മൂടണം വീട്ടുകാരേ--
യുടനടിയതു പറ്റില്ലിന്നുമെന്‍ കീശ കാലി

കവി : ബാലേന്ദു

ശ്ലോകം 1184 : അടിയനിനിയുമുണ്ടാം ജന്മം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : മാലിനി

അടിയനിനിയുമുണ്ടാം ജന്മമെന്നാലതെല്ലാ--
മടി മുതല്‍ മുടിയോളം നിന്നിലാകട്ടെ തായേ!
അടിമലരിണ വേണം താങ്ങുവാന്‍, മറ്റൊരേട--
ത്തടിയുവതു ഞെരുക്കം മുക്തി സിദ്ധിക്കുവോളം!

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം. കഴിഞ്ഞ ശ്ലോകം ഇതിന്റെ ഹാസ്യാനുകരണമാണു്‌.

ശ്ലോകം 1185 : അങ്ങോട്ടിങ്ങോട്ടുഴന്നും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

അങ്ങോട്ടിങ്ങോട്ടുഴന്നും, വിപിനഭുവി തളര്‍ന്നും, വിചാരം കലര്‍ന്നും,
തുങ്ഗാതങ്കം വളര്‍ന്നും, തൃണതതിഷു കിടന്നും, സുരേന്ദ്രാനിരന്നും,
തിങ്ങും ഖേദം മറന്നും, ദിവസമനു നടന്നീടുമന്നൈഷധേന്ദ്രന്‍
വന്‍കാട്ടില്‍ കാട്ടുതീ തന്‍ നടുവിലൊരു ഗിരം കേട്ടു വിസ്പഷ്ടവര്‍ന്നാം.

കവി : ഉണ്ണായി വാര്യര്‍, കൃതി : നളചരിതം ആട്ടക്കഥ

ശ്ലോകം 1186 : തായാരാകട്ടെ, തന്‍ നാടുടയ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

തായാരാകട്ടെ, തന്‍ നാടുടയ പുകളെഴും തമ്പുരാനാട്ടെ, യാരും
ന്യായാപേതം നടന്നാ, ലവരുടെ തലയില്‍ക്കണ്‌ഠകോടാലിയൊപ്പം
പായാറാക്കി, ബ്ഭയത്തെപ്പകലിരവൊരുപോല്‍ പാപികള്‍ക്കുള്ളിലേകും
മായാവിപ്രേന്ദുവില്‍ച്ചെന്നടിയുക മനമേ, മറ്റിടം ചുറ്റിടാതെ!

കവി : ഉള്ളൂര്‍

ശ്ലോകം 1187 : പരപുരുഷനിലാശ...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : പുഷ്പിതാഗ്ര

പരപുരുഷനിലാശവിട്ടു നിത്യം
പരപുരുഷങ്കല്‍ നിലീനചിത്തയായി
പരമരുളിന ലക്ഷ്മി ഭര്‍ത്തൃസേവാ--
പര, ഹരിപാര്‍ശ്വമലംകരിച്ചിരുന്നു

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 1188 : പാറാന്‍ പിഞ്ചുകിടാങ്ങളെ...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പാറാന്‍ പിഞ്ചുകിടാങ്ങളെപ്പരിചയിപ്പിക്കുന്നൊരീ വേല തീ--
രാറായ്‌, തീരെ മുളച്ചുമില്ല ചിറകെ,ന്മക്കള്‍ക്കൊരാള്‍ക്കെങ്കിലും
പാറാവായിരുള്‍ പിന്നില്‍ വന്നമരുമീയന്തിക്കുമാഹന്ത ചേ--
ക്കേറാന്‍ ഭാഗ്യമെഴാതെ,യിപ്പറവ തെണ്ടാറായിരക്കീശ്വരാ!

കവി : ടി. എം. വി.

ശ്ലോകം 1189 : പന്തിടഞ്ഞ കുളുര്‍കൊങ്ക...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : കുസുമമഞ്ജരി

പന്തിടഞ്ഞ കുളുര്‍കൊങ്ക രണ്ടുമിടതിങ്ങി കിഞ്ചന കുലുങ്ങിയും
പന്തടിച്ചു ഗിരിശന്നു നേരെയൊരു മന്ദമാം ഗതിവിലാസവും
ചന്തമാര്‍ന്നൊരു ലലാടവും ഭുവനമോഹനം ചില കടാക്ഷവും
ചിന്തചെയ്‌വതിനു മേ വരം തരിക ശംഭുമോഹിനി! ദിവാനിശം.

കവി : കോട്ടയത്തു തമ്പുരാന്‍

ശ്ലോകം 1190 : ചന്തം ചേര്‍ന്നെന്റെ മാറത്ത്‌...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

"ചന്തം ചേര്‍ന്നെന്റെ മാറത്തിരുകുരു വളരെ സ്പഷ്ടമായുണ്ടു കാണ്മൂ;
എന്താണീ രോഗമമ്മേ? പ്രതിവിധി പറയൂ, വേദനിക്കുന്നതില്ലാ!"
"ഗ്രന്ഥിദ്വന്ദ്വം മനസ്സിന്‍ തരുണമദരസത്തിന്നു, വാര്‍ധക്യമത്രേ--
വൈദ്യന്‍, നോവാര്‍ന്നിടാ നീ, യവശതയവയെക്കാണുവോര്‍ക്കാണു മോളേ!"

ശ്ലോകം 1191 : ഗംഗാവീചിപരമ്പരയ്ക്കു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഗംഗാവീചിപരമ്പരയ്ക്കു മദമമ്പേ പോം പദാഡംബരാ--
സംഗത്തോടു, മകം കുളിര്‍ക്കുമൊരു ഭാവാഭാപ്രഭാവത്തൊടും,
സംഗീതത്തൊടു ലേശബന്ധമെഴുമാലാപക്കൊഴുപ്പോടുമാ
രംഗസ്ഥര്‍ക്കു രസം വളര്‍ത്തി വളരൂ നീയക്ഷരശ്ലോകമേ!

കവി : ടി. എം. വി.

ശ്ലോകം 1192 : സൂര്യപുത്രവിജയത്തിനായ്‌...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : രഥോദ്ധത

സൂര്യപുത്രവിജയത്തിനായ്‌ ഛലം
സൂര്യവംശജനനത്തിലാര്‍ന്നവന്‍
സൂതനായ്ക്കപടനാട്യമാടിനാന്‍
സൂതപുത്രഹനനത്തിനായഹോ!

കവി : ബാലേന്ദു

ശ്ലോകം 1193 : സാരമുള്ള വചനങ്ങള്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : രഥോദ്ധത

സാരമുള്ള വചനങ്ങള്‍ കേള്‍ക്കിലും
നീരസാര്‍ത്ഥമറിയുന്നു ദുര്‍ജ്ജനം
ക്ഷീരമുള്ളൊരകിടിന്‍ ചുവട്ടിലും
ചോര തന്നെ കൊതുകിന്നു കൌതുകം!

ശ്ലോകം 1194 : ക്ഷിതിയിലഹഹ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : അപര

ക്ഷിതിയിലഹഹ! മര്‍ത്ത്യജീവിതം
പ്രതിജനഭിന്നവിചിത്രമാര്‍ഗ്ഗമാം
പ്രതിനവരസമാമതോര്‍ക്കുകില്‍
കൃതികള്‍ മനുഷ്യകഥാനുഗായികള്‍.

കവി : കുമാരനാശാന്‍, കൃതി : ലീല

ശ്ലോകം 1195 : പ്രാലേയശെയിലരുചിയാം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തതിലകം

പ്രാലേയശെയിലരുചിയാം നിജമാളികയ്ക്കു
മേലേറി, മോടി തടവുന്ന വരാന്തയിങ്കല്‍,
മാലേന്തി വാടുമുഷ മന്ദിതചേഷ്ടയായി--
ട്ടാലേഖ്യരൂപിണി കണക്കഥ കാണുമാറായ്‌.

കവി : വള്ളത്തോള്‍, കൃതി : ബന്ധനസ്ഥനായ അനിരുദ്ധന്‍

ശ്ലോകം 1196 : മെയ്യില്‍ പാര്‍വതി പാതി...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മെയ്യില്‍ പാര്‍വ്വതി പാതി, പാതി ഹരിയും പങ്കിട്ടെടുത്തീടവേ
പോയല്ലോ ഹരനെന്നു ഗംഗയുടനേ ചെന്നങ്ങു ചേര്‍ന്നാഴിയില്‍
വാനത്തമ്പിളിലേഖ, പാമ്പു കുഴിയില്‍, സര്‍വജ്ഞതാധീശതാ--
സ്ഥാനം രണ്ടു ഭവാങ്ക, ലെങ്കലുമഹോ ഭിക്ഷാടനം ഭൂപതേ!

കവി : എ. ആര്‍. രാജരാജവര്‍മ്മ

ശ്ലോകം 1197 : വ്യാളം ബാലമൃണാളതന്തുഭിരസൌ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വ്യാളം ബാലമൃണാളതന്തുഭിരസൌ രോദ്ധും സമുജ്ജൃംഭതേ;
ഭേത്തും വജ്രമണിം ശിരീഷകുസുമപ്രാന്തേന സന്നഹ്യതേ;
മാധുര്യം മധുബിന്ദുനാ രചയിതും ക്ഷാരാംബുധേരീഹതേ;
മൂര്‍ഖാന്‍ യഃ പ്രതിനേതുമിച്ഛതി ബലാത്‌ സൂക്തൈഃ സുധാസ്യന്ദിഭിഃ

കവി : ഭര്‍ത്തൃഹരി, കൃതി : നീതിശതകം

ശ്ലോകം 1198 : മാന്യത്വം കലരും പ്രിയന്റെ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മാന്യത്വം കലരും പ്രിയന്റെ ഗൃഹണീസ്ഥാനം വഹിച്ചായതി--
ന്നൌന്നത്യത്തിനു തക്ക ജോലി പലതും ചെയ്യേണ്ട ഭാരത്തൊടേ
ഐന്ദൃക്കര്‍ക്കനതെന്നപോലെ സുതനും പാരാതെ സംജാതനായ്‌
നന്ദിക്കുമ്പോള്‍ നിനയ്ക്കയില്ല, മകളേ, നീയെന്‍ വിയോഗവ്യഥ.

കവി : എ. ആര്‍. രാജരാജവര്‍മ്മ, കൃതി : ശാകുന്തളം തര്‍ജ്ജമ

ശ്ലോകം 1199 : എന്നോ തായ്‌നാട്ടില്‍നിന്നും...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

എന്നോ തായ്‌നാട്ടില്‍നിന്നും തിരികെ വരവിലക്കൈരളിത്തയ്യുകൊണ്ടേ--
പോന്നെന്‍ പുത്തന്‍ഗൃഹത്തിന്നരികിലതിനെ വാഴിച്ചു പാലിച്ചു നന്നായ്‌;
ഇന്നാളക്കൊന്ന പൂത്തൂ; കനകനിഭമലര്‍ത്തോരണം വീശിനില്‍പ്പൂ
കുന്നും പൊന്നോളവും കാത്തിടുമൊരു ധരതന്‍ പൊന്‍കൊടിക്കൂറപോലെ.

കവി : ബാലേന്ദു

ശ്ലോകം 1200 : ഇര വിഴുങ്ങിയ പാമ്പു...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ദ്രുതവിളംബിതം

ഇര വിഴുങ്ങിയ പാമ്പു മടയ്ക്കകം
വയര്‍ പെരുത്തുഴലുന്നതു പോലെയാം
വിഷയബന്ധിത കര്‍മ്മഫലങ്ങളാല്‍
വിവശര്‍ ഭോഗികളീ ഭവകന്ദരേ

കവി : മധുരാജ്‌

ശ്ലോകം 1201 : വിഷമിറക്കിയ പാമ്പു...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ദ്രുതവിളംബിതം

വിഷമിറക്കിയ പാമ്പു മടങ്ങവേ
വിഷമമോടെ ഗമിപ്പതുപോലെയാം
ജനമതം കിടയാതെയിലക്‍ഷനില്‍
വലിയ തോല്‍വി പിണഞ്ഞൊരു ലീഡറും.

കവി : ബാലേന്ദു

ശ്ലോകം 1202 : ജനകനെന്തരുളും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ദ്രുതവിളംബിതം

ജനകനെന്തരുളും തെളിവോടു മി--
ജ്ജനമതിന്‍പടി ചെയ്തിടുമെന്നതും
ജനകനുണ്ടിവനില്‍ പ്രിയമെന്നതും
ജനത കണ്ടറിയട്ടെ; ഗമിക്ക നാം.

കവി : കട്ടക്കയം, കൃതി : ശ്രീയേശു വിജയം

ശ്ലോകം 1203 : ജീവിക്കാന്‍ മാറിമാറിക്കഴകം...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

ജീവിക്കാന്‍ മാറിമാറിക്കഴകമഴിമതിക്കള്ളദൈവങ്ങള്‍വാഴും
കോവില്‍ക്കെട്ടില്‍ക്കടന്നൂ, പലകുറി വെറുതേയീറനേറ്റേണ്ടി വന്നൂ,
തേവര്‍ക്കായ്‌ വച്ച നേദ്യപ്പടകള്‍ കവരുമെമ്പ്രാനെയും തന്‍ വിളക്കാല്‍
സേവിക്കാന്‍ വന്നു യോഗം, തവ നിപുണകവേ, ജാതകം ജാതിതന്നെ!

കവി : എന്‍.കെഡേശം , കൃതി : (എന്‍.വി.കൃഷ്ണവാര്യരേപ്പറ്റി)

ശ്ലോകം 1204 : തദനു മൃദുലഹാസീ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : മാലിനി

തദനു മൃദുലഹാസീ വേണുനാദാപഹാസീ
മധുരതരമഗാസീരൂഢരാഗൈര്‍വിലാസീ
പശുപയുവതിജാതൈരീശ സാകം സുജാതൈഃ
പുരുസുകൃതസമേതൈര്‍ഭൂരിസമ്മോദമേതൈഃ

കവി : മാനവേദരാജാ, കൃതി : കൃഷ്ണഗീതി

ശ്ലോകം 1205 : പനിമലമകള്‍ താനായ്‌...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : മാലിനി

പനിമലമകള്‍ താനായ്‌പ്പാതിദേഹം വരേയ്ക്കും
കനിവിനൊടപരത്തോല്‍ താനുമായിട്ടിരിക്കും
പനിമതികല ചൂടും സച്ചിദാനന്ദരൂപം
ജനിമൃതിഭവഖേദം തീര്‍ത്തു മാം കാത്തിടേണം

ശ്ലോകം 1206 : പല്ലക്കേറി മനോജ്ഞമംഗള...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പല്ലക്കേറി മനോജ്ഞമംഗളവിളക്കേന്തി ശ്മശാനത്തില്‍ വ--
ന്നല്ലല്‍പ്പാടൊടിറങ്ങി നോക്കി നടുവേ നിന്നന്യ കേഴുന്നഹോ!
ഫുല്ലശ്രീ ഹരികേതു പാറിയ രഥം വിട്ടെത്തി ദൂരത്തുപോയ്‌
തെല്ലന്തര്‍ഗ്ഗതമാര്‍ന്നു നിന്നു വിലപിച്ചീടുന്നു മൂന്നാമവള്‍.

കവി : കുമാരനാശാന്‍, കൃതി : പ്രരോദനം

ശ്ലോകം 1207 : ഫണശൃംഗസഹസ്ര...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം :

ഫണശൃംഗസഹസ്രവിനിസ്സൃമര--
ജ്വലദഗ്നികണോഗ്രവിഷാംബുധരം
പുരതഃ ഫണിനം സമലോകയഥാ
ബഹുശൃംഗിണമഞ്ജനശെയിലമിവ

കവി : മേല്‍പ്പത്തൂര്‍, കൃതി : നാരായണീയം (55)

ശ്ലോകം 1208 : പാരമുണ്ടു ഗുണമിജ്ജഗത്തില്‍...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം :

പാരമുണ്ടു ഗുണമിജ്ജഗത്തില്‍ നി--
സ്സാരമെങ്കിലുമെഴും കിറുക്കിനാല്‍;
നേരെയല്ലിവിടെയൊന്നുമാകയാല്‍
നേര്‍മതിക്കധികമാണു ദുര്‍ഗ്ഘടം!

കവി : ബാലേന്ദു

ശ്ലോകം 1209 : നിനയ്ക്കണം പുത്രരില്‍...

ചൊല്ലിയതു്‌ : ഉമാ രാജാ
വൃത്തം : വംശസ്ഥം

നിനയ്ക്കണം പുത്രരില്‍ മീതെയായിയും
കനത്ത വാല്‍സല്യമൊടിക്കുലീനനെ
നിനക്കു ഗര്‍ഭപ്രസവാദിപീഡയാല്‍
മനം കലങ്ങാതെ ലഭിച്ച കുഞ്ഞിവന്‍

കവി : വള്ളത്തോള്‍ , കൃതി : ശിഷ്യനും മകനും

ശ്ലോകം 1210 : നനയ്ക്കണം മറ്റവയോടു...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : വംശസ്ഥം

നനയ്ക്കണം മറ്റവയോടു ചേര്‍ത്തിടാ--
തുണക്കണം; വര്‍ണ്ണമെഴുന്നൊരീത്തുണി;
നിനക്കു റോട്ടിന്നരികത്തു പേശലാല്‍
പണം കുറച്ചേകി ലഭിച്ചതല്ലയോ?

കവി : ബാലേന്ദു. മുന്‍ശ്ലോകത്തിന്റെ ഹാസ്യാനുകരണം.

ശ്ലോകം 1211 : നമുക്കെന്തു നാമം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ഭുജംഗപ്രയാതം

നമുക്കെന്തു നാമം? നമുക്കെന്തു രൂപം?
നമുക്കെന്ന വാക്കും മറക്കേണ--മെന്നാല്‍
മിഴിപ്പീലിയില്‍ത്തങ്ങി നില്‍ക്കുന്നൊരിറ്റില്‍
മഹാകാലയാത്രയ്ക്കശാന്താഭിലാഷം!

കവി : വി. മധുസൂദനന്‍ നായര്‍, കൃതി : നമുക്കിനി മറക്കാം

ശ്ലോകം 1212 : മെല്ലേ വെയ്ക്കുമൊരോ പദം...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മെല്ലേ വെയ്ക്കുമൊരോ പദം, ചുഴലവും ശബ്ദങ്ങളെത്തേടിടും,
നല്ലോരര്‍ത്ഥഗണം കൊതിച്ചിടു, മലങ്കാരങ്ങള്‍ കൈക്കൊണ്ടിടും,
ഭാഷയ്ക്കുള്ള സുവര്‍ണ്ണമൊക്കെയുമെടുത്തീടും ക്ഷണത്തില്‍, സദാ
ദോഷാന്വേഷണതത്പരന്‍ കവിവരന്‍ ചോരന്നു തുല്യന്‍ ദൃഢം

കവി : കെ. സി. കേശവപിള്ള, കൃതി : സുഭാഷിതരത്നാകരം

ശ്ലോകം 1213 : ഭദ്രം പഴുത്തു പരിപാകരസം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തതിലകം

ഭദ്രം പഴുത്തു പരിപാകരസം പകര്‍ന്ന
മൃദ്വീകതന്മധുരമേ മമ തമ്പുരാനേ!
ഖദ്യോതകാന്തിവടിവേ കതിരേ കലര്‍ന്ന
ഹൃദ്ദീപമേ! ഹൃദയമേ! ഹിതമേ തൊഴുന്നേന്‍!

കവി : കുമാരനാശാന്‍, കൃതി : ശിവസുരഭി

ശ്ലോകം 1214 : ഖഡ്ഗം പൊന്മണിവീണയാക്കി...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഖഡ്ഗം പൊന്മണിവീണയാക്കി; യൊഴുകും കാറ്റിന്റെയീണങ്ങളും
സര്‍ഗ്ഗോപാസകശക്തിതന്റെ വിജയം വാഴ്ത്തുന്ന സൂക്തങ്ങളും
സ്വര്‍ഗ്ഗം തേടിയ ഗാനവും പുഴകള്‍തന്‍ വെണ്‍നൂപുരക്വാണവും
വര്‍ഗ്ഗോല്‍കര്‍ഷചരിത്രവാഗ്മി വയലാര്‍ പാട്ടാക്കി മീട്ടുന്നിതാ.

കവി : ബാലേന്ദു

ശ്ലോകം 1215 : സ്രഷ്ടാവിന്റെ വിശിഷ്ടശില്‍പ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

സ്രഷ്ടാവിന്റെ വിശിഷ്ടശില്‍പരചനാചാതുര്യവായ്പിന്നു നല്‍--
ദൃഷ്ടാന്തം, രസികോപമര്‍ദ്ദവിധി നിര്‍ബ്ബാധസ്രവത്സദ്രസം
മൃഷ്ടാസ്വാദനയോഗ്യ, മിഷ്ടവിഭവാശ്ലിഷ്ടം, സമസ്തേന്ദൃയാ--
ഭീഷ്ടാപാദനകര്‍മ്മധര്‍മ്മ, മമലം, സത്‌കാവ്യമിക്കാമിനി.

കവി : ടി. എം. വി.

ശ്ലോകം 1216 : മുന്നോട്ടു നീങ്ങുന്നു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം :

മുന്നോട്ടു നീങ്ങുന്നു ജഡം ശരീരം,
പിന്നോട്ടു പായുന്നു മനസ്സനീശം;
ഭിന്നിച്ച കാറ്റത്തു നയിച്ചിടുമ്പോള്‍
ചിന്നും കൊടിയ്ക്കുള്ളൊരു കൂറ പോലെ.

കവി : എ. ആര്‍. രാജരാജവര്‍മ്മ, കൃതി : ശാകുന്തളം തര്‍ജ്ജമ

ശ്ലോകം 1217 : ഭോജ്യം സാധു പയഃ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഭോജ്യം സാധു പയഃ സ്ഥിതിര്‍മണിഗണൈരാരഞ്ജിതേ പഞ്ജരേ
ദൂരേ ചിന്തയിതും ച ദംശമശകാഃ പാരേ ഗിരാം ലാളനം
സത്യം സര്‍വ്വമഥാപി കാനനഭുവി സ്വാച്ഛന്ദ്യമവ്യാഹതം
ധ്യായന്തീ വിമനാമനാഗപി ശുകീ നാലംബതേ നിര്‍വൃതിം

കവി : നീലകണ്ഠദീക്ഷിതര്‍, കൃതി : അന്യാപദേശശതകം

ശ്ലോകം 1218 : സരളേ, പരിഭൂതി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വിയോഗിനി

സരളേ, പരിഭൂതിനിസ്സഹാ
കിമഭിക്രുധ്യസി വേധസം ശഠം
ഫണിനീവ മയൂരശാബകം
ഫണമാണിക്യഹഠാപഹാരിണം.

കവി : എ.ആര്‍. രാജരാജവര്‍മ്മ, കൃതി : പിതൃപ്രലാപഃ

ശ്ലോകം 1219 : ഫലത്തിലില്ലാശ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഉപേന്ദ്രവജ്ര

ഫലത്തിലില്ലാശ നിനക്കു തെല്ലും
തഥാപിയേകുന്നു നറും സുമങ്ങള്‍
എനിയ്ക്കുമീവിദ്യ പകര്‍ന്നു നല്‍കൂ
ലതേ! നമിയ്ക്കുന്നിഹ കൂപ്പുകൈ തേ

കവി : ജ്യോതിര്‍മയി

ശ്ലോകം 1220 : എന്നിട്ടെല്ലാവരും പോ, യറയില്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

"എന്നിട്ടെല്ലാവരും പോ, യറയിലിരുവരായ്‌ -- ഞാനുമദ്ദേഹവും", "ചൊ--
ല്ലെന്നി?", "ട്ടെന്‍ തോഴിമാരേ, ദയിതനൊടൊരുമിച്ചത്ര ഞാന്‍ പോയ്‌ക്കിടന്നു",
"എന്നി?", "ട്ടെന്നിട്ടു തേങ്ങാക്കുല", "പറയു സഖീ" യെന്നു നിര്‍ബ്ബന്ധമായി--
ച്ചൊന്നപ്പോളുള്‍ത്രപാബന്ധുരമുഖകമലം പൊത്തിയസ്സാധു കേണാള്‍!

കവി : വി. കെ. ജി.

ശ്ലോകം 1221 : എണ്ണ തീര്‍ന്ന തിരി...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : രഥോദ്ധത

എണ്ണ തീര്‍ന്ന തിരി കത്തിനിന്നിടും
വണ്ണമാണു മനുജന്റെ വാര്‍ദ്ധകം
വെട്ടമില്ല, ചെറുചൂടുമില്ലഹോ!
കെട്ടുപോയിടുമനങ്ങിയാലുടന്‍.

കവി : വൈരശ്ശേരി കെ.എന്‍. നമ്പൂതിരി

ശ്ലോകം 1222 : വെണ്ണ തോല്‍ക്കുമുടലില്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : രഥോദ്ധത

വെണ്ണ തോല്‍ക്കുമുടലില്‍ സുഗന്ധിയാ--
മെണ്ണ തേ, ച്ചരയിലൊറ്റമുണ്ടുമായ്‌,
തിണ്ണ മേലമരുമാ നതാംഗി മു--
ക്കണ്ണനേകി മിഴികള്‍ക്കൊരുത്സവം.

കവി : വള്ളത്തോള്‍, കൃതി : ഗണപതി

ശ്ലോകം 1223 : തെളിഞ്ഞൂ ദിക്‍പാളീ...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ശിഖരിണി

തെളിഞ്ഞൂ ദിക്‍പാളീ, സരസികളിലംഭോരുഹകുലം
വിരിഞ്ഞൂ, പൂന്തേനിന്‍ കൊതിയൊടു വലഞ്ഞൂ മധുകരം,
കുറഞ്ഞൂ മേഘച്ചാര്‍ത്തധിഗഗനമേറ്റം തെളിമകൊ--
ണ്ടണിഞ്ഞൂ ചന്ദ്രാര്‍ക്കൌ ശിവ ശിവ ശരത്ക്കാലമഹിമാ

കവി : പുനം നമ്പൂതിരി, കൃതി : ഭാഷാ രാമായണചമ്പു

ശ്ലോകം 1224 : കളം കറുത്ത കൊണ്ടലുണ്ടിരുണ്ട...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : പഞ്ചചാമരം

കളം കറുത്ത കൊണ്ടലുണ്ടിരുണ്ട കൊണ്ട കണ്ടെഴും--
കളങ്കമുണ്ട കണ്ടനെങ്കിലും കനിഞ്ഞുകൊള്ളുവാന്‍
ഇളമ്പിറക്കൊഴുന്നിരുന്നു മിന്നുമുന്നതത്തല--
ക്കുളം കവിഞ്ഞ കോമളക്കുടം ചുമന്ന കുഞ്ജരം.

കവി : ശ്രീനാരായണഗുരു, കൃതി : സദാശിവദര്‍ശനം

ശ്ലോകം 1225 : ഇരിക്കുവാന്‍ നിവൃത്തിയില്ല...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : പഞ്ചചാമരം

ഇരിക്കുവാന്‍ നിവൃത്തിയില്ല സീറ്റുപോകുമേല്‍ക്കുകില്‍
ശരിക്കനങ്ങുവാനുമില്ലിടം ശ്വസിച്ചിടാനുമേ
അനക്കമറ്റു നാവിറങ്ങിയോരുമട്ടിലായി ഞാന്‍
നിനച്ചു മണ്ടനായിതേ; അനര്‍ത്ഥമോ സ്വയംകൃതം

കവി : ബാലേന്ദു

ശ്ലോകം 1226 : അരിക്കകത്തു കൈവിരല്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : പഞ്ചചാമരം

അരിക്കകത്തു കൈവിരല്‍ പിടിച്ചുവച്ചൊരക്ഷരം
വരച്ച നാള്‍ തുടങ്ങിയെന്റെ മേല്‍ഗതിയ്ക്കു വാഞ്ഛയാ
പരിശ്രമിച്ച പൂജ്യപാദരായൊരെന്‍ ഗുരുക്കളെ--
പ്പരം വിനീതയായി ഞാന്‍ നമസ്കരിച്ചിടുന്നിതാ!

കവി : സിസ്റ്റര്‍ മേരി ബെനീഞ്ജ

ശ്ലോകം 1227 : പൂങ്കാവാഴി വിവാഹം...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പൂങ്കാ, വാഴി, വിവാഹ, മദൃ, നഗരം, ദൌത്യം, കുമാരോദയം,
ശൃംഗാരം, മൃഗയാവിനോദന, മൃതുക്കൂട്ടം, ജലക്രീഡനം,
ചന്ദ്രാര്‍ക്കോദയ,മാഹവം, നിശ, യുഷ, സ്സാമന്ത്രണം, നായകോല്‍--
ക്കര്‍ഷം തൊട്ട മനോജ്ഞവസ്തുനിവഹം വര്‍ണ്ണിക്കില്‍ വന്‍ കാവ്യമാം.

ശ്ലോകം 1228 : ചന്തക്കാര്‍നടിനായകാദി...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ചന്തക്കാര്‍നടിനായകാദി, മരണം, ബോംബും കിരാതത്വവും,
സന്താനാദിനിയന്ത്രണം, മതപരം ശണ്ഠാസഹസ്രം തഥാ
മിണ്ടാപ്രാണിവധം, ധനാപഹരണം, സ്ത്രീപീഡനം, മൂഢനാം
മന്ത്രീചേഷ്ടിത -- മാദിമാത്രമിതുനാള്‍ വര്‍ണ്ണിക്കില്‍ വായിച്ചിടും

കവി : ബാലേന്ദു. മുന്‍ശ്ലോകത്തിന്റെ ഹാസ്യാനുകരണം.

ശ്ലോകം 1229 : മാനം ചേര്‍ന്ന ഭടന്റെ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മാനം ചേര്‍ന്ന ഭടന്റെ മിന്നല്‍ ചിതറും കൈവാളിളക്കത്തിലും,
മാനഞ്ചും മിഴി തന്‍ മനോരമണനില്‍ച്ചായുന്ന കണ്‍കോണിലും,
സാനന്ദം കളിയാടിടുന്ന ശിശുവിന്‍ തൂവേര്‍പ്പണിപ്പൂങ്കവിള്‍--
സ്ഥാനത്തും, നിഴലിച്ചു കാണ്മു കവിതേ, നിന്‍ മഞ്ജുരൂപത്തെ ഞാന്‍.

കവി : വള്ളത്തോള്‍, കൃതി : കവിത

ശ്ലോകം 1230 : സത്യം തെല്ലുമിയന്നിടാതെ...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

സത്യം തെല്ലുമിയന്നിടാതെ പലതും വാഴ്ത്തും പരസ്യത്തിലും
നിത്യം മോഡല്‍ ചമഞ്ഞിടുന്ന നടിതന്‍ ശുഷ്കസ്തനാദ്യത്തിലും
സ്വാര്‍ത്ഥപ്രേരിതകുത്സിതാഭയിയലും വാഗ്ദാനപത്രത്തിലും
തീര്‍ത്തും കാണുകയില്ല ധന്യകവിതേ, നിന്‍ മുഗ്ദ്ധഭാവം ദൃഢം.

കവി : ബാലേന്ദു. മുന്‍ശ്ലോകത്തിന്റെ ഹാസ്യാനുകരണം.

ശ്ലോകം 1231 : സാപത്ന്യം പൂണ്ടു കൂട്ടാര്‍ക്കറുതി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

സാപത്ന്യം പൂണ്ടു കൂട്ടാര്‍ക്കറുതി വരുവതില്‍ കാന്തമാരേന്തുമത്രേ
ലോപംകൂടാത്ത മോദം ഹൃദി, ഭവതി മറിച്ചാവതെന്തീവിധത്തില്‍?
ചാപം തോല്‍ക്കുന്നതാം നിന്‍ പുരികമൊഴികെ മറ്റൊന്നിലും തന്നെയീ ഞാന്‍
രോപം സന്ധിച്ചനാള്‍തൊട്ടിതുവരെയടിമപ്പെട്ടതായ്‌ കേട്ടതില്ല

കവി : ഉള്ളൂര്‍, കൃതി : സുജാതോദ്വാഹം

ശ്ലോകം 1232 : ചലാപാംഗം ദൃഷ്ടഃ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശിഖരിണി

ചലാപാംഗം ദൃഷ്ടഃ സ്പൃശസി ബഹുശോ വേപഥുമതീം
രഹസ്യാഖ്യായീവ സ്വനസി മൃദുകര്‍ണ്ണാന്തികചരഃ
കരൌ വ്യാധുന്വത്യാഃ പിബസി രതിസര്‍വസ്വമധരം
വയം തത്ത്വാന്വേഷാന്മധുകര, ഹതാ, സ്ത്വം ഖലു കൃതീ!

കവി : കാളിദാസന്‍, കൃതി : ശാകുന്തളം

ശ്ലോകം 1233 : കടുക്കും കാഠിന്യം തടവിന...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശിഖരിണി

കടുക്കും കാഠിന്യം തടവിന തപത്തിന്‍ കടുത ക--
ണ്ടെടുക്കാന്‍ സ്വം രൂപം ത്വരയൊടുമഥാദ്രീന്ദ്രജയുടെ
പടുത്വം ചേര്‍ന്നീടും ചടുമൊഴികള്‍ കേട്ടിട്ടതിരസാല്‍
മടിച്ചും വാണോരത്ത്രിപുരരിപു നല്‍കട്ടെ കുശലം.

കവി : എ. ആര്‍. രാജരാജവര്‍മ്മ

ശ്ലോകം 1234 : പാടിക്കേട്ടതു പാടുപെട്ടു...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പാടിക്കേട്ടതു പാടുപെട്ടു പറയാറാകുമ്പൊഴേയ്കും കിളി--
ക്കൂടിന്‍നേര്‍ക്കു കുതിച്ചിടുന്നു മരണം കള്ളക്കരിമ്പൂച്ചയായ്‌
ആടും കൂട്ടിനകത്തിരുന്നു കരുണം കേഴുന്നൊരിപ്പക്ഷിയെ--
ക്കൂടെക്കൂടെയലട്ടിടും പണി, സഖേ പാടില്ല പാടില്ല മേല്‍!

കവി : വി.കെ.ജി

ശ്ലോകം 1235 : ആരോ വിട്ടൊരു `ചുട്ട' കത്തിതു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

"ആരോ വിട്ടൊരു `ചുട്ട' കത്തിതു ദൃഢം, ചൂടുള്ളതല്ലെങ്കില്‍ നിന്‍
താരോടൊത്ത കരദ്വയത്തിനിതെടുക്കുമ്പോള്‍ വിയര്‍പ്പോലുമോ?"
ആരോമല്‍ക്കണവന്റെ കാമലിഖിതം നോക്കിസ്സുഖിക്കുന്ന പോ--
തോരോന്നീവിധമോതി തോഴി കളിയാക്കുന്നൂ കയല്‍ക്കണ്ണിയെ.

കവി : വള്ളത്തോള്‍, കൃതി : വിലാസലതിക

ശ്ലോകം 1236 : ആരോടും ദീനദേഹസ്ഥിതിഗതികള്‍...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

ആരോടും ദീനദേഹസ്ഥിതിഗതികള്‍ മൊഴിഞ്ഞീല, തേങ്ങിക്കരഞ്ഞീ--
ലോരോ ജീവാണുവും ദുര്‍മ്മൃതിയുടെ പിടിയില്‍പ്പെട്ടലട്ടുമ്പൊഴും നീ;
നേരോതാം സ്തബ്ധനായേ, നെഴുതി മഷിയുണങ്ങാത്ത പദ്യങ്ങള്‍ വായി--
ച്ചാ രോഗം കൂടി ഞെട്ടും പടി പല വെടി പൊട്ടിച്ചു പൊട്ടിച്ചിരിക്കേ.

കവി : എന്‍.കെ. ദേശം , കൃതി : (കവി കക്കാടിനെപ്പറ്റി)

ശ്ലോകം 1237 : നെഞ്ഞില്‍ക്കാണാവു നാം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

നെഞ്ഞില്‍ക്കാണാവു നാ, മക്കതിരൊളി തിരളും ധീരനെ, ബ്ഭസ്മരേഖാ--
മഞ്ജുശ്രീഫാലപാര്‍ശ്വേ കലയുടെ കുറി ചൂടുന്നൊരത്തമ്പുരാനെ,
കുഞ്ഞിക്കയ്യാല്‍ വലിക്കെ, ക്കവിത കസവു നീട്ടുന്ന തോള്‍മുണ്ടു ചേരും
കുഞ്ഞിക്കുട്ടാഖ്യനെ, സ്സുസ്മിതസിതമണിയാം വിസ്മയം തഞ്ചുവോനെ.

ശ്ലോകം 1238 : കാതില്‍ക്കേള്‍ക്കാവു ഞാന്‍...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

കാതില്‍ക്കേള്‍ക്കാവു ഞാനെപ്പൊഴുതുമരമണിച്ചാര്‍ത്തൊലിക്കൊത്തിണങ്ങും
തോതില്‍പ്പൊങ്ങും ചിലങ്കച്ചിലുചിലുനിദനം കാല്‍ച്ചിലമ്പൊച്ചയോടും
പ്രീതിക്കെന്തുണ്ടു വേറിട്ടടിയനിതു കണക്കായതൊന്നിങ്കലല്ലാ--
തേതില്‍ സ്പന്ദിച്ചിടും പാരിതിനുടെ കളസംഗീത സാരസ്യസാരം!

ശ്ലോകം 1239 : പിച്ചക്കാരന്‍ കുബേരന്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

പിച്ചക്കാരന്‍ കുബേരന്‍, പിതൃപതി സുകൃതാഘാനഭിജ്ഞന്‍, വിരൂപന്‍
പച്ചക്കാമന്‍, പതംഗന്‍ പകല്‍മതി, പരവാന്‍ പദ്മനാഭാഗ്രജാതന്‍,
അര്‍ച്ചിഷ്മാനപ്രഭാംഗന്‍, ധിഷണനധിഷണന്‍, നിന്റെ പാദാംബുജത്താ--
രര്‍ച്ചിക്കും മര്‍ത്ത്യനെക്കണ്ടറിയുമവനുമേ പാപനിഷ്ഠന്‍ വസിഷ്ഠന്‍!

കവി : ഒടുവില്‍ കുഞ്ഞിക്കൃഷ്ണമേനോന്‍

ശ്ലോകം 1240 : ആവതോളമിഹ നിത്യവും...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : രഥോദ്ധത

ആവതോളമിഹ നിത്യവും ഭജി--
ക്കാവതായ്‌പ്പല പദാര്‍ത്ഥമില്ലയോ?
പാവമീ നിരപരാധി പക്ഷിയെ--
ക്കൊല്‍വതെന്തിനു മനുഷ്യര്‍ കഷ്ടമേ!

കവി : വള്ളത്തോള്‍, കൃതി : കോഴി (സാഹിത്യമഞ്ജരി)

ശ്ലോകം 1241 : പാഞ്ചാലിയെക്കീചകന്‍...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

പാഞ്ചാലിയെക്കീചകനെന്നപോലെ
പുണര്‍ന്നിടാനായണയുന്നിതാ ഞാന്‍
പൂന്തേന്‍മൊഴീ, കാവ്യമനോഹരീ, നിന്‍
പൂമേനിയെന്തിത്ര കഠോരമാവാന്‍?

കവി : രാജേഷ്‌ വര്‍മ്മ

ശ്ലോകം 1242 : പൂനായിലുണ്ടു...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : വസന്തതിലകം

പൂനായിലുണ്ടു മമ കാമുകനായൊരുത്തന്‍
താനാണു ഭീമനിദമോര്‍ത്തു വസിച്ചിടുന്നോന്‍
താനെന്നെയിങ്ങനെയിടയ്ക്കിടെ പൂണ്മതെങ്ങാ--
നാ നായര്‍ കാണ്‍കിലതു നല്ലതിനല്ല ചൊല്ലാം.

കവി : ബാലേന്ദു. കഴിഞ്ഞ ശ്ലോകത്തിനുള്ള മറുപടി.

ശ്ലോകം 1243 : തയ്യായ നാളിലലിവാര്‍ന്നൊരു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തതിലകം

തയ്യായ നാളിലലിവാര്‍ന്നൊരു തെല്ലു നീര്‍ തന്‍
കയ്യാലണപ്പവനു കാമിതമാക നല്‍കാന്‍
അയ്യായിരം കുല കുലയ്പ്പൊരു തെങ്ങുകള്‍ക്കു--
മിയ്യാളുകള്‍ക്കുമൊരു ഭേദമശേഷമില്ല.

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 1244 : ആകാശത്തുപിറന്നമേയകുതുകം...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ആകാശത്തുപിറന്നമേയകുതുകം കൈക്കൊണ്ടിരിക്കും മഹാ--
രാകാശാരദശര്‍വ്വരീശവദനേ വൈഷമ്യമുണ്ടെങ്കിലും
ഏകേണം മധുരാധരാമൃതമെനിക്കല്ലെങ്കിലാളൊന്നുടന്‍
പോകേണം പുലയായ വസ്തുത ഗൃഹത്തിങ്കല്‍ ഗ്രഹിപ്പിക്കുവാന്‍.

കവി : ഒറവങ്കര

ശ്ലോകം 1245 : എന്നെപ്പോലുമെനിക്കു നേര്‍വഴി...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

എന്നെപ്പോലുമെനിക്കു നേര്‍വഴി നയിക്കാനൊട്ടുമാകാത്ത ഞാ--
നന്യന്മാരെ നയിച്ചു നായകപദപ്രാപ്തിക്കു ദാഹിക്കയോ?
കന്നത്തത്തിനുമുണ്ടു മന്നിലതിരെന്നോര്‍ക്കാതെ തുള്ളുന്നു ഞാ--
നെന്നെത്തന്നെ മറന്നു -- കല്ലുകളെറിഞ്ഞെന്‍ കാലൊടിക്കൂ വിധേ!

കവി : ചങ്ങമ്പുഴ

ശ്ലോകം 1246 : കാടത്തം കവിയായിടുന്ന...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കാടത്തം കവിയായിടുന്ന പതിവുണ്ടീ നാട്ടിലല്ലെങ്കിലെന്‍
മൂഢത്വത്തിനൊര്‍ത്ഥമായി വിടരാനീമട്ടു സാധിക്കുമോ?
പാടില്ലെന്നു പറഞ്ഞുകൂട നിയതം നീ നിന്റെ പൊന്മോതിര--
ച്ചോടാല്‍പ്പൂക്കളമിട്ട നാവിനുലകം സൌന്ദര്യവൃന്ദാവനം.

കവി : യൂസഫലി കേച്ചേരി

ശ്ലോകം 1247 : പട്ടിയ്ക്കാംതൊടിയിട്ട...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പട്ടിയ്ക്കാംതൊടിയിട്ട ചിട്ട, കവളപ്പാറയ്ക്കെഴും പ്രാഭവം
ചുട്ടിക്കെട്ടില്‍, മിനുക്കിലോര്‍ക്ക കുടമാളൂരിന്‍ കടക്കണ്‍കളി,
ഇഷ്ടംപോലെ രസം പകര്‍ന്നഭിനയം കുഞ്ചുക്കുറുപ്പിന്റെ,യൊ--
ട്ടൊട്ടല്ലൊക്കെയുമൊത്തുചേര്‍ന്ന നടനീത്തൌര്യത്രയീനായകന്‍!

കവി : കുത്തുള്ളി , കൃതി : കലാമണ്ഡലം കൃഷ്ണന്‍ നായര്‍ സ്മരണ

ശ്ലോകം 1248 : ഇരുവശവുമിരിയ്ക്കുവോര്‍...

ചൊല്ലിയതു്‌ : ഉമാ രാജാ
വൃത്തം : പുഷ്പിതാഗ്ര

ഇരുവശവുമിരിയ്ക്കുവോരെണീറ്റൂ
തെരുതെരെയദ്ധ്വഗര്‍ മാറിനിന്നു ദൂരാല്‍
ഒരു ഭയബഹുമാനഭക്തി തിങ്ങി--
ത്തെരുവതു ഹന്ത നിതാന്തശാന്തമായി

കവി : വള്ളത്തോള്‍, കൃതി : ശിഷ്യനും മകനും

ശ്ലോകം 1249 : ഒരു ദീപവുമിന്ദുവും...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : വിയോഗിനി

ഒരു ദീപവുമിന്ദുവും സ്ഫുരി--
പ്പൊരുനക്ഷത്രവുമൊന്നുമെന്നിയേ
ഇരുള്‍ മേലിരുളാം സുഷുപ്തിയില്‍
ശരണം ചിന്മയദേവ ദേവ നീ

കവി : ആശാന്‍ , കൃതി : നിശാപ്രാര്‍ത്ഥന

ശ്ലോകം 1250 : ഇന്നാവാം, നാളെയാവാം,...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

ഇന്നാവാം, നാളെയാവാം, മരണമണവതീ മാത്രയില്‍ത്തന്നെയാവാം,
എന്നാണെന്നോരുവാനും വിഷമകരമതോര്‍ത്താടല്‍ തേടായ്ക ചിത്തം;
എന്നാളും നാമനംഗാന്തകപദകമലധ്യാനനിര്‍ല്ലീനരായ്‌ത്താന്‍
നിന്നാവൂ നിത്യമുക്തിക്കുതകിടുമതിനിന്നില്ല തെല്ലും വിവാദം.

കവി : കെ. വി. പി. നമ്പൂതിരി

ശ്ലോകം 1251 : എത്രയുണ്ടു തവ ജീവകാല...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : കുസുമമഞ്ജരി

എത്രയുണ്ടു തവ ജീവകാലമയി ചക്രവാകി, പുനരല്‍പമേ,
തത്രയൌവന, മിതിങ്കലും പകുതി രാത്രിയായതില്‍ വിയോഗമേ;
അത്ര നിന്‍ജനി നിരര്‍ത്ഥമാണറിക ശിഷ്ടമാം സമയമുള്ളത--
ങ്ങത്രയും പ്രണയകോപമായ്‌ക്കളകിലാരു നിന്റെ ഹിതമോതിടും?

കവി : കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍, കൃതി : അന്യാപദേശശതകം തര്‍ജ്ജമ

ശ്ലോകം 1252 : ആറും നാലും കിടന്നാടിയ...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

ആറും നാലും കിടന്നാടിയ മഹിതമണിച്ചെപ്പില്‍ നിന്നൂറിയൂറി--
ച്ചോരും ചൊല്‍ക്കൊണ്ട നാദാമൃതമൃദുലഹരീസംഗസഞ്ജാതമോദാല്‍
ചേരും ചേലൊത്ത പുത്തന്‍ പുളകമുളകളായ്‌ മാറുമീയൂഴിയില്‍ക്കൈ--
മാറും തോറും തുടിക്കും കവിയുടെ കരളേ വെല്‍ക തുഞ്ചന്‍പറമ്പേ!

കവി : വെയിലോപ്പിള്ളി

ശ്ലോകം 1253 : ചാടായി വന്നൂ...

ചൊല്ലിയതു്‌ : ഉമാ രാജാ
വൃത്തം : ഇന്ദ്രവജ്ര

ചാടായി വന്നൂ ശകടാസുരന്‍ താന്‍
ചാടാനൊരുമ്പെട്ടു മുകുന്ദഗാത്രേ
വാടാതെ പാദേന ഹനിച്ചു ബാലന്‍
ചാടായിരം ഖണ്ഡമതായി വീണു

കവി : കുഞ്ചന്‍ നമ്പ്യാര്‍ , കൃതി : ശ്രീകൃഷ്ണചരിതം മണിപ്രവാളം

ശ്ലോകം 1254 : വാരാളും മലയാളഭാഷയില്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം :

വാരാളും മലയാളഭാഷയില്‍ മുറയ്ക്കൊക്കും മഹാകാവ്യമി--
ങ്ങാരാലും കൃതമായതില്ലിതുവരെയ്ക്കാ ഹാനി തീര്‍ത്തീടുവാന്‍
ശ്രീരാമന്റെ ചരിത്രമാകിയ മഹാകാവ്യത്തെയൊന്നാമതാ--
യാരാല്‍ത്തീര്‍ത്തതുകൊണ്ടു കേരളധരാവാല്മീകിയായീ ഭവാന്‍!

ശ്ലോകം 1255 : ശാസ്ത്രം മന്ദരമാക്കി...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശാസ്ത്രം മന്ദരമാക്കിയിപ്രകൃതിയാം ക്ഷീരാബ്ധി തന്നെക്കട--
ഞ്ഞത്രേ മാനുഷര്‍ --ദേവദൈത്യര്‍-- അമൃതം നേടുന്നതീ ഭൂമിയില്‍;
സൂത്രം -- നൂതനയന്ത്രജാലമലസം തുപ്പുന്നു കാകോളമി--
ങ്ങെത്തുന്നെന്നിനിയേതുതാന്‍ വടിവിലോ, ശ്രീനീലകണ്ഠേശ്വര!

കവി : ബാലേന്ദു

ശ്ലോകം 1256 : സദ്വര്‍ണ്ണാഞ്ചിതശയ്യ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

സദ്വര്‍ണ്ണാഞ്ചിതശയ്യ ചേര്‍, ന്നഴകെഴും ഭാവപ്രഭാവത്തൊടും,
മൃദ്വംഗാനുഗുണപ്രയുക്തവിവിധാലങ്കാരസമ്പത്തൊടും,
വിദ്വല്ലാളിതകാളിദാസകവിതയ്ക്കൊപ്പം വിളങ്ങുന്ന നീ
മദ്വക്ഷോമണിമാലികേ, കിമപി കൈക്കൊള്‍കാ പ്രസാദത്തെയും!

കവി : വള്ളത്തോള്‍, കൃതി : വിലാസലതിക

ശ്ലോകം 1257 : വെള്ളം ചേരാത്ത കള്ളീന്‍...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

വെള്ളം ചേരാത്ത കള്ളിന്‍ ലഹരി നുണയുമന്നേരവും, ദൂരെ മേവും
വെള്ളിത്താരത്തെ നോക്കി പ്രണയവിവശനായ്‌ വേണുവൂതുന്ന പോതും
തള്ളും രോഷത്തില്‍ വാഴക്കുലയുടെ ഹരണത്തെപ്പഴിക്കുമ്പൊഴും കേ--
ട്ടുള്ളം തുള്ളുന്നു -- കാണാമവികലനടനം കാവ്യകന്യാവിലാസം.

കവി : ബാലേന്ദു

ശ്ലോകം 1258 : തൂവെണ്ണിലാവു വിരവില്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : വസന്തതിലകം

തൂവെണ്ണിലാവു വിരവില്‍ തെളിയുന്ന നേരം
പൂവിന്നുളാം പരിമളം ചൊരിയുന്ന നേരം
കാര്‍വര്‍ണ്ണനക്കുഴലെടുത്തു വിളിച്ച നേരം
നീള്‍ക്കണ്ണിമാരുഴറിവന്നതു കാണ്മനോ ഞാന്‍!

കവി : പൂന്താനം, കൃതി : ശ്രീകൃഷ്ണകര്‍ണ്ണാമൃതം

ശ്ലോകം 1259 : കല്ലേറു, ബസ്സപകടം,...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തതിലകം

കല്ലേറു, ബസ്സപകടം, വെടിവെപ്പു, കൂട്ട--
ത്ത, ല്ലക്രമം, കൊല തുടങ്ങിയ മാരണങ്ങള്‍
എല്ലാം തിമിര്‍ക്കുമിവിടിപ്പൊഴുതെപ്പൊഴെന്നു
ചൊല്ലാവതല്ല പുരുഷന്റെ തകര്‍ച്ചയാര്‍ക്കും.

കവി : ഉമേഷ്‌ നായര്‍, കൃതി : (സമസ്യാപൂരണം, ഭാഷാപോഷിണി, 1982)

ശ്ലോകം 1260 : എന്നാലുമമ്മയുടെ ചാരു...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : വസന്തതിലകം

എന്നാലുമമ്മയുടെ ചാരുകൃപാവിശേഷാല്‍
തന്നാലെതന്നെ മലയാളമതും പഠിച്ചു
പിന്നാലെ നല്ലുദയവര്‍മ്മ നൃപാലകന്റെ
പിന്നാലെകൂടിയൊരുമാതിരിയാക്കി വച്ചു.

കവി : കെ. സി. നാരായണന്‍ നമ്പ്യാര്‍, കൃതി : കന്യാകുമാരീ പ്രാര്‍ത്ഥന

ശ്ലോകം 1261 : "പൂന്തേന്മൊഴീ"യെന്നു...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

"പൂന്തേന്മൊഴീ"യെന്നു വിളിച്ചു ചുറ്റും
ചാഞ്ചാടിയാടുന്നതു കീചകന്മാര്‍
തനിയ്ക്കു താനേ തുണയെന്നു കണ്ടാല്‍
കരുത്തു കാട്ടേണ, മതാണു ബുദ്ധി.

കവി : ജ്യോതിര്‍മയി. രാജേഷ്‌ വര്‍മ്മയുടെ പാഞ്ചാലിയെക്കീചകന്‍ (ശ്ലോകം \ref{slo:paancaaliyekkiicakan}) എന്ന ശ്ലോകത്തിനുള്ള മറുപടി.

ശ്ലോകം 1262 : തായ്‌ തീര്‍ക്കുവാന്‍ തക്കൊരു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

തായ്‌ തീര്‍ക്കുവാന്‍ തക്കൊരു നല്ല കൊമ്പു
യാതൊന്നില്‍ നിന്നോ മഴുവിന്നു കിട്ടി
അശ്ശാഖിയെത്തന്നെയതാശു വെട്ടി--
വീഴ്ത്തുന്നു കാര്‍ത്തജ്ഞവിജൃംഭിതത്താല്‍!

കവി : വള്ളത്തോള്‍, കൃതി : ശിഷ്യനും മകനും

ശ്ലോകം 1263 : അതേ മഹാന്‍ ഭാര്‍ഗ്ഗവ...

ചൊല്ലിയതു്‌ : ഉമാ രാജാ
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

അതേ മഹാന്‍ ഭാര്‍ഗ്ഗവരാമനാണി--
സ്സുതേജസാ ഭാസുരനാം ദ്വിജേന്ദ്രന്‍
ജിതേന്ദൃയന്‍ ധൂര്‍ജ്ജടി ദര്‍ശനത്തില്‍--
ദ്ധൃതേച്ഛനായ്‌പ്പോവുകയാണിദാനീം.

കവി : വള്ളത്തോള്‍, കൃതി : ശിഷ്യനും മകനും

ശ്ലോകം 1264 : ജലഭരങ്ങളൊഴിഞ്ഞതി...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ദ്രുതവിളംബിതം

ജലഭരങ്ങളൊഴിഞ്ഞതിവേനലീ
നിലയിലാതപമാര്‍ക്കുമണയ്ക്കവേ
അലമിതെന്തൊരു ശങ്ക, വരാംഗനാ--
കുലമണേ, ലമണേഡു കുടിക്കെടോ!

കവി : കെ.വി.പി. കൃതി: (സമസ്യാപൂരണം)

ശ്ലോകം 1265 : അവനമാ വനമാലി...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ദ്രുതവിളംബിതം

അവനമാ വനമാലി നടത്തുമെ--
ന്നിഹ മുദാഹമുദാര നിനച്ചു ഞാന്‍
ഭുവനപാവന, പാര്‍ക്കുവതെന്നതോര്‍--
ക്കണമിതാണമിതാദരമാശ മേ.

കവി : വി. സി. ബാലകൃഷ്ണപ്പണിക്കര്‍

ശ്ലോകം 1266 : ഭുവനവാസിജനം...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ദ്രുതവിളംബിതം

ഭുവനവാസിജനം തലയാട്ടിടും
കവനരീതികളുണ്ടു മഹേശ്വരീ
അവനമുണ്ടണവാനടികുമ്പിടാ--
മിവനജേ വനജേക്ഷണവന്ദിതേ.

കവി : വി. സി. ബാലകൃഷ്ണപ്പണിക്കര്‍

ശ്ലോകം 1267 : അവിരളം മലയാള...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ദ്രുതവിളംബിതം

അവിരളം മലയാളമഹിക്കു ഹൃ--
ത്തവിയുമാറു മഹമ്മദയോധിനി
ഛവി നിതാന്തമെഴും സികതാടവീ--
സവിധമാവിധമാശു ഗമിച്ചിതേ.

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 1268 : ഛായാവിനീതാധ്വ...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

ഛായാവിനീതാധ്വപരിശ്രമേഷു
ഭൂയിഷ്ഠസംഭാവ്യ ഫലേഷ്വമീഷു
തസ്യാതിഥീനാമധുനാസപര്യാ
സ്ഥിതാസു പുത്രേഷ്വിവ പാദപേഷു.

കവി : കാളിദാസന്‍ , കൃതി : രഘുവംശം

ശ്ലോകം 1269 : തുരഗഖുരഹതസ്തഥാ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : പുഷ്പിതാഗ്ര

തുരഗഖുരഹതസ്തഥാ ഹി രേണുര്‍--
വിടപവിഭക്തരഥാര്‍ദ്രവല്‌ക്കലേഷു
പതതി പരിണതാരുണപ്രകാശഃ
ശലഭസമൂഹ ഇവാശ്രമദ്രുമേഷു.

കവി : കാളിദാസന്‍, കൃതി : ശാകുന്തളം

ശ്ലോകം 1270 : പോയീ കൈരളി തന്‍ പ്രശസ്ത...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പോയീ കൈരളി തന്‍ പ്രശസ്തതനയന്‍, പോയീ മഹാപണ്ഡിതന്‍,
പോയീ ശിഷ്യസുഹൃല്‍പ്രിയന്‍ ഭസിതമായമ്മേനി പേരായ്‌ മഹാന്‍;
മായീഭൂതമഹോ ജഗത്‌സ്ഥിതിയിതാമാദ്യാക്ഷരില്‍ ശോകമീ--
സ്ഥായീഭാവമിയന്നു ബാഷ്പനിരയും നില്‍ക്കാത്ത നീര്‍ച്ചാട്ടമായ്‌.

കവി : ആശാന്‍, കൃതി : പ്രരോദനം

ശ്ലോകം 1271 : മൂവാറുള്ളപ്പുഴയ്ക്കും...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര

മൂവാറുള്ളപ്പുഴയ്ക്കും ചെറുതിടയകലെത്തെക്കുമാറി ത്രിമൂര്‍ത്തീ--
ദേവന്മാര്‍ വാണിടും മുത്തലപുരമതു വന്‍ കീര്‍ത്തിയില്ലാത്ത ഗ്രാമം;
മൂവന്തിക്കാളുകൂടും കവലയിലരുകില്‍ച്ചേര്‍ന്ന നായര്‍ക്കുടുംബം
കൂരാപ്പിള്ളില്‍പ്പിറന്നേന്‍; ബഹുജനനുതനാം ഗാന്ധി പോയോരു വര്‍ഷം.

കവി : ബാലേന്ദു

ശ്ലോകം 1272 : മഞ്ജുശ്രീമലര്‍ മാമ്പഴം...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മഞ്ജുശ്രീമലര്‍ മാമ്പഴം മധു ഗുളം പാല്‍ നല്ല പഞ്ചാരയും
രഞ്ജിച്ചീടിന പായസം പനസമങ്ങപ്പം വികല്‍പം വിനാ
കുഞ്ഞിക്കുമ്പ നിറച്ചിതൊക്കെയമര്‍ചെയ്തീശന്റെ നല്‍സന്തതി--
ക്കുഞ്ഞെന്നും കുതുകത്തൊടെന്‍ കരള്‍കളിത്തട്ടില്‍ കളിച്ചീടണം

കവി : വെണ്മണി മഹന്‍ നമ്പൂതിരിപ്പാട്‌

ശ്ലോകം 1273 : കണ്ടാല്‍ നീയൊരുടഞ്ഞ...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കണ്ടാല്‍ നീയൊരുടഞ്ഞ ശംഖു, പലരും നിന്ദിച്ചിടാം നിര്‍ദയം,
കല്യശ്രീ കലരുന്ന ശംഖനിരയെപ്പേര്‍ത്തും പുകഴ്ത്തീടുവോര്‍
കഷ്ടം നാളെയവറ്റ മണ്‍തരികളാ, ണെന്നും ജയം നേടി നീ
കര്‍മ്മപ്രേരകപാഞ്ചജന്യരവമായെന്നും മുഴങ്ങും ദൃഢം.

ശ്ലോകം 1274 : കാണുന്ന ലോകങ്ങടെ...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

കാണുന്ന ലോകങ്ങടെ കണ്ണിലെല്ലാം
കര്‍പ്പൂരനീര്‍ വീഴ്ത്തിയുമാത്തമോദം
പടങ്ങളോരോന്നിവ കണ്ടുകൊണ്ടും
പരന്‍ പുമാന്‍ പുക്കു പുരത്തിനുള്ളില്‍

കവി : കെ. സി. കേശവപിള്ള, കൃതി : കേശവീയം

ശ്ലോകം 1275 : പഠിപ്പു തീര്‍ന്നാല്‍...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

പഠിപ്പു തീര്‍ന്നാലുടനങ്ങെനിയ്ക്കു
പണം പെറും നല്‍പ്പണിയൊന്നു കിട്ടും
അന്നാള്‍മുതല്‍ക്കമ്മ മദീയനവ്യ--
സമ്പത്സുധാമാധുരിയാസ്വദിയ്ക്കും.

കവി : വി.കെ.ജി

ശ്ലോകം 1276 : അശ്വപ്രവാഞ്ചാംബുദ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

അശ്വപ്രവാഞ്ചാംബുദഗര്‍ജ്ജിതം ച
സ്ത്രീണാം ച ചിത്തം പുരുഷസ്യ ഭാഗ്യം
അവര്‍ഷണം ചാപ്യതിവര്‍ഷണം ച
ദേവോ ന ജാനാതി കുതോ മനുഷ്യഃ?

ശ്ലോകം 1277 : അങ്ങോട്ടു നോക്കുക, ചുവപ്പു...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : വസന്തതിലകം

അങ്ങോട്ടു നോക്കുക, ചുവപ്പു വെളുപ്പു പച്ച--
യെന്നീ നിറങ്ങളിടതിങ്ങിയൊരംബരാന്തം
ചെന്താരുമാമ്പലുമൊരേസമയം വിരിഞ്ഞു--
പൊന്തുന്ന പൊയ്കയുടെ ചന്തമിയന്നിടുന്നോ?

കവി : വി. സി. ബാലകൃഷ്ണപ്പണിക്കര്‍, കൃതി : വിശ്വരൂപം

ശ്ലോകം 1278 : ചേരും ചിടച്ചകിരി...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തതിലകം

ചേരും ചിടച്ചകിരി ചാരുകപാലദിവ്യ--
നീരും മിഴിത്രിതയവും തിരളുന്നതായും
നേര്‍പാതി നാരിപരിപൂരിതമായുമുള്ള
കേരം തരട്ടിഹ നമുക്കഖിലേപ്സിതാര്‍ത്ഥം.

കവി : ഗ്രാമത്തില്‍ രാമവര്‍മ്മ കോയിത്തമ്പുരാന്‍

ശ്ലോകം 1279 : നിര്‍ദ്ദേവത്വത്തിനായിട്ട്‌...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : സ്രഗ്ദ്ധര

നിര്‍ദ്ദേവത്വത്തിനായിട്ടസുരവരനൊരാള്‍ വന്‍തപം ചെയ്തകാല--
ത്തുണ്ടായോരത്തല്‍ തീര്‍ക്കാനമരരഖിലരും വാണിയെസ്സേവ ചെയ്കെ
മത്തേറും ദൈത്യനാവില്‍ക്കപടനടനമൊന്നാടി വാനോര്‍ക്കു നിത്യാ--
നന്ദം പാരം പകര്‍ന്നീടീന ഭഗവതി, നീ ദീപ്തമാക്കെന്‍ കവിത്വം!

കവി : ഹരിദാസ്‌

ശ്ലോകം 1280 : മൂലം നാള്‍ മുറ്റുമാളും...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

മൂലം നാള്‍ മുറ്റുമാളും മുഴുസുകൃതഫലം, മുഖ്യവഞ്ചിക്ഷിതിശ്രീ--
മൂലം, മൂര്‍ദ്ധാഭിഷിക്തവ്രജമുകുടമിളന്മുഗ്ദ്ധമുക്താകലാപം,
പാലംഭോരാശികന്യാപതിഭജനപരാധീന, മന്യൂനകീര്‍ത്തിയ്‌--
ക്കാലംബം, രാമവര്‍മ്മാഭിധ, മവനകലാലാലസം, ലാലസിപ്പൂ!

കവി : ഉള്ളൂര്‍

ശ്ലോകം 1281 : പണ്ടെങ്ങാണ്ടൊരു ഭൂസുരന്റെ...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പണ്ടെങ്ങാണ്ടൊരു ഭൂസുരന്റെ കഥ കേട്ടിട്ടുണ്ടു, കേള്‍ക്കേണമോ?
പാണ്ടിപ്പട്ടരു വംശമായവര്‍കളെക്കാണ്മാതിരിപ്പാനഹോ
വമ്പന്‍ കൊമ്പനിരണ്ടമിട്ടുകളവാനണ്ഡം തുറക്കും വിധൌ
മണ്ടിച്ചെന്നുകരേറി നോക്ക്യസമയേ രണ്ടുണ്ടതില്‍പ്പട്ടരു്‌

ശ്ലോകം 1282 : വൃത്തോത്തുംഗകുചങ്ങള്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വൃത്തോത്തുംഗകുചങ്ങ, ളഗ്ഗുരുനിതംബം, കാകളീമാധുരീ--
സത്താം ശബ്ദസുഖം, പ്രസാദ, മുചിതാലങ്കാരസമ്പന്നതാ,
ഇത്ഥം കോമളിമാവിണങ്ങുമവളെക്കാണുന്ന വിദ്യാര്‍ത്ഥികള്‍--
ക്കത്യന്തം കവിതയ്ക്കു ശക്തിയുളവാകാഞ്ഞാലതാണത്ഭുതം!

കവി : വി. കെ. ജി.

ശ്ലോകം 1283 : ഇന്ദ്രപ്രസ്ഥത്തിലിന്ദ്രപ്രിയ...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : സ്രഗ്ദ്ധര

ഇന്ദ്രപ്രസ്ഥത്തിലിന്ദ്രപ്രിയസുതനെ നിനച്ചുള്ളൊരൌത്സുക്യവേഗാല്‍
വന്നിട്ടബ്ഭീമനാലേ മഗധപതിയെയും കൊന്നു നാടും ജയിച്ചാന്‍
ധന്യാത്മാ രാജസൂയം നരപതി ബത സാധിച്ചതും ധര്‍മ്മജന്‍ താ--
നൊന്നായീ ചൈദ്യനപ്പോള്‍ മധുമഥന! ഭവാനോടതും കൈതൊഴുന്നേന്‍

കവി : പൂന്താനം , കൃതി : ശ്രീകൃഷ്ണ കര്‍ണാമൃതം

ശ്ലോകം 1284 : ധീരനായനിശം...

ചൊല്ലിയതു്‌ : ഉമാ രാജാ
വൃത്തം : രഥോദ്ധത

ധീരനായനിശമപ്രമത്തനായ്‌
ദ്വാരപാലനമിഹാചരിയ്ക്ക മേ
സ്വൈരമെന്റെയനുവാദമാര്‍ന്നിടാ--
താരടുക്കിലുമകത്തു കേറ്റൊലാ

കവി : വള്ളത്തോള്‍, കൃതി : ഗണപതി

ശ്ലോകം 1285 : സൂര്യന്‍ പൊന്‍കിരണം...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

സൂര്യന്‍ പൊന്‍കിരണം പരത്തി വിരവില്‍പ്പൊങ്ങിക്കിഴക്കംബരേ
പാരില്‍ മോദമതേകി ചിങ്ങമിതുതാന്‍ വന്നെത്തി വീണ്ടും സഖേ
സന്തോഷപ്രദമായിടാനിനിവരും നാള്‍ നിങ്ങളേവര്‍ക്കുമെ--
ന്നുള്ളോരാശംസയേകാന്‍ തുനിയുവതടിയന്നിപ്രകാരം സദസ്സില്‍

കവി : ഋശി കപ്ലിങ്ങാടു്‌

ശ്ലോകം 1286 : സത്രം കാണൊരിടത്തു...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

സത്രം കാണൊരിടത്തു ചത്തു കരയും കോലാഹലം കുത്ര ചില്‍
വിദ്വാന്മാരൊരിടത്തു മദ്യപകുലം തച്ചും കയര്‍ത്തും ക്വചില്‍
മുഗ്ദ്ധസ്ത്രീയൊരിടത്തു മുത്തികളിരുന്നേങ്ങിക്കുരച്ചന്യതഃ
ശ്രോത്രാദിക്കമൃതോ തളിച്ച വിഷമോ വിശ്വം വിചിത്രം വിഭോ!

കവി : പൂന്താനം , കൃതി : ശ്രീകൃഷ്ണകര്‍ണാമൃതം

ശ്ലോകം 1287 : മെയ്യില്‍പ്പാമ്പുണ്ടനേകം...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

മെയ്യില്‍പ്പാമ്പുണ്ടനേകം ഗളമതില്‍ വിലസും കാളകൂടം കഠോരം,
കയ്യില്‍ ശൂലം, കഠാരം, തിരുമിഴിയിതു തീക്കട്ട, വേഷം വിശേഷം,
അയ്യോ! നിന്‍കാന്തനൊത്തുള്ളൊരുപൊറുതി മഹാദുര്‍ഘടം തന്നെ, യോര്‍ത്താല്‍
വയ്യേ! മറ്റാര്‍ക്കുമില്ലിങ്ങനെ മലമകളേ! ജാതകം ജാതി തന്നെ!

കവി : നടുവത്തച്ഛന്‍ , കൃതി : (സമസ്യാപൂരണം)

ശ്ലോകം 1288 : ആകാതാരഭിമാന...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ആകാതാരഭിമാനപൂര്‍ണ്ണരകമേ ചിന്തിക്കിലിന്നക്ഷര--
ശ്ലോകത്തിന്‍ പരിപൂര്‍ണ്ണചന്ദൃകസമം കീര്‍ത്തിപ്രദം വൈഭവം;
ഓര്‍ത്താലായതിനൊക്കെയേകമഭയം സാരംഗപാണീപദം
പേര്‍ത്തും പാര്‍ത്തു തുണയ്ക്കുവാന്‍ കനിയണം ശ്രീരാഗപൂര്‍ണ്ണം മനം.

കവി : ബാലേന്ദു. മുദ്രാരൂപേണ ആരഭി, പൂര്‍ണ്ണചന്ദൃക, സാരംഗം, ശ്രീ എന്നി രാഗങ്ങളെ സൂചിപ്പിച്ചിരിക്കുന്നു.

ശ്ലോകം 1289 : ഓരോ നാളും പ്രഭാതസ്മിതമൊടു...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : സ്രഗ്ദ്ധര

ഓരോ നാളും പ്രഭാതസ്മിതമൊടു കുശലാന്വേഷണം ചെയ്തു പൊങ്ങും
നേരം മന്ദം തലോടും മമ തനു ജനലില്‍ക്കൂടിയാഹ്ലാദഹൃദ്യം
കാരുണ്യം കാട്ടുമീവാസരനിരയിലൊരാളെന്നെയൊറ്റിക്കൊടുക്കും
ചാരന്‍; ഗൂഢം ചിരിയ്ക്കും മൃതിയുടെ സവിധത്തിങ്കലെത്തിക്കുമെന്നെ

കവി : വി. കെ. ജി.

ശ്ലോകം 1290 : കിട്ടീലയോ ദക്ഷിണ...

ചൊല്ലിയതു്‌ : ഉമാ രാജാ
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

കിട്ടീലയോ ദക്ഷിണ വേണ്ടുവോളം
വിശിഷ്ടനാം ശിഷ്യനില്‍ നിന്നിദാനീം;
ദിവ്യായുധം വല്ലതുമുണ്ടു ബാക്കി--
യെന്നാലതും നല്‍കിയനുഗ്രഹിയ്ക്കാം!

കവി : വള്ളാത്തോള്‍ , കൃതി : ശിഷ്യനും മകനും

ശ്ലോകം 1291 : ദൈവത്തിന്റെ കരത്തിലാണു...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ദൈവത്തിന്റെ കരത്തിലാണു ഭുവനം; സര്‍വ്വം നിയന്ത്രിക്കുമാ--
ദേവന്‍ മന്ത്രവശംഗതന്‍; മഹിതമാ മന്ത്രം ദ്വിജാധീനവും;
ഹാ! വന്‍പെന്തിതിലേറെ വേണമുലകില്‍ ബ്രാഹ്മണ്യമാപൂര്‍ണ്ണമെ--
ന്നേവം കണ്ണുമടച്ചിരുന്നു സസുഖം നമ്പൂരിതന്‍ പൂര്‍വ്വികര്‍!

കവി : പ്രേംജി

ശ്ലോകം 1292 : ഹരീശ്വരന്‍ തന്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ഉപേന്ദ്രവജ്ര

ഹരീശ്വരന്‍ തന്‍ പദപംക്തി നന്നായ്‌
നിരീക്ഷണം ചെയ്തു ചരിച്ചിടുമ്പോള്‍
ശരിക്കു കാണായുടനന്തരംഗം
ഹരിച്ചിടും മാമല ഹേമശൃംഗം

കവി : കെ. സി. കേശവപിള്ള, കൃതി : കേശവീയം

ശ്ലോകം 1293 : ശ്ലോകം ചൊല്ലി രസിച്ചിടാം...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശ്ലോകം ചൊല്ലി രസിച്ചിടാം, ചടുലമാം കാവ്യങ്ങള്‍ ദര്‍ശിച്ചിടാം,
ഭാഷാപോഷണമാര്‍ന്നിടാ, മഴകെഴും ശ്ലോകങ്ങള്‍ നിര്‍മ്മിച്ചിടാം,
ചര്‍ച്ചാപൂരിതമാക്കിടാ, മെവരുമായ്‌ സല്ലാപമൊട്ടായിടാ; --
മീവേദിക്കു നമിച്ചിടാ, മിതു നയിക്കുന്നോര്‍ക്കു കുമ്പിട്ടിടാം!

കവി : ഹരിദാസ്‌

ശ്ലോകം 1294 : ചില്‍പ്പൂമാദ്ധ്വീകധാരേ...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : സ്രഗ്ദ്ധര

ചില്‍പ്പൂമാദ്ധ്വീകധാരേ, ചിണിചിണിനിനദം ചിന്തുമാറഗ്രഹംസര്‍--
ക്കുള്‍പ്പൂമോദം വളര്‍ത്തും ഭവതി, ഭവ മുഖാബ്ജത്തിലെബ്ഭൃംഗിയായും
പൊല്‍പ്പൂമാതിന്‍ മണാളന്‍, മലര്‍മക, നിവരാല്‍ പൂജ്യപാദാബ്ജയായും
നില്‍പ്പൂ മീനാക്ഷി, നിന്‍ മാനസമഹിമ, വെറും ചണ്ടി ഞാനെന്തറിഞ്ഞു?

ശ്ലോകം 1295 : പ്രബുദ്ധഹൃദയംഗമ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : പൃഥ്വി

പ്രബുദ്ധഹൃദയംഗമസ്തുതികളായ സാരസ്വത--
പ്രസന്ന നവനീതവും മലരുമില്ല മല്‍ക്കൈകളില്‍
മുരാന്തക! പൊറുക്കുകീക്കരടുചേര്‍ന്നു കട്ടച്ചതാ--
മവില്‍പ്പൊതി ഭവത്പദത്തളിരില്‍വെച്ചു കൂപ്പുന്നു ഞാന്‍

കവി : വി. കെ. ജി., കൃതി : അവില്‍പ്പൊതി

ശ്ലോകം 1296 : മയൂഖനഖരത്രുട...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : പൃഥ്വി

മയൂഖനഖരത്രുടത്തിമിരകുംഭികുംഭസ്ഥല--
സ്ഖലത്തരളതാരകാവലയകീര്‍ണ്ണമുക്താഫലാഃ
പുരന്ദരഹരിദ്ദരീകുഹരഗര്‍ഭസുപ്തോദ്ധിത--
സ്തുഷാരകരകേസരീ ഗഗനകാനനം ഗാഹതേ

കവി : കാളിദാസന്‍ (പൂര്‍വ്വാര്‍ദ്ധം), ഭവഭൂതി (ഉത്തരാര്‍ദ്ധം)

ശ്ലോകം 1297 : പാദാരവിന്ദത്തില്‍...

ചൊല്ലിയതു്‌ : ദിലീപ്‌ നമ്പൂതിരിപ്പാടു്‌
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

പാദാരവിന്ദത്തില്‍ നമസ്കരിച്ചും
മുഖാരവിന്ദത്തിലലിഞ്ഞുചേര്‍ന്നും
മനസ്സില്‍ നിന്‍ രൂപമതില്‍ നമിച്ചും
കൃഷ്ണാ! ജപിക്കും തവ നാമധേയം.

കവി : ദിലീപ്‌ നമ്പൂതിരിപ്പാടു്‌

ശ്ലോകം 1298 : മഞ്ഞപ്പട്ടരവിട്ടഴിഞ്ഞതു...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മഞ്ഞപ്പട്ടരവിട്ടഴിഞ്ഞതു മലര്‍ക്കയ്യില്‍പ്പിടിച്ചും ക്വണ--
ന്മജീരധ്വനിയാനയിക്കുമിടയപ്പെണ്ണുങ്ങളായ്ക്കൊഞ്ചിയും
കഞ്ജാക്ഷന്‍ നവനീതയാചന നടത്താനായ്‌ തുടങ്ങുമ്പൊഴ--
ക്കുഞ്ഞിക്കാല്‍നഖരത്നഭാസ്സു തലയില്‍ച്ചൂടാന്‍ കൊതിയ്ക്കുന്നു ഞാന്‍!

കവി : വി.കെ.ജി

ശ്ലോകം 1299 : കാറ്റില്‍ തീപ്പൊരി പോലെ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കാറ്റില്‍ തീപ്പൊരി പോലെ നിന്‍ കൃപ പടര്‍ന്നീടേണ, മെന്‍ ഹൃത്തതില്‍
മാറ്റേറിക്കറതീര്‍ന്നു ഭക്തി നിറയും പൊന്‍പാത്രമായീടണം
നൂറ്റൊന്നപ്പമനേകകോടി ഹൃദയാനന്ദാശ്രുവൊത്തിന്നിതാ
പോറ്റീ, ഈശ്വരമംഗലാധിപ, സമര്‍പ്പിക്കുന്നു തൃക്കാല്‍ക്കല്‍ ഞാന്‍!

കവി : ഉമേഷ്‌ നായര്‍

ശ്ലോകം 1300 : നീലാളിവര്‍ണന്‍ ഭഗവാന്‍...

ചൊല്ലിയതു്‌ : ഉമാ രാജാ
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

നീലാളിവര്‍ണന്‍ ഭഗവാന്‍ മുകുന്ദന്‍
താലാങ്കനച്ഛസ്പടികപ്രകാശന്‍
കാളിന്ദിയും ഗംഗയുമേകഭാഗേ
മേളിച്ച കാന്തി പ്രസരം കലര്‍ന്നു

കവി : കുഞ്ചന്‍ നമ്പ്യാര്‍ , കൃതി : ശ്രീകൃഷ്ണചരിതം മണിപ്രവാളം

ശ്ലോകം 1301 : കണ്ടേന്‍ മേചകമേഘകാന്തി...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കണ്ടേന്‍ മേചകമേഘകാന്തികലരും മെയ്യും നറുംതേനണി--
ച്ചെണ്ടേന്തും ചൊടിയും തുടുത്ത കവിളും വില്ലൊത്ത വാര്‍ചില്ലിയും
ചുണ്ടേകും മണിചുംബനക്കൊതിയെഴും പൊന്‍വേണുവും കൌസ്തുഭം
കൊണ്ടേറെപ്പരിശോഭചേര്‍ന്നു വിലസും നെഞ്ചും മുടിപ്പീലിയും.

കവി : യൂസഫലി കേച്ചേരി, കൃതി : അഹൈന്ദവം

ശ്ലോകം 1302 : ചാരത്തച്ചരമാധിദേവത...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : സ്രഗ്ദ്ധര

ചാരത്തച്ചരമാധിദേവത ചിരിച്ചുംകൊണ്ടു നില്‍ക്കുന്നതി--
ങ്ങോരാതേ ബഹുകാലപദ്ധതി രചിയ്ക്കായ്കെന്‍ മനോരാജ്യമേ!
പോരും നിഷ്ഫലയത്ന, മല്‍പ്പസമയം കിട്ടുന്നതര്‍പ്പിയ്ക്ക പാല്‍--
പ്പാരാവാരതരംഗലാളിതഘനശ്യാമാഭിരാമങ്കല്‍ നീ!

കവി : വി.കെ.ജി.

ശ്ലോകം 1303 : പ്രവാതനീലോല്‍പല...

ചൊല്ലിയതു്‌ : ദിലീപ്‌ നമ്പൂതിരിപ്പാടു്‌
വൃത്തം : ഉപേന്ദ്രവജ്ര

പ്രവാതനീലോല്‍പലനിര്‍വിശേഷ--
മധീരവിപ്രേക്ഷിതമായതാക്ഷ്യാ
തയാ ഗൃഹീതം നു മൃഗാങ്ഗനാഭ്യ--
സ്തതോ ഗൃഹീതം നു മൃഗാങ്ഗനാഭിഃ

കവി : കാളിദാസന്‍ , കൃതി : കുമാരസംഭവം

ശ്ലോകം 1304 : തേനഞ്ചീടിന 'ഗാഥ'യാലൊരു...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

തേനഞ്ചീടിന 'ഗാഥ'യാലൊരു മഹാന്‍ താരാട്ടി മുമ്പമ്പിയ--
ന്നാനന്ദാശ്രുവില്‍ മുക്കി മറ്റൊരു മഹാധന്യന്‍ 'കിളിക്കൊഞ്ചലാല്‍'
ദീനത്വം കലരാതെയന്യസരസന്‍ 'തുള്ളിച്ചു' തന്‍ പാട്ടിനാല്‍
നൂനം കൈരളിയമ്മയും ശിശുവുമായ്‌ നിന്നാളവര്‍ക്കന്നഹോ!

കവി : കുമാരനാശാന്‍, കൃതി : പ്രരോദനം

ശ്ലോകം 1305 : ദ്രാക്ഷാധൃതോദയ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : വസന്തതിലകം

ദ്രാക്ഷാധൃതോദയനവാസവദത്തമൈത്രീ--
ദീക്ഷാരസം കവിവചസ്സിലണച്ചു നിത്യം
പദ്മാസനപ്രിയ തുണയ്ക്കു വസന്തകമ്ര--
പദ്മാവതീര്‍ണ്ണമധുതര്‍പ്പണമാചരിപ്പാന്‍

കവി : എ. ആര്‍. രാജരാജവര്‍മ്മ, കൃതി : സ്വപ്നവാസവദത്തം തര്‍ജ്ജമ

ശ്ലോകം 1306 : പീലിക്കാര്‍മുടി ചാഞ്ഞതും...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പീലിക്കാര്‍മുടി ചാഞ്ഞതും തിരുമുഖം മെല്ലേ വിയര്‍ക്കുന്നതും
ചാലക്കണ്മിഴികൊണ്ടു കാമിനികളെക്കാമിച്ച നൈപുണ്യവും
നീലക്കാര്‍മുകില്‍ വര്‍ണവും തിരുവുടല്‍ക്കുള്ളോരു സൌരഭ്യവും
ബാലക്കാമിനിമാര്‍ മയങ്ങിയതുമെന്‍ കണ്‍കൊണ്ടു കണ്ടാവു ഞാന്‍

കവി : പൂന്താനം , കൃതി : ശ്രീകൃഷ്ണകര്‍ണാമൃതം

ശ്ലോകം 1307 : നര്‍മ്മോക്തിപ്പുതുചെപ്പു...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നര്‍മ്മോക്തിപ്പുതുചെപ്പു മാധവ! സുഹൃത്‌പാളിയ്ക്കു, പാര്‍ത്ഥന്നു നല്‍--
ക്കര്‍മ്മോദ്‌ബുദ്ധത നല്‍കുവോരുപനിഷത്തേനൂറിടും താമര
അമ്മയ്ക്കത്ഭുതവിശ്വരൂപ, മമൃതം രാധയ്ക്കു, ഹുംകാരമ--
ങ്ങമ്മാമ,ന്നതിമോഹനം പരിലസിച്ചീടുന്നു നിന്‍വായ്‌മലര്‍

കവി : വി.കെ.ജി

ശ്ലോകം 1308 : ആ മന്ദാരമരങ്ങളാണു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ആ മന്ദാരമരങ്ങളാണു തനയന്മാരായ നാലഞ്ചു പേര്‍,
പൂമാതാ മക, ളെന്നുമല്ല ഭുവനത്രാതാവു നാരായണന്‍
ജാമാതാവുമെടോ നിനക്കു കടലേ, നീ തന്നെ രത്നാകരം,
ശ്രീമത്വം കുറവി -- ല്ലലച്ചിലിനിയും തീര്‍ന്നില്ലതാണദ്ഭുതം!

കവി : ഗ്രാമത്തില്‍ രാമവര്‍മ്മ കോയിത്തമ്പുരാന്‍, കൃതി : അന്യാപദേശമാല

ശ്ലോകം 1309 : ജ്യോതിശ്ചക്രം കണക്കെന്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

ജ്യോതിശ്ചക്രം കണക്കെന്‍ മനമിളകിമറിഞ്ഞായുരന്തം വരുംമുന്‍--
ബോധക്കേടൊക്കെ നീക്കിത്തരികയമൃതരുള്‍ത്തേന്‍ തുളുമ്പും പദം തേ
പാതിപ്പെണ്‍മെയ്മകന്‍ നിന്‍തിരുവടിയുടെമേലേറിയാടുന്ന നേരം
മോദിച്ചേതും മടിക്കാതവനെയിവിടെ നീ കൊണ്ടുവാ തങ്കമെയിലേ!

കവി : ശ്രീ നാരായണഗുരു, കൃതി : സുബ്രഹ്മണ്യകീര്‍ത്തനം

ശ്ലോകം 1310 : പുല്ലാദിയായുള്ള...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ഇന്ദ്രവജ്ര

പുല്ലാദിയായുള്ള ശരീരമോരോ--
ന്നെല്ലാറ്റിലുംപുക്കു പുറത്തുപോന്നേന്‍
നല്ലോരു ജന്മം നരജന്മമിപ്പോള്‍
വല്ലാതെയാക്കിടൊല തമ്പുരാനേ

കവി : പൂന്താനം , കൃതി : ശ്രീകൃഷ്ണകര്‍ണാമൃതം

ശ്ലോകം 1311 : നെഞ്ഞത്തിന്നലെ രാത്രി...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

'നെഞ്ഞത്തിന്നലെ രാത്രി പൂച്ച കടികൂടിച്ചാടി വീണോ, നിറം--
മാഞ്ഞെന്തീ വടു ചുണ്ടി'ലെന്നു സഖിമാരോതിച്ചിരിക്കും വിധൌ
കുഞ്ഞമ്മിഞ്ഞ കുറച്ചൊളിച്ചൊരു വിധം ചെഞ്ചുണ്ടു പൊത്തി, ഹൃയാ
ഞഞ്ഞമ്മിഞ്ഞ പറഞ്ഞിടുന്നൊരചലക്കുഞ്ഞേ, കനിഞ്ഞീടു നീ!

കവി : ശീവൊള്ളി

ശ്ലോകം 1312 : കണ്ണാടിയില്‍ കണ്ടു...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ഇന്ദ്രവജ്ര

കണ്ണാടിയില്‍ കണ്ടു കളായ രമ്യം
കണ്ണില്‍ തെളിഞ്ഞോരു മുഖാരവിന്ദം
ചങ്ങാതിയെന്നിട്ടു ചിരിച്ചു കണ്ണന്‍
കണ്ണാടി പൂണുന്നിതു കണ്ടിടാവൂ

കവി : പൂന്താനം , കൃതി : ശ്രീകൃഷ്ണകര്‍ണാമൃതം

ശ്ലോകം 1313 : ചുറ്റും മുണ്ടില്ല, ചീറ്റും...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

ചുറ്റും മുണ്ടില്ല, ചീറ്റും ചില ഫണികളണിക്കോപ്പു, ഭൂതങ്ങളാണേ
ചുറ്റും, ചെന്തീയു ചിന്തും മിഴി, ചിത നടുവില്‍ കേളി, ഗംഗയ്ക്കു ചിറ്റം,
ചുറ്റും നീയെന്നു താന്‍ ചൊന്നൊരു വടുവടിവായ്ച്ചൊന്ന വാക്കോടു ചിത്തം
ചെറ്റും ചേരാത്ത ഗൌരീനില കരളലിയെക്കണ്ട കണ്ണേ ജയിക്ക!

കവി : പെട്ടരഴിയം വലിയ രാമനിളയത്‌

ശ്ലോകം 1314 : ചോദിച്ചാല്‍ തരുമെന്തും...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ചോദിച്ചാല്‍ തരുമെന്തുമീശ്വര,നുറച്ചാദ്യം ധരിച്ചെങ്കിലും
ചോദിയ്ക്കാനരുതാത്തതുണ്ടു ചിലതും ബോധിച്ചു പിന്നെ ക്രമാല്‍
ചോദിപ്പിപ്പതു കൃഷ്ണനെന്നതൊടുവില്‍ കണ്ടെത്തവേ, കാരണം
രാധയ്ക്കന്നറിവായ്‌ കറുപ്പു വരുവാനാധിയ്ക്കു,മാശയ്ക്കുമേ!

കവി : പി.സി.മധുരാജ്‌

ശ്ലോകം 1315 : ചുറ്റും മുണ്ടിലുമംഗവസ്ത്രമതിലും...

ചൊല്ലിയതു്‌ : ദിലീപ്‌ നമ്പൂതിരിപ്പാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ചുറ്റും മുണ്ടിലുമംഗവസ്ത്രമതിലും നാമങ്ങള്‍ നെറ്റിത്തടം
മുറ്റും ഭൂതി വളര്‍ന്ന താടി ജടയും മാലാകലാപങ്ങളും
ചുറ്റും കൂടിന സുന്ദരീമണികള്‍ തന്‍ വക്ത്രാരവിന്ദങ്ങളില്‍
ചുറ്റും കണ്ണിണയും തെറിച്ച കപടസ്സന്ന്യാസിയാരാണെടോ?

ശ്ലോകം 1316 : ചന്ദ്രോദ്ഭാസിതശേഖരേ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ചന്ദ്രോദ്ഭാസിതശേഖരേ സ്മരഹരേ ഗംഗാധരേ ശങ്കരേ
സര്‍പ്പൈര്‍ഭൂഷിതകണ്ഠകര്‍ണ്ണവിവരേ നേത്രോത്ഥവൈശ്വാനരേ
ദന്തിത്വക്കൃതസുന്ദരാംബരധരേ ത്രെയിലോക്യസാരേ ഹരേ
മോക്ഷാര്‍ത്ഥം കുരു ചിത്തവൃത്തിമഖിലാ, മന്യൈസ്തു കിം കര്‍മ്മദിഃ?

കവി : ശങ്കരാചാര്യര്‍

ശ്ലോകം 1317 : ദേവന്മാരുള്ള നാടും...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

ദേവന്മാരുള്ള നാടും നരകവുമിവിടെത്തന്നെയെന്നാണു വന്നാ--
ലാവട്ടെ, നാം നയിച്ചൂ പ്രണയമസൃണമീ ജീവിതം സ്വര്‍ഗതുല്യം
ജീവന്‍ മേലില്‍ സുശീലേ, ജനനമണയുമെന്നാകിലിന്നാമൊരേമ--
ട്ടേവം താന്‍ ചേരുമപ്പോളമിതപരചിദാനന്ദകന്ദം ഭുജിക്കാം

കവി : വി. സി. ബാലകൃഷ്ണപ്പണിക്കര്‍, കൃതി : ഒരു വിലാപം

ശ്ലോകം 1318 : ജഗത്തൊക്കേ നന്നായ്‌...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ഭുജംഗപ്രയാതം

ജഗത്തൊക്കേ നന്നായ്‌ പരന്നിട്ടു പണ്ടേ--
യിരിപ്പുണ്ടു നേരെന്നു പേരായ വസ്തു
ക്രമത്താലതിപ്പോള്‍ച്ചുരുങ്ങിച്ചുരുങ്ങി--
പ്പണത്തോളമേയുള്ളുവെന്നായിവന്നു

കവി : പട്ടത്തു കുഞ്ഞുണ്ണിനമ്പ്യാര്‍

ശ്ലോകം 1319 : കാലം വന്നാല്‍ മരിയ്ക്കും...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : സ്രഗ്ദ്ധര

കാലം വന്നാല്‍ മരിയ്ക്കും; ദുരിതമനുഭവിയ്ക്കാം, ഭവിയ്ക്കാതിരിയ്ക്കാം
നീളാം, നീളാതിരിയ്ക്കാം, മരണനിലയിരുന്നോ കിടന്നോ നടന്നോ
ആലോചിയ്ക്കേണ്ട, യാവര്‍ത്തനജനിമരണക്ലേശവിഭ്രാന്തിനീങ്ങാന്‍
ചേലില്‍ച്ചിന്തിച്ചുറപ്പിയ്ക്കുക രഹസി രമാകാന്തകാന്തസ്വരൂപം!

കവി : വി.കെ.ജി

ശ്ലോകം 1320 : അന്തര്‍ഭാഗത്തു ചേര്‍ത്ത...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

അന്തര്‍ഭാഗത്തു ചേര്‍ത്തമ്മുരമഥനനെ, യമ്മട്ടു നാട്ടാര്‍ രസം വ--
ന്നന്തം കൂടാതഞ്ഞും, ജനഹിതമതിനായ്‌ വേലയില്‍ത്താനിരുന്നും,
ചന്തം പൂണ്ടുല്ലസിക്കും മഹിതഗുണ, ഭവാന്‍ സിന്ധുവിന്നൊപ്പമത്രേ,
കിം തു ശ്രീമന്‍! ഭവാനില്‍ ക്ഷിതിവര! നിലയില്ലായ്കയെന്നുള്ളതില്ല.

കവി : ചങ്ങനാശ്ശേരി രവിവര്‍മ്മ കോയിത്തമ്പുരാന്‍

ശ്ലോകം 1321 : ചന്തമാര്‍ന്ന പനിനീരില്‍...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : കുസുമമഞ്ജരി

ചന്തമാര്‍ന്ന പനിനീരിലന്‍പൊടു പറന്നിരുന്നു മധുവുണ്ണവേ
ചിന്തയില്ല ലവലേശ,മെങ്കിലുമറിഞ്ഞിടുന്നിതപരാധമേ
തന്നതീശ്വരനതിന്നു ശിക്ഷയതുതന്നെ, യെന്‍ചിറകെരിച്ചിതാ
ഹന്ത! നീറി വലയുന്നു ഞാന്‍, മനുജനൂറ്റിടുന്നു മധുകുംഭവും!

കവി : ജ്യോതിര്‍മയി

ശ്ലോകം 1322 : താമരയ്ക്കു ശശിയോടും...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : കുസുമമഞ്ജരി

താമരയ്ക്കു ശശിയോടുമില്ലിഹ ശശിക്കു താമരയൊടും തഥാ
പ്രേമ, മെന്നതു നിമിത്തമേതുമൊരു ചേതമില്ലതിനു രണ്ടിനും
സാമരസ്യനിലയാണു വേണ്ടതഭിരാമരാമവരു തങ്ങളില്‍
കാമമിന്നതുളവായിടായ്കിലയശസ്സതീവ നിയതിക്കു താന്‍!

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍, കൃതി : അന്യാപദേശശതകം തര്‍ജ്ജമ

ശ്ലോകം 1323 : സന്മാര്‍ഗ്ഗനിഷ്ഠയകലയ്ക്കു...

ചൊല്ലിയതു്‌ : ഉമാ രാജാ
വൃത്തം : വസന്തതിലകം

സന്മാര്‍ഗ്ഗനിഷ്ഠയകലേയ്ക്കു വലിച്ചെറിഞ്ഞും
ദുര്‍മ്മാര്‍ഗ്ഗവൃത്തി മടിയെന്നിയെയാചരിച്ചും
ആത്മാവിനെത്തിമിരസിന്ധുവിലാഴ്ത്തിനേന്‍ ഞാന്‍
നീ മാത്രമാണിനിയെനിക്കൊരു ബന്ധു കൃഷ്ണാ!

കവി : ഓട്ടൂര്‍ ഉണ്ണീ നമ്പൂതിരിപ്പാട്‌

ശ്ലോകം 1324 : അതാ വിളങ്ങുന്നു...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : വംശസ്ഥം

അതാ വിളങ്ങുന്നു ഭവദ്ഗണങ്ങളാല്‍
സ്വതേ ചുഴന്നിപ്പനിനീര്‍മലര്‍ച്ചെടി,
അതിന്നൊടൊക്കില്ലൊരു ചക്രവര്‍ത്തി ത--
ന്നതിപ്രകാശം കലരും കിരീടവും

കവി : കുമാരനാശാന്‍, കൃതി : മിന്നാമിനുങ്ങു്‌

ശ്ലോകം 1325 : ആള്‍ തിങ്ങിടും...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : വസന്തതിലകം

ആള്‍ തിങ്ങിടും തെരുവുകള്‍ക്കടിയില്‍ത്തുരന്ന
മാര്‍ഗ്ഗങ്ങളൂടെയവിടെപ്പുകവണ്ടിജാലം
വീട്ടിന്റെയോവുകളില്‍ മൂഷികരെന്നപോലെ
വാട്ടം വെടിഞ്ഞനിശമങ്ങിനെ മണ്ടിടുന്നു

കവി : കെ. സി. കേശവപിള്ള , കൃതി : ആംഗലസാമ്രാജ്യം തര്‍ജ്ജമ

ശ്ലോകം 1326 : വന്ധ്യം ശമിക്കരിശം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തതിലകം

വന്ധ്യം ശമിക്കരിശമെന്നറിവാര്‍ന്നൊടുക്കം
വിന്ധ്യപ്രഭേദി മുനി സഹ്യമിതില്‍ത്തപിപ്പാന്‍
സന്ധ്യര്‍ത്ഥി കുന്നുകളൊടെന്ന വിധം കടന്നു
സന്ധ്യയ്ക്കു ചണ്ഡകിരണന്‍ ചരമാദൃയില്‍പ്പോല്‍.

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 1327 : സുരകുമാരികള്‍...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : ദ്രുതവിളംബിതം

സുരകുമാരികള്‍ പൂക്കളശേഷവും
സുരഭിലങ്ങള്‍ പറിച്ചു വഹിച്ചുടന്‍
സരഭസം തിരികെഗ്ഗതി ചെയ്യുവാന്‍
സരസസാരസസാര്‍ത്തകളോര്‍ത്തുതേ.

കവി : പന്തളം കേരള വര്‍മ, കൃതി : രുഗ്മാംഗദചരിതം മഹാകാവ്യം

ശ്ലോകം 1328 : സകലലോകവിധായകന്‍...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ദ്രുതവിളംബിതം

സകലലോകവിധായകനായ പൂ--
മകനു വല്ലഭയാം പരദേവതേ
വികലനാമടിയന്നു തരേണമേ
വികടമൌഢ്യമൊഴിച്ചൊരനുഗ്രഹം

കവി : കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍

ശ്ലോകം 1329 : വിധി വിധിക്കവെ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ദ്രുതവിളംബിതം

വിധി വിധിക്കവെ രേവതഭൂമിപന്‍
തനയ രേവതിയെബ്ബലനേകിനാന്‍
പ്രമദമാര്‍ന്ന യദുക്കള്‍ നടത്തിനാര്‍
സുമഹിതം മഹി തന്നില്‍ മഹോത്സവം.

കവി : സി. വി. വാസുദേവഭട്ടതിരി / മേല്‍പ്പത്തൂര്‍, കൃതി : നാരായണീയം തര്‍ജ്ജമ (78:2)

ശ്ലോകം 1330 : പയ്യെപ്പയ്ക്കുട്ടി തന്നെ...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : സ്രഗ്ദ്ധര

പയ്യെപ്പൈക്കുട്ടി തന്നെപ്പരിചിനൊടു പിടിച്ചുന്തിനീക്കീട്ടു, തള്ള--
പ്പയ്യിന്‍ കാല്‍ക്കൂടണഞ്ഞി, ട്ടകിടവിടവിടെത്താന്‍ പതുക്കെത്തലോടി,
തയ്യാറായ്‌ മുട്ടുകുത്തി, ത്തദനു മുഖമുയര്‍ത്തി, ച്ചുരത്തും നറുംപാ--
ലയ്യാ! മുട്ടിക്കുടിക്കും പശുപശിശുപദം കേവലം മേbam!{

കവി : വെണ്മണി മഹന്‍

ശ്ലോകം 1331 : തണ്ടാര്‍മാതാം രമയ്ക്കോ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

തണ്ടാര്‍മാതാം രമയ്ക്കോ, തരളമിഴി മലത്തയ്യലാളാമുമയ്ക്കോ,
കൊണ്ടാടും മേനകയ്ക്കോ, സരസിജമുഖിയാമുര്‍വ്വശിക്കോ, ശചിക്കോ,
വണ്ടാര്‍പൂവേണിമാര്‍ വന്നടിമലര്‍ പണിയും ഭാരതിക്കോ, രതിക്കോ,
കണ്ടാല്‍ സൌന്ദര്യമേറുന്നതു മമ പനയഞ്ചേരി നാരായണിക്കോ?

കവി : ചേലപ്പറമ്പു നമ്പൂതിരി

ശ്ലോകം 1332 : വാനത്തെന്തിനു ഹാ...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വാനത്തെന്തിനു ഹാ കപോതഖഗമേ, കേഴും നിനക്കിന്നു നീ
താനത്രേ തുണ, യിപ്പരുന്തിനുടെ വായ്‌ പൂകാതെ രക്ഷപ്പെടാന്‍;
നൂനം ഭാരതഭൂവിതില്‍ ശിബിയൊരാളുണ്ടിപ്പൊഴും, പക്ഷെയ--
ദ്ദീനസ്നേഹി തപസ്സു ചെയ്തരുള്‍കയാണേതോ നിഗൂഢാശ്രമേ.

ശ്ലോകം 1333 : നൂനം മനോഹര...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : വസന്തതിലകം

നൂനം മനോഹരവനങ്ങളിലിച്ഛ പോലെ--
യാനന്ദമാര്‍ന്നു മരുവും ചരജീവിവൃന്ദം;
ജ്ഞാനം വഹിക്കുകിലവറ്റയിലേകമാവാന്‍
ഞാനെപ്പൊഴും മതിയില്‍ മോഹമിയന്നിടുന്നൂ.

കവി : കുമാരനാശാന്‍

ശ്ലോകം 1334 : ജ്ഞാനത്തിന്‍ കനിയുണ്ടു...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ജ്ഞാനത്തിന്‍ കനിയുണ്ടു നിര്‍ജ്ജനവനാന്തത്തില്‍ തപോനിഷ്ഠയില്‍
ധ്യാനത്തില്‍ കഴിയുന്ന മാമുനികളും തേടുന്ന മായാവി നീ
ഞാനോര്‍ക്കുമ്പൊഴതൊക്കെയും പിടിതരാന്‍ ഞാനാരു കണ്ണാ, ഭവാന്‍
മാനിയ്ക്കും നവനീതമ, ല്ലൊരിടയപ്പെണ്ണ, ല്ല പാലല്ല ഞാന്‍!

കവി : വി.കെ.ജി

ശ്ലോകം 1335 : ഞാനാ ബ്രഹ്മവിചാരധാരയില്‍...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഞാനാ ബ്രഹ്മവിചാരധാരയിലിരുന്നന്തഃസ്ഥസന്താപജ--
ക്ഷീണം നീങ്ങി, വലിഞ്ഞു കേറിയ ഞരമ്പെല്ലാമയഞ്ഞങ്ങനെ
നാനാദുഃഖസുഖാനുഭൂതി മതിതന്‍ സ്വാസ്ഥ്യം തകര്‍ക്കാതെ, നി--
ത്യാനന്ദത്തൊടൊലിച്ചൊലിച്ചു ഭഗവത്‌പാദത്തിലെത്തേണമേ!

കവി : ടി. എം. വി.

ശ്ലോകം 1336 : നാരായണായെന്നു ജപിക്ക...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ഇന്ദ്രവജ്ര

നാരായണായെന്നു ജപിക്ക കാവെ--
ന്നാരോമലായിപ്പറയും യശോദാ
നാണംകുണുങ്ങീട്ടു ചിരിക്കുമപ്പോള്‍
നാരായണന്‍ താനിതി വാസുദേവന്‍

കവി : പൂന്താനം, കൃതി : ശ്രീകൃഷ്ണകര്‍ണ്ണാമൃതം

ശ്ലോകം 1337 : നാലേ നാഴികയുള്ളു രാത്രി...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

"നാലേ നാഴികയുള്ളു രാത്രി പുലരാന്‍, പൂങ്കോഴി തന്‍ കൂവല്‍ കേ--
ട്ടീലേ കര്‍ണ്ണകഠോര?" -- മെന്നിടര്‍പെടും കാന്തന്റെയാ ഭാഷണം
പാലോലും മൊഴിയാളില്‍ വാട്ടമൊടുറങ്ങുന്നാ സ്മരസ്വാമിയെ--
ക്കാലേ പള്ളിയുണര്‍ത്തുവാനുതകിടും വൈതാളികോദ്ഗീതമായ്‌!

കവി : വള്ളത്തോള്‍, കൃതി : വിലാസലതിക

ശ്ലോകം 1338 : പാവം ഞാ, നഴകില്ലെനിയ്ക്ക്‌...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പാവം ഞാ, നഴകില്ലെനിയ്ക്കൊരറിവില്ലെന്നിട്ടുമാശിപ്പു ഞാ--
നാ വിത്തേശനെ, യംഗജോപമനെ, യാ ജ്ഞാനപ്രദീപത്തിനെ
കൈവല്യത്തിനു സാധുമര്‍ത്ത്യനഖിലബ്രഹ്മാണ്ഡനാഥന്റെ കാല്‍--
പ്പൂവോര്‍ക്കുന്നതസാധ്യമായ `ദുര'യെന്നോതുന്നതുണ്ടോ ജനം?

കവി : വി.കെ.ജി

ശ്ലോകം 1339 : കല്ലാലല്ല, സിമന്റിനാല്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കല്ലാലല്ല, സിമന്റിനാലുമുയരെപ്പൊങ്ങും ധനപ്രാഭവ--
ത്തള്ളാലല്ല പടുക്കുവാനഭിലഷിച്ചീടുന്നതെന്‍ മന്ദിരം;
ഉല്ലാസാത്മകമായിടുന്ന കവിതാസങ്കല്‍പമേ, നിന്‍ മണി--
ച്ചില്ലാല്‍ തീര്‍ത്തൊരു കൊച്ചുമന്ദിരമെനിക്കാര്‍ന്നാല്‍ കൃതാര്‍ത്ഥന്‍ തുലോം!

കവി : ഡി. ശ്രീമാന്‍ നമ്പൂതിരി

ശ്ലോകം 1340 : ഉണ്ണുമ്പോഴുമുറങ്ങിടുമ്പൊഴും...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഉണ്ണുമ്പോഴുമുറങ്ങിടുമ്പൊഴു, മുണര്‍ന്നേല്‍ക്കുമ്പൊഴും സംസൃതി--
ക്കണ്ണീരാഴിയലപ്പരപ്പിലവശം നീന്തിക്കുഴങ്ങുമ്പൊഴും
തിണ്ണം മൃത്യുമുഖത്തിലും മമ മനോമഞ്ചപ്രപഞ്ചം സ്വയം
വെണ്ണക്കൃഷ്ണവിമോഹനാകൃതി വിളങ്ങും പൂവരങ്ങാകണം!

കവി: വി. കെ. ജി.

ശ്ലോകം 1341 : തെണ്ടീട്ടാണശനം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

തെണ്ടീട്ടാണശനം, തുണിയ്ക്കു പകരം തോലാണുടുത്തീടുവാന്‍,
പണ്ടം പന്നഗമാണു, കണ്ട ചുടലക്കാടാണിരുന്നീടുവാന്‍,
തണ്ടാര്‍സായകവൈരിയാണു ഭഗവന്‍! സര്‍വ്വജ്ഞനാണെങ്കിലും
രണ്ടാളുണ്ടു കളത്രമെന്റെ ശിവനേ! ചിത്രം ചരിത്രം തവ!

ശ്ലോകം 1342 : തൂവെണ്ണപ്രിയനാണു...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

"തൂവെണ്ണപ്രിയനാണു, പാല്‍ക്കൊതിയനാ, ണുത്തുംഗഗോവര്‍ദ്ധന--
ക്കുന്നേറ്റുന്നവനാണു പാവമിവ"നെന്നുള്ളോരപഖ്യാതിയെ
രാധേ! ഞാന്‍ കളയാന്‍ ശ്രമിച്ചു പഴുതേ -- നിന്മേനി തൂവെണ്ണതാന്‍,
ക്ഷീരം പുഞ്ചിരി, നിന്റെ പോര്‍മുലകളോ ഞാനേറ്റിടും കുന്നുകള്‍!

കവി : വി.കെ.ജി

ശ്ലോകം 1343 : രാവാകും രമണിക്കപായം...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

രാവാകും രമണിക്കപായമതു വന്നപ്പോള്‍ സഹിക്കാഞ്ഞുടന്‍
ചാവാനോ ചരമാബ്ധിയില്‍ പുലകുളിപ്പാനോ പുറപ്പെട്ടഹോ
ഈ വിഖ്യാതനതായിടും ഹിമകരന്‍ കഷ്ടം നിറംകെട്ടതി--
ബ്ഭാവിക്കുന്നുവതെന്നു സംശയമെനിക്കിന്നേരമിന്നേറെയും

കവി : വെണ്മണി മഹന്‍ നമ്പൂതിരിപ്പാട്‌

ശ്ലോകം 1344 : ഇന്നാട്ടില്‍ത്തവ തൃക്കൊടി...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഇന്നാട്ടില്‍ത്തവ തൃക്കൊടിത്തുകില്‍ പറപ്പിക്കേണമെങ്കില്‍ ഭവാന്‍
വന്നാലും, മടിയാതെ നല്‍കുവനതിന്നെന്‍ പ്രാണവാതത്തെയും;
എന്നാലീ മതമത്തനാം മുകിലനോ, കാല്‍ കൊണ്ടു മര്‍ദ്ദിക്കുവാ--
നെന്നാളും ലഭിയാ പവിത്രതരമാം തെന്നിന്ത്യ തന്‍ പാംസുവും!

കവി : വള്ളത്തോള്‍, കൃതി : കാട്ടെലിയുടെ കത്തു്‌

ശ്ലോകം 1345 : ഏകൈകമത്ര ദിവസേ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : വസന്തതിലകം

ഏകൈകമത്ര ദിവസേ ദിവസേ മദീയം
നാമാക്ഷരം ഗണയ, ഗച്ഛസി യാവദന്തം
താവത്‌ പ്രിയേ മദവരോധഗൃഹപ്രവേശം
നേതാജനസ്തവ സമീപമുപൈഷ്യതീതി

കവി : കാളിദാസന്‍, കൃതി : ശാകുന്തളം

ശ്ലോകം 1346 : തങ്കപ്പൂച്ചിനകത്തു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

തങ്കപ്പൂച്ചിനകത്തു നേര്‍ത്തു മിനുസപ്പെട്ടുള്ള പട്ടില്‍ പരം
പങ്കസ്പര്‍ശമെഴാതെ പോറ്റുമഴകേറീടുന്ന ഗാത്രങ്ങളും
തങ്കം വെണ്മകളൊക്കെയങ്ങു വെടിയും മണ്ണിന്നടിക്കീ വിധം
ശങ്കിക്കേണ്ടൊരു നാള്‍ ശയിക്കു, മഖിലം മണ്ണോടു മണ്ണായിടും.

കവി : മേരി ജോണ്‍ തോട്ടം

ശ്ലോകം 1347 : തമംഗരാഗം...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഉപേന്ദ്രവജ്ര

തമംഗരാഗം ദദതീം ച കുബ്ജാം
അനംഗബാണാഃ രുരുധുഃ കഥം താം?
കിമംഗ! വാസം ഭവതേ ദദാമി
വിരാഗവര്‍ഷം മയി നിക്ഷിപേസ്ത്വം?

കവി : ജ്യോതിര്‍മയി

ശ്ലോകം 1348 : കൂനിക്കു, ഗന്ധമിയലും...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തതിലകം

കൂനിക്കു, ഗന്ധമിയലും കുറി കൂട്ടവേ, നീ
സൂനാസ്ത്രസായകവിമര്‍ദ്ദിതമാക്കി ചിത്തം;
ഞാനിന്നു വാസമഖിലം തവ നല്‍കിയാലും
നീ നല്‍കിടുന്നതു വിരാഗതയോ മുരാരേ?

കവി : ഉമേഷ്‌ നായര്‍. കഴിഞ്ഞ ശ്ലോകത്തിന്റെ (തമംഗരാഗം) പരിഭാഷ.

ശ്ലോകം 1349 : ഞാനത്യത്ഭുതമാം...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഞാനത്യത്ഭുതമാം ഭവത്‌കഥകളെച്ചിത്രീകരിച്ചീടുവാന്‍
ധ്യാനിയ്ക്കുമ്പൊഴുതാഞ്ഞു കേറുമിടയില്‍ പ്രാപഞ്ചികാസക്തികള്‍
നൂനം പാവനപാപപങ്കിലകഥാലേഖ്യങ്ങളൊന്നിയ്ക്കെയ--
ന്യൂനം മാമകചിത്തഭിത്തി ഗുരുവായൂരമ്പലം പോലെയായ്‌!

കവി : വി.കെ.ജി

ശ്ലോകം 1350 : നന്നോ മെയ്യണിവാനുമേ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

'നന്നോ മെയ്യണിവാനുമേ ഫണി?', 'രമേ, മെത്തയ്ക്കു കൊള്ളാം!'; 'കണ--
ക്കെന്നോ കാളയിതേറുവാനനുദിനം?', 'മേച്ചീടുവാനുത്തമം!';
'എന്നാലെന്നുമിരന്നിടുന്നതഴകോ?', 'കക്കുന്നതില്‍ ഭേദമാ'--
ണെന്നാക്കുന്നലര്‍മങ്കമാരുടെ കളിച്ചൊല്ലിങ്ങു താങ്ങാകണം!

കവി : കാത്തുള്ളില്‍ അച്യുതമേനോന്‍

ശ്ലോകം 1351 : എന്നാല്‍ പോയിവരാം...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

എന്നാല്‍ പോയിവരാം തിരിച്ചുവരവെ,ന്നെങ്ങേതുരൂപത്തിലെ--
ന്നൊന്നും തന്നെയറിഞ്ഞുകൂട -- യഭിലാഷത്താലുമെന്തേ ഫലം?
എന്നാലും മനമാഗ്രഹിപ്പു നരനായ്ത്തീരുന്നുവെന്നാകില്‍ ഞാന്‍
വൃന്ദാരണ്യവിഹാരിതന്‍ പദയുഗം ധ്യാനിയ്ക്കുമാറാകണം

കവി : വി.കെ.ജി

ശ്ലോകം 1352 : എന്നേ വിസ്മയ, മേതുമില്ല...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

എന്നേ വിസ്മയ, മേതുമില്ല കവിതാസാമര്‍ത്ഥ്യമെന്നാല്‍ ഭവാ--
നിന്നേറെക്കഷണിച്ചിവണ്ണമുളവാക്കീട്ടെന്തു സാധ്യം സഖേ?
മുന്നേ ഗര്‍ഭിണിയായ നാള്‍ മുദിതയായ്‌ മാതാവു നേര്‍ന്നിട്ടിതു--
ണ്ടെന്നോ താന്‍ കവിയായ്‌ ജനങ്ങളെ വലച്ചീടേണമെന്നിങ്ങനേ?

കവി : വെന്മണി മഹന്‍ നമ്പൂതിരിപ്പാട്‌

ശ്ലോകം 1353 : മകന്‍ പരിക്കേറ്റു...

ചൊല്ലിയതു്‌ : ഉമാ രാജാ
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

മകന്‍ പരിക്കേറ്റു കിടക്കിലെന്തു,
മഹാരഥന്‍ ശിഷ്യനടുക്കലില്ലേ!
'രാമന്‍ ജഗത്സത്തമനാണു' പോലും!
വിദ്യാര്‍പ്പണം പാത്രമറിഞ്ഞു വേണം!

കവി : വള്ളത്തോള്‍, കൃതി : ശിഷ്യനും മകനും

ശ്ലോകം 1354 : രാവേറെച്ചെല്ലുവോളം...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : സ്രഗ്ദ്ധര

രാവേറെച്ചെല്ലുവോളം പല ശകടഗണത്തില്‍, പദത്താല്‍ വലം വെ--
ച്ചാവിര്‍മ്മോദം വണങ്ങും ജനതയെ നിതരാം കാത്തു രക്ഷിച്ചുകൊണ്ടും,
കാവില്‍, ചാരത്തുമേവും ദയിതയെ, യരികില്‍ത്തന്നെ വാഴുന്ന വെണ്ണ--
ക്കണ്ണന്നമ്പാടിയേയും തഴുകിന മിഴിയീ മണ്ണു വിണ്ണാക്കിടട്ടെ!

കവി : പി.സി. രഘുരാജ്‌

ശ്ലോകം 1355 : കാറ്റേല്‍ക്കുമ്പോള്‍ തിളങ്ങും...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

കാറ്റേല്‍ക്കുമ്പോള്‍ തിളങ്ങും തൊടുകുറി,കുറിയില്‍ച്ചേര്‍ത്തുവെച്ചൂതിയെന്നാല്‍
മാറ്റേറും വില്ലു, വില്ലിന്‍ മുകളിലമരുവോര്‍ക്കല്ലല്‍ തീര്‍പ്പോരു ബാണം,
പോറ്റീ! ബാണം കിടക്കും മണിമയസദനം കങ്കണം, കങ്കണത്തി--
ന്നൂറ്റം കാ, റ്റെത്ര നന്നിത്തൊഴിലുകള്‍, ശിവപേരൂരെഴും തിങ്കള്‍മൌലേ!

ശ്ലോകം 1356 : പോകുന്നിതാ വിരവില്‍...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : വസന്തതിലകം

പോകുന്നിതാ വിരവില്‍ വണ്ടിവിടം വെടിഞ്ഞു
സാകൂതമാം പടി പറന്നു നഭസ്ഥലത്തില്‍
ശോകാന്ധനായ്‌ കുസുമചേതന പോയമാര്‍ഗ്ഗം
ഏകാന്തഗന്ധമിതു പിന്‍തുടരുന്നതല്ലീ?

കവി : കുമാരനാശാന്‍, കൃതി : വീണപൂവ്‌

ശ്ലോകം 1357 : ശ്രീകേറ്റ ലാസ്യപദമായ്‌...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തതിലകം

ശ്രീക്കേറ്റ ലാസ്യപദമായ്‌ ഭുവി സഹ്യമാകു--
മാക്കേലി പൂണ്ട മലയുണ്ടു വിളങ്ങിടുന്നു
ഈക്കേരളാഖ്യവിഷയത്തിനു നേര്‍കിഴക്കാ--
യൂക്കേറിടും പ്രകൃതി കെട്ടിയ കോട്ട പോലെ.

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 1358 : ഇക്കൊച്ചു നീര്‍ത്തുള്ളി...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

ഇക്കൊച്ചു നീര്‍ത്തുള്ളിയുമീശ്വരന്റെ
കമ്മട്ടമേ നിന്നുടെ നാണ്യമല്ലേ?
അതിന്റെയിങ്ങേവശമാണു ഞങ്ങള്‍
വായിച്ചതങ്ങേവശമന്യലേഖം

കവി : ഉള്ളൂര്‍, കൃതി : ഒരു മഴത്തുള്ളി

ശ്ലോകം 1359 : അമ്മ സമ്പ്രതി...

ചൊല്ലിയതു്‌ : ഉമാ രാജാ
വൃത്തം : രഥോദ്ധത

അമ്മ സമ്പ്രതി കുളിയ്ക്കയാണു; തല്‍--
സമ്മതത്തെ ലഭിയാതൊരിയ്ക്കലും
ഇമ്മണീഗൃഹമണഞ്ഞിടാവത--
ല്ലമ്മഹേശ്വരനു,മെന്നു നിശ്ചയം

കവി : വള്ളത്തോള്‍ , കൃതി : ഗണപതി

ശ്ലോകം 1360 : ഇഥമഭ്യസന...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : രഥോദ്ധത

ഇത്ഥമഭ്യസനനിര്‍ഭരോല്ലസ--
ത്വത്പരാത്മ സുഖകല്‍പിതോത്സവാഃ
മുക്തഭക്തകുലമൌലിതാം ഗതാഃ
സഞ്ചരേമ ശുകനാരദാദിവത്‌

കവി : മേല്‍പ്പത്തൂര്‍, കൃതി : നാരായണീയം (ദശകം 4)

ശ്ലോകം 1361 : മേരു ചേര്‍ന്നു, മരുദാശു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : രഥോദ്ധത

മേരു ചേര്‍ന്നു, മരുദാശുവാഹനൊ--
ത്തോരുമാസ്തനപുരസ്കൃതന്‍ കൃതി
ചാരുപൊന്തളിര്‍വിരിപ്പില്‍ വാണു വാ--
മോരുവൊത്തിരവിലാ രതോത്സുകന്‍.

കവി : കുണ്ടൂര്‍, കൃതി : കുമാരസംഭവം തര്‍ജ്ജമ (സര്‍ഗ്ഗം 8)

ശ്ലോകം 1362 : ചൊല്ലേണം നാമമെന്നുള്ളതു...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : സ്രഗ്ദ്ധര

ചൊല്ലേണം നാമമെന്നുള്ളതു പലരുമറിഞ്ഞും പറഞ്ഞും കഴിഞ്ഞാല്‍
ചൊല്ലീടുന്നോര്‍ കനക്കെക്കുറയുമതു മഹാപാപമെന്നും പ്രസിദ്ധം
ചൊല്ലീട്ടെന്തെന്നു മറ്റുള്ളവര്‍കള്‍ പരിഹസിച്ചാല്‍ നമുക്കല്ല ദുഖം
ചൊല്ലേറും വ്യാസനും പാര്‍ത്ഥനു രഥതുരഗം മേച്ചുമേവും നിനക്കും!

കവി : പൂന്താനം , കൃതി : ശ്രീകൃഷ്ണകര്‍ണാമൃതം

ശ്ലോകം 1363 : ചിത്താന്തേ വൃത്തികേടിന്‍...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : സ്രഗ്ദ്ധര

ചിത്താന്തേ വൃത്തികേടിന്‍ കുമിളകളുളവാകുന്ന നേരത്തുപോലും
വൃത്തക്കൂട്ടിട്ടു തൂക്കും വികൃതി, യിതൊഴിയാ ബാല്യദൌര്‍ബ്ബല്യശല്യം
അത്യന്തം ശ്രദ്ധയോടെന്‍ ഹരിയുടെ യപദാനങ്ങളാവിഷ്കരിയ്ക്കേ
സൂത്രത്തില്‍ പേന തട്ടിച്ചപലമതി ചിലയ്ക്കട്ടെ കന്ദര്‍പ്പസൂക്തം!

കവി : വി.കെ.ജി

ശ്ലോകം 1364 : ആക്കം പൂണ്ടഷ്ടമീരോഹിണി...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : സ്രഗ്ദ്ധര

ആക്കം പൂണ്ടഷ്ടമീരോഹിണിയൊരുമകലര്‍ന്നോരുനാളര്‍ദ്ധരാത്രൌ
ചൊല്‍ക്കൊള്ളും ചിങ്ങമാസേ മുഴുമതിയുമുദിക്കുന്ന മുഖ്യേ മുഹൂര്‍ത്തേ
തൃക്കയ്യില്‍ ശംഖുചക്രാംബുജഗദകള്‍ ധരിച്ചോരു ബാലസ്വരൂപം
തക്കത്തില്‍ ദേവകിക്കും കണവനുമണയെദ്ദര്‍ശിതം കൈതൊഴുന്നേന്‍!

കവി : പൂന്താനം , കൃതി : ശ്രീകൃഷ്ണകര്‍ണാമൃതം

ശ്ലോകം 1365 : തൂവെള്ളിപ്പര്‍വ്വതത്തിന്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

തൂവെള്ളിപ്പര്‍വ്വതത്തിന്‍ കൊടുമുടിയിലിരിപ്പാ, ണിരപ്പാളിയാ, ണ--
പ്പൂവമ്പദ്വേഷിയാ, ണത്തനു പകുതിയുമയ്ക്കുള്ളതാണുള്ളൊടൊപ്പം,
വേവിക്കും തീയു കണ്ണില്‍, കരുണയുടെ കളിത്തട്ടു, മങ്ങെന്തുമേവം
ഭാവിക്കും പോലെയാടും നവനടനകലാദക്ഷ, മാം രക്ഷ രക്ഷ!

കവി : വി. കെ. ജി.

ശ്ലോകം 1366 : വിദ്യാ സമസ്താഃ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

വിദ്യാ സമസ്താസ്തവ ദേവി! ഭേദാഃ
സ്ത്രിയഃ സമസ്താസ്സകലാ ഗഗത്സു
ത്വയൈകയാ പൂരിതമംബയൈതത്‌
കാ തേ സ്തുതിഃ സ്തവ്യപരാ പരോക്തി

കൃതി : ദേവീമാഹാത്മ്യം

ശ്ലോകം 1367 : താളത്തിനൊത്തു സരസം...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : വസന്തതിലകം

താളത്തിനൊത്തു സരസം ചിലര്‍ കൈയടിച്ചും
മേളത്തിനൊത്തു പലരും തല മന്ദമാട്ടി
തോളില്‍പ്പിടിച്ചു ചിലര്‍ മറ്റവരെക്കുലുക്കി
നാളീകനേത്രയവള്‍ നോക്കിയതില്ലയൊന്നും

കവി : സിസ്റ്റര്‍ മേരീ ബനീഞ്ഞ, കൃതി : മാര്‍ത്തോമാവിജയം

ശ്ലോകം 1368 : തണ്ണീര്‍ മുക്കിക്കുടിക്കുമ്പൊഴുതു...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : സ്രഗ്ദ്ധര

തണ്ണീര്‍ മുക്കിക്കുടിക്കുമ്പൊഴുതു കൊടുവിഷം തട്ടിമോഹിച്ചുവീണോ--
രുണ്ണിഗ്ഗോപാലരെക്കണ്ടൊരുദിനമുടനേചെന്നു കാരുണ്യവേഗാല്‍
ഉണ്ണിക്കാല്‍കൊണ്ടു വണ്ണം പെരിയ ഫണിവരന്‍ തന്നെ മര്‍ദ്ദിച്ചു പിന്നേ
ദണ്ഡം കൂടാതയച്ചീടിന പരമവിഭോ, നിന്നെ ഞാന്‍ കൈതൊഴുന്നേന്‍!

കവി : പൂന്താനം , കൃതി : ശ്രീകൃഷ്ണകര്‍ണാമൃതം

ശ്ലോകം 1369 : ഊക്കേറും പകപോക്കുവാന്‍...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഊക്കേറും പകപോക്കുവാനവസരം നോക്കിക്കിടക്കട്ടെയ--
പ്പാക്കിസ്താ, നനൃതപ്രചാരകുതുകം തേടട്ടെ നേപ്പാളവും,
നാക്കില്‍ സൌഹൃദവാ, ക്കകത്തുനിറയെ സാമ്രാജ്യദാഹം തരം
നോക്കിത്തോക്കുമെടുത്തു ചാടുമിവളെസ്സൂക്ഷിയ്ക്കണം, ചീനയെ!

കവി : വി.കെ.ജി

ശ്ലോകം 1370 : നീറും തീപ്പൊരി കണ്ണിലും...

ചൊല്ലിയതു്‌ : ദിലീപ്‌ നമ്പൂതിരിപ്പാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നീറും തീപ്പൊരി കണ്ണിലും, നിറമെഴും ചന്ദ്രന്‍ ശിരസ്സിങ്കലും,
ചീറും പാമ്പു കഴുത്തിലും ചെറുപുലിത്തോല്‍ നല്ലരക്കെട്ടിലും,
സാരംഗം മഴുവും കരങ്ങളിലുമങ്ങീശന്നു ചേരും പടി--
യ്ക്കാറും പിന്നെയൊരാറുമെന്നിവ ഗണിച്ചീടുമ്പൊളേഴായ്‌ വരും.

ശ്ലോകം 1371 : സൌകര്യാര്‍ഥ,മതീവ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

സൌകര്യാര്‍ത്ഥ, മതീവശുദ്ധിയെഴുമൂണുച്ഛിഷ്ടമേശപ്പുറ--
ത്താകുന്നൂ, മലമൂത്രശോധന കുളിച്ചൂക്കും മുറിയ്ക്കുള്ളിലും
ലോകത്താര്‍ക്കുമറപ്പുമാത്രമുളവാക്കീടുന്നൊരപ്പന്നിയാ--
ണല്ലോ സൂകരം; ആയതിന്റെ ഗുണമേ 'സൌകര്യം', അന്വര്‍ത്ഥമായ്‌!

കവി : പി.സി.മധുരാജ്‌

ശ്ലോകം 1372 : ലാവണ്യക്കടലില്‍ക്കളങ്കം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ലാവണ്യക്കടലില്‍ക്കളങ്കമിയലാതുണ്ടായ വാര്‍തിങ്കളോ,
പൂവമ്പന്റെ പുകഴ്ച കാട്ടി വിലസും പുത്തന്‍ കൊടിക്കൂറയോ,
ദൈവത്തിന്റെ വിചിത്രസൃഷ്ടിവിരുതോ, ശൃംഗാരസൂക്തോന്മിഷല്‍--
കൈവല്യപ്പൊരുളോ, നമുക്കെതിരിലിക്കാണാകുമേണാക്ഷിയാള്‍?

കവി : വള്ളത്തോള്‍, കൃതി : വിലാസലതിക

ശ്ലോകം 1373 : ദൈവം പ്രമാണമഖിലത്തിനും...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : വസന്തതിലകം

ദൈവം പ്രമാണമഖിലത്തിനുമെന്നുറച്ചീ--
പ്പാവം കിടന്നു വലയുന്നു കുറച്ചുനാളായ്‌
ഏവം ഭവാനു തിരുവുള്‍ത്തളിരില്‍ ദയാര്‍ദ്ര--
ഭാവം ജനിക്കിലിതിനൊക്കെ നിവൃത്തിയായി

കവി : നടുവത്ത്‌ അച്ഛന്‍ നമ്പൂതിരി

ശ്ലോകം 1374 : ഏകത്ര കൊങ്കകള്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തതിലകം

ഏകത്ര കൊങ്കകള്‍, പരത്ര നിതംബബിംബം,
പാകത്തിലീയവയവങ്ങള്‍ തടിച്ചിടുമ്പോള്‍,
ശോകത്തൊടക്കഥ നിനച്ചു ചടച്ചു മദ്ധ്യം;
ലോകത്തിലേവനുമസൂയ കൃശത്വമേകും.

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 1375 : ശരി,യിവനറിവായി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : പുഷ്പിതാഗ്ര

ശരി,യിവനറിവായി,ശുദ്ധഭക്തി--
ത്തിരിമറവായി; തമസ്സുമൂടിയെങ്ങും
ഭരിതവിഷഹൃദന്തനെങ്ങു കാണാ--
നരിയ ഗുണാപ്തനിലുള്ള നിന്നെ കൃഷ്ണ!

കവി : യൂസഫലി കേച്ചേരി, കൃതി : കൃഷ്ണ, നീയെവിടെ?

ശ്ലോകം 1376 : ഭംഗ്യാ വാര്‍കൊങ്കയെന്നും...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

ഭംഗ്യാ വാര്‍കൊങ്കയെന്നും, മണികലശയുതം മാരസാമ്രാജ്യലക്ഷ്മീ--
മംഗല്യസ്ഥാനമംസദ്വയമഹിതമണിത്തോരണം മാറിടം തേ
ശൃംഗാരാവാസഭൂമേ, പുനരിരുപുറവും തൂക്കുമപ്പുഷ്പമാലാ--
ശങ്കാമങ്കൂരയത്യമ്പൊടു കരയുഗളീ തത്ര കൌണോത്തരേ, തേ.

ശ്ലോകം 1377 : ശെയിലാനാമവരോഹതീവ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശെയിലാനാമവരോഹതീവ ശിഖരാദുന്മജ്ജതാം മേദിനീ
പര്‍ണ്ണസ്വാസ്തരലീനതാം വിജഹതി സ്കന്ധോദയാത്‌ പാദപാഃ
സന്താനം തനുഭാവനഷ്ടസലിലാ വ്യക്തം വ്രജന്ത്യാപഗാഃ
കേനാപ്യുത്ക്ഷിപതേവ മര്‍ത്യഭുവനം മത്പാര്‍ശ്വമാനീയതേ

കവി : കാളിദാസന്‍, കൃതി : ശാകുന്തളം

ശ്ലോകം 1378 : സല്‍പ്പാത്രത്തിലൊഴിച്ചതില്ലൊരു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

സല്‍പ്പാത്രത്തിലൊഴിച്ചതില്ലൊരു തവിത്തോയം, ഗുരുശ്രീപദ--
പ്പൊല്‍പ്പൂവൊന്നു തലോടിയില്ല, സമയേ ചെയ്തീല സന്ധ്യാര്‍ച്ചനം,
കെല്‍പ്പേറും യമരാജകിങ്കരഖരവ്യാപാരഘോരാമയം
നില്‍പ്പാനുള്ള മരുന്നു ഞാന്‍ കരുതിയില്ലമ്മേ ഭയം മേ പരം!

കവി : ഒറവങ്കര

ശ്ലോകം 1379 : കാലത്തുമന്തിയ്ക്കും...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഇന്ദ്രവജ്ര

കാലത്തുമന്തിയ്ക്കുമൊരല്‍പ്പനേരം
വെണ്മേടയിപ്പൂച്ചെടികള്‍ക്കടുക്കെ
ലാത്തട്ടെ വണ്ടാര്‍കുഴലാളൊരുത്തി
ഞാനെന്തിനാവോ നെടുവീര്‍പ്പിടുന്നു!

കവി : വി.കെ.ജി

ശ്ലോകം 1380 : ലോകം ഭാഗികഹൃഷ്ടം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ലോകം ഭാഗികഹൃഷ്ടമാ, ണതിലസംതൃപ്തസ്പൃഹന്‍ നീ കൃപാ--
സേകം കൊണ്ടു സമസ്തവിശ്വസുഖമേ കാംക്ഷിച്ചുവെന്നാകിലും
നാകം കിട്ടുകിലായതും നരകമാക്കീടും നരന്‍ ചെയ്‌വതോ,
ശോകം താനപരന്നണച്ചതിലെഴും സംതൃപ്തിയുള്‍ക്കൊള്‍കയാം.

കവി : യൂസഫലി കേച്ചേരി, കൃതി : അഹൈന്ദവം

ശ്ലോകം 1381 : നാലഞ്ചക്ഷരവും പഠിച്ചു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നാലഞ്ചക്ഷരവും പഠിച്ചു ഗുരുവിന്‍ പാദം തലോടീ ചിരം
പാലഞ്ചും മൊഴി തന്നപാംഗ വലയില്‍പ്പെട്ടേനുഴന്നേന്‍ ചിരം
കോലം കെട്ടുക കോലകങ്ങളില്‍ നടക്കെന്നുള്ള വേലയ്ക്കിനി--
ക്കാലം വാര്‍ദ്ധകമാകയാലടിയനെച്ചാടിക്കൊലാ ഭൂപതേ!

കവി : കുഞ്ചന്‍ നമ്പ്യാര്‍

ശ്ലോകം 1382 : കേകയ്ക്കും കാകളിക്കും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

കേകയ്ക്കും കാകളിക്കും സരളമൊഴിയനുഷ്ടുപ്പിനും നീക്കുപോക്ക--
റ്റാകല്‍പം സ്രഗ്ദ്ധരയ്ക്കും പുതിയതലമുറക്കാരടുത്തൂണ്‍ കൊടുക്കേ
ആകമ്രാകാരമോലും വിബുധകമനിമാര്‍, വൃത്തതന്വംഗിമാരീ
ശോകശ്ലോകത്തൊടേ പോയ്‌ ബധിരകവികളെക്കണ്ടു മിണ്ടാതെ നില്‍പാം.

കവി : യൂസഫലി കേച്ചേരി, കൃതി : അടുത്തൂണ്‍ (കുറുങ്കവിതകള്‍)

ശ്ലോകം 1383 : ആലംബം നാലു വേദത്തിനും...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

ആലംബം നാലു വേദത്തിനു, മഖിലജഗത്സാക്ഷി വേദാന്തികള്‍ക്കും,
ലോലംബം യോഗികള്‍ക്കും, ഹൃദയകുവലയത്തിങ്കലാതങ്കഹീനം,
കാലന്‍ കംസാദികള്‍ക്കും -- പലതുമിതുവിധം കേളിയാടും യശോദാ--
ബാലന്‍ ഗോപാലകൃഷ്ണന്‍ തിരുവടി കരുണാപാംഗമിങ്ങേകിടട്ടേ!

ശ്ലോകം 1384 : കൊമ്പൊന്നു പോയ്‌ ചോരയിലാണ്ടു...

ചൊല്ലിയതു്‌ : ഉമാ രാജാ
വൃത്തം :

കൊമ്പൊന്നു പോയ്‌ ചോരയിലാണ്ടു നില്‍ക്കും
ഗജാസ്യനെക്കണ്ടതി സംഭ്രമത്താല്‍
'എന്തെ,ന്തിതെ'ന്നീശ്വര പത്നി പാഞ്ഞു
ചെന്നങ്ങെടുത്തങ്കതലത്തില്‍ വെച്ചു

കവി : വള്ളത്തോള്‍ , കൃതി : ശിഷ്യനും മകനും

ശ്ലോകം 1385 : ഏതോടക്കുഴലിന്‍നിനാദം...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഏതോടക്കുഴലിന്‍നിനാദമധുരസ്രോതസ്സു ഗോപാംഗനാ--
വ്രാതത്തിന്‍ ഭവബന്ധനങ്ങളവസാനിപ്പിച്ചു മാത്രയ്ക്കകം
ഏതിന്‍ പൂര്‍ണ്ണരസാനുഭൂതി മുനിമാരാലും സമാസാദ്യമ--
ശ്രീതാവും മുകില്‍വര്‍ണ്ണ മുഗ്ദ്ധമുരളീ, നിന്നെബ്ഭജിയ്ക്കുന്നു ഞാന്‍!

കവി : വി.കെ.ജി

ശ്ലോകം 1386 : ഏണിക്കുട്ടിവിലോലദൃഷ്ടി...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഏണിക്കുട്ടിവിലോലദൃഷ്ടികള്‍മുടിക്കല്ലായ്‌ വിളങ്ങീടുമീ
നാണിക്കുട്ടിയെ നന്മയോടുമിളയില്‍ പെട്ടെന്നു സൃഷ്ടിക്കുവാന്‍
വാണിക്കിഷ്ടനഹോ! രമാഗിരിസുതാരംഭോര്‍വ്വശീമേനകേ--
ന്ദ്രാണിക്കുട്ടികളെച്ചമച്ചു സരസം ശീലിച്ചുപോലിച്ഛയാ.

കവി : ഒറവങ്കര

ശ്ലോകം 1387 : വഴിക്കുമങ്ങു സീറ്റിലും...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : പഞ്ചചാമരം

വഴിക്കുമങ്ങു സീറ്റിലും ചരക്കുകെട്ടു വയ്പവര്‍,
തിരക്കിലൊത്തുകിട്ടുകില്‍ കവര്‍ച്ച ചെയ്തിടുന്നവര്‍,
ഇരക്കുവാന്‍ വരുന്നവര്‍, തിരക്കുവാന്‍ വരുന്നവര്‍,
തിരക്കിലൊന്നുരസ്സിടും രസത്തിനായ്‌ വരുന്നവര്‍.

കവി : ബാലേന്ദു

ശ്ലോകം 1388 : ഇടത്തുപക്ഷമാകിലും...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : പഞ്ചചാമരം

ഇടത്തുപക്ഷമാകിലും, വലത്തുപക്ഷമാകിലും,
കടുത്ത ഭീതിയേകിടും ജനത്തിനീ നരാധമര്‍;
മടുത്തു നമ്മളെങ്കിലും പ്രതീക്ഷയോടെയത്തെര--
ഞ്ഞെടുത്തിടും ദിനത്തില്‍ വോട്ടു ചെയ്തിടുന്നു പിന്നെയും!

കവി : ഉമേഷ്‌ നായര്‍

ശ്ലോകം 1389 : മനം മടുത്തു ജീവിതം...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : പഞ്ചചാമരം

മനം മടുത്തു ജീവിതം കളഞ്ഞു നീ തുലയ്ക്കൊലാ
നിരന്തരം തരപ്പെടുന്ന സേവനങ്ങള്‍ ചെയ്തിടൂ
അതാണതാണു മംഗളം തരുന്ന വിദ്യയെന്നു നാം
നിനച്ചു; സേവ കിട്ടുവാന്‍ കൊതിച്ചിരിപ്പു നിര്‍ത്തണം.

കവി : ജ്യോതിര്‍മയി

ശ്ലോകം 1390 : അടച്ചുവച്ച പീസി...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : പഞ്ചചാമരം

അടച്ചുവച്ച പീസി ഞാന്‍ തുറന്നതിന്നിടയ്ക്കിതാ
പടച്ചുവിട്ടു രണ്ടുപേര്‍ തികഞ്ഞ പഞ്ചചാമരം;
തുടങ്ങുമീവിധം സദസ്യരൊക്കെയെങ്കിലീശ്വരാ
മടുത്തുപോകുകില്ലയോ ഇടയ്ക്കുപെട്ടുപോകുവോര്‍?

കവി : ബാലേന്ദു

ശ്ലോകം 1391 : തുമ്പിക്കൈ രണ്ടു കൊമ്പെന്നിവ...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : സ്രഗ്ദ്ധര

തുമ്പിക്കൈ രണ്ടു കൊമ്പെന്നിവ തടവരുളിക്കൊണ്ടുനിന്നിട്ടു, മമ്പാല്‍--
ക്കുംഭീന്ദ്രാസ്യന്നുമമ്മട്ടറുമുഖനുമൊരാള്‍ മുന്നമമ്മിഞ്ഞനല്‍കി;
പിമ്പിപ്പോളൊറ്റവായും നരവടിവുമെഴും പിള്ളകള്‍ക്കും മുലപ്പാല്‍
തുമ്പില്ലാഞ്ഞോ കൊടുക്കാന്‍ മടി മഹിളകളേ തീരെയമ്പില്ലയാഞ്ഞോ?

കവി : ടി. എം. വി.

ശ്ലോകം 1392 : പാതും ന പ്രഥമം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പാതും ന പ്രഥമം വ്യവസ്യതി ജലം യുഷ്മാസ്വപീതേഷു യാ,
നാദത്തേ പ്രിയമണ്ഡനാപി ഭവതാം സ്നേഹേന യാ പല്ലവം,
ആദ്യേ വഃ കുസുമപ്രസൂതിസമയേ യസ്യാഃ ഭവത്യുത്സവഃ
സേയം യാതി ശകുന്തളാ പതിഗൃഹം, സര്‍വൈരനുജ്ഞായതാം.

കവി : കാളിദാസന്‍, കൃതി : ശാകുന്തളം

ശ്ലോകം 1393 : ആറീ തെക്കുപുറത്തെരിഞ്ഞ...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപ്പുറത്തു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ആറീ തെക്കുപുറത്തെരിഞ്ഞ ചിതയില്‍ച്ചെന്തീ, യതീ നെഞ്ചിലെ--
ന്നാറാനാണു, വിഷാദചിന്ത വിറകെട്ടീടുമ്പൊളീമട്ടതില്‍;
തോരാതുള്ളൊരു കണ്ണുനീരിതു വിറക്കൊള്ളുന്നൊരീക്കൈകളില്‍
ക്കോരാനും നിജനാഥനുള്ളൊരുദകം നല്‍കാനുമായെന്‍ വിധി!

കവി : ടി. എം. വി., കൃതി : സതീധര്‍മം

ശ്ലോകം 1394 : തപ്പുന്നൂ ബാഗു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

തപ്പുന്നൂ ബാഗു, താന്താങ്ങളുടെ മടികളും, കീശയും; തീകൊളുത്തി--
ച്ചപ്പുന്നൂ പിന്നെയോരോ ലഹരികളലസം ചുണ്ടിനാല്‍ ഗോഷ്ടി കാട്ടി;
'കൈപ്പുണ്യ' ശ്ലോകര്‍ വാഴും പെരിയ നരകമാം ബോഗികള്‍ മാത്രമല്ലാ
തുപ്പുന്നൂ വണ്ടിയും നല്‍പ്പുക; കവിതകള്‍തന്‍ പേരിലീ ഞാനുമേവം!

കവി : കരിമ്പുഴ രാമചന്ദ്രന്‍, കൃതി : ഒരു ഉദ്യോഗസ്ഥന്റെ യാത്രാപ്രാരാബ്ധങ്ങള്‍

ശ്ലോകം 1395 : കൃഷ്ണാ, നിന്നുടെയദ്‌ഭുതങ്ങള്‍...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കൃഷ്ണാ നിന്നുടെയദ്‌ഭുതങ്ങള്‍ നിറയും തന്ത്രങ്ങളാം നിശ്ചയം
ദുഷ്ടന്മാരെ മുടിച്ചു പാണ്ഡവര്‍ ജയം നേടീടുവാന്‍ കാരണം
ചക്രത്താല്‍ രവിയേ മറച്ചിരുളിലായ്‌ ദിക്കൊക്കേ മൂടിബ്ഭവാന്‍
പാര്‍ത്ഥന്‍ തന്‍ കുരുസോദരീവരവധപ്പട്ടാങ്ങു പാലിച്ചിതേ

ശ്ലോകം 1396 : ചിത്താബ്ജം തുയിലാര്‍ന്നു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ചിത്താബ്ജം തുയിലാര്‍ന്നു പോകിലുമതാണദ്ധ്യാത്മവിദ്യാലയം,
തത്ത്വജ്ഞാനനിലീനദര്‍പ്പണദളം തത്രൈവഗുപ്തം സദാ
യുക്തിയ്ക്കൊത്ത വിമാനമേറി, യറിവിന്‍ തത്ത്വാഭ കണ്ടെത്തുവാന്‍
മര്‍ത്ത്യാ, നീയിവിടെത്രകാലമിനിയും വിദ്യാര്‍ത്ഥിയായ്‌ മേവണം?

, കൃതി : (സമസ്യാപൂരണം)

ശ്ലോകം 1397 : യാഗത്തിന്നു വധിച്ചിടാം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

യാഗത്തിന്നു വധിച്ചിടാം പശുവിനെ, പ്പയ്യാറ്റുവാന്‍ കൊല്‍വതാ--
ണാഗസ്സെന്നു വിധിപ്പതും, ലഹരിപാനീയത്തെ വര്‍ജ്ജിക്കുവോര്‍
ഭോഗത്താല്‍ ക്രതുവേദിതന്നിലതിനെസ്സാധൂകരിക്കുന്നതും,
യോഗക്ഷേമവിധിജ്ഞരേ! വരമുനിപ്രോക്തങ്ങളെന്നോ മതം?

കവി : യൂസഫലി കേച്ചേരി, കൃതി : സോമയാഗം

ശ്ലോകം 1398 : ഭക്തന്മാര്‍ പെരുകുന്നു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഭക്തന്മാര്‍ പെരുകുന്നു, വിപ്ലവമഹാവിക്ഷോഭമുള്ളോര്‍കളും
മുക്തിയ്ക്കായ്‌ കപടം നടിച്ചു നടകൊണ്ടീടുന്നു ദേശാന്തരം,
സത്യം വിറ്റുപെറുക്കി വസ്തുവകയായ്‌ മാറ്റിക്കഴിഞ്ഞുള്ളവര്‍--
ക്കത്യന്തം ഭയമുണ്ടു, സത്യഭയമേ ഭക്തിക്കെഴും കാരണം!

കവി : ഏവൂര്‍ പരമേശ്വരന്‍

ശ്ലോകം 1399 : സുരുചിരമുഖപദ്മം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : പുഷ്പിതാഗ്ര

സുരുചിരമുഖപദ്മമു; ണ്ടതിങ്കല്‍--
ക്കരുണനിറഞ്ഞിരുനീലപദ്മവും തേ!
ഒരു കരമമരുന്ന പദ്മവും, നി--
ന്തിരുപദപദ്മവു--മങ്ങു പദ്മനാഭന്‍.

കവി : കരിമ്പുഴ രാമചന്ദ്രന്‍, കൃതി : നവകം

ശ്ലോകം 1400 : ഒരേ കളിപ്പാട്ടമൊരേ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഉപേന്ദ്രവജ്ര

ഒരേ കളിപ്പാട്ടമൊരേകളിക്കൂ--
ത്തൊരേ കളിക്കൊട്ടിലൊരേ വികാരം
ഒരാള്‍ക്കു മറ്റാള്‍ തണ, ലീ നിലയ്ക്കാ--
യിരുന്നു ഹാ കൊച്ചുകിടാങ്ങള്‍ ഞങ്ങള്‍

കവി : നാലാപ്പാട്ടു്‌, കൃതി : കണ്ണുനീര്‍ത്തുള്ളി

ശ്ലോകം 1401 : ഒരത്ഭുതത്തൂമണമാ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ഉപേന്ദ്രവജ്ര

ഒരത്ഭുതത്തൂമണമാ സ്ഥലത്തു
പരന്നു പാറീ കുളിര്‍കാറ്റിനൊപ്പം
നിരന്തരം വന്നു പൊഴിഞ്ഞിതേതോ
മരന്ദമൊന്നെന്നുടെ വഞ്ചി തന്നില്‍.

കവി : വള്ളത്തോള്‍, കൃതി : തോണിയാത്ര

ശ്ലോകം 1402 : നഗ്നം ഹാ മേനി ചാണ്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

'നഗ്നം ഹാ! മേനി ചാണ്‍ താനുടുതുണി കിഴിയാന്‍ ബാക്കി, രക്ഷിക്ക'യെന്നു--
ദ്വിഗ്നം സ്ത്രീചിത്തമാര്‍ക്കേ, തനുവില്‍ പുടവയായാര്‍ സ്വയം ചൂഴ്ന്നിണങ്ങീ,
ഭഗ്നം സാമ്രാജ്യമാരോ കടുകിട കുറയാതാവഹം ചെയ്തുനേടീ,
മഗ്നം മച്ചിത്തമിന്നാ വിസൃമര മഹിമാമുഗ്ദ്ധദുഗ്ദ്ധാര്‍ണ്ണവത്തില്‍!

കവി : യൂസഫലി കേച്ചേരി, കൃതി : മര്‍ത്ത്യഗന്ധപ്രിയന്‍

ശ്ലോകം 1403 : ഭക്ത്യാ സേവിക്ക പൂജ്യാന്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

ഭക്ത്യാ സേവിക്ക പൂജ്യാന്‍, മരുവുക സഖിയെപ്പോല്‍ സപത്നീജനത്തില്‍,
ഭര്‍ത്താവിന്‍ വിപ്രിയം ചെയ്യരുതു നികൃതയെന്നാകിലും രോഷമൂലം,
അത്യന്തം ഭൃത്യരില്‍ വാഴുക സരളതയാ, ഗര്‍വ്വമുത്സൃജ്യ ഭോഗേ--
ഷ്വിത്ഥം സ്ത്രീകള്‍ ഭവിക്കുന്നിതു ഗൃഹിണികളാ, യന്യഥാ ഗേഹബാധാഃ

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍, കൃതി : ശാകുന്തളം തര്‍ജ്ജമ

ശ്ലോകം 1404 : അമ്പാടി തന്നില്‍...

ചൊല്ലിയതു്‌ : ഉമാ രാജാ
വൃത്തം :

അമ്പാടി തന്നില്‍ കില ബാലകന്മാ--
രമ്പോടു മന്ദം വളരും ദശായാം
സമ്പന്നമോദം ഭുവനേ ഭവിച്ചൂ
സമ്പത്തനേകം ഭുവി സംഭരിച്ചൂ

കവി : കുഞ്ചന്‍ നമ്പ്യാര്‍ , കൃതി : ശ്രീകൃഷ്ണചരിതം മണിപ്രവാളം

ശ്ലോകം 1405 : സ്വാതന്ത്ര്യമെന്നുള്ളൊരനര്‍ഘ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

സ്വാതന്ത്ര്യമെന്നുള്ളൊരനര്‍ഘശബ്ദ--
മാനന്ദമാണായതു നേടുവാനായ്‌
ഇപ്പാരതന്ത്ര്യക്കടല്‍ നീന്തി നീന്തി--
ച്ചെല്ലേണമങ്ങേക്കരെ നമ്മളെല്ലാം.

കവി : ചങ്ങമ്പുഴ, കൃതി : ചിന്താവിഹാരം

ശ്ലോകം 1406 : ഇഴുകിപ്പിടിച്ചൊരിരുള്‍...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : മഞ്ഞുഭാഷിണി

ഇഴുകിപ്പിടിച്ചൊരിരുളായ മായയെ--
ത്തഴുകിക്കിടന്നു വലയുന്നു ഞാന്‍പ്രഭോ!
തഴുതൊന്നു നീക്കു, തവ ചില്‍പ്രഭാകണം
മിഴിവേകിടട്ടെ മിഴികള്‍ക്കനാരതം

കവി : വി.കെ.ജി.

ശ്ലോകം 1407 : തൃത്താവിന്‍ പരിശുദ്ധി...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

തൃത്താവിന്‍ പരിശുദ്ധി, വിണ്ണു മുകരും മൂര്‍ദ്ധാവു, ദിക്കെട്ടിലും
കത്താന്‍ നീളമെഴുന്ന കമ്പുകളിളയ്ക്കേകും തണല്‍പ്പാടുകള്‍,
ഇത്ഥം സര്‍വ്വമഹത്വവും തികയുമെന്നാലേ, ഭവാനീപ്പന--
പ്പൊത്തില്‍കൂടിയ മൂലമെത്ര കൃശനായ്‌, നിസ്തേജനായ്‌, നിന്ദ്യനായ്‌!

കവി : വി. കെ. ജി.

ശ്ലോകം 1408 : ഇട്ടീരിമൂസ്സിനുടെ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തതിലകം

ഇട്ടീരിമൂസ്സിനുടെ കയ്യിലയച്ച പദ്യം
കിട്ടീ വിധങ്ങള്‍ വിവരിച്ചു മനസ്സിലായി
ഞെട്ടീല തെല്ലുമിതുകൊണ്ടഹമിന്നതല്ല
പൊട്ടീ നമുക്കു പരിചില്‍ പരിഹാസഹാസം.

കവി : വെണ്മണി മഹന്‍, കൃതി : കവിപുഷ്പമാല

ശ്ലോകം 1409 : ഞാനെന്താണപരാധമെന്റെ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഞാനെന്താണപരാധമെന്റെ പൊരുളേ, ചെയ്തേന്‍? ഭവല്‍പ്പുത്രനാം
മീനാങ്കന്നു കൊടുത്തതോ മമ മനക്ഷേത്രത്തിലല്‍പം സ്ഥലം?
നൂനം ഞാനവനെപ്പിടിച്ചു വെളിയില്‍ത്തള്ളാം, നിനക്കാവുമോ
ഹേ നാരായണ, ശൂന്യമാകുമവിടെപ്പാര്‍ക്കാന്‍ കളത്രത്തൊടേ?

കവി : മംഗലം പ്രഭാകരന്‍ നായര്‍

ശ്ലോകം 1410 : നിനക്കിരിക്കാന്‍ കരളില്‍...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : ഉപേന്ദ്രവജ്ര

നിനക്കിരിക്കാന്‍ കരളില്‍ സ്ഥലം ഞാന്‍
നിനച്ചു പണ്ടേ വഴിപോലൊരുക്കി;
വലിഞ്ഞു കേറീ മകനായിടത്തില്‍
വലിച്ചിറക്കാന്‍ തുണ കൃഷ്ണ നീ താന്‍.

കവി : ബാലേന്ദു. മുന്‍ ശ്ലോകത്തിന്റെ പരാവര്‍ത്തനം.

ശ്ലോകം 1411 : വിധുരത കലരാതെ...

ചൊല്ലിയതു്‌ : പി. സി. മധുരാജ്‌
വൃത്തം : പുഷ്പിതാഗ്ര

വിധുരത കലരാതെ കീര്‍ത്തിയാകും
വിധുകല പൊങ്ങുമൊരപ്പുരാര്‍ണവത്തില്‍
മധുരിപു മഹനീയയോഗനിദ്രാ--
മധുമൊഴിയോടൊരുമിച്ചു വാണിരുന്നു.

കവി : ഉള്ളൂര്‍, കൃതി : ഉമാകേരളം

ശ്ലോകം 1412 : മോദാല്‍ കേട്ടൊരു വാര്‍ത്ത...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മോദാല്‍ കേട്ടൊരു വാര്‍ത്തയാണടിയനും ചൊല്ലുന്നു നൂറാമതായ്‌
ശ്ലോകം മേന്മയെഴും സദസ്സിലതിനായ്‌ ഞാന്‍ ചെയ്തു പുണ്യം ശതം
വാണീദേവി തുണയ്ക്കണേ ഭഗവതീ കൂപ്പുന്നു നിന്നെസ്സദാ
വീഴുന്നൂ തവ തൃപ്പദേ വിനയമായ്‌ ചെയ്യുന്നു ശ്ലോകാര്‍ച്ചന

കവി : ഋശി കപ്ലിങ്ങാടു്‌. ഋഷിയുടെ നൂറാം ശ്ലോകം.

ശ്ലോകം 1413 : വിത്താര്‍ നട്ടു?...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വിത്താര്‍ നട്ടു? തടം പിടിച്ച കരമേ, താര്‍താന്‍ നനച്ചൂ ക്രമാ--
ലിത്തയ്യിത്ര വളര്‍ന്നിടുംവരെ വളം വെയ്ക്കാന്‍ മിനക്കെട്ടതാര്‍?
നിത്യം തേന്‍പഴമേകിടുന്നതു ഭുജിച്ചീടുന്നതല്ലാതെ നാ
മിത്രയ്ക്കൊന്നു മറിഞ്ഞിടാന്‍ തുനിയുമോ? -- 'തേന്മാവു സാധാരണം'!

കവി : വി.കെ.ജി, കൃതി : അവില്‍പ്പൊതി

ശ്ലോകം 1414 : നോക്കിക്കാണുകിലെന്തും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നോക്കിക്കാണുകിലെന്തുമെച്ചമറുപത്തഞ്ചാംവയസ്സിന്‍ പഴം--
ചാക്കില്‍ തൂക്കിയ ലാഭചേതമിവിടെത്തട്ടിക്കിഴിച്ചീടുകില്‍?
നീക്കിക്കാട്ടുവതിന്നു മേല്‍ഗതി നമുക്കെന്നാളുമേ കൈവശം
ബാക്കി, ബ്ലാങ്കൊരു ബാങ്കുചെക്കു കവിതേ നിന്നക്ഷരശ്ലോകമേ!

കവി : എന്‍. ഡി. കൃഷ്ണനുണ്ണി, കൃതി : ശ്ലോകത്തില്‍ (നാട്ടുവെളിച്ചം)

ശ്ലോകം 1415 : നൂറ്റാണ്ടില്‍ കഥ പാടിയാടി...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നൂറ്റാണ്ടില്‍ കഥ പാടിയാടിവളരും വൃക്ഷങ്ങളില്ലെങ്ങുമേ,
കാറ്റിന്‍ താളതരംഗലീല തുടരും പക്ഷങ്ങളും ദുര്‍ല്ലഭം,
വറ്റിത്തൂമണല്‍ വിറ്റിടുന്ന കടയാ, യാറും കൃഷിപ്പാടമോ
വെട്ടിത്താഴ്ത്തിയ മണ്ണെടുത്ത കുഴിയായ്‌, മര്‍ത്ത്യന്റെ ബോധോദയം!

കവി : പി. കൃഷ്ണകുമാര്‍, കൃതി : ഗ്രാമദുഃഖം

ശ്ലോകം 1416 : വാദ്യം ഹൃദ്സ്പന്ദമാകാം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

വാദ്യം ഹൃദ്‌സ്പന്ദമാകാം പ്രിയമൊടു വരവേറ്റീടുവാനെന്‍ പുരാനേ,
പാദ്യം തപ്താശ്രുവാക്കാം തിരുമലരടിയില്‍പ്പേര്‍ത്തുമിറ്റിറ്റു വീഴ്ത്താന്‍
ഖാദ്യം മത്‌കാവ്യമാക്കാം നരഹൃദയനിണച്ചൂടുലാവുന്നൊരീ നൈ--
വേദ്യം കൈകൊണ്ടു, തള്ളാ, മമൃതവുമകലേ മര്‍ത്യഗന്ധപ്രിയന്‍ നീ!

കവി : യൂസഫലി കേച്ചേരി, കൃതി : മര്‍ത്യഗന്ധപ്രിയന്‍

ശ്ലോകം 1417 : ഖാദ്യം ഭൂമിയിലുള്ളതെന്തും...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഖാദ്യം ഭൂമിയിലുള്ളതെന്തു, മബലാമദ്യാദിഭോഗങ്ങളാ--
സ്വാദ്യം, സദ്ഗുരുനിന്ദനം മുത, ലതോടൊത്തിട്ടഹങ്കാരവും,
ചോദ്യം ചെയ്തിടുമെന്തിനേയുമനിശം, മജ്ജീവിതത്തിന്റെ പോ--
ക്കാദ്യം തൊട്ടിതു മട്ടിലാണു, ശരി നീ കാട്ടിത്തരേണം ഹരേ!

കവി : ഉമേഷ്‌ നായര്‍

ശ്ലോകം 1418 : ചന്ദ്രന്‍ മനസ്സെന്നു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ഇന്ദ്രവജ്ര

ചന്ദ്രന്‍ മനസ്സെന്നു പറഞ്ഞു ശാസ്ത്രം
മു, മ്പന്ധവിശ്വാസമതെന്നു വച്ചു;
റോക്കറ്റു ചെന്നങ്ങു പതിച്ച പിമ്പോ
പോക്കറ്റപോലായുലകിന്‍ ഹൃദന്തം.

കവി : എന്‍. ഡി. കൃഷ്ണനുണ്ണി, കൃതി : അന്ധവിശ്വാസം

ശ്ലോകം 1419 : റോസയ്ക്കിത്ര കടും ചുവപ്പു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

റോസയ്ക്കിത്ര കടും ചുവപ്പു മൃതനായ്‌ മണ്ണോടു ചേര്‍ന്നോരെതോ
സീസര്‍ക്കുള്ള ഹൃദന്തരക്തിമയില്‍ നിന്നല്ലാതെയുണ്ടായിടാ;
വാസന്തോപവനസ്ഥലത്തു വിരിയും മുല്ലയ്ക്കെഴും സൌരഭം
ശ്രീസദ്മത്വമൊടന്തരിച്ചൊരുവള്‍ തന്‍ വാര്‍കൂന്തലില്‍ നിന്നു താന്‍.

കവി : എം. പി. അപ്പന്‍, കൃതി : ജീവിതോത്സവം (ഉമര്‍ ഖയ്യാം തര്‍ജ്ജമ)

ശ്ലോകം 1420 : വാനം പോലതിരറ്റ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വാനം പോലതിരറ്റ വൈദുഷിയിലുടങ്ങീടുന്നു നീന്തുമ്പൊഴും
പേനയ്ക്കുള്ളിലെ നീലരൂപവതിമാര്‍ക്കായുസ്സു നല്‍കുമ്പൊഴും
ധ്യാനത്താല്‍ പരദേവതയ്ക്കു പുളകപ്പൂമാല ചാര്‍ത്തുമ്പൊഴും
തേനഞ്ചും മധുരാനുഭൂതി വഴിയും നാദം മുഴങ്ങില്ലിനി!

കവി : യൂസഫലി കേച്ചേരി, കൃതി : വിത്തിന്നുള്ളിലൊളിച്ച വന്‍തരു (കെ. കെ. രാജയെപ്പറ്റി)

ശ്ലോകം 1421 : ധ്യാനം നിര്‍ത്തി, വിശാലനീല...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ധ്യാനം നിര്‍ത്തി, വിശാലനീലനയനദ്വന്ദ്വം തുറന്നപ്പൊഴേയ്‌--
ക്കാനന്ദോല്‍പുളകാംഗി തന്റെ കുടിലിന്‍ മീതേ നഭോവീഥിയില്‍
ദീനത്രാണപരായണം ത്രിജഗതീനാഥന്റെ തൃക്കയ്യതാ
നൂനം വാരി വിതച്ചിടുന്നു വളരെസ്സൌവര്‍ണ്യനാണ്യങ്ങളെ!

കവി : വള്ളത്തോള്‍, കൃതി : ഒരു സന്ധ്യാപ്രണാമം (സാഹിത്യമഞ്ജരി)

ശ്ലോകം 1422 : ദരിദ്രനെന്നാകിലും...

ചൊല്ലിയതു്‌ : ഉമാ രാജാ
വൃത്തം : ഉപേന്ദ്രവജ്ര

ദരിദ്രനെന്നാകിലുമത്രമാത്രം
കരത്തിലില്ലാത്ത ജനം ചുരുക്കം
ധരിയ്ക്ക നീ നാഥ! നമുക്കിടാനീ--
മൊരിയ്ക്കലഷ്ടിയ്ക്കുമുപായമില്ല

കവി : കുഞ്ചന്‍ നമ്പ്യാര്‍, കൃതി : മണിപ്രവാളം

ശ്ലോകം 1423 : ധര്‍മ്മാചാരം, ധനിത്വം...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : സ്രഗ്ദ്ധര

ധര്‍മ്മാചാരം, ധനിത്വം, ധവളതരയശ,സ്സംഗനാപാംഗമാലാ--
രമ്യാകാരം, രസാലംകൃതകൃതികള്‍, മനശ്ശുദ്ധിമത്വം, പ്രഭുത്വം,
അമ്മേ! നിന്‍പാദപൂജാകരനുടെ പരികര്‍മ്മിയ്ക്കുമിച്ചൊന്നതെല്ലാം
സമ്മേളിയ്ക്കുന്നു; നിന്‍പൂജകനുടെ കഥയോ, പിന്നെയെന്തായിരിയ്ക്കും!

കവി : ഒറവങ്കര, കൃതി : സ്തവങ്ങള്‍

ശ്ലോകം 1424 : അഖണ്ഡവിധുമണ്ഡലമുഖം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ഷംഭുനടനം

അഖണ്ഡവിധുമണ്ഡലമുഖം, ഡമരുമണ്ഡിതകരം, കനകമണ്ഡപഗൃഹം,
സ്വഗണ്ഡതലമുണ്ഡശശികുണ്ഡലിപമണ്ഡനപരം, ജലജഖണ്ഡജടിലം,
മൃകണ്ഡുസുതചണ്ഡകരദണ്ഡധരമുണ്ഡനപദം, ഭുജഗകുണ്ഡലധരം,
ശിഖണ്ഡശശിഖണ്ഡമണിമണ്ഡനപരം, പരചിദംബരനടം, ഹൃദി ഭജേ!

കവി : പതഞ്ജലി, കൃതി : പതഞ്ജലിനവകം

ശ്ലോകം 1425 : മുത്തിത്തള്ള, മുറം, ചിരട്ട...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

മുത്തിത്തള്ള, മുറം, ചിരട്ട, ചിര, ചൂല്‍, ചാണം, കുടം, കൂട, വാ--
ക്കത്തിക്കണ്ട, മുലക്ക, തൂമ്പ, യരിവാ,ലമ്മിക്കല്‍, ചെമ്മീന്‍ കലം
അത്തീച്ചട്ടി, തവിട്ടുവട്ടി, യുരല്‍, കോഴിക്കൂട, കോടാലി -- യെ--
ന്നിത്യാദ്യങ്ങള്‍ നിറഞ്ഞെറേത്തൊരു മുറിപ്പാ കിട്ടി പാക്കട്ടിലില്‍!

കവി : ശീവൊള്ളി

ശ്ലോകം 1426 : അത്രക്കു നാശമിഹ...

ചൊല്ലിയതു്‌ : ഹരിദാസ്‌ മംഗലപ്പള്ളി
വൃത്തം : വസന്തതിലകം

അത്രക്കു നാശമിഹയെന്തിനിമാനവര്‍ക്കീ
കത്രീനയായ്‌ പ്രകൃതി രൂപമെടുത്തു നല്‍ക്കി
ശാസ്ത്രത്തിനാട്ടെകഴിയുന്നതുമില്ല തെല്ലും
ഛത്രത്തിനൊത്ത ചെറു ക്ഷേമമതേകുവാനും

കവി : ഹരിദാസ്‌

ശ്ലോകം 1427 : ശൃംഗാരക്കടലും കടന്നു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ശൃംഗാരക്കടലും കടന്നു കവിതാസീതാവിശേഷം ഗ്രഹി--
ച്ചംഗാമാന്തഹാരസാലുലകിടം മൂന്നും വെളുപ്പിച്ചഹോ!
ഗംഗാവന്‍കവിയായ വെണ്മണിമഹന്‍ നമ്പൂരി ഗംഭീരനാം
തുംഗാത്മാ ബഹുശക്തിയോടരുളുമാ ശ്രീമാന്‍ ഹനൂമാന്‍ ദൃഢം.

കവി : കെ. സി. നാരായണന്‍ നമ്പ്യാര്‍

ശ്ലോകം 1428 : ഗദക്ലിഷ്ടം കഷ്ടം...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ശിഖരിണി

ഗദക്ലിഷ്ടം കഷ്ടം തവചരണസേവാരസഭരേ--
പ്യനാസക്തം ചിത്തം ഭവതി ബത വിഷ്ണോ കുരു ദയാം
ഭവത്‌പാദാംഭോജസ്മരണരസികോ നാമനിവഹാ--
നഹം ഗായം ഗായം കുഹചന വിവത്സ്യാമി വിജനേ

കവി : മേല്‍പ്പത്തൂര്‍, കൃതി : നാരായണീയം--ദശകം 3

ശ്ലോകം 1429 : ഭീഷ്മന്‍ ഭീഷ്മരുമാം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഭീഷ്മന്‍ ഭീഷ്മരുമാം, കൃപന്‍ കൃപരുമാം ദ്രോണന്‍ തഥാ ദ്രോണരാം,
വൈദ്യന്‍ വൈദ്യരുമാം, വരന്‍ വരരുമാം, ഭോ! വാരിയന്‍ വാര്യരാം,
ചാന്നാര്‍, നായര്‍, പണിക്ക,രയ്യ,രതുപോലാചൃയരെന്നൊക്കെയും
ചൊന്നീടാ,മതു ഹേ! മഹാരസിക! താനോര്‍ക്കാതിരിക്കുന്നുവോ?

കവി : മൂലൂര്‍, കൃതി : (പണിക്കര്‍ യുദ്ധം)

ശ്ലോകം 1430 : ചാകാന്‍ കാലം കഫവികൃതിയാല്‍...

ചൊല്ലിയതു്‌ : ഉമാ രാജാ
വൃത്തം : മന്ദാക്രാന്ത

ചാകാന്‍ കാലം കഫവികൃതിയാല്‍ക്കണ്ഠമെല്ലാമടഞ്ഞ--
ച്ചക്രശ്വാസം വലിമുറുകി ഞാന്‍ ഖിന്നനായ്‌ കേണീടുമ്പോള്‍
ദൂരേ നിന്നും കുഴല്‍ വിളിയുമായ്‌ പുഞ്ചിരിപ്പാലു തീര്‍ത്തെന്‍
ചാരത്തേയ്ക്കായുടനെയെഴുനള്ളിടേണം കൊണ്ടല്‍ വര്‍ണ്ണന്‍

കവി : ഓട്ടൂര്‍ ഉണ്ണീ നമ്പൂതിരിപ്പാട്‌

ശ്ലോകം 1431 : ദ്വിഷതാം ഹൃദി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വിയോഗിനി

ദ്വിഷതാം ഹൃദി മോദമീയുഷാ--
മപി ബന്ധുച്ഛലമേത്യ ശോചതാം
അവഹേളവിഷോഷ്മളാ ഗിരോ
വിഷഹേതാം ശ്രവസീ കഥം മമ?

കവി : എ. ആര്‍, കൃതി : ഭംഗവിലാപഃ

ശ്ലോകം 1432 : അഞ്ചാലൊന്നിന്റെ മധ്യേ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

അഞ്ചാലൊന്നിന്റെ മധ്യേ മരതകമണി പോല്‍ ഭോഗഭോഗീന്ദ്രതല്‍പേ
ചഞ്ചല്‍ച്ചില്ലീവിലാസൈസ്ത്രിഭുവനമഖിലം കാത്തുരക്ഷിക്കുമാദ്യന്‍
പഞ്ചാനാം പാണ്ഡവാനാം പ്രിയസഖി തിരുവാറന്മുളത്തമ്പുരാനെന്‍
നെഞ്ചില്‍ കിഞ്ചില്‍ പിരിഞ്ഞീടരുതതിനനിശം കാലമേ കൈതൊഴുന്നേന്‍!

ശ്ലോകം 1433 : പരസ്പരം കുട്ടികള്‍...

ചൊല്ലിയതു്‌ : ഉമാ രാജാ
വൃത്തം : ഉപേന്ദ്രവജ്ര

പരസ്പരം കുട്ടികള്‍ കാടുകാട്ടിയാ--
ലൊരമ്മയിത്രയ്ക്കരിശപ്പെടാവതോ?
ഹരങ്കലര്യേ, ഭൃഗുസൂനു ശിഷ്യനാ--
യൊരന്നു തൊട്ടുണ്ണികള്‍ മൂവരായ്‌ത്തവ!

കവി : വള്ളത്തോള്‍, കൃതി : ശിഷ്യനും മകനും

ശ്ലോകം 1434 : ഹീനകര്‍മ്മരതിയേതിനോടും...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : കുസുമമഞ്ജരി

ഹീനകര്‍മ്മരതി, യേതിനോടുമൊരു നീതിവിട്ട നിലപാടു, സു--
സ്ഥാനമാനബിരുദാഭിലാഷ, മതിനിഷ്ഠുരപ്രകൃതി -- യിത്തരം
മാനുഷര്‍ക്കതിനിഷിദ്ധമായവയിലാശവെച്ചു വളരുന്നൊര--
ജ്ഞാനികള്‍ക്കറുതിയേകുവാനവതരിക്ക നീ ഭുവനനായക!

കവി : മേവട വി. എന്‍. നമ്പൂതിരി, കൃതി : അവതരിക്കണേ

ശ്ലോകം 1435 : മാരവൈരിമനമായ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : കുസുമമഞ്ജരി

മാരവൈരിമനമായ ചൂതമലരില്‍ത്തെളിഞ്ഞൊരനുരാഗമാം
ചാരുതേനധികമാസ്വദിപ്പൊരു വിദഗ്ദ്ധകോകിലവിലാസിനീം
ഏറിനോരു കരുണാംബുധൌ ഝടിതി ചാടുമീക്ഷണകലാമ്മനം
ചേരുവോരു ചെറുകുന്റമര്‍ന്ന ഗിരികന്യകാമഹമുപാശ്രയേ.

ശ്ലോകം 1436 : എത്തണം കടല്‍ നടുക്കു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : കുസുമമഞ്ജരി

എത്തണം കടല്‍ നടുക്കു താ, നുടല്‍ വെടിഞ്ഞ പോല്‍ കരുതിയുപ്പുകാ--
റ്റുത്തപിപ്പതു പൊറുത്തിടേണ -- മിതി മാഴ്കൊലാ ജലധിവാണിജ!
പത്തനത്തില്‍ മൃദുമെത്ത മേല്‍ പ്രിയയുമൊത്തുറങ്ങിയുണരും വിധൌ
വിത്തമെത്തിടുമയത്നമായ്‌ കരതലത്തിലെന്നു കരുതുന്നുവോ?

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍, കൃതി : അന്യാപദേശശതകം തര്‍ജ്ജമ

ശ്ലോകം 1437 : പണം നിറച്ചു കിട്ടുകില്‍...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : പഞ്ചചാമരം

പണം നിറച്ചു കിട്ടുകില്‍ പരാതിയില്ല ജീവിതം
സുഖം, നിനച്ചു മണ്ടി ഞാന്‍ ധനാശ തീരുവോളവും
ധനം കനത്തു ഭാരമായ്‌, വരുന്നിതന്ത്യചിന്തയും
'അലക്കൊഴിഞ്ഞുപോകുവാന്‍ തരപ്പെടില്ല കാശിയില്‍'!

കവി : ജ്യോതിര്‍മയി

ശ്ലോകം 1438 : ധാമസ്ഥിതം കിമപി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വസന്തതിലകം

ധാമസ്ഥിതം കിമപി ധൂതമനോജ്ഞബര്‍ഹേ
പൃഷ്ഠേ ഭുജംഗമഭുജഃ ശരണം ശ്രിതാനാം
ധ്യായാമി താരകിതനീലനഭോഗതേന
ബിംബേന ബിഭ്രദുപമാം സ്ഫുടമൈന്ദവേന.

കവി : കുമാരനാശാന്‍, കൃതി : ശിഖിവാഹനധ്യാനദശകം

ശ്ലോകം 1439 : ധീ മങ്ങുമാറുടനുടന്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തതിലകം

ധീ മങ്ങുമാറുടനുടന്‍ വിവിധം വികാര--
സ്തോമം കടന്നവളെയിട്ടു ഞെരുക്കിടുമ്പോള്‍
പ്രേമപ്രസിക്തമതിയായ്‌ പിതൃതുല്യനാകു--
മാ മന്ത്രിവൃദ്ധനൊടു ബാലികയെന്തു ചൊല്ലും?

കവി : വള്ളത്തോള്‍, കൃതി : ബന്ധനസ്ഥനായ അനിരുദ്ധന്‍

ശ്ലോകം 1440 : പോടോ തനിക്കുമൊരു പുത്രി...

ചൊല്ലിയതു്‌ : ബാലേന്ദു
വൃത്തം : വസന്തതിലകം

'പോടോ തനിക്കുമൊരു പുത്രി ഗൃഹത്തിലില്ലേ?
പ്രായം നിനക്കിലവളും മമ തുല്യയല്ലേ?
പാടില്ലയിങ്ങനെ നടിപ്പതു പാപമല്ലേ?
ചൂലെന്റെ കയ്യിലമരുന്നതു കാണ്മതില്ലേ?'

കവി : ബാലേന്ദു. കഴിഞ്ഞ ശ്ലോകത്തിലെ ചോദ്യത്തിനു ഹാസ്യരൂപേണയുള്ള മറുപടി.

ശ്ലോകം 1441 : പീലിക്കോലേകിടേണം തിരുമുടി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

പീലിക്കോലേകിടേണം തിരുമുടിയഴകില്‍ കെട്ടിവച്ചങ്ങു ചാര്‍ത്താന്‍
കാലിക്കോലേകിടേണം പലവഴിചിതറും പൈക്കളെച്ചേര്‍ത്തണയ്ക്കാന്‍
കോലക്കോലേകിടേണം ചെറുചിരി പൊഴിയും ചുണ്ടണച്ചൂതുവാനായ്‌
പാലിക്കാനേകിടേണം മമ മനമഖിലംതന്നെയെന്‍ കണ്ണനായ്‌ ഞാന്‍.

കവി : കുഞ്ഞുണ്ണി

ശ്ലോകം 1442 : കൂലാന്ത ഭാഗേ തിര...

ചൊല്ലിയതു്‌ : ഉമാ രാജാ
വൃത്തം : ഇന്ദ്രവജ്ര

കൂലാന്തഭാഗേ തിര വന്നടിയ്ക്കും
പാലാഴി തന്നില്‍ പരിതോ വിളങ്ങും
ലീലാഗൃഹോദ്യാനസുവര്‍ണ്ണസാലാ--
ശാലാളികേളീനിലയങ്ങള്‍ കണ്ടാര്‍

കവി : കുഞ്ചന്‍ നമ്പ്യാര്‍, കൃതി : മണിപ്രവാളം

ശ്ലോകം 1443 : ലോകൈകശില്‍പി രജനീ...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : വസന്തതിലകം

ലോകൈകശില്‍പി രജനീവനിതയ്ക്കു ചാര്‍ത്താന്‍
നക്ഷത്രമാല പണിചെയ്യുവതിന്നുവേണ്ടി
സൌവര്‍ണ്ണപിണ്ഡമതുരുക്കിയെടുത്തു നീരില്‍
മുക്കുന്നിതാ തപനമണ്ഡലകൈതവത്താല്‍

കവി : വി. സി. ബാലകൃഷ്ണപ്പണിക്കര്‍

ശ്ലോകം 1444 : സത്യം ബ്രവീമി, പരലോകഹിതം...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : വസന്തതിലകം

സത്യം ബ്രവീമി, പരലോകഹിതം ബ്രവീമി,
സാരം ബ്രവീ, മ്യുപനിഷദ്ധൃദ്യം ബ്രവീമി,
സംസാരമുല്‍ബണമസാരമവാപ്യ ജന്തോഃ
സാരോऽയമീശ്വര പദാംബുരുഹസ്യ സേവാ

ശ്ലോകം 1445 : സന്ധ്യാതാണ്ഡവശൌണ്ഡ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

സന്ധ്യാതാണ്ഡവശൌണ്ഡഖണ്ഡപരശുപ്രേംഖജ്ജടാമണ്ഡലീ--
നിര്യന്നിര്‍ഝരിണീഝരീകണഗണാഃ കിം വിപ്രകീര്‍ണ്ണാ ദിവി?
ദ്രാഖീയോവിയദധ്വധാവദധികക്ലാന്താര്‍ക്കഘോടച്ഛടാ--
വക്ത്രോദ്വാന്തനിതാന്തഫേനനിചയാഃ കിം ഭാന്തി താരോച്ചയാഃ?

കവി : അശ്വതിതിരുനാള്‍ ഇളയതമ്പുരാന്‍, കൃതി : ശൃംഗാരസുധാകരം ഭാനം

ശ്ലോകം 1446 : ദ്രുമേഷു സഖ്യാ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : വംശസ്ഥം

ദ്രുമേഷു സഖ്യാ കൃതജന്മസു സ്വയം
ഫലം തപസ്സാക്ഷിഷു ബദ്ധമേഷ്വപി
ന ച പ്രരോഹാഭിമുഖോऽപി ദൃശ്യതേ
മനോരഥോऽസ്യാഃ ശശിമൌലിസംശ്രയഃ

കവി : കാളിദാസന്‍, കൃതി : കുമാരസംഭവം

ശ്ലോകം 1447 : നമുക്കെന്തിനന്യോന്യ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ഭുജംഗപ്രയാതം

നമുക്കെന്തിനന്യോന്യദൂരം വിതുമ്പും
വികാരം? നിറം പൂത്ത സങ്കല്‍പകാവ്യം?
നമുക്കെന്തിനാണ്‍പൂവു പെണ്‍പൂവു വേറേ?
നമുക്കെന്തിനീയര്‍ത്ഥഹീനം പദങ്ങള്‍?

കവി : വി. മധുസൂദനന്‍ നയര്‍, കൃതി : നമുക്കിനി മറക്കാം

ശ്ലോകം 1448 : ന ഭൂമിര്‍, ന തോയം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ഭുജംഗപ്രയാതം

ന ഭൂമിര്‍, ന തോയം, ന തേജോ, ന വായുര്‍,--
ന ഖം, നേന്ദൃയം, വാ ന തേഷാം സമൂഹഃ
അനൈകാന്തികത്വാത്‌ സുഷുപ്തേകസിദ്ധ--
വശിഷ്ടഃ ശിവഃ കേവലോ}ഹം.

കവി : ശങ്കരാചാര്യര്‍

ശ്ലോകം 1449 : ആദിത്യന്നുമനന്തകാന്തിയരുളും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ആദിത്യന്നുമനന്തകാന്തിയരുളും ഭവ്യപ്രകാശം ഭവാ--
നാദിശ്രേഷ്ഠമഹ, സ്സനാദിഗുരുവിന്‍ സന്മന്ദഹാസാങ്കുരം
ഛേദിച്ചീടുക നിത്യനിദ്രയിലമര്‍ത്തീടും തമസ്സിന്‍ കഴു--
ത്തീ ദിവ്യച്ഛവികൊണ്ടുതന്നെയവിടുന്നന്നാള്‍ കൃതാര്‍ത്ഥോസ്മ്യഹം!

കവി : വാരിക്കോലില്‍ കേശവനുണ്ണിത്താന്‍, കൃതി : പ്രകാശം

ശ്ലോകം 1450 : ഛായാഗ്രാഹകപൃഷ്ഠദര്‍ശനം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഛായാഗ്രാഹകപൃഷ്ഠദര്‍ശന, മലര്‍ച്ചെണ്ടിന്റെ ചീയും മണം,
തീയൊക്കും വെയിലത്തു മേനികള്‍ വിയര്‍ത്തീടുന്നതില്‍ സ്പര്‍ശനം,
മായം ചേര്‍ത്തൊരു ഭക്ഷണം, ചെകിടടച്ചീടും വിധം ഭാഷണം,
നായന്മാര്‍ക്കു വിവാഹഘോഷണ, മഹോ! പഞ്ചേന്ദൃയാകര്‍ഷണം!

കവി : ഉമേഷ്‌ നായര്‍

ശ്ലോകം 1451 : മുണ്ടും ചുറ്റിച്ചുരുക്കത്തൊടു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

മുണ്ടും ചുറ്റിച്ചുരുക്കത്തൊടു കൃതവിനയം, പൊക്കിള്‍ കാണിച്ചു രണ്ടാം--
മുണ്ടും കക്ഷത്തില്‍ വച്ചങ്ങനെ ചെറിയ പൊടിഡ്ഡപ്പി, താക്കോലുമായി
മിണ്ടുമ്പോള്‍ കൊഞ്ഞിയോലും ചില ഫലിതമൊടും ലാക്കൊടും ചേര്‍ന്നിടുന്നീ--
മുണ്ടച്ചാരാരിതെത്തുന്നതു സരസമൊതുങ്ങിപ്പതുങ്ങിപ്പതുക്കെ.

കവി : വെണ്മണി മഹന്‍

ശ്ലോകം 1452 : മുരണ്ടളി മുകര്‍ന്നിടും...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : പൃഥ്വി

മുരണ്ടളി മുകര്‍ന്നിടും തുളസിമാലയില്‍ കുങ്കുമം
പുരണ്ട പശുപാംഗനാസ്തനമമര്‍ന്നതിന്‍ ചിഹ്നവും
പുരന്ദരധനുഃപ്രഭാനിബിഡമേചകോത്തംസവും
മരന്ദമൃദുഹാസവും മറയൊഴിഞ്ഞു കണ്ടാവു ഞാന്‍.

കവി : വി.കെ.ജി, കൃതി : അവില്‍പ്പൊതി

ശ്ലോകം 1453 : പുളയ്ക്കട്ടേ, നാടന്‍കല...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശിഖരിണി

പുളയ്ക്കട്ടേ, നാടന്‍കല, ലളിതസംഗീതകവുമായ്‌
വെളിച്ചത്തിന്നൊപ്പം വെളിയട വലിച്ചിട്ടുവെളിവായ്‌;
ഒളിച്ചോതേണ്ടാരും, ദൃഢപരികരം വൃത്തചതുരം
കളിച്ചോട്ടേ, ഛന്ദോനിര കവിത തന്‍ തൂലികയുമായ്‌!

കവി : എന്‍. ഡി കൃഷ്ണനുണ്ണി, കൃതി : ശ്ലോകത്തില്‍

ശ്ലോകം 1454 : ഒന്നോര്‍ക്കിലിങ്ങിവ വളര്‍ന്നു...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : വസന്തതിലകം

ഒന്നോര്‍ക്കിലിങ്ങിവ വളര്‍ന്നു ദൃഢാനുരാഗ--
മന്യോന്യമാര്‍ന്നുപയമത്തിനു കാത്തിരുന്നൂ
വന്നീയപായമഥ കണ്ടളി ഭാഗ്യഹീനന്‍
ക്രന്ദിയ്ക്കയാം കഠിന താന്‍ ഭവിതവ്യതേ നീ.

കവി : കുമാരനാശാന്‍, കൃതി : വീണപൂവ്‌

ശ്ലോകം 1455 : വേഴാമ്പലേറ്റം...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : വസന്തതിലകം

വേഴാമ്പലേറ്റമഴലേന്തിയുഴന്നു വെള്ളം
നാലഞ്ചുതുള്ളി മുകില്‍ തന്നൊടിരന്നിടുന്നു
അന്‍പോടതൂഴി മുഴുവന്‍ മഴയാല്‍ നനയ്ക്കു--
ന്നമ്പോ വലിപ്പമുടയോന്റെ കൊടുപ്പു കേമം

കവി : കേ. സി. കേശവപിള്ള (വിവര്‍ത്തനം), കൃതി : സുഭാഷിതരത്നാകരം

ശ്ലോകം 1456 : അത്യന്തബാല, മതസീ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തതിലകം

അത്യന്തബാല, മതസീകുസുമപ്രകാശം,
ദിഗ്വാസസം, കനകഭൂഷണഭൂഷിതാംഗം,
വിസ്രസ്തകേശ, മരുണാധര, മായതാക്ഷം,
കൃഷ്ണം നമാമി മനസാ വസുദേവസൂനും.

കവി : പൂന്താനം, കൃതി : ശ്രീകൃഷ്ണകര്‍ണ്ണാമൃതം

ശ്ലോകം 1457 : വേഷത്താലുള്ളു പൂകാനൊരു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

വേഷത്താലുള്ളു പൂകാനൊരു തട; വകലത്താകിലും നിന്നു ഞാനു--
ന്മേഷത്താലാര്‍ദ്രഹൃത്തായ്ത്തൊഴുമളവി'ലകത്താര്‍?"പുറത്താര്‍?' സ്മരിക്കേ
ഘോഷത്തോടേ ശ്രവിച്ചേന്‍ നിഭൃതമി; 'തകമേ കാളി'യെ; ന്നോതിനേന്‍ സ--
ന്തോഷത്താല്‍ 'ദാസനാം ഞാന്‍' -- കവിതയരുളണേ പാറമേക്കാവിലമ്മേ!'

കവി : കരിമ്പുഴ രാമചന്ദ്രന്‍, കൃതി : കാളിദാസസ്മൃതി (നഗരപ്രദക്ഷിണം)

ശ്ലോകം 1458 : ഘോരാണാം ദാനവാനാം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

ഘോരാണാം ദാനവാനാം നിരുപമപൃതനാഭാരഖിന്നാം ധരിത്രീ--
മോരോ ലീലാവതാരൈരഴകിനൊടു സമാശ്വാസയന്തം നിതാന്തം
ക്ഷീരാംബോധൌ ഭുജംഗാധിപശയനതലേ യോഗനിദ്രാമുദാരാം
നേരേ കൈക്കൊണ്ടു ലക്ഷ്മീകുളുര്‍മുല പുണരും പത്മനാഭം ഭജേഥാഃ

ശ്ലോകം 1459 : കുന്നിന്‍മോളായ നിന്നെ...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

കുന്നിന്‍മോളായ നിന്നെക്കുടിലകുളുര്‍മതിക്കീറണിഞ്ഞോരു വെള്ളി--
ക്കുന്നിന്മോളില്‍ കിടക്കുന്നൊരു മുതുകിഴവച്ചാരുവേട്ടെന്നുവെച്ചു്‌
എന്നേ കേമമം വലിപ്പം മതി മതി, മതിനേരാനനേ, ദീനനായോ--
രെന്നെത്തെല്ലൊന്നു നോക്കീടുക തരുണകൃപാപൂരതുംഗൈരപാംഗൈഃ

കവി : ശീവൊള്ളി, കൃതി : ദുസ്പര്‍ശാനാടകം

ശ്ലോകം 1460 : എല്ലാവരും പാര്‍ക്കുകില്‍...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

എല്ലാവരും പാര്‍ക്കുകിലൊന്നുപോലെ
അല്ലല്‍പ്പെടാനായിഹ സൃഷ്ടരത്രേ
കൃപാലുവായോനപരാര്‍ത്തിയിങ്ക--
ലല്ലാത്തവന്‍ തന്‍ വ്യസനത്തിലും, കേള്‍!

കവി : കേ. സി. കേശവപിള്ള, കൃതി : സുഭാഷിതരത്നാകരം

ശ്ലോകം 1461 : കാളാംഭോദകമായ കമ്രരുചിയാല്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കാളാംഭോദകമായ കമ്രരുചിയാല്‍, കാളാഞ്ജനക്കല്ലിനെ--
ക്കാളാരമ്യകളേബരേ കഠിനമക്ഷ്വേളാഹി കൊത്തുമ്പൊഴും
കോളായെന്നു നിനച്ചുകൊണ്ടഥ മനം കാളാതെ കാളിന്ദിയില്‍--
ക്കാളാഹീനശയന്‍ തുടര്‍ന്നു മധുരം താളാത്മകം നര്‍ത്തനം!

ശ്ലോകം 1462 : കള്ളന്മാര്‍ കരളിന്‍ കറുപ്പു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

കള്ളന്മാര്‍ കരളിന്‍ കറുപ്പു പുറമേ കാട്ടാതടുക്കും പെരും--
കൊള്ളക്കാര്‍ നയവഞ്ചകപ്പരിഷ തൊട്ടാ നീചദുര്‍ബുദ്ധികള്‍,
ഉള്ളത്തില്‍ ഖലവൃത്തി വിഘ്നരഹിതം കാട്ടാന്‍ സഹായാര്‍ത്ഥമായ്‌
കള്ളം വിട്ടു ഭജിപ്പു നിന്നെ, യതിനും താങ്ങാണു നീ ദൈവമേ!

കവി : വാരിക്കോലില്‍ കേശവനുണ്ണീത്താന്‍, കൃതി : ഒരു പ്രാര്‍ത്ഥന

ശ്ലോകം 1463 : ഉണ്ണിക്കാലും തളക്കോപ്പുകളുമരയിലെ...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം :

ഉണ്ണിക്കാലും തളക്കോപ്പുകളുമരയിലെപ്പൊന്നരഞ്ഞാണ്‍ കിഴിഞ്ഞി--
ട്ടുണ്ണിക്കൈകൊണ്ടുരുണ്ണിപ്പലകയുടനെടുത്തൊട്ടു വീണും നടന്നും
ഉണ്ണികൃഷ്ണന്‍ വരുമ്പോള്‍ തിരുവയര്‍ നിറയെപ്പാലുമുണ്ടാ പ്രസാദം
കണ്ണില്‍ക്കാണായ്‌വരേണം രഹസി മമ കിനാവെങ്കിലും പങ്കജാക്ഷാ!

കവി : പൂന്താനം, കൃതി : ശ്രീകൃഷ്ണ കര്‍ണ്ണാമൃതം

ശ്ലോകം 1464 : ഉച്ചച്ചന്ദ്രന്റെ കോലം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

ഉച്ചച്ചന്ദ്രന്റെ കോലം മലിന, മുപരതപ്രൌഢയാം വൃദ്ധവേശ്യാ,
സ്വച്ഛാ പാഥോജശൂന്യാ സരസി, മുഖമിഹാനക്ഷരം സുന്ദരാംഗം,
ശ്രീയെത്താന്‍ കാത്തിരിക്കും പ്രഭു, വൊരു കഴിവില്ലാതെ കേഴുന്ന വിദ്വാന്‍,
കോയിയ്ക്കല്‍ കോയ്മകൊള്ളുന്നൊരു ഖല, നിവയേഴാണു കേള്‍ ചിത്തശല്യം.

കവി : എ. ആര്‍. രാജരാജവര്‍മ്മ, കൃതി : (പരിഭാഷ)

ശ്ലോകം 1465 : ശയ്യാലംബിക്കുപോലും ചെറുതൊരു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

ശയ്യാലംബിക്കുപോലും ചെറുതൊരു സുകൃതം വേണമെന്നുള്ളുരച്ചാല്‍
ചെയ്യാമെങ്കില്‍, പ്പരാര്‍ത്ഥം നലമലമഗദന്‍ നല്‍കുവാനെന്തു വിഘ്നം?
പെയ്യാ ജീമൂതമായ്‌, നെല്‍ച്ചെടിയിലെ പതിരായ്‌ കെട്ട വിത്തായി, മച്ചി--
പ്പയ്യായും മാറ്റിടായ്കെന്‍ കവിതയെ മനമേ, വന്ധ്യമാം ചിന്ത മൂലം.

കവി : യൂസഫലി കേച്ചേരി, കൃതി : മര്‍ത്യഗന്ധപ്രിയന്‍

ശ്ലോകം 1466 : പച്ചപ്പട്ടും തൊഴും നിന്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

പച്ചപ്പട്ടും തൊഴും നിന്‍ തരളതനു തലോടുന്നു; തന്നങ്കഭാഗേ
വെച്ചംഭോജാക്ഷി വെള്ളിത്തളികയിലെ നറും പാലെടുത്തേകിടുന്നു;
നല്‍ച്ചന്തം ചേര്‍ന്ന നര്‍മ്മോക്തികളിടയിലുരയ്ക്കുന്നു -- മുജ്ജന്മമേതോ
മെച്ചം ചേര്‍ന്നുള്ള പുണ്യം ശുകതരുണ, ഭവാന്‍ ചെയ്തിരിക്കുന്നു നൂനം!

കവി : വള്ളത്തോള്‍, കൃതി : വിലാസലതിക

ശ്ലോകം 1467 : നിക്ഷേപിച്ചു നിജ`ഭ്രമങ്ങള്‍'...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നിക്ഷേപിച്ചു നിജ`ഭ്രമങ്ങള്‍' പലതും പണ്ടുള്ള കാവ്യങ്ങളില്‍
പ്രക്ഷേപം തൊഴിലാക്കിയോര്‍, അവരിണക്കിച്ചേര്‍ത്ത ചൊല്ലത്രയും
ഇക്ഷേത്രപ്പുതകോയ്മമാര്‍ പതിരകറ്റാതന്യ രാജ്യത്തിലും
വിക്ഷേപിച്ചു യഥാര്‍ത്ഥ സംസ്കൃതി ഹവിസ്സാക്കിത്തുലയ്ക്കുന്നിതോ?

കവി : യൂസഫലി കേച്ചേരി, കൃതി : സോമയാഗം

ശ്ലോകം 1468 : ഇത്രയ്ക്കുണ്ടു ബലം...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാടു്‌
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഇത്രയ്ക്കുണ്ടു ബലം നമുക്കുടയതാം ബന്ധത്തിനെന്നുള്ളതാം
സത്യം ദേവി ശരിയ്ക്കുമിത്രവെളിവായിന്നേ ധരിച്ചുള്ളു ഞാന്‍
എത്രത്തോളമകന്നകന്നുടലിനാല്‍ വേറിട്ടുമാറുന്നു നാ--
മത്രത്തോളമടുത്തടുത്തു മുറുകിക്കൂടുന്നിതിബ്ബന്ധവും

കവി : കെ.എന്‍. ഡി. ഭട്ടതിരിപ്പാട്‌, കൃതി : ഒരു കത്ത്‌

ശ്ലോകം 1469 : എല്ലായ്പോഴും കളിപ്പാന്‍ ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

എല്ലായ്പോഴും കളിപ്പാന്‍ ചുടല, വിഷമഹോ ഭക്ഷണത്തിന്നു, മെന്ന--
ല്ലുല്ലാസത്തോടു മെയ്യാഭരണമരവമാ, യിങ്ങനേ തീര്‍ന്നു കാന്തന്‍,
ചൊല്ലേറും മക്കളാനത്തലവനൊരു മകന്‍, ഷണ്മുഖന്‍ മറ്റൊരാ, ളി--
ന്നെല്ലാം നോക്കുന്ന നേരം തവ മലമകളേ, ജാതകം ജാതിതന്നെ!

കവി : വെണ്മണി മഹന്‍, കൃതി : (സമസ്യാപൂരണം)

ശ്ലോകം 1470 : ചാതകസ്ത്രിചതുരാന്‍...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : രഥോദ്ധത

ചാതകസ്ത്രിചതുരാന്‍ പയഃകണാന്‍
യാചതേ ജലമുചം പിപാസയാ
സോऽപി പൂരയതി വിശ്വമംഭസാ
ഹന്ത ഹന്ത മഹതാമുദാരതാ

ശ്ലോകം 1471 : സ്വേദത്തൂമാരി കാറിന്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

സ്വേദത്തൂമാരി കാറിന്‍ തുണയകലെ വെടിഞ്ഞാശു തൂകിക്കനക്കും
സാദം ചേര്‍ത്തുള്ള വേനല്‍ക്കറുതിയഖിലരും കാത്തു കാലം കഴിക്കെ
ഖേദം രുദ്രാജഹംസാവലിയിലധികമായ്‌ ചേര്‍ത്തു, വേഴാമ്പലിന്നാ--
മോദം കൂട്ടുന്ന മേഘധ്വനിയൊടു കുളിരേകുന്ന വര്‍ഷര്‍ത്തുവെത്തീ!

കവി : എന്‍. ഡി. കൃഷ്ണനുണ്ണി, കൃതി : വര്‍ഷക്കാലം

ശ്ലോകം 1472 : ഖരസോദരി തന്റെ...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : വിയോഗിനി

ഖരസോദരി തന്റെ പൂവുടല്‍
വിരയും കണ്‍കളടച്ചു വെയ്ക്കുവാന്‍
അരുതാതെ കുഴങ്ങിടുന്നൊരാ
ധരണീപാലനെയോര്‍ത്തിടുന്നു ഞാന്‍

കവി : കുമാരനാശാന്‍, കൃതി : ചിന്താവിഷ്ടയായ സീത

ശ്ലോകം 1473 : അക്കിത്തത്തുമനയ്ക്കലുണ്ണി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

അക്കിത്തത്തുമനയ്ക്കലുണ്ണിയുണരും നേരത്തിടശ്ശേരിതന്‍
ദുഃഖം പെയ്തധികാരരോഗവഴിയില്‍ നില്‍ക്കുന്നു കണ്ണീര്‍ക്കുടം
വക്കൊക്കെപ്പൊടി പറ്റിനിന്ന മലയാളത്തിന്റെയാത്മാവതാ
ചിക്കെന്നാകെയടിഞ്ഞുപൊളിയും ലൊകത്തിനെത്താങ്ങുവാന്‍.

കവി : സുധീര്‍ പറൂര്‍, കൃതി : ഉപാസന

ശ്ലോകം 1474 : വാടാമെന്‍ തനു, മങ്ങിടാം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വാടാമെന്‍ തനു, മങ്ങിടാം മിഴിക, ളെന്‍ കൂടപ്പിറപ്പാം ഭയം
കൂടാം, കോടിജനാപഹാസദഹനച്ചൂടാല്‍ ദഹിയ്ക്കാം മനം,
വീടില്ലെങ്കിലൊരാല്‍മരത്തണലില്‍ ഞാന്‍ കൂടും, മരിക്കും വരെ--
പ്പാടും നിന്‍ തിരുനാമമന്ത്ര, മിടയഗ്രാമപ്രഭാപുഞ്ജമേ!

കവി : വി. കെ. ജി.

ശ്ലോകം 1475 : വെണ്ടയ്ക്കായുടെ 'പാണ്ടി'യും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

വെണ്ടയ്ക്കായുടെ 'പാണ്ടി'യും പടവലം കൊണ്ടുള്ള കൊമ്പൂത്തുമുള്‍--
ക്കൊണ്ടല്ലോ, കുളുര്‍ കായ്കറിത്തൊടി'യില'ത്താളം പിടിക്കുന്നതും
ഉണ്ടല്ലോ കുട, വൃത്തകാലടികളും ചേനയ്ക്കു; ചേമ്പിങ്കല്‍ ഞാന്‍
കണ്ടല്ലോ ചെവിയാട്ടവും; കവിതയെത്തോപ്പില്‍ത്തിരഞ്ഞീടവേ!

കവി : കരിമ്പുഴ രാമചന്ദ്രന്‍, കൃതി : തോട്ടവിളകള്‍

ശ്ലോകം 1476 : ഉന്മേഷത്തൊടുണര്‍ന്നെണീക്കിന്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ഉന്മേഷത്തൊടുണര്‍ന്നെണീക്കി, നിരവിന്‍ പോര്‍ത്തട്ടിലെമ്പാടുമായ്‌
സമ്മേളിച്ചൊരു താരസേനയെയെതിര്‍ത്തോടിച്ചു ബാലാരുണന്‍
വിണ്മേല്‍ നിന്നു തിമിര്‍ത്തൊരാ നിശയെയും പായിച്ചു, സുല്‍ത്താനെഴും
പൊന്മേടയ്ക്കു കുറിക്കു കൊള്‍വൊരു കതിര്‍ക്കൂരമ്പയയ്ക്കുന്നിതേ.

കവി : എം. പി. അപ്പന്‍, കൃതി : ജീവിതോത്സവം

ശ്ലോകം 1477 : വില പെരുത്തു കൊടുത്ത്‌...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ദ്രുതവിളംബിതം

വില പെരുത്തു കൊടുത്തു കിടച്ചിടും
പല നിറങ്ങളിലുള്ളൊരു കോളകള്‍
ചിലതിലുണ്ടു വിഷാംശ, മതോര്‍ക്കയാല്‍
കുലമണേ, ലെമണേഡു കുടിച്ചു ഞാന്‍.

കവി : രാജേഷ്‌ വര്‍മ്മ, കൃതി: (സമസ്യാപൂരണം)

ശ്ലോകം 1478 : ചുവന്നു ചന്ദ്രക്കല പോല്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ഉപേന്ദ്രവജ്ര

ചുവന്നു ചന്ദ്രക്കല പോല്‍ വളഞ്ഞും
വിളങ്ങി പൂമൊട്ടുടനേ പിലാശില്‍
വനാന്തലക്ഷ്മിയ്ക്കു നഖക്ഷതങ്ങള്‍
വസന്തയോഗത്തിലുദിച്ചപോലെ.

കവി : എ. ആര്‍. / കാളിദാസന്‍, കൃതി : കുമാരസംഭവം തര്‍ജ്ജമ

ശ്ലോകം 1479 : വാനപ്പയ്യിനു നല്ലപോലകിടു...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

'വാനപ്പയ്യിനു നല്ലപോലകിടുചോരുന്നുണ്ടു കൊരിക്കുടി--
ക്കാനയ്യോ തരമില്ല' രാധ മൊഴിയേ ചൊല്ലീടിനാന്‍ കേശവന്‍
'ഗാനത്തേന്‍ നുരയുന്ന നിന്‍ ചൊടിയിലെപ്പാലാഴിയൂറ്റിക്കുടി--
ക്കാനല്ലേ രസ, മീനിലാവൊരു ജഡം, നിന്നാസ്യമസ്വാദകം!'

കവി : യൂസഫലി കേച്ചേരി, കൃതി : വനമാലി

ശ്ലോകം 1480 : ഗണയതി ഗണകസ്സുദീര്‍ഘം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : പുഷ്പിതാഗ്ര

ഗണയതി ഗണകസ്സുദീര്‍ഘമായുര്‍--
ഗഗനഗതഗ്രഹഗോളസന്നിവേശൈഃ
വനതൃണരസമേളനൈശ്ച വൈദ്യോ
ഹരതി വിധിര്‍മിഷിതാമഥോഭയേഷാം

കവി : എ. ആര്‍. രാജരാജവര്‍മ്മ

ശ്ലോകം 1481 : വലിയ ശമ്പളമപ്പടി...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : ദ്രുതവിളംബിതം

വലിയ ശമ്പളമപ്പടി നിന്റെ കൈ--
മലരില്‍ വെയ്ക്കുവതെന്‍ പതിവല്ലയോ?
സ്ഖലിതമിന്നു പൊറുക്കണമേ, വധൂ--
കുലമണേ, ലെമണേഡു കുടിച്ചു ഞാന്‍.

കവി : രാജേഷ്‌ വര്‍മ്മ, കൃതി : സമസ്യാ പൂരണം

ശ്ലോകം 1482 : സുരവരന്നടരില്‍...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ദ്രുതവിളംബിതം

സുരവരന്നടരില്‍ തുണചെയ്തവന്‍
ശരനിരക്കളിയാല്‍ ഭയമാറ്റിയോന്‍
സുരനതാംഗികള്‍ തല്‍പ്പുകള്‍ പാടിനാര്‍
സരസമാരസമാനസുവാണിമാര്‍

കവി : കുണ്ടൂര്‍ / കാളിദാസന്‍, കൃതി : രഘുവംശം തര്‍ജ്ജമ

ശ്ലോകം 1483 : സാഹിത്യം പണ്ഡിതന്മാര്‍ക്ക്‌...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

സാഹിത്യം പണ്ഡിതന്മാര്‍ക്കവികലരസനിഷ്യന്ദിയാം സ്വച്ഛചിന്താ--
മാഹിത്യം; പാമരര്‍ക്കോ, പരിമൃദുപദ സംഘാതവീതാര്‍ത്ഥഡംഭം;
ദാഹിക്കും ഹൃത്തിനാട്ടേ, തരു സമമടിവേരോട്ടി മണ്ണിന്റെ സത്താ--
വാഹിച്ചാവിഷ്കരിക്കും വ്യഥയുടെ മധുവോലുന്ന സാഫല്യചൈത്രം.

കവി : യൂസഫലി കേച്ചേരി, കൃതി : നാദബ്രഹ്മം

ശ്ലോകം 1484 : ദൂനം ദൂരസ്ഥിതദയിതനായ്‌...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : മന്ദാക്രാന്ത

ദൂനം ദൂരസ്ഥിതദയിതനായേതുമാശ്വാസമില്ലാ--
തേനം ദീനം ജനമനു കനിഞ്ഞൊന്നു ചെയ്താലുമിപ്പോള്‍
സ്യാനന്ദൂരം പുരവരമതില്‍ ചെന്നു മല്‍പ്രാണനാഥയ്‌--
ക്കാനന്ദം നീയരുളുക പറഞ്ഞെന്റെ സന്ദേശവാക്യം.

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍, കൃതി : മയൂരസന്ദേശം

ശ്ലോകം 1485 : സുതാപായോത്താപം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : ശിഖരിണി

സുതാപായോത്താപം, പ്രതിനിമിഷമേറുന്നതു പൊറാ--
ഞ്ഞിതാ! ചാടുന്നൂ തീക്കുഴിയിലവരൊന്നായ നിലയില്‍
'ഇതാഹാ! ചെയ്യായ്കെ'ന്നുപരിവിചലല്‍ബാഹുതലനായ്‌,
ദ്രുതായാസശ്വാസത്തൊടുമരികിലെത്തീ വനഭടന്‍.

കവി : വള്ളത്തോള്‍, കൃതി : ചിത്രയോഗം

ശ്ലോകം 1486 : ഇദം കിലാവ്യാജമനോഹരം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വംശസ്ഥം

ഇദം കിലാവ്യാജമനോഹരം വപു--
സ്തപഃക്ഷമം സാധയിതും യ ഇച്ഛതി
ധ്രുവം സ നീലോത്പലപത്രധാരയാ
സമില്ലതാം ഛേത്തുമൃഷിര്‍വ്യവസ്യതി

കവി : കാളിദാസന്‍, കൃതി : ശാകുന്തളം

ശ്ലോകം 1487 : ധ്രുവേണ ഭര്‍ത്രാ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

ധ്രുവേണ ഭര്‍ത്രാ ധ്രുവദര്‍ശനായ
പ്രയുജ്യമാനാ പ്രിയദര്‍ശനേന
സാ 'ദൃഷ്ട' ഇത്യാനനമുന്നമയ്യ
ഹ്രീസന്നകണ്ഠീ കഥമപ്യുവാച

കവി : കാളിദാസന്‍, കൃതി : കുമാരസംഭവം

ശ്ലോകം 1488 : സുഭഗം മൃതി ലോകം...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : വിയോഗിനി

സുഭഗം മൃതി ലോകമെങ്കിലെ--
ന്തഭയം മര്‍ത്യനൊടുക്കമേകിലും?
ശുഭകാലസമാഗമാശ നിഷ്‌--
പ്രഭജന്മത്തെ വലിച്ചു നീട്ടിടാം.

കവി : വാരിക്കോലില്‍ കേശവനുണ്ണിത്താന്‍, കൃതി : ഒരു വിലാപം

ശ്ലോകം 1489 : ശമപ്രധാനേഷു...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി
വൃത്തം : ഇന്ദ്രവജ്ര/ഉപേന്ദ്രവജ്ര

ശമപ്രധാനേഷു തപോധനേഷു
ഗൂഢം ഹി ദാഹാത്മകമസ്തി തേജഃ
സ്പര്‍ശാനുകൂലാ ഇവ സൂര്യകാന്താ--
സ്തദന്യതേജോऽഭിഭവാദ്വമന്തി

കവി : കാളിദാസന്‍, കൃതി : ശാകുന്തളം

ശ്ലോകം 1490 : സരസോജ്വലരാഗം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തമാലിക

സരസോജ്വലരാഗമോമലാളിന്‍
ചരണാഗ്രത്തില്‍ വരച്ച രേഖ നോക്കൂ,
ഹരവീക്ഷണമേറ്റു നീറി നില്‍ക്കും
സ്മരവൃക്ഷത്തില്‍ മുളച്ച നാമ്പു പോലെ.

കവി : എ. ആര്‍. / കാളിദാസന്‍, കൃതി : മാളവികാഗ്നിമിത്രം തര്‍ജ്ജമ

ശ്ലോകം 1491 : ഹേ, നാള്‍ കാര്‍ത്തികയാകയാല്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം :

ഹേ, നാള്‍ കാര്‍ത്തികയാകയാല്‍ശ്ശനിദശാശാര്‍ദ്ദൂലവിക്രീഡിതം
താനാം! പെന്‍ഷനിലായൊരെന്‍ ഗുരുകവേ! ലൈഫിന്‍ഷ്വറന്‍സെന്തിനി?
ദൂനാവസ്ഥ വരുമ്പൊഴും ചിരി പൊഴിപ്പോനാണു നൂനം ഭവാന്‍;
'ആനാലും വരവല്ലവാ'? ശനി വരട്ടുമ്പോഴുമിറ്റും രസം!

കവി : കരിമ്പുഴ രാമചന്ദ്രന്‍, കൃതി : ദേശാറ്റനം

ശ്ലോകം 1492 : ദീര്‍ഘാക്ഷം, ശരദിന്ദുകാന്തിവദനം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

ദീര്‍ഘാക്ഷം, ശരദിന്ദുകാന്തിവദനം, ബാഹൂ നതാവംസയോഃ,
സംക്ഷിപ്തം നിബിഡോന്നതസ്തനമുരഃ, പാര്‍ശ്വേ പ്രമൃഷ്ടേ ഇവ,
മധ്യഃ പാണിമിതോऽമിതം ച ജഘനം, പാദാവരാളാംഗുലീ
ഛന്ദോ നര്‍ത്തയിതുര്‍യഥൈവ മനസി, ശ്ലിഷ്ടം തഥാസ്യാഃ വപുഃ

കവി : കാളിദാസന്‍, കൃതി : മാളവികാഗ്നിമിത്രം

ശ്ലോകം 1493 : മാലേയം വെണ്ണിലാവാല്‍...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

മാലേയം വെണ്ണിലാവാലടിമുടിയണിയും ശ്യാമഗാത്രീ ദിനാന്ത--
പ്രാലേയം പൂണ്ട ലോലല്‍ച്ചിറകിണ മൃദുവായ്‌ വീശിയെത്തും പതത്രി,
മാലേറ്റും വാസരത്തീക്കനലിനു മറയിട്ടായിരം തൂലികപ്പൂ--
വാലേ പുല്‍കുന്ന കേളീകളമൃദുമൊഴിയാം ധാത്രി നീ മുഗ്ദ്ധരാത്രി.

കവി : യൂസഫലി കേച്ചേരി, കൃതി : ധാത്രി

ശ്ലോകം 1494 : മാനിച്ചിടട്ടെ...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : വസന്തതിലകം

മാനിച്ചിടട്ടെ ബുധരൊത്തു, പഴിച്ചിടട്ടേ,
വന്നോട്ടെ വിത്ത,മതു പോലെയൊഴിഞ്ഞു പോട്ടേ,
ഇന്നോ യുഗാന്തമതിലോ മരണം വരട്ടെ;
യന്യായമാം വഴി ചരിക്കുകയില്ല ധീരന്‍.

കവി : രാജേഷ്‌ വര്‍മ്മ / ഭര്‍ത്തൃഹരി

ശ്ലോകം 1495 : ഇപ്പശ്ചിമാബ്ധിയിലണഞ്ഞൊരു...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : വസന്തതിലകം

ഇപ്പശ്ചിമാബ്ധിയിലണഞ്ഞൊരു താരമാരാ--
ലുത്പന്നശോഭമുദയാദൃയിലെത്തിടും പോല്‍
സത്പുഷ്പമേ! യിവിടെ മാഞ്ഞു സുമേരുവിന്‍ മേല്‍
കല്‍പദ്രുമത്തിനുടെ കൊമ്പില്‍ വിടര്‍ന്നിടാം നീ.

കവി : കുമാരനാശാന്‍, കൃതി : വീണ പൂവു്‌

ശ്ലോകം 1496 : സുസ്പഷ്ടോച്ചാരണം,ധീനിശിത...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ
വൃത്തം : സ്രഗ്ദ്ധര

സുസ്പഷ്ടോച്ചാരണം, ധീനിശിതഗതി വിശേഷിച്ചു കാട്ടുന്ന നേത്രം,
സ്വല്‍പസ്ഥൌല്യം കലര്‍ന്നീടുമൊരുട, ലൊരു പാദത്തിനേതാണ്ടു ദൈര്‍ഘ്യം,
കെല്‍പേറും വാക്പടുത്വം, സ്മൃതിബല, മതിമാത്രോജ്ജ്വലശ്രീകവിത്വം,
കല്‍പ്പിക്കാമേവമുള്ളൂരെഴുമരിയമഹാകാവ്യകൃത്തിന്റെ ചിഹ്നം.

കവി : മൂലൂര്‍, കൃതി : ഛായാപദ്യങ്ങള്‍ (ഉള്ളൂരിനെപ്പറ്റി)

ശ്ലോകം 1497 : കോല്‍ത്തേനോലേണമോരോ പദം...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : സ്രഗ്ദ്ധര

കോല്‍ത്തേനോലേണമോരോ പദ, മതിനെ നറും പാലില്‍ നീരെന്ന പോലേ
ചേര്‍ത്തീടേണം, വിശേഷിച്ചതിലുടനൊരലങ്കാരമുണ്ടായ്‌ വരേണം,
പേര്‍ത്തും ചിന്തിക്കിലര്‍ത്ഥം നിരുപമരുചി തോന്നേണ, മെന്നിത്ര വന്നേ
തീര്‍ത്തീടാവൂ ശിലോകം -- ശിവ ശിവ! കവിതാരീതി വൈഷമ്യമത്രേ!

കവി : കുഞ്ചന്‍ നമ്പ്യാര്‍

ശ്ലോകം 1498 : പീലിക്കണ്മണിയും ശിരസ്സിലണിയും...

ചൊല്ലിയതു്‌ : വിശ്വപ്രഭ
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

പീലിക്കണ്മണിയും ശിരസ്സിലണിയും പൂമാലയും ചേലയും
ഫാലത്തില്‍ കുറിയും ഞൊറിഞ്ഞ തുകിലും കാഞ്ചീകലാപങ്ങളും
നീലക്കാറൊളിവര്‍ണ്ണന്‍ തന്റെ നിലയും ബാലത്വവും ശീലവും
കാലത്തുള്ളില്‍ നിനച്ചു നിത്യമുളവായ്ക്കാലം കഴിക്കാകണം!

ശ്ലോകം 1499 : നാശം വരാതെ...

ചൊല്ലിയതു്‌ : രാജേഷ്‌ ആര്‍. വര്‍മ്മ
വൃത്തം : വസന്തതിലകം

നാശം വരാതെ ഭുവനം നിലനില്‍പതിന്നു--
ള്ളാശാവശേന ജനനത്തിനു തക്കവണ്ണം
നാശത്തെയും നിയതമങ്ങനെ സര്‍വ്വജന്തു--
രാശിയ്ക്കു ചേര്‍ത്തിടുവതാരിഹ ഭേദഹീനം?

കവി : കേ. സി. കേശവപിള്ള, കൃതി : സുഭാഷിതരത്നാകരം

ശ്ലോകം 1500 : നിത്യം ശ്ലോകസദസ്സിലോര്‍മ്മയെ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

നിത്യം ശ്ലോകസദസ്സിലോര്‍മ്മയെയരിച്ചത്യന്തഹൃദ്യങ്ങളാം
പദ്യങ്ങള്‍ പരിചോടെടുത്തരുളിടും സ്തുത്യര്‍ഹരാം പണ്ഡിതര്‍
മുക്തന്മാര്‍ മുനിമാരുമെന്നുമൊരുമിച്ചുള്‍ത്താരിലാശിച്ച പോ--
ലെത്തുന്നൂ പരമം പദം സകലദം -- സത്യം ശിവം സുന്ദരം!

കവി : ഉമേഷ്‌ നായര്‍